Thursday, 5 April 2012

പുറത്താക്കല്‍ വലിയ നടുക്കം സോമനാഥ് ചാറ്റര്‍ജി



അമേരിക്കയുമായി ആണവകരാറില്‍ ഒപ്പിടാനുള്ള യു.പി.എ. ഗവണ്‍മെന്റിന്റെ തീരുമാനം പാര്‍ലമെന്റില്‍ ഒരു പ്രതിസന്ധി സൃഷ്ടിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുണൈറ്റഡ് പ്രോഗ്രസ്സീവ് അലയന്‍സിന് (യു.പി.എ.) പുറമേനിന്നു പിന്തുണ നല്കിയിരുന്ന സി.പി.ഐ.എമ്മിന് പാര്‍ലമെന്റില്‍ സാമാന്യം നല്ല അംഗബലമുണ്ടായിരുന്നു. അത് പാര്‍ലമെന്റില്‍ ഗവണ്‍മെന്റിനു നല്ല താങ്ങായിരുന്നു. ഏതായാലും പാര്‍ട്ടി ആണവകരാറിനോടുള്ള ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചുപോന്നു. കരാറുമായി മുന്നോട്ടു പോകാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് തീരുമാനിച്ചപ്പോള്‍ സി.പി.ഐ.(എം) നേതൃനിരയില്‍ പ്രാമുഖ്യമുണ്ടായിരുന്ന വിഭാഗം ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചു. ഗവണ്‍മെന്റ് ന്യൂനപക്ഷമായിത്തീരുമെന്നും രാജിവെക്കാന്‍ നിര്‍ബന്ധിതമാവുമെന്നും അങ്ങനെ വരുമ്പോള്‍ കരാറിനെ ഫലപ്രദമായി തകിടംമറിക്കാനാവുമെന്നുമായിരുന്നു അവരുടെ ന്യായം. പതിവുവഴക്കമനുസരിച്ച് ഒരു വിശ്വാസപ്രമേയം അവതരിപ്പിക്കപ്പെട്ടു. അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ 2008 ജൂലായ് 28 ന് ഏറക്കുറെ സുഖകരമായി വിശ്വാസപ്രമേയം പാസ്സാവുകയും ഗവണ്‍മെന്റ് അതിജീവിക്കുകയും ചെയ്തു. യു.പി.എയ്ക്ക് പിന്തുണ നല്കിക്കൊണ്ട് സമാജ്‌വാദി പാര്‍ട്ടി ഗവണ്‍മെന്റിന് ആയുസ്സ് നീട്ടിക്കൊടുക്കുകയായിരുന്നു. പ്രമേയം വോട്ടിനിട്ടപ്പോള്‍ ഗവണ്‍മെന്റിനെതിരായി സി.പി.ഐ.(എം) ബി.ജെ.പി യോടൊപ്പം വോട്ടുചെയ്തുവെങ്കിലും ഗവണ്‍മെന്റിനെ പുറത്താക്കാനുള്ള പാര്‍ട്ടിയുടെ ശ്രമം പരാജയപ്പെട്ടു.

സി.പി.ഐ.എമ്മുമായുള്ള എന്റെ ബന്ധവും പ്രമേയത്തെത്തുടര്‍ന്നു വ്യക്തിപരമായി പ്രതിസന്ധിയിലകപ്പെട്ടു. 2008 ജൂലായ് 20ന്, സ്​പീക്കര്‍സ്ഥാനം രാജിവെച്ച് പ്രമേയത്തിനെതിരായി വോട്ടു ചെയ്യണമെന്ന് പാര്‍ട്ടി എന്നോടു നിര്‍ദേശിച്ചു. ആദ്യമായാണ് ഇങ്ങനെയൊരു നിര്‍ദേശം. ഞാന്‍ പ്രമേയത്തിനെതിരായി വോട്ടു ചെയ്തിരുന്നുവെങ്കിലും അത് വോട്ടെടുപ്പുഫലത്തെ ബാധിക്കുമായിരുന്നില്ലെന്നാണ് പിന്നീടുള്ള സംഭവങ്ങള്‍ തെളിയിച്ചത്. പാര്‍ട്ടിയുടെ തീട്ടൂരത്തിനനുസരിച്ച്, തലകുനിക്കാന്‍ ഞാന്‍ വിസമ്മതിച്ചത് പ്രധാനമായും സ്​പീക്കര്‍ എന്ന നിലയില്‍ പാര്‍ട്ടിക്ക് എന്നോട് കല്പിക്കാനാവുകയില്ല എന്നതിന്റെയും ഞാന്‍ നിഷ്പക്ഷത പുലര്‍ത്താന്‍ ബാധ്യസ്ഥനാണ് എന്നതിന്റെയും പേരിലാണ്. അപ്പോള്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി തന്റെ രോഷം പുറത്തുകാട്ടിയത് എന്നെ തല്‍ക്ഷണം, അതായത് 2008 ജൂലായ് 23ന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിക്കൊണ്ടാണ്. എന്നെ പുറത്താക്കുന്നതുകൊണ്ട് പാര്‍ട്ടി ശക്തമാവുകയാണെങ്കില്‍ അത് എനിക്കൊരാശ്വാസമാണ് എന്നായിരുന്നു എന്റെ പ്രതികരണം. എങ്കിലും മാതാപിതാക്കള്‍ മരിച്ചതിനുശേഷം എന്റെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ ദിവസമായിരുന്നു 2008 ജൂലായ് 23 എന്നതില്‍ യാതൊരു സംശയവുമില്ല.
ഇന്തോ-യു.എസ്.ആണവകരാറിനെ എന്തു വിലകൊടുത്തും - ഗവണ്‍മെന്റിനെ മറിച്ചിട്ടുകൊണ്ടുപോലും - എതിര്‍ക്കാനുള്ള തീരുമാനം കൈക്കൊണ്ടത് കരാര്‍ ദേശീയതാത്പര്യത്തിനു വിരുദ്ധമാണെന്നും നമ്മുടെ രാജ്യത്തെ അമേരിക്കയ്ക്കു വിധേയമാക്കിത്തീര്‍ക്കുമെന്നും പാര്‍ട്ടിക്കു തോന്നിയതുകൊണ്ടാണെന്നാണ് അനുമാനിക്കേണ്ടത്. എന്തു വിലകൊടുത്തും അതു തടയാന്‍ പാര്‍ട്ടി ആഗ്രഹിച്ചു.

യു.പി.എ.ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചതിന് ഏതാനും ദിവസങ്ങള്‍ക്കുശേഷം, എന്നാല്‍ അതു ജനങ്ങളോടു പ്രഖ്യാപിക്കുന്നതിനു മുന്‍പ് പ്രകാശ് കാരാട്ട് എന്നെ വീട്ടില്‍ വന്നു കണ്ടിരുന്നു. ഇന്തോ-യു.എസ്.ആണവ ഇടപാടില്‍ ഏതെങ്കിലും നിലയ്ക്കു മുന്നോട്ടു പോകുന്നതിനു മുന്‍പ് താനുമായി കൂടിയാലോചന നടത്തുമെന്ന് ഗവണ്‍മെന്റ് തന്നോടു വാഗ്ദത്തം ചെയ്തിരുന്നുവെന്നും, ഇപ്പറഞ്ഞ വാഗ്ദാനം പാലിക്കുന്നതില്‍ പ്രധാനമന്ത്രിയും യു.പി.എ. അധ്യക്ഷയും പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഇപ്പറഞ്ഞ പരാജയംവഴി താന്‍ നിന്ദിക്കപ്പെട്ടതായും വഞ്ചിക്കപ്പെട്ടതായും തോന്നി എന്നും അദ്ദേഹം പറഞ്ഞു. വാഗ്ദത്തലംഘനമെന്ന് അദ്ദേഹം വിളിക്കുന്ന ഒരു കാരണത്തിന്റെ പേരില്‍, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം യു.പി.എയുമായി പിരിഞ്ഞുപോവുകയല്ലാതെ മറ്റു മാര്‍ഗമില്ലായിരുന്നു.

ഏറ്റവും വലിയ തിന്മയായ ബി.ജെ.പി. നേതൃത്വത്തിലുള്ള ഗവണ്‍മെന്റ് അധികാരത്തില്‍ വരാതിരിക്കാനാണ് 2004-ല്‍ സി.പി.ഐ.(എം) യു.പി.എ. ഗവണ്‍മെന്റിനെ പുറത്തുനിന്നു പിന്തുണയ്ക്കാന്‍ തീരുമാനിച്ചത് എന്നതു പ്രധാനമാണ്. ഗവണ്‍മെന്റ് ചെയ്തതും ചെയ്യാന്‍ വിട്ടതുമായ കാര്യങ്ങളുടെ ഉത്തരവാദിത്വമേറ്റെടുക്കാനാഗ്രഹിക്കാത്തതുകൊണ്ടാണ് പാര്‍ട്ടി ഗവണ്‍മെന്റില്‍ ചേരാഞ്ഞത്. ഗവണ്‍മെന്റില്‍ ചേരുന്ന കാര്യം കേന്ദ്ര കമ്മിറ്റിയുടെ മുന്‍പാകെ വന്നപ്പോള്‍ പുറത്തു നില്ക്കുന്നതിനെപ്പറ്റിയുള്ള എന്റെ ഭയാശങ്കകള്‍ ഞാന്‍ പ്രകടിപ്പിച്ചിരുന്നു. അങ്ങനെ ചെയ്യുന്നത് പാര്‍ട്ടിക്കും തൊഴിലാളികളുടെയും കര്‍ഷകരുടെയും സാധാരണജനങ്ങളുടെയും താത്പര്യങ്ങള്‍ക്കും പശ്ചിമബംഗാളിലെയും കേരളത്തിലെയും ത്രിപുരയിലെയും ഇടതുമുന്നണി ഗവണ്‍മെന്റുകള്‍ക്കും സഹായകവുമാവുകയില്ല എന്നായിരുന്നു എന്റെ ഭീതി. പാര്‍ട്ടിയുടെ അടിത്തറ പശ്ചിമബംഗാളിലും കേരളത്തിലും ത്രിപുരയിലും പരിമിതമാണ്. അവിടെത്തന്നെയും പാര്‍ട്ടി നിരവധി പ്രശ്‌നങ്ങള്‍ നേരിടുകയാണ്. അത് വേവലാതിപ്പെടേണ്ട കാര്യമാണുതാനും. ഗവണ്‍മെന്റില്‍ ചേരുകവഴി സാധാരണജനങ്ങള്‍ക്ക് ഉപകാരപ്രദമായ നയപരിപാടികള്‍ നടപടികള്‍ വരുത്തുന്നതിനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്താന്‍, തിരഞ്ഞെടുപ്പു പ്രക്രിയയില്‍ പങ്കെടുക്കുന്ന ഒരു രാഷ്ട്രീയപാര്‍ട്ടി വിസമ്മതിക്കുകയോ വൈമുഖ്യം കാട്ടുകയോ ചെയ്യുന്നത് എന്റെ കാഴ്ചപ്പാടില്‍ രാഷ്ട്രീയ ആത്മഹത്യയായിരുന്നു. പാര്‍ട്ടിയുടെ പരിപാടികളിലും കഴിവിലും പ്രാപ്തിയിലുമുള്ള ധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അഭാവമാണ് അതു കാണിക്കുന്നത്. ഏതായാലും ഈ കാഴ്ചപ്പാട് പ്രകാശ് കാരാട്ടിനും കേന്ദ്ര കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള അദ്ദേഹത്തിന്റെ ഗ്രൂപ്പിനും ഇഷ്ടപ്പെട്ടില്ല. അങ്ങനെ പാര്‍ട്ടി ഇപ്രകാരം തീരുമാനിച്ചു:
(i) ഗവണ്‍മെന്റില്‍ ചേരരുത്.
(ii) യു.പി.എ. ഗവണ്‍മെന്റ് രൂപപ്പെടുത്തുകയും യു.പി.എയുടെ എല്ലാ ഘടകകക്ഷികളും ഒപ്പിട്ടതുമായ പൊതുമിനിമം പരിപാടിയില്‍ ഒപ്പിടരുത്.
(iii) യു.പി.എ.കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയില്‍ അംഗമാകരുത്.

യു.പി.എ - ഇടതു കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുക്കാമെന്നു മാത്രമാണ് പാര്‍ട്ടി സമ്മതിച്ചത്.
ഡോ. മന്‍മോഹന്‍സിങ് പ്രധാനമന്ത്രിയും സോണിയാഗാന്ധി യു.പി.എ. അധ്യക്ഷയുമായി യു.പി.എ. ഗവണ്‍മെന്റ് രൂപീകരിച്ചശേഷം എല്ലാവര്‍ക്കും, വിശേഷിച്ചും ഭരണത്തിലിരിക്കുന്നവര്‍ക്ക് ഒരു കാര്യം വ്യക്തമായി. ഇടതുകക്ഷികള്‍ - അവര്‍ക്ക് ലോകസഭയില്‍ അറുപത്തിരണ്ട് അംഗങ്ങളുണ്ട്, അവരുടെ പിന്തുണയെ ആശ്രയിച്ചാണ് ഗവണ്‍മെന്റിന്റെ നിലനില്പ് - 'കിരീടത്തിനു പിന്നിലുള്ള യഥാര്‍ഥ അധികാരകേന്ദ്രം' എന്ന പങ്കു നിര്‍വഹിക്കാനാഗ്രഹിക്കുന്നു. സംഗതി അങ്ങനെ ആയിരുന്നുതാനും. പ്രധാനമന്ത്രി ഏതു നിയമനിര്‍മാണ നിര്‍ദേശത്തെപ്പറ്റിയും പ്രധാനപ്പെട്ട നടപടികളെപ്പറ്റിയും പ്രകാശ് കാരാട്ടുമായി കൂടിയാലോചിക്കേണ്ടിയിരുന്നു. മറ്റ് ഇടതുകക്ഷിനേതാക്കളുടെ സമ്മതം വാങ്ങേണ്ടിയിരുന്നു. ഗവണ്‍മെന്റ് കൈക്കൊള്ളേണ്ട ഓരോ നടപടിക്കും കാരാട്ടിന്റെയും മറ്റ് ഇടതുനേതാക്കളുടെയും പിന്തുണ അഭ്യര്‍ഥിക്കുവാന്‍വേണ്ടി പ്രധാനമന്ത്രിയും യു.പി.എയിലെ മറ്റു തലമുതിര്‍ന്ന നേതാക്കളും അവരെ പതിവായി കാണാറുണ്ടായിരുന്നു എന്നതു പരക്കേ അറിയപ്പെട്ട കാര്യമാണ്.

സ്​പീക്കര്‍സ്ഥാനത്തിരുന്ന കാലത്ത് പാര്‍ട്ടിക്കു ഞാനുമായി യാതൊരു ബന്ധവുമില്ലായിരുന്നു. ജ്യോതി ബസുവുമായി ഇടയ്ക്കിടെ കാണാറുണ്ടായിരുന്നു എന്നതൊഴിച്ചാല്‍ പാര്‍ട്ടിയുമായി ഞാന്‍ ബന്ധപ്പെട്ടതേയില്ല. കല്ക്കത്തയില്‍ പോകുമ്പോഴൊക്കെ ഞാന്‍ ജ്യോതി ബസുവിനെ സന്ദര്‍ശിക്കുമായിരുന്നു. അതു കൂടുതലും അദ്ദേഹത്തെ കാണാനും നല്ല സുഖമില്ലാതിരിക്കുന്ന അദ്ദേഹത്തിനു വേഗത്തില്‍ രോഗശമനമുണ്ടാവട്ടെ എന്നാശംസിക്കാനുമായിരുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന്റെ താമസസ്ഥലം പതിവായി സന്ദര്‍ശിക്കുവാന്‍ ഞാന്‍ സ്വാതന്ത്ര്യമെടുത്തു. അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങള്‍ നുകരാനുള്ള അപൂര്‍വമായ പ്രത്യേകാവകാശം എനിക്കുണ്ടായിരുന്നു എന്നതാണ് അതിനു കാരണം.
സ്​പീക്കര്‍ എന്ന നിലയില്‍ ഞാന്‍ പാര്‍ട്ടിയില്‍നിന്നും എല്ലാ രാഷ്ട്രീയത്തര്‍ക്കങ്ങളില്‍നിന്നും വിവാദങ്ങളില്‍നിന്നും വിട്ടുനിന്നു. ഇടതുപക്ഷം ഗവണ്‍മെന്റിന്റെ ഏതെങ്കിലും നിര്‍ദേശത്തെയോ തീരുമാനത്തെയോ എതിര്‍ക്കുന്ന കാര്യങ്ങളുടെ ഗുണദോഷങ്ങളെപ്പറ്റിയൊന്നും ഞാന്‍ ഒരിക്കലും യാതൊരു അഭിപ്രായപ്രകടനവും നടത്തിയില്ല. അവരുടെ നിലപാട് നീതീകരിക്കാവുന്നതാണോ അല്ലേ എന്നൊന്നും പറഞ്ഞതേയില്ല. എന്നാല്‍, ഇടതുനേതാക്കന്മാര്‍ ഗവണ്‍മെന്റില്‍ ചേരാതെതന്നെ യഥാര്‍ഥ അധികാരം കൈക്കലാക്കിയിരിക്കുകയാണെന്നായിരുന്നു സാമാന്യമായ കാഴ്ചപ്പാട്. അതുവഴി അവര്‍ യഥാര്‍ഥത്തിലുള്ള അധികാരശക്തിയായി ഗര്‍വ് നടിക്കുകയാണെന്നും അതേസമയം അതിനനുസൃതമായി കണക്കുപറയേണ്ട അവസ്ഥ അവര്‍ക്കില്ലെന്നും ഗവണ്‍മെന്റിന്റെ നിലനില്പ് അവരെ ആശ്രയിച്ചാണിരിക്കുന്നത് എന്ന ഭാവമാണ് അവര്‍ക്കുള്ളതെന്നും മറ്റുമായിരുന്നു ധാരണ. പല കേന്ദ്രങ്ങളും ഇതു പ്രകടിപ്പിക്കുകയുണ്ടായി. അങ്ങനെ പ്രകാശ് കാരാട്ടിനെയും എ.ബി.ബര്‍ദനെയും പോലെയുള്ള നേതാക്കള്‍ക്ക് അവര്‍ക്കുള്ളതിനെക്കാളും മികച്ച പ്രതിച്ഛായയും രാജ്യത്തിന്റെ ഭരണനിര്‍വഹണത്തില്‍ സ്വാധീനവും ഉണ്ടാക്കാന്‍ കഴിഞ്ഞു. പ്രധാനമന്ത്രിയുമായും യു.പി.എ.അധ്യക്ഷയുമായും ആവശ്യത്തിലേറെ അടുപ്പം സ്ഥാപിക്കാന്‍ സാധിച്ചതുകൊണ്ടും ഗവണ്‍മെന്റ് പ്രകാശ് കാരാട്ടിനെയും ഇതര ഇടതുനേതാക്കളെയും ഉള്‍ക്കൊള്ളുന്ന നിലപാടു പുലര്‍ത്തിയതുകൊണ്ടും ഇടതുപക്ഷത്തിന് അത്ര ഉറച്ച ബോധ്യമൊന്നുമായിരുന്നില്ലെങ്കില്‍ത്തന്നെയും ഒരു വിശ്വാസമുണ്ടായി - ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം തങ്ങളുടെ തീരുമാനമാണ് അവസാനവാക്ക്, തങ്ങളുടെ തീട്ടൂരങ്ങള്‍ അനിവാര്യമായും അനുസരിക്കപ്പെടും. അതുവഴി അവര്‍ സഭയിലും, രാജ്യത്തുപോലുമുള്ള തങ്ങളുടെ യഥാര്‍ഥശക്തി മറന്നുപോവുകയാണ് ചെയ്തത്. തങ്ങളുടെ തീരുമാനങ്ങള്‍ പരമമായി കണക്കാക്കണമെന്നും അവയെക്കുറിച്ച് പുനരാലോചന പാടില്ലെന്നും അവരാഗ്രഹിച്ചു. പാര്‍ട്ടിനേതാക്കളുടെ, പ്രധാനമായും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അനുഗ്രഹാശിസ്സുകളോടുകൂടി മാത്രമേ യു.പി.എ.ഗവണ്‍മെന്റിനു നിലനില്ക്കാനാവുകയുള്ളൂ എന്ന ആര്‍ക്കും ദഹിക്കാനാവാത്ത ധാരണയാണ് സി.പി.എം. നല്കിയത്. സാധാരണക്കാര്‍ ഇതു യാതൊരു ന്യായീകരണവുമില്ലാത്ത അഹന്തയല്ലാതെ മറ്റൊന്നുമല്ലെന്നു കരുതിയെന്നു പറയേണ്ടതില്ലല്ലോ.

ആണവകരാര്‍ പ്രവര്‍ത്തനക്ഷമമാക്കാനുള്ള ദൃഢനിശ്ചയത്തില്‍ കോണ്‍ഗ്രസ് ഉറച്ചുനിന്നതിനോടൊപ്പംതന്നെ സി.പി.ഐ.(എം) തുല്യശക്തിയോടെ തങ്ങളുടെ എതിര്‍പ്പ് ഉപേക്ഷിക്കാതിരിക്കാനും തീരുമാനിച്ചു. തിരിച്ചുപോക്കില്ല എന്നും യു.പി.എ.ഗവണ്‍മെന്റിനുള്ള തങ്ങളുടെ പിന്തുണ പാര്‍ട്ടി പിന്‍വലിച്ചേക്കുമെന്നും തോന്നാവുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചേര്‍ന്നു. അങ്ങനെയൊരു തീരുമാനം രാജ്യത്തിനും പാര്‍ട്ടിക്കു തന്നെയും വരുത്തിവെക്കുന്ന പ്രത്യാഘാതങ്ങള്‍ ശരിയായി വിലയിരുത്തിയിട്ടില്ലായിരുന്നു. അങ്ങനെ വരുമ്പോള്‍ ഗവണ്‍മെന്റ് നിലംപതിക്കും. ഒന്നുകില്‍ എന്‍.ഡി.എ. സഭയിലെ ഭൂരിപക്ഷം അംഗങ്ങളുടെ പിന്തുണ നേടിയെടുക്കും, അല്ലെങ്കില്‍ പുതിയ തിരഞ്ഞെടുപ്പിലേക്കു പോകാന്‍ രാജ്യം നിര്‍ബന്ധിതമാവും.

ഇന്ത്യയിലെയും അമേരിക്കയിലെയും ഗവണ്‍മെന്റുകള്‍ തമ്മില്‍ ആണവകരാറിനെക്കുറിച്ചു നടത്തിയ സംഭാഷണങ്ങള്‍ ഗണനീയമായ വിവാദങ്ങള്‍ സൃഷ്ടിച്ച വിഷയമായിരുന്നു. അക്കാദമിക് പണ്ഡിതരും ജോലിയില്‍നിന്നു വിരമിച്ച വിദേശകാര്യവകുപ്പുദ്യോഗസ്ഥരും രാഷ്ട്രതന്ത്രവിദഗ്ധരും നേതാക്കളുമെല്ലാം പരസ്​പരവിരുദ്ധമായ വീക്ഷണങ്ങളും അഭിപ്രായങ്ങളും പ്രകടിപ്പിച്ചു. പ്രകടിപ്പിക്കപ്പെട്ട പരസ്​പരവിരുദ്ധമായ വീക്ഷണങ്ങളുടെയും അഭിപ്രായങ്ങളുടെയും സ്വഭാവത്തില്‍നിന്ന്, ഈ വിഷയം വസ്തുനിഷ്ഠമായി വിലയിരുത്താനാഗ്രഹിച്ച എന്നെപ്പോലെയുള്ള സാധാരണക്കാര്‍ക്ക് അതിന്റെ ഗുണദോഷങ്ങളെക്കുറിച്ച് വ്യക്തമായ നിഗമനങ്ങളിലെത്താന്‍ സാധിക്കുമായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം പറയുകയാണെങ്കില്‍ അതിന്റെ തന്ത്രപരവും സുരക്ഷാസംബന്ധിയുമായ കാര്യങ്ങളെക്കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു. രാഷ്ട്രീയനേതാക്കളോടോ ഈ രംഗത്തുള്ള വിദഗ്ധരോടോ ഞാന്‍ യാതൊന്നും ചര്‍ച്ച ചെയ്തിട്ടുമില്ലായിരുന്നു. ആ നിലയ്ക്ക് ആധികാരികമായി പ്രസ്തുത വിഷയത്തെപ്പറ്റി അഭിപ്രായം പറയാവുന്ന അവസ്ഥയിലല്ലായിരുന്നു ഞാന്‍. മാത്രവുമല്ല, സഭാധ്യക്ഷന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നതിനിടയില്‍, വിശേഷിച്ചും വിഷയം സഭയ്ക്കുമുന്‍പാകെ വരുമെന്നും അതിനെപ്പറ്റിയുള്ള ചര്‍ച്ച അത്യുഗ്രമായിരിക്കുമെന്നും ഉറപ്പായ സാഹചര്യത്തില്‍, എന്തെങ്കിലും അഭിപ്രായം രൂപീകരിച്ചിട്ടുണ്ടെങ്കില്‍ത്തന്നെയും, അതു പ്രകടിപ്പിക്കുന്നത് അനുചിതമാകുമായിരുന്നു. അങ്ങനെ, ഇടപാടിന്റെ ഗുണദോഷങ്ങളെക്കുറിച്ചുള്ള ഇടതുപക്ഷവീക്ഷണത്തിനാണു കൂടുതല്‍ സാധുത എന്നു തോന്നിയെങ്കിലും - കരാറിന്റെ ഉള്ളുകള്ളികളെക്കുറിച്ചുള്ള എന്റെ പരിമിതധാരണകളനുസരിച്ചായിരുന്നു ഈ തോന്നല്‍ - രാജ്യത്തെ രാഷ്ട്രീയ സാഹചര്യങ്ങളും സഭയിലെ അംഗത്വത്തിന്റെ ഘടനയും കണക്കിലെടുത്ത് ഇടതുകക്ഷികളെ സംബന്ധിച്ചിടത്തോളം, ചുരുക്കിപ്പറഞ്ഞാല്‍, യു.പി.എ. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കുന്നത് വിവേകമല്ലായിരുന്നു.
ഗവണ്‍മെന്റിന്റെ തീരുമാനങ്ങളെ എതിര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ത്തന്നെ അതിനുള്ള പിന്തുണ തുടര്‍ന്നുപോവുക എന്ന നയമാണ് ഇടതുപക്ഷം നിരന്തരമായി സ്വീകരിച്ചിരുന്നത്. വിലക്കയറ്റം വളരെയധികം പൊതു ഉത്കണ്ഠയുടെ വിഷയമായപ്പോള്‍ അതിനെ വളരെ ശക്തമായി എതിര്‍ത്തത് അതിനുദാഹരണമാണ്. ആ സമയത്ത് ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കണമെന്ന് ഇടതുപക്ഷം കരുതിയില്ല. നാണയപ്പെരുപ്പം ജനജീവിതത്തിനു കൂടുതല്‍ കനത്ത തോതില്‍ ആഘാതം സൃഷ്ടിക്കാനുള്ള സാധ്യതകളുണ്ടായപ്പോഴും ഒരു പ്രതിസന്ധിയുണ്ടാക്കാന്‍ അവര്‍ തുനിഞ്ഞില്ല.

സ്​പീക്കറായി തിരഞ്ഞെടുക്കപ്പെടുന്നതുവരെ പാര്‍ട്ടിക്കാര്യങ്ങളില്‍ സജീവപങ്കാളിത്തം വഹിച്ചുപോന്ന അംഗമെന്ന നിലയില്‍ ഈ വിഷയത്തെക്കുറിച്ചുള്ള എന്റെ വീക്ഷണങ്ങള്‍ ജനറല്‍ സെക്രട്ടറിയുടെയും മറ്റും ശ്രദ്ധയില്‍കൊണ്ടുവരേണ്ടതുണ്ടെന്ന് എനിക്കു തോന്നി. അവയ്ക്ക് എത്രതന്നെ വിലയുണ്ടായിരുന്നുവെങ്കിലും. ഒരു പാര്‍ട്ടി സഖാവ് വഴി ഞാന്‍ അദ്ദേഹത്തിന് ഒരു കുറിപ്പ് കൊടുത്തയച്ചു. രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ചുള്ള എന്റെ നിലപാടുകളും ദേശീയതാത്പര്യം മുന്‍നിര്‍ത്തി പാര്‍ട്ടിക്കു കൈക്കൊള്ളാവുന്ന ഏറ്റവും ഉചിതമായ സമീപനം എന്താണെന്നും അതില്‍ വിവരിച്ചിരുന്നു.

ആണവകരാര്‍ എന്ന വിഷയത്തില്‍ പാര്‍ട്ടിക്ക് ശക്തമായ നിലപാടുള്ളതിനാല്‍, അതിനെ എതിര്‍ക്കുന്നത് തുടരണമെന്നും കരാറിനെതിരായി പൊതുജനവികാരമുണര്‍ത്താന്‍ പാര്‍ട്ടി നടപടികളെടുക്കണമെന്നും ഞാന്‍ നിര്‍ദേശിച്ചു. പാര്‍ട്ടി പിന്തുണ പിന്‍വലിച്ചാല്‍ ഒരു തിരഞ്ഞെടുപ്പു നേരത്തെ വരാനാണ് സാധ്യത. അങ്ങനെയൊരു തിരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് വിഷമാവസ്ഥ സൃഷ്ടിക്കും എന്നുള്ള എന്റെ ഭയാശങ്ക ഞാന്‍ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പുഫലം നിരാശാജനകമായിരിക്കും എന്നായിരുന്നു എന്റെ പേടി. വിശേഷിച്ചും പശ്ചിമബംഗാളില്‍. അവിടെ ഏതാനും മാസങ്ങള്‍ക്കു മുന്‍പു മാത്രമാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി വലിയ തിരിച്ചടി നേരിട്ടത് - 1978 നുശേഷം ആദ്യമായിരുന്നു ഇത്. നിലവിലുള്ള സാഹചര്യങ്ങളില്‍ യു.പി.എ.ഗവണ്‍മെന്റിനെ പുറത്തുനിന്നു പിന്തുണയ്ക്കുന്നത് തുടര്‍ന്നുകൊണ്ടുതന്നെ പശ്ചിമബംഗാളിലും കേരളത്തിലും പാര്‍ട്ടിപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും അതേസമയം ആണവകരാറിനെ ആകാവുന്നേടത്തോളം എതിര്‍ക്കുകയും ചെയ്യുന്നതായിരിക്കും ബുദ്ധി എന്ന് എനിക്കു തോന്നി. പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഈ വിഷയം കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം ജനങ്ങളെയും രാഷ്ട്രീയക്കാരെയും മൊത്തത്തില്‍ പഠിപ്പിക്കുകയാണ്. കരാര്‍ പ്രവര്‍ത്തനക്ഷമമാവുകയാണെങ്കില്‍ അത് രാജ്യത്തിനു വരുത്തിവെക്കുന്ന അപകടകരമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള പാര്‍ട്ടിയുടെ അഭിപ്രായങ്ങള്‍ അവരെ പറഞ്ഞുമനസ്സിലാക്കണം എന്നു ഞാന്‍ കരുതി.

കാരാട്ടിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടി നേതൃത്വം എന്റെ വീക്ഷണങ്ങള്‍ പരിഗണനാര്‍ഹമാണെന്നുപോലും കരുതിയില്ല. പാര്‍ട്ടി വല്ല ശ്രമവും നടത്തിയെങ്കില്‍, അത് അതിദയനീയമായി പരാജയപ്പെട്ടു. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കുന്നിടത്തോളം തങ്ങളുടെ പ്രതിഷേധമെത്തിച്ച ഇടതുപക്ഷം പൂര്‍ണമായും ഒറ്റപ്പെടുകയായിരുന്നു, അതവര്‍ തിരിച്ചറിയുകയും ചെയ്തു. തങ്ങളുടെ പ്രവൃത്തിയുടെ രാഷ്ട്രീയപരിണതി എന്തായിരിക്കുമെന്ന് എപ്പോഴെങ്കിലും ഇടതുകക്ഷികള്‍ ആഴത്തില്‍ പരിഗണിച്ചിട്ടുണ്ടോ എന്നാണ് എന്റെ അതിശയം - രാജ്യത്തിനും ഇടതുപ്രസ്ഥാനത്തിന്നും അതു വരുത്തിവെക്കുന്ന ഗുണദോഷങ്ങളുടെ അടിസ്ഥാനത്തില്‍. തന്നെ 'അപമാനി'ച്ചതിനു പ്രധാനമന്ത്രിയെയും യു.പി.എ.അധ്യക്ഷയെയും ഒരു പാഠം പഠിപ്പിക്കാന്‍ കാരാട്ട് തീരുമാനിച്ചുറച്ചതായാണു തോന്നിയത്.

ആണവകരാറിനെക്കുറിച്ചുള്ള വിവാദം ജനങ്ങളെ സംബന്ധിച്ചിടത്തോളം ഉത്കണ്ഠാവിഷയമായിരുന്നില്ലെന്നാണ് പതിനഞ്ചാം പൊതുതിരഞ്ഞെടുപ്പുകാലത്ത് തെളിഞ്ഞത്. സമ്മതിദായകരെ ബാധിക്കുന്ന ഒരു വിഷയമായില്ല കരാര്‍. ഇടതുകക്ഷികളടക്കം ഒരു പാര്‍ട്ടിയും അതൊരു സജീവമായ തിരഞ്ഞെടുപ്പ് വിഷയമാക്കിയില്ല. പോരാത്തതിന്, ഞാന്‍ ആശിച്ചതുപോലെ ഇടതുപക്ഷത്തിനു തൊഴിലാളിവര്‍ഗവുമായും സാധാരണക്കാരുമായും കര്‍ഷകരുമായും സമൂഹത്തിലെ അധഃസ്ഥിതവിഭാഗങ്ങളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി തിരഞ്ഞെടുപ്പുഫലങ്ങള്‍ അസന്ദിഗ്ധമായി തെളിയിക്കുകയും ചെയ്തു. തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങള്‍ എന്ന് ഇടതുപക്ഷം അവകാശപ്പെട്ടുപോന്നത് ആരോ, അവര്‍ അകന്നുപോയി.
അന്നു നിലവിലിരുന്ന സാഹചര്യങ്ങളില്‍, എനിക്കു യാതൊരു പങ്കും വഹിക്കാനില്ലായിരുന്നു എന്നു തീര്‍ച്ച. പ്രസ്തുത വിഷയത്തെപ്പറ്റി എന്റെ നിലപാടുകള്‍ അറിയാന്‍ ഒരിക്കലും പാര്‍ട്ടി ശ്രമിച്ചില്ല. ഏതെങ്കിലും പ്രമുഖ സഖാവുമായി അക്കാര്യം ചര്‍ച്ചചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചതുമില്ല. പ്രധാനമന്ത്രിയും യു.പി.എ. അധ്യക്ഷയും പ്രകാശ് കാരാട്ടിനു നേരേ നടത്തിയ 'കടന്നാക്രമണം' അദ്ദേഹത്തെ വളരെയധികം അസ്വസ്ഥനാക്കി എന്നാണെനിക്കു തോന്നുന്നത്. അതിനാല്‍ ഗവണ്‍മെന്റിനു പിന്തുണ പിന്‍വലിക്കുവാനുള്ള തന്റെ തീരുമാനത്തിന്റെ പരിണതികളെക്കുറിച്ച് വസ്തുനിഷ്ഠമായി അദ്ദേഹം ചിന്തിച്ചില്ല, ചിന്തിക്കാനൊട്ടു കഴിഞ്ഞതുമില്ല. അതു സ്​പീക്കറെന്ന നിലയില്‍ എനിക്കു നേരേ അദ്ദേഹം തികച്ചും ചഞ്ചലവും ആത്മാര്‍ഥതയില്ലാത്തതുമായ നിലപാടു കൈക്കൊള്ളുന്നതിലെത്തിച്ചേരുകയും ചെയ്തു. പിന്തുണ പിന്‍വലിക്കുന്നതു സംബന്ധിച്ച് രാഷ്ട്രപതിയെ ചെന്നുകണ്ടശേഷം 2008 ജൂലായ് 9നു നടത്തിയ പത്രസമ്മേളനത്തില്‍ സ്​പീക്കര്‍ എന്താണു ചെയ്യേണ്ടത് എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹംതന്നെയാണെന്ന് പ്രകാശ് കാരാട്ട് പ്രസ്താവിക്കുകയുണ്ടായി - 2008 ജൂലായ് 18 വരെ അദ്ദേഹം അസന്ദിഗ്ധമായി ആവര്‍ത്തിച്ചു പ്രഖ്യാപിച്ചുകൊണ്ടിരുന്ന നിലപാടാണിത്. പൊടുന്നനെ 2008 ജൂലായ് 20ന് അദ്ദേഹം തീര്‍ത്തും അതിനു വിരുദ്ധമായ ഒരു തീരുമാനമെടുത്തു. തന്റെ പ്രവൃത്തി തത്ത്വദീക്ഷ പുലര്‍ത്തുന്നതും ആത്മാര്‍ഥവുമാണോ അല്ലേ എന്ന് അദ്ദേഹം തീരേ ആലോചിച്ചിട്ടില്ലെന്നു വ്യക്തമായി തെളിയിക്കുന്ന തീരുമാനമായിരുന്നു അത്. തന്റെ മലക്കംമറിച്ചിലിനുള്ള കാരണങ്ങള്‍ അദ്ദേഹം ഒരിക്കലും വിശദമാക്കിയില്ല എന്നതു പ്രസക്തമാണ്. എന്നെ ഒരു കാരണംകാണിക്കല്‍ നോട്ടീസുപോലും നല്കാതെ ധൃതിപിടിച്ച് പുറത്താക്കാന്‍ അദ്ദേഹം തീരുമാനിച്ചു എന്ന വസ്തുത വ്യക്തമായി കാണിച്ചുതരുന്നത് അദ്ദേഹത്തിന്റെ അഹന്തയും അസഹിഷ്ണുതയും അതിന്റെ പാരമ്യത്തിലെത്തിയിരുന്നു എന്നാണ്. അതായത് പാര്‍ട്ടിയില്‍ ഒരാളും തന്റെ കല്പനകളെ ചോദ്യംചെയ്യുന്നത് അദ്ദേഹത്തിനു ചിന്തിക്കാന്‍പോലും കഴിയാതായി എന്ന്.
പിന്തുണ പിന്‍വലിക്കാന്‍ തീരുമാനിച്ചതിനു ശേഷം എന്നെ കണ്ടപ്പോള്‍ കാരാട്ട് അപ്പോഴത്തെ രാഷ്ട്രീയസാഹചര്യങ്ങളെപ്പറ്റിയുള്ള എന്റെ കുറിപ്പിനെപ്പറ്റി പരാമര്‍ശിക്കുകപോലും ചെയ്തില്ല, പിന്തുണ പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു എന്നുമാത്രം പറഞ്ഞു. അപ്പോഴേക്കും എന്റെ നിലപാടുകള്‍ അദ്ദേഹം അറിഞ്ഞിരുന്നു. പിന്തുണ പിന്‍വലിക്കാനുള്ള നിര്‍ദേശത്തെപ്പറ്റി എന്റെ പ്രതികരണമറിയാനായിരിക്കാം ഒരുപക്ഷേ, അദ്ദേഹം എന്നെ കണ്ടതുപോലും. ആ കൂടിക്കാഴ്ചയില്‍ എന്റെ സ്​പീക്കര്‍സ്ഥാനം സംബന്ധിച്ച് പാര്‍ട്ടി ചര്‍ച്ച നടത്തുകപോലും ചെയ്തിട്ടില്ലെന്നു കാരാട്ട് അര്‍ഥശങ്കയ്ക്കിടയില്ലാതെ എന്നോടു പറയുകയുമുണ്ടായി.

2008 ജൂലായ് 8നു പ്രണബ് മുഖര്‍ജി എന്നെ കാണുകയും ഇടതുകക്ഷികള്‍ പിന്തുണ പിന്‍വലിച്ചുകഴിഞ്ഞാല്‍ വിശ്വാസവോട്ട് തേടുന്നതിനു ഗവണ്‍മെന്റ് നടപടികള്‍ കൈക്കൊള്ളണമെന്ന് രാഷ്ട്രപതി ശിപാര്‍ശ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് എന്നെ അറിയിക്കുകയും ചെയ്തു. അതിന് 2008 ജൂലായ് 21, 22 തീയതികള്‍ ഗവണ്‍മെന്റ് ഒരു പ്രത്യേകസമ്മേളനം വിളിച്ചുകൂട്ടിയേക്കാം എന്ന് അദ്ദേഹം അറിയിച്ചു. ഗവണ്‍മെന്റ് നിലനില്ക്കുകയാണെങ്കില്‍ മഴക്കാലസമ്മേളനം 2008 ആഗസ്ത് 11 മുതല്‍ വിളിച്ചുചേര്‍ക്കാമെന്നും.

2008 ജൂലായ് 9ന് ഇടതുകക്ഷികള്‍ രാഷ്ട്രപതിയെ കണ്ടു. പിന്തുണ പിന്‍വലിക്കുന്നതിനെപ്പറ്റി അവരെ അറിയിക്കാനായിരുന്നു ഇത്. ഗവണ്‍മെന്റിനെ പിരിച്ചുവിടുകയോ സഭയില്‍ വിശ്വാസവോട്ടു തേടുവാന്‍ നിര്‍ദേശിക്കുകയോ വേണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. പശ്ചിമബംഗാളില്‍നിന്നുള്ള ചില സഖാക്കളടക്കം, ഡല്‍ഹിയിലുള്ള പോളിറ്റ് ബ്യൂറോ അംഗങ്ങള്‍ക്ക് നിലവിലുള്ള സാഹചര്യത്തില്‍ ഞാന്‍ സ്​പീക്കറായി തുടരുന്നത് 'ഉചിത'മല്ലെന്ന അഭിപ്രായമാണുള്ളതെന്നും എനിക്ക് എന്റേതായ മാര്‍ഗം തീരുമാനിക്കാമെന്നും അറിയിക്കാന്‍വേണ്ടി അന്നു കാലത്ത് പ്രകാശ് കാരാട്ട് എന്നെ ഫോണില്‍ വിളിച്ചു. അന്നുതന്നെ ഞാന്‍ കാരാട്ടിന് 'ഉചിത'മല്ലെന്ന് അദ്ദേഹം വിവരിച്ച ചില വിഷയങ്ങളെപ്പറ്റിയുള്ള എന്റെ അഭിപ്രായങ്ങളോടെ ഒരു കുറിപ്പയയ്ക്കുകയും ചില ബദല്‍പ്രവര്‍ത്തനമാര്‍ഗങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. എന്നാല്‍, കുറിപ്പ് കിട്ടിയതായി എന്നെ അറിയിക്കുകയുണ്ടായില്ല. എന്റെ അഭിപ്രായങ്ങളെപ്പറ്റി യാതൊരു പ്രതികരണവും ഉണ്ടായതുമില്ല. അവ പരിഗണിക്കപ്പെടേണ്ടതായി അദ്ദേഹം കരുതുന്നില്ലെന്നായിരുന്നു ഈ പെരുമാറ്റം നല്കിയ സൂചന. അതല്ലാതെ കാരാട്ട് ഒരിക്കലും എന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചില്ല.
രാഷ്ട്രപതിക്കു സമര്‍പ്പിച്ചിട്ടുള്ള ഗവണ്‍മെന്റിനു പിന്തുണ പിന്‍വലിക്കുന്ന സി.പി.ഐ (എം) അംഗങ്ങളുടെ പട്ടികയില്‍ എന്റെ പേരാണ് ആദ്യം ചേര്‍ത്തിട്ടുള്ളത് എന്ന് അന്നു വൈകുന്നേരം ഞാന്‍ അറിഞ്ഞു. ഞാന്‍ നടുങ്ങിപ്പോയി. ഇന്നുവരെ എനിക്ക് ഈ കത്തിന്റെ ഒരു കോപ്പി കാണിച്ചുതന്നിട്ടില്ലെന്നത് വിചിത്രമാണ്. ഞാന്‍ രാജിവെക്കാനുള്ള സാധ്യതയെപ്പറ്റി മാധ്യമങ്ങള്‍ തീവ്രമായ അഭ്യൂഹങ്ങള്‍ പരത്തി. രാജിവെക്കുന്നത് സ്​പീക്കര്‍പദവിയെ സംബന്ധിച്ചിടത്തോളം ആവശ്യമായിരുന്നില്ല. അതിനു ചേരുന്നതുമല്ലായിരുന്നു. ഔപചാരികമായി പിന്തുണ പിന്‍വലിച്ചതിനുശേഷം വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ വെച്ച് സ്​പീക്കര്‍ എന്ന നിലയില്‍ ഭാവിപരിപാടികള്‍ എന്തായിരിക്കണമെന്നു തീരുമാനിക്കേണ്ടത് ഞാനാണെന്നു ജനറല്‍ സെക്രട്ടറിതന്നെയും പരസ്യപ്രസ്താവന നടത്തുകയും ചെയ്തു.

അഭ്യൂഹങ്ങള്‍ അവസാനിപ്പിക്കാന്‍വേണ്ടി 2008 ജൂലായ് 10ന് എന്റെ ആപ്പീസില്‍നിന്ന് ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിച്ചു:
ആദരണീയനായ ലോകസഭാ സ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജി തത്സ്ഥാനത്തു തുടരുന്നതു സംബന്ധിച്ച്, പ്രസിദ്ധപ്പെടുത്തുകയും സംപ്രേഷണം നടത്തുകയും ചെയ്ത മാധ്യമറിപ്പോര്‍ട്ടുകളിലേക്ക് അദ്ദേഹത്തിന്റെ ശ്രദ്ധ ക്ഷണിക്കുകയുണ്ടായി.

ചുമതലകള്‍ നിറവേറ്റുന്ന കാര്യത്തില്‍ ബഹുമാന്യനായ സ്​പീക്കര്‍ ഒരു രാഷ്ട്രീയകക്ഷിയും പ്രതിനിധാനം ചെയ്യുന്നില്ല. സ്​പീക്കര്‍സ്ഥാനം എന്ന ഉന്നതപദവിയിലേക്കുള്ള അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പില്‍ എതിരില്ലായിരുന്നു എന്നു മാത്രമല്ല, എല്ലാ രാഷ്ട്രീയപാര്‍ട്ടികളും അദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചു എന്നതിനാല്‍ അത് ഏകകണ്ഠംകൂടിയായിരുന്നു. ഏതെങ്കിലും പാര്‍ട്ടി നാമനിര്‍ദേശം ചെയ്ത ആളായിട്ടല്ല അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. തന്റെ ചുമതലകള്‍ നിറവേറ്റുന്നതില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയോടും അദ്ദേഹം ചായ്‌വ് കാണിച്ചിട്ടുമില്ല. സ്​പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ സോമനാഥ് ചാറ്റര്‍ജി എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്നും തത്ത്വദീക്ഷയോടെ സ്വയം മാറിനിന്നു.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന നിയമനിര്‍മാണസഭയെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടുകളും അനര്‍ഹമായ വക്രോക്തികളും വഴി വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് അഭ്യര്‍ഥിക്കുകയാണ്. ബഹുമാനപ്പെട്ട സ്​പീക്കര്‍ ഇപ്പോഴത്തെ രാഷ്ട്രീയസാഹചര്യത്തെ സംബന്ധിച്ചിടത്തോളം പ്രസക്തമായ എന്തെങ്കിലും തീരുമാനമെടുക്കുകയാണെങ്കില്‍ അതു മാധ്യമങ്ങളെ അറിയിക്കുന്നതായിരിക്കും.

ഇതിനകം പ്രസ്താവിച്ചതുപോലെ, എന്റെ കാര്യത്തില്‍ പാര്‍ട്ടി ഒരു തീരുമാനവുമെടുത്തിട്ടില്ലെന്ന് കാരാട്ട് സുനിര്‍ണീതമായി എന്നോടു നേരത്തേ പറഞ്ഞതാണ്. 2008 ജൂലായ് 9 ലെ പത്രസമ്മേളനത്തില്‍ വ്യക്തമായി പ്രസ്താവിച്ചതിനുപുറമേ 2008 ജൂലായ് 14ന് അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന പുറപ്പെടുവിക്കുകയും ചെയ്തു:
ലോകസഭാസ്​പീക്കര്‍ സഖാവ് സോമനാഥ് ചാറ്റര്‍ജിയുടെ നിലപാട് സംബന്ധിച്ച് മാധ്യമങ്ങളില്‍ ധാരാളം അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നു. സ്​പീക്കര്‍തന്നെയാണ് ഏതു തീരുമാനവും കൈക്കൊള്ളേണ്ടത് എന്ന് ഞാന്‍ നേരത്തേ പ്രസ്താവിച്ചിട്ടുള്ളതാണല്ലോ. 2008 ജൂലൈ 10ന് അദ്ദേഹത്തിന്റെ ആപ്പീസില്‍നിന്നു പുറപ്പെടുവിച്ച ഒരു പ്രസ്താവനവഴി ഇക്കാര്യം സ്​പീക്കര്‍ ആവര്‍ത്തിച്ചുറപ്പിച്ചിട്ടുണ്ട്. സ്​പീക്കറുടെ പദവിയെ അനാവശ്യമായ ഏതെങ്കിലും വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.

എന്റെ ഭാവിപ്രവര്‍ത്തനങ്ങളെപ്പററിയും പിന്തുണ പിന്‍വലിക്കുന്ന അംഗങ്ങളുടെ പട്ടികയില്‍ എന്റെ പേര് ഉള്‍പ്പെടുത്തിയതിനെപ്പറ്റിയും മാധ്യമങ്ങളും ഇതര രാഷ്ട്രീയകക്ഷികളും പ്രകടിപ്പിച്ച തീവ്രതാത്പര്യത്തിനുള്ള പ്രതികരണമായി സി.പി.ഐ(എം) പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി 2008 ജൂലായ് 16ന് താഴെ പറയുന്ന പ്രസ്താവന പുറപ്പെടുവിച്ചു:
ഇന്ത്യയുടെ രാഷ്ട്രപതിക്കു സമര്‍പ്പിച്ച സി.പി.ഐ.(എം) എം.പിമാരുടെ പട്ടികയില്‍ ലോകസഭാസ്​പീക്കറുടെ പേര് ഉള്‍പ്പെടുത്തിയ കാര്യത്തില്‍ തെറ്റിദ്ധാരണാജനകമായ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. സി.പി.ഐ(എം) സ്ഥാനാര്‍ഥിയായാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത് എന്നതിനാല്‍ സ്​പീക്കറുടെ പേര് സി.പി.ഐ.എമ്മിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട് എന്നാണു ഞാന്‍ പറഞ്ഞിട്ടുള്ളത്. ഇപ്പോള്‍ അദ്ദേഹം ലോകസഭാസ്​പീക്കര്‍ ആണ് എന്നു സൂചിപ്പിക്കുന്ന നക്ഷത്രചിഹ്നത്തോടെയാണ് പ്രസ്തുത പേര് ഉള്‍പ്പെടുത്തിയത്. അതാണ് സാധാരണനിലയിലുള്ള പാര്‍ലമെന്ററി സമ്പ്രദായം.
കാരാട്ടുമായുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ 2008 ജൂലായ് 18നു രണ്ടു റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടു. അതില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: 'യു.പി.എ. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിച്ച ദിവസംതന്നെ ഈ വിഷയത്തില്‍ ഒരു തീരുമാനമെടുക്കേണ്ടത് സ്​പീക്കറാണെന്നു ഞാന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഉടനീളം ഞാന്‍ ഈ നിലപാടാണ് പുലര്‍ത്തുന്നത്. സ്​പീക്കറുടെ ചുമതലയെപ്പറ്റി ഞങ്ങളുടെ പാര്‍ട്ടിയുടെ വീക്ഷണങ്ങള്‍ വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സ്​പീക്കര്‍സ്ഥാനത്തിരിക്കുന്നതുകൊണ്ട് ഒരു വ്യക്തിക്ക് അയാളുടെ രാഷ്ട്രീയബന്ധങ്ങള്‍ ഇല്ലാതാവുന്നില്ല. എന്നാല്‍, ആരെങ്കിലുമൊരാള്‍ സ്​പീക്കറാവുന്നുണ്ടെങ്കില്‍ അയാള്‍ പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ പക്ഷപാതപരമായ രാഷ്ട്രീയനിലപാടുകള്‍ സ്വീകരിക്കുകയോ ചെയ്യരുത്.'

സി.പി.ഐ. ജനറല്‍ സെക്രട്ടറി എ.ബി. ബര്‍ദാന്‍ പറഞ്ഞത്, 'ഇടതുസഖ്യം ലോകസഭാസ്​പീക്കര്‍ സോമനാഥ് ചാറ്റര്‍ജിയുടെ പേര് യു.പി.എ. ഗവണ്‍മെന്റിനുള്ള പിന്തുണ പിന്‍വലിക്കുന്ന പാര്‍ട്ടി എം.പിമാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തരുതായിരുന്നു' എന്നാണ്. 'അദ്ദേഹം തലമുതിര്‍ന്ന നേതാവും പാര്‍ലമെന്റേറിയനുമാണ്. ഈ വിഷയത്തില്‍ അദ്ദേഹംതന്നെ സ്വന്തം നിലയില്‍ തീരുമാനമെടുക്കണം. ചാറ്റര്‍ജിയെ രാജിവിവാദത്തിലേക്കു വലിച്ചിഴച്ചത് അദ്ദേഹം വഹിക്കുന്ന ഉന്നതപദവിയുടെ അന്തസ്സിനു നേര്‍ക്കുള്ള ആക്രമണമാണ്. സ്​പീക്കര്‍ തിരഞ്ഞെടുക്കപ്പെട്ടത് സി.പി.എം. ടിക്കറ്റിലാണെന്നു ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍, എല്ലാ കക്ഷികളുടെയും പിന്തുണയോടെയാണ് അദ്ദേഹം ലോകസഭാസ്​പീക്കറായി തിരഞ്ഞെടുക്കപ്പെട്ടത്.'
എന്റെ രാജിയെച്ചൊല്ലിയുള്ള ഊഹക്കളിക്കു കാരണം സി.പി.ഐ.(എം) ആസ്ഥാനമായ എ.കെ.ജി.ഭവനില്‍നിന്നു വാര്‍ത്ത ചോര്‍ന്നുപോയതാണെന്നു മാധ്യമപ്രവര്‍ത്തകര്‍ എന്നോടു പറഞ്ഞു. അതെന്നെ വളരെയധികം വേദനിപ്പിച്ചു. സി.പി.ഐ(എം) പിന്തുണ പിന്‍വലിച്ചതിനു ശേഷമുള്ള എന്റെ ഭാവിപരിപാടികള്‍ തീരുമാനിക്കേണ്ടത് ഞാനാണെന്ന് ഒരുവശത്ത് പാര്‍ട്ടി സെക്രട്ടറി ആവര്‍ത്തിച്ച് പൊതുപ്രസ്താവനകള്‍ പുറപ്പെടുവിക്കുന്നു. മറുവശത്ത് എന്നോടു വൈകാതെതന്നെ രാജിവെക്കാനാവശ്യപ്പെടുമെന്നു സൂചിപ്പിക്കുന്ന പിറുപിറുപ്പു പ്രചാരണത്തിനു പാര്‍ട്ടിതന്നെ മുന്‍കൈയെടുക്കുന്നതുപോലെ തോന്നുകയും ചെയ്യുന്നു.

എന്റെ രാഷ്ട്രീയജീവിതത്തിലുടനീളം എനിക്ക് ജ്യോതി ബസുവില്‍നിന്ന് ഒരുപാട് മാര്‍ഗദര്‍ശനവും വാത്സല്യവും ലഭിച്ചിട്ടുണ്ട്. തന്റെ അവസാനദിവസംവരെ അദ്ദേഹം എന്റെ ചോദ്യംചെയ്യപ്പെടാത്ത നേതാവായിരുന്നു. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പ്രസ്തുത നിര്‍ണായകസന്ധിയില്‍ ഞാന്‍ അദ്ദേഹത്തിന്റെ അഭിപ്രായം ആരായേണ്ടതുണ്ട് എന്ന് എനിക്കു തോന്നി. 2008 ജൂലായ് 12നു ഞാന്‍ അദ്ദേഹത്തെ കല്ക്കത്തയില്‍വെച്ചു കാണുകയും പാര്‍ട്ടിയുമായുള്ള എന്റെ എഴുത്തുകുത്തുകള്‍ അദ്ദേഹത്തെ കാണിക്കുകയും ചെയ്തു. കരാറിനെക്കുറിച്ചുള്ള പാര്‍ട്ടിനിലപാടിനെക്കുറിച്ച് തീര്‍ച്ചയായും അദ്ദേഹം പൂര്‍ണബോധവാനായിരുന്നു. അതേക്കുറിച്ച് ഞാന്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്തതേയില്ല. അദ്ദേഹം പാര്‍ട്ടിനിലപാടുമായി യോജിക്കുന്നുണ്ടോ എന്നൊന്നും എനിക്കറിയില്ല. എന്നാല്‍ വിശ്വാസപ്രമേയം സഭയില്‍ വരുമ്പോള്‍ ഞാന്‍ അധ്യക്ഷത വഹിക്കണമെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. ഞാന്‍ വിശ്വസിക്കുന്നതുപോലെതന്നെ, എന്റെ രാജിയുടെ സൂചന ഞാന്‍ സ്​പീക്കര്‍പദവിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച ചെയ്യുന്നു എന്നും എന്തായിരിക്കണം എന്റെ പ്രവൃത്തികളെന്ന് നിര്‍ദേശിക്കാന്‍ എന്റെ രാഷ്ട്രീയകക്ഷിയെ അനുവദിക്കുന്നു എന്നുമാണെന്ന് അദ്ദേഹവും കരുതി. അതു തികച്ചും അധാര്‍മികവും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനതത്ത്വങ്ങള്‍ക്കു വിരുദ്ധവുമാണ്. രാജ്യത്തെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ പരമോന്നതസ്ഥാനം ലോകസഭയ്ക്കായിരുന്നു. ഇപ്പോഴും അങ്ങനെയാണുതാനും. രാജി പാര്‍ട്ടിനിലപാടുകളില്‍ വിട്ടുവീഴ്ച ചെയ്യുകകൂടി ആയിരിക്കും. പാര്‍ലമെന്ററി സമ്പ്രദായത്തില്‍ പങ്കാളികളാവുകയും അതില്‍നിന്ന് പ്രയോജനമനുഭവിക്കുകയും ചെയ്യുമ്പോള്‍ത്തന്നെ അതിന്റെ അടിസ്ഥാനത്തില്‍ നിലനില്ക്കുന്ന രാജ്യത്തെ ജനാധിപത്യവ്യവസ്ഥയോട് പ്രതിബദ്ധത പുലര്‍ത്തുന്നില്ല എന്നാണ് അതുമൂലം വരുന്നത്. വിശ്വാസവോട്ടിനും 2008 ആഗസ്ത് 28നു നടക്കാനിരിക്കുന്ന പ്രൊഫ.ഹിരണ്‍ മുഖര്‍ജി വാര്‍ഷിക പാര്‍ലമെന്ററി പ്രഭാഷണത്തിനും ശേഷം ഒരു തീരുമാനമെടുത്താല്‍ മതി എന്ന് അദ്ദേഹം എന്നെ ഉപദേശിക്കുകയും ചെയ്തു. സ്​പീക്കര്‍ എന്ന നിലയില്‍ പ്രഭാഷണം നടത്താന്‍ പ്രൊഫ. അമര്‍ത്യാസെന്നിനെ ഏര്‍പ്പാടാക്കിയ കാര്യം ഞാന്‍ അദ്ദേഹത്തോടു പറഞ്ഞിരുന്നു. ഏറ്റവും ചുരുങ്ങിയത് വിശ്വാസവോട്ടിന്റെ ദിവസംവരെയെങ്കിലും സ്​പീക്കറുടെ ചുമതലകള്‍ നിറവേറ്റാനും സമ്മര്‍ദത്തിനു വഴങ്ങാതിരിക്കാനുമുള്ള എന്റെ ദൃഢനിശ്ചയത്തെ അതു ശക്തിപ്പെടുത്തി.

എന്റെ ഓര്‍മ ശരിയാണെങ്കില്‍ 2008 ജൂലായ് 15 നോ 16 നോ സീതാറാം യെച്ചൂരി എന്റെ വസതിയിലെത്തി രാഷ്ട്രീയാവസ്ഥയില്‍ ഉരുത്തിരിഞ്ഞുവരുന്ന സംഭവവികാസങ്ങളെപ്പറ്റി സംസാരിച്ചു. എന്റെ കാര്യത്തില്‍ പാര്‍ട്ടി കൈക്കൊണ്ടിരിക്കാനിടയുള്ള എന്തെങ്കിലും തീരുമാനത്തെപ്പറ്റി യാതൊന്നും പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്റെ സംഭാഷണം. എന്റെ മനസ്സില്‍ എന്താണുള്ളതെന്ന് മനസ്സിലാക്കാനായിരിക്കണം യെച്ചൂരി ആഗ്രഹിച്ചത്. ജ്യോതി ബസുവുമായുള്ള എന്റെ കൂടിക്കാഴ്ചയ്ക്കിടയില്‍ ചര്‍ച്ചചെയ്ത കാര്യങ്ങള്‍ ഞാന്‍ അദ്ദേഹത്തെ അറിയിച്ചു. ജ്യോതി ബസു ഇക്കാര്യത്തെപ്പറ്റി ജനറല്‍ സെക്രട്ടറിക്ക് ഒരു കുറിപ്പയച്ചിട്ടുണ്ട് എന്നാണ് ഒരു വിശ്വസനീയമായ വൃത്തത്തില്‍നിന്ന് എനിക്കറിയാന്‍ കഴിഞ്ഞത്. ഈ കുറിപ്പ് പോളിറ്റ്ബ്യൂറോ യോഗത്തില്‍ ഔപചാരികമായി വെച്ചുവോ അല്ലെങ്കില്‍ അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്തുവോ എന്നൊന്നും എനിക്കറിഞ്ഞുകൂടാ. അങ്ങനെ ചെയ്തിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നു. പാര്‍ട്ടിയില്‍നിന്ന് എനിക്കൊരു അറിയിപ്പ് കിട്ടിയേക്കാം എന്നു വീട്ടില്‍നിന്നു പോവുമ്പോള്‍ യെച്ചൂരി അവ്യക്തമായി സൂചിപ്പിച്ചു. എന്നോട് രാജിവെക്കണമെന്നാവശ്യപ്പെടാന്‍ പാര്‍ട്ടി തീരുമാനമെടുത്തിട്ടുണ്ടെന്നോ എടുക്കുമെന്നോ അതെന്നെ ബോധ്യപ്പെടുത്തി.

2008 ജൂലായ് 9നു ശേഷം കാരാട്ട് എന്നോട് സംസാരിച്ചിട്ടില്ല എന്നത് പ്രധാനമാണ്. എന്നാല്‍ നേരത്തേ പരാമര്‍ശിച്ചപോലെ, തീരുമാനം എനിക്കു വിട്ടിരിക്കുകയാണെന്ന് അദ്ദേഹം ഒന്നിലധികം പ്രാവശ്യം പ്രസ്താവിച്ചിരുന്നു. 2008 ജൂലായ് 20നു മാത്രമാണ് പശ്ചിമബംഗാള്‍ സംസ്ഥാനക്കമ്മിറ്റി സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ ബിമന്‍ ബോസ് ഞാനുമായി ബന്ധപ്പെട്ടത്. അദ്ദേഹം ഏതാണ്ട് ഉച്ചയ്ക്ക് ഒരു മണിക്ക് എന്റെ വീട്ടിലെത്തുകയും ഞാന്‍ സ്​പീക്കര്‍സ്ഥാനത്ത് തുടരരുതെന്ന് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും തീരുമാനിച്ചിട്ടുണ്ടെന്നും അതിനാല്‍ രാജിവെച്ച് ഗവണ്‍മെന്റിനെതിരെ വോട്ടു ചെയ്യണമെന്നും എന്നെ അറിയിക്കുകയും ചെയ്തു. ആവര്‍ത്തിച്ചുനടത്തുന്ന പരസ്യപ്രഖ്യാപനങ്ങള്‍ക്കു വിരുദ്ധമായി, പാര്‍ട്ടി ഒരു തീരുമാനമെടുത്തിട്ടുണ്ടെന്ന മാധ്യമങ്ങളുടെ അഭ്യൂഹത്തിനു ഭദ്രമായ അടിത്തറയുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. അപ്പോഴേക്കും സി.പി.ഐ.എമ്മിന്റെ ഏറ്റവും പ്രധാനനേതാവായ ജ്യോതി ബസു ഉപദേശിച്ചതുപോലെ വിശ്വാസവോട്ടിന്മേലുള്ള ചര്‍ച്ച പൂര്‍ത്തിയാവുന്നതുവരെ രാജി വെക്കേണ്ടതില്ല എന്ന തീരുമാനവുമായി എന്റെ മനസ്സ് പൊരുത്തപ്പെട്ടുകഴിഞ്ഞിരുന്നു.
രാഷ്ട്രീയകരുനീക്കങ്ങളുടെ ഇരയാക്കി സ്​പീക്കര്‍സ്ഥാനത്തെ മാറ്റാന്‍ ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ പാര്‍ട്ടിയുടെ നിര്‍ദേശം അംഗീകരിക്കാന്‍ എനിക്കു സാധിക്കുകയില്ല എന്ന് അതുപ്രകാരം ഞാന്‍ ബിമന്‍ ബോസിനോടു പറഞ്ഞു. ഒരു സ്​പീക്കറും അയാള്‍ തിരഞ്ഞെടുക്കപ്പെടുന്നത് പാര്‍ട്ടിയുടെ എം.പി. ആയിട്ടാണെങ്കിലും പാര്‍ട്ടിയുടെ സിദ്ധാന്തങ്ങളോട് പ്രതിബദ്ധത പുലര്‍ത്തുന്നുണ്ടെങ്കിലുമൊന്നുംതന്നെ അയാള്‍ പാര്‍ട്ടിയുടെ തീട്ടൂരങ്ങളുടെ കരുണയ്ക്ക് വിധേയരാവാന്‍ പാടില്ല എന്നും അങ്ങനെ ആവരുത് എന്നും ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. സ്​പീക്കറായി തിരഞ്ഞെടുക്കപ്പെട്ടശേഷം പതിനാലാംലോകസഭയുടെ കാലത്തുടനീളം എല്ലാ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍നിന്നും വിട്ടുനില്ക്കുകയാണ് ഞാന്‍ എന്ന് അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയും ചെയ്തു. 2008 ജൂലായ് 18നുപോലും, ഞാനാണ് പ്രവര്‍ത്തനഗതി തീരുമാനിക്കേണ്ടത് എന്ന് എന്തിനാണ് ജനറല്‍ സെക്രട്ടറി പ്രസ്താവിച്ചത് എന്ന് ഞാന്‍ അതിശയിക്കുകയും ചെയ്തു. ബിമന്‍ ബോസിന് ഞാന്‍ പറഞ്ഞത് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാണ് എങ്കിലും, അദ്ദേഹം എന്നോടു വാദിക്കാന്‍ നിന്നില്ല. ഏതാണ്ട് ഒരു മണിക്കൂര്‍ കഴിഞ്ഞ്, വിശ്വാസപ്രമേയത്തിന്മേല്‍ ഞാന്‍ വോട്ട് ചെയ്യേണ്ട ആവശ്യമില്ലെന്നും എന്നാല്‍ സ്​പീക്കര്‍സ്ഥാനത്തുനിന്ന് ഞാന്‍ രാജിവെക്കണമെന്നുമുള്ള ഒരു ടെലിഫോണ്‍വിളി അദ്ദേഹത്തില്‍നിന്ന് എനിക്കു കിട്ടി. ആ നിര്‍ദേശം സ്വീകരിക്കാന്‍ സാധ്യമല്ലെന്ന് ഞാന്‍ വ്യക്തമായി അദ്ദേഹത്തോടു പറഞ്ഞു.

2008 ജൂലായ് 21നും 22നും പ്രധാനമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയം ചര്‍ച്ചചെയ്യുകയും അത് അംഗീകരിക്കുകയും ചെയ്തു. പിറ്റേദിവസം പാര്‍ട്ടി ആദ്യം ചെയ്തത് പോളിറ്റ് ബ്യൂറോയിലെ സ്ഥലത്തുള്ള അഞ്ച് അംഗങ്ങളുടെ ഒരു യോഗം വിളിച്ചുചേര്‍ക്കുകയാണ്. മൊത്തം പതിനേഴ് അംഗങ്ങളാണ് പോളിറ്റ് ബ്യൂറോയില്‍ ഉള്ളത്. മറ്റുള്ളവരെ പ്രസ്തുത യോഗത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നാണ് എന്റെ അനുമാനം. 2008 ജൂലായ് 23നു താഴെപ്പറയുന്ന പ്രസ്താവന പാര്‍ട്ടി പുറപ്പെടുവിച്ചു: 'കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യുടെ പോളിറ്റ് ബ്യൂറോ സോമനാഥ് ചാറ്റര്‍ജിയെ പാര്‍ട്ടിയംഗത്വത്തില്‍നിന്ന് ഉടന്‍ പ്രാബല്യത്തോടെ പുറത്താക്കാന്‍ ഏകസ്വരത്തില്‍ തീരുമാനിച്ചു. പാര്‍ട്ടിയുടെ നിലപാടുകളില്‍ ഗുരുതരമായ വിട്ടുവീഴ്ചകള്‍ നടത്തിയതിന്റെ പേരില്‍ പാര്‍ട്ടി ഭരണഘടനയുടെ തകതാം വകുപ്പ് 13-ാം ഉപവകുപ്പനുസരിച്ചാണ് ഈ നടപടി എടുത്തത്.'

അഞ്ച് അംഗങ്ങള്‍ക്കിടയില്‍ത്തന്നെ ഭൂരിപക്ഷമനുസരിച്ചാണ് തീരുമാനമെടുത്തത് എന്ന് പിന്നീട് എനിക്ക് മനസ്സിലായി. പക്ഷേ, എന്റെ പക്കല്‍ അതിനു രേഖയൊന്നുമില്ല.
സ്​പീക്കര്‍ എന്ന സുപ്രധാനമായ ഭരണഘടനാപദവിയോടുള്ള എന്റെ പ്രതിബദ്ധതയെ സി.പി.ഐ(എം) പോളിറ്റ് ബ്യൂറോയിലെ നേതാക്കള്‍ 'നിലനില്പില്ലാത്തതാ'യാണ് കണ്ടതെന്നു വ്യക്തം. രാജി വെക്കുന്നതിനുള്ള എന്റെ വിസമ്മതം ധിക്കാരപ്രവൃത്തിയായും അവര്‍ കരുതി. സ്​പീക്കറായി തിരഞ്ഞെടുക്കപ്പെട്ടതുമുതല്‍ എനിക്ക് ഏതെങ്കിലും നിര്‍ദേശം നല്കാന്‍ പാര്‍ട്ടിക്കു സാധ്യമാണ് എന്ന് ഞാന്‍ കരുതിയിരുന്നില്ല. അങ്ങനെ വല്ല സൂചനയുമുണ്ടായിരുന്നുവെങ്കില്‍ സ്​പീക്കറായിരിക്കുന്ന കാലത്തോളം പാര്‍ട്ടിയിലെ സാധാരണ അംഗത്വം ഞാന്‍ ഔപചാരികമായി ഉപേക്ഷിക്കുമായിരുന്നു. ഈ പശ്ചാത്തലത്തില്‍, സ്​പീക്കറായിരിക്കുന്ന കാലത്ത്, ഒരു പാര്‍ട്ടിയംഗത്തിന് അയാളുടെ അംഗത്വം താത്കാലികമായി രാജിവെക്കാം എന്ന കീഴ്‌വഴക്കം ഉരുത്തിരിഞ്ഞുവരണമെന് എനിക്കു തോന്നുന്നു. എനിക്ക് അഭിമുഖീകരിക്കേണ്ടിവന്നതുപോലെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ അതുമൂലം സാധിക്കും.

ഒരിക്കലും ജനങ്ങളെ വഴിതെറ്റിച്ചിട്ടില്ലെന്ന് ഞാന്‍ സദാ വിശ്വസിച്ചുപോന്ന പാര്‍ട്ടിയാണ് സി.പി.ഐ.(എം). പ്രസ്തുത കക്ഷിയെപ്പോലെ തത്ത്വാധിഷ്ഠിതസമീപനം പുലര്‍ത്തുന്ന ഒരു പാര്‍ട്ടിയില്‍ സംഭവിച്ചുകൂടാത്തതും അമ്പരപ്പിക്കുന്നതുമായ സംഗതിയാണ് അതിന്റെ ജനറല്‍ സെക്രട്ടറിയും അദ്ദേഹത്തിന്റെ ചില അടുത്ത സുഹൃത്തുക്കളും പൊതുജനങ്ങള്‍ക്ക് തീര്‍ത്തും വഴി പിഴപ്പിക്കുന്ന ഒരു നിലപാടു വിളമ്പിക്കൊടുക്കുന്നത്. അതേസമയം പാര്‍ട്ടിക്ക് ദാസ്യപ്പണിയെടുക്കാന്‍ സ്​പീക്കറെ നിര്‍ബന്ധിച്ചുകൊണ്ട് പരസ്​പരം തമാശ പറഞ്ഞു നേരം കളയുകയും ചെയ്യുന്നു, അങ്ങനെയൊരു നടപടി ഭരണഘടനാപരമായ ഔചിത്യത്തിന്റെ എല്ലാ തത്ത്വങ്ങളെയും ലംഘിക്കുകയായിട്ടുപോലും.

പാര്‍ട്ടി എനിക്കെതിരായ ചില അച്ചടക്കനടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കില്‍ അത് ഇത്ര ധൃതിയിലായിരിക്കുമെന്ന് ഞാന്‍ ഒരിക്കലും കരുതിയിരുന്നില്ല. തന്നിഷ്ടപ്രകാരമുള്ള നടപടിയില്‍ കുറഞ്ഞ യാതൊന്നുമല്ല സംഭവിച്ചത്. ഏറ്റവും ചുരുങ്ങിയത് ഒരു കാരണംകാണിക്കല്‍ നോട്ടീസ് നല്കുകയോ വിശദീകരണം ആരായുകയോ ചെയ്യുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. വിശേഷിച്ചും ഞാന്‍ ഏതാണ്ട് നാല്പതു കൊല്ലക്കാലം എല്ലാ ആത്മാര്‍ഥതയോടെയും അര്‍പ്പണബോധത്തോടെയും പാര്‍ട്ടിയെ സേവിച്ചതിനാല്‍ നിര്‍ഭാഗ്യവശാല്‍ അതുണ്ടായില്ല.
എന്നെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയ വാര്‍ത്ത വലിയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചു. എന്നെ പിന്തുണച്ചുകൊണ്ടുള്ള എണ്ണമറ്റ സന്ദേശങ്ങള്‍ കുന്നുകൂടി. രാജ്യത്തിന്റെ എല്ലാ മുക്കുമൂലകളില്‍നിന്നും വിദേശത്തു താമസിക്കുന്ന ധാരാളം ഇന്ത്യക്കാരില്‍നിന്നും ഇത്തരം സന്ദേശങ്ങള്‍ വന്നു. പാര്‍ട്ടിയുടെ കല്പനകള്‍ക്കു തലകുനിച്ചുകൊടുക്കാതിരിക്കുകയും പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ സമുന്നതനിലവാരം നിലനിര്‍ത്തുകയും ചെയ്യുന്ന എന്റെ നിലപാടിനെ അവരെല്ലാവരും അഭിനന്ദിച്ചു. ഈ സന്ദേശങ്ങള്‍ എനിക്ക് അളവറ്റ മാനസികപിന്‍ബലം നല്കുകയും എന്നെ പുറന്തള്ളാനുള്ള പാര്‍ട്ടിയുടെ തലതിരിഞ്ഞ തീരുമാനം തെല്ലും കണക്കിലെടുക്കാതെ സ്​പീക്കര്‍സ്ഥാനത്തു തുടരാനുള്ള എന്റെ ദൃഢനിശ്ചയത്തെ അരക്കിട്ടുറപ്പിക്കുകയും ചെയ്തു. ഈ സന്ദേശങ്ങളില്‍ ചിലത് കഢ-ാം അനുബന്ധത്തില്‍ ചേര്‍ത്തിട്ടുണ്ട്.

പുറത്താക്കിയതിനെച്ചൊല്ലി ഞാന്‍ പാര്‍ട്ടിയുമായി യാതൊരു പ്രശ്‌നവുമുണ്ടാക്കിയില്ല. ആ തീരുമാനമെടുക്കുന്നതിനുള്ള പാര്‍ട്ടിയുടെ അവകാശത്തെ ഞാന്‍ ചോദ്യംചെയ്തതുമില്ല. ഒറ്റയടിക്കു ചെയ്യുന്ന ഇത്തരം പുറത്താക്കല്‍നടപടികള്‍ പുനഃപരിശോധിക്കുന്നതിനും അവയെക്കുറിച്ച് അപ്പീല്‍ സമര്‍പ്പിക്കുന്നതിനും പാര്‍ട്ടിനിയമങ്ങള്‍ അനുവദിക്കുന്നുണ്ട്. എങ്കിലും ഞാന്‍ അതൊന്നും ഉപയോഗപ്പെടുത്തിയില്ല. എന്നെ പുറത്താക്കിയ നടപടി സൃഷ്ടിച്ച പൊടിപടലങ്ങള്‍ അടങ്ങാന്‍ ഞാന്‍ ഒരുപാട് ദിവസങ്ങള്‍ കാത്തിരുന്നു. ചരിത്രം എന്റെ പ്രവൃത്തിയെ വിലയിരുത്തുമെന്നും അംഗീകരിക്കുമെന്നും എനിക്കറിയാം. 2008 ആഗസ്ത് 1ന് ഞാന്‍ ഒരു പ്രസ്താവന പുറപ്പെടുവിച്ചു. അതില്‍നിന്നുള്ള ചില ഭാഗങ്ങള്‍ താഴെ ഉദ്ധരിക്കുന്നു:
2008 ജൂലായ് 23 എന്റെ ജീവിതത്തിലെ ഏറ്റവും സങ്കടകരമായ ഒരു ദിവസമാണ്, അന്നാണ് പാര്‍ട്ടിനിലപാടുകളുടെ കാര്യത്തില്‍ ഗുരുതരമായ വിട്ടുവീഴ്ചകള്‍ ചെയ്തതിന്റെ പേരില്‍ സി.പി.ഐ.എമ്മിന്റെ അംഗത്വത്തില്‍നിന്ന് എന്നെ ഒറ്റയടിക്കു പുറത്താക്കിയ വിവരം ഞാന്‍ മാധ്യമങ്ങള്‍വഴി അറിഞ്ഞത്. ഏതാണ്ട് നാല്പതു വര്‍ഷക്കാലം പാര്‍ട്ടിയുമായുണ്ടായിരുന്ന എന്റെ ദീര്‍ഘബന്ധം മുറിച്ചുകളയുന്നു എന്നാണ് പുറത്താക്കലിന്റെ അര്‍ഥം. 1971-ല്‍ പാര്‍ട്ടി പിന്തുണയോടെ ഒരു സ്വതന്ത്രസ്ഥാനാര്‍ഥിയായി ലോകസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട ഉടനെ പാര്‍ട്ടി കെട്ടിപ്പടുത്തവരിലൊരാളും എല്ലാ പാര്‍ട്ടിയംഗങ്ങളുടെയും പ്രചോദനകേന്ദ്രവുമായിരുന്ന പ്രമോദ് ദാസ്ഗുപ്ത എന്നോട് അംഗമാകാന്‍ ആവശ്യപ്പെട്ട ദിവസം ഞാന്‍ ഓര്‍ക്കുന്നു. എനിക്കത് നിരാകരിക്കാന്‍ സാധിക്കുമായിരുന്നില്ല.

ഏതാണ്ട് നാലു പതിറ്റാണ്ടുകാലം പാര്‍ലമെന്റിലുണ്ടായിരുന്നപ്പോള്‍ എന്റെ പ്രവര്‍ത്തനങ്ങള്‍ ശരിക്കും നമ്മുടെ പാര്‍ലമെന്ററി പാരമ്പര്യങ്ങള്‍ക്ക് അനുസൃതമായി ചെയ്തുതീര്‍ക്കുവാന്‍ ഞാന്‍ ആകാവുന്നേടത്തോളം നല്ല രീതിയില്‍ ശ്രമിച്ചിട്ടുണ്ട്. ആ അനുഭവവും പാര്‍ലമെന്റംഗമെന്ന നിലയില്‍ രാജ്യത്തെ സേവിക്കാന്‍ ലഭിച്ച അവസരവും മൂലം.... രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട നിയമനിര്‍മാണസ്ഥാപനത്തിന്റെ പവിത്രതയില്‍ പൂര്‍ണമായും വിട്ടുവീഴ്ച ചെയ്യുന്ന ഒരു നിലപാട് സ്വീകരിക്കാന്‍ എന്റെ മനസ്സാക്ഷിക്കു സാധിച്ചില്ല, സാധിക്കുകയുമില്ല. ഗുണദോഷങ്ങള്‍ വിലയിരുത്തിയ ശേഷം, പാര്‍ട്ടിവിരുദ്ധനെന്ന് അന്യായമായി മുദ്രകുത്തപ്പെടുന്നു എന്ന അപകടം ഏറ്റെടുത്തുകൊണ്ടാണെങ്കില്‍പ്പോലും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുക എന്ന ആദര്‍ശാധിഷ്ഠിതമായ തീരുമാനം ഞാന്‍ ബോധപൂര്‍വം കൈക്കൊണ്ടിരിക്കുകയാണ്.

ഞാന്‍ ഏതെങ്കിലും പാര്‍ട്ടിയെയോ പാര്‍ട്ടികളെയോ സഹായിക്കാനോ മറ്റേതെങ്കിലും വ്യക്തിപരമായ പരിഗണനകളാലോ ആണ് അങ്ങനെ ചെയ്തത് എന്ന് ആരോപിക്കുന്നത് അസംബന്ധമാണ്. ഞാന്‍ അത്തരം അടിസ്ഥാനരഹിതമായ മുഴുവന്‍ ആരോപണങ്ങളെയും ശക്തമായും അസന്ദിഗ്ധമായും നിഷേധിക്കുന്നു.
ഇപ്പോഴത്തെ വിവാദം ഉയര്‍ന്നുവരുന്നതിന് ഏറെക്കാലം മുന്‍േപതന്നെ ഭാവിയില്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കാനും ജീവിതത്തിലെ ശിഷ്ടഭാഗം ജനസേവനത്തിനുവേണ്ടി സമര്‍പ്പിക്കാനുമുള്ള എന്റെ ഉദ്ദേശ്യം ഞാന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍....സ്​പീക്കറായിരിക്കുന്ന കാലത്ത് ഒരംഗത്തിന് പാര്‍ട്ടിയംഗത്വത്തില്‍നിന്ന് താത്കാലികമായി രാജിവെക്കാനും അതുവഴി സ്വന്തം പാര്‍ട്ടിയെ നേരിടേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ സ്​പീക്കര്‍പദവിയില്‍ വിട്ടുവീഴ്ച ചെയ്യുന്ന സാഹചര്യം ഒഴിവാക്കാനും സാധ്യമാവുന്ന തരത്തില്‍ ഒരു കീഴ്‌വഴക്കം തുടങ്ങിവെക്കേണ്ടതാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും വിദേശത്തുനിന്നുമുള്ള ആളുകളുടെ അതിരുകവിഞ്ഞ പിന്തുണയുടെ പേരില്‍ എനിക്കുള്ള ആത്മാര്‍ഥമായ നന്ദിയും കടപ്പാടും പ്രകടിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭരണഘടനാപരമായ പദവിയുടെ അടിസ്ഥാനത്തില്‍ ഞാന്‍ കൈക്കൊണ്ട നിലപാടിനെ പിന്തുണച്ചുകൊണ്ട് അവര്‍ സന്ദേശങ്ങളയച്ചു. അഭൂതപൂര്‍വം എന്ന് ഞാന്‍ മനസ്സിലാക്കിയ ഇത്തരം പ്രതികരണങ്ങള്‍ പാര്‍ലമെന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഗൗരവപൂര്‍വവും ഉത്തരവാദിത്വപൂര്‍ണവുമായ രീതിയില്‍ അതിന്റെ ചുമതലകള്‍ നിറവേറ്റണമെന്നുമുള്ള ജനങ്ങളുടെ ആഗ്രഹത്തിനാണ് ഊന്നല്‍ നല്കുന്നത്. എന്റെ നിലപാടിനോടുള്ള അത്തരം അതിരുകവിഞ്ഞ പ്രതികരണങ്ങളും അഭിനന്ദനങ്ങളും സ്​പീക്കര്‍ എന്ന നിലയില്‍ ഇനിയുള്ള എന്റെ കാലാവധിക്കാലത്ത് എന്റെ കഴിവുകള്‍ക്കനുയോജ്യമായി എത്രയും നല്ല രീതിയില്‍ സ്വന്തം ചുമതലകള്‍ നിറവേറ്റുന്നത് തുടരാനുള്ള കരുത്ത് എനിക്കു നല്കുന്നു.

2009 മെയ് 29 ലെ ലോകസഭാതിരഞ്ഞെടുപ്പില്‍ ഞാന്‍ പേടിക്കുകയും എന്നാല്‍ ഒരിക്കലും ആഗ്രഹിക്കാതിരിക്കുകയും ചെയ്തപോലെ ഇടതുകക്ഷികള്‍ക്ക് പശ്ചിമബംഗാളിലും കേരളത്തിലും ദയനീയമായ തകര്‍ച്ച നേരിട്ടു. അത് സഭയില്‍ മാത്രമല്ല, രാജ്യത്ത് ഒന്നടങ്കം അവരുടെ ശക്തി കുറച്ചു. ഇപ്പോഴത്തെ നേതൃത്വത്തിന്റെ വിനാശകരമായ നയങ്ങളും ലക്ഷ്യംതെറ്റിയ പ്രവൃത്തികളും മൂലം ഇടതുപക്ഷകക്ഷികളും - വിശേഷിച്ചും സി.പി.ഐ(എം) - ഇടതു പുരോഗമനശക്തികളും വളരെയധികം ദുര്‍ബലമായിരിക്കുകയാണ്. രാജ്യത്തെ ഇടതുപക്ഷപ്രസ്ഥാനം ഒന്നടങ്കം ഏതാണ്ട് അപ്രസക്തമാവുകയും പാര്‍ട്ടി കെട്ടിപ്പടുക്കാന്‍ അളവറ്റ ത്യാഗങ്ങള്‍ അര്‍പ്പിച്ച സഖാക്കള്‍ രാഷ്ട്രീയകൊള്ളക്കാരുടെ ഇരകളായിത്തീരുകയും ചെയ്തു. പാര്‍ട്ടിയെ അത്തരമൊരു പതനത്തിലേക്കു നയിച്ച നേതൃത്വം അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും സജീവമായും ഫലപ്രദമായും പ്രവര്‍ത്തിക്കുന്ന പുതിയൊരു നേതൃത്വത്തിനുവേണ്ടി സ്വമേധയാ സ്ഥാനമൊഴിഞ്ഞുകൊണ്ട് സ്വയം തിരുത്തുകയും ചെയ്യുമെന്ന് ഞാന്‍ കരുതിയിരുന്നു. പക്ഷേ, അങ്ങനെയൊന്നുമുണ്ടായില്ല എന്നത് നടുക്കമുളവാക്കുന്നു. താഴേത്തട്ടിലുള്ള സഖാക്കള്‍ക്ക് ആശംസകളും നല്ല സന്ദേശങ്ങളും അറിയിക്കാന്‍ മാത്രമേ എനിക്കു സാധിക്കുകയുള്ളൂ. വൈകാതെതന്നെയോ അല്പം കഴിഞ്ഞോ പാര്‍ട്ടിക്കു ഫലപ്രദമായ ഒരു രാഷ്ട്രീയശക്തി എന്ന നിലയില്‍ പുതുജീവന്‍ നല്കാന്‍ അവര്‍ക്കു സാധിക്കും.

2009 ആഗസ്ത് മാസത്തില്‍ സി.പി.ഐ.(എം) വാരികയായ പീപ്പിള്‍സ് ഡിമോക്രസി എനിക്കെതിരായി ഈ വിഷയത്തെച്ചൊല്ലി നിര്‍ഭാഗ്യകരവും തെറ്റിദ്ധാരണാജനകവുമായ ആരോപണങ്ങള്‍ ഉന്നയിച്ചു. എന്റെ ലക്ഷ്യങ്ങളെ പഴിപറയുന്ന പരാമര്‍ശങ്ങള്‍വഴിയായിരുന്നു ഇത്. അവരുടെ ആരോപണങ്ങള്‍ക്കുള്ള എന്റെ പ്രതികരണം അനുബന്ധം ഢകല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
2008 ജൂലായ് മാസത്തിനും പതിനഞ്ചാംലോകസഭ രൂപീകരിക്കുന്നതിനുമിടയ്ക്കുള്ള കാലത്ത് സ്​പീക്കര്‍ എന്ന നിലയില്‍ എന്റെ ചുമതലകള്‍ നിര്‍വഹിക്കുന്നത് ഞാന്‍ തുടര്‍ന്നു. വര്‍ഷകാലസമ്മേളനം ഒക്‌ടോബര്‍വരെ നീട്ടിക്കൊണ്ടുപോവുകയും ശൈത്യകാലസമ്മേളനത്തോട് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു. ഇത് പതിവിനു വിരുദ്ധമായ ഒരു സാഹചര്യമാണ് സൃഷ്ടിച്ചത്. എന്തെന്നാല്‍ ഗവണ്‍മെന്റ് മറ്റൊരു സഭാതലവിശ്വാസപരിശോധന ഒഴിവാക്കാന്‍ ആഗ്രഹിച്ചിട്ടുണ്ടായിരിക്കാം. ഓരോ സമ്മേളനത്തിലും നിയമമനുസരിച്ച് ഒരു തവണ മാത്രമേ വിശ്വാസവോട്ടു തേടാന്‍ അനുവാദമുള്ളൂ. ഇത് ബജറ്റ് സമ്മേളനംവരെ നീട്ടാന്‍ നീക്കമുണ്ടെന്നു കേട്ടപ്പോള്‍ അത് ഭരണഘടനാപരമായ ആവശ്യങ്ങള്‍ക്കു വിരുദ്ധമായിരിക്കുമെന്ന എന്റെ അഭിപ്രായം ഞാന്‍ പ്രകടിപ്പിച്ചു. ഗവണ്‍മെന്റ് വിസമ്മതത്തോടെയാണെന്നു തോന്നുന്നു, സഭ തത്കാലത്തേക്ക് നിര്‍ത്തിവെച്ചു. 2009-ല്‍ രാഷ്ട്രപതി ഇരുസഭകളുടെയും ആദ്യത്തെ സംയുക്തസമ്മേളനത്തെ അഭിസംബോധന ചെയ്യണമെന്നും ഞാന്‍ നിര്‍ബന്ധിക്കുകയുണ്ടായി. എന്നാല്‍ ഗവണ്‍മെന്റിന് അക്കാര്യത്തില്‍ ഉത്സാഹമില്ലായിരുന്നു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയില്ലെന്നും രാഷ്ട്രീയത്തില്‍നിന്ന് വിരമിക്കുകയാണെന്നും ഞാന്‍ പരസ്യപ്രഖ്യാപനം നടത്തി. എന്നാല്‍ പൊതുജീവിതത്തില്‍നിന്നുള്ള വിരമിക്കല്‍ ആയിരുന്നില്ല അത്. അവസാനശ്വാസംവരെ അതിനോടുള്ള പ്രതിബദ്ധത തുടരും. എന്റെ പ്രായക്കാരായ രാഷ്ട്രീയക്കാര്‍ സ്വന്തം ഭാഗം അഭിനയിച്ചുകഴിഞ്ഞാല്‍, ചെറുപ്പക്കാരും കൂടുതല്‍ ഊര്‍ജസ്വലരുമായ നേതാക്കള്‍ക്കുവേണ്ടി രംഗവേദി വിട്ടുപോകണം എന്നാണ് ഞാന്‍ പ്രത്യാശിക്കുന്നത്.

ഏതാണ്ട് നാലു പതിറ്റാണ്ടുകാലം നീണ്ടുനിന്ന ഈ ദീര്‍ഘയാത്ര രാജ്യത്തെ ഏതാനും നേതാക്കളുടെയും രാഷ്ട്രീയചിന്തകരുടെയും പൊതുപ്രവര്‍ത്തകരുടെയും കൂട്ടത്തില്‍ നിന്നുകൊണ്ട് നമ്മുടെ പാര്‍ലമെന്ററി സ്ഥാപനങ്ങളെക്കുറിച്ച് പഠിക്കാനുള്ള മഹത്തായ അവസരമാണ് എനിക്കു പ്രദാനംചെയ്തത്. വിദ്യാര്‍ഥിയായിരിക്കുമ്പോഴും അഭിഭാഷകവൃത്തിയിലേര്‍പ്പെട്ടപ്പോഴും അത്തരമൊരു ശ്രമത്തിന്റെ ഭാഗമായിത്തീരും എന്ന് ഞാന്‍ ഒരിക്കലും സ്വപ്‌നം കണ്ടിട്ടില്ല. പലപ്പോഴും അത് ആവേശകരമായിരുന്നു, മറ്റു ചില ഘട്ടങ്ങളില്‍ അതൊരു പരീക്ഷണമായിരുന്നു, പലപ്പോഴും അത് നിരാശാജനകവുമായിരുന്നു. എന്നാല്‍ എന്റെ ചുമതലകളും പ്രവൃത്തികളും നിറവേറ്റുക എന്ന പണി ഏറ്റവും നന്നായി പൂര്‍ത്തിയാക്കാനുള്ള അഭിവാഞ്ഛ പ്രദാനംചെയ്യുന്നതിന്റെ അഭാവം ഒരിക്കലും ഉണ്ടായിട്ടില്ല.

ഇതൊരു സുപ്രധാനമായ നാഴികക്കല്ലാണ്. ഇവിടെ നിന്നുകൊണ്ട് ഉപസംഹരിക്കാന്‍ ശ്രമിക്കുകയാണ് ഞാന്‍. ആ സമയത്ത് എനിക്ക് അഗാധമായ സംതൃപ്തിയുണ്ടെന്ന് സമ്മതിച്ചേ മതിയാവുകയുള്ളൂ. നിലനില്ക്കണമെന്ന് ഞാന്‍ ഏറ്റവുമധികം ആഗ്രഹിക്കുന്ന മൂല്യങ്ങളുമായി മുന്നോട്ടു പോകാന്‍ അതിനേക്കാള്‍ കൂടുതല്‍ അഗാധമായ ദൃഢനിശ്ചയവും എനിക്കുണ്ട്. അടുത്ത ഇന്നിങ്‌സ്, അങ്ങനെയാണ് അതിനെ വിളിക്കുന്നതെങ്കില്‍, നല്കുന്ന വാഗ്ദാനം തികച്ചും വ്യത്യസ്തമായിരിക്കും നൈരന്തര്യത്തിന്റെ ചരട് നിലനിര്‍ത്തിക്കൊണ്ടായിരിക്കും ഈ വ്യത്യസ്തത പുലര്‍ത്തുക. ഞാന്‍ അഭിമുഖീകരിച്ച നൈരാശ്യങ്ങള്‍ എനിക്ക് അവയുടേതായ വേറിട്ടുനില്ക്കുന്ന പാഠങ്ങളാണ് പഠിപ്പിച്ചുതന്നിട്ടുള്ളത്. കാര്യങ്ങള്‍ കുറ്റമറ്റ രീതിയില്‍ പൂര്‍ണതയോടെ ചെയ്യുന്ന ആള്‍ എന്ന് ഞാന്‍ എപ്പോഴും അഭിമാനിക്കാറുണ്ട്. എന്റെ എല്ലാ പരിശ്രമങ്ങളിലും അങ്ങനെയൊരാളായി തുടരും എന്നാണെന്റെ പ്രതീക്ഷ. എന്റെ സഹജീവികളുടെ സര്‍വതോമുഖമായ വളര്‍ച്ചയും ക്ഷേമവും ആസന്നഭാവിയില്‍ത്തന്നെ യാഥാര്‍ഥ്യമായിപ്പുലരുമെന്നും ഞാന്‍ പ്രത്യാശിക്കുന്നു. കടുത്ത ശുഭാപ്തിവിശ്വാസത്തോടും ഉറച്ച പ്രതീക്ഷയോടും കൂടി ഞാന്‍ ആ നാളെയെ ഉറ്റുനോക്കുന്നു.

(വിശ്വാസ്യതയുടെ ഓര്‍മക്കുറിപ്പുകള്‍ എന്ന പുസ്തകത്തില്‍ നിന്ന്)

Search This Blog