Tuesday, 1 July 2014

ഒന്നാം പാര്‍ലമെന്റ ് തിരഞ്ഞെടുപ്പിന്റെ ഓ ര്‍മകളുമായി



പതിനാറാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് തീര്‍ന്നു. ഇത്തവണയും പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ പ്രചാരണത്തിന് എത്തിയിരുന്നു. 1951-52ല്‍ നടന്ന ആദ്യപാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്താണ് ദേശീയ നേതാക്കള്‍ പ്രചാരണത്തിന് ആദ്യമായി എത്തിയതെന്ന് അനന്തപുരിയിലെ പഴമക്കാര്‍ ഓര്‍ക്കുന്നു. അന്ന് തിരുവനന്തപുരം, തിരുകൊച്ചി സംസ്ഥാനത്തിന്റെ തലസ്ഥാനമായിരുന്നു. ഗവര്‍ണര്‍ക്ക് തുല്യപദവിയുള്ള രാജപ്രമുഖനായിരുന്നു ശ്രീ ചിത്തിരതിരുനാള്‍ ബാലരാമവര്‍മ മഹാരാജാവ്. അന്ന് ജനാധിപത്യ സര്‍ക്കാരായിരുന്നു സെക്രട്ടേറിയറ്റില്‍ ഭരണം നടത്തിയിരുന്നത്.
1947 ആഗസ്ത് 15ന് സ്വാതന്ത്ര്യലബ്ധിക്കുശേഷം ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടത്തിയ 1951-52 വരെ അനന്തപുരി മഹത്തായ എത്രയോ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായി.

ആദ്യത്തെ പ്രായപൂര്‍ത്തിവോട്ടെടുപ്പ്, സ്വതന്ത്ര്യ ഇന്ത്യയിലെ ആദ്യത്തെ ഗവര്‍ണര്‍ ജനറല്‍ മൗണ്ട്ബാറ്റന്‍ പ്രഭുവിന്റെയും ആദ്യത്തെ ഇന്ത്യക്കാരനായ ഗവര്‍ണര്‍ ജനറല്‍ സി. രാജഗോപാലാചാരിയുടെയും ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആദ്യത്തെ രാഷ്ട്രപതി ഡോ. രാജേന്ദ്രപ്രസാദിന്റെയുമെല്ലാം സന്ദര്‍ശനം എന്നിവ ഇതില്‍ ചിലതുമാത്രം. 1951 ആയപ്പോഴേയ്ക്കും സ്വാതന്ത്ര്യത്തിന്റെ കുളിര്‍കാറ്റ് എല്ലാമേഖലയിലേക്കും വീശിത്തുടങ്ങി. എന്നാല്‍, അപ്പോഴും ജനങ്ങളില്‍ ഒരു സ്വപ്നം അവശേഷിച്ചു. അത് തിരുകൊച്ചിയോട് മലബാര്‍ കൂട്ടിച്ചേര്‍ത്തുള്ള 'െഎക്യകേരള' രൂപവത്കരണമായിരുന്നു. അതിനുള്ള ആവശ്യം ശക്തിപ്പെടുന്നതിനിടയിലാണ് ഒന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് നടന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ ഭരണസംവിധാനത്തിനുള്ള ആ തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിച്ചത് ഇലക്ഷന്‍ കമ്മീഷണര്‍ സുകുമാര്‍ സെന്‍ എന്ന ശക്തനായ ഉദ്യോഗസ്ഥനായിരുന്നു.

ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്താണ് ദേശീയ നേതാക്കളെ ജനങ്ങള്‍ക്ക് കണ്‍കുളിരെ കാണാന്‍ കഴിഞ്ഞത്. പത്രങ്ങളും റേഡിയോയുമെല്ലാം ആയിരുന്നു അന്നത്തെ വാര്‍ത്താമാധ്യമങ്ങള്‍. ജനങ്ങളുടെ ഇടയില്‍ വാര്‍ത്തകള്‍ എത്തിക്കുന്ന പ്രധാന മാധ്യമം പത്രങ്ങള്‍ തന്നെയായിരുന്നു. േറഡിയോ ചുരുക്കം കടകളിലും വീടുകളിലുമേ ഉണ്ടായിരുന്നുള്ളൂ. ടിന്ന് വളച്ച് കോളാമ്പിയാക്കി അതിലൂടെ നേതാക്കള്‍ പ്രസംഗിക്കുന്നത്, ഒന്നാം പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് കാലമായപ്പോള്‍ മാറ്റംവന്നു. ഡീസലോ പെട്രോളോ ഉപയോഗിച്ച് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത് വ്യാപകമായി. എന്നാല്‍, ഉന്നതനേതാക്കള്‍ എത്തുമ്പോഴായിരുന്നു ഉച്ചഭാഷിണി ഉണ്ടായിരുന്നത്. അക്കാലത്ത് കളക്ടര്‍മാര്‍ ശക്തന്മാരായിരുന്നു. ഇലക്ഷന്‍ കമ്മീഷണറുടെ നിര്‍ദേശങ്ങള്‍ പത്രങ്ങള്‍വഴിയും നോട്ടീസുവഴിയും ജനങ്ങളിലെത്തിച്ചിരുന്നത് അവര്‍ ആയിരുന്നു.

ദേശീയ നേതാക്കള്‍ പ്രസംഗിക്കാന്‍ എത്തുന്ന വിവരം അറിഞ്ഞാല്‍ പാര്‍ട്ടിഭേദമന്യേ ജനങ്ങള്‍ തടിച്ചുകൂടുമായിരുന്നു.

സൗമ്യവും ദീപ്തവുമായിരുന്നു ദേശീയ നേതാക്കള്‍ മുതല്‍ പ്രാദേശിക നേതാക്കള്‍ വരെയുള്ളവരുടെ പ്രസംഗങ്ങള്‍. അതേസമയം അഴിമതി ആരോപണങ്ങളെയും ഭരണത്തിന്റെ വീഴ്ചകെളയുംപ്പറ്റിയുമെല്ലാം അന്നും നേതാക്കള്‍ പ്രസംഗിക്കുമായിരുന്നു. പക്ഷെ അതിനെല്ലാം ഒരു പരിധി ഉണ്ടായിരുന്നു. ദേശീയ നേതാക്കളായ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവും സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവായ ജയപ്രകാശ് നാരായണനും പ്രസംഗങ്ങളിലൂടെ പലപ്രാവശ്യവും ഏറ്റുമുട്ടിയിട്ടുള്ള കാര്യം രാഷ്ട്രീയരംഗത്തെ കാരണവരായ പി. വിശ്വംഭരന്‍ ഓര്‍ക്കുന്നു. ഒരിക്കല്‍ ഇന്ത്യന്‍നാഷണല്‍ കോണ്‍ഗ്രസ് യഥാസ്ഥിതികരുടെ പാര്‍ട്ടി ആണെന്നും വില്‍സ്റ്റണ്‍ചര്‍ച്ചില്‍ അതിന്റെ നേതാവാണെന്നും ജയപ്രകാശ് നാരായണന്‍ പ്രസംഗിച്ച രംഗം വിശ്വംഭരന്‍ ഓര്‍ക്കുന്നു. ഈ വിവരം പിന്നീട് പത്രലേഖകര്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ അദ്ദേഹം അങ്ങനെ പറഞ്ഞോ എന്ന് തിരിച്ചുചോദിക്കുക മാത്രമേ ഉത്തരം നല്‍കിയുള്ളു.

സോഷ്യലിസ്റ്റ് പാര്‍ട്ടി നേതാവ് ജയപ്രകാശ് നാരായണന് ആദ്യകാലത്തുതന്നെ തിരുവനന്തപുരത്ത് ധാരാളം ചെറുപ്പക്കാര്‍ ആരാധകരായിരുന്നു. ജുബ്ബാ രാമകൃഷ്ണപിള്ള, മഹാകവി കുമാരനാശാന്റെ മകന്‍ പ്രഭാകരന്‍, പി.പി. വിത്സന്‍, പി. വിശ്വംഭരന്‍ തുടങ്ങിയവര്‍ ഇതില്‍പ്പെടുന്നു. അവരാണ് സോഷ്യലിസ്റ്റ് ഘടകത്തിന് അനന്തപുരിയില്‍ തുടക്കംകുറിച്ചതെന്ന് പറയാം. പിന്നീട് പട്ടം താണുപിള്ള തുടങ്ങിയ ഉന്നത നേതാക്കള്‍ എത്തിയതോടെ ആ പാര്‍ട്ടി ശക്തമായി. 1951ല്‍ കോണ്‍ഗ്രസ്സില്‍നിന്നും തെറ്റിപ്പിരിഞ്ഞ ആചാര്യ കൃപലാനി കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടി (കെ.എം.പി.പി.) ഉണ്ടാക്കി. മലബാറില്‍ കെ. കേളപ്പന്‍ ഉള്‍പ്പടെ അതില്‍ അംഗമായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെ.എം.പി.പിയുമായി സംഖ്യം ഉണ്ടാക്കിയതോടെ അവര്‍ അവിടെ വലിയ ശക്തിയായി. 1951-1952ലെ ആദ്യത്തെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുകൊച്ചിയില്‍ നിന്നും കോണ്‍ഗ്രസ്സിന് ആറും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് രണ്ടും ആര്‍.എസ്.പിക്ക് ഒന്നും ട്രാവന്‍കൂര്‍ തമിഴ്‌നാട് കോണ്‍ഗ്രസിന് ഒന്നും സ്വതന്ത്രന്മാര്‍ക്ക് രണ്ടും സീറ്റ് ലഭിച്ചു.

1952 മെയ്മാസം മുംബൈയില്‍ ചേര്‍ന്ന ജയപ്രകാശിന്റെ സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെയും കൃപലാനിയുടെ കിസാന്‍ മസ്ദൂര്‍ പ്രജാപാര്‍ട്ടിയുടെയും സമ്മേളനം പുതിയ പാര്‍ട്ടിക്ക് രൂപംനല്‍കി. അതാണ് പ്രജാസോഷ്യലിസ്റ്റ് പാര്‍ട്ടി അഥവാ പി.എസ്.പി. അങ്ങനെ കോണ്‍ഗ്രസിന് ബദലായി പുതിയ പാര്‍ട്ടി ഉണ്ടായി. ഇന്ന് 16ാം ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുമ്പോള്‍ പി.എസ്.പി. തിരഞ്ഞെടുപ്പ് ചിത്രത്തിലില്ല.
കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും േസാഷ്യലിസ്റ്റ് പാര്‍ട്ടികളും പലതാണ്. കേന്ദ്രമന്ത്രിസഭയില്‍ നിന്നും രാജിവെച്ച് ശ്യാമപ്രസാദ് മുക്കര്‍ജി സ്ഥാപിച്ച ഭാരതീയ ജനസംഘം ഇന്ന് ബി.ജെ.പിയാണ്.

No comments:

Post a Comment

Search This Blog