Friday, 17 July 2015

ജനകീയ ചെറുത്തുനിൽപ്പിനു മുന്നിൽ പോസ്കോ മുട്ടുമടക്കി

ജനകീയ ചെറുത്തുനിൽപ്പിനു മുന്നിൽ പോസ്കോ മുട്ടുമടക്കി

  • ഉരുക്കു നിർമ്മാണ കയറ്റുമതിപദ്ധതിയിൽ നിന്നും പിൻമാറി
  • തകർക്കപ്പെട്ടത്‌ ജനദ്രോഹ പരിപാടി
  • സമരം അവസാനിക്കുന്നില്ലെന്ന്‌ അഭയ്‌ സാഹു
ഭുവനേശ്വർ: ഒരു ദശകക്കാലം നീണ്ടുനിന്ന ഐതിഹാസിക ജനകീയ ചെറുത്തുനിൽപിനു മുന്നിൽ ആഗോള ഉരുക്ക്‌ ഭീമൻ പോസ്കോ മുട്ടുകുത്തുന്നു. 52,000 കോടി രൂപ നിക്ഷേപം കണക്കാക്കിയിരുന്ന ഒഡീഷയിലെ ഉരുക്ക്‌ നിർമാണ കയറ്റുമതി സംരംഭത്തിൽ നിന്നും പിൻമാറാനുളള തീരുമാനം ദക്ഷിണ കൊറിയൻ തലസ്ഥാനമായ സോളിലെ തങ്ങളുടെ ആസ്ഥാനത്തുനിന്നും പോസ്കോ പ്രഖ്യാപിച്ചതായി പോസ്കോ പ്രതിരോധ സംഗ്രാം സമിതി അധ്യക്ഷനും സിപിഐ ദേശീയ കൗൺസിൽ അംഗവുമായ അഭയ്‌ സാഹു ‘ജനയുഗ’ത്തെ അറിയിച്ചു.
ഒഡീഷയിലെ ദിൻകിയ, നവ്ഗാവ്‌, കർലുജപാം മേഖലകളിലെ ആദിവാസികളും കർഷകരും അവരുടെ ചെറുത്തുനിൽപിന്‌ ഐക്യദാർഢ്യം നൽകിയ സംഘടനകളും രാഷ്ട്രീയ പാർട്ടികളും നടത്തിയ ത്യാഗോജ്ജ്വലമായ സമരമാണ്‌ ഈ വിജയത്തിലേയ്ക്ക്‌ നയിച്ചതെന്ന്‌ അഭയ്‌ സാഹു പറഞ്ഞു. പ്രകൃതിവിഭവങ്ങളും ഭൂമിയും വനങ്ങളും ജലസമ്പത്തും ഖാനികളും കൊളളയടിക്കാൻ ബഹുരാഷ്ട്ര കുത്തക കോർപ്പറേഷനുകളും ഭരണകൂടവും ആസൂത്രണം ചെയ്ത ജനദ്രോഹ പദ്ധതിയാണ്‌ തകർക്കപ്പെട്ടതെന്ന്‌ അദ്ദേഹം കൂട്ടിച്ചേർത്തു. വിഖ്യാതമായ പാരദ്വീപ്‌ തുറമുഖത്തെ തകർക്കാനും സ്വകാര്യ തുറമുഖം പണിയാനുമുളള നീക്കവും ഇതോടെ അവസാനിക്കുമെന്നാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. വളരെ വൈകി, വൈമുഖ്യത്തോടുളള പ്രഖ്യാപനമാണ്‌ സോളിൽനിന്ന്‌ വന്നിട്ടുളളത്‌. വൻ ജനകീയ ചെറുത്തുനിൽപിനുമുന്നിലും പിടിച്ചുനിൽക്കാനും മുന്നോട്ടുപോകാനുമുളള സകല ശ്രമങ്ങളും പരാജയമടഞ്ഞ പശ്ചാത്തലത്തിലാണ്‌ ആഗോള കുത്തകയുടെ പിൻമാറ്റം. ഐതിഹാസികമായ ചെറുത്തുനിൽപ്പ്‌ സമരവിജയത്തിന്‌ പിന്നിൽ രാജ്യത്തിനകത്തും പുറത്തും നിന്നുളള വിപുലമായ ഐക്യദാർഢ്യം വലിയ പങ്ക്‌ വഹിച്ചതായി അഭയ്സാഹു പറഞ്ഞു.
പോസ്കോയുടെ പിൻമാറ്റത്തോടെ സമരം അവസാനിക്കുന്നില്ലെന്ന്‌ പ്രതിരോധ സംഗ്രാം സമിതി നേതാവ്‌ പറഞ്ഞു. ജനങ്ങളിൽനിന്ന്‌ ബലാൽക്കാരമായി പിടിച്ചെടുത്ത ഭൂമി തിരിച്ചുനൽകണമെന്ന്‌ സമിതി സംസ്ഥാന സർക്കാരിന്‌ നോട്ടീസ്‌ നൽകും. അതിന്‌ സർക്കാർ തയാറായില്ലെങ്കിൽ ജനങ്ങൾ ഭൂമി തിരിച്ചുപിടിച്ച്‌ പരമ്പരാഗതമായി തുടർന്നുവരുന്ന വെറ്റില കൃഷി പുനരാരംഭിക്കും.
കഴിഞ്ഞ പത്ത്‌ വർഷങ്ങൾക്കുളളിൽ ചെറുത്തുനിൽപ്‌ സമരത്തിൽ പങ്കെടുത്ത ആയിരത്തി അഞ്ഞൂറിൽപ്പരം സ്ത്രീ പുരുഷൻമാർക്കെതിരെ വ്യാജമായി കെട്ടിചമച്ച ആയിരത്തിഅഞ്ഞൂറിൽപരം കേസുകളുണ്ട്‌. അവയെല്ലാം പിൻവലിക്കണം. ഈ അവശ്യങ്ങൾക്ക്‌ വേണ്ടിയുളള പോരാട്ടത്തിൽ ജനപിന്തുണയും ഐക്യദാർഢ്യവും തുടർന്നും ഉണ്ടാകണമെന്ന്‌ അഭയ്‌ സാഹു അഭ്യർഥിച്ചു.
PoscoProtests-copy
ജനകീയ ശക്തികളുടെ വിജയം: കാനം
തിരുവനന്തപുരം: എട്ടു വർഷത്തിലേറെയായി ഒറീസയിലെ ‘പോസ്കോ’യ്ക്കെതിരെ നടന്നുവന്ന സമരത്തിന്റെ വിജയം, ജനകീയ ശക്തിയുടെ വിജയമാണെന്ന്‌ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ.
ദക്ഷിണ കൊറിയൻ ബഹുരാഷ്ട്ര കമ്പനിയായ പോസ്കോയ്ക്കു വേണ്ടി ആദിവാസി-മൽസ്യ മേഖലയിലെ പാവപ്പെട്ട ജനങ്ങളെ കുടിയൊഴിപ്പിച്ചു കൊണ്ട്‌ 4000 ഏക്കർ ഭൂമിയാണ്‌ ഒറീസ സർക്കാർ ഏറ്റെടുക്കാൻ ശ്രമിച്ചത്‌.
പുനരധിവാസമോ, പകരം ഭൂമിയോ വീടോ നൽകാതെയും, അർഹമായ നഷ്ടപരിഹാരം നൽകാതെയും ഭൂമി ഏറ്റെടുക്കുന്നതിന്‌ എതിരെയും, ആദിവാസികളേയും മൽസ്യത്തൊഴിലാളികളേയും നിർദ്ദാക്ഷിണ്യം കുടിയൊഴിപ്പിക്കുന്നതിന്‌ എതിരേയും സിപിഐ ദേശീയ കൗൺസിൽ അംഗം അഭയ്‌ സാഹുവിന്റെ നേതൃത്വത്തിലാണ്‌ ജനങ്ങൾ സംഘടിച്ച്‌ സമരരംഗത്ത്‌ ഇറങ്ങിയത്‌. സമരത്തിന്‌ നേതൃത്വം നൽകിയ അഭയ്‌ സാഹൂവിനെതിരെ വധശ്രമം വരെയുണ്ടായി. ക്രൂരമായ നിരവധി ലാത്തിച്ചാർജുകളും വെടിവെയ്പും നടന്നു. അഭയ്‌ സാഹു ഉൾപ്പെടെയുള്ള നിരവധി പാർട്ടി നേതാക്കളും ജനങ്ങളും പല പ്രാവശ്യം ജയിൽവാസം അനുഭവിക്കേണ്ടിവന്നു. വധോദ്യമ കേസുകളുൾപ്പെടെ 61 കേസ്സുകളിൽ അഭയ്‌ സാഹുവിനെ പ്രതി ചേർത്ത്‌ പോലീസ്‌ കള്ളകേസ്‌ എടുത്തു. ജനങ്ങളുടെ കൃഷി നിരവധി പ്രാവശ്യം വെട്ടി നശിപ്പിച്ചു. കമ്മ്യൂണിസ്റ്റ്‌ പാർട്ടിയും എഐടിയുസിയും സമരത്തിന്‌ നേതൃത്വം നൽകി. എല്ലാ വെല്ലുവിളികളേയും നേരിട്ട്‌ ഭൂമിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ ഉറച്ചുനിന്ന്‌ വിജയം നേടിയ പ്രക്ഷോഭകാരികളെ കാനം രാജേന്ദ്രൻ പ്രസ്താവനയിൽ അഭിനന്ദിച്ചു.
പോസ്കോ കമ്പനി ഒറീസ്സയിൽ ആരംഭിക്കാനിരുന്ന പദ്ധതി ജനകീയ പ്രതിരോധത്തെ തുടർന്ന്‌ ഉപേക്ഷിക്കുന്നതായി കമ്പനി ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. കുത്തക കമ്പനികൾക്കു വേണ്ടി സാധാരണക്കാരായ കർഷകരുടെ ഭൂമി യഥേഷ്ടം ഏറ്റെടുക്കാൻ കഴിയുന്ന തരത്തിൽ ലാന്റ്‌ അക്വിസിഷൻ നിയമം ഭേദഗതി ചെയ്യുന്ന കേന്ദ്ര സർക്കാരിന്റെ നിലപാടുകൾക്കെതിരെ ശക്തമായി ഉയർന്നുവരുന്ന ജനകീയ സമരങ്ങൾക്ക്‌ കരുത്ത്‌ പകരുന്ന ഒന്നാണ്‌ പോസ്കോ സമരത്തിന്റെ വിജയമെന്നും കാനം പറഞ്ഞു. വിജയത്തിൽ ആഹ്ലാദിച്ച്‌ സംസ്ഥാനത്ത്‌ ഉടനീളം പ്രകടനം നടത്താൻ എല്ലാ ഘടകങ്ങളോടും കാനം പ്രസ്താവനയിൽ അഭ്യർഥിച്ചു.

Sunday, 5 July 2015

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു, ഇസ്രയേലിനെ തുണച്ചു

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു, ഇസ്രയേലിനെ തുണച്ചു

  • യുഎൻ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു
  • നിലപാട്‌ മാറ്റം മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടി
  • യുഎസ്‌ നയങ്ങളോടു കൂടുതൽ ചായുന്നു
പ്രത്യേക ലേഖകൻ
ജെയിനെവ: രാജ്യം അവലംബിച്ചുവന്ന ചേരിചേരാ നയം ഉപേക്ഷിക്കുന്നു എന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട്‌ ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേൽ അനുകൂല നിലപാട്‌ സ്വീകരിച്ചു. ഇസ്രയേലിനെ കുറിച്ചുള്ള വോട്ടെടുപ്പിൽ നിന്നും ഇതാദ്യമായി ഇന്ത്യ വിട്ടുനിന്നു. കഴിഞ്ഞ വർഷം ഗാസയിൽ ഇസ്രായേൽ നടത്തിയ “ഓപ്പറേഷൻ സംരക്ഷണ തീര”ത്തെ കുറിച്ചുള്ള യുഎൻ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്‌ അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പിൽ നിന്നാണ്‌ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യ വിട്ടുനിന്നത്‌. യുദ്ധക്കുറ്റങ്ങളുടെ പ്രേരകരെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്നും ഇസ്രയേലിനോടും പലസ്തീനോടും റിപ്പോർട്ട്‌ ആവശ്യപ്പെടുന്നുണ്ട്‌.
ഇക്കാലമത്രയും പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ അപ്രതീക്ഷിതമായ ഈ ചുവടുമാറ്റം അമേരിക്കൻ നിലപാടുകളോട്‌ ഇന്ത്യ കൂടുതൽ ചായുന്നു എന്നതിന്റെ വിളംബരമായി. ആർഎസ്‌എസിന്റെ ഇസ്രയേൽ അനുകൂല നിലപാടും ഇന്ത്യയുടെ നയംമാറ്റത്തിനു പിന്നിലുണ്ടെന്നാണ്‌ അനുമാനിക്കുന്നത്‌. മുസ്ലീം രാജ്യങ്ങളോട്‌ പുലർത്തുന്ന ശത്രുതയാണ്‌ ആർഎസ്‌എസിനെ ഇസ്രായേൽ ക്യാമ്പിനോട്‌ അടുപ്പിച്ചത്‌.
2014ലെ ഗാസ പോരാട്ടത്തിൽ ഇസ്രായേലും ഹമാസും നടത്തിയ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളതാണ്‌ റിപ്പോർട്ട്‌. ഗാസയിലെ ആക്രമണത്തിൽ 1462 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ്‌ യുഎൻഎച്ച്‌ആർസി കണ്ടെത്തിയത്‌. ഇവരിൽ മൂന്നിലൊന്നുപേരും കുട്ടികളാണ്‌. ഇസ്രയേൽ ഭാഗത്തുനിന്നും 67 സൈനികരും ആറ്‌ സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായാണ്‌ യുഎന്നിന്റെ കണക്ക്‌.
മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ 41 രാഷ്ട്രങ്ങൾ റിപ്പോർട്ട്‌ അംഗീകരിക്കുന്നതിനു അനുകൂലമായി വോട്ടുചെയ്തു. ഇന്ത്യ ഉൾപ്പെടെ അഞ്ച്‌ രാജ്യങ്ങൾ വിട്ടുനിന്നു. കെനിയ, എത്യോപ്യ, പരഗ്വെ, മാസിഡോണിയ എന്നിവയാണ്‌ വിട്ടുനിന്ന മറ്റ്‌ രാജ്യങ്ങൾ. യുഎസ്‌ എതിർത്ത്‌ വോട്ടുചെയ്തു. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, മാലദ്വീപ്‌ തുടങ്ങിയ അയൽരാജ്യങ്ങളും റഷ്യയും റിപ്പോർട്ടിനു അനുകൂലമായാണ്‌ വോട്ടുചെയ്തത്‌. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനും കുറ്റകൃത്യങ്ങൾക്ക്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന സംരക്ഷണത്തിന്‌ അവസാനം കുറിക്കാനുമാണ്‌ പ്രമേയം ആഹ്വാനം ചെയ്യുന്നത്‌.
ഇതുവരെ ഇസ്രയേൽ വിരുദ്ധ പ്രമേയങ്ങളോട്‌ അനുകൂല നിലപാടാണ്‌ ഇന്ത്യ സ്വീകരിച്ചിരുന്നത്‌. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള അഭ്യർഥനപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടതോടെയാണ്‌ ഇന്ത്യ ഇസ്രയേലിന്‌ അനുകൂലമായ നിലപാടിലേക്ക്‌ എത്തിയതെന്നാണ്‌ സൂചനകൾ. ഇസ്രയേലി മാധ്യമമായ ഹാരറ്റ്സ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തു. വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്‌ ഇസ്രയേലുമായുള്ള സമീപനത്തിലും പലസ്തീൻ വിഷയത്തിലും ഇന്ത്യ മുൻനിലപാടുകൾ മാറ്റുന്നതായുള്ള സൂചനയായാണ്‌ വിലയിരുത്തുന്നത്‌.
വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ “മുൻപൊരിക്കലും ഇല്ലാത്ത ഇസ്രായേലിന്റെ വിജയ”മായി ഇസ്രയേൽ വിശേഷിപ്പിച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ, നിഷേധ പ്രതികരണവുമായി ഇന്ത്യൻ വിദേശമന്ത്രാലയം രംഗത്തുവന്നു. പലസ്തീൻ അവകാശങ്ങൾക്ക്‌ പിന്തുണ നൽകുന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിൽ മാറ്റമില്ലെന്ന്‌ വിദേശമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്‌ ഇസ്രയേൽ നടത്തുന്നതെന്ന്‌ മനുഷ്യാവകാശ കൗൺസിലിൽ സൗദിയടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചു. ആര്‌ യുദ്ധക്കുറ്റം ചെയ്താലും കുറ്റവിചാരണ നടത്തണമെന്ന്‌ ഫ്രാൻസ്‌ ആവശ്യപ്പെട്ടു. ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളോടൊപ്പം ഹമാസ്‌ ജനങ്ങളെ കവചമായി ഉപയോഗിക്കുന്നതിനെയും ബ്രിട്ടൻ വിമർശിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അമേരിക്കയ്ക്കൊപ്പം ചേർന്ന്‌ പ്രമേയത്തെ എതിർക്കുമെന്നോ കുറഞ്ഞപക്ഷം വിട്ടുനിൽക്കുമെന്നോ കരുതിയ ഇസ്രയേലിന്‌ ഇത്‌ കനത്തതിരിച്ചടിയായിരിക്കുകയാണ്‌.
ഈ വർഷം അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേൽ സന്ദർശിക്കാനിരിക്കെയാണ്‌ ഇന്ത്യ നിലപാടിൽ മലക്കംമറിഞ്ഞിരിക്കുന്നത്‌. പ്രമേയം കൊണ്ടുവന്ന നടപടിയെ നിശിതമായി വിമർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും ഇസ്രയേൽ രാജിവയ്ക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നതായും സൂചനയുണ്ട്‌.

Search This Blog