Monday 4 April 2016

ബര്‍മ്മ – ബുദ്ധഭൂവില്‍ മേല്‍വിലാസമില്ലാതെ ജീവിക്കുന്നവര്‍.


ബര്‍മ്മ – ബുദ്ധഭൂവില്‍ മേല്‍വിലാസമില്ലാതെ ജീവിക്കുന്നവര്‍.

Courtest- Bucker Aboo- Charithraanveshikal
മാര്‍ച്ച്‌ മുപ്പത് 2016. ഈ അക്കങ്ങള്‍ക്ക് മ്യാന്മാര്‍ (ബര്‍മ്മ) ചരിത്രത്തോട് കടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ അമ്പത് വര്‍ഷങ്ങളുടെ മിലിട്ടറി ഭരണത്തില്‍ നിന്ന് Aung San Suu Kyi യുടെ ജനാധിപത്യപാര്‍ട്ടിയിലേക്ക് അധികാര കൈമാറ്റം നടന്ന ദിനമാണിത്. ഒരു രാജ്യം കടന്നുപോയ ജനാധിപത്യ ധ്വംസനത്തിന്‍റെ നീണ്ട കാലയളവില്‍ ഹോമിക്കപ്പെട്ടവരുടെ ചരിത്രത്തില്‍ ബര്‍മ്മീസ് മാത്രമായിരുന്നോ ഉണ്ടായിരുന്നത്? ഒരു ചരിത്രാന്വേഷണം ആരംഭിക്കുകയാണിവിടെ. നെഞ്ചില്‍ കൈവെച്ച് കേള്‍ക്കേണ്ട ചില ചരിത്ര സത്യങ്ങള്‍ അവഗണിക്കാന്‍ വയ്യ.
മ്യാന്മാര്‍; സൌത്ത് ഈസ്റ്റ്‌ ഏഷ്യയിലെ ഏറ്റവും വലിയ രാജ്യം.
1885: നൂറ്റാണ്ടുകളോളമുള്ള ബുദ്ധമതാടിസ്ഥാനത്തിലുള്ള ഭരണങ്ങള്‍ക്ക് അറുതിവരുത്തി ബര്‍മ്മ ബ്രിട്ടന്‍റെ കോളനിയായിത്തീരുന്നു.
1941-45: രണ്ടാംലോക മഹായുദ്ധത്തില്‍ ജപ്പാന്‍റെ ബര്‍മ്മാ അധിനിവേശം.
1948: ബ്രിട്ടനില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യം.
1962: നീണ്ട വര്‍ഷങ്ങളായുള്ള വിവിധവിഭാഗങ്ങളില്‍ നിന്നുള്ള ഉള്പ്പോരില്‍ നിന്ന് ജനറല്‍ നെ വിന്‍സ് ഒരു മിലിട്ടറി അട്ടിമറിയിലൂടെ അധികാരം കയ്യടക്കുന്നു.
1988: 26 വര്‍ഷമായുള്ള സാമ്പത്തിക തകര്‍ച്ചയും രാഷ്ട്രീയപരമായ അടിച്ചമര്‍ത്തലും കാരണം രാജ്യത്തുടനീളമുണ്ടായ പ്രതിഷേധ പൊട്ടിത്തെറിയില്‍ മിലിട്ടറിയുടെ കൈയ്യാല്‍ മൂവ്വായിരത്തോളം പൌരന്മാരുടെ ദാരുണ മരണം
1990: Aung San Suu Kyi യുടെ പാര്‍ട്ടിക്ക് ജനഹിത പരിശോധനയില്‍ വമ്പിച്ച വിജയം. മിലിട്ടറി ഇലെക്ഷന്‍ ഫലം അവഗണിച്ച് കൊണ്ട് Suu Kyi എന്ന ധീര വനിതയെ വീട്ടുതടങ്കലിലാക്കുന്നു. ഈ വീട്ടുതടങ്കല്‍ പിന്നീട് ഇരുപത് വര്‍ഷത്തോളം തുടര്‍ന്നു.
2007: ബുദ്ധസന്യാസികളടക്കമുള്ള പ്രതിഷേധക്കാരെ മിലിട്ടറി നേരിടുകയും നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്യുന്നു.
2010: ഈ വര്ഷം നടന്ന തെരഞ്ഞെടുപ്പിള്‍ മിലിട്ടറി സപ്പോര്‍ട്ടുള്ള USDP വിജയം അവകാശപ്പെടുന്നു. തുടരര്‍ന്നു 2012ലും 2015ലും നടന്ന തെരഞ്ഞെടുപ്പിള്‍ ജനാധിപത്യപാര്‍ട്ടി വിജയം കൈവരിക്കുന്നു.
2016 മാര്‍ച്ച്‌ മുപ്പത് ; മിലിട്ടറി സപ്പോര്‍ട്ടുള്ള ഭരണത്തിനു വിരാമം,
കഴിഞ്ഞ അന്‍പത് വര്‍ഷത്തോളമുള്ള മിലിട്ടറി ഭരണത്തില്‍ ബര്‍മ്മക്കാരെക്കാള്‍ കൂടുതല്‍ അടിച്ചമര്‍ത്തപ്പെട്ടത് ബര്‍മ്മയിലുള്ള ഇന്ത്യന്‍ വംശജരാണ്. 2004 ലെ സിംഗ് വി റിപ്പോര്‍ട്ട് പ്രകാരം ബര്‍മ്മയിലെ നാല് ശതമാനം ജനങ്ങള്‍ ഇന്ത്യന്‍ വംശത്തില്‍പ്പെട്ടവരാണ്. ഇതില്‍ ഇരുപത്തഞ്ച് ലക്ഷം പേര്‍ പീപ്പിള്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്നറിയപ്പെടുന്നവരും, രണ്ടായിരം പേര്‍ ഇന്ത്യന്‍ പൌരത്വം ഉള്ളവരും, നാല് ലക്ഷം പേര്‍ ഇന്നും ഇരു രാജ്യത്തിന്‍റെയും പൌരത്വമില്ലാതെ
‘Stateless” എന്നറിയപ്പെടുന്നവരുടെ കൂട്ടത്തില്‍ ജീവിക്കുന്നവരുമാകുന്നു. ബര്‍മ്മയുടെ സ്വാതന്ത്ര്യത്തിനു ശേഷം നാല് ലക്ഷം ഇന്ത്യന്‍ വംശജര്‍ നല്‍കിയ പൌരത്വ അപേക്ഷയില്‍ പതിനായിരത്തോളം അപേക്ഷകള്‍ സ്വീകരിച്ചു ബാക്കിയൊക്കെ അവര്‍ അന്ന് തള്ളിക്കളഞ്ഞു. നെഹ്‌റുവിന്‍റെ ഓഫീസ് വേണ്ടവിധത്തില്‍ ഇടപെട്ടിട്ടുണ്ടായിരുന്നെങ്കില്‍ ഒരു പക്ഷെ ഇവിടെ ചരിത്രം മറ്റൊന്നായേനെ. പൌരത്വമില്ലാത്ത പരദേശികളെന്ന മുദ്രയോടുകൂടി അവിടെയാരംഭിച്ചു അവരുടെ പീഡനകാലം.
1950 കാലങ്ങളില്‍ തൊഴില്‍ മേഖലയിലെ ബര്‍മ്മീകരണത്തിന്‍റെ ഭാഗമായി ഭൂരിഭാഗം ഇന്ത്യക്കാര്‍ക്കും ജോലി നഷ്ടപ്പെട്ടു. 1960ലെ ബര്‍മ്മാ ക്ഷേമപ്രവര്‍ത്തന പരിപാടിയുടെ അടിസ്ഥാനത്തില്‍ താഴ്ന്ന മേഖലയില്‍ ജോലിചെയ്തിരുന്ന ഇന്ത്യക്കാരും ജോലിയില്‍ നിന്നും പുറന്തള്ളപ്പെട്ടു.
1800 മുതല്‍ ബര്‍മ്മയില്‍ ഉണ്ടായിരുന്ന ഒരു ജനവിഭാഗത്തിന്‍റെ പിന്‍തലമുറക്കാര്‍ നേടിയ സമ്പാദ്യം (സ്ത്രീകളുടെ മംഗല്‍സൂത്രമുള്‍പ്പെടെ) ഇന്ത്യയിലേക്ക് കൊണ്ട് വരുന്നത് പോലും അവിടുത്തെ ഗവര്‍മ്മെണ്ട് തടഞ്ഞു.. തമിള്‍ നാട്ടിലേക്ക് മടങ്ങിയ ഒരു ലക്ഷത്തി നാല്പത്തഞ്ചായിരത്തോളം വരുന്ന ഇന്ത്യക്കാരുടെ വിലപിടിപ്പുള്ള സാധനങ്ങളെല്ലാം പിടിച്ചെടുക്കപ്പെടുകയും അവര്‍ക്ക് ഒരിക്കലും നഷ്ടപരിഹാരം നല്‍കപ്പെടുകയും ഉണ്ടായില്ല.
ഇന്ത്യക്കാരുടെ നിയമപരമായ പദവികള്‍ തച്ചുതകര്‍ക്കപ്പെട്ട ഭരണമായിരുന്നു അറുപതിനുശേഷമുള്ള മിലിട്ടറി ഭരണത്തിലൂടെ വെളിവായത്. തരംതിരിച്ച പരദേശികളായി കണ്ടുകൊണ്ട് വിദ്യാഭാസരംഗം,ജോലി, മതപരമായ സ്വാതന്ത്ര്യം, ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം തുടങ്ങിയ മേഖലയില്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ അടിച്ചേല്‍പിക്കപ്പെട്ടു. ബര്‍മ്മയിലെ മൂന്നും നാലും തലമുറയില്‍ അവിടെത്തന്നെ ജനിച്ച ഇന്ത്യക്കാര്‍ക്കാണ് പൌരത്വം ലഭിക്കാതെപോയത്.
Burmese citizenship law of 1982 പ്രകാരം ‘സ്റ്റേറ്റ്ലെസ്സ്’ ആയി പ്രഖ്യാപിക്കപ്പെട്ട ഇവരെക്കുറിച്ച് ഇന്ത്യയുടെ മുന്‍ മ്യാന്മാര്‍ അംബാസിഡര്‍ ശ്രീ ടി പി ശ്രീനിവാസന്‍ പറഞ്ഞത്”” ഇവര്‍ക്ക് അവര്‍ ജനിച്ച നാട്ടിലും, അവരുടെ പൂര്‍വ്വീകരുടെ നാട്ടിലും ജീവിക്കാന്‍ അവകാശവും സൌകര്യവും ഇല്ലാതെയായിപ്പോവുകയും രണ്ടു ഗവര്‍മ്മെണ്ടും ഇവരുടെ കാര്യത്തില്‍ ഒരു താല്‍പര്യവും കാണിക്കാതെയുമായി നിലകൊള്ളുകയുമാണ്‌” എന്നാണ്. ഏറ്റവും ഒടുവില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ 2014 ലെ ബര്‍മ്മാ സന്ദര്‍ശനവും ഈ പ്രശ്നത്തിനെ കാര്യമായ ഗൌരവത്തോടു കൂടി സമീപിക്കാത്തത് കൊണ്ട് ഒരു ഫലവും കൊണ്ട് വന്നില്ല.
എന്‍റെ യാത്രയുടെ ഭാഗമായി മൂന്നു തവണ ബര്‍മ്മയില്‍ പോയപ്പോള്‍ ഒരു രാജ്യത്തും ജീവിക്കാന്‍ അവകാശമില്ലാത്ത ഈ ഇന്ത്യക്കാരെ നേരിട്ട് കാണാന്‍ ഇടയായി. കപ്പല്‍ റങ്കൂണ്‍ല്‍ എത്തിയാല്‍ ചുരുങ്ങിയത് ഒരു ആഴ്ചയെങ്കിലും നങ്കുരമിടും. ആ സമയം ബോട്ടുകളില്‍ പതിനാലു വയസു മുതല്‍ ഇരുപത്തന്‍ജ് വയസ്സുവരെയുള്ള പെണ്‍കുട്ടികള്‍ കപ്പലില്‍ കടന്നുവരാറുണ്ട്. മിലിട്ടറി ഭരണത്തിനിടയില്‍ ജീവിതത്തിന്‍റെ ചില നേരങ്ങളില്‍ വീട് വിട്ടിറങ്ങുന്നവരാണിവര്‍.
അവരുടെ പരിചയം വെച്ച് കൊണ്ട് ഉണ്ടായ ഒരനുഭവം 2014ല്‍ എഴുതിയ ഒരു യാത്രാവിവരണത്തില്‍ നിന്നും എടുത്ത് ഇവിടെ ചേര്‍ക്കയാണ്. നമ്മുടെ തൊട്ടയലത്ത് നമ്മുടെ കണ്ണില്‍പ്പെടാതെ പോവുന്ന ഒരു ചരിത്രമുണ്ട്, അതിങ്ങനെയാണ്.
കപ്പലിലെ പെണ്‍കുട്ടികളില്‍ കണ്കൈസു, റ്റുറ്റുക്കായ്, ടിന്‍ടിന്‍വിന്‍ ഒക്കെ ഞങ്ങളോട് നിങ്ങള്‍ പുറത്തിറങ്ങിയാല്‍ ഇന്ത്യക്കാര്‍ താമസിക്കുന്ന സ്ഥലത്ത് വരണമെന്ന് പറഞ്ഞിരുന്നു.
ഇന്ത്യക്കാരെ എന്ത് കാണാനാ എന്ന് ചോദിച്ചപ്പോള്‍ നിങ്ങള്‍ക്ക് അവരെ കാണേണ്ടായിരിക്കും, പക്ഷെ അവര്‍ക്ക് നിങ്ങളെ കണ്ടാല്‍ വലിയ സന്തോഷമാവും എന്ന് റ്റുറ്റുക്കായ് പറഞ്ഞു.
ഒടുവില്‍ റ്റുറ്റുക്കായിയും കൂട്ടി ഞങ്ങള്‍ അവരെ കാണാന്‍ യാത്രയായി. റങ്കൂണ്‍ നഗരത്തില്‍ നിന്നും ഒരു മണിക്കൂറോളം യാത്ര ചെയ്തിട്ടാണ് ഒരു ദരിദ്ര ഗ്രാമത്തില്‍ ഞങ്ങള്‍ എത്തിചേര്‍ന്നത്‌. പേടിപ്പെടുത്തുന്ന ഒരു ചതുപ് പ്രദേശം. മിലിട്ടറി ജൂണ്ടകള്‍ അടിച്ചോടിച്ച ഇന്ത്യന്‍ വംശജര്‍ താമസിക്കുന്ന ഒരു അഭയാര്‍ഥി മേഖല. ഒരു ചെറിയ മിന്നി വെളിച്ചം ഉള്ള വീട്ടിലേക്ക് റ്റുറ്റുക്കായ് ഞങ്ങളെ വിളിച്ചു കേറ്റി. ചതുപ്പില്‍ നമ്മുടെ ഒരു സാധാരണക്കാരന്‍റെ വീട്ടു കോലായി വലുപ്പത്തില്‍ മരത്തൂണുകളില്‍ കെട്ടി ഉയര്‍ത്തിയ ഒരു കൂര. ഞാന്‍
കൂടെയുള്ള കപ്പലിലെ മറ്റൊരു ഓഫീസിറായ ഗുലാം പീരയുടെ
മുഖത്തേക്ക് നോക്കി.. എന്താണിത്?
പുറത്തേക്കിറങ്ങി വന്നത് ഹിദേശ് കുമാര്‍ എന്ന ഒരു ഇന്ത്യന്‍
മുഖം. പിന്നെ അയാളുടെ ഭാര്യ കലാവതി. അവരെക്കണ്ടാപ്പോള്‍ നല്ല ഭക്ഷണം കഴിച്ചിട്ടും, നല്ല വസ്ത്രം ധരിച്ചിട്ടും, വൃത്തിയായിട്ടും യുഗങ്ങളായെന്നു തോന്നി. പിറകെ പട്ടിണിക്കൊലങ്ങളായി അവരുടെ രണ്ടു മക്കള്‍.
1940 കാലങ്ങളില്‍ ഇന്ത്യയില്‍ നിന്ന് ബര്‍മ്മയില്‍ എത്തിയ ഒരു കുടുംബത്തിന്‍റെ ജീവിക്കുന്ന അടയാളങ്ങള്‍. ഒരിക്കലും ഇന്ത്യ കണ്ടിട്ടില്ലാത്തവര്‍. അച്ഛനും അമ്മയും മരിക്കുന്നതിനു മുന്‍പ് ഒരിക്കലെങ്കിലും നിങ്ങള്‍ ഇന്ത്യ കാണണമെന്നു പറഞ്ഞു ഒസിയത്തു ബാക്കിയാക്കി മണ്മറഞ്ഞു പോയതാണ്. പിന്നെയാണ് ഞാന്‍ ശ്രദ്ധിച്ചത്. ചുവരില്‍ തൂങ്ങിക്കിടക്കുന്ന ചിത്രങ്ങള്‍.
സുഭാഷ് ചന്ദ്രബോസ്, മഹാത്മജി, പിന്നെ ഇന്ത്യന്‍ പതാകയും.
ഞാന്‍ അതങ്ങിനെ നോക്കി നിന്നപ്പോള്‍ ഒരമൂല്യ സമ്പത്ത്
കാണുന്നത് പോലെ ആ കുട്ടികള്‍ അതിലേക്ക് കണ്ണും നട്ടിരുന്നു.
ദയനീയമായ മുഖത്ത് തിളങ്ങുന്ന കണ്ണുകള്‍ ഞാനന്ന് ആദ്യമായി
കാണുകയായിരുന്നു. ബര്‍മ്മയുടെ ദരിദ്ര ഗ്രാമത്തില്‍ ഇന്ത്യ
നെഞ്ചു വിരിച്ചിരിക്കുന്നത് കണ്ടപ്പോള്‍ ഹിദേശിനെയും കുടുംബത്തെയും മനസ്സില്‍ ഒരായിരം വട്ടം സല്ല്യുട്ടടിച്ചു.
ഓരോ ഭാരതീയനും എരിഞ്ഞടങ്ങുന്ന ഈ ആറടിമണ്ണ് കലാവതിയും കുടുംബവും ഈ ജന്മത്തില്‍ ഒരിക്കലും കണ്ടെന്നു വരില്ല.
പക്ഷെ അവരുടെ പ്രത്യാശയാര്‍ന്ന കണ്ണുകളില്‍ ഒരു ബില്ല്യന്‍ ജനതയെയും അവരുടെ ഭാരതത്തെയും ഞാന്‍ സങ്കടത്തോടെ നോക്കിക്കണ്ടു. രാത്രി വല്ലാതെ ഇരുണ്ട്, മടക്കയാത്ര ദുസ്സഹമാവും എന്നായപ്പോള്‍ ഞങ്ങള്‍ ഇറങ്ങി. ഒരിക്കല്‍ കൂടി തിരിഞ്ഞ് നോക്കിയില്ല. കപ്പലില്‍ തിരികെ കയറുമ്പോള്‍ ഗുലാം പീര
കൈകളില്‍ അമര്‍ത്തിപ്പിടിച്ചു കൊണ്ട് ചോദിച്ചു” ബക്കര്‍ ഭായ്.
നമ്മള്‍ ഹിന്ദുസ്ഥാനില്‍ ജീവിക്കുന്നവരാ,, നമ്മുടെ മനസ്സില്‍ എന്നെങ്കിലും ഹിന്ദുസ്ഥാന്‍ ജീവിച്ചിരുന്നോ?’’
പിന്നീട് മൂന്ന്‍ തവണ ബര്‍മ്മയില്‍ പോയെങ്കിലും ആ കുടുംബത്തെ അഭിമുഖീകരിക്കാനുള്ള മനോധൈര്യം എനിക്ക് ഉണ്ടായില്ല.
ഹൃദയത്തില്‍ ആര്‍ത്തിരമ്പുന്ന വേദനയുടെ കടല്‍ ഏറ്റുവാങ്ങാനും, എന്‍റെ ജന്മത്തെ ശപിക്കാനും ഇനിയും എന്നെക്കൊണ്ട് വയ്യ. ചില യാത്രകള്‍ ഇങ്ങിനെയാണ്‌.
അല്ലെങ്കിലും നെഞ്ച് വിരിച്ചിരിക്കുന്ന ഒരിന്ത്യയയെ കാണാന്‍
ഞാന്‍ എന്തിനു ബര്‍മ്മയിലെ ദരിദ്ര ഗ്രാമത്തില്‍ പിന്നെയും പോകണം?
ഇന്ന് ബുദ്ധഭൂവില്‍ ചരിത്രം ഗതിമാറുകയാണ്. പുതിയ ഭരണസാരഥിയായി കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ കൂടുതല്‍ പടപൊരുതിയ Aung San Suu Kyi
വിജയശ്രീലാളിതയായി രംഗത്തെത്തിയിരിക്കുന്നു. ഇനി ഇന്ത്യന്‍ വംശജരുടെ ഭാവി എന്താകണം എന്ന് ഇന്ത്യക്കും ഒരാശങ്ക ഉണ്ടാകണം. അല്ലെങ്കില്‍ കലാവതിമാരുടെ ചരിത്രം തുടര്‍ന്നു കൊണ്ടേയിരിക്കും.

Search This Blog