അമരജീവി - പോട്ടി ശ്രീരാമുലു
-------------------------------------------------
Courtesy: Reshma Anna Sebastian - Charithraanveshikal
ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനത്തിന്റെ ആത്മാവിൽ കുടികൊള്ളുന്ന ധീര നേതാവാണ് അമരജീവി എന്നറിയപ്പെടുന്ന പോട്ടി ശ്രീരാമുലു. തങ്ങളുടെ ഭാഷയും സംസ്കാരവും ഉൾക്കൊള്ളുന്ന ഒരു സംസ്ഥാനമായി ആന്ധ്രയെ രൂപീകരിക്കുവാൻ നിരാഹാര സമരം നടത്തി മരണം വരിച്ചയാളാണ് അദ്ദേഹം .
1901 മാർച്ച് 16 ന് നെല്ലൂർ ജില്ലയിൽ (മദ്രാസ് പ്രെസിഡെൻസി )ഗുരവയ്യയുടെയും മഹാലക്ഷ്മമ്മയുടെയും മകനായാണ് പോട്ടി ശ്രീരാമുലുവിന്റെ ജനനം. മദ്രാസിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബോംബയിലെ വിക്ടോറിയ ജൂബിലി റ്റെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാനിറ്ററി എഞ്ചിനീയറിംഗ് എടുക്കുകയും ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽവേയിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു . എന്നാൽ 1928 ൽ ഭാര്യയുടെയും കുഞ്ഞിന്റെയും വിയോഗം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. 2 വർഷത്തിന് ശേഷം തന്റെ ജോലി രാജി വയ്ക്കുകയും ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ചേരുകയും ഇന്ത്യൻ സ്വാതന്ത്ര സമരത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു .
സ്വാതന്ത്ര സമരത്തിന്റെ പോർവഴികളിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം , ഉപ്പ് സത്യാഗ്രഹം തുടങ്ങിയവയിൽ പങ്കെടുക്കുകയും 3 തവണ അദ്ദേഹം ജയിലിലാവുകയും ചെയ്തു. സ്വാതന്ത്രത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥ പ്രവർത്തനം കണ്ട് ഗാന്ധിജി പറഞ്ഞു . " പോട്ടി ശ്രീരാമുലുവിന്റെ അർപ്പണ ബോധമുള്ള 11 പേരും കൂടെയുണ്ടെങ്കിൽ ഒരു വർഷത്തിനകം സ്വാതന്ത്രം ലഭിക്കും".
ഗാന്ധിയൻ മാർഗ്ഗമായിരുന്നു പോട്ടി ശ്രീരാമുലുവിന്റേതും. നെല്ലൂർ ജില്ലയിൽ പ്രവർത്തിച്ച അദ്ദേഹം ചർക്കയുടെ ആവശ്യകതയെക്കുറിച്ച് ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുകയും , അതിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്തു. ദളിതർക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം മൂലപേട്ട വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ ദളിത് പ്രവേശനത്തിനു വേണ്ടി നിരാഹാരം ഇരിക്കുകയും വിജയിക്കുകയും ചെയ്തു. ദളിതരുടെ ഉന്നമനത്തിനായി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളും കഴുത്തിൽ തൂക്കി നഗ്നപാദനായ് തെരുവിലൂടെ നടന്ന അദ്ദേഹത്തെ, അറിയാത്തവർ ഭ്രാന്തൻ എന്ന് വിളിക്കുകയും സ്വമതസ്ഥർ ആക്ഷേപിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തെ തളർത്താൻ ആർക്കും കഴിഞ്ഞില്ല.
അനേകം ഭാഷകൾക്കും സംസ്കാരങ്ങൾക്കും മതങ്ങൾക്കും മേലെ കുട വിരിച്ചു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ചില്ലകളായ് പടർന്നു നിൽക്കുന്ന ഓരോ സംസ്ഥാനങ്ങളും പല വിധ സംസ്കാരങ്ങൾ പേറുന്നു. ഓരോ ചില്ലകൾക്കു പിന്നിലും ചരിത്രമുറങ്ങുന്നു. പലരുടെയും ജീവനും ജീവിതവും. ആന്ധ്രാ പ്രദേശ് എന്ന സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണരാതുറങ്ങുന്ന, എന്നാൽ ഓർമ്മകളിൽ ജീവിക്കുന്ന വ്യക്തിയാണ് പോട്ടി ശ്രീരാമുലു. നിരാഹാര സമരം നടത്തി മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി പോയ വ്യക്തി.
തങ്ങളുടെ ഭാഷയും സംസ്കാരവും സമന്വയിക്കുന്ന ഒരു സംസ്ഥാനം എന്നതായിരുന്നു ജനങ്ങളുടെയും ശ്രീരാമുലുവിന്റെയും ആഗ്രഹം . മദ്രാസ് പ്രെസിഡെൻസിയിൽ നിന്നും വേറിട്ട് ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം രൂപീകരിക്കുക എന്ന ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു. എന്നാൽ ജവഹർലാൽ നെഹ്‌റു , വല്ലഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നീ അംഗങ്ങളടങ്ങിയ ജെ വി പി കമ്മിറ്റി അതിനെ നിരാകരിച്ചു. പക്ഷെ നിരാഹാരം തുടർന്ന അദ്ദേഹം 1952 ഡിസംബർ 15 ന് മരണപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ജനങ്ങൾ വലിയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പലയിടത്തു നിന്നായി ഒത്തു കൂടിയ ജനങ്ങൾ മുദ്രാവാക്യങ്ങളും വിളിച്ച് മുന്നേറി. അവരെ തടയാൻ ആർക്കും കഴിഞ്ഞില്ല. പലയിടത്തും പൊതുമുതൽ നശിപ്പിക്കപ്പെട്ടു. മദ്രാസും ആന്ധ്രാപ്രദേശും സാധാരണ നിലയിലെത്താൻ മൂന്നു നാലു ദിവസമെടുത്തു. എന്നാൽ അപ്പോഴേയ്ക്കും പോലീസ് വെടിവയ്പ്പിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു.
അങ്ങനെ 1952 ഡിസംബർ 29 ന് ആന്ധ്രാ സംസ്ഥാന രൂപീകരണത്തിന് നെഹ്‌റു പച്ചക്കൊടി കാണിക്കുകയും, 1953 ഒക്ടോബര് 1 ന് ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമാവുകയും ചെയ്തു. പോട്ടി ശ്രീരാമുലുവിനോടുള്ള ആദര സൂചകമായി ആന്ധ്രാ സ്റ്റേറ്റ് ഗവൺമെന്റ് , അദ്ദേഹം മരണപ്പെട്ട ചെന്നൈയിലെ വീട് ഒരു സ്മാരകമായി ഇന്നും സൂക്ഷിക്കുന്നു.
നിരാഹാരമെന്ന സമരമുറയിലൂടെ ഒരു ജനസമൂഹത്തിന്റെ ആവശ്യം നിറവേറ്റിയെടുത്ത അദ്ദേഹം അമരജീവി എന്നാണറിയപ്പെടുന്നത്. ആന്ധ്ര യുടെ ആത്മാവിൽ കുടികൊള്ളുന്ന അദ്ദേഹത്തിന് മരണമില്ല. ഓർമ്മകളിലൂടെ അദ്ദേഹം ജീവിക്കുന്നു. അനശ്വരനായ്.