Monday, 19 January 2015


'എനിക്കൊരു സ്വപ്‌നമുണ്ട്'
'എനിക്കൊരു സ്വപ്‌നമുണ്ട്്' എന്ന പേരില്‍ ലോകമെങ്ങും അറിയുന്ന ആ പ്രസംഗം നടന്നിട്ട് 50 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. പ്രാസംഗികനായ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങിന്റെ ജന്മനാടായ യുനൈറ്റഡ് സ്‌റ്റേറ്റ്‌സ് പോലും അമേരിക്കന്‍ ചരിത്രത്തിലെ ഒരു നാഴികക്കല്ല് എന്ന നിലയിലാണ് ആ വാക്ചാതുരിയെ അനുസ്മരിച്ചത്. ടിയാനന്‍മെന്‍ ചത്വരം മുതല്‍ തെഹ്‌രീര്‍ ചത്വരം വരെ അവകാശപ്പോരാട്ടങ്ങള്‍ക്കായി ജനം കൂടിയിടത്തെല്ലാം 'എനിക്കൊരു സ്വപ്നമുണ്ട്' എന്നെഴുതിയ പോസ്റ്ററുകളുയര്‍ന്നു. തൊലി കറുത്തതോ വെളുത്തതോ എന്നു നോക്കാതെ ഒരു വ്യക്തിയെ അയാളുടെ സ്വഭാവത്തിന്റെ ഉള്ളടക്കം നോക്കി വിലയിരുത്തുന്ന നാള്‍ വരുമെന്ന് കിങ്ങ് സ്വപനം കണ്ട് 50 വര്‍ഷം തികയുംമുമ്പ് തന്നെ യു.എസ്സിന് കറുത്ത തൊലിയുള്ള പ്രസിഡ്ന്റ് രണ്ടാം വട്ടവും അധികാരത്തിലെത്തി. ഇന്ന് അമേരിക്കയില്‍ കായികമത്സരങ്ങളുടെ കളിക്കളങ്ങളില്‍ മാത്രമല്ല ഹോളിവുഡ്ഡിന്റെ വെള്ളിത്തിരയിലും ഭരണകൂടത്തിന്റെ ഉന്നത ശ്രേണികളിലും കോര്‍പറേറ്റ് ബോര്‍ഡ് റൂമുകളിലുമെല്ലാം തിളങ്ങുന്ന കറുത്ത വര്‍ഗക്കാരുണ്ട്.


മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെ പ്രസംഗത്തിന്റെ മലയാളപരിഭാഷ ഇവിടെ വായിക്കാം.
'നമ്മുടെ രാജ്യത്തിന്റെ സ്വാതന്ത്ര്യ ചരിത്രത്തിലെ ഏറ്റവും മഹത്തായ പ്രകടനമെന്ന് ചരിത്രത്തിന്റെ താളുകളില്‍ രേഖപ്പെടുത്തുന്ന ഒന്നില്‍ ഇന്ന് നിങ്ങള്‍ക്കൊപ്പം ചേരാന്‍ കഴിഞ്ഞതില്‍ ഞാന്‍ സന്തുഷ്ടനാണ്.

നൂറുവര്‍ഷം മുമ്പ് എമാന്‍സിപ്പേഷന്‍ പ്രൊക്ലമേഷനില്‍ (അടിമ വിമോചന പ്രഖ്യാപനത്തില്‍) മഹാനായ ഒരു അമേരിക്കക്കാരന്‍ ഒപ്പുവെച്ചു. അദ്ദേഹത്തിന്റെ പ്രതീകാത്മക നിഴലിലാണ് ഇന്നു നാം നില്‍ക്കുന്നത്. കൊടിയ അനീതിയുടെ തീനാളങ്ങളില്‍ പൊള്ളിക്കരിഞ്ഞുപോയ ദശലക്ഷക്കണക്കിന് നീഗ്രോകള്‍ക്ക് പ്രതീക്ഷയുടെ മഹത്തായ ദീപനാളമാണ് ഈ ചരിത്ര പ്രഖ്യാപനം. അടിമത്തത്തിന്റെ നീണ്ടരാത്രിക്കൊടുവിലെത്തിയ ആഹ്ലാദകരമായ പ്രഭാതം പോലെയായിരുന്നു അതുവന്നണഞ്ഞത്. പക്ഷേ, നൂറുവര്‍ഷത്തിനിപ്പുറവും നീഗ്രോ സ്വതന്ത്രനല്ല. നൂറുവര്‍ഷം കഴിഞ്ഞിട്ടും വര്‍ണവിവേചനത്തിന്റെ കയ്യാമങ്ങളാലും വിവേചനത്തിന്റെ ചങ്ങലകളാലും ദാരുണമായി മുടന്തുകയാണ് നീഗ്രോയുടെ ജീവിതം. നൂറു വര്‍ഷം കഴിഞ്ഞിട്ടും, ഭൗതിക സമ്പത്തിന്റെ മാഹാസമുദ്രത്തിന് നടുവില്‍ ദാരിദ്ര്യത്തിന്റെ ഏകാന്ത ദ്വീപിലാണ് നീഗ്രോയുടെ ജീവിതം. നൂറുവര്‍ഷം കഴിഞ്ഞിട്ടും, അമേരിക്കന്‍ സമൂഹത്തിന്റെ അരികുകളിലേയ്ക്ക് തള്ളിമാറ്റപ്പെടുകയാണ് നീഗ്രോ. സ്വന്തം മണ്ണില്‍ പ്രവാസിയായി കഴിയുകയാണവന്‍. നാണംകെട്ട ഒരു സ്ഥിതിവിശേഷം നാടകീയമായി അവതരിപ്പക്കാനാണ് നാമിവിടെ എത്തിയിരിക്കുന്നത്.

ഒരര്‍ഥത്തില്‍ ഒരു ചെക്കുമാറി പണമാക്കുന്നതിനാണ് നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്ത് നാമെത്തിയിരിക്കുന്നത്. നമ്മുടെ റിപ്പബ്ലിക്കിന്റെ ശില്‍പ്പികള്‍ ഭരണഘടനയിലും ഡിക്ലറേഷന്‍ ഓഫ് ഇന്‍ഡിപ്പെന്‍ഡന്‍സിലും (സ്വാതന്ത്ര്യ പ്രഖ്യാപനത്തിലും) മനോഹരമായ വാക്കുകള്‍ എഴുതിവെച്ചപ്പോള്‍, എല്ലാ അമേരിക്കകാരനും അനന്തരാവകാശിയാകുന്ന ഒരു പ്രൊമിസറി നോട്ടില്‍ ഒപ്പുവെക്കുകയായിരുന്നു അവര്‍. എല്ലാ മനുഷ്യര്‍ക്കും-അതേ, കറുത്തവനും വെളുത്തവനും-ജീവനും സ്വാതന്ത്ര്യത്തിനും സന്തോഷം തേടുന്നതിനുമുള്ള, ആര്‍ക്കും അന്യാധീനപ്പെടുത്താനാവാത്ത അവാകാശങ്ങള്‍ ഉറപ്പുവരുത്തുന്ന ഒരുടമ്പടിയായിരുന്നു ഈ നോട്ട്. സ്വന്തം പൗരന്‍മാരെ നിറത്തിന്റെ അടിസ്ഥാനത്തില്‍ പരിഗണിക്കുന്ന അമേരിക്ക ഇന്ന് ഈ പ്രൊമിസറി നോട്ടിന്റെ കാര്യത്തില്‍ വീഴ്ച്ച വരുത്തിയിരിക്കുന്നു. പാവനമായ ഈ ഉടമ്പടിയെ ആദരിക്കുന്നതിന് പകരം അമേരിക്ക നീഗ്രോ ജനതയ്ക്ക് ഒരു വണ്ടിചെക്ക് തന്നിരിക്കുന്നു, 'ആവശ്യത്തിന് പണമില്ല' എന്നെഴുതി തിരിച്ചുവന്ന ഒരു ചെക്ക്.


നീതിയുടെ ബാങ്ക് പാപ്പരായെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. ഈ രാജ്യത്തെ അവസരങ്ങളുടെ മഹാഭണ്ഡാരങ്ങളില്‍ ആവശ്യത്തിന് പണമില്ലെന്ന് വിശ്വസിക്കാന്‍ ഞങ്ങള്‍ തയ്യാറല്ല. അതിനാല്‍, ഈ ചെക്ക്, സ്വാതന്ത്ര്യത്തിന്റെ സമൃദ്ധിയും നീതിയുടെ സുരക്ഷയും പ്രദാനം ചെയ്യുന്ന ചെക്ക്് പണമാക്കാനാണ് ഞങ്ങള്‍ വന്നിരിക്കുന്നത്.

ഇന്നിന്റെ തീക്ഷ്ണമായ തിടുക്കത്തെക്കുറിച്ച് അമേരിക്കയെ ഓര്‍മപ്പെടുത്താന്‍ കൂടിയാണ് ഈ വിശുദ്ധസ്ഥലത്ത് നമ്മള്‍ വന്നിരിക്കുന്നത്. തണുപ്പന്‍ സമീപനത്തിന്റെ ആര്‍ഭാടത്തില്‍ മുഴുകാനോ മെല്ലെപ്പോക്കെന്ന ശമനൗഷധം സേവിക്കാനോ ഉള്ള സമയമല്ലിത്. ജനാധിപത്യത്തിന്റെ വാഗ്ദാനങ്ങളെ യാഥാര്‍ഥ്യമാക്കാനുള്ള സമയമാണിത്. വര്‍ണവിവേചനത്തിന്റെ ഇരുണ്ട, വിജനമായ താഴ്‌വരയില്‍ നിന്ന് വംശീയ നീതിയുടെ സൂര്യവെളിച്ചമുള്ള പാതയിലേക്ക് ഉയരാനുള്ള സമയമാണിത്. വംശീയ അനീതിയുടെ ചുഴിമണലില്‍ നിന്ന് സാഹോദര്യത്തിന്റെ ഉറച്ചപാറയിലേക്ക് നമ്മുടെ രാജ്യത്തെ ഉയര്‍ത്താനുള്ള സമയമാണിത്.

എല്ലാ ദൈവമക്കള്‍ക്കും നീതി യാഥാര്‍ഥ്യമാക്കേണ്ട സമയമാണിത്. ഈ നിമിഷത്തിന്റെ അടിയന്തരവസ്ഥയെ അവഗണിക്കുന്നത് രാജ്യത്തിന് ആപത്തായിരിക്കും. സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും പ്രസന്നമായ ശരത്ക്കാലം വരുംവരെ നീഗ്രോയുടെ ന്യായമായ അസന്തുഷ്ടിയുടെ ചുട്ടുപൊള്ളുന്ന വേനല്‍ കടന്നുപോകില്ല. 1963 ഒരവസാനമല്ല. പക്ഷേ, ഒരു ആരംഭമാണ്. നീഗ്രോയ്ക്ക് ഒരു പൊട്ടിത്തെറി ആവശ്യമായിരുന്നെന്നും അതുണ്ടായ സ്ഥിതിയ്ക്ക് അവന്‍ ശാന്തനായിരിക്കുമെന്നും പ്രതീക്ഷിക്കുന്നവര്‍, രാജ്യം അതിന്റെ പതിവുചര്യകളിലേക്ക് മടങ്ങിയാല്‍ ഉണര്‍ന്നെണീക്കുക ഒരു വലിയ ഞെട്ടലിലേക്കായിരിക്കും.

നീഗ്രോയ്ക്ക് അവന്റെ പൗരാവകാശങ്ങള്‍ അനുവദിക്കുംവരെ അമേരിക്കയില്‍ വിശ്രമമോ വിശ്രാന്തിയോ ഉണ്ടാവില്ല. നീതിയുടെ പ്രഭാപൂര്‍ണമായ ദിനങ്ങള്‍ ഉയരുംവരെ വിപ്ലവത്തിന്റെ ചുഴലിക്കാറ്റുകള്‍ നമ്മുടെ രാജ്യത്തിന്റെ അടിത്തറയെ ഇളക്കിക്കൊണ്ടിരിക്കും. അതിനാല്‍, നീതിയുടെ കൊട്ടാരത്തിലേക്ക് നയിക്കുന്ന തകര്‍ന്ന വാതായനത്തില്‍ നില്‍ക്കുന്ന എന്റെ ജനത്തോട് ഞാന്‍ പറയുന്നതും അതുതന്നെയാണ്. നമുക്കവകാശപ്പെട്ട ഇടം നേടാനായുള്ള പ്രക്രിയ്ക്കിടയില്‍ തെറ്റുചെയ്‌തെന്ന കുറ്റബോധം നമുക്കുണ്ടാവരുത്. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും പാനപാത്രത്തില്‍ നിന്ന് കുടിച്ച് നമ്മുടെ സ്വാതന്ത്ര്യ ദാഹം ശമിപ്പിക്കാന്‍ നാം ശ്രമിക്കരുത്.

അന്തസ്സിന്റെയും അച്ചടക്കത്തിന്റെയും ഉന്നതതലത്തില്‍ നിന്നാവണം നാം എന്നും നമ്മുടെ പോരാട്ടം നടത്തേണ്ടത്. നമ്മുടെ സര്‍ഗാത്മക പ്രക്ഷോഭങ്ങള്‍ കായികമായ അക്രമത്തിലേക്ക് അധ:പതിക്കാന്‍ നാം അനുവദിക്കരുത്. കായികശക്തിയെ ആത്മബലംകൊണ്ട് നേരിടുന്ന മഹത്തായ ഔന്നത്യത്തിലേയ്ക്ക് നാം വീണ്ടും വീണ്ടും ഉയരണം. നീഗ്രോ സമൂഹത്തെ ഗ്രസിച്ചിട്ടുള്ള വിസ്മയാവഹമായ ഈ പുത്തന്‍ സമരോത്സുകത എല്ലാ വെള്ളക്കാരെയും അവിശ്വസിക്കുന്നതിലേക്ക് നമ്മെ നയിക്കരുത്. നമ്മുടെ വെള്ളക്കാരായ ഒട്ടേറെ സഹോദരങ്ങള്‍, അവരില്‍ പലരും ഇന്നിവിടെയുള്ള അവരുടെ സാന്നിദ്ധ്യം വഴി തെളിയിച്ചിട്ടുള്ളപോലെ, അവരുടെ വിധി നമ്മുടെ വിധിയുമായി കെട്ടുപിണഞ്ഞുകിടക്കുയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്.

അവരുടെ സ്വാതന്ത്ര്യം നമ്മുടെ സ്വാതന്ത്ര്യത്തോട് ഇഴപിരിക്കാനാവാത്തവിധം കെട്ടപ്പെട്ടിരിക്കുകയാണെന്ന് തിരിച്ചറിഞ്ഞിരിക്കുകയാണ്. നമുക്ക് തനിയേ നടക്കാനാവില്ല. അതുപോലെ, നാം നടക്കുമ്പോഴെല്ലാം കാലത്തിന് മുമ്പേനടക്കുമെന്ന് നാം പ്രതിജ്ഞ ചെയ്യണം. നമുക്ക് പിന്തിരിയാനാവില്ല. 'നിങ്ങള്‍ എപ്പോള്‍ തൃപ്തരാവു'മെന്ന് പൗരാവകാശത്തിന്റെ ഉപാസകരോട് ചോദിക്കുന്ന ചിലരുണ്ട്. പോലീസ് മൃഗീയതയുടെ വിവരണാതീതമായ ഭീകരതകളുടെ ഇരയായി നീഗ്രോ തുടരുവോളം കാലം ഞങ്ങള്‍ക്ക് തൃപ്തരാകാനാവില്ല.

യാത്രാക്ഷീണത്താല്‍ കനംതൂങ്ങിയ ഞങ്ങളുടെ ശരീരങ്ങള്‍ക്ക് ഹൈവേകളിലെ മോട്ടലുകളിലും നഗരങ്ങളിലെ ഹോട്ടലുകളിലും ഇടത്താവളം നേടിയെടുക്കാനാകാതിരിക്കുവോളം കാലം ഞങ്ങള്‍ക്ക് ഒരിക്കലും തൃപ്തരാകാനാവില്ല.

നീഗ്രോയുടെ അടിസ്ഥാന സഞ്ചാരസ്വാതന്ത്ര്യം നഗരത്തിലെ ചെറുചേരിയില്‍ നിന്ന് വലുതിലേക്ക് എന്ന നിലയില്‍ തുടരുവോളം ഞങ്ങള്‍ക്ക് തൃപ്തരാകാനാവില്ല. 'വെള്ളക്കാര്‍ക്കു മാത്രം' എന്ന ചിഹ്നങ്ങളാല്‍ ഞങ്ങളുടെ കുട്ടികളുടെ കൗമാരം ഉരിഞ്ഞെറിയുകയും അവരുടെ ആത്മാഭിമാനം കവര്‍ന്നെടുക്കുകയും ചെയ്യുന്ന കാലത്തോളം ഞങ്ങള്‍ക്ക് ഒരിക്കലും തൃപ്തരാകാനാവില്ല.

മിസിസ്സിപ്പിയിലെ നീഗ്രോയ്ക്ക് വോട്ടു ചെയ്യാന്‍ കഴിയാതിരിക്കുകയും ന്യുയോര്‍ക്കിലെ നീഗ്രോ വോട്ടുചെയ്യാന്‍ തനിക്കൊന്നുമില്ലെന്ന് വിശ്വസിക്കുകയും ചെയ്യുന്ന കാലത്തോളം ഞങ്ങള്‍ക്ക് തൃപ്തരാകാനാവില്ല.
                                                     
'എനിക്കൊരു സ്വപ്‌നമുണ്ട്'
19 Jan 2015


ഇല്ല, ഇല്ല, നീതി ജലം പോലെയും നീതിബോധം വന്‍ അരുവിപോലെയും ഒഴുകിയെത്തും വരെ ഞങ്ങള്‍ തൃപ്തരല്ല. തൃപ്തരാവില്ല.

കൊടിയ പരീക്ഷണങ്ങളും ക്ലേശങ്ങളും സഹിച്ചാണ് നിങ്ങളില്‍ ചിലര്‍ ഇവിടെയെത്തിയിരിക്കുന്നതെന്ന കാര്യം ഞാന്‍ ശ്രദ്ധിക്കാതെയല്ല. ഇടുങ്ങിയ ജയിലറകളില്‍ നിന്ന് നേരിട്ടെത്തിയിട്ടുള്ളവരാണ് നിങ്ങളില്‍ ചിലര്‍. നിങ്ങളുടെ സ്വാതന്ത്ര്യ ദാഹം പീഡനങ്ങളുടെ കൊടുങ്കാറ്റില്‍ തകര്‍ക്കപ്പെട്ട, പോലീസ് മൃഗീയതയുടെ കാറ്റില്‍ വേച്ചുപോയ ഇടങ്ങളില്‍ നിന്നാണ് നിങ്ങളില്‍ ചിലര്‍ വന്നിരിക്കുന്നത്. സര്‍ഗാത്മക സഹനത്തിന്റെ ആചാര്യന്‍മാരാണ് നിങ്ങള്‍.

അര്‍ഹിക്കാത്ത സഹനം വീണ്ടെടുപ്പാണെന്ന വിശ്വാസത്തില്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുക. ഈ സ്ഥിതിവിശേഷം എന്തായാലും മാറുമെന്നും മാറ്റുമെന്നും അറിഞ്ഞുകൊണ്ട് മിസിസ്സിപ്പിയിലേയ്ക്ക് മടങ്ങൂ, അലബാമയിലേക്ക് മടങ്ങൂ, സൗത്ത കാരലീനയിലേക്ക് മടങ്ങൂ, ജോര്‍ജിയയിലേക്ക് മടങ്ങൂ, ലൂസിയാനയിലേക്ക് മടങ്ങൂ, നമ്മുടെ വടക്കന്‍ നഗരങ്ങളിലെ ചേരികളിലേക്കും കുടികളിലേക്കും മടങ്ങൂ. നമുക്ക് നിരാശയുടെ താഴ്‌വരയില്‍ ഉഴറിനടക്കാതിരിക്കാം.

ഇന്നു ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ സുഹൃത്തുക്കളേ, ഇന്നിന്റെയും നാളെയുടെയും പ്രയാസങ്ങളെ നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും എനിക്ക് ഇപ്പോഴും ഒരു സ്വപ്‌നമുണ്ട്. അമേരിക്കന്‍ സ്വപ്‌നത്തില്‍ ആഴത്തില്‍ വേരൂന്നിയ ഒരു സ്വപ്‌നമാണത്. എനിക്കൊരു സ്വപ്‌നമുണ്ട്, 'സകല മനുഷ്യരും തുല്യരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യങ്ങള്‍ തെളിവുകളും വിശദീകരണങ്ങളും ആവശ്യമില്ലാത്തതാണെന്ന് ഞങ്ങള്‍ കരുതുന്നു' എന്ന തിരിച്ചറിവിലേക്ക് ഒരു നാള്‍ ഈ രാഷ്ട്രം ഉയര്‍ത്തെഴുന്നേല്‍ക്കുകയും സ്വന്തം വിശ്വാസപ്രമാണത്തിന്റെ ശരിയായ അര്‍ഥത്തിനനുസരിച്ച് ജീവിക്കുകയും ചെയ്യും.

എനിക്കൊരു സ്വപ്‌നമുണ്ട്, ജോര്‍ജിയയിലെ ചുവന്ന കുന്നുകള്‍ക്ക് മേലെ മുന്‍ അടിമകളുടെ മക്കള്‍ക്കും മുന്‍ ഉടമകളുടെ മക്കള്‍ക്കും സാഹോദര്യത്തിന്റെ മേശയ്ക്കു ചുറ്റും ഒരുമിച്ചിരിക്കാന്‍ കഴിയുന്ന ഒരു നാള്‍. എനിക്കൊരു സ്വപ്‌നമുണ്ട്, അനീതിയുടെയും അടിമത്തത്തിന്റെയും ചൂടില്‍ വെന്തുരുകുന്ന സംസ്ഥാനമായ മിസിസ്സിപ്പി പോലും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും മരുപ്പച്ചയായി പരിണമിക്കുന്ന ഒരു നാള്‍.

എനിക്കൊരു സ്വപ്‌നമുണ്ട്, എന്റെ നാല് കുഞ്ഞുങ്ങളും അവരുടെ തൊലിനിറം കൊണ്ടല്ലാതെ, അവരുടെ സ്വഭാവത്തിന്റെ മേന്‍മകൊണ്ട് വിലയിരുത്തപ്പെടുന്ന രാജ്യത്ത് ജീവിക്കുന്ന ഒരു നാള്‍. എനിക്കൊരു സ്വപ്‌നമുണ്ട്...എനിക്കൊരു സ്വപ്‌നമുണ്ട്, അലബാമയില്‍, അതിലെ വര്‍ണവെറിയന്‍മാര്‍ക്കൊപ്പം, തുരങ്കംവെപ്പിനെയും അസാധുവാക്കലിനെയും പറ്റിയുള്ള വാക്കുകള്‍ ഒലിപ്പിക്കുന്ന അതിന്റെ ഗവര്‍ണര്‍ക്കൊപ്പം കറുത്ത ആണ്‍കുഞ്ഞുങ്ങള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും സഹോദരീ സഹോദരന്‍മാരെപ്പോലെ വെളുത്ത ആണ്‍കുഞ്ഞുങ്ങളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും കൈകോര്‍ത്തുപിടിക്കാന്‍ കഴിയുമാറാകുന്ന ഒരു നാള്‍.

എനിക്കിന്നൊരു സ്വപ്‌നമുണ്ട്...എനിക്കൊരു സ്വപ്‌നമുണ്ട്, ഒരു നാള്‍ എല്ലാ താഴ്‌വരകളും ഉയര്‍ത്തപ്പെടും. എല്ലാ മലകളും താഴ്ത്തപ്പെടും. പരുക്കന്‍ നിലങ്ങള്‍ സമതലമാക്കപ്പെടും. വളഞ്ഞ ഇടങ്ങള്‍ നേരെയാക്കപ്പെടും. അപ്പോള്‍ ദൈവത്തിന്റെ മഹത്വം വെളിവാക്കപ്പെടും. സകലജനതയും ഒരുമിച്ചത് ദര്‍ശിക്കും. ഇതാണ് നമ്മുടെ പ്രത്യാശ. ഞാന്‍ തെക്കോട്ട് മടങ്ങുമ്പോഴുള്ള വിശ്വാസം ഇതാണ്. ഈ വിശ്വാസംകൊണ്ട് നിരാശയുടെ പര്‍വതത്തില്‍ നിന്ന് പ്രത്യാശയുടെ ഒരു പാറ ചൂഴ്‌ന്നെടുക്കാന്‍ നമുക്കാവും. ഈ വിശ്വാസംകൊണ്ട് നമ്മുടെ രാജ്യത്തെ അപശ്രുതികളുടെ കോലാഹലം സാഹോദര്യത്തിന്റെ മനോഹര ഗീതമാക്കി പരിണമിപ്പിക്കാന്‍ നമുക്കാവും. ഈ വിശ്വാസംകൊണ്ട് ഒരുമിച്ച് പണിയെടുക്കാന്‍, ഒരുമിച്ച് പ്രാര്‍ഥിക്കാന്‍, ഒരുമിച്ച് പോരാടാന്‍, തടവറയിലേക്ക് ഒരുമിച്ചുപോകാന്‍, ഒരുനാള്‍ സ്വതന്ത്രരാകുമെന്ന പ്രത്യാശയോടെ സ്വാതന്ത്ര്യത്തിനായി ഒരുമിച്ചുനില്‍ക്കാന്‍ നമുക്കാവും.

ദൈവത്തിന്റെ മക്കള്‍ക്കെല്ലാം പുതിയ അര്‍ഥത്തോടെ പാടാന്‍ കഴിയുന്ന ദിനം. 'എന്റെ രാജ്യമേ, സ്വതന്ത്ര്യത്തിന്റെ മധുര ഭൂമീ, നിന്നെക്കുറിച്ചു ഞാന്‍ പാടുന്നു. എന്റെ പിതാക്കന്‍മാര്‍ മരിച്ച ഭൂമീ, തീര്‍ഥാടകന്റെ അഭിമാന ഭൂമീ, എല്ലാ മലഞ്ചെരിവുകളില്‍ നിന്നും സ്വാതന്ത്ര്യം മുഴങ്ങട്ടെ.' അമേരിക്ക ഒരു മഹത്തായ രാഷ്ട്രമായിരിക്കണമെങ്കില്‍ ഇത് സത്യമായിത്തീരണം. അതിനാല്‍, ന്യൂഹാംഷയറിലെ ഉത്തുംഗമായ മലനിരകളില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. ന്യുയോര്‍ക്കിലെ വന്‍മലകളില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. പെന്‍സില്‍വേനിയയിലെ അലിഗെനി കുന്നുകളില്‍ നിന്ന് സ്വാന്ത്ര്യം മുഴങ്ങട്ടെ. കൊളറാഡോയിലെ മഞ്ഞണിഞ്ഞ റോക്കി മലനിരകളില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. കാലിഫോര്‍ണിയയിലെ വടിവൊത്ത മലമടക്കുകളില്‍ സ്വാതന്ത്ര്യം മുഴങ്ങട്ടെ.

പക്ഷേ അതുമാത്രം പോര. ജോര്‍ജിയയിലെ സ്‌റ്റോണ്‍ മലയില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. ടെന്നിസിയിലെ ലുക്കൗട്ട് മലയില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ. മിസിസ്സിപ്പിയിലെ സകല കുന്നില്‍ നിന്നും മണ്‍പുറ്റില്‍ നിന്നും എല്ലാ മലഞ്ചെരുവില്‍ നിന്നും സ്വാതന്ത്ര്യം മുഴങ്ങട്ടെ. സ്വാതന്ത്ര്യം മുഴങ്ങട്ടെ...

സ്വാതന്ത്ര്യത്തെ മുഴങ്ങാന്‍ നാം അനുവദിക്കുമ്പോള്‍ എല്ലാ നഗരത്തിലും ഗ്രാമത്തിലും നിന്നും എല്ലാ സംസ്ഥാനത്തിലും പട്ടണത്തിലും നിന്നും അത് മുഴങ്ങുമ്പോള്‍, എല്ലാ ദൈവമക്കളും, കറുത്തവനും വെളുത്തവനും ജൂതനും ജൂതനല്ലാത്തവനും പ്രൊട്ടസ്റ്റന്റും കത്തോലിക്കനും കൈകള്‍ കോര്‍ത്ത് 'ഒടുവില്‍ സ്വതന്ത്രരായി, ഒരുടിവില്‍ സ്വതന്ത്രരായി, മഹോന്നതനും സര്‍വശക്തനുമായ ദൈവമേ, ഒടുവില്‍ ഞങ്ങള്‍ സ്വതന്ത്രരായി' എന്ന ആ പഴയ നീഗ്രോ ഭക്തിഗാനത്തിന്റെ വരികള്‍ പാടുന്ന ആ ദിനം വേഗത്തില്‍ ആഗതമാക്കാന്‍ നമുക്ക് കഴിയും.
https://www.youtube.com/watch?feature=player_embedded&v=smEqnnklfYs 

No comments:

Post a Comment

Search This Blog