Sunday 5 July 2015

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു, ഇസ്രയേലിനെ തുണച്ചു

ചേരിചേരാ നയം ഇന്ത്യ ഉപേക്ഷിക്കുന്നു, ഇസ്രയേലിനെ തുണച്ചു

  • യുഎൻ വോട്ടെടുപ്പിൽ ഇന്ത്യ വിട്ടുനിന്നു
  • നിലപാട്‌ മാറ്റം മോഡിയുടെ ഇസ്രയേൽ സന്ദർശനത്തിനു മുന്നോടി
  • യുഎസ്‌ നയങ്ങളോടു കൂടുതൽ ചായുന്നു
പ്രത്യേക ലേഖകൻ
ജെയിനെവ: രാജ്യം അവലംബിച്ചുവന്ന ചേരിചേരാ നയം ഉപേക്ഷിക്കുന്നു എന്ന വ്യക്തമായ സൂചന നൽകിക്കൊണ്ട്‌ ഇന്ത്യ ഐക്യരാഷ്ട്ര സഭയിൽ ഇസ്രയേൽ അനുകൂല നിലപാട്‌ സ്വീകരിച്ചു. ഇസ്രയേലിനെ കുറിച്ചുള്ള വോട്ടെടുപ്പിൽ നിന്നും ഇതാദ്യമായി ഇന്ത്യ വിട്ടുനിന്നു. കഴിഞ്ഞ വർഷം ഗാസയിൽ ഇസ്രായേൽ നടത്തിയ “ഓപ്പറേഷൻ സംരക്ഷണ തീര”ത്തെ കുറിച്ചുള്ള യുഎൻ അന്വേഷണ കമ്മിഷൻ റിപ്പോർട്ട്‌ അംഗീകരിക്കുന്നതിനുള്ള വോട്ടെടുപ്പിൽ നിന്നാണ്‌ ഐക്യരാഷ്ട്രസഭാ മനുഷ്യാവകാശ സമിതിയിൽ ഇന്ത്യ വിട്ടുനിന്നത്‌. യുദ്ധക്കുറ്റങ്ങളുടെ പ്രേരകരെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്നും ഇസ്രയേലിനോടും പലസ്തീനോടും റിപ്പോർട്ട്‌ ആവശ്യപ്പെടുന്നുണ്ട്‌.
ഇക്കാലമത്രയും പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്ന ഇന്ത്യയുടെ അപ്രതീക്ഷിതമായ ഈ ചുവടുമാറ്റം അമേരിക്കൻ നിലപാടുകളോട്‌ ഇന്ത്യ കൂടുതൽ ചായുന്നു എന്നതിന്റെ വിളംബരമായി. ആർഎസ്‌എസിന്റെ ഇസ്രയേൽ അനുകൂല നിലപാടും ഇന്ത്യയുടെ നയംമാറ്റത്തിനു പിന്നിലുണ്ടെന്നാണ്‌ അനുമാനിക്കുന്നത്‌. മുസ്ലീം രാജ്യങ്ങളോട്‌ പുലർത്തുന്ന ശത്രുതയാണ്‌ ആർഎസ്‌എസിനെ ഇസ്രായേൽ ക്യാമ്പിനോട്‌ അടുപ്പിച്ചത്‌.
2014ലെ ഗാസ പോരാട്ടത്തിൽ ഇസ്രായേലും ഹമാസും നടത്തിയ കുറ്റകൃത്യങ്ങളെ സംബന്ധിച്ചുള്ളതാണ്‌ റിപ്പോർട്ട്‌. ഗാസയിലെ ആക്രമണത്തിൽ 1462 പലസ്തീൻകാർ കൊല്ലപ്പെട്ടതായാണ്‌ യുഎൻഎച്ച്‌ആർസി കണ്ടെത്തിയത്‌. ഇവരിൽ മൂന്നിലൊന്നുപേരും കുട്ടികളാണ്‌. ഇസ്രയേൽ ഭാഗത്തുനിന്നും 67 സൈനികരും ആറ്‌ സാധാരണ പൗരന്മാരും കൊല്ലപ്പെട്ടതായാണ്‌ യുഎന്നിന്റെ കണക്ക്‌.
മിക്ക യൂറോപ്യൻ യൂണിയൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും ഉൾപ്പെടെ 41 രാഷ്ട്രങ്ങൾ റിപ്പോർട്ട്‌ അംഗീകരിക്കുന്നതിനു അനുകൂലമായി വോട്ടുചെയ്തു. ഇന്ത്യ ഉൾപ്പെടെ അഞ്ച്‌ രാജ്യങ്ങൾ വിട്ടുനിന്നു. കെനിയ, എത്യോപ്യ, പരഗ്വെ, മാസിഡോണിയ എന്നിവയാണ്‌ വിട്ടുനിന്ന മറ്റ്‌ രാജ്യങ്ങൾ. യുഎസ്‌ എതിർത്ത്‌ വോട്ടുചെയ്തു. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്‌, മാലദ്വീപ്‌ തുടങ്ങിയ അയൽരാജ്യങ്ങളും റഷ്യയും റിപ്പോർട്ടിനു അനുകൂലമായാണ്‌ വോട്ടുചെയ്തത്‌. റിപ്പോർട്ടിലെ നിർദ്ദേശങ്ങൾ നടപ്പാക്കാനും കുറ്റകൃത്യങ്ങൾക്ക്‌ ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കു ലഭിക്കുന്ന സംരക്ഷണത്തിന്‌ അവസാനം കുറിക്കാനുമാണ്‌ പ്രമേയം ആഹ്വാനം ചെയ്യുന്നത്‌.
ഇതുവരെ ഇസ്രയേൽ വിരുദ്ധ പ്രമേയങ്ങളോട്‌ അനുകൂല നിലപാടാണ്‌ ഇന്ത്യ സ്വീകരിച്ചിരുന്നത്‌. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ നേരിട്ടുള്ള അഭ്യർഥനപ്രകാരം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇടപെട്ടതോടെയാണ്‌ ഇന്ത്യ ഇസ്രയേലിന്‌ അനുകൂലമായ നിലപാടിലേക്ക്‌ എത്തിയതെന്നാണ്‌ സൂചനകൾ. ഇസ്രയേലി മാധ്യമമായ ഹാരറ്റ്സ്‌ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തു. വോട്ടെടുപ്പിൽ നിന്നും വിട്ടു നിന്നത്‌ ഇസ്രയേലുമായുള്ള സമീപനത്തിലും പലസ്തീൻ വിഷയത്തിലും ഇന്ത്യ മുൻനിലപാടുകൾ മാറ്റുന്നതായുള്ള സൂചനയായാണ്‌ വിലയിരുത്തുന്നത്‌.
വോട്ടെടുപ്പിൽ നിന്നും വിട്ടുനിന്ന ഇന്ത്യയുടെ നിലപാടിനെ “മുൻപൊരിക്കലും ഇല്ലാത്ത ഇസ്രായേലിന്റെ വിജയ”മായി ഇസ്രയേൽ വിശേഷിപ്പിച്ചു എന്ന മാധ്യമ റിപ്പോർട്ടുകൾ പുറത്തുവന്നപ്പോൾ, നിഷേധ പ്രതികരണവുമായി ഇന്ത്യൻ വിദേശമന്ത്രാലയം രംഗത്തുവന്നു. പലസ്തീൻ അവകാശങ്ങൾക്ക്‌ പിന്തുണ നൽകുന്ന ഇന്ത്യയുടെ ദീർഘകാല നിലപാടിൽ മാറ്റമില്ലെന്ന്‌ വിദേശമന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. അതേസമയം ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ്‌ ഇസ്രയേൽ നടത്തുന്നതെന്ന്‌ മനുഷ്യാവകാശ കൗൺസിലിൽ സൗദിയടക്കമുള്ള രാജ്യങ്ങൾ ആരോപിച്ചു. ആര്‌ യുദ്ധക്കുറ്റം ചെയ്താലും കുറ്റവിചാരണ നടത്തണമെന്ന്‌ ഫ്രാൻസ്‌ ആവശ്യപ്പെട്ടു. ഇസ്രയേൽ നടത്തുന്ന യുദ്ധക്കുറ്റങ്ങളോടൊപ്പം ഹമാസ്‌ ജനങ്ങളെ കവചമായി ഉപയോഗിക്കുന്നതിനെയും ബ്രിട്ടൻ വിമർശിച്ചു. യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ അമേരിക്കയ്ക്കൊപ്പം ചേർന്ന്‌ പ്രമേയത്തെ എതിർക്കുമെന്നോ കുറഞ്ഞപക്ഷം വിട്ടുനിൽക്കുമെന്നോ കരുതിയ ഇസ്രയേലിന്‌ ഇത്‌ കനത്തതിരിച്ചടിയായിരിക്കുകയാണ്‌.
ഈ വർഷം അവസാനത്തോടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇസ്രയേൽ സന്ദർശിക്കാനിരിക്കെയാണ്‌ ഇന്ത്യ നിലപാടിൽ മലക്കംമറിഞ്ഞിരിക്കുന്നത്‌. പ്രമേയം കൊണ്ടുവന്ന നടപടിയെ നിശിതമായി വിമർശിച്ച ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹു യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്നും ഇസ്രയേൽ രാജിവയ്ക്കുന്നതിനെക്കുറിച്ചും ചിന്തിക്കുന്നതായും സൂചനയുണ്ട്‌.

No comments:

Post a Comment

Search This Blog