Thursday, 7 June 2018

ക്യൂബൻ മിസൈൽ പ്രതിസന്ധി




ക്യൂബൻ മിസൈൽ പ്രതിസന്ധി

Courtesy; Shan Salim- Charithraanveshikal



1962 ഒക്ടോബറിൽ, സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവർ ഒരു വശത്തും അമേരിക്കൻ ഐക്യനാടുകൾമറുവശത്തുമായി 13 ദിവസം നേർക്കുനേർ യുദ്ധസജ്ജരായി നിന്ന സംഘർഷാവസ്ഥയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധിഎന്നറിയപ്പെടുന്നത്. ക്യൂബയിൽ ഇത് ഒക്ടോബർ സംഘർഷം എന്നും അറിയപ്പെടുന്നു. അമേരിക്കൻ, സോവിയറ്റ് ചേരികൾ തമ്മിലുള്ള ശീതസമരത്തിലെമുഖ്യസംഘർഷങ്ങളിലൊന്നായിരുന്നു മിസൈൽ പ്രതിസന്ധി. ശീതസമരം എന്നത്തെക്കാളുമധികമായി ഒരു ആണവയുദ്ധത്തിന്റെ അടുത്തെത്തിയത് ഈ അവസരത്തിലാണ്.ഉറപ്പായ പരസ്പരവിനാശത്തിന്റെ ഭീക്ഷണി ഒരു രാഷ്ട്രാന്തര സന്ധിക്കു പ്രേരണയാകുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യസന്ദർഭവും ഇതാണ്.
1961 ൽ അമേരിക്ക ക്യൂബക്കു നേരെ നടത്തിയ ബേ ഓഫ് പിഗ്സ്‌ ആക്രമണംഎന്നറിയപ്പെടുന്ന സൈനികമുന്നേറ്റത്തുടർന്നാണ് റഷ്യക്യൂബയിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നികിത ക്രൂഷ്ചേവും, ഫിദൽ കാസ്ട്രോയും തമ്മിൽ നടന്ന രഹസ്യചർച്ചയുടെ ഫലമായാണ് ഈ പുതിയ തീരുമാനം ഉണ്ടായത്. ഭാവിയിൽ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന ഒരു ആക്രമണത്തിനെതിരേയുള്ള മുൻകരുതൽ എന്ന രീതിയിലാണ് ക്യൂബ ഈ മിസ്സൈൽ പരിപാടിയെ കണ്ടതെങ്കിൽ, അമേരിക്ക തുർക്കിയിൽ സ്ഥാപിച്ചിട്ടുള്ള ആണവ മിസ്സൈലുകൾക്കു ഒരു മറുപടിയായാണ് റഷ്യ ഇതിനെ കണ്ടത്. ഒക്ടോബർ 14 ന് അമേരിക്കയുടെ യു-2 വിമാനങ്ങൾ ക്യൂബയുടെ തീരങ്ങളിൽ സ്ഥാപിക്കുന്ന മദ്ധ്യദൂര മിസ്സൈലുകളുടെ ചിത്രങ്ങളെടുത്തു. ഒക്ടോബർ 15 ന് പുറത്തു വന്ന ഈ ചിത്രങ്ങൾ 13 ദിവസം നീണ്ടു നിന്ന സംഘർഷത്തിനു കാരണഹേതുവായി.
ക്യൂബക്കെതിരേ ഒരു യുദ്ധത്തിനു ഒരുക്കം നടത്തിയ അമേരിക്ക, അവസാനം ഉപരോധം എന്ന നിലയിലേക്ക് മാറി. അതോടൊപ്പം തന്നെ റഷ്യയുടെനിർമ്മാണത്തിലിരിക്കുന്ന എല്ലാ മിസ്സൈലുകളും ഉടനടി ക്യൂബയിൽ നിന്നും പിൻവലിക്കാൻ ക്രെംലിനോട് ആവശ്യപ്പെടുകയും ചെയ്തു. റഷ്യ തങ്ങളുടെ ആവശ്യത്തിനു മുന്നിൽ വഴങ്ങുമെന്ന് അമേരിക്ക വിചാരിച്ചു, അതോടൊപ്പം തന്നെ ഒരു യുദ്ധത്തിനുള്ള സാദ്ധ്യത ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞുമില്ല. ക്യൂബക്കുമേലുള്ള ഉപരോധം ശരിയായ നടപടിയല്ലെന്ന് ക്രൂഷ്ചേവ് കെന്നഡിക്കയച്ച ഒരു കത്തിൽ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. റഷ്യയുടെയുദ്ധക്കപ്പലുകൾ ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം സൃഷ്ടിച്ചു. സംഘർഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അമേരിക്കൻ നാവികസേന, വെടിവെയ്പാരംഭിച്ചു. തിരികെ പ്രതികരിച്ച റഷ്യൻ യുദ്ധക്കപ്പലിൽ നിന്നുള്ള വെടിയേറ്റ് അമേരിക്കയുടെ ഒരു യു-2 വിമാനം നിലംപതിച്ചു.
1962 ഒക്ടോബർ 28 ന് പ്രതിസന്ധിക്ക് അവസാനമായി. ഐക്യരാഷ്ട്രസഭയുടെഇടപെടലോടെ ക്യൂബയിൽ നിന്നും മിസ്സൈലുകൾ തിരികെ റഷ്യയിലേക്കുകൊണ്ടുപോകാൻ ക്രൂഷ്ചേവ് സമ്മതിച്ചു. ഇതിനു പകരമായി, അമേരിക്ക ഒരിക്കലും ക്യൂബയെ ആക്രമിക്കില്ല എന്നും തുർക്കിയിൽ സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകൾ നീക്കം ചെയ്യുമെന്നും സമ്മതിച്ചു. ഈ കരാർ നിലവിൽ വന്നതോടെ, അമേരിക്ക ക്യൂബക്കുമേൽഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചു. ഈ പിൻമാറ്റത്തെ സോവിയറ്റ് യൂണിയൻ നടത്തിയ വഞ്ചന എന്നാണ് ക്യൂബൻ നേതാവായ ചെ ഗുവേരവിശേഷിപ്പിച്ചത്. മിസ്സൈലുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ക്യൂബഅമേരിക്കയെ ആക്രമിക്കാൻ മടിക്കില്ലായിരുന്നു എന്നു ചെ ഗുവേരഅഭിപ്രായപ്പെട്ടു..
തുടക്കം
--------
ഇരുപക്ഷത്തുനിന്നുമുള്ള പ്രകോപനപരമായ അനേകം രാഷ്ട്രീയനീക്കങ്ങൾക്കും കാസ്ട്രോയുടെ ഭരണത്തെ അട്ടിമറിക്കാനായി അമേരിക്ക സംഘടിപ്പിച്ച "ബേ ഓഫ് പിഗ്സ്‌ ആക്രമണത്തിന്റെ" പരാജയത്തിനും ശേഷം, ഭാവി അമേരിക്കൻആക്രമണങ്ങളെ തടയാനായി ക്യൂബയിൽസോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിക്കുകയെന്ന ആശയം 1962 മേയ് മാസത്തിൽ സോവിയറ്റ് നേതാവ് നികിത ക്രൂഷ്ച്ചേവ് കാസ്ട്രോയുടെ പരിഗണനക്കു വച്ചു. ക്യൂബക്കെതിരേയുള്ള അമേരിക്കൻആക്രമണം തടയുക എന്നതായിരുന്നു പ്രധാനമായി പറഞ്ഞിരുന്നതെങ്കിലും അമേരിക്കയുടെ സുപ്രധാന നഗരങ്ങളിലേക്കു ലക്ഷ്യം വെക്കാവുന്ന ദൂരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കുക എന്നതായിരുന്നു റഷ്യയുടെ പ്രധാന അജണ്ട. 1960 കളിൽ റഷ്യയുടെ കൈവശമുണ്ടായിരുന്ന ആണവമിസ്സൈലുകൾ വിശ്വാസ്യതയുടെ കാര്യത്തിലും, സൂക്ഷ്മതയുടെ കാര്യത്തിലും പിന്നോക്കം നിൽക്കുന്നവയായിരുന്നു.ശീതയുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാവുന്ന തരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ റഷ്യക്കുമാർഗ്ഗങ്ങളില്ലായിരുന്നു. റഷ്യയിൽ നിലവിൽ സ്ഥാപിച്ചിരുന്ന മിസ്സൈലുകൾ അലാസ്ക നഗരത്തെ തകർക്കുമായിരുന്നെങ്കിലും, അമേരിക്കയുടെ മറ്റു പ്രദേശങ്ങളിലേക്കെത്തിച്ചേരാനുള്ള കഴിവ് അത്തരം മിസ്സൈലുകൾ കൈവരിച്ചിരുന്നില്ല. എന്നാൽ ക്യൂബൻതീരങ്ങളിൽ സ്ഥാപിക്കുന്ന മിസ്സൈലുകൾ അമേരിക്കയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും കൃത്യമായി അയക്കുവാൻ കഴിയും എന്നുള്ള കാരണത്താലാണ് ക്യൂബയിൽ ഈ മിസ്സൈൽ വിന്യാസം നടത്താൻ റഷ്യയെപ്രേരിപ്പിച്ചത് എന്ന് വിദഗ്ദർ പറയുന്നു.1962 ൽ റഷ്യയുടെ സുപ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക തുർക്കിയുടേയും, ഇറ്റലിയുടേയും തീരങ്ങളിൽ ജൂപ്പിറ്റർ എന്ന ആണവമിസ്സൈലുകൾ സ്ഥാപിച്ചിരുന്നു.ഈ ആണവഭീഷണിക്കു പകരം എന്ന നിലയിൽ കൂടിയാണ് ക്യൂബയിൽമിസ്സൈലുകൾ സ്ഥാപിക്കാൻ ക്രൂഷ്ചേവ്തീരുമാനിച്ചത്. ഇതു കൂടാതെ അമേരിക്കൻ/ബ്രിട്ടൻ/ഫ്രഞ്ച്കോളനിയായിരുന്ന പാശ്ചാത്യ ജർമ്മനിയെ കമ്മ്യൂണിസത്തിന്റെ അധികാരപരിധിയിൽ കൊണ്ടുവരുവാൻ ക്രൂഷ്ചേവ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ശീതയുദ്ധത്തിന്റെ പ്രധാന ഭാഗമായി റഷ്യ കണ്ടിരുന്നത് പാശ്ചാത്യ ജർമ്മനിയായിരുന്നു. മാത്രവുമല്ല, പാശ്ചാത്യ ജർമ്മനിയിലുള്ള യൂറോപ്യൻ ആധിപത്യം കിഴക്കൻ ജർമ്മനിക്ക് ഒരു ഭീഷണിയായേക്കുമെന്നും ക്രൂഷ്ചേവ് കരുതിയിരുന്നു.
ഓപ്പറേഷൻ അനാദിർ
__________________
ജൂലൈ മാസത്തിൽ ക്രൂഷ്ചേവുംകാസ്ട്രോയുമായി നടന്ന രഹസ്യകൂടിക്കാഴ്ചയിൽ, ക്യൂബയിൽമിസൈൽ താവളങ്ങൾ നിർമ്മിക്കാൻ തീരുമാനമാവുകയും താമസിയാതെ നിർമ്മാണം തുടങ്ങുകയും ചെയ്തു. 1962 ജൂലൈ-സെപ്തംബർ കാലത്തേക്ക് 40000 ഓളം വരുന്ന റഷ്യൻ സൈനികർ ഓപ്പറേഷൻ അനാദിർ എന്നറിയപ്പെടുന്ന ഈ പദ്ധതിക്കു വേണ്ടി സജ്ജരായി. വളരെ രഹസ്യമായാണ് ഈ സായുധ സേനയെ റഷ്യ ക്യൂബൻ തീരങ്ങളിൽ ഇറക്കിയത്. ആർമി ജനറൽ ഇസ്സ പ്ലിയേവ് ആയിരുന്നു ഈ സംഘത്തെ നയിച്ചിരുന്നത്.
1962 ആഗസ്റ്റ് മാസത്തിൽ ക്യൂബയിൽനടക്കുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ക്യൂബയിൽ കണ്ട റഷ്യൻനിർമ്മിത മിഗ്-21 വിമാനങ്ങളും, ചില ബോംബർ വിമാനങ്ങളും അമേരിക്കയുടെസംശയങ്ങൾക്ക് ആക്കം കൂട്ടി. 1962 ഒക്ടോബർ 14-ആം തിയതി ചാര ദൗത്യവുമായി ക്യൂബക്കു മേൽ പറന്നു കൊണ്ടിരുന്ന യു-2 വിമാനത്തിലെ വൈമാനികനായ ഹൈസർക്ക കിട്ടിയ അപ്രതീക്ഷിത ചിത്രങ്ങളാണ് ഈ മിസ്സൈൽ തറകളുടേത്. ഒക്ടോബർ 14 രാവിലെ 7.43 നാണ് ഈ സുപ്രധാന ചിത്രങ്ങൾ യു-2 വിമാനത്തിന്റെ ക്യാമറകളിൽ പതിഞ്ഞത്. എ മിൽക്ക് റൺഎന്നാണ് ഈ ദൗത്യത്തെ ഹൈസർ പിന്നീട് വിശേഷിപ്പിച്ചത്. അന്നേ ദിവസം തന്നെ ഫിലിമുകൾ സി.ഐ.എയുടെ ഫോട്ടോഗ്രാഫിക് ഇന്റർപ്രെട്ടേഷൻ സെന്ററിലേക്ക കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിലേക്കായി അയച്ചു. എസ്.എസ്-4 മിസ്സൈലുകളുടെ ബാറ്ററികളുടേയും, II-28 ബോംബറുകളുടേയും ചിത്രങ്ങളായിരുന്നു അവ. സാൻ ക്രിസ്റ്റോബാനിൽ നിന്നും, സാൻ ജൂലിയാനിൽ നിന്നുമാണ് യഥാക്രമം അമേരിക്കക്ക് ഈ ചിത്രങ്ങൾ ലഭിച്ചത്.
തുർക്കിയിലും, ഇറ്റലിയിലും അമേരിക്കസ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകളെ പ്രതിരോധിക്കാനായിരിക്കാം ക്യൂബയിൽ റഷ്യ പണിതുകൊണ്ടിരിക്കുന്ന ഈ മിസ്സൈൽ തറകളെന്ന് സി.ഐ.എ മേധാവിയായിരുന്ന ജോൺ.മക്ഓൺ സംശയിച്ചു. ഒക്ടോബർ 15-ന് ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ 13 ദിവസം ദീർഘിച്ച മിസൈൽ പ്രതിസന്ധിക്കു തുടക്കമായി.
ഉപരോധം
___________
ഭരണനേതൃത്വവുമായി കൂടിയാലോചിച്ചശേഷം കെന്നഡി ക്യൂബക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചു. ക്യൂബയെ ആക്രമിക്കുവാൻ അമേരിക്കക്കു ഉദ്ദേശമില്ലായിരുന്നു, മാത്രവുമല്ല ഒരു ഉപരോധം ഒരിക്കലും റഷ്യയെ പ്രകോപിതരാക്കിയേക്കില്ല എന്നും കെന്നഡി ഭരണകൂടം കരുതിയിരുന്നു. ഒക്ടോബർ 22 ന് വൈകുന്നേരം ദേശീയ ടെലിവിഷനിലൂടെ അമേരിക്കയെ ലക്ഷ്യമാക്കി ക്യൂബയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകളെക്കുറിച്ച് കെന്നഡി രാഷ്ട്രത്തെ അറിയിച്ചു. ഈ സംപ്രേഷണം കഴിഞ്ഞ് വൈകാതെ തന്നെ യു.എസ്.എസ് ന്യൂപോർട്ട് ന്യൂസ് എന്ന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ ഒരു വ്യൂഹം ക്യൂബയുടെ തീരത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ക്യൂബയ്ക്കു നേർക്കുള്ള ഏതു ഭീഷണിയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു.
ലോകരാഷ്ട്രങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന ക്യൂബക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ അമേരിക്കൻ നിലപാടിനോടാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ഉപരോധം ഒരു യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളേയും കൊണ്ടുചെന്നെത്തിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് ക്രൂഷ്ചേവ് കെന്നഡിക്കയച്ച് ഒരു ടെലിഗ്രാം സന്ദേശത്തിൽ മുന്നറിയിപ്പു നൽകുകയുണ്ടായി.
മുഖാമുഖം
_____________
ക്യൂബയ്ക്കെതിരെ നാവിക, വ്യോമാക്രമണങ്ങൾ തുടങ്ങുന്ന കാര്യം ആദ്യം പരിഗണിച്ചെങ്കിലും ഒടുവിൽ നാവിക ഉപരോധം ഏർപ്പെടുത്താനാണ് കെന്നഡി ഭരണകൂടം തീരുമാനിച്ചത്. നിയമപരവും മറ്റുമായ പരിഗണനകൾ വച്ചുള്ള സംസർഗ്ഗവിലക്ക് (quarantine) മാത്രമാണ് അതെന്ന വിശദീകരണവും ഉണ്ടായി.ക്യൂബയിൽ ആക്രമണായുധങ്ങൾ എത്തിക്കാൻ അനുവദിക്കയില്ലെന്നും, നിർമ്മാണം പൂർത്തിയായതോ നിർമ്മാണത്തിലിരിക്കുന്നതയോ ആയ എല്ലാ മിസൈൽ താവളങ്ങളും പൊളിച്ചുമാറ്റണമെന്നും ആയുധങ്ങൾ സോവിയറ്റു യൂണിയനിലേക്കു തിരികെ കൊണ്ടുപോകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾക്ക് സോവിയറ്റു നേതൃത്വം വഴങ്ങുമെന്നതിൽ നേരിയ പ്രതീക്ഷ മാത്രമുണ്ടായിരുന്ന കെന്നഡി ഭരണം യുദ്ധത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ടു.
ദേശാന്തരമേഖലയിൽ സമുദ്രാകാശങ്ങളിലൂടെയുള്ള ന്യായമായ യാത്രാവകാശത്തിന്റെ തടയൽ മനുഷ്യരാശിയെ ആണവയുദ്ധത്തിന്റെ വിളുമ്പിലെത്തിക്കുന്ന ആക്രമണനടപടിയാണെന്ന്, ഒക്ടോബർ 24-ന് കെന്നഡിക്കെഴുതിയ കത്തിൽ ക്രൂഷ്ചേവ് കുറ്റപ്പെടുത്തി. എങ്കിലും രഹസ്യമായുള്ള പിൻപുറചർച്ചകളിൽ ഇരുവരും പ്രതിസന്ധിക്കു പരിഹാരം അന്വേഷിച്ചു. ചർച്ചകൾ പുരോഗമിക്കുമ്പോൾ, സോവിയറ്റു കപ്പലുകൾ ഉപരോധം ഭേദിക്കാൻ ശ്രമിച്ചതു സംഘർഷം വർദ്ധിപ്പിച്ചു. ഉപരോധഭേദനത്തിനു ശ്രമിക്കുന്ന കപ്പലുകൾക്കു നേരേ മുന്നറിയിപ്പിനു ശേഷം നിറയൊഴിക്കാൻ അമേരിക്കൻ നാവികസേനക്കു നിർദ്ദേശം നൽകപ്പെട്ടു. ഒക്ടോബർ 27-ന് സോവിയറ്റ് മിസൈൽ സംഘം ഒരു അമേരിക്കൻ യു-2 വിമാനം വെടിവച്ചു വീഴ്ത്തിയതും സംഘർഷം വർദ്ധിപ്പിച്ചു. എങ്കിലും ഇരുപക്ഷവും ചർച്ചകൾ തുടർന്നു.
ഒത്തു തീർപ്പ്
______________
1962 ഒക്ടോബർ 28-ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഊതാണ്ടിന്റെ മദ്ധ്യസ്ഥതയിൽ കെന്നഡിയും ക്രൂഷ്ചേവും ഒത്തുതീർപ്പിൽ എത്തിയതോടെ പ്രതിസന്ധിക്ക് അന്ത്യമായി. ക്യൂബയിൽ സ്ഥാപിച്ചിരുന്ന എല്ലാ ആക്രമണായുധങ്ങളും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നീക്കി റഷ്യയിലേക്കു കൊണ്ടു പോകാൻ സോവിയറ്റു യൂണിയനും ക്യൂബയെ ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അമേരിക്കയും സമ്മതിച്ചു. തുർക്കിയിലും ഇറ്റലിയിലും സ്ഥാപിച്ചിരുന്ന അതിന്റെ മദ്ധ്യദൂരമിസൈലുകൾ മാറ്റാനുള്ള അമേരിക്കയുടെ സമ്മതം ഒത്തുതീർപ്പിന്റെ രഹസ്യഭാഗമായിരുന്നു.
ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇതുപോലെയുള്ള പ്രതിസന്ധികളിൽ ആശയവിനിമയം എളുപ്പമാകാനായി മോസ്കോയ്ക്കും വാഷിങ്ടണുംഇടയിലുള്ള ടെലഫോൺ ഹോട്ടലൈന്റെ സ്ഥാപനം ഈ പ്രതിസന്ധിയുടെ പാർശ്വഫലങ്ങളിൽ ഒന്നായിരുന്നു.

Indira and Environmental Protection



Courtesy; Boby K Mathew
1972 ലാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ' 1966-ൽ അധികാരമേറ്റ ശ്രീമതി ഇന്ദിരാഗാന്ധി ലോകത്തിലെ തന്നെ പ്രകൃതി സ്നേഹിയായ ഭരണ കർത്താവായി അറിയപ്പെടുന്നു.ഇതിനെക്കുറിച്ചാണ് ജയറാം രമേശ് രചിച്ച 'പരിസ്ഥിതി പ്രസ്ഥാനത്തിന് ഇന്ദിരാഗാന്ധിയുടെ സംഭാവനകൾ ' എന്ന പുസ്തകം .ലോകരാജ്യങ്ങളിൽ പരിസ്ഥിതി അവബോധം ഉണ്ടാവുന്നതിന് എത്രയോ മുമ്പുതന്നെ ഇന്ദിരാഗാന്ധിയുടെ പരിസ്ഥിതി അവബോധം എത്ര വലുതായിരുന്നുവെന്ന് ഈ പുസ്തകം നമ്മെ ഓർമ്മപ്പെടുത്തന്നു. ശാന്തിനികേതനത്തിലെ ബാല്യകാലവും നെഹ്റു വിന്റെ കാഴ്ചപ്പാടുകളും ചെറുതിലേ മുതൽ പരിസ്ഥിതി ദർശനം രൂപപ്പെടുത്തി.ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യ ചുമതല വഹിച്ചിരുന്ന ഇവർ നാലാം പഞ്ചവൽസര പദ്ധതിയിൽ അവതരിപ്പിച്ചത് വികസനം എന്നത് പ്രകൃതിയ്ക്ക് അനുരൂപമാകണമെന്ന ചിന്തയായിരുന്നു. 1974-ൽ ജലമലിനീകരണ നിയന്ത്രണ നിയമം കൊണ്ടുവന്നത് .കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡുകൾ രൂപീകരിച്ചത് വനം സംരക്ഷിക്കാനായി 1976 ൽ 42 മത് ഭേദഗതിയിലൂടെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും തുല്യ ഉത്തരവാദിത്വത്തിനായി വനം കൺ കറന്റ് ലിസ്റ്റിലാക്കിയത്. ഇത്തരം കാര്യങ്ങൾ പുസ്തകം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലാദ്യമായി ഒരു രാഷ്ട്രീയ പാർട്ടി പ്രകടനപത്രികയിൽ ഇക്കോളജി എന്ന തലക്കെട്ടിൽ തന്നെ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് പറയുന്നത് 1980-ലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പ്രകടനപത്രികയിലാണ് ' ഇന്ദിരാഗാന്ധിയുടെ നിർദ്ദേശ പ്രകാരം ഇത് തയ്യാറക്കിയത് നരസിംഹറാവുവും പ്രണബ് മുഖർജിയുമാണ്. കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത സംഭവം സൈലന്റ് വാലി വനം സംരക്ഷിക്കാൻ പ്രധാനമന്ത്രിയെന്ന നിലയിൽ അവരെടുത്ത തീരുമാനമാണ്. ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്ന കൗതുകം നിറഞ്ഞ വസ്തുത 1966-ൽ കേരളത്തിൽ അരി ക്ഷാമമുണ്ടായപ്പോൾ കേരളത്തിലെ അരി പ്രശ്നം പരിഹരിച്ചിട്ട് മാത്രം തനിക്ക് റേഷൻ തരാവൂയെന്നും അതുവരെ താൻ അരിയാഹാരം കഴിക്കില്ലെന്നുള്ള ഇന്ദിരാജി യുടെ കത്തും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഇന്ദിരാജി യുടെ സമാധിസ്ഥലമായ ശക്തി സ്ഥലിൽ കൂറ്റൻ സൂര്യകാന്തിക്കല്ല് സ്ഥാപിച്ചിരിക്കുന്നു. ശിലകളെയും പർവ്വതങ്ങളെയും പൂന്തോട്ടങ്ങളെയും വൃക്ഷങ്ങളെയും നദികളെയും പ്രണയിച്ച ശ്രീമതി ഇന്ദിരാഗാന്ധിയുടെ പ്രകൃതി സ്നേഹത്തെ വെളിവാക്കുന്ന വിധത്തിൽ ശക്തി സ്ഥൽ ജിയോളജിക്കൽ പാർക്കായി വിഭാവനം ചെയ്തിരിക്കുന്നു. ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രകൃതി സ്നേഹിയായ ജയറാം രമേശിന്റെ ഈ പുസ്തകം പരിസ്ഥിതി ദിനത്തിൽ ഏറെ പ്രസക്തമാവുന്നു.
LikeShow More Reactions
Comment

Search This Blog