Tuesday 26 May 2015

മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ച ഒരു യുദ്ധചിത്രം

മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കാന്‍ മടിച്ച ഒരു യുദ്ധചിത്രം
രമ്യ ഹരികുമാര്‍

കത്തിയെരിഞ്ഞ ട്രക്കിന്റെ വിന്‍ഡ്ഷീല്‍ഡിന്റെ വശങ്ങളിലേക്ക് കൈകള്‍ നീട്ടിപ്പിടിച്ച്, പല്ലിളിച്ചുകാട്ടി, കത്തിതീര്‍ന്ന കണ്ണുകളിലൂടെ ഇറാഖി സൈനികന്‍ ഇന്നും ലോകത്തെ തുറിച്ച് നോക്കുകയാണ്. യുദ്ധത്തിന്റെ ഭീകരതയും അതിനുവേണ്ടി ജീവന്‍ ഹോമിക്കേണ്ടി വരുന്ന സൈനികന്റെ നിസ്സഹായതയും ആ മുഖത്ത് വ്യക്തം. അഗ്നിജ്വാലകള്‍ വിഴുങ്ങിയ ട്രക്കില്‍ നിന്നും വെന്ത് ചാരമായിക്കൊണ്ടിരിക്കുന്ന സ്വന്തം ശരീരം പുറത്തേക്ക് വലിച്ചിടാനുള്ള ശ്രമത്തിനിടയിലാണ് സൈനികന് സ്വന്തം ജീവന്‍ നഷ്ടമാകുന്നത്.

ലോകം കണ്ട ആദ്യ ഗള്‍ഫ് യുദ്ധത്തില്‍ അമേരിക്കയ്‌ക്കെതിരെ പോരാടിയിരുന്ന സദ്ദാം ഹുസൈന്റെ അനേകം സൈനികരില്‍ ഒരാളായിരുന്നു അയാളും. അയാള്‍ക്ക് തീര്‍ച്ചയായും ഒരു പേരുണ്ടായിരുന്നു. ഒരു സൈനികന് ഉണ്ടായിരിക്കേണ്ട എല്ലാ ശാരീരിക യോഗ്യതകളും തികഞ്ഞ, സൈനികപദവിയുള്ള, ഭരണാധികാരിയുടെ ആജ്ഞകളെ ശിരസ്സാവഹിക്കുന്ന, സൈനികനായിരുന്നിരിക്കണം അയാളും. ഏതായാലും ഒന്നുറപ്പാണ് ജീവന് മറ്റെന്തിനേക്കാളും വില കല്‍പ്പിക്കുന്ന ഒരു സാധാരണ മനുഷ്യനായിരുന്നു അയാള്‍. ശത്രുവിനെതിരെ മരണം വരെ പോരാടുന്ന സൈനികന്റെ അതേ മനോഭാവത്തോടെ മരണത്തോട് മല്ലടിച്ച് കത്തിയമരുന്ന ട്രക്കില്‍ നിന്നും പുറത്തുകടക്കാന്‍ ജീവന്‍ വേര്‍പെടുന്ന നിമിഷം വരെ അയാള്‍ പരിശ്രമിച്ചിരുന്നത് അതുകൊണ്ടാണ്.

1991 ഫെബ്രുവരി 28-നാണ് ജീവനോടെ അഗ്നിക്കിരയായി മരണപ്പെട്ട ഇറാഖി സൈനികന്‍ കെന്നത്ത് ജറെക്കിന്റെ Canon E-OS-1ക്യാമറയില്‍ പതിയുന്നത്. ഈ ഒരൊറ്റ ചിത്രത്തിലൂടെ യുദ്ധത്തെ കുറിച്ചുള്ള ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുന്നത് കാത്തിരുന്ന കെന്നത്തിനെ നിരാശനാക്കി ചിത്രം പ്രസിദ്ധീകരിക്കുന്നതില്‍ നിന്നും വിലക്കുകയാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ ചെയ്തത്. പല അമേരിക്കന്‍ മാധ്യമങ്ങളുടേയും ഡെസ്‌ക്കില്‍ പോലുമെത്താതെ ചിത്രം ഇരുട്ടിലെറിയപ്പെട്ടു. ജനത്തെ പരിഭ്രാന്തരാക്കാനിടയുള്ള വിധം ശക്തമാണ് ആ ചിത്രം എന്നതായിരുന്നു ചിത്രത്തെ തഴഞ്ഞതിന്റെ പിറകിലുളള പ്രധാന കാരണം.

ഗള്‍ഫ് യുദ്ധകാലത്ത് അമേരിക്കന്‍ പ്രതിരോധവകുപ്പ് വിഭാവനം ചെയ്ത പൂള്‍ സിസ്റ്റത്തിലൂടെയാണ് യുദ്ധത്തെ സംബന്ധിക്കുന്ന വാര്‍ത്തകളും ചിത്രങ്ങളും മാധ്യമങ്ങള്‍ ശേഖരിച്ചിരുന്നത്. വിവിധ പ്രസ്, റേഡിയോ, ടിവി, റിപ്പോര്‍ട്ടര്‍മാരും ഫോട്ടോ ജേര്‍ണലിസ്റ്റുകളും ക്യാമറമേന്‍മാരും ഉള്‍പ്പെട്ട സംഘത്തെ ചെറിയ ടീമുകളായി തിരിച്ച് ഒരു പബ്ലിക് അഫയേഴ്‌സ് ഓഫീസറുടെ നേതൃത്വത്തില്‍ യുദ്ധഭൂമിയിലേക്കയച്ചായിരുന്നു യുദ്ധത്തിന്റെ കവറേജ് അമേരിക്ക നടത്തിയിരുന്നത്. ഈ പൂള്‍ സംവിധാനത്തിലൂടെ ശേഖരിക്കപ്പെടുന്ന ചിത്രങ്ങളെല്ലാം വേര്‍തിരിവില്ലാതെ ഇതില്‍ അംഗമായിട്ടുള്ള എല്ലാ മാധ്യമങ്ങള്‍ക്കും ഉപയോഗിക്കുന്നതിനും വ്യവസ്ഥയുണ്ടായിരുന്നു.

അന്ന് ടൈം മാഗസിനില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫറായിരുന്നു കെന്നത്ത് ജറെക്ക്. ടൈം മാഗസിന്റെ മൂന്നുമാസത്തെ ദൗത്യവുമേറ്റെടുത്ത് അമേരിക്കന്‍ സൈന്യത്തിന്റെ 18-ാം പീരങ്കിസേനയോടൊപ്പം യുദ്ധഭൂമിയിലേക്ക് തിരിക്കുമ്പോള്‍ ഇത്തരമൊരു ചിത്രം തന്റെ ഒറ്റക്കണ്ണന്‍ ക്യാമറയെ കാത്തരിക്കുന്നുണ്ടെന്ന് കെന്നത്ത് പോലും പ്രതീക്ഷിച്ചിരുന്നില്ല.

ഫെബ്രുവരി 28, നേരം പുലരാന്‍ തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ. അവിടെവിടെ നിന്ന് ഒറ്റപ്പെട്ട ആക്രണങ്ങളുടെ ശബ്ദങ്ങള്‍ ഉയര്‍ന്നു കേള്‍ക്കാം. ഒരു മണിക്കൂറിനുള്ളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനം ഉണ്ടായേക്കാമെന്ന നിഗമനത്തില്‍ ഹൈവേ 80-ലൂടെ കെന്നത്തിന്റേയും സംഘത്തിന്റേയും വാഹനം കുവൈത്ത് സിറ്റിയെ ലക്ഷ്യമാക്കി പതുക്കെ നീങ്ങുകയായിരുന്നു. (കുവൈത്തിനും ഇറാഖിനും ഇടയിലുള്ള ആറുവരി പാതയാണ് ഹൈവേ 80. ഈ ഹൈവേയാണ് പിന്നീട് മരണത്തിന്റെ ഹൈവേ എന്നറിയപ്പെട്ടത്.) പ്രസ് അഫയേഴ്‌സ് ഓഫീസര്‍ പാട്രിക് ഹെര്‍മാന്‍സണിന്റെ നേതൃത്വത്തിലായിരുന്നു കെന്നത്തിന്റേയും സംഘത്തിന്റേയും യാത്ര. അതിനിടയിലാണ് തീചുട്ടുചാമ്പലാക്കിക്കൊണ്ടിരിക്കുന്ന ട്രക്ക് കെന്നത്തിന്റെ ശ്രദ്ധയില്‍ പെടുന്നത്. മരണപ്പെട്ടവരുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് അവരോടുള്ള അനാദരവാണെന്ന് വിശ്വസിക്കുന്ന പാട്രിക് ഹെര്‍മാന്‍സണ്‍ കെന്നത്തിനെ ചിത്രമെടുക്കുന്നതില്‍ നിന്നും ആദ്യം തടഞ്ഞു.

'എന്തിനാണ് ഇത്തരമൊരു ചിത്രമെടുക്കാന്‍ നിങ്ങള്‍ തുനിയുന്നത്?' ഹെര്‍മാന്‍സണ്‍ ചോദിച്ചു. 'ഞാനിത്തരത്തിലുള്ള ഒരു ചിത്രമെടുത്തില്ലെങ്കില്‍ എന്റെ അമ്മയുള്‍പ്പടെയുള്ളയുള്ള പൊതുജനങ്ങള്‍ സിനിമകളില്‍ കാണുന്നതാണ് യുദ്ധമെന്ന് തെറ്റിദ്ധരിക്കും' കെന്നത്ത് പറഞ്ഞു.'ചിത്രമെടുക്കുന്നതിന് വേണ്ടിയാണ് ഞാനവിടെ എത്തിയിരിക്കുന്നത്. അതാണ് ഞാന്‍ ചെയ്യേണ്ടതും.'

തീയുടെ കൈപ്പിടിയില്‍ അമര്‍ന്ന് പച്ചയോടെ കത്തുന്ന സൈനികന്റെ രൂപത്തിന്റെ ഭീകരത അപ്പോള്‍ കെന്നത്തിന്റെ ചിന്തകളിലെത്തിയില്ല. സൈനികന് പിറകിലായി ഉദിച്ചുയരുന്ന സൂര്യന്‍ തന്റെ ഫ്രെയ്മിനെ ഇരുട്ടിലാഴ്ത്താതിരിക്കാനുള്ള ശ്രമത്തിലായിരുന്നു അദ്ദേഹം. ചിത്രത്തിന്റെ പൂര്‍ണതക്കുവേണ്ടി Canon EOS-1-ന്റെ ലെന്‍സുകള്‍ മാറ്റിവെച്ച് ഫോക്കസ് പിഴക്കാതെ ചിത്രമെടുക്കുന്നതിലായിരുന്നു ആ പ്രൊഫഷണല്‍ ഫോട്ടോജേര്‍ണലിസ്റ്റിന്റെ ജാഗ്രതയത്രയും.

'ഒരു പക്ഷേ അയാളുടെ രൂപത്തെ കുറിച്ച് ഞാന്‍ ചിന്തിച്ചിരുന്നെങ്കില്‍ ആ ചിത്രമെടുക്കാന്‍ എനിക്കു കഴിയുമായിരുന്നില്ല. അയാള്‍ ആരായിരുന്നെന്നും അയാള്‍ എന്താണ് ചെയ്തിരുന്നതെന്നും എനിക്കറിയില്ല. അയളൊരു നല്ല മനുഷ്യനാണോ, ചീത്ത മനുഷ്യനാണോ, കുടുംബസ്ഥനാണോ അതോ അതിഭയങ്കരനായ ഒരു സൈനികനാണോ ഒന്നും എനിക്കറിയില്ല. പക്ഷേ ഒന്നറിയാം അയാള്‍ തന്റെ ജീവന് വേണ്ടി അവസാനം വരെ പൊരുതുന്നുണ്ടായിരുന്നു.' കെന്നത്ത് ഓര്‍ക്കുന്നു.

പക്ഷേ, ഗള്‍ഫ് യുദ്ധത്തിന്റെ ഐക്കണ്‍ ഇമേജായി ലോകം അംഗീകരിക്കുന്ന ഇറാഖി സൈനികന്റെ ചിത്രം പ്രസിദ്ധീകരിക്കാന്‍ അന്ന് കെന്നത്ത് ജോലി ചെയ്തിരുന്ന ടൈം മാഗസിനോ അസോസിയേറ്റഡ് പ്രസ്സോ തയ്യാറായിരുന്നില്ല. എങ്കിലും അമേരിക്കയ്ക്കുപുറത്ത് ചിത്രം വെളിച്ചം കണ്ടു. ബ്രിട്ടനിലെ ദ ഒബ്‌സെര്‍വറും ഫ്രാന്‍സിലെ ലിബറേഷനും ചിത്രം പ്രസിദ്ധീകരിച്ചു. ഇറാഖി സൈനികന്‍ ലോകത്തെ മുഴുവന്‍ ചര്‍ച്ചകളിലേക്ക് നയിച്ചതോടെ ചില അമേരിക്കന്‍ മാധ്യമങ്ങളും ചിത്രം പ്രസിദ്ധീകരിക്കാന്‍ തയ്യാറായി. ആദ്യം അമേരിക്കന്‍ ഫോട്ടോഗ്രാഫറിലും പിന്നീട് ടൈമിന്റെ വര്‍ഷാന്ത്യപതിപ്പിലും ചിത്രം പ്രത്യക്ഷപ്പെട്ടു.

പതുക്കെയെങ്കിലും ചിത്രത്തിന്റെ പ്രസക്തി ലോകം തിരിച്ചറിഞ്ഞു. ഒരിക്കല്‍ ഇരുട്ടില്‍ മറച്ചുവെച്ച ഇറാഖി സൈനികന്‍ നൂറുകണക്കിന് തവണ പുന:പ്രസിദ്ധീകരിക്കപ്പെട്ടു. ഇന്ന് ആര്‍ക്കും ഇന്റര്‍നെറ്റിലൂടെ ഈ ചിത്രം കാണാം. പുതുതായി പ്രസിദ്ധീകരിക്കപ്പെട്ട ഒരു ചിത്രത്തെയെന്ന പോലെ ഇപ്പോഴും ഇറാഖി സൈനികനെ ലോകം സ്വീകരിക്കുന്നു, കാണുന്നു. നാളെ തലമുറകളിലേക്കും ഇറാഖി സൈനികന്‍ തന്റെ യാത്ര തുടരും. ഒരു യുദ്ധത്തിന്റെ നടുക്കുന്ന ഓര്‍മ്മയായി.

No comments:

Post a Comment

Search This Blog