Saturday, 4 February 2012

ലിബിയന്‍ അധിനിവേശത്തിന് പുതിയ പാശ്ചാത്യതന്ത്രം

മാധ്യമങ്ങള്‍ നിറംകലര്‍ത്തി നല്‍കിയ, പരിശോധിച്ച് സത്യാവസ്ഥ സ്ഥിരീകരിക്കാത്ത ഏതാനും റിപ്പോര്‍ട്ടുകള്‍ മുഖവിലക്കെടുത്ത് പാശ്ചാത്യശക്തികള്‍ ലിബിയക്കുനേരെ നടത്തുന്ന സൈനികാക്രമണത്തെ മാലോകര്‍ ചുമ്മാ കണ്ടുനില്‍ക്കുന്നു. സൈനിക നടപടി നിര്‍ത്തിവെക്കണമെന്ന യു.എന്‍ പ്രമേയത്തിലെ ആഹ്വാനം മാനിച്ച് ലിബിയന്‍ അധികൃതര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിന്റെ തൊട്ടുപിറകെയായിരുന്നു അവസരം പാര്‍ത്തിരുന്ന പാശ്ചാത്യസഖ്യത്തിന്റെ യുദ്ധവിമാനങ്ങള്‍ ഖദ്ദാഫിയുടെ രാജ്യത്ത് അഗ്‌നി വര്‍ഷിച്ചത് എന്നതാണ് മറ്റൊരു വിരോധാഭാസം. അന്യ രാജ്യങ്ങളുടെ പരമാധികാരത്തെ ഒട്ടും മാനിക്കാതിരിക്കല്‍ എന്ന ബുഷ്-ചെനി കൂട്ടുകെട്ടിന്റെ 'സീറോ സോവര്‍നിറ്റി' സിദ്ധാന്തത്തിന്റെ ഏറ്റവും പുതിയ പ്രാവര്‍ത്തികരൂപത്തിനാണ് നാം സാക്ഷികളായത്. ഇത്തവണ ആക്രമണത്തിന്റെ അമരക്കാരായി അമേരിക്കന്‍ അധികൃതര്‍ക്ക് പകരം അവരുടെ ശിങ്കിടികളായ ഫ്രാന്‍സും ബ്രിട്ടനുമാണ് രംഗത്ത് പ്രത്യക്ഷപ്പെട്ടത്. ഇന്ത്യ, ചൈന, റഷ്യ, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങള്‍ ലിബിയക്കെതിരായ വ്യോമാക്രമണത്തിന്റെ നിരര്‍ഥകത ചൂണ്ടിക്കാട്ടുകയുണ്ടായി. വ്യോമനിരോധിതമേഖല നടപ്പാക്കുന്നതും ഫലപ്രദമല്ല എന്ന വിമര്‍ശവും അവര്‍ ഉന്നയിക്കുകയുണ്ടായി. പക്ഷേ, അത്തരം വിയോജിപ്പുകള്‍ ആര്‍ ചെവിക്കൊള്ളാന്‍? മാധ്യമങ്ങള്‍ പക്ഷപാതമായാണ് ലിബിയന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവിടുന്നത്. ബ്രസീലിയന്‍ വിദേശകാര്യമന്ത്രി ചൂണ്ടിക്കാട്ടിയത് പരമാര്‍ഥമായിരുന്നു. ഖദ്ദാഫി വിരുദ്ധരെ മാത്രം തിരഞ്ഞുപിടിച്ച് ഇന്റര്‍വ്യൂ പുറത്തുവിട്ട മാധ്യമങ്ങള്‍ വൈദേശിക ആക്രമണത്തിനുള്ള അന്തരീക്ഷം സൃഷ്ടിച്ചെടുക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയുണ്ടായി. ശനിയാഴ്ചത്തെ ബി.ബി.സിയുടെ റിപ്പോര്‍ട്ട് നോക്കുക: 'വെടിനിര്‍ത്തല്‍ ലംഘിച്ച ഔദ്യോഗിക യുദ്ധവിമാനം പ്രക്ഷോഭകര്‍ വെടിവെച്ചുവീഴ്ത്തി'. സ്വന്തം വിമാനത്തെ പ്രക്ഷോഭകര്‍ വീഴ്ത്തി എന്നതായിരുന്നു യഥാര്‍ഥ സംഭവം. ശരിയായ വാര്‍ത്ത ഒരുദിവസം കഴിഞ്ഞാണ് ബി.ബി.സിയില്‍ പ്രത്യക്ഷപ്പെട്ടത്. അപ്പോഴേക്കും ആക്രമണതീരുമാനം കൈക്കൊള്ളാന്‍ പടിഞ്ഞാറന്‍ സഖ്യത്തിന് വേണ്ടത്ര സമയവും ന്യായങ്ങളും ലഭിച്ചിരുന്നു. ഇറാഖ് അധിനിവേശത്തിന്റെ ആവര്‍ത്തനം തന്നെ ലിബിയന്‍ ആക്രമണവും. ഇല്ലാത്ത കൂട്ടസംഹാരായുധം തേടിയായിരുന്നു ഇറാഖിനുനേരെയുള്ള അധിനിവേശം. ലിബിയയിലാകട്ടെ 'സംഭവിച്ചിട്ടില്ലാത്ത വെടിനിര്‍ത്തല്‍ ലംഘനം' ആണ് ആക്രമണന്യായം!
'ബ്രിക്' രാജ്യങ്ങളുടെ വിമര്‍ശം നിരാകരിച്ച് പാശ്ചാത്യസഖ്യം നടത്തിയ ആക്രമണത്തിന് പിന്തുണ നല്‍കുകവഴി അറബ് ലീഗും സ്വന്തം വിശ്വാസ്യത കളഞ്ഞുകുളിച്ചിരിക്കുന്നു. ലിബിയന്‍ അധിനിവേശത്തിന് ചില അറബ് രാജ്യങ്ങള്‍ പിന്തുണ നല്‍കിയത് വിചിത്രമാണ്. അറബ് ആത്മാഭിമാനത്തെ പിന്നില്‍നിന്ന് കുത്തിയിരിക്കുകയാണവര്‍. അല്ലെങ്കിലും സഖ്യരാജ്യമായ യു.എസിനെ പ്രീതിപ്പെടുത്തുക ഈ രാജ്യങ്ങളുടെ സ്വഭാവസവിശേഷതയാണ്. എങ്കിലേ സ്വന്തം മണ്ണില്‍ സ്വന്തം നില ഭദ്രമാകൂ എന്ന് അവര്‍ കണക്കുകൂട്ടുന്നു
.
അതേസമയം, തന്റെ അനുയായികളെ ഖദ്ദാഫി നിരാശപ്പെടുത്തുന്നില്ല. അദ്ദേഹം ജനങ്ങളോടൊപ്പം ഉറച്ചുനില്‍ക്കുന്നു. ബിന്‍ അലി പ്രാണനും കൊണ്ടോടിയതുപോലെ രാജ്യം വിടുന്നതുകൊണ്ട് സംഘര്‍ഷങ്ങള്‍ അവസാനിക്കില്ല എന്ന് ഖദ്ദാഫിക്ക് ബോധ്യമുണ്ട്. ഖദ്ദാഫിയെ ജനവിരുദ്ധനും അക്രമിയും മാത്രമായി ചിത്രീകരിക്കുന്നതിന് പിന്നില്‍ പാശ്ചാത്യമാധ്യമങ്ങളാണ് പങ്കുവഹിക്കുന്നത്. പ്രക്ഷോഭകര്‍ക്ക് ആയുധങ്ങള്‍ ഉപയോഗിക്കാം, അവരെ നേരിടുന്നതിന് ഖദ്ദാഫിയുടെ സൈനികര്‍ക്ക് ആയുധങ്ങള്‍ പ്രയോഗിക്കാന്‍ പാടില്ലെന്ന ന്യായം പറഞ്ഞ് പാശ്ചാത്യമാധ്യമങ്ങള്‍ സ്വന്തം കാപട്യം ഇതിനകം വിളംബരം ചെയ്യുകയുണ്ടായി. 'കിറുക്കന്‍', 'ഭ്രാന്തന്‍' തുടങ്ങിയ മുദ്രകള്‍ ഖദ്ദാഫിക്ക് ചാര്‍ത്തി നല്‍കിയും പാശ്ചാത്യമാധ്യമങ്ങള്‍ മുമ്പേ സായുജ്യം കണ്ടെത്തിയിരുന്നു. ബിന്‍ അലിയുടെയും മുബാറകിന്റെയും ചുവടുപിടിച്ച് ഖദ്ദാഫി അധികാരമൊഴിഞ്ഞു, പലായനംചെയ്തു തുടങ്ങിയ വ്യാജവാര്‍ത്തകളും ഇതിനകം പ്രചരിപ്പിക്കപ്പെട്ടു. പ്രസ്തുത സന്ദര്‍ഭത്തില്‍ തകര്‍ന്ന ഒരു കെട്ടിടത്തിന് മുമ്പാകെനിന്ന് സ്വന്തം ജനതയെ ധീരനായി അഭിസംബോധന ചെയ്യുകയായിരുന്നു ലിബിയന്‍ നേതാവ്. പക്ഷേ, ആ സംഭവവും അടുത്തദിവസം മാധ്യമങ്ങളാല്‍ വക്രീകരിക്കപ്പെട്ടു. ഇടിഞ്ഞുവീഴാറായ കെട്ടിടത്തിന് മുന്നില്‍ തങ്ങുക ഭ്രാന്തന്മാരല്ലാതെ മറ്റാര് എന്ന നിലയിലായിരുന്നു ഖദ്ദാഫിയുടെ പ്രഭാഷണത്തെ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ അവതരിപ്പിച്ചത്. യഥാര്‍ഥത്തില്‍ ഖദ്ദാഫിയുടെ വസതിയായിരുന്നു ഭാഗികമായി തകര്‍ന്ന ആ മന്ദിരം. ഖദ്ദാഫിയെ ഉന്മൂലനം ചെയ്യാന്‍ 80കളില്‍ അമേരിക്കന്‍ വ്യോമസേന നടത്തിയ ആക്രമണത്തിലാണ് ആ കെട്ടിടം ക്ഷയോന്മുഖമായത്. അതേ കെട്ടിടത്തെ വേദിയായി തെരഞ്ഞെടുത്തുകൊണ്ട് ബുദ്ധിമാനായ ഖദ്ദാഫി ചില സന്ദേശങ്ങള്‍ നല്‍കുകയായിരുന്നു. തന്നെ അത്രവേഗം തകര്‍ക്കാമെന്നത് വ്യാമോഹം മാത്രം, ഇപ്പോഴത്തെ ആക്രമണപദ്ധതിക്ക് പിന്നിലെ യഥാര്‍ഥ ശക്തി പഴയ അമേരിക്കതന്നെ തുടങ്ങിയ ഓര്‍മപ്പെടുത്തലുകള്‍ക്കുവേണ്ടിയാണ് ഖദ്ദാഫി തന്റെ പഴയ വസതിക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. പടിഞ്ഞാറന്‍ സഖ്യരാജ്യങ്ങള്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിക്കുന്നതിന് മുമ്പേ അല്‍ബരീഖ ഉള്‍പ്പെടെ പ്രധാന എണ്ണശേഖരങ്ങളുടെ നിയന്ത്രണം ഖദ്ദാഫിയുടെ സൈന്യം വീണ്ടെടുത്തിരുന്നു. അതിനാല്‍, വ്യോമനിരോധിതമേഖലാ പ്രഖ്യാപനം ഖദ്ദാഫിയെ തെല്ലും അലോസരപ്പെടുത്തിയിരുന്നില്ല. ഇനി ഏതെങ്കിലും എണ്ണപ്പാടം വിമതവിഭാഗം പിടിച്ചെടുത്താല്‍ അവ സാവകാശം വീണ്ടെടുക്കാനുള്ള ക്ഷമയും സന്നാഹവും ഖദ്ദാഫിക്കുണ്ട്. അതിനാല്‍, ഖദ്ദാഫി പക്ഷത്തിന് വ്യോമനിരോധിതമേഖല ലംഘിക്കേണ്ട പ്രശ്‌നമേ ഉദിക്കുന്നില്ല. അതുവഴി അന്യദേശങ്ങളില്‍ നിറയൊഴിക്കുന്നതില്‍ സായുജ്യം കണ്ടെത്തുന്ന പാശ്ചാത്യശക്തികള്‍ക്ക് അവസരം നല്‍കാനും ഖദ്ദാഫിപക്ഷം ആഗ്രഹിച്ചിരുന്നില്ല.
യു.എന്നിനെ മറയാക്കി പാശ്ചാത്യര്‍ വ്യോമനിരോധിതമേഖല പ്രഖ്യാപിച്ച ഉടന്‍ ഖദ്ദാഫി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയുണ്ടായി. വളരെ ആത്മാര്‍ഥമായ നടപടി ആയിരുന്നു ഖദ്ദാഫിയുടെ പ്രഖ്യാപനം. നിഷ്പക്ഷരായ അന്താരാഷ്ട്ര നിരീക്ഷകരെ മേഖല നിരീക്ഷിക്കാന്‍ നിയോഗിക്കുന്നതിനോട് അദ്ദേഹം എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുമില്ല. പക്ഷേ, സൂത്രശാലിയായ അമേരിക്ക ഇവിടെ പുതിയ അടവുകളാണ് സ്വീകരിച്ചത്. പ്രക്ഷോഭകരുടെ നിയന്ത്രണത്തില്‍നിന്ന് മോചിപ്പിച്ച പ്രദേശങ്ങളില്‍നിന്ന് ഔദ്യോഗികസേന പിന്മാറണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു. ആത്മാഭിമാനമുള്ള ഒരു നേതാവിനും അംഗീകരിക്കാന്‍ സാധ്യമല്ലാത്ത നിര്‍ദേശമായിരുന്നു അത്.
ഒരുപക്ഷേ, ഖദ്ദാഫി ഇനി അറബ്കാര്‍ഡ് ഇറക്കിയാകും യു.എസ് നീക്കത്തെ നേരിടുക. രണ്ടുവര്‍ഷം മുമ്പ് ഗസ്സയില്‍ ഇസ്രായേല്‍ നിഷ്ഠുരമായ ആക്രമണം നടത്തിയിട്ടും അവിടെ 'വ്യോമനിരോധമേഖല'ഏര്‍പ്പെടുത്തുന്നത് ചര്‍ച്ചചെയ്യാന്‍ പോലും തയാറാകാത്ത അമേരിക്കയുടെ ഇരട്ടത്താപ്പ് ഖദ്ദാഫി തുറന്നുകാട്ടും. അതുവഴി അറബ് ജനതയുടെ അനുഭാവം നേടാനാകും ഖദ്ദാഫിക്ക്. അറബ് ജനതയുടെ രോഷത്തെ അമേരിക്ക ഭയപ്പാടോടെയാണ് വീക്ഷിക്കുന്നത്. കാരണം, അറബ്ജനതയുടെ രോഷം അവിടങ്ങളിലെ യു.എസ് അനുകൂല ഭരണകൂടങ്ങളോടായി മാറുന്നത് ഈ ഘട്ടത്തില്‍ യു.എസിന് ഗുണകരമല്ല. അതിനാല്‍, ലിബിയക്കെതിരെ അറബ് ലീഗിനെയും മറ്റും അണിനിരത്തുന്ന തന്ത്രം അവലംബിച്ചാണ് യു.എസിന്റെ ചുവടുവെപ്പുകള്‍. ലിബിയന്‍ എപ്പിസോഡ് പ്രതീക്ഷക്കൊത്തവിധം പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ പിന്നെ അടുത്ത അറബ് ഭരണകൂടത്തിനുനേരെ നീങ്ങാം.
സൂക്ഷ്മമായ കണക്കുകൂട്ടലുകളോടെയാണ് യു.എസ് നീക്കം. മുറവിളികളോ പ്രതിഷേധങ്ങളോ യു.എസ് തീരുമാനങ്ങളില്‍ മാറ്റമുണ്ടാക്കില്ല. ഖദ്ദാഫിയുടെ കഥതീര്‍ന്നാല്‍ കശാപ്പിന് ഊഴം കാത്തിരിക്കുന്ന മാടുകളുടെ സ്ഥിതിയാകും മേഖലയിലെ ഇതര ഭരണകര്‍ത്താക്കളുടേത്. എന്നാല്‍, ഇത്തരം നടപടികള്‍ അറബ് പ്രദേശങ്ങളില്‍ ജനാധിപത്യ വ്യവസ്ഥ സ്ഥാപിക്കാന്‍ വഴിയൊരുക്കുമെന്നൊരു വാദം ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, ഈ വിധം അടിച്ചേല്‍പിക്കുന്ന ജനാധിപത്യം വിജയം വരിക്കുമോ? ജനാധിപത്യവുമായി ബന്ധപ്പെട്ട നിരവധി സ്ഥാപനങ്ങളുടേയും സംവിധാനങ്ങളുടേയും അഭാവത്തില്‍ അവയുടെ ഫലപ്രാപ്തി ഗണ്യമായി താഴ്ന്നുപോകും. അരാജകത്വവും പരിശീലനരാഹിത്യവും മിലിട്ടന്‍സിയും ചേര്‍ന്ന് ഈ രാജ്യങ്ങളില്‍ പുതിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ആശങ്കയും ശക്തമാണ്.
ചുരുക്കത്തില്‍ അമേരിക്കയുടെ ആ മഹനീയ ആസൂത്രണങ്ങളും പുകള്‍പെറ്റ തന്ത്രങ്ങളും വൃഥാവിലാകുന്ന ചരിത്രമുഹൂര്‍ത്തത്തിന് ദീര്‍ഘ
മായ കാത്തിരിപ്പുകള്‍ വേണ്ടിവരില്ല.

No comments:

Post a Comment

Search This Blog