Friday 20 November 2015

ഖുദിറാം ബോസ്







ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി അഥവാ തൂക്കിലേറ്റപ്പെട്ട വിപ്ലവകാരി ആണ്. 1889 ഇല്‍ ബംഗാളില്‍ ജനിച്ച ഖുദിറാം ബോസിന് നന്നേ ചെറുപ്പത്തിലെ തന്നെ അച്ഛനും അമ്മയും നഷ്ട്ടപ്പെട്ടിരുന്നു. ചേച്ചിയോടൊപ്പം ജീവിച്ച അവന്‍ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ ബംഗാളില്‍ നടമാടിയ ക്ഷാമവും പ്ലേഗും കണ്ടാണ്‌ വളര്‍ന്നു വന്നത്. ലക്ഷക്കണക്കിന്‌ ഇന്ത്യക്കാര്‍ പുഴുക്കളെ പോലെ മരിച്ചു വീഴുമ്പോളും അധികൃതര്‍ ദില്ലിയില്‍ രാജകീയ ദര്‍ബാര്‍ സംഘടിപ്പിക്കാന്‍ നടത്തിയ പകല്‍ കൊള്ളയും ധാര്‍ഷ്ട്യവും അവന്റെ മനസ്സിനെ ചെറുപ്പത്തിലെ തന്നെ സ്വാധീനിച്ചിരുന്നു. പക്ഷെ ഖുദിറാം ഒരു തീവ്രവാദി ആയി മാറിയത് പന്ത്രണ്ടാം വയസ്സില്‍ ആചാര്യ അരബിന്ദോയുടെ പ്രസംഗങ്ങള്‍ കേട്ടാണ്. സ്കൂളില്‍ അവന്റെ അദ്ധ്യാപകന്‍ ആയിരുന്ന ഹേമ ചന്ദ്ര കനുന്ഗോ മുഖാന്തരം ബംഗാള്‍ വിഭജന കാലത്ത് ശക്തിയാര്‍ജിച്ച തീവ്രവാദി ഗ്രൂപ്പ് ആയ ജുഗാന്ധറില്‍ അന്ഗമായി. വിപ്ലവ വാരിക ആയിരുന്ന സോനാര്‍ ബംഗ്ല വിതരണം ചെയ്യുന്നതിനിടയില്‍ ഒരിക്കല്‍ പോലീസിന്റെ പിടിയിലായ ബോസ് പക്ഷെ രക്ഷപ്പെട്ടു. തുടര്‍ന്ന് പതിനാറാം വയസ്സില്‍ പോലീസ് സ്റെഷനില്‍ ബോംബ്‌ വച്ച് മൂന്നു പേരെ കൊന്ന കേസില്‍ പ്രതിയായ ഖുദിറാം പക്ഷെ പ്രശസ്തന്‍ ആവുന്നത് കിങ്ങ്സ് ഫോര്‍ഡ് വധ ശ്രമത്തെ തുടര്‍ന്നാണ്.
ബംഗാള്‍ വിഭജന സമയത്ത് കല്‍ക്കട്ട മജിസ്ട്രേറ്റ് ആയിരുന്ന കുപ്രസിദ്ധനായ ജഡ്ജ് ആയിരുന്നു കിങ്ങ്സ് ഫോര്‍ഡ്. ഒരുപാടു പേരെ വധശിക്ഷക്ക് വിധിച്ച ഫോര്‍ഡ് തീവ്രവാദികളുടെ ഹിറ്റ്‌ ലിസ്റ്റിലെ ഒന്നാം നമ്ബരുകാരന്‍ ആയിരുന്നു. ഫോര്‍ഡിനെ കൊല്ലാന്‍ വേണ്ടി ഖുദിറാംമിനെയും മറ്റൊരു വിപ്ലവകാരി ആയിരുന്ന പ്രഫുല്ല ചാക്കിയെയും ജുഗന്തര്‍ നിയമിച്ചു. 1908 april 30 നു രാത്രി മുസാഫര്‍ പൂരിലെ ഒരു ഇന്ഗ്ലിഷ് ക്ലുബ്ബിനു മുന്നില്‍ പതുങ്ങി നിന്ന ഇരുവരും ഫോര്‍ടിന്റെ വണ്ടിക്കു നേരെ ബോംബെറിഞ്ഞു. പക്ഷെ നിര്‍ഭാഗ്യവശാല്‍ അതില്‍ ഫോര്‍ഡ് അല്ലായിരുന്നു. നിരപരാധികളായ ഒരു വെള്ളക്കാരിയും അവരുടെ മകളും ആയിരുന്നു. രണ്ടുപേരും കൊല്ലപ്പെട്ടു. പോലീസ് രാത്രി തന്നെ തിരച്ചില്‍ ശക്തമാക്കി. പിറ്റേന്ന് പുലര്‍ച്ചെ റെയില്‍വേ സ്റെഷന് സമീപം വച്ച് ഖുദിറാം പിടിയിലായി. മറ്റൊരു വഴിക്ക് രക്ഷപ്പെട്ട ചാക്കിക്ക് പക്ഷെ കീഴടങ്ങേണ്ട ഘട്ടം എത്തിയപ്പോള്‍ ആത്മഹത്യ ചെയ്യേണ്ടി വന്നു.
വിചാരണയില്‍ ഫോര്‍ഡിനെ കൊല്ലാന്‍ കഴിയാത്തതിലും നിരപരാധികള്‍ വധിക്കപ്പെട്ടതിലും ഖുദിറാം ഖേദം അറിയിച്ചു എങ്കിലും തൂക്കു മരത്തിലേക്ക് താന്‍ ചിരിച്ചു കൊണ്ട് തന്നെ ആയിരിക്കും കയറുക എന്നുകൂടി ആ പതിനെട്ടുകാരന്‍ പറയാന്‍ മറന്നില്ല 1908 ആഗസ്റ്റ്‌ പതിനൊന്നിനു തന്റെ വാക്ക് പോലെ തന്നെ ആ കൌമാരക്കാരന്‍ കൊലമരത്തില്‍ കയറി. ചിരിക്കുന്ന മുഖവുമായി കൊലയറയിലേക്ക് കയറിയ ഖുദിറാമ്മിന്റെ കഥ ബ്രിട്ടിഷ് പത്രങ്ങള്‍ പോലും വാര്‍ത്തയാക്കി. ഇതിനോടകം തന്നെ വീര പരിവേഷം ലഭിച്ചു കഴിഞ്ഞിരുന്ന ഖുദിറാമിന്റെ മൃതദേഹം സംസ്കരിക്കാന്‍ പോകുന്ന വഴിയില്‍ ആയിരങ്ങള്‍ തടിച്ചുകൂടുകയും പൂക്കള്‍ എറിയുകയും ചെയ്തു. ഇന്ത്യന്‍ വിപ്ലവകാരികള്‍ക്ക് ഇടയില്‍ ഇന്നും ആ യുവനക്ഷത്രം തിളങ്ങി നില്‍ക്കുന്നു.


 ചിത്രവും വിവരണവും അയച്ച് തന്നത് സി.ഷാദാസ്




No comments:

Post a Comment

Search This Blog