Sunday, 11 March 2018

പ്രശാന്ത ചന്ദ്ര മഹലനോബിസ് (1893 - 1972



പ്രശാന്ത ചന്ദ്ര മഹലനോബിസ് (1893 - 1972)


Courtesy-Saimans Saimans Saimans-Charithranveshikal

ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു പ്രശാന്ത ചന്ദ്ര മഹലനോബിസ്. 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു.
ലോകപ്രശസ്ത സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്‌സ്) വിദഗ്ധനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപകനുമായ പ്രശാന്ത ചന്ദ്ര മഹലനോബിസ് ഇന്നത്തെ ബംഗ്ലാദേശിലുള്ള ബിക്രംപൂർ എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹൻ ഗുരുചരൺ (1833-1916) കൊൽക്കത്തയിലേക്ക് കുടിയേറുകയും അവിടെ ഒരു രാസവസ്തുശാല ആരംഭിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ ടാഗോറിൽ ആകൃഷ്ടനായി അദ്ദേഹം ബ്രഹ്മസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം അക്കാലത്ത് അതിന്റെ അധ്യക്ഷൻ, ഖജാൻജി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹികമായ എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹം ഒരു വിധവയെയാണ് വിവാഹം കഴിച്ചത്. ഈ ദമ്പതിമാരുടെ മൂത്തപുത്രൻ സുബോധ്ചന്ദ്രയാണ് പ്രശാന്തചന്ദ്രയുടെ പിതാവ്. സുബോധ്ചന്ദ്ര എദിൻബർഗ് സർവ്വകലാശാലയിലെ തന്റെ തത്ത്വശാസ്ത്ര പഠനത്തിന് ശേഷം കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ അദ്ധ്യാപകനായി. അദ്ദേഹം നല്ല ഒരു വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു. അദ്ദേഹം പിന്നീട് ഈ കോളജിലെ തത്ത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായി. സാമൂഹികമായി ഉയർന്ന ചിന്താഗതി പുലർത്തുന്നവരുടെയും പരിഷ്കർത്താക്കളുടെയും ഒരു സമൂഹത്തിലാണ് പ്രശാന്തചന്ദ്ര വളർന്നു വന്നത്.
ബ്രഹ്മോ ബോയ്സ് സ്കൂളിൽ നിന്നും 1908-ൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുട്ര്ന്ന് അദ്ദേഹം പ്രസിഡൻസി കോൾജിൽ ചേർന്ന് ശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം സമ്പാദിച്ചു. 1913-ൽ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ശ്രീനിവാസ രാമാനുജനുമായി അദ്ദേഹം പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം(Tripos) നേടിയശേഷം അദ്ദേഹം സി. റ്റി. ആർ. വിൽസണൊപ്പം കാവൻഡിഷ് ലബോറട്ടറിയിൽ ജോലിനോക്കി. ഈ സമയത്ത് കിട്ടിയ ഒരു ഇടവേളയിൽ അദ്ദേഹം ഭാരതത്തിലേക്ക് വരികയും പ്രസിഡൻസി കോളജിൽ ഭൗതികശാസ്ത്ര അദ്ധ്യാപകനാവുകയും ചെയ്തു.
പിന്നീട് ഇംഗ്ലണ്ടിൽ തിരികെയെത്തിയ അദ്ദേഹം അവിടെ 'ബയോമെട്രിക്ക' എന്ന മാസികയുമായി ബന്ധപ്പെടാനിടയായി. അദ്ദേഹം അവരെ ഭാരതത്തിലേക്ക് കൊണ്ടുവന്നു. അന്തരീക്ഷവിജ്ഞാനീയത്തിലും (Meteorology) നൃലോകവിജ്ഞാനീയത്തിലും (Anthropology) സ്ഥിതിവിവരശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം അതിനു വേണ്ടി പ്രവർത്തിക്കുവാനാരംഭിച്ചു.
കൊൽക്കത്തയിൽ വച്ച് മഹലനോബിസ്, ഒരു വിദ്യാഭ്യാസവിച്ക്ഷണനും ബ്രഹ്മസമാജത്തിന്റെ സജീവ പ്രവർത്തകനുമായ ഹേരംഭചന്ദ്ര മൈത്ര എന്നയാളുടെ മകൾ നിർമ്മലാകുമാരിയെ കണ്ടുമുട്ടി. അവർ 1923 ഫെബ്രുവരി 27-ന് വിവാഹിതരായി, പക്ഷെ നിർമ്മലയുടെ പിതാവ് ഈ ബന്ധത്തെ പൂർ‍ണമായി അംഗീകരിച്ചിരുന്നില്ല. മഹലനോബിസ്, ബ്രഹ്മസമാജത്തിന്റെ വിദ്യാർത്ഥിസംഘത്തിനായുള്ള മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾക്കെതിരെയുള്ള ബ്രഹ്മസമാജത്തിന്റെ വിലക്കുകളെ വകവയ്ക്കാതിരുന്നതായിരുന്നു കാരണം. വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് മഹലനോബിസിന്റെ മാതുലനായ സർ.നീൽ രത്തൻ സർക്കാർ നിന്ന് വിവാഹം നടത്തിക്കൊടുത്തു.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം)
മഹലനോബിസിന്റെ സഹപ്രവർത്തകരിൽ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡൻസി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയിൽ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബർ 17-ന് പ്രമഥനാഥ് ബാനർജി (പ്രഫ.ധനതത്വശാസ്ത്രം), നിഖിൽ നജ്ജൻ സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സർ‍. ആർ. എൻ. മുഖർജി എന്നിവരുമായിച്ചേർന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രിൽ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റർ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡൻസി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വർഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റെ സഹപ്രവർത്തകരായ എസ്.എസ്. ബോസ്, ജെ.എം. സെൻഗുപ്ത, ആർ.സി. ബോസ്, എസ്.എൻ. റോയ്, കെ.ആർ. നായർ, ആർ.ആർ. ബഹാദുർ, ജി. കല്യാൺ‍പുർ, ഡി.ബി. ലാഹിരി തുടങ്ങിയവർ ഇതിന്റെ വളർച്ചയ്ക്കായി നിസ്തുലമായ സേവനങ്ങൾ ചെയ്തു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന പീതാംബർ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.
കാൾ പിയേഴ്സന്റെ ബയോമെട്രിക്കയുടെ ചുവടുപിടിച്ച് സാംഖ്യ എന്നൊരു പ്രസിദ്ധീകരണവും 1933-ൽ ആരംഭിച്ചു.
1938-ൽ ഇൻസ്റ്റിറ്റ്യുട്ട് പരിശീലനം നൽകാൻ ആരംഭിച്ചു. മുൻപ് ജോലി ചെയ്തിരുന്ന പലരും ഇൻസ്റ്റിറ്റ്യുട്ട് വിടുകയും അവരിൽ ചിലർ അമേരിക്കയിലേക്കും, ചിലർ ഭാരതസർക്കാരിന്റെ മറ്റ് ജോലികൾക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാൽഡേനെ ഇൻസ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ഓഗസ്റ്റ് മുതൽ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേൽനോട്ടത്തിലുള്ള എതിർപ്പു കാരണം ഹാൽഡേൻ ജോലി വിടുകയാണുണ്ടായത്. എന്നിരുന്നാലും ബയോമെട്രിക്സിൽ ഹാൽഡേൻ നൽകിയ സംഭാവകൾ ഇൻസ്റ്റിറ്റ്യുട്ടിന്റെ വളർച്ചയെ സഹായിച്ചു..
1959-ൽ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സർവ്വകലാശാലയായും ഉയർത്തപ്പെട്ടു.
സ്ഥിതിവിവരശാസ്ത്രത്തിന് നൽകിയ സംഭാവനകൾ
മഹലനോബിസ് അന്തരം
1920-ൽ നാഗ്പുരിൽ നടന്ന ഭാരതീയ ശാസ്ത്ര സമ്മേളനത്തിൽ(Indian Science Congress) വച്ച് മഹലനോബിസ് സുവൊളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന നെൽസൺ അന്നൻഡേലുമായി പരിചയപ്പെടാനിടയാവുകയും നൃലോകവിജ്ഞാനീയത്തിലെ ചില പ്രശ്നങ്ങളെപ്പറ്റി ച്റ്ച്ച ചെയ്യുകയും ചെയ്തു. കൊൽക്കത്തയിലെ ആംഗ്ലോ-ഇന്ത്യൻ വംശജരുടെ വംശീയമായ കണക്കിന്റെ അപഗ്രഥനം നടത്തുവാൻ അന്നൻഡേൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ പഠനം അദ്ദേഹത്തിന്റെ ഒന്നാമത്തെ ശാസ്ത്ര പ്രബന്ധമായി 1922-ൽ അവതരിപ്പിക്കപ്പെട്ടു. ഈ പഠനകാലത്ത് ജനസംഖ്യയുടെ താരതമ്യത്തിനും വർഗീകരണത്തിനും അദ്ദേഹം ഒരു വൈവിധ്യാന്തര ഏകകം ഉപയോഗിച്ചുള്ള ഒരു രീതി കണ്ടുപിടിച്ചു. ഈ ഏകകം, D2, പിന്നീട് 'മഹലനോബിസ് അന്തരം' എന്നറിയപ്പെട്ടു. ഈ ഏകകം മാപകാനുപാതത്തെ അപേക്ഷിച്ചല്ല നിൽക്കുന്നത് എന്നതാണിതിന്റെ പ്രത്യേകത.
ബയോമെട്രിക്കയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും ആചാര്യ ബ്രജേന്ദ്രനാഥ് സിയലിന്റെ ഉപദേശമനുസരിച്ചും മഹലനോബിസ് സ്ഥിതിവിവരനിർണ്ണയം ആരംഭിച്ചു. തുടക്കത്തിൽ അദ്ദേഹം സർവ്വകലാശാലാപരീക്ഷകളുടെ അപഗ്രഥനം, കൊൽക്കത്തയിലെ ആംഗ്ലൊ-ഇന്ത്യൻ വംശജരുടെ കണക്കെടുപ്പ്, പിന്നെ കുറെ കാലാവസ്ഥാപഠനം എന്നിവയാണ് നടത്തിയത്.
മാതൃകാ വ്യാപ്തിനിർണ്ണയങ്ങൾ(Sample surveys)
അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിർണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിർണ്ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിർണ്ണയങ്ങൾ 1937 മുതൽ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതിൽ ഉപഭോക്തൃചെലവുകൾ, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങൾ എന്നിവയായിരുന്നു പ്രധാനമായും ഉൾപെട്ടിരുന്നത്. ഹരോൾഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:"പ്രൊഫസ്സർ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കൻ ഐക്യനാടുകൾ പോലുള്ള വികസിത രാഷ്ട്രങ്ങളിൽ പോലും എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല". സർ. റൊണാൾഡ് എയ്മർ ഫിഷർ അഭിപ്രായപ്പെടുന്നതിങ്ങനെ:"ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിർണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിർണ്ണയത്തിന്റെ യഥാർത്ഥ വികസനത്തിന് മുൻകൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്". വിളവുത്പാദനത്തിന്റെ തോത് നിർണ്ണയിക്കുന്നതിനായി സ്ഥിതിവിവരരീതിയിലെ മാതൃകാവത്കരണ രീതിയുപയോഗിച്ച് അദ്ദേഹം ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തു. നാലടി വ്യാസം വരുന്ന ഒരു വൃത്തത്തിനുള്ളിൽ വരുന്ന ഭാഗത്തുള്ള വിളയുടെ പരിശോധന നടത്തുക എന്നതായിരുന്നു അത്. മറ്റ് ശാസ്ത്രജ്ഞരായ പി. വി. സുഖാത്മെ, വി. ജി. പാൻസെ എന്നിവർ ഭാരതീയ കാർഷിക ഗവേഷണ ഉപദേശകസമിതി(Indian Council of Agricultural Research), ഭാരതീയ കാർഷിക സ്ഥിതിവിവരഗവേഷണ പഠനകേന്ദ്രം(Indian Agricultural Statistics Research Institute) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയും നിലവിലുള്ള ഭരണമാതൃകയുടെ ചട്ടക്കൂട് ഉപയോഗിച്ചുള്ള ഒരു വ്യാപ്തിനിർണ്ണയ സമ്പ്രദായം നിർദ്ദേശിക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസം തീക്ഷ്ണമാവുകയും അത് മഹലനോബിസും കാർഷിക ഗവേഷക സ്ഥാപനവും തമ്മിലുള്ള പരസ്പരസഹകരണം ഇല്ലാതാക്കുകയും ചെയ്തു. പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം എന്ന നിലയിൽ പ്രവർത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികൾക്ക് വളരെയേറെ സംഭാവനകൾ നൽകി. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ അദ്ദേഹം ഊന്നൽ നൽകിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ) ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ 'ഇൻപുട്ട്-ഔട്ട്പുട്ട് മാതൃക'യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ 'മഹലനോബിസ് മാതൃക'യും രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവർത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവിൽ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിർവ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുൻപുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകൾ തിരുത്തി അത് ഡാനിയൽ തോർണറെ ഏല്പ്പിക്കുകയും ചെയ്തു. മഹലനോബിസിന് കൃഷിയോടുൺടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് രവീന്ദ്രനാഥ ടാഗോറിന്റെ സെക്രട്ടറി എന്ന നിലയിൽ ടാഗോർ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയിൽ ഒരു അദ്ധ്യാപകൻ എന്ന നിലയിലും കുറച്ചു കാലം പ്രവർത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷൺ അദ്ദേഹത്തിനു ലഭിച്ചു.
ബഹുമതികൾ
ഓക്സ്ഫോർഡ് യൂണിവേർസിറ്റിയുടെ വെൽഡൻ മെഡൽ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ ചെക്ക് സയൻസ് അക്കാഡമി മെഡലും അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തിനു പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.
മരണം
1972 ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു. ഈ പ്രായത്തിൽപ്പോലും അദ്ദേഹം ഗവേഷണങ്ങളിൽ വ്യാപൃതനാവുകയും ഐ. എസ്. ഐ. മേധാവി, സർക്കാരിന്റെ ക്യാബിനറ്റിന്റെ സ്ഥിതിവിവര ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.
കടപ്പാട്: വിക്കിപീഡിയ
Image may contain: 1 person




മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം




മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം -ടുണീഷ്


Courtesy- Pinto Philip Babu-Charithraanveshikal


 ജനാധിപത്യവും സ്വാതന്ത്ര്യവും സ്വതന്ത്ര തെരഞ്ഞെടുപ്പും തൊഴിലും ഭരണകൂട മാറ്റങ്ങളും സ്വപ്‌നംകണ്ടു ഒരു കൂട്ടം യുവാക്കൾ 7 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഇന്ന് വാടി കൊഴിഞ്ഞു ചീഞ്ഞു നാറി ഒരു ശവം നാറി പൂവായിമാറി.ആ മുല്ലപ്പുവിന് ഇപ്പോൾ ലക്ഷകണക്കിന് നിരപരാധികളുടെ ചോരയുടെ മണമാണ്.മുഹമ്മദ് ബൗഅസീസിയെന്ന ടുണീഷ്യൻ ചെറുപ്പക്കാരന്റെ ആത്മാഹുതിയിൽ നിന്ന് ഉയർന്ന തീനാളം വിഴുങ്ങിയത് മധ്യപൗരസ്ത്യ ദേശത്തെ മുഴുവനാണ് ആ തീയിൽ എരിഞ്ഞടങ്ങിയത് ആദിമ മനുഷ്യൻ ബിസി 5000 മുതൽ അധിവസിച്ച അലെപ്പോ നഗരം പോലെ നിരവധി പൗരാണിക നഗരങ്ങളാണ് മഹാനായ അലക്സാണ്ടറിന്റെ തേരോട്ടം കണ്ട നഗരം, റോമക്കാരും ബൈസാന്റയ്ൻസും ഇസ്ലാമിക ഭരണകൂടങ്ങളും മംഗോളുകളെയും ഓട്ടോമൻ സാംബ്രാജ്യവും അവരുടെ പ്രതാപകാലഘട്ടത്തിൽ പടുത്തുയർത്തിയ മനോഹരനിർമിതികളാണ് കല്ലിന്മേൽ കല്ല് അവശേഷിക്കാതെ ബാരൽ ബോംബുകളുടെ മുൻപിൽ ചാരമായിമാറിയത്.സംസ്കാരത്തോടൊപ്പം ഇല്ലാതായത് നിരവധി ശക്തരായ ഭരണാധികാരികളും ഭരണകൂടങ്ങളുമാണ്.ഇന്നും ആളിക്കത്തുന്ന ആ തീനാളം ഇല്ലാതാക്കിയത് മധ്യപൗരത്യ ദേശത്തെ ജനതയുടെ മണ്ണും കിടപ്പാടവും സ്വപ്ങ്ങളും ജീവിതവുമാണ്.ഫറവോയെ പോലെ ഈജിപ്ത് ഭരിച്ചിരുന്ന മുബാറക്കിന് അധികാരം ഒഴിഞ്ഞു മാറേണ്ടി വന്നു അമേരിക്കയടക്കമുള്ള സകല പാശ്ചാത്യ ശക്തികളും പലതവണ പഠിച്ചപണി 18 ഉം നോക്കിയിട്ടും അജയ്യനായി നിന്ന ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയെ ജനം തെരുവിൽ അടിച്ചു കൊന്നു,യെമനിലെ സകല ഗോത്രങ്ങളെയും അടക്കി ഭരിച്ചിരുന്ന അലി അബുദുള്ള സാലേക്ക് അധികാരം വിട്ടൊഴിയേണ്ടതായും പിന്നീട് കൂടെ നിന്ന ഹൂതികളുടെ റോക്കറ്റ് ആക്രമണത്തിൽ തെരുവിൽ കൊല്ലപ്പെടേണ്ടി വന്നു. ടുണീഷ്യയിൽ തുടങ്ങി സിറിയ ഈജിപ്ത് യെമൻ ലിബിയ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ ആ ജനകീയ വിപ്ലവത്തിന്റെ ഒരു വിശകലനം.
ടുണീഷ്യ
--------------------------
സയിൻ എൽ അബദിൻ ബെൻ അലിയെന്ന ഭരണാധികാരി 23 വർഷം കാര്യമായ ഒരു എതിർപ്പുമില്ലാതെ ടുണീഷ്യ ഭരിച്ച ഭരണാധികാരിയാണ്.മികച്ച അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരമുള്ളതുമായ രാജ്യമാണ് ടുണീഷ്യ-സ്ത്രീകളുടെ പൊതുരംഗത്തുള്ള പങ്കാളിത്തം കൊണ്ടും മതനിരപേക്ഷതകൊണ്ടും ശ്രെദ്ധയമായ രാജ്യത്തു കുഴപ്പങ്ങൾ ആരംഭിക്കുന്നത് മുഹമ്മദ് ബൗഅസീസിയെന്ന തെരിവുകച്ചവടക്കാരനായ യുവാവിന്റെ അനധികൃത തെരിവുകച്ചവട സാമഗ്രികൾ മുൻസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു.കടുംബത്തിന്റെ ഏക അത്താണിയായ യുവാവിനെ തന്റെ ജീവിത മാർഗമായ കച്ചവട സാമഗ്രികൾ തിരിച്ചുകിട്ടാൻ മുൻസിപ്പാലിറ്റി ഓഫീസിൽ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിച്ചു ഇറക്കിവിട്ടു ഇതിൽ മനംനൊന്ത് ആ യുവാവ് പെട്രോൾ ഒഴിച്ച് ജീവൻ വെടിഞ്ഞു.ഈ ധാരുണകഥ ഫേസ്ബുക് വഴി പ്രചരിച്ചു നിരവധി യുവാക്കൾ തെരുവിലും ഓൺലൈൻ ഇടങ്ങളിലും പ്രതിഷേധിച്ചു -തെരുവ് പ്രതിഷേധങ്ങൾ അസാധാരണമായ രാജ്യത്തു ബെൻ അലി ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു.എന്നാൽ അടിച്ചമർത്തലുകൾ കൂടുതൽ പ്രചോദനമായി കണ്ട പ്രതിഷേധക്കാർ പ്രതിഷേധം ആളിക്കത്തിച്ചു ഇതിൽ തൊഴിലാളികളും വക്കിലന്മാരും പങ്കെടുത്തു -അത് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുന്നു-പൊതുജന വികാരം തനിക്ക് എതിരാണെന്ന് മനസിലാക്കിയ ബെൻ അലി കൂടുതൽ അടിച്ചമർത്തലുകൾക്കു നിൽക്കാതെ ഭരണം വിട്ടു ലിബിയൻ സംരക്ഷണയിൽ മാൾട്ടയിലേക് പുറപ്പെട്ടു ഫ്രഞ്ച് സർക്കാർ വിമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന് സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.അന്ന് തന്നെ ടുണീഷ്യൻ സൈന്യം തന്ത്രപ്രധാന സ്ഥലങ്ങൾ കൈവശപ്പെടുത്തിയിരുന്നു സൈന്യം എതിരായതുകൊണ്ടാകാം ബെൻ അലി നാട് വിട്ടതെന്നും ഒരു അനുമാനം ഉണ്ട്
വിപ്ലവാനന്തര ടുണീഷ്യ
--------------------------------------
ബെൻ അലിയുടെ പാലായനത്തിനു ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ഖന്നൗച്ചി താത്കാലിക പ്രസിഡന്റ് ആയി പിന്നീട് പ്രസിഡന്റ് ന്റെ അധികാരം പാര്ലമെന്റ് സ്പീക്കർ ഫുവാദ് മേബാസക്ക് നൽകി ഖനൊച്ചി പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തി 3 പ്രതിപക്ഷ പാർട്ടികളെ ചേർത്ത് പുതിയ മന്ത്രിസഭാ രൂപികരിച്ചു -RCD എന്ന ബെൻ അലിയുടെ പാർട്ടി മന്ത്രിമാർക്കെന്തിരെ ജനകീയ പ്രക്ഷോഭങ്ങൾ വീണ്ടും ഉയർന്നു വന്നു -RCD മന്ത്രിമാർ ഒഴികെയുള്ളവർ രാജിവെച്ചു പിന്നീട് RCD മന്ത്രിമാരും രാജി വെച്ചു.പുതിയ മന്ത്രിസഭാ രൂപീകരിച്ചെങ്കിലും പ്രധാനമന്ത്രി ഖന്നൗച്ചിയും പ്രതിഷേധം കാരണം രാജിവെച്ചൊഴിഞ്ഞു.2011 ലെ ആദ്യ ഇലെക്ഷനിൽ ഇസ്ലാമിസ്റ് പാർട്ടിയായ അന്നഹ്ദ വിജയിച്ചു പിന്നീട് 2014 ലെ പാര്ലമെന്റ് ഇലെക്ഷനിൽ മതേതര പാർട്ടിയായ നിതാ ടുണിസ് വിജയിച്ചു.
ടുണീഷ്യ ഇന്ന്
---------------------------
വിപ്ലവത്തിന് ശേഷം RCD എന്ന ബെൻ അലിയുടെ പാർട്ടിയെ നിരോധിക്കുകയും പാർട്ടി സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു -ബെൻ അലിയുടെ കാലത്തു അടിച്ചമർത്തപ്പെട്ട മതവാദികൾ ഉയർത്തെഴുന്നേറ്റു -സലഫി പാർട്ടികൾ രാജ്യത്തു ശക്തമായി.അൻസാർ അൽ ശരിഅ പോലുള്ള തീവ്രവാദി സഘടനകൾ രാജ്യത്തു ആക്രമണ പരമ്പരകൾ നടത്തിയെങ്കിലും ഇപ്പോൾ ടുണീഷ്യ ശാന്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ന്റെ ഭീഷണി തുടരുന്ന ടുണീഷ്യയിൽ തൊഴിലില്ലായിമയും വ്യവസായ മുരടിപ്പും തുടരുന്നു.എന്നിരുന്നാലും അറബ് വിപ്ലവത്തിന്റെ അന്തഃസത്ത ഉൾകൊണ്ട ഏക രാജ്യം ടുണീഷ്യ മാത്രമാണ് കാരണം ബാക്കി എല്ലാ രാജ്യങ്ങളിലും അറബ് വിപ്ലവം വൻ പരാജയമായിരുന്നു.ഈജിപ്തിൽ പിന്നീട് വന്ന സർക്കാരിനെ പട്ടാളം അട്ടിമറിച്ചു,സിറിയയിലും യെമനിലും ആഭ്യന്തര കാലാപം തുടരുന്നു, ലിബിയ പരാജിത രാഷ്ട്രമായിമാറി, ടുണീഷ്യ മാത്രമാണ് ജനാതിപത്യ പാതയിലേക്ക് സഞ്ചരിച്ചത്.

Search This Blog