Wednesday, 27 January 2016

ഇന്ത്യന്‍ ഭരണഘടന


ഇന്ത്യന്‍ ഭരണഘടന
Sachin Ks; Charithraanveshikal
ഭാഷയിലും ജാതിയിലും മതത്തിലും വര്‍ഗത്തിലും എന്തിനധികം, കഴിക്കുന്ന അന്നത്തില്‍ പോലും വ്യത്യസ്തരായ നൂറ്റി ഇരുപതു കോടി ജനങ്ങളെ ഒരു കൊടിക്കീഴില്‍, ഒരു ഭരണത്തിന്‍ കീഴില്‍ നിലനിര്‍ത്തുക. കഴിഞ്ഞ അറുപത്തി ആറു വര്‍ഷത്തോളം ഈ സുപ്രധാന കര്‍ത്തവ്യം നിറവേറ്റി പോരുന്ന മഹത് ഗ്രന്ഥം ആണ് ഇന്ത്യന്‍ ഭരണഘടന. ആ ഭരണ രേഖ പ്രാബല്യത്തില്‍ വന്നതിന്റെ അറുപത്തി ആറാം വാര്‍ഷികം (അറുപത്തി ഏഴാമത് റിപ്പബ്ലിക് ഡേയ്) ആണ് ഇന്ന് രാജ്യമെമ്പാടും ആഘോഷിക്കപ്പെടുന്നത്.
ഭരണ ഘടനാ നിര്‍മാണ സഭ
************************************
സ്വാതന്ത്ര്യ ഭാരതത്തിന്റെ ഭരണ ഘടന നിര്‍മിക്കേണ്ടത് തിരഞ്ഞെടുപ്പെട്ട ജനപ്രധിനിധികളും നിയമ വിദഗ്ദ്ധന്മാരും അടങ്ങുന്ന ഒരു ഭരണ ഘടനാ നിര്‍മാണ സഭ ആയിരിക്കണം എന്ന ആശയം ആദ്യമായി മുന്നോട്ടു വച്ചത് കമ്മ്യുണിസ്റ്റ് നേതാവായിരുന്ന M.N റോയ് ആയിരുന്നു. രണ്ടാംലോക മഹായുദ്ധാനന്തരം അധികാര കൈമാറ്റം നടത്താം എന്ന്‍ സമ്മതിച്ച ബ്രിട്ടിഷ് സര്‍ക്കാരും ഈ ആശയത്തെ പിന്തുണച്ചു. തുടര്‍ന്ന് യുദ്ധാനന്തരം ഇന്ത്യയില്‍ എത്തിയ ക്യാബിനറ്റ് മിഷന്‍ സഭയുടെ നിര്‍മാണത്തിനായി ഇലക്ഷന്‍ നടത്താന്‍ ശുപാര്‍ശ ചെയ്യുകയും അതിന്‍പ്രകാരം രാജ്യമെമ്പാടും തിരഞ്ഞെടുപ്പ് നടത്തി സഭ രൂപികരിക്കുകയും ചെയ്തു. ഇന്നത്തെ പാക്-ബംഗ്ലാദേശ് പ്രദേശങ്ങളിലെ അംഗങ്ങള്‍ ഉള്‍പ്പെടെ 389 പേരടങ്ങിയ ഈ സഭ 1946 ഡിസംബര്‍ 9 നു ആദ്യമായി സമ്മേളിച്ചു കൊണ്ട് ഭരണ ഘടന നിര്‍മാണ പ്രക്രിയക്ക് തുടക്കം കുറിച്ചു. തുടര്‍ന്ന് 13 നു നെഹ്രു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചു. ഭരണ ഘടനയുടെ അടിസ്ഥാന തത്വങ്ങള്‍ എങ്ങനെ ആയിരിക്കണം എന്ന് ഉള്‍ക്കൊള്ളുന്നതായിരുന്നു ഇത്. പില്‍ക്കാലത്ത് ഭരണഘടന യുടെ ആമുഖം ആയി തീര്‍ന്നത് ഈ പ്രമേയം ആയിരുന്നു. വിഭജനത്തിനു ശേഷം സഭയിലെ അംഗങ്ങളുടെ എണ്ണം 299 ആയി ചുരുങ്ങി.
കമ്മറ്റികള്‍
***************
ഭരണഘടയുടെ ഓരോ ദൗത്യങ്ങളും അതാത് മേഖലയിലെ പ്രഗല്‍ഭര്‍ ഉള്‍ക്കൊള്ളുന്ന ഓരോ കമ്മറ്റികള്‍ക്ക് ആയി വീതിച്ചു നല്‍കിയ സഭയില്‍ ഇങ്ങനെ മൊത്തം 22 കമ്മറ്റികള്‍ ഉണ്ടായിരുന്നു. ഇതില്‍ സുപ്രധാന കമ്മറ്റി ആയ ഡ്രാഫ്റ്റിംഗ് കമ്മറ്റിയുടെ ചെയര്‍മാന്‍ ആയിരുന്നു ഡോ. അംബേദ്‌കര്‍. അദ്ദേഹം ഉള്‍പ്പെടെ ഏഴു അംഗങ്ങള്‍ ആയിരുന്നു ഇതില്‍ ഉണ്ടായിരുന്നത്. ഇവര്‍ നിര്‍മിച്ച ഭരണഘടനയുടെ കരടു രൂപരേഖ 1948 ഫെബ്രുവരിയില്‍ സഭ മുന്‍പാകെ അവതരിപ്പിക്കുകയും പിന്നീട് ഏറെ ചര്‍ച്ചകള്‍ക്കും മാറ്റങ്ങള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഭരണഘടനയുടെ സമ്പൂര്‍ണ രൂപം 1949 നവംബര്‍ 26 നു ഭരണഘടനാ നിര്‍മാണ സഭ അന്ഗീകരിക്കുകയും ചെയ്തു. ഇതിനോടകം തന്നെ ഏകദേശം മൂന്നു വര്‍ഷത്തോളം പിന്നിട്ടിരുന്നു ഭരണഘടനയുടെ നിര്‍മാണ പ്രക്രിയ. ഭരണഘടനയുടെ ഒറിജിനല്‍ കയ്യെഴുത്തു പ്രതിയില്‍ ചിത്ര പണികള്‍ കൊണ്ട് അലങ്കരിച്ചത് പ്രശശ്ത ചിത്രകാരന്‍ ആയിരുന്ന നന്ദലാല്‍ ബോസ് ആയിരുന്നു
ജനുവരി 26 ന്റെ പ്രസക്തി
*******************************
ഭരണഘടനയുടെ നിര്‍മാണം നവംബര്‍ ഇരുപത്തി ആറിനു തന്നെ പൂര്‍ത്തിയായി എങ്കിലും ഇത് പ്രാബല്യത്തില്‍ വന്നത് ജനുവരി 26 നു ആണെന്ന് കാണാം. ഇത് മനപൂര്‍വം തിരഞ്ഞെടുത്ത ഒരു തിയതി ആണ്. 1930 ജനുവരി ഇരുപത്തി ആറിനു ആയിരുന്നു, ലാഹോറിലെ കോണ്ഗ്രസ് സമ്മേളനത്തില്‍ വച്ച് പ്രഖ്യാപ്പിക്കപ്പെട്ട (1929 december 31) പൂര്‍ണ സ്വരാജ് എന്ന ആശയത്തിന്റെ ഔദ്യോഗിക രേഖ പുറത്തു വന്നത്. അന്ന് മുതല്‍ സ്വാതന്ത്ര്യ ലബ്ദി വരെ ഈ ദിനം ആണ് സ്വാതന്ത്ര്യ ദിനം ആയി കോണ്ഗ്രസ് രാജ്യം എങ്ങും ആചരിച്ചിരുന്നത്‌. ഇതിന്റെ ഓര്‍മയ്ക്ക് വേണ്ടിയാണ് അന്നേ ദിവസം ഭരണഘടന അധികാരത്തില്‍ വരുത്തിയതും റിപ്പബ്ലിക് ഡേയ് ആയി പിന്നീടിങ്ങോട്ട്‌ ആഘോഷിക്കാന്‍ ആരംഭിച്ചതും. ഭരണഘടനയെ നിര്‍മാണ സഭ അംഗീകരിച്ച നവംബര്‍ 26 കഴിഞ്ഞ വര്‍ഷം വരെ നിയമ ദിനം ആയിട്ടാണ് ഇന്ത്യയില്‍ ആചരിച്ചിരുന്നത്‌. 2015 മുതല്‍ ഇത് ഭരണഘടന ദിനം എന്ന് അറിയപ്പെടാന്‍ തുടങ്ങി.
കടവും കടപ്പാടുകളും
************************
ഭരണഘടനയുടെ ശില്‍പ്പി ആയി നമ്മള്‍ അംബേദ്‌കറിനെ ആദരിച്ചു പോരുന്നുണ്ട് എങ്കിലും കേവലം ഒരു മനുഷ്യന്റെയോ ഒരു കൂട്ടം ആളുകളുടെയോ ആശയങ്ങളോ അഭിപ്രായങ്ങലോ അല്ല അത് ഉള്‍ക്കൊള്ളുന്നത്. ഭരണഘടനയുടെ വേരുകള്‍ തേടി ചെന്നാല്‍ അതൊരുപക്ഷേ ബ്രിട്ടിഷ്‌ സര്‍ക്കാര്‍ ആദ്യകാലത്ത് പാസ്സക്കിയിട്ടുള്ള രേഗുലെറ്റിംഗ് ആക്റ്റ് (1773) വരെ ചെന്നെത്താം എങ്കിലും 1935 ഇലെ ഗവന്മേന്റ്റ് ഓഫ് ഇന്ത്യാ ആക്റ്റ് ആണ് ഭരണഘടനയുടെ തൊട്ടു പൂര്‍വികന്‍ ആയി അറിയപ്പെടുന്നത്. ഇതിനിടയില്‍ ചാര്‍ട്ടര്‍ ആക്റ്റുകള്‍, കൌണ്‍സില്‍ ആക്റ്റുകള്‍, തുടങ്ങി ഭരണം സുഖമം ആക്കാന്‍ ഒരുപാട് നിയമങ്ങള്‍ ഇവിടെ കൊണ്ട് വന്നിട്ടുണ്ട്. ഈ പറഞ്ഞ നിയമങ്ങള്‍ എല്ലാം തന്നെ ബ്രിട്ടിഷ് പാര്ലമെന്റ്റ് പാസ്സക്കിയതാണെന്ന് പറയേണ്ടതില്ലലോ. അതുകൊണ്ടൊക്കെ തന്നെ ബ്രിട്ടനില്‍ നിന്നും വന്ന ആശയങ്ങള്‍ ആണ് ഭരണഘടനയില്‍ ഏറിയ പങ്കും കാണാന്‍ സാധിക്കുന്നത്‌. ഇതിനു പുറമേ അക്കാലത് ഉണ്ടായിരുന്ന ലോക രാജ്യങ്ങളുടെ ഭരണഘടനകള്‍ വിശകലനം ചെയ്തു അതില്‍ നിന്നും നമുക്ക് ചേര്‍ന്നവ കൂട്ടി ചേര്‍ത്തു കൂടി ആണ് ഇന്ത്യന്‍ ഭരണ ഘടന നിര്‍മിച്ചിട്ടുള്ളത്. ഇതില്‍ പരമ പ്രധാനം അമേരിക്കയില്‍ നിന്നും നാം കടം കൊണ്ട മൌലികാവകാശങ്ങള്‍ ആണ്. സമാനമായ രീതിയില്‍ റിപ്പബ്ലിക് എന്ന ആശയം ഫ്രാന്‍സില്‍ നിന്നും മൌലിക കര്‍ത്തവ്യങ്ങള്‍ സോവിയറ്റ് യൂണിയനില്‍ നിന്നും (അത് പില്‍ക്കാലത്ത് കൂട്ടി ചേര്‍ത്തതാണ്) ഭരണ ഘടന ഭേദഗതി ചെയ്യുന്നതിനുള്ള ചട്ടങ്ങള്‍ സൌത്ത് ആഫ്രിക്കയില്‍ നിന്നും നാം കടം കൊണ്ടിരിക്കുന്നു. അടിയന്തിരാവസ്ഥയുടെ രീതികള്‍ ജര്‍മന്‍ ഭരണഘടനയുടെ മാതൃകയില്‍ ആണ് നിര്‍മിച്ചിട്ടുള്ളത്.
വനിതകളും മലയാളി സാന്നിധ്യവും
*****************************************
പതിനഞ്ചോളം വനിതാ അംഗങ്ങളും ഭരണ ഘടനാ നിര്‍മാണ സഭയില്‍ പങ്കെടുക്കുകയും അതിന്റെ രൂപികരിക്കുന്നതില്‍ പങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ ഒരേ ഒരു മുസ്ലിം വനിതയെ ഉണ്ടായിരുന്നുള്ളൂ. ഐക്യ പ്രവിശ്യയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ബീഗം റസൂല്‍ ആയിരുന്നു ആ സ്ത്രീ സാന്നിധ്യം. ദളിതരുടെ ശബ്ദം ആയി മാറിയ ദാക്ഷായണി വേലായുധന്‍, ഈയിടെ അന്തരിച്ച നര്‍ത്തകി മ്രിനാളിനീ സാരഭായിയുടെ അമ്മയും സാമൂഹ്യ പ്രവര്‍ത്തകയും ആയിരുന്ന അമ്മു സ്വാമിനാഥന്‍, തിരുവിതാംകൂര്‍ സ്റേറ്റ് കൊണ്ഗ്രസ്സിലെ ആദ്യ വനിതാ അന്ഗവും കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ എം.പിയും ആയിരുന്ന ആനി മസ്കരീന്‍ തുടങ്ങിയവര്‍ ആയിരുന്നു നിര്‍മാണ സഭയില്‍ അന്ഗംങ്ങള്‍ ആയിരുന്ന മലയാളി വനിതകള്‍. ഇവരുള്‍പ്പെടെ പതിനേഴു മലയാളികള്‍ ഭരണഘടനയുടെ നിര്‍മാണത്തില്‍ പങ്കു വഹിച്ചിട്ടുണ്ട്.
ഭരണഘടനയുടെ ഘടന
******************************
നിലവില്‍ വന്നപ്പോള്‍ 22 ഭാഗങ്ങളില്‍ ആയി 395 ആര്‍ട്ടിക്കിളുകള്‍ ആണ് നമ്മുടെ ഭരണ ഘടനയില്‍ ഉണ്ടായിരുന്നത്. ഇതിനു പുറമേ എട്ടു പട്ടികകളും ഉണ്ടായിരുന്നു. എന്നാല്‍ ഇത് പിന്നീട് പല പല ഭേദഗതികളില്‍ ആയി കൂട്ടിച്ചേര്‍കലുകള്‍ക്കും അപൂര്‍വ അവസരങ്ങളില്‍ ഒഴിവാക്കലിനും വിധേയം ആയി പിന്നെയും വളര്‍ന്നു കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം ആയിരുന്നു നൂറാം ഭേദഗതി പാര്ലമെന്റ്റ് അന്ഗീകരിച്ചത്. (ബംഗ്ലാദേശിന് ഭൂമി കൈമാറുന്നത് സംബന്ധിച്ച്) ചില കാര്യങ്ങളില്‍ ഭേദഗതി ചെയ്യുന്നത് എളുപ്പം ആണ് അഥവാ പാര്‍ലമെന്റിലെ കേവല ഭൂരിപക്ഷം മാത്രം മതി എങ്കിലും ഭരണഘടനയുടെ അടിസ്ഥാന സ്വഭാവങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭേദഗതികള്‍ക്കു നാലില്‍ മൂന്നു ഭൂരിപക്ഷവും ചില അവസരങ്ങളില്‍ സംസ്ഥാന നിയമ നിര്‍മാണ സഭയുടെ അന്ഗീകാരവും ആവശ്യം ആണ് (കാശ്മീരിനെ സംബന്ധിക്കുന്ന ആര്‍ട്ടിക്കിള്‍ 370 ഒക്കെ ഇതിനു ഉദാഹരണം ആണ്) ഇന്ന്25 ഭാഗങ്ങളില്‍ ആയി 448 ആര്‍ട്ടിക്കിളുകളും 12 പട്ടികയും ഉള്‍ക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ എഴുതപ്പെട്ട ഭരണ ഘടനയാണ് നമ്മുടേത്‌. (ഏറ്റവും ചെറുത് അമേരിക്കയുടേത് ആണ്)
എന്തൊക്കെ പോരായ്മകള്‍ ഉണ്ടങ്കിലും ഇന്ന് ഇവിടെ സമാധാനത്തോടെ പൌരാവകാശങ്ങള്‍ ആസ്വദിച്ചു ജീവിക്കുന്ന ഞാനും നിങ്ങളും ഉള്‍പ്പെടുന്ന ഓരോ ഭാരത പൌരനും ഈ സൌകര്യങ്ങള്‍ക്കും വ്യ്വസ്ഥിതിക്കും ഈ അമൂല്യ ഗ്രന്ഥത്തോടും അതിന്റെ നിര്‍മാണത്തിന് കാരണക്കാരായ ദീര്‍ഘദര്‍ശികളായ നമ്മുടെ പൂര്‍വികരോടും കടപ്പെട്ടിരിക്കുന്നു.
Sachin Ks's photo.

No comments:

Post a Comment

Search This Blog