Tuesday 8 May 2012

ലെനിനെ സ്റ്റാലിന്‍ വിഷംകൊടുത്തു കൊന്നതാവാമെന്ന് റിപ്പോര്‍ട്ട്‌



ലണ്ടന്‍: റഷ്യന്‍ കമ്യൂണിസത്തിന്റെ പിതാവായ വഌദിമിര്‍ ലെനിനെ രാഷ്ട്രീയപിന്‍ഗാമി ജോസഫ് സ്റ്റാലിന്‍ വിഷംകൊടുത്തുകൊന്നതാവാമെന്ന് റിപ്പോര്‍ട്ട്. ലെനിന്റെ മരണത്തെപ്പറ്റി ഗവേഷണം നടത്തിയ റഷ്യന്‍ ചരിത്രകാരന്‍ ലെവ് ലൂറിയെ ഉദ്ധരിച്ച് ബ്രിട്ടീഷ് പത്രമായ 'ഡെയ്‌ലി മിറര്‍' ആണ് ഇങ്ങനെ റിപ്പോര്‍ട്ട് ചെയ്തത്.

സ്റ്റാലിന്റെ രാഷ്ട്രീയവളര്‍ച്ചയ്ക്ക് ആദ്യം പിന്തുണ നല്‍കിയ ലെനിന്‍ പിന്നീട് നിലപാട് മാറ്റിയിരുന്നതായി ലെവ് ലൂറി പറയുന്നു. സ്റ്റാലിന്റെ ഉള്‍പ്പാര്‍ട്ടി എതിരാളിയായിരുന്ന ലിയോണ്‍ ട്രോട്‌സ്‌കിയോടാണ് ലെനിന്‍ അവസാനകാലത്ത് ആഭിമുഖ്യം കാണിച്ചിരുന്നത്. ഇക്കാരണത്താല്‍ അദ്ദേഹത്തെ സ്റ്റാലിന്‍ വിഷം കൊടുത്തുകൊന്നതാവാനിടയുണ്ട്. എതിരാളികളെ ഒടുക്കുന്നതിനുള്ള സ്റ്റാലിന്റെ പതിവുരീതിയായി ഇത് പില്‍ക്കാലത്ത് മാറിയതും ലെവ് ലൂറി ചൂണ്ടിക്കാട്ടി.

അവസാനകാലത്ത് മസ്തിഷ്‌കാഘാതങ്ങള്‍ തുടരെയുണ്ടായി ആരോഗ്യം തകര്‍ന്ന അവസ്ഥയിലായിരുന്നു ലെനിന്‍. എന്നാല്‍, ഇക്കാലത്ത് പറഞ്ഞുകൊടുത്ത് എഴുതിച്ച കുറിപ്പുകളില്‍ സ്റ്റാലിനെതിരായ രൂക്ഷവിമര്‍ശനങ്ങളുള്ളതായി ലൂറിയെ ഉദ്ധരിച്ചുള്ള പത്രറിപ്പോര്‍ട്ടില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി ജനറല്‍സെക്രട്ടറിസ്ഥാനത്തുനിന്ന് സ്റ്റാലിനെ പുറത്താക്കണമെന്ന നിര്‍ദേശംപോലും ഒരു കുറിപ്പിലുണ്ട്.

ലെനിന്റെ ശരീരം ഇപ്പോഴും കേടുകൂടാതെ സൂക്ഷിച്ചിട്ടുള്ളതിനാല്‍, വിഷം ഉള്ളില്‍ച്ചെന്നാണോ അദ്ദേഹം മരിച്ചതെന്ന കാര്യം സ്ഥിരീകരിക്കാന്‍ പരിശോധന നടത്താവുന്നതേയുള്ളൂവെന്നും ലെവ് ലൂറി പറഞ്ഞു.

യു.എസ്സിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ന്യൂറോളജിസ്റ്റ് ഡോ. ഹാരി വിന്‍േറഴ്‌സിനൊപ്പമാണ് ലെനിനെ സംബന്ധിച്ച രേഖകള്‍ ലൂറി പരിശോധിച്ചത്. പോസ്റ്റുമോര്‍ട്ടം പരിശോധനയുടെ രേഖകളും പഠിച്ചിരുന്നു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നറിയാനുള്ള ടെസ്റ്റുകള്‍ ലെനിന്റെ മൃതദേഹപരിശോധനയുടെ ഭാഗമായി നടന്നിട്ടില്ലെന്ന് ഡോ. വിന്‍േറഴ്‌സ് വ്യക്തമാക്കി. എന്നാല്‍, ലെനിന്‍ മരിച്ചത് വിഷം ഉള്ളില്‍ ചെന്നല്ലെന്ന നിഗമനത്തിലാണ് വിന്‍േറഴ്‌സ്. മാനസികപിരിമുറുക്കംപോലുള്ള കാരണങ്ങളിലേക്കാണ് അദ്ദേഹം വിരല്‍ചൂണ്ടുന്നത്.

ലെനിന്‍ മരിച്ചത് ലൈംഗികരോഗമായ സിഫിലിസ് ബാധിച്ചാണെന്നാണ് പൊതുവില്‍ പ്രചാരത്തിലുള്ള 'കഥ'.

No comments:

Post a Comment

Search This Blog