Thursday 15 March 2012

മാര്‍ക്‌സിന്റെ രണ്ടാംവരവ്‌

പി.കെ.രാജശേഖരന്‍
മാര്‍ച്ച് 14- കമ്മ്യൂണിസ്റ്റ് ആചാര്യന്‍ കാറല്‍ മാര്‍ക്‌സ് ഓര്‍മയായിട്ട് 129 വര്‍ഷം.

പ്രവാസവും ഭ്രഷ്ടതയും ഹുവാന്‍ ഗൊയ്റ്റിസോളോയുടെ രക്തത്തില്‍ത്തന്നെ മുദ്രിതമാണ്. ജീവിച്ചിരിക്കുന്ന സ്​പാനിഷ് നോവലിസ്റ്റുകളില്‍ ഏറ്റവും പ്രശസ്തനെങ്കിലും ജന്മദേശമുപേക്ഷിച്ച് മറുനാട്ടില്‍ വസിക്കുന്ന ഗൊയ്റ്റിസോളോ അതുകൊണ്ടാവണം ഭ്രഷ്ടനും പ്രവാസിയുമായ തത്ത്വചിന്തകന്‍ കാറല്‍ മാര്‍ക്‌സിനെക്കുറിച്ച് നോവലെഴുതാന്‍ തീരുമാനിച്ചത്. ഏകാധിപതിയായ ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ തേര്‍വാഴ്ചയുടെ കാലത്ത് സ്‌പെയിനില്‍നിന്ന് സ്വയംഭ്രഷ്ടനായി ഫ്രാന്‍സിലേക്കു പോവുകയും ഇപ്പോള്‍ മൊറോക്കോയില്‍ ജീവിക്കുകയും ചെയ്യുന്ന ഗൊയ്റ്റിസോളോ ഭ്രഷ്ടപ്രവാചകനായ കാറല്‍ മാര്‍ക്‌സിന്റെ ജീവിതത്തെ തന്റെ സറീയലിസ്റ്റ് ഭാവനയിലേക്കു പകര്‍ത്തുമ്പോള്‍ നോവലിനെക്കുറിച്ച് നാം സങ്കല്പിച്ചുവെച്ചിട്ടുള്ളതൊക്കെയും ഉടഞ്ഞു താഴെവീഴുന്നു.

കാറല്‍ മാര്‍ക്‌സിന്റെ ജീവിതം മുന്‍നിര്‍ത്തി ഗൊയ്റ്റിസോളോ എഴുതിയ ദ മാര്‍ക്‌സ് ഫാമിലി സാഗ (Juan Goytisolo - 1993 - Eng. Tran. Peter Bush, City Lights Books, San Francisco, 1996) ഒരര്‍ഥത്തില്‍പോലും ജീവചരിത്രനോവലല്ല. അനായാസമായ വായനയ്ക്കു വഴങ്ങാന്‍ വിസമ്മതിക്കുന്ന ഈ സറീയലിസ്റ്റ് നോവല്‍ പുതിയ മുതലാളിത്ത ലോകക്രമത്തില്‍ മാര്‍ക്‌സ് തിരിച്ചുവന്നാല്‍ എന്തുചെയ്യുമെന്നു വന്യമായി ഭാവന ചെയ്യുന്നു. എന്നാല്‍ ഒരു ഭാവികഥയല്ല ഗൊയ്റ്റിസോളോ എഴുതുന്നത്. കാലപ്പൊരുത്തവും അനുക്രമതയും തെറ്റിക്കുന്ന ആഖ്യാനത്തിലൂടെ മാര്‍ക്‌സിസത്തിന്റെ രാഷ്ട്രീയപരീക്ഷണങ്ങള്‍ തകര്‍ന്നുവീണ സമകാലികലോകത്ത് ഭാര്യ ജെന്നിയും പെണ്‍മക്കളും വേലക്കാരിയുമടങ്ങുന്ന മാര്‍ക്‌സ് കുടുംബത്തിന്റെ ജീവിതവും മാര്‍ക്‌സിന്റെ ആശയാഭിലാഷങ്ങളും വായിക്കാനാണ് ഗൊയ്റ്റിസോളോയുടെ ശ്രമം. മാര്‍ക്‌സിന്റെ വീരകഥയല്ല, മാര്‍ക്‌സിനെ പരാജയപ്പെടുത്തിയ ലോകത്തെയാണ് വാക്യങ്ങളും ഖണ്ഡികകളും വിന്യസിക്കുന്നതില്‍പോലും ഭാവനയുടെ അക്രമാസക്തി പുലര്‍ത്തുന്ന മാര്‍ക്‌സ് ഫാമിലി സാഗയില്‍ നാം വായിക്കുന്നത്. മാര്‍ക്‌സിന്റെ ജീവിതത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠവിവരങ്ങള്‍ നോവലില്‍ തേടുന്ന വായനക്കാരെ 'ഫാമിലിസാഗ' നിരാശപ്പെടുത്തും. ഭൂരിപക്ഷം വായനക്കാരും അതാണു തേടുന്നതെന്നു പറയുന്ന പ്രസാധകനും അതിനു വിരുദ്ധമായി മാര്‍ക്‌സിന്റെ ജീവിതത്തെപ്പറ്റി നോവലെഴുതുന്ന (നാം വായിച്ചുകൊണ്ടിരിക്കുന്ന ഗൊയ്റ്റിസോളോയുടെ നോവല്‍പോലെ) നോവലിസ്റ്റും തമ്മിലുള്ള ഏറ്റുമുട്ടലാണ് മാര്‍ക്‌സ് ഫാമിലി സാഗയിലെ കഥാതന്തുക്കളിലൊന്ന്. പരേതനായ പ്രവാചകനെയും കുടുംബത്തെയും മാര്‍ക്‌സിസപരീക്ഷണാനന്തര ലോകത്തേക്കു കൂടുവിട്ടു കൂടുമാറ്റിക്കൊണ്ടുവന്ന് ആ സമത്വവാദപ്രത്യയശാസ്ത്രത്തെയും അതിന്റെ വര്‍ത്തമാനത്തെയും അപഗ്രഥിക്കുകയാണ് ഗൊയ്റ്റിസോളോ ചെയ്യുന്നത്, അരാജകമായ ഭാവനയുടെ ഒരു പരമാധികാര റിപ്പബ്ലിക്കില്‍ വെച്ച്.

ഒരു സറീയല്‍ ഫാന്റസിയാണ് ദ മാര്‍ക്‌സ് ഫാമിലി സാഗ. കാലാനുക്രമം തെറ്റിച്ച ആഖ്യാനത്തിലൂടെ കാറല്‍ മാര്‍ക്‌സിന്റെ ജീവിതത്തിന്റെ സാധ്യതകള്‍ ഭ്രമാത്മകമായി ഗൊയ്റ്റിസോളോ എഴുതുന്നു. സമകാലികലോകത്തേക്ക് മാര്‍ക്‌സ്, ഭാര്യ ജെന്നി ഫൊണ്‍ വെസ്റ്റ്ഫാലന്‍, പെണ്‍മക്കളായ ജെന്നി, ലോറ, എലിനോര്‍, വിശ്വസ്ത ഭൃത്യ ഹെലന്‍ ദെമൂത്ത് എന്നിവരെ പ്രതിഷ്ഠിച്ചുകൊണ്ടാണ് മാര്‍ക്‌സിന്റെ പില്ക്കാല ജീവിതസാധ്യതകള്‍ നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. ആദിമധ്യാന്തങ്ങളുള്ള ഒരു ജീവിതകഥയോ നാടകീയമായ സംഭവവികാസങ്ങളോ മാര്‍ക്‌സിസത്തെക്കുറിച്ചുള്ള ചര്‍ച്ചയോ ഇവിടെയില്ല. യൂറോപ്യന്‍ കമ്യൂണിസത്തിന്റെ അവസാനത്തെ ഇടങ്ങളിലൊന്നായിരുന്ന അല്‍ബേനിയയില്‍നിന്ന് ഒരു സംഘം അഭയാര്‍ഥികള്‍ ഇറ്റലിയിലെ തിരക്കേറിയ ഒരു കടലോരത്ത് ബോട്ടില്‍ വന്നടുക്കുന്ന ദൃശ്യം ടെലിവിഷനില്‍ കണ്ടുകൊണ്ടിരിക്കുന്ന മാര്‍ക്‌സ്‌കുടുംബത്തിന്റെ ചിത്രമവതരിപ്പിച്ചുകൊണ്ടാണ് ഫാമിലി സാഗയുടെ തുടക്കം. 19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന മാര്‍ക്‌സ് കുടുംബത്തെ ടെലിവിഷന്‍ എന്ന ബിംബത്തിലൂടെ നോവലിസ്റ്റ് കൊണ്ടുവരുന്നത് ആധുനികകാലത്തിലേക്കാണ്. വെറും ആധുനികകാലമല്ല, മാര്‍ക്‌സിന്റെ ആശയങ്ങള്‍ തകര്‍ന്നുതരിപ്പണമായിക്കഴിഞ്ഞ, സാര്‍വലൗകികസ്വകാര്യവത്കരണത്തിന്റെ പുതുകാലം. മാര്‍ക്‌സിന്റെ ചിന്തയെ ആധാരമാക്കിയുള്ള വ്യവസ്ഥകള്‍ പിരിച്ചുവിടപ്പെടുന്നതും മതിലുകളും കാവല്‍ഗോപുരങ്ങളും തകര്‍ന്നുവീഴുന്നതും പ്രതിമകള്‍ തകര്‍ക്കപ്പെടുന്നതും അവര്‍ ടി.വി.യിലും പത്രങ്ങളിലും കണ്ടു. ചരിത്രത്തിന്റെ പൊടുന്നനെയുള്ള ഗതിവേഗം മാര്‍ക്‌സിനെതിരെതന്നെ തിരിയുകയാണെന്ന് അവര്‍ മനസ്സിലാക്കി.

ഭ്രമാത്മകമായ ഈ തുടക്കത്തില്‍നിന്ന് കൂടുതല്‍ വിഭ്രമദൃശ്യങ്ങളിലേക്കാണ് ഗൊയ്റ്റിസോളോ വായനക്കാരെ കൊണ്ടുപോകുന്നത്. സുഘടിതമായ ഇതിവൃത്തത്തിനുപകരം സാധ്യതകളുടെ ഭ്രമദൃശ്യങ്ങള്‍ ആഖ്യാനത്തില്‍ വന്നുനിറയുന്നു. പാരീസില്‍ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിയോഗത്തില്‍ ആരാലും തിരിച്ചറിയപ്പെടാതെ ഡോ. മാര്‍ക്‌സ് പ്രസംഗിക്കുന്നു. സോവിയറ്റ് യൂണിയന്റെ തിരോധാനത്തിനു ശേഷമുള്ള മോസ്‌കോയില്‍ ലെനിന്‍ ടി ഷര്‍ട്ടുകളണിഞ്ഞു നടക്കുന്ന യുവാക്കളെ മാര്‍ക്‌സ് കാണുന്നു, സോഷ്യലിസ്റ്റ് റിയലിസത്തെ ആധാരമാക്കിയുള്ള ഒരു കലാപ്രദര്‍ശനത്തിലും പിന്നീട് ഒരു ടോക്‌ഷോയിലും മാര്‍ക്‌സ് പങ്കെടുക്കുന്നു-തന്റെ മരണത്തിനുശേഷമുള്ള ലോകത്തേക്കുള്ള മടങ്ങിവരവില്‍ തൊഴിലാളിവര്‍ഗസര്‍വാധിപത്യത്തിന്റെ പ്രവാചകന്‍ ചെന്നുപെടുന്നത് ഇത്തരം ഇടങ്ങളിലാണ്. മാര്‍ക്‌സിന്റെ ഇരുപതാംനൂറ്റാണ്ടിലെ വര്‍ത്തമാനകാലത്തേക്കും പത്തൊമ്പതാം നൂറ്റാണ്ടിലെ ഭൂതകാലത്തേക്കും നോവലിന്റെ ആഖ്യാനം ക്രമരഹിതമായി നീങ്ങുന്നു. ബ്രിട്ടീഷ് മ്യൂസിയത്തിലെ നിരന്തരമായ വായനകഴിഞ്ഞു മടങ്ങുന്ന മാര്‍ക്‌സ് ഒരു ജൂതദേവാലയത്തിന്റെ കാഴ്ചയിലൂടെ സ്വപ്‌നത്തില്‍ മുഴുകുന്നു. സ്വപ്‌നത്തില്‍ പ്രത്യക്ഷപ്പെട്ട (ബൈബിളിലെ) അബ്രഹാം മാര്‍ക്‌സിനെ കര്‍ക്കശമായി ചോദ്യം ചെയ്യുന്നു, ഭൂമിയെ നരകമാക്കി മാറ്റിയ മാര്‍ക്‌സ് ജൂതവംശജനായിട്ടും ജൂതവിരോധിയാണെന്നുവരെ അബ്രഹാം ആരോപിക്കുന്നു. തന്റെ സിദ്ധാന്തങ്ങള്‍ക്ക് വില നഷ്ടപ്പെട്ടിരിക്കുന്ന ഒരു ലോകത്തില്‍ നിഷ്‌കളങ്കനായി നില്ക്കുന്ന മാര്‍ക്‌സിന്റെ ചിത്രമാണ് നോവലിന്റെ ഒന്നാം ഭാഗത്തില്‍ ഗൊയ്റ്റിസോളോ അവതരിപ്പിക്കുന്നത്.

രണ്ടാം ഭാഗത്തിലെ മുഖ്യകഥാപാത്രങ്ങള്‍ മാര്‍ക്‌സിന്റെ ജീവിതത്തെ ആധാരമാക്കി നോവലെഴുതുന്ന ഒരു എഴുത്തുകാരനും അയാളുടെ പ്രസാധകനായ മിസ്റ്റര്‍ ഫോക്‌നറുമാണ്. നോവലിസ്റ്റ് സമര്‍പ്പിച്ച കൈയെഴുത്തുപ്രതിയെ ഫോക്‌നറും ഒപ്പമുള്ള കണ്‍സള്‍ട്ടന്റും നിശിതമായി വിമര്‍ശിക്കുന്നു. നാം വായിച്ചുകൊണ്ടിരിക്കുന്ന ദ മാര്‍ക്‌സ് ഫാമിലി സാഗ എന്ന നോവല്‍ തന്നെയാണ് ആ കൈയെഴുത്തുപ്രതി. സുഘടിതമായ ഇതിവൃത്തവും വസ്തുനിഷ്ഠവിവരങ്ങളും ഇല്ലാത്തതിന്റെ പേരിലും ചിഹ്നംപോലുമില്ലാത്ത നീണ്ട ഖണ്ഡികകളുടെ പേരിലും അവര്‍ നോവലിസ്റ്റിനെ ആക്രമിച്ചു. കമ്യൂണിസത്തിന്റെ തകര്‍ച്ചയ്ക്കുശേഷമുള്ളകാലത്ത് കാറല്‍ മാര്‍ക്‌സ് കടന്നുവന്നാല്‍ ഉണ്ടാകുന്ന സ്ഥിതിയെപ്പറ്റി നോവലെഴുതാമെന്ന നോവലിസ്റ്റിന്റെ ആശയം പ്രസാധകന്‍ സ്വീകരിച്ചത് അതൊരു ബെസ്റ്റ് സെല്ലര്‍ ആകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ വസ്തുനിഷ്ഠവിവരങ്ങള്‍ വെടിഞ്ഞ് ക്രമം തെറ്റിച്ച് ശിഥിലമായി മുന്നേറുന്ന ആ കൈയെഴുത്തുപ്രതി അയാളുടെ പ്രതീക്ഷ തകിടംമറിച്ചു. 'ഒരു കൃതി ഒരേസമയം ഭാവനാത്മകവും ജീവിതത്തോട് സത്യസന്ധവും നാടകീയവും ഹാസ്യാത്മകവും പ്രബോധനാത്മകവും ആകണ'മെന്നും അതാണ് താന്‍ നോവലിസ്റ്റില്‍നിന്ന് പ്രതീക്ഷിക്കുന്നതെന്നും 'നോവലിന്റെ രൂപത്തില്‍ ഒരു പുത്തന്‍ കണ്ടെത്തലാണ് വേണ്ടത്, അപഹാസ്യമായ കുറേ ശിഥിലചിത്രങ്ങളോ ഫാന്റസിയുടെ ജ്വരഭ്രാന്തമായ പ്രഹേളികയോ പൂര്‍ണമായും അസംബന്ധമായ രംഗങ്ങളോ അല്ലെ'ന്നും പ്രസാധകന്‍ തീര്‍ത്തുപറഞ്ഞു. കണ്‍സള്‍ട്ടന്റാകട്ടെ ഒരു പടികൂടി കടന്ന്, വസ്തുതകളില്ലെങ്കില്‍ കൈയെഴുത്തുപ്രതി സ്വീകരിക്കുന്ന പ്രശ്‌നമില്ലെന്ന് പ്രഖ്യാപിച്ചു.

ഈ തിരിച്ചടിയില്‍ വിവശനായ നോവലിസ്റ്റ് തനിക്ക് പ്രസാധകന്‍ തരുന്ന പ്രതിമാസവേതനം മുടങ്ങുമെന്ന ഭയത്താല്‍ മാര്‍ക്‌സിന്റെ വീടിനെയും ശാരീരികരീതിയെയുമൊക്കെക്കുറിച്ച് ബല്‍സാക്കിന്റെയും ഡിക്കിന്‍സിന്റെയും മട്ടില്‍ ഒരു പൊലീസ് റിപ്പോര്‍ട്ടിന്റെ നിലവാരത്തില്‍ കുറേ വിവരങ്ങള്‍ എഴുതിച്ചേര്‍ക്കാന്‍ തീരുമാനിച്ചു. മാര്‍ക്‌സിനെ നേരില്‍ കണ്ടിട്ടുള്ളവര്‍ എഴുതിയ വിവരങ്ങളെയാണ് അയാള്‍ ആശ്രയിച്ചത്. പണ്ട് ലണ്ടനിലെ വീട്ടില്‍ മാര്‍ക്‌സിനെ സന്ദര്‍ശിച്ച ഒരു പ്രഷ്യന്‍ ചാരന്‍ എഴുതിയ റിപ്പോര്‍ട്ട് അതേപടി ഉദ്ധരിച്ചുകൊണ്ടാണ് അയാള്‍ തന്റെ നോവലിന് വസ്തുനിഷ്ഠസ്വഭാവം നല്കാന്‍ ശ്രമിച്ചത്. പ്രസാധകനാകട്ടെ തന്റെ കണ്‍സള്‍ട്ടന്റിനൊപ്പം ലോസ് ആഞ്ജലിസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ ഫെമിനിസ്റ്റ് ശ്രീമതി ലെവിന്‍-സ്ട്രൗസിനെ (ക്ലോദ് ലെവിസ്‌ട്രോസിനെ ഓര്‍മ വരും) നോവലിസ്റ്റിനടുത്തേക്കയച്ചു. മാര്‍ക്‌സിന്റെ ഭാര്യ ജെന്നി അനുഭവിച്ച ക്ലേശങ്ങള്‍ എഴുതാത്തതിന്റെ പേരില്‍ നോവലിസ്റ്റിനെ ഫെമിനിസ്റ്റ് കശക്കിയെറിഞ്ഞു. സ്ത്രീകളുടെ കഷ്ടപ്പാട് കാണാത്ത പരമദുഷ്ടനായിരുന്നു മാര്‍ക്‌സ് എന്നായിരുന്നു ലെവിന്‍-സ്ട്രൗസിന്റെ വാദം. വേലക്കാരിയില്‍ തനിക്കുണ്ടായ മകളുടെ പിതൃത്വം ഏറ്റെടുക്കാന്‍ ധൈര്യം കാണിക്കാതെ അത് ഫ്രീഡ്‌റിഷ് എംഗല്‍സിനെ കൊണ്ടു ചുമപ്പിച്ച മാര്‍ക്‌സിനെ അവര്‍ തള്ളിപ്പറഞ്ഞു. തന്റെ മഹത്തായ സൃഷ്ടിക്കുവേണ്ടി ജെന്നിയുടെയും ഹെലന്‍ ദെമൂത്തിന്റെയും ജീവിതം ബലിയര്‍പ്പിച്ച മാന്യനെ ആദര്‍ശവത്കരിക്കുന്നതാണ് ആ നോവലെന്നും അവര്‍ പ്രഖ്യാപിച്ചതോടെ നോവലിസ്റ്റ് ആശയക്കുഴപ്പത്തിലായി. ആ സാധ്യതകളെല്ലാം തേടാനായി അയാള്‍ മാര്‍ക്‌സിന്റെ ജീവിതത്തെ വീണ്ടും ആവിഷ്‌കരിക്കാന്‍ ശ്രമിച്ചു. താന്‍ എഴുതിയത് കൂടുതല്‍ ക്രമരഹിതവും അയുക്തികവും ഭ്രമാത്മകവുമാകുന്നതിലേക്കാണ് ആ യത്‌നം അയാളെ എത്തിച്ചത്. അതോടെ പ്രസാധകന്‍ അന്ത്യശാസനം നല്കി. അവസാന അധ്യായത്തില്‍ നാടകീയമായ കുടുംബരംഗങ്ങള്‍ ഉള്‍പ്പെടുത്തി 'ആക്ഷന്‍ പാക്ക്ഡ്' ആക്കിയില്ലെങ്കില്‍ പ്രതിമാസവേതനം നിര്‍ത്തുമെന്ന് അയാള്‍ ഭീഷണിപ്പെടുത്തി. ആ വഴിക്കായി നോവലിസ്റ്റിന്റെ അടുത്ത യജ്ഞം.

നോവലിന്റെ മൂന്നാംഭാഗം തുടങ്ങുന്നത് നോവലിസ്റ്റിന് മാര്‍ക്‌സ് കുടുംബത്തില്‍നിന്ന് ഒരു വിരുന്നില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചുകൊണ്ടുള്ള കത്തു കിട്ടുന്നിടത്താണ്. അങ്ങനെ അയാള്‍ മാര്‍ക്‌സിന്റെ നാടകീയമായ കുടുംബവൃത്താന്തത്തിലേക്ക് പ്രവേശിക്കുന്നു. അയാള്‍ മാര്‍ക്‌സ് ഭവനത്തില്‍ കാണുന്നത് ഒരു ചലച്ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നതായാണ്. അതിഭാവുകമായ ഒരു ഫാമിലി ഡ്രാമയുടെ ചിത്രീകരണം. മാര്‍ക്‌സിന്റെ മൂന്നു പെണ്‍മക്കളുടെ വിവാഹബന്ധങ്ങളും ജീവിതവുമൊക്കെ നോവലിസ്റ്റ് മനസ്സിലാക്കുന്നു. തുടര്‍ന്ന് മാര്‍ക്‌സിനെക്കുറിച്ചുള്ള ഒരു ടോക്ക് ഷോയാണ് നോവലിസ്റ്റ് അവതരിപ്പിക്കുന്നത്. നോവല്‍ അവസാനിക്കുമ്പോള്‍ മാര്‍ക്‌സിന്റെ ശവകുടീരം സ്ഥിതിചെയ്യുന്ന ലണ്ടനിലെ ഹൈഗേറ്റ് ശ്മശാനത്തില്‍ നോവലിസ്റ്റ് എത്തിച്ചേരുന്നു, മാര്‍ക്‌സിന്റെ വിശ്വസ്തയായ ഭൃത്യ (വെപ്പാട്ടിയും) ഹെലന്‍ ദെമൂത് എന്ന ലെന്‍ഷെനെ അവിടെ നോവലിസ്റ്റ് കാണുന്നു. മാര്‍ക്‌സ് കുടുംബവുമായുള്ള തന്റെ ബന്ധം ലെന്‍ഷെന്‍ വിവരിക്കുന്നു. ആ ഭാഗംകൂടി എഴുതി തന്റെ മാര്‍ക്‌സ് കുടുംബപുരാണം പൂര്‍ത്തിയാക്കുന്ന നോവലിസ്റ്റിന് പ്രസാധകനില്‍നിന്നു കിട്ടുന്ന സന്ദേശത്തിലാണ് നോവല്‍ അവസാനിക്കുന്നത്. ദ മാര്‍ക്‌സ് ഫാമിലി സാഗ എന്ന നോവല്‍ ഒരിക്കലും എഴുതേണ്ടതില്ല എന്നതായിരുന്നു ആ സന്ദേശം.

മാര്‍ക്‌സിനെക്കുറിച്ചുള്ള നോവല്‍ ഒരിക്കലും വേണ്ടെന്നു പറയുന്ന ലോകത്താല്‍ പരാജിതനാക്കപ്പെട്ട ഈ നോവലിസ്റ്റിലൂടെയും അയാള്‍ എഴുതിയ ഒരിക്കലും പ്രസിദ്ധീകരിക്കപ്പെടാന്‍ പോകുന്നില്ലാത്ത കൃതിയിലൂടെയും ഹുവാന്‍ ഗൊയ്റ്റിസോളോ മാര്‍ക്‌സിന്റെ ജീവിതവും വിധിയും അപരിചിതമായ ഒരു ആഖ്യാനപ്രകാരത്തില്‍ അവതരിപ്പിക്കുകയാണു ചെയ്യുന്നത്. എല്ലാം വാണിജ്യവത്കരിക്കപ്പെടുകയും എന്തിനും വിനോദമൂല്യംമാത്രം മതിയെന്നു ശഠിക്കുകയും ചെയ്യുന്ന സ്വതന്ത്രകമ്പോളത്തിന്റെ ഉത്സവകാലത്ത് മാര്‍ക്‌സിനെ ആര്‍ക്കുവേണമെന്ന് ഖേദത്തോടെ ഗൊയ്റ്റിസോളോ ചോദിക്കുന്നു. പരാജയപ്പെട്ട ആ ഭ്രഷ്ടപ്രവാചകനോടുള്ള ഖേദവും പ്രിയവും ആവിഷ്‌കരിക്കാന്‍ കമ്പോളപ്രിയമായ നോവലിന്റെ നിയമാവലിതന്നെ ഗൊയ്റ്റിസോളോ ലംഘിക്കുന്നു. യൂറോപ്പിനെ തന്റെ ജീവിതംകൊണ്ട് തിരസ്‌കരിച്ച് ആഫ്രിക്കയിലേക്കും ഇസ്‌ലാമികസംസ്‌കാരത്തിന്റെ തണലിലേക്കും കുടിയേറിയ ഗൊയ്റ്റിസോളോ തന്റെ പ്രതിഷേധവും കലാപവും പ്രകടിപ്പിക്കാന്‍ നിഷേധത്തിന്റെയും വിപരീതോക്തിയുടെയും ഭാഷയാണ് ഉപയോഗിക്കുന്നത്. ഹൃദയത്തില്‍ മാര്‍ക്‌സിനെ സ്‌നേഹിച്ചുകൊണ്ട് അദ്ദേഹത്തിന്റെ ദര്‍ശനലോകത്തിനു സംഭവിച്ച വൈപരീത്യം തകര്‍ന്നുടഞ്ഞ ഒരു നഗരംപോലെ ഗൊയ്റ്റിസോളോ ആവിഷ്‌കരിക്കുന്നു.
യൂറോപ്യന്‍ റിയലിസത്തോടു മാത്രമല്ല പാരമ്പര്യത്തോടും സമൂഹത്തോടുമെല്ലാം തെറ്റിപ്പിരിഞ്ഞ വ്യക്തിത്വമാണ് ഹുവാന്‍ ഗൊയ്റ്റിസോളോയുടേത്. 'ഞാന്‍ സ്​പാനിഷ് സംസ്‌കാരത്തെ സ്‌നേഹിക്കുന്നു, സ്​പാനിഷ്‌സമൂഹത്തെ വെറുക്കുകയും ചെയ്യുന്നു, എനിക്കവിടെ ജീവിക്കാന്‍ കഴിയില്ല' എന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ഗൊയ്റ്റിസോളോ മൊറോക്കോയിലേക്കു സ്വയം ഭ്രഷ്ടനായത്. ബാഴ്‌സലോണയില്‍ ജനിച്ച (1931) ഗൊയ്റ്റിസോളോ സ്​പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ ഇരയായിരുന്നു. ജനറല്‍ ഫ്രാങ്കോയുടെ റിപ്പബ്ലിക്കന്‍ സൈന്യം വര്‍ഷിച്ച ബോംബുകള്‍ ചെറുപ്പത്തില്‍ത്തന്നെ ഗൊയ്റ്റിസോളോക്ക് അമ്മയെ നഷ്ടമാക്കി. അച്ഛനെ ഫ്രാങ്കോ തടവുകാരനാക്കുകയും ചെയ്തു. ഫ്രാങ്കോയുടെ മരണംവരെ ഗൊയ്റ്റിസോളോയുടെ എല്ലാ കൃതികളും സ്‌പെയിനില്‍ നിരോധിക്കപ്പെട്ടിരുന്നു. 1956 മുതല്‍ പാരീസില്‍ ജീവിക്കാന്‍ തുടങ്ങിയ അദ്ദേഹം വിവാഹം കഴിച്ചത് മാര്‍സല്‍ പ്രൂസ്തിന്റെയും ഹെന്റി ബെര്‍ഗ്‌സന്റെയും ബന്ധുവും എഴുത്തുകാരിയുമായ മോണിക് ലാങ്ങിനെയാണ്. 1996-ല്‍ അവര്‍ മരിച്ചതോടെയാണ് ഗൊയ്റ്റിസോളോ മൊറോക്കോയിലേക്കു ചേക്കേറിയത്. (സ്വവര്‍ഗാനുരാഗത്തിന് അവിടെയുള്ള സ്വീകാര്യതയും അതിനൊരു കാരണമായിരുന്നു) പാശ്ചാത്യമുതലാളിത്തത്തിന്റെ സമസ്തരൂപങ്ങളെയും തിരസ്‌കരിക്കുന്ന ഗൊയ്റ്റിസോളോ തന്റെ അതിസമൃദ്ധമായ രചനാജീവിതത്തെ ഭാവനയുടെ അരാജകത്വംകൊണ്ട് നിറയ്ക്കുന്നു. യാഥാതഥ്യത്തിന്റെ നേരിയ ലാഞ്ഛനപോലും അനുവദിക്കാതെ ഫാന്റസിയിലേക്കും ആഖ്യാനശൈഥില്യത്തിലേക്കും നീങ്ങുന്നു. വിലാപമോ ഗൃഹാതുരത്വമോ ആ രചനാലോകത്തില്ല. മാര്‍ക്‌സിനുവേണ്ടി ഗൊയ്റ്റിസോളോ ദുഃഖിക്കാത്തതും അതുകൊണ്ടാണ്. എഴുത്ത് എല്ലാ വ്യവസ്ഥകളുടെയും തിരസ്‌കാരമാണ് ഗൊയ്റ്റിസോളോക്ക്. വ്യവസ്ഥാപിതത്വത്തിന്റെ തിരസ്‌കാരത്തിനുള്ള ഏറ്റവും ശക്തമായ ദര്‍ശനം അവതരിപ്പിച്ച കാറല്‍ മാര്‍ക്‌സിനെ അദ്ദേഹം തന്റെ വന്യഭാവനകൊണ്ട് പിന്തുടര്‍ന്നതും അതുകൊണ്ടുതന്നെ.

(മാതൃഭൂമി ബുക്‌സ പ്രസിദ്ധീകരിച്ച പി.കെ.രാജശേഖരന്റെ നരകത്തിന്റെ ഭൂപടം എന്ന പുസ്തകത്തില്‍ നിന്ന്)

No comments:

Post a Comment

Search This Blog