Saturday 4 February 2012

ആണവ ബാധ്യതാബില്‍: ഇലയ്ക്കും മുള്ളിനും കേടില്ലാതെ

ആണവബാധ്യതാ ബില്‍ സംബന്ധിച്ച തര്‍ക്കങ്ങള്‍ക്ക് തത്കാലം ശമനമായിരിക്കുന്നു. ആണവോര്‍ജം പ്രയോജനപ്പെടുത്താന്‍ തീരുമാനിച്ച സ്ഥിതിക്ക് സംഭവിച്ചതെല്ലാം നല്ലതിനുതന്നെ. അതല്ലെങ്കില്‍ ഈ രംഗത്തുണ്ടായേക്കാവുന്ന കുഴപ്പങ്ങളിലേക്ക് എടുത്തുചാടേണ്ട എന്നൊരു നിലപാട് സ്വീകരിക്കണമായിരുന്നു


ആണവ ബാധ്യതാബില്‍ ഉയര്‍ത്തിവിട്ട പൊടിപൂരങ്ങള്‍ക്ക് താത്കാലിക ശമനമായി. ആണവാപകട സിവില്‍ ബാധ്യതാബില്‍-2010 എന്ന് പൂര്‍ണനാമമുള്ള ഈ ബില്‍ കഴിഞ്ഞ ബുധനാഴ്ച, ആഗസ്ത് 25ന് ആണ് ലോക്‌സഭ പാസ്സാക്കിയത്. ബില്ലിനെതിരെ പ്രതിപക്ഷ കക്ഷികളുയര്‍ത്തിയ 'തെറ്റുകുറ്റങ്ങള്‍' പലതും സര്‍ക്കാര്‍ പരിഹരിച്ചു. എന്നാല്‍ യഥാര്‍ഥ ആശങ്കകളാണോ ഉയര്‍ത്തപ്പെട്ടത്, യഥാര്‍ഥപരിഹാരമാണോ ഉണ്ടായത്, നിയമം എത്രമാത്രം ഫലവത്താകും എന്നൊക്കെയുള്ള കാര്യങ്ങളില്‍ ഇനിയും ചാരം മൂടിക്കിടക്കുകയാണ്.

ആണവോര്‍ജത്തിന്റെ സംഹാരവശം ഏവര്‍ക്കുമറിയാം. 1945-ല്‍ ഹിരോഷിമയിലും നാഗസാക്കിയിലും വീണ അണുബോംബ് ജനങ്ങളെയെങ്ങനെയാണ് കൊന്നൊടുക്കിയതെന്നത് ഏവര്‍ക്കുമറിയാം. രണ്ടാം ലോകമഹായുദ്ധത്തിന്റെ ഒടുവില്‍ 1945 ആഗസ്ത് ആറിന് അമേരിക്കയുടെ 'ലിറ്റില്‍ ബോയ്' എന്ന നിഷ്‌ക്കളനാമമുള്ള ബി-29 ബോംബര്‍ വിമാനം ഒറ്റയടിക്ക് കൊന്നത് 80,000 പേരെ. ഒരുവര്‍ഷത്തിനുള്ളില്‍ ആണവവികിരണത്തിന്റെ അനന്തരഫലമായി മരണസംഖ്യ 90,000 ത്തിനും 1,40,000 ത്തിനുമിടയിലായി. റേഡിയേഷന്‍ വിപത്ത് പില്‍ക്കാലങ്ങളിലേക്ക്, അടുത്ത തലമുറകളിലേക്ക്, തിരുത്തനാവാത്തവിധം ഭൂമിയിലേക്കും പരിസ്ഥിതിയിലേക്കും വ്യാപിക്കുന്നത് പിന്നീട് ലോകം മുഴുവന്‍ കണ്ടു.

ഹിരോഷിമയില്‍ ഉപയോഗിച്ചത് അണുബോംബായിരുന്നു (Atom bomb). ഇന്ന് ആണവരാഷ്ട്രങ്ങള്‍ കൈയില്‍വെക്കുന്നത് പതിന്മടങ്ങ്‌സംഹാരശക്തിയുള്ള ന്യൂക്ലിയര്‍ ബോംബുകളും. ന്യൂക്ലിയര്‍ ബോംബ് ഉപയോഗിച്ചുള്ള ഒരുയുദ്ധത്തിന്റെ അനന്തരഫലം ആരും പ്രവചിക്കുന്നില്ല. അത് അസാധ്യമാണ്. ഇനി യുദ്ധത്തിനല്ല, സമാധാനത്തിനാണെങ്കിലും (ആണവോര്‍ജത്തില്‍ നിന്നുള്ള വൈദ്യുതി ഉത്പാദനത്തെ ആണവശക്തിയുടെ സമാധാനപരമായ ഉപയോഗമെന്നാണ് പറയാറുള്ളത്.) എന്തെങ്കിലും പിഴകൊണ്ട് നിയന്ത്രണം നഷ്ടപ്പെട്ട് പുറത്തേക്ക് വ്യാപിക്കുന്ന ആണവവികിരണം ഇതേ സംഹാരശക്തി ഉള്‍ക്കൊള്ളുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഒരു ആണവാപകടം സാധാരണ കണക്കുകൂട്ടലുകള്‍ക്കപ്പുറമാണ്. വലിയ ഒരു ആണവാപകടമുണ്ടായാല്‍ അതിന്റെ സാധ്യത ഇന്ന് നിര്‍ണയിക്കുന്നവരും നല്‍കുന്നവരും വാങ്ങുന്നവരുമൊന്നും അതിനെ അതിജീവിക്കണമെന്നില്ല.

കഴിഞ്ഞ 50 ലേറെക്കൊല്ലമായി ആണവോര്‍ജത്തിന്റെ സമാധാനപരമായ ഉപയോഗം, പ്രധാനമായും വൈദ്യുതി ഉത്പാദനം, വലിയ പ്രശ്‌നങ്ങളൊന്നുമുണ്ടാവാതെ നടന്നുപോകുന്നു എന്നതാണ് ആണവോര്‍ജത്തിനുവേണ്ടി വാദിക്കുന്നവര്‍ പറയുന്നത്. സ്വയം ആണവശക്തി വികസിപ്പിച്ചതായി തെളിയിച്ച ഇന്ത്യ ആണവ ഇടപാടുകള്‍ സംബന്ധിച്ച അന്താരാഷ്ട്ര കരാറുകളില്‍ പങ്കാളിയാകാന്‍ വിസമ്മതിച്ചതുകാരണം മൂന്നുദശകത്തിലേറെയായി ഒരുതരം 'ആണവശൈത്യ'ത്തിലായിരുന്നു. ഇതുകൊണ്ട് ആണവോര്‍ജത്തില്‍നിന്നും വൈദ്യുതിയുണ്ടാക്കല്‍ വന്‍തോതില്‍ നടന്നില്ല.

എന്നാല്‍ 1950 കള്‍ മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന പല ആണവനിലയങ്ങളുടെയും കാര്യമെടുത്താല്‍ അപകടങ്ങള്‍ അത്രയൊന്നും അസാധാരണമല്ല എന്നു കാണാം. അമ്പതുകളില്‍ കാനഡയിലും യൂഗോസ്ലാവിയയിലും കാലിഫോര്‍ണിയയിലും ആണവനിലയങ്ങള്‍ക്ക് കേടുകള്‍ സംഭവിച്ചു. അറുപതുകളില്‍ റഷ്യയിലും അമേരിക്കയിലും സ്‌കോട്ട്‌ലന്‍ഡിലും സ്വിറ്റ്‌സര്‍ലന്‍ഡിലും അപകടങ്ങളുണ്ടായി. 1980 കളില്‍ ജപ്പാനിലും ഫ്രാന്‍സിലും അര്‍ജന്റീനയിലും ഉക്രൈനിലും ജര്‍മനിയിലും അപകടങ്ങളുണ്ടായി. 2000 ത്തിനുശേഷം ഹങ്കറിയിലും ബ്രിട്ടനിലും അമേരിക്കയിലും ഇത് സംഭവിച്ചു.

അപകടങ്ങളെ അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി (ഐ.എ.ഇ.എ.) നാലായി തരംതിരിച്ചിട്ടുണ്ട്. അപകടങ്ങളുടെ സെ്കയില്‍ ഏഴു വരെയുള്ളതാണ്. ഏറ്റവും ഗുരുതരമായ അപകടമാണ് ഏഴുകൊണ്ട് രേഖപ്പെടുത്തുന്നത്. ആ തലത്തിലെത്തിയ ഒരപകടമേ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളൂ- അതാണ് ചെര്‍ണോബില്‍. 1986 ഏപ്രില്‍ 26ന് റഷ്യയില്‍ ആണത് സംഭവിച്ചത്. ന്യൂക്ലിയര്‍ റിയാക്ടറില്‍ ആവിത്തള്ളിച്ചയും സ്‌ഫോടനവും തീപ്പിടിത്തവും ഉണ്ടായി. റിയാക്ടറിന്റെ കോര്‍ (കാമ്പ്) സാമഗ്രി പുറത്തേക്ക് വ്യാപിച്ചു. 56 പേരേ മരിച്ചുള്ളൂവെങ്കിലും 6,00,000 പേര്‍ക്ക് ഉയര്‍ന്നതോതില്‍ വികിരണമേറ്റു. അമിതമായി ഇത് ഏല്ക്കുന്നവര്‍ക്ക് അര്‍ബുദബാധ സാധാരണമാണ്. ഇത് പില്‍ക്കാലത്തേ അറിയൂതാനും. 4000 പേര്‍ക്ക് ചെര്‍ണോബിലിന്റെ ബാക്കിയായി അര്‍ബുദമുണ്ടായി എന്നാണ് കണക്കുകള്‍. ഏറെ ഭൂഭാഗവം എന്നെന്നേക്കുമായി പാഴായി.

ഐ.എ.ഇ.എ.യുടെ സെ്കയിലില്‍ ആറ് രേഖപ്പെടുത്തിയ അപകടം സോവിയറ്റ് യൂണിയനിലായിരുന്നു. 1957 ല്‍ മായാകിലെ ഒരുവേസ്റ്റ് പുനരുപയോഗ നിലയത്തിലുണ്ടായ ഈ അപകടത്തിന്റെ അനന്തരഫലം ഗൗരവമായി പഠനവിധേയമായില്ല.

എങ്കിലും ആണവരംഗത്ത് റഷ്യയോട് സഹകരിക്കാന്‍ നമുക്ക് തടസ്സമൊന്നുമുണ്ടായില്ല. കമ്പോള താത്പര്യങ്ങള്‍ മാത്രമുള്ള ഇപ്പോഴത്തെ റഷ്യയുമായി അവര്‍ക്ക് ഒരു ബാധ്യതയുമില്ല. ആ കരാറുകള്‍ നമ്മളുണ്ടാക്കുന്നതില്‍ ഇടതുകക്ഷികളും വിരോധം പ്രകടിപ്പിച്ചിട്ടില്ല.

പക്ഷേ, റഷ്യയുടെ സഹായത്തോടെ കൂടങ്കുളത്ത് നാം സ്ഥാപിക്കുന്നനിലങ്ങള്‍ തങ്ങള്‍ക്ക് പ്രശ്‌നമാണെന്ന് ശ്രീലങ്ക ചൂണ്ടിക്കാട്ടി. ആണവാപകടങ്ങള്‍ ഉണ്ടായാല്‍ അതിന്റെ വ്യാപ്തി രാജ്യത്തിന്റെ അതിര്‍വരമ്പുകള്‍ക്കുള്ളിലൊതുങ്ങുകയില്ലല്ലോ. നഷ്ടപരിഹാരത്തിന് ശ്രീലങ്കയ്ക്കും അവകാശമുണ്ടെന്ന് ശ്രീലങ്ക ചൂണ്ടിക്കാട്ടി.

1979 ല്‍ മാര്‍ച്ചില്‍ അമേരിക്കയിലുണ്ടായി കാര്യമായ ഒരു ആണവാപകടം-ഐ.എ.ഇ.എ. സെ്കയിലില്‍ അഞ്ച് രേഖപ്പെടുത്തിയ ഒന്ന്. അതാണ് ത്രീ മൈല്‍ ഐലന്‍ഡ്. രൂപകല്പനയിലും നടത്തിപ്പിലും വന്ന പിഴവായിരുന്നു കാരണം. റിയാക്ടറിന്റെ കോര്‍ (കാമ്പ്) ഉരുകിപ്പോയി. ഏതായാലും ഇതിനുശേഷം പുതിയ നിലയങ്ങളൊന്നും അമേരിക്ക നിര്‍മിക്കുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തേ പണി തുടങ്ങിയ ഒന്ന് 2012 ല്‍ പൂര്‍ത്തിയാകും.

എങ്കിലും ആണവോര്‍ജം ഉപയോഗിച്ച് ഏറ്റവും വൈദ്യുതി ഉത്പാദിപ്പിക്കുന്ന രാജ്യം ഇന്ന് അമേരിക്കയാണ്. 30 കമ്പനികള്‍ പ്രവര്‍ത്തിപ്പിക്കുന്ന 104 നിലയങ്ങള്‍ അവര്‍ക്കുണ്ട്. മൊത്തം ഉത്പാദിപ്പിക്കുന്നത് 79,900 കോടി കിലോവാട്ട് അവര്‍ ഊര്‍ജം.

ഇന്ത്യയുടെ ആണവോര്‍ജ മോഹങ്ങള്‍ തെളിഞ്ഞുകത്താന്‍ തുടങ്ങിയത് ജോര്‍ജ് ബുഷിന്റെ കാലത്തെ ഇന്തോ-യു.എസ്. ആണവക്കരാറിനുശേഷമാണ്. ആണവ നിര്‍വ്യാപനക്കരാറിലെ എന്‍.പി.ടി.- സമഗ്ര പരീക്ഷണനിരോധ കരാറിലെ സി.ടി.ബി.ടി. ഒപ്പുവെക്കാതെ, ഇന്ത്യ അതിന്റെ ആണവശേഷി തെളിയിച്ച്, പൊഖ്‌റാന്‍ പരീക്ഷണങ്ങള്‍ നടത്തി ഉപരോധങ്ങള്‍ നേരിടുകയായിരുന്നുവല്ലോ.

ഡോ. മന്‍മോഹന്‍സിങ് ഇതിനെ ആണവ വിവേചനം (ന്യൂക്ലിയര്‍ അപ്പാര്‍ത്തീഡ്) എന്നാണ് വിളിച്ചത്. യുറേനിയം ലഭ്യതയും ഇന്ത്യയ്ക്ക് പ്രശ്‌നമായി. ജോര്‍ജ്ബുഷ് ജൂനിയറും പ്രധാനമന്ത്രി സിങ്ങും തമ്മില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അമേരിക്ക ഇന്ത്യയുമായി ആണവ വ്യാപാരം നടത്താന്‍തക്കവണ്ണം അവരുടെ നിയമങ്ങളില്‍ മാറ്റം വരുത്തിയത്-2006 ജൂലായിലായിരുന്നു ഇത്. 46 അംഗങ്ങളുള്ള എന്‍.എസ.്ജി. രാഷ്ട്രസമൂഹം (ആണവ ദാതാക്കളുടെ സംഘം) ഇന്ത്യയെ അംഗീകരിക്കാന്‍ മടിച്ചു. അന്താരാഷ്ട്ര നിര്‍വ്യാപനത്തില്‍ പങ്കാളിയല്ലാത്ത ഇന്ത്യയുമായി ഇടപെടുന്നതില്‍ കുറേ രാഷ്ട്രങ്ങള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. എന്നാല്‍ അമേരിക്കയുടെ സമ്മര്‍ദംകൊണ്ട് അവര്‍ എതിര്‍പ്പ് പിന്‍വലിക്കുകയും 2008-ല്‍ അന്താരാഷ്ട്ര ആണവകൊടുക്കല്‍ വാങ്ങലുകള്‍ക്ക് ഇന്ത്യയ്ക്ക ്‌വാതില്‍ തുറന്നുകിട്ടുകയും ചെയ്തു.

ആണവോര്‍ജം ഉപയോഗിക്കാന്‍ തീരുമാനിച്ച് ഉറച്ചിരുന്ന സ്ഥിതിക്ക് ഈ സംഭവിച്ചത് നല്ലതുതന്നെയായിരുന്നു. അല്ലെങ്കില്‍ ഞങ്ങള്‍ നല്ലതിനായാലും ചീത്തയ്ക്കായാലും ആണവോര്‍ജത്തിന്റെ കുഴപ്പങ്ങളിലേക്ക് ചാടാന്‍ തയ്യാറില്ല എന്നൊരു നിലപാട് ശ്രീബുദ്ധന്റെയും മഹാത്മജിയുടെയും രാജ്യം എടുക്കണമായിരുന്നു. അങ്ങനെ വേണമായിരുന്നുവെന്ന് ഇടതുപക്ഷവും പറഞ്ഞില്ല.

No comments:

Post a Comment

Search This Blog