Wednesday, 22 November 2017

റഷ്യൻ ഫെഡറേഷൻ




റഷ്യൻ ഫെഡറേഷൻ


Courtesy;Robin Jude - Charithranveshikal

യൂണിയൻ ഓഫ് സോവിയറ്റു സോഷ്യലിസ്റ്റ് റിപ്പബ്ളിക്‌സ് എന്ന മഹാ ശക്തിയുടെ ശിഥിലീകരണത്തിനുശേഷം അവരുടെ പിന്തുടർച്ച നേടിയത് റഷ്യ ആയിരുന്നു, യുണൈറ്റഡ് നേഷൻസ് ലെ സെക്യൂരിറ്റി കൗൺസിൽ സ്ഥിരഅംഗത്വം മുതൽ സോവിയറ്റു യൂണിയന്റെ ആണവായുധ ശേഖരം വരെ റഷ്യ സ്വന്തമാക്കി. മറ്റു സോവിയറ്റു റിപ്പബ്ലിക്കുകൾ കാര്യമായി ഇതിനെ എതിർത്തിരുന്നില്ല കാരണം സോവിയറ്റു യൂണിയനിലെ റഷ്യൻ അപ്രമാധിത്യം അത്രത്തോളം വലുതായിരുന്നു. സോവിയറ്റു യൂണിയനിലെ ഏറ്റവും വലുതും ശക്തവും,സമ്പന്നവും,മനുഷ്യവിഭവശേഷിയും റഷ്യക്കായിരുന്നു അതിനാൽ പലപ്പോഴും സോവിയറ്റു യൂണിയനെ സോവിയറ്റു റഷ്യ എന്നും വിളിച്ചിരുന്നു.
റഷ്യയുടെ ഔദ്യോദിക നാമം റഷ്യൻ ഫെഡറേഷൻ എന്നാണ്. റഷ്യ ഒരു ഏകശില ഘടനയുള്ള യൂണിറ്ററി സംവിധാനം ഉള്ള രാജ്യമല്ല, വിവിധ സ്വയഭരണ, പരിമിത പരമാധികാരമുള്ള രാജ്യങ്ങളും, പ്രവിശ്യകളും, ടെറിട്ടറികളുടെയും യൂണിയൻ ആണ് അഥവാ ഫെഡറേഷൻ ആണ്. പല രാജ്യങ്ങളും സോവിയറ്റു കാലത്ത് തന്നെ റഷ്യയുടെ ഭാഗമായിരുന്നു. പല രാജ്യങ്ങളും റഷ്യ ബലപ്രയോഗത്തിലൂടെ ഫെഡറേഷനിൽ ഉൾപ്പെടുത്തിയതാണ് ചെച്നിയ ഒരു ഉദാഹരണം ആണ്, നീണ്ട കാലത്തെ യുദ്ധത്തിന് ശേഷം പരാജയപ്പെട്ട മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ചെച്നിയ ഫെഡറേഷനിൽ അംഗമാവുകയായിരുന്നു.
ഇത്തരത്തിൽ പരിമിത അധികാരങ്ങളുള്ള 22 റിപ്പബ്ലിക്കുകൾ റഷ്യൻ ഫെഡറേഷനിൽ ഉൾപ്പെട്ടിട്ടുണ്ട്. അവസാനമായി അംഗമായത് ക്രീമിയ എന്ന പ്രദേശമായിരുന്നു. സോവിയറ്റു യൂണിയന്റെ ഭാഗം തന്നെയായിരുന്ന ഉക്രൈനുമായി നടത്തിയ യുദ്ധത്തിന് ശേഷമാണു റഷ്യ ക്രീമിയയെ 2014 ൽ ഫെഡറേഷനിൽ ചേർത്തത്. എന്നാൽ ഈ നടപടിക്ക് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചിട്ടില്ല.
റഷ്യൻ ഫെഡറേഷനിൽ 44 പ്രവിശ്യകളും ഉൾപ്പെടുന്നു, പ്രാദേശിക തെരഞ്ഞെടുപ്പിലൂടെ വിജയിക്കുന്ന ഗവർണർമാരാണ് പ്രവിശ്യയുടെ തലവന്മാർ. കൂടാതെ വംശീയ ന്യൂനപക്ഷങ്ങളെ ഉൾപ്പെടുത്തി ടെറിറ്ററികളും ഉണ്ട്, പലതിനും സ്വയഭരണ പദവികൾ ഉണ്ട്. ഇത്തരം റിപ്പബ്ലിക്കുകൾക്കോ, സ്വയഭരണ ടെറിറ്ററികൾക്കോ സൈന്യത്തെ സംഘടിപ്പിക്കാനോ നിലനിർത്താനോ അധികാരമില്ല അതെല്ലാം ഫെഡറൽ വിഷയങ്ങൾ ആണ്. വിദേശകാര്യവും ഇത്തരത്തിൽ ഫെഡറൽ ഗവണ്മെന്റ് ഉത്തരവാദിത്വമാണ്.
സോവിയറ്റു കാലത്ത് മതകാര്യങ്ങളിൽ ഏറെ നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു, എന്നാൽ ഇന്ന് റഷ്യ ദൈവ വിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്കിലാണ്. സോവിയറ്റ് കാലത്ത് തകർക്കപ്പെട്ട പള്ളികൾ നവീകരിക്കാനും ,പുനരുദ്ധരിക്കാനും ജനങ്ങൾ മുന്നിട്ടിറങ്ങിയിരിക്കുന്നു. സോവിയറ്റ് കാലത്തെ സാമ്പത്തിക സുരക്ഷിത്വം ഇന്നില്ല, അതിനാൽ തന്നെ ജനങ്ങളിൽ വലിയൊരുവിഭാഗം ആ ശൂന്യതയിൽനിന്നും അഭയം തേടാൻ മതവിശ്വാസം പൊടിതട്ടിയെടുക്കുകയാണ്..
റഷ്യൻ ഫെഡറേഷനിലെ ഏറ്റവും വലിയ മതം റഷ്യൻ ഓർത്തഡോക്സ് വിഭാഗമാണ്, മറ്റു ക്രൈസ്തവ സഭകളും ഏറെയുണ്ട്. ചെച്നിയ പോലെ ചിലയിടങ്ങളിൽ ഇസ്ലാം മതവും നിലനിൽക്കുന്നു. മത സ്വാതന്ത്ര്യം ഭരണഘടന ഉറപ്പുനൽകുന്ന രാജ്യമാണ് റഷ്യൻ ഫെഡറേഷൻ.
റഷ്യൻ ഫെഡറേഷന്റെ പരമാധികാരി റഷ്യൻ പ്രസിഡണ്ട്‌ ആയിരിക്കും. ഇപ്പോഴത്തെ പ്രസിഡണ്ട്‌ വ്ലാഡിമിർ പുട്ടിൻ ആണ് അദ്ദേഹം മൂന്നാം തവണയാണ് ഈ പദവിയിൽ എത്തുന്നത്. വ്ലാഡിമിർ പുട്ടിൻ മുൻപ് സോവിയറ്റു രഹസ്യാന്വേഷണ ഏജൻസി ആയ KGBയിലെ ഉന്നത ഉദ്യോഗസ്ഥൻ കൂടെയായിരുന്നു. ലോകത്തെ ഏറ്റവും കരുത്തനായ ഭരണാധികാരിയായി പുട്ടിനെ കണക്കാകുന്നുണ്ട്.
യൂണിയന്റെ തകർച്ചക്ക് ശേഷം സോവിയറ്റു സ്വത്തുക്കൾ ഏറെയും സ്വന്തമാക്കിയ റഷ്യ പക്ഷെ വെല്ലുവിളി നേരിട്ടത് സാമ്പത്തിക തകർച്ച മൂലമായിരുന്നു,സോവിയറ്റു കാലത്ത് ഏറ്റവും വലിയ സൈന്യത്തെ ഇനിയും നിലനിർത്താനാകില്ല എന്നു റഷ്യ തിരിച്ചറിയുകയും കരസേനയുടെ അംഗബലം വെട്ടിച്ചുരുക്കുകയും ചെയ്തു.
റഷ്യ അതിന്റെ പല അയൽ രാജ്യങ്ങളുമായും വിവിധ തർക്കങ്ങളിലാണ് ഉക്രൈനുമായും, ജോർജിയയുമായും അതിർത്തികളിൽ ഏറ്റുമുട്ടുകയും ചെയ്തു റഷ്യ, ഇപ്പോഴും അതിർത്തികളിൽ സൈന്യം മുഖാമുഖം നിൽക്കുകയാണ്. എന്നാൽ താജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, കസാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളുമായി റഷ്യ മികച്ച ബന്ധത്തിലാണ്. കൂടാതെ ഇന്ത്യ, ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളുമായും റഷ്യ അടുത്ത സഖ്യം കാത്തു സൂക്ഷിക്കുന്നു.
ലോകത്തെ ആയുധ കയറ്റുമതിയിലും റഷ്യ മുൻപന്തിയിലാണ്. ഇന്ന് ലോകത്തു ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന റൈഫിൾ ആയ Ak47 കണ്ടുപിടിച്ചതും സോവിയറ്റു റഷ്യ ആയിരുന്നു. സോവിയറ്റ് ടാങ്ക് കമാൻഡർ ആയിരുന്ന മിഖായേൽ കലാഷ്നിക്കോവ് ആണ് ak47 കണ്ടുപിടിച്ചത്. ഇന്ന് അതു നിർമ്മിക്കാൻ പല രാജ്യങ്ങൾക്കും ലൈസൻസ് നൽകിയിട്ടുണ്ട്.
യുണൈറ്റഡ് നേഷൻസ് ലെ പ്രധാന അംഗമാണ് റഷ്യൻ ഫെഡറേഷൻ. ലോകത്തെ ഇപ്പോഴും വലിയ സൈനിക ശക്തികളിലൊന്നാണ് ഈ രാജ്യം. ബഹിരാകാഹത്തേക്കു ആദ്യം മനുഷ്യനെ അയച്ചതും ഈ മഹാ ശക്തി തന്നെയാണ്.
റഷ്യ ഇന്നും അത്ഭുതം തന്നെയാണ്...
വ്ലാഡിമിർ പുട്ടിൻ പറഞ്ഞു :
" ഞങ്ങളെ കീഴടക്കാൻ ഒരിക്കൽ ആൽപ്സ് പർവതം കടന്നു നെപ്പോളിയൻ ഫ്രഞ്ച് പടയുമായിവന്നു, രണ്ടാം ലോക മഹായുദ്ധകാലത്തു ഹിറ്റ്ലറുടെ ജർമൻ സേനയും പിന്നീട് സംഭവിച്ചതെല്ലാം ചരിത്രമാണ് അത് ആവർത്തിച്ചുകൊണ്ടിരിക്കും"...

Thursday, 16 November 2017

പെരിയോർ




 ഇ വി രാമസ്വാമി നായ്ക്കര്‍ (പെരിയോർ)

Courtesy;  Sigi G Kunnumpuram - Charithraanveshikal- PSC VINJANALOKAM








"തായ്നാടും തായ്മൊഴിയും തായാരില്‍ ഉടമ്പും ഉയിരും" (പിറന്നനാടും മാതൃഭാഷയും പെറ്റമ്മയുടെ ശരീരവും ജീവനുമാണ്‌). തമിഴ്‌നാട്ടിലെ ഈറോഡില്‍ ഒരു സമ്പന്ന കന്നഡ നായിഡു കുടുംബത്തില്‍ വെങ്കടപ്പ നായ്ക്കർ ചിന്നതായമ്മാൾ 1878-സെപ്തംബര്‍ 17 ന് പെരിയോര്‍ ജനിച്ചു. 1925ല്‍ തമിഴ്‌നാട്ടില്‍ അബ്രാഹ്ണരുടെ സ്വാഭിമാന പ്രസ്ഥാനത്തിനു തുടക്കം കുറിക്കുന്നതോടെയാണ് ശ്രദ്ധേയനാകുന്നത്.അദ്ദേഹത്തിനു ക്രിഷ്ണസ്വാമി എന്നു പേരായ ഒരു മൂത്ത സഹോദരനും രണ്ടു സഹോദരിമാരും (കണ്ണമ്മയും പൊന്നുതോയ്) ഉണ്ടായിരുന്നു.ഈറോഡിലെ പേരെടുത്ത ധനികനും വ്യാപാരിയുമായിരുന്ന വെങ്കട്ടപ്പ ഒരു യാഥാസ്ഥിതിക ഹിന്ദുമത വിശ്വാസിയായിരുന്നതിനാല്‍ പെരിയോറുടെ ബാല്യകാലവും വിദ്യാഭ്യാസവും മറ്റും പരമ്പരാഗത ഹൈന്ദവാചാരപ്രകാരമാണ് നടന്നതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ചിദംബരനാര്‍,'തമിഴര്‍ തലൈവര്‍' എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുന്നുണ്ട്.പിതാവിന്റെ ദൈവഭക്തിയും വ്യാപാരത്തിരക്കുകള്‍ക്കുമിടയില്‍ മകന് പ്രാഥമിക തലം വരെ മാത്രമേ വിദ്യാഭ്യാസം നടത്താനായുള്ളു.പത്താമത്തെ വയസ്സില്‍ വിദ്യലയത്തോട് വിടപറഞ്ഞ രാമസ്വാമി നായ്കന്‍ പിതാവിനൊപ്പം വ്യാപാരത്തിലാണ് കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചത്.ഹൈന്ദവ പാരമ്പര്യപ്രകാരം നന്നേ ചെറുപ്പത്തില്‍ തന്നെ അദ്ദേഹത്തിനു വിവാഹം കഴിക്കേണ്ടതായും വന്നു.നാഗമ്മ അയിരുന്നു ഭാര്യ.യൗവനത്തിന്റെ ആരംഭത്തില്‍ ഹിന്ദുമതത്തോടും അതിന്റെ ആചാരാനുഷ്ടാനങ്ങളോടും അടങ്ങാത്ത അഭിനിവേശം പെരിയോറില്‍ അലയടിച്ചിരുന്നതായി അദ്ദേഹത്തിന്റെ ജീവചരിത്രം തുടര്‍ന്നു രേഖപ്പെടുത്തുന്നുണ്ട്.ഈ അഭിനിവേശം പെരിയോറെ ഇന്ത്യയിലുടനീളമുള്ള ഹൈന്ദവ പുണ്യ നഗരങ്ങളും തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കുന്നതിന് പ്രേരിപ്പിച്ചു.തീര്‍ത്ഥാടന യാത്രക്കിറങ്ങിയ പെരിയോര്‍ മദ്ധ്യേ പുണ്യനഗരമായ ബനാറസില്‍ എത്തി.എന്നാല്‍ ബനാറസിലെ കാഴ്ചകള്‍ പെരിയോറിലെ ഭക്തനേക്കാള്‍ യുക്തിവാദിയെയാണ് തൊട്ടുണര്‍ത്തിയത്.മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ ബനാറസില്‍ നേരിട്ടനുഭവിച്ച അനുഷ്ഠാനങ്ങളും ബ്രാഹ്മണ പുരോഹിതന്മാരുടെ ചൂഷണങ്ങളും തന്റെ ചിന്താധാരയില്‍ വഴിച്ചിരിവ് സൃഷ്ടിച്ചു എന്ന് പെരിയോര്‍ തന്നെ പില്‍ക്കാലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്.ബനാറസില്‍ നിന്നും മടങ്ങിയെത്തിയ ശേഷവും അന്ധവിശ്വാസങ്ങളില്‍ കേന്ദ്രീകൃതമായ മതങ്ങളുടെ ലക്ഷ്യവും,അനിവാര്യതയും എന്തെന്ന് അദ്ദേഹം ആഴത്തില്‍ അന്വേഷിച്ചുകൊണ്ടിരുന്നു.ഒടുവില്‍ അന്ധവിശ്വാസങ്ങളില്‍ നിന്നും അനാചാരങ്ങളില്‍ നിന്നും മോചിതനാവാതെ മനുഷ്യന് പുരോഗമിക്കാനാവില്ലെന്ന നിഗമനത്തില്‍ അദ്ദേഹം എത്തിച്ചേര്‍ന്നു.പെരിയോറിലെ യുക്തിചിന്തയും സാമൂഹ്യ പരിഷ്‌കരണ ബോധവും ജ്വലിച്ചുകൊണ്ടിരുന്ന ഈ കാലഘട്ടത്തില്‍ മാമൂലുകളെ വെല്ലുവിളിച്ചുകൊണ്ട് സ്വന്തം പിതാവിന്റെ അനന്തരവളെ പുനര്‍വിവാഹം ചെയ്തയക്കുന്നതിലും അദ്ദേഹം മുന്‍കയ്യെടുത്തു വിജയിച്ചു. കുടുംബപാരമ്പര്യം പിന്‍തുടര്‍ന്ന് വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന പെരിയോര്‍ വളരെ പെട്ടെന്നാണ് ഈറോഡിലെ രാഷ്ട്രീയ വ്യവഹാരങ്ങളില്‍ ഇടപെടുന്നത്.ഈ ഇടപെടല്‍ അദ്ദേഹത്തെ വളരെ പെട്ടെന്ന് തമിഴ്‌നാട്ടിലുടനീളം ശ്രദ്ധേയനാക്കി.തുടര്‍ന്ന് അദ്ദേഹം തന്റെ സമയം മുഴുവന്‍ നിസ്സഹരണ പ്രസ്ഥാനത്തിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനത്തിനുവേണ്ടി മാറ്റി വെക്കുന്നു.1920ല്‍ ഊര്‍ജ്വസ്വലനായ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ തമിഴ്‌നാട്ടിലെ രാഷ്ട്രീയ രംഗത്ത് സജീവ സാന്നധ്യമായി മാറിയ രാമസ്വാമി നായ്കന്‍ തന്റെ പ്രവര്‍ത്തനങ്ങളില്‍ ഖദര്‍ വസ്ത്ര പ്രചരണം,സ്വദേശി വസ്ത്ര നിര്‍മ്മാണം,അയിത്തോച്ചാടനം എന്നിവക്കാണ് മുന്ഗണന നല്‍കിയത്.തമിഴ്‌നാട് കോണ്‍ഗ്രസ് കമ്മറ്റിയില്‍ പ്രവര്‍ത്തിക്കമ്പോള്‍ തന്നെ നിരവധി സാമൂഹ്യ പ്രശ്‌നങ്ങളില്‍ അദ്ദേഹം ഇടപെടുകയും ഉദ്യോഗരംഗത്തെ ബ്രാഹ്മണരുടെ കുത്തകയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. 1925ല്‍ സ്വാഭിമാന പ്രസ്ഥാനത്തിന് രൂപം നല്‍കിക്കൊണ്ട് അബ്രാഹ്മണ പ്രസ്ഥാനത്തെ സജീവമാക്കി.നിയതാര്‍ത്ഥത്തില്‍ സ്വാഭിമാന പ്രസ്ഥാനം ആരംഭിക്കുന്നതോടെയാണ് പെരിയോര്‍ തമിഴ്‌നാടിന്റെ സാമൂഹിക-രാഷ്ട്രീയ-വ്യവസായങ്ങളില്‍ ചിരസ്മരണീയ വ്യക്തിമുദ്ര പതിപ്പിക്കുന്നതും അബ്രാഹ്മണപ്രസ്ഥാനത്തിനു വ്യക്തമായ ദിശാബോധം കൈവരിക്കാന്‍ കഴിയുന്നതും.1924-ലെ വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുന്നതോടെ പെരിയോര്‍ ദേശീയ തലത്തില്‍ ശ്രദ്ധേയനായി.വൈക്കം സത്യാഗ്രഹത്തില്‍ പെരിയോര്‍ നടത്തിയ ഇടപെടുകള്‍ ശ്രദ്ധേയമായ വിവാദങ്ങള്‍ക്കുതന്നെ പില്‍ക്കാലത്ത് വഴിയൊരുക്കിയിട്ടുണ്ട്.എന്നാല്‍ പെരിയോര്‍ തന്റെ പ്രത്യശാസ്ത്രപരമായ അടിത്തറയും ആശയപ്രചരണവും വികസിപ്പിക്കുന്നത് വൈക്കം സത്യാഗ്രഹത്തോടെയാണ്.1972-ല്‍ വീടുതലൈയില്‍ പ്രസിദ്ധീകരിച്ച ലേഖനങ്ങളിലും അഭിമുഖങ്ങളിലും പെരിയോര്‍ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്.വൈക്കം സത്യാഗ്രഹവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ രണ്ടുപ്രാവശ്യം അറസ്റ്റ്‌ചെയ്ത് ജയിലിലടച്ചു.കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ആരംഭിച്ച പ്രസ്തുത സത്യാഗ്രഹത്തില്‍ പങ്കെടുക്കാന്‍ പ്രത്യേക ക്ഷണം ലഭിച്ചതിനെ തുടര്‍ന്ന് മധുരയില്‍ നിന്നും വൈക്കത്തേക്ക് പുറപ്പെട്ട പെരിയോറെ ഈറോഡില്‍ വെച്ച് അറസ്റ്റ് ചെയ്ത് ജയിലിലാക്കുകയായിരുന്നു.രാജതലവനെ ലംഘിച്ചതിനായിരുന്നു പ്രസ്തുത അറസ്റ്റ്.തുടര്‍ന്ന് വൈക്കത്ത് പ്രവേശിക്കരുതെന്ന നിബന്ധനയോടെ ജയില്‍ വിമോചിതനാക്കിയെങ്കിലും പെരിയോര്‍ രാജകല്‍പ്പനയെ മുഖവിലക്കെടുത്തില്ല.നിയമലംഘനത്തിന്റെ പേരില്‍ പെരിയോറെ വീണ്ടും അറസ്റ്റ് ചെയ്തു.6 മാസത്തേക്ക് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലടച്ചു.പെരിയോര്‍ ജയിലിലായിരിക്കവെ അദ്ദേഹത്തിന്റെ ഭാര്യ നാഗമ്മ വനിതകള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ആശയപ്രചരണവുമായി പ്രവര്‍ത്തിച്ചു.തിരിവിതാംകൂര്‍ രാജാവിന്റെ അകാല മരണത്തെ തുടര്‍ന്ന് പെരിയോറെ ജയില്‍ വിമാചിതനാക്കിയെങ്കിലും വളരെ പെട്ടന്ന് മുന്‍കരുതല്‍ എന്ന നിലക്ക് അദ്ദേഹത്തെ വീണ്ടും അറസ്റ്റ് ചെയ്ത് മദ്രാസ് ജയിലിലടച്ചു.വൈക്കം സത്യാഗ്രഹത്തില്‍ പെരിയോര്‍ക്കുള്ള പങ്കിനെ മുഖ്യധാരാ ചരിത്രകാരന്മാര്‍ ബോധപൂര്‍വം തമസ്‌കരിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അദ്ദേഹം അക്കലത്ത് 'വൈക്കം ഹീറോ' എന്ന പേരിലാണ് പരക്കെ അിറയപ്പെട്ടിരുന്നത്.ഹിന്ദുമതത്തിലെ ജാതിവ്യവസ്ഥയും അതിന്റെ പേരില്‍ നിലനില്‍ക്കുന്ന വിവേചനങ്ങളും അവസാനിക്കാതെ സാമൂഹ്യപരിഷ്‌കരണം പൂര്‍ണമാകില്ല എന്ന നിഗമനമാണ് പെരിയോറെ വൈക്കം സത്യാഗരഹത്തിലേക്ക് അടുപ്പിച്ചത്.തിരുനെൽവേലിയിലെ ഷെർമാദേവി എന്ന സ്ഥലത്തു പ്രവർത്തിച്ചിരുന്ന 'ഗുരുകുലം' ഗാന്ധിയൻ ആദർശങ്ങളിൽ കുട്ടികൾക്ക് പരിചയവും രാജ്യസ്‌നേഹവും പകർന്നുകൊടുക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു. ഇതിന്റെ പ്രവർത്തനത്തിന് കോൺഗ്രസ്സിന്റെ സാമ്പത്തിക സഹായവുമുണ്ടായിരുന്നു. ഇവിടെയും ബ്രാഹ്മണരായ കുട്ടികൾക്ക് പ്രത്യേക പരിഗണന നൽകിയിരുന്നതായി ആരോപിക്കപ്പെട്ടു. അബ്രാഹ്മണ വിദ്യാർത്ഥികളെ എല്ലാ കാര്യങ്ങളിൽ നിന്നും അകറ്റിനിർത്തുന്ന ഏർപ്പാടും അവിടെ നിലനിന്നിരുന്നു. രണ്ടുവിഭാഗം കുട്ടികൾക്കും ആഹാരം കഴിക്കാനുള്ള പാത്രങ്ങളിൽപ്പോലും വിവേചനം കാണിച്ചു. അവർ ബ്രാഹ്മണ കുട്ടികളോട് ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കാതിരിക്കാൻ അധികൃതർ പ്രത്യേകം ശ്രദ്ധിച്ചു.ബ്രാഹ്മണ കുട്ടികൾക്ക് പ്രത്യേകമായിട്ടാണ് ഭക്ഷണം നൽകിയിരുന്നത്. അന്ന് ഗുരുകുലം പ്രവർത്തിച്ചിരുന്നത് കോൺഗ്രസ് നേതാവായിരുന്ന വി.വി എസ്. അയ്യരുടെ മേൽനോട്ടത്തിലായിരുന്നു. ഗുരുകുലത്തിലെ വിവേചനത്തിനെതിരായി കോൺഗ്രസ് നേതാവായിരുന്ന ഇ.വി. രാമസ്വാമി നായ്ക്കർ ശക്തമായി പ്രതിഷേധിച്ചു. ഗാന്ധിജി ന്യായീകരിച്ച വർണാശ്രമ ധർമത്തെയും ഇ.വി. രാമസ്വാമി നായ്ക്കർ ചോദ്യം ചെയ്തു. അസംതൃപ്തമായ ഈ സാഹചര്യത്തോടു പൊരുത്തപ്പെട്ടുപോകാനാകാതെ അദ്ദേഹം കോൺഗ്രസ് വിട്ടുപോയി. അബ്രാഹ്മണരുടെ സമസ്ത ജീവിത മേഖലകളിലുമുള്ള പുരോഗതി ലക്ഷ്യമാക്കി സെൽഫ് റെസ്‌പെക്ട് മൂവ്‌മെന്റിന് അദ്ദേഹം നേതൃത്വം നൽകി. ക്ഷേത്രങ്ങൾ ബഹിഷ്‌ക്കരിക്കുവാൻ ആഹ്വാനമുണ്ടായി ഒപ്പം ബ്രാഹ്മണരേയും. വിവാഹച്ചടങ്ങുകളിൽ ബ്രാഹ്മണ പൂജാരികൾ വേണ്ടെന്നു നിഷ്‌ക്കർഷിച്ചു. തമിഴ്‌നാട്ടിലെ രാഷ്ട്രീയ സാമൂഹിക രംഗത്ത് ശക്തമായ ചലനമുണ്ടാക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. തുടർന്ന് 'ദ്രാവിഡർ കഴകം' എന്ന സംഘടനയ്ക്കു രൂപം നൽകിയതോടെയാണ് ദ്രാവിഡ വികാരം തമിഴന്റെ വികാരമായി മാറുന്നതും ദേശീയരാഷ്ട്രീയത്തിനായി വാദിക്കുമ്പോഴും അതിനുമേലെ തമിഴന്റെ രാഷ്ട്രീയത്തിനായി വാദിച്ചുതുടങ്ങുന്നതും.1964 ൽ ഹിന്ദി ഔദ്യോഗിക ഭാഷയാക്കിക്കൊണ്ടുള്ള ബിൽ പാർലിമെന്റിൽ എത്തുന്നതോടെയാണ് തമിഴ് എന്നും തമിഴൻ എന്നുമുള്ള വികാരം ദ്രാവിഡ പാർട്ടിക്ക് തുണയാകുന്നത്. ശക്തമായ 'ഹിന്ദിവിരുദ്ധ പ്രക്ഷോഭം' ആണ് അതിനെ തുടന്ന് തമിഴകത്ത് അലയടിച്ചത്.ഹിന്ദി ഭാഷയ്‌ക്കെതിരെയും ഉത്തരേന്ത്യൻ മേധാവിത്വത്തിനെതിരെയും നിരവധി സമരങ്ങൾ സംഘടിപ്പിച്ചു. ജാതിക്കെതിരെയും ബ്രാഹ്മണ മേധാവിത്വത്തിനെതിരെയുമുള്ള തമിഴ്‌ജനതയെ വളരെയധികം സ്വാധീനിച്ചു. പക്ഷേ നിരീശ്വരവാദം തമിഴരിൽ ഏശിയില്ല.തമിഴ് ജനത അദ്ദേഹത്തെ ബഹുമാനപുരസരം 'പെരിയോർ' എന്ന് നാമകരണം ചെയ്തു. തമിഴിനു പുറമെ തെലുങ്ക്‌, കന്നട  എന്നീ ദ്രാവിഡഭാഷകളിലും   അദ്ദേഹത്തിന് പ്രാവീണ്യമുണ്ടായിരുന്നു. സംഭവബഹുലമായ ജീവിതത്തിനൊടുവില്‍ 1973 ഡിസം.24ന് വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ വെച്ച് പെരിയോര്‍ അന്തരിച്ചു.മദ്രാസില്‍ നിന്നും 150 കി.മി.അകലെ അഹൈന്ദവരീതിയില്‍ മൃതദേഹം മറവുചെയ്തു.


Sunday, 12 November 2017

ടിപ്പു സുൽത്താൻ ഒരു വിയോജനക്കുറിപ്പ്



ടിപ്പു സുൽത്താൻ ഒരു വിയോജനക്കുറിപ്പ്




കൃഷ്ണകുമാർ

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ടിപ്പു സുൽത്താൻ ഒരു വിവാദ കഥാപാത്രമായി തുടരുന്നു. ടിപ്പുവിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ഈയൊരു അവസ്ഥയ്ക്ക് കാരണം. ചരിത്രത്തെ ചരിത്രമായി കാണാൻ കഴിയാത്ത ഒരു ദുരവസ്ഥ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. ചരിത്രത്തെ വെള്ളയോ കറുപ്പോ പൂശേണ്ടതില്ല. ചരിത്രമായി ഉൾക്കൊണ്ട് അതിലെ പഠങ്ങൾ പഠിച്ചാൽ മാത്രം മതി. എന്നാൽ പല വിധത്തിലുള്ള ചായങ്ങളിൽ മുങ്ങിക്കിടക്കുന്ന ഭാരത ചരിത്രം അത്തരമൊരു ശുദ്ധാവസ്ഥയിൽ എത്താൻ ഇനിയും വളരെ നാളുകൾ കാത്തിരിക്കേണ്ടി വരും എന്നാണ് മനസ്സിലാക്കേണ്ടത്.
ഭാരത സൈന്യത്തിലെ ഓഫീസർമാർക്ക് പഴയ കാലത്തെ വിവിധ സേനാനായകരുടെ യുദ്ധമുറകളെ വിശകലനം ചെയ്തു പഠിക്കാനായി കേണൽ ആർ ഡി പാൽസോക്കർ എഴുതിയ ഒരു ഗ്രന്ഥപരമ്പരയുണ്ട്. അതിൽ ഒരെണ്ണം ടിപ്പു സുൽത്താനെ കുറിച്ചാണ്. ഒരു പടനായകൻ എന്ന നിലക്കുള്ള ടിപ്പുവിന്റെ ആസൂത്രണങ്ങളും, പിഴവുകളും ഒക്കെ അതിൽ വിശകലനം ചെയ്യുന്നു. ടിപ്പു ജീവിച്ചിരുന്ന ഇടങ്ങളിലും കോട്ടകളിലും ഗ്രന്ഥകാരൻ നേരിട്ട് സഞ്ചരിക്കുകയും, വിവിധ റെഫറൻസുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. 1969 ൽ പൂണെയിലെ ദക്ഷിണ സൈനിക കമാൻഡ് പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. പ്രസ്തുത ഗ്രന്ഥത്തെ അടിസ്ഥാനമാക്കി മനസ്സിലാക്കാവുന്ന കാര്യങ്ങൾ 1) അധികാര രാഷ്ട്രീയത്തിന് മതത്തെ ഉപയോഗപ്പെടുത്തിയ ഒരു ഭരണാധികാരി ആയിരുന്നു ടിപ്പു . 2) രണ്ടു പതിറ്റാണ്ടോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് ഭരണ നിർവഹണത്തേക്കാൾ, കൂടുതൽ സമയം ചെലവഴിച്ചത് ശത്രുക്കളോടുള്ള നിരന്തര യുദ്ധങ്ങൾക്കായിരുന്നു. 3) ടിപ്പു കിരാതനായ ഒരു മതഭ്രാന്തൻ ആയിരുന്നു എന്നതിനും, അതേസമയം പല ക്ഷേത്രങ്ങളോടും ആരാധനാലയങ്ങളോടും സഹിഷ്ണുതത കാട്ടിയിരുന്നു എന്നതിനും ഒരേസമയം ശക്തമായ തെളിവുകൾ നിലനിൽക്കുന്നു. 4) ആയിരക്കണക്കിന് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ടിപ്പു വാൾമുനയിൽ മത പരിവർത്തനം നടത്തി എന്നതും അതേസമയം പ്രധാനമന്ത്രിയും ഖജാൻജിയും ഉൾപ്പെടെ അനേകം ഹിന്ദുക്കളും ക്രിസ്ത്യാനികളും മൈസൂർ രാജ്യത്ത് സേവനം അനുഷ്ടിച്ചിരുന്നു എന്നതും സത്യമാണ്.
രാത്രിയും പകലും പോലെ പരസ്പര വിരുദ്ധമായ ടിപ്പുവിന്റെ ഈ രണ്ടു മുഖങ്ങൾക്ക് കൃത്യവും യുക്തിസഹവും രാഷ്ട്രീയ വിമുക്തവുമായ വിശദീകരണം ചരിത്ര വിദ്യാർത്ഥികൾക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. മേൽപ്പറഞ്ഞ ഗ്രന്ഥത്തിൽ തെളിഞ്ഞു വരുന്ന ചില വിവരങ്ങൾ ഒരു പരിധിവരെ ഈ പ്രഹേളികയ്ക്ക് ഉത്തരം തരും എന്നു കരുതുന്നു.
ഒരു മതഭ്രാന്തൻ അല്ലാതിരുന്ന ഹൈദരാലി നയപരമായി ടിപ്പുവിനേക്കാൾ മികച്ച നേതാവ് ആയിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൈസൂർ രാജാവിൽ നിന്നും ഭരണനിയന്ത്രണം കൈക്കലാക്കിയെങ്കിലും രാജാവിനെയോ രാജകുടുംബത്തേയോ ഉന്മൂലനം ചെയ്യാൻ ഹൈദർ ഒരുങ്ങിയില്ല. മൈസൂറിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് തങ്ങളുടെ രാജാവിനോടുള്ള വൈകാരിക ബന്ധത്തെ ഉലയ്ക്കുന്നത് തന്റെ നിലനിൽപ്പിനു അപകടം ചെയ്യും എന്ന് ബുദ്ധിമാനായ ഹൈദർ മനസ്സിലാക്കിയിരുന്നു. അതുപ്രകാരം രാജാവിനെ നാമ മാത്രമായ സ്ഥാനം നൽകി നിലനിർത്തുകയും, തന്റേതായ രീതിയിൽ ഭരണം നിയന്ത്രിക്കുകയും ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ സാംസ്കാരികവും മതപരവുമായ കാര്യങ്ങളിൽ കൈകടത്തി ശത്രുത സമ്പാദിക്കാൻ ഹൈദർ ആഗ്രഹിച്ചില്ല. എന്നാൽ ടിപ്പുവിന് ഈ നയചാതുര്യം ഉണ്ടായിരുന്നില്ല. കേണൽ പാൽസോക്കർ ചൂണ്ടിക്കാണിക്കുന്നു...
'തന്റെ പുത്രൻ ക്രൂരനും, ബുദ്ധി കുറഞ്ഞവനും വഞ്ചനാ സ്വഭാവമുള്ളവനും ആണെന്ന് ടിപ്പുവിന്റെ ചെറുപ്പകാലം തൊട്ടേ, ഹൈദർ പറയുമായിരുന്നു. ടിപ്പുവിന്റെ വിക്രിയകളിൽ രണ്ടെണ്ണം ഹൈദർ തീർത്തും വെറുത്തിരുന്നു. അതിലൊന്ന് കുതിരപ്പുറത്ത് പാഞ്ഞു ചെന്ന് അമ്പലക്കാളകളെ കൊല്ലുന്ന ടിപ്പുവിന്റെ വിനോദമായിരുന്നു. ഭക്തർ ക്ഷേത്രങ്ങളിൽ കാഴ്ചവച്ചവയും, വളരെ ഭക്തിയോടെ പരിപാലിക്കുന്നവയും ആയിരുന്നു ഈ കാളകൾ. ടിപ്പു അവയെ വിനോദപൂർവ്വം കൊല്ലുകയും, കൂട്ടുകാരോട് അതിന്റെ മാംസം ഭക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. യാതൊരു കാരണവും കൂടാതെ ഈ യുവാവ് ഹിന്ദുക്കളുടെ വെറുപ്പ് സമ്പാദിച്ചു. എന്നാൽ ക്രിസ്ത്യാനികളോടും പെരുമാറ്റം മെച്ചമായിരുന്നില്ല. ഒരിക്കൽ ഒരു ഇംഗ്ലീഷ് തടവുകാരനെ തന്റെ മുന്നിൽ വച്ച് ചേലാ കർമ്മം ചെയ്യിച്ചു'
'താൻ നേടിയെടുത്ത രാജ്യം ഇത്തരം വെറുക്കപ്പെട്ട പ്രവർത്തികൾ കൊണ്ട് ഒരുനാൾ ടിപ്പു നഷ്ടപ്പെടുത്തും എന്ന് ഹൈദർ വിലപിക്കുമായിരുന്നു'
'മറ്റൊന്ന് യുദ്ധത്തിൽ പിടിച്ചെടുത്ത സമ്പത്തിൽ ഒരു ഭാഗം പിതാവിനോട് വെളിപ്പെടുത്താതെ ടിപ്പു സ്വന്തമായി സൂക്ഷിക്കുമായിരുന്നു എന്നതാണ്. ഇതുകാരണം മകനെ ചതിയനെന്നും കള്ളനെന്നും വിളിക്കാൻ ഹൈദർ പലപ്പോഴും നിർബന്ധിതനായി. ടിപ്പുവിനു പകരം അയാസ് തന്റെ മകനായിരുന്നെങ്കിൽ എന്ന് ഹൈദർ പറയുമായിരുന്നു. മുസ്‌ളീമായി പരിവർത്തനം ചെയ്ത ഒരു നായർ യുവാവായിരുന്നു അയാസ്. ഇത് ടിപ്പുവിൽ അയാസിനോട് വെറുപ്പുണ്ടാക്കി'
മേൽപ്പറഞ്ഞ വസ്തുതകൾ, ടിപ്പുവിന്റെ വ്യക്തിത്വത്തിലേക്ക് ചില ഉൾക്കാഴ്‌ച്ചകൾ നൽകുന്നു. കുട്ടിക്കാലം മുതലേ വളർന്നു വന്ന ഈ അപകർഷതാ ബോധവും അക്രമവാസനയും പിൽക്കാലത്ത് അദ്ദേഹത്തെ ക്രൂരനായ ഒരു ഭരണാധികാരി ആക്കി എന്ന് കരുതാൻ ന്യായമുണ്ട്.
സ്വന്തം കാഴ്‌ച്ചപ്പാടുകൾക്ക് ഉപരി പല വ്യക്തികളാലും സാഹചര്യങ്ങളാലും വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ടിപ്പു. കുട്ടിക്കാലത്ത് അദ്ദേഹത്തിന് മതവിദ്യാഭ്യാസം കൊടുത്ത മൗലവി വലിയ ദുസ്വാധീനം ചെലുത്തി. 'ടിപ്പുവിന് വിദ്യാഭ്യാസം കൊടുക്കാൻ ഹൈദർ ഏൽപ്പിച്ചു കൊടുത്തിരുന്ന മൗലവി സ്വന്തം മതത്തെ സ്‌നേഹിക്കാൻ മാത്രമല്ല, മറിച്ച് മറ്റെല്ലാവരെയും വെറുക്കാനും പഠിപ്പിച്ചു'. ടിപ്പുവിന്റെ അക്രമവാസനയ്ക്ക് കാരണം ഈ മൗലവിയിൽ നിന്നും കിട്ടിയ മുഹമ്മദ് ഗസ്‌നിയുടെയും നാദിർഷായുടെയും വീരകഥകളുടെ മനഃശാസ്ത്ര സ്വാധീനം ആയിരിക്കണം. മറുവശത്ത് ടിപ്പുവിൽ നന്മയുടെ സ്വാധീനം ചെലുത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. മലബാറിലും മംഗലാപുരത്തും ടിപ്പു ചെയ്തതുപോലുള്ള കിരാതത്വം മൈസൂരിൽ ക്ഷേത്രങ്ങളുടെ നേർക്ക് ഉണ്ടാകാതിരുന്നതിന് ഒരു കാരണമായി പറയുന്നത് ടിപ്പുവിന്റെ മാതാവിന്റെ ഇടപെടൽ ആണ്. ശ്രീരംഗപട്ടണത്ത് സ്വന്തം ആസ്ഥാനത്തിനടുത്തു തന്നെയുള്ള രംഗനാഥ ക്ഷേത്രത്തോട് ടിപ്പു അക്രമം കാട്ടിയില്ല. ഹൈദർ ഈ ക്ഷേത്രത്തിൽ വിശ്വസിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തിരുന്നു. രംഗനാഥ ക്ഷേത്രത്തിന്റെ സാന്നിദ്ധ്യമാണ് ശ്രീരംഗം കോട്ടയെ അജയ്യമാക്കി നിലനിർത്തുന്നത് എന്ന ഒരു വിശ്വാസം ജനങ്ങൾക്കിടയിൽ രൂഡമൂലമായിരുന്നു. ടിപ്പുവിന്റെ മാതാവും ഈ വിശ്വാസത്തെ മാനിച്ചു. ജ്യോതിഷികളിലും നിമിത്തങ്ങളിലും അമിത വിശ്വാസമുണ്ടായിരുന്ന വ്യക്തിയായിരുന്നു ടിപ്പു സുൽത്താൻ. രംഗനാഥ ക്ഷേത്രത്തെ കുറിച്ചുള്ള ഈ ധാരണ ടിപ്പുവിലും ഉറപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ ഹിന്ദു മന്ത്രിമാർ വിജയിച്ചിരുന്നു. ഏറ്റവും അവസാന നാളുകളിൽ ടിപ്പുവിന് തിരിച്ചറിവ് ഉണ്ടാകുകയും അതുവരെ ചെയ്തു കൂട്ടിയ പാതകങ്ങൾക്ക് പകരമായി ബ്രാഹ്മണരേയും ക്ഷേത്രങ്ങളേയും സഹായിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ടിപ്പുവിന്റെ മന്ത്രിമാരിലും ഉന്നത ഉദ്യോഗസ്ഥരിലും ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്നത് പലരേയും കുഴയ്ക്കുന്ന ഒരു വിഷയമാണ്. ഭരണ നിർവ്വഹണത്തിൽ നികുതി പിരിവും ധനത്തിന്റെ ക്രയവിക്രയവും സർവ്വ പ്രധാനമാണ്. അതിന് കണക്കപ്പിള്ളമാരുടെയും നല്ലവണ്ണം എഴുത്തും വായനയും അറിയുന്നവരുടേയും സേവനം ആവശ്യമുണ്ട്. ടിപ്പുവിന്റെ കാലത്ത് ഈ രംഗത്ത് പ്രഗല്ഭ്യമുള്ളവർ ഏതാണ്ട് പൂർണ്ണമായും ഹിന്ദുക്കളായിരുന്നു. ഒരിക്കൽ നിലവിലെ മുഴുവൻ ഉദ്യോഗസ്ഥരേയും മാറ്റി പകരം നിരക്ഷരരും പ്രവൃത്തി പരിചയമില്ലാത്തവരുമായ മുസ്ലിം ഉദ്യോഗസ്ഥരെ ടിപ്പു നിയമിക്കുകയുണ്ടായി, എന്നാൽ അത് വലിയ റവന്യൂ നഷ്ടത്തിനും അഴിമതിക്കും കാരണമായി തീരുകയാണ് ഉണ്ടായത്. സ്വന്തമായി കണക്കു സൂക്ഷിക്കാൻ അറിയാത്ത മുസ്ലിം ഉദ്യോഗസ്ഥർ, രഹസ്യമായി ഹിന്ദുക്കളുടെ സേവനം ഉപയോഗപ്പെടുത്താൻ തുടങ്ങി. ഈ രഹസ്യം മണത്തറിഞ്ഞ പലരും വിവരം സുൽത്താന്റെ മുന്നിൽ എത്തിക്കും എന്ന ഭീഷണി മുഴക്കി നികുതി കൊടുക്കാതെ ഉദ്യോഗസ്ഥരെ വെട്ടിലാക്കാൻ തുടങ്ങി. ഒടുവിൽ നിവൃത്തിയില്ലാതെ സുൽത്താൻ തന്നെ ഈ തീരുമാനം മാറ്റേണ്ടി വന്നു. തന്റെ വാഴ്ചയ്ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ട് എന്ന ഈ തിരിച്ചറിവാണ്, മൈസൂരിലെ അമുസ്ലീങ്ങളെ അധികം മതപീഡനത്തിന് വിധേയമാക്കാതെ നയപരമായ ഒരു നിലപാടിൽ മുന്നോട്ടു പോകാൻ ടിപ്പുവിനെ പ്രേരിപ്പിച്ചത്. ശൃംഗേരി മഠത്തോട് കാട്ടിയ അനുഭാവം ഒക്കെ ഈ നയതന്ത്രത്തിന്റെ ഭാഗമായിട്ടേ കാണാൻ കഴിയൂ. തന്റെ രാഷ്ട്രീയ വിജയത്തിന് ടിപ്പു മൈസൂരിനു പുറത്ത് മതഭീകരത യഥേഷ്ടം ഉപയോഗിക്കുകയും ചെയ്തു.
ഒരിക്കലും സെമിറ്റിക്ക് മത സമൂഹങ്ങളെ പോലെയുള്ള ഒരു ഏകീകൃത രാഷ്ട്രീയ ശക്തിയായിരുന്നില്ല ഹിന്ദുക്കൾ. സ്വന്തം പ്രാദേശികമായ ജീവിത രീതിയിലും സംസ്‌ക്കാര ആചാര പാരമ്പര്യങ്ങളിലും മുഴുകി മുന്നോട്ടു പോകുന്ന ഒരു സമൂഹം മാത്രമായിരുന്നു രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും. അതുകൊണ്ടു തന്നെ മലബാറിലും കുടകിലും മംഗലാപുരത്തും ജനങ്ങൾ നേരിട്ട മതപീഡനം ഒരു രാഷ്ട്രീയമായ തിരിച്ചടിയായി മൈസൂരിൽ പ്രതിഫലിച്ചില്ല. രാഷ്ട്രീയ ഉപജാപങ്ങളിൽ ഏർപ്പെട്ട് ഭരണപരിവർത്തനത്തിനായി ഇടപെടുന്ന ഹിന്ദുക്കളുടെ ഒരു പോപ്പായിരുന്നില്ല ശങ്കരാചാര്യരെ പോലുള്ള മഠധിപതികൾ. മറിച്ച് ആചാരാനുഷ്ടാനങ്ങളുടെ പഠനവും പാഠനവും മാത്രമായിരുന്നു മഠങ്ങളുടെ ദൗത്യം. ഭരണാധികാരി എത്രതന്നെ കൊള്ളരുതാത്തവനായാലും അന്നത്തെ സാമൂഹ്യ ക്രമം അനുസരിച്ച് ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് ഭരണാധികാരിയെ ആശ്രയിക്കാതെ മുന്നോട്ടു പോകാൻ ആകുമായിരുന്നില്ല. കൃഷി, കൈത്തൊഴിൽ, വ്യാപാരം എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന രംഗങ്ങളിൽ ഒഴികെ ജനസമൂഹത്തിന്റെ ഉപജീവന മാർഗ്ഗം രാജസേവയായിരുന്നു. കണക്കും എഴുത്തും വായനയും പഠിച്ചവർ ഭരണ വിഭാഗങ്ങളിലും, തടിമിടുക്കുള്ളവർ സൈന്യത്തിലും സേവനം അനുഷ്ഠിക്കാൻ സാഹചര്യങ്ങളാൽ നിർബന്ധിതർ ആയിരുന്നു എന്നോർക്കണം. ഹിന്ദുരാജാക്കന്മാരുടെ സേനാനായകരായി ധാരാളം മുസ്ലിം പഠാണികളും, ക്രിസ്ത്യൻ യൂറോപ്യന്മാരും തങ്ങളുടെ തന്നെ ആളുകൾക്കെതിരെ യുദ്ധം ചെയ്തിട്ടുള്ളതായി കാണുന്നതും ഇതേ കാരണത്താലാണ്. എല്ലാം ഉദര നിമിത്തം. ആ ഉദാഹരണങ്ങളെ വച്ചുകൊണ്ട് ഭരണാധികാരികളുടെ മതസഹിഷ്ണുത വിലയിരുത്താൻ കഴിയില്ല.
തങ്ങൾ ഏതു നിമിഷവും നിഷ്‌ക്കാസിതരാവാം എന്ന ഭീതിയോടെയാണെങ്കിലും സ്വന്തം ജന്മദേശത്ത് പിടിച്ചു നില്ക്കാൻ മൈസൂരിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ജൈനരും നിർബന്ധിതരായിരുന്നു. ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തരായ രണ്ടു ഓഫീസർമാരിൽ ഒരാളായിരുന്ന കൃഷ്ണറാവു നേരിട്ട വിധി ഇതിനു തെളിവാണ്. ബാംഗ്ലൂർ കോട്ട ഇംഗ്ലീഷുകാർ പിടിച്ചെടുത്തതിനു പിന്നാലെ, തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ ഒരു അട്ടിമറി സാദ്ധ്യതയുണ്ടെന്ന് സംശയിച്ച് ടിപ്പു സുൽത്താൻ തന്റെ ഖജാൻജിയായിരുന്ന കൃഷ്ണറാവുവിനേയും, മിർ സാദിക്കിനേയും അങ്ങോട്ട് അയക്കുകയുണ്ടായി. അവിടത്തെ ഖജനാവിനേയും അന്തപുരസ്ത്രീകളെയും ചിത്രദുർഗ്ഗയിലേക്ക് മാറ്റുക എന്നതായിരുന്നു അവർക്കുള്ള നിയോഗം. എന്നാൽ കൃഷ്ണറാവുവും, സഹോദരന്മാരും ചില ഹിന്ദു ഉദ്യോഗസ്ഥരും ചേർന്ന് ഒരു അട്ടിമറിക്ക് ശ്രമിക്കുന്നു എന്ന തെറ്റായ റിപ്പോർട്ട് ടിപ്പുവിന്റെ ചില ബന്ധുക്കൾ നൽകി. എന്നാൽ സ്വന്തം പിതാവായ ഹൈദരിനോടൊപ്പവും പിന്നീട് തന്നോടൊപ്പവും അനേക വർഷങ്ങൾ വിശ്വസ്തതയോടെ സേവിച്ചിരുന്ന കൃഷ്ണറാവുവിനേയും സഹോദരങ്ങളേയും രണ്ടാമതൊന്നാലോചിക്കാതെ തടവിലാക്കുകയും രഹസ്യമായി പീഡിപ്പിച്ചു കൊല്ലുകയുമായിരുന്നു ടിപ്പു ചെയ്തത്. കൃഷ്ണറാവുവിന്റെ ഭാര്യ ടിപ്പുവിന്റെ അന്തപുര സ്ത്രീകളുടെ കൂട്ടത്തിലേക്ക് മാറ്റപ്പെട്ടു. ഹൈദരാലി മരണപ്പെട്ടപ്പോൾ രാജാധികാരം മറ്റാർക്കും പോകാതിരിക്കാനായി ആ വിവരം രഹസ്യമാക്കി വച്ച് വളരെ അകലെയായിരുന്ന ടിപ്പുവിന് സന്ദേശം അയച്ചതും, ടിപ്പു എത്തിച്ചേരുന്നതുവരെയുള്ള കാലം മൈസൂറിന്റെ ഖജനാവും അന്തപുരവും കാത്തുസൂക്ഷിച്ചതും ഇതേ കൃഷ്ണറാവു ആയിരുന്നു ! ഇതായിരുന്നു ടിപ്പുവിന്റെ മഹത്വം. ഇതിനു തത്തുല്യമായ അനുഭവമായിരുന്നു അനേക വർഷങ്ങൾ ടിപ്പുവിന്റെ സന്തത സഹചാരിയായിരുന്ന പ്രധാനമന്ത്രി പൂർണ്ണയ്യയും നേരിട്ടത്. ടിപ്പുവിന്റെ അവസാന നാളുകളിൽ ഒന്നിൽ പൂർണ്ണയ്യയുടെ മകളെ ടിപ്പുവിന്റെ ഒരു മുസ്ലിം സേനാനായകൻ ബാലാത്ക്കാരം ചെയ്തു. ഇയാൾക്ക് വധ ശിക്ഷ കൊടുക്കണം എന്ന് ആവശ്യപ്പെട്ട പൂർണ്ണയ്യയോട് ടിപ്പുവിന്റെ മറുചോദ്യം 'ഒരു ആട്ടിൻകാൽ മോഷ്ടിച്ചു എന്ന കുറ്റത്തിന് ഒരു പട്ടിയെ നിങ്ങൾ കൊല്ലുമോ ?' എന്നായിരുന്നു. ഇതിൽ അഭിമാനക്ഷതമേറ്റ പൂർണ്ണയ്യ ടിപ്പുവിന്റെ ശത്രുവായി മാറി. തനിക്കേറ്റ അപമാനത്തിനു പ്രതികാരമായി ബ്രിട്ടീഷുകാരുമായുള്ള ടിപ്പുവിന്റെ അവസാന യുദ്ധത്തിൽ ശ്രീരംഗപട്ടണം കോട്ടയുടെ വടക്കേ വാതിൽ തുറന്നു കൊടുക്കാൻ പൂർണ്ണയ്യ തയ്യാറായി. ടിപ്പു ബ്രിട്ടീഷുകാരുടെ കൈകളാൽ കൊല്ലപ്പെടുകയും ചെയ്തു. കൊലച്ചോറുണ്ട് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ചിത്രമാണ് ടിപ്പുവിന്റെ ഭരണത്തിൻ കീഴിലെ മറ്റു സമുദായങ്ങൾ കാഴ്ചവയ്ക്കുന്നത്.

ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട് എന്നതു കൊണ്ടു മാത്രം ഒരാൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ദേശസ്‌നേഹിയും ആകുമോ ? വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഉത്തരം വളരെ വ്യക്തവുമാണ്. ആർക്കെതിരെ യുദ്ധം ചെയ്യുന്നു എന്നതിനുപരി തങ്ങളുടെ നാടിന്റെ നന്മയെ സ്‌നേഹിക്കുകയും അവയോട് സ്വന്തമെന്ന നിലക്കുള്ള മമതാ ബന്ധം നിലനിർത്തുകയും ചെയ്യുന്ന ഒരാളിനെ മാത്രമേ ദേശസ്‌നേഹി എന്നു വിളിക്കാൻ കഴിയൂ. ഇംഗ്ലീഷുകാർക്കെതിരെ അനേകം ഫ്രഞ്ചുകാരും*, ഡച്ചുകാരും#, പോർച്ചുഗീസുകാരും& ഇന്ത്യയുടെ മണ്ണിൽ യുദ്ധം ചെയ്തു മരിച്ചു വീണിട്ടുണ്ട്. അവരെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികൾ ആണോ ? അവരെല്ലാം ധീരതയോടെ വിദേശികളോട് പോരടിച്ചു. സ്വന്തം സാമ്രാജ്യങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ! അവരിൽ ആര് ജയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ അനുഭവം ഒന്നു തന്നെയാകുമായിരുന്നു. ടിപ്പുവിന്റെ കാര്യത്തിലും സംഭവിച്ചത് അതു തന്നെയാണ്. ഭരണമേറ്റെടുത്ത ടിപ്പുവിന്റെ പരിഷ്‌ക്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഭരണഭാഷ പേർഷ്യൻ ആക്കുക എന്നതായിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളുടെയെല്ലാം പേരുകൾ പേർഷ്യൻ പേരുകളാക്കി. ഇങ്ങനെ മൈസൂർ നാസർബാദും, മാംഗളൂർ ജലാലാബാദും, ഹാസൻ ഖയിമാബാദും, മടിക്കേരി ജാഫ്ഫരാബാദും,കോഴിക്കോട് ഇസ്ലാമാബാദും ആയി. ഈ നാടിനോടും നാട്ടുകാരോടും ഇവിടുത്തെ ഭാഷയോടും സംസ്‌ക്കാരത്തോടും ടിപ്പുവിന് പുലബന്ധം പോലുമുണ്ടായിരുന്നില്ല എന്ന് ഇതു വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരുടെയും മറാത്ത സൈന്യത്തിന്റെയും ഭീഷണി നേരിടാൻ, മറ്റൊരു വിദേശ ശക്തിയായ ഫ്രെഞ്ചുകാരെ ടിപ്പു ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഡൽഹി ഭരിച്ചിരുന്ന മറാത്ത ശക്തിയെ തോൽപ്പിക്കാൻ ഒരവസരത്തിൽ അഫ്ഗാൻ ഭരണാധികാരിയായ സമൻ ഷായെയും ക്ഷണിച്ചു. വിദേശികൾക്കെതിരേയുള്ള സ്വദേശീയരുടെ മുന്നേറ്റമായിരുന്നു ടിപ്പുവിന്റെ ലക്ഷ്യമെങ്കിൽ അഫ്ഗാനികളെ ക്ഷണിച്ചു വരുത്തി ശക്തരായ മറാത്ത ഭരണാധികാരികളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം മറാത്ത ശക്തിയോട് സഖ്യം ചെയ്തുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം പോരാടുമായിരുന്നു. മൈസൂറിനു പുറത്തുള്ള എല്ലാ തദ്ദേശീയ സാംസ്കാരിക കേന്ദ്രങ്ങളേയും തകർത്തു തരിപ്പണമാക്കി. ശത്രുക്കളായ ഇന്ത്യൻ നാട്ടു രാജ്യങ്ങളെ ഭീതിയിൽ ആഴ്‌ത്താൻ സൈനികരുടെ എല്ലാ മത പൈശാചികതയെയും പ്രോത്സാഹിപ്പിച്ചു. ടിപ്പുവിന്റെ പ്രതിച്ഛായ തകർക്കാനായി ബ്രിട്ടീഷ് ചരിത്രകാരന്മാർ മനഃപൂർവ്വം ഭീകര കഥകൾ മെനഞ്ഞതാണെന്ന വാദം നിലനിൽക്കത്തക്കതല്ല. ടിപ്പുവിന്റെ സൈന്യത്തോടൊപ്പം യുദ്ധം ചെയ്തിരുന്ന ഫ്രെഞ്ചു പട്ടാളക്കാരിൽ ചിലരുടെ ഡയറികളിൽ നിന്നു പോലും അന്നത്തെ അതിഭീകരമായ മതവെറിയുടെ വിവരണങ്ങൾ പുറത്തു വന്നിട്ടുണ്ട്. മിർ കിർമാണിയെപ്പോലുള്ള മുസ്ലിം ജീവചരിത്രകാരന്മാരും ഇക്കാര്യം എഴുതിയിട്ടുണ്ട്.
ടിപ്പു ഗുരുവായൂർ ക്ഷേത്രത്തിന് ദാനം നൽകി എന്നൊക്കെയുള്ള കെട്ടുകഥ സുപ്രസിദ്ധ ചരിത്രകാരനായ ശ്രീ എം ജി എസ് നാരായണൻ തന്നെ പൊളിച്ചിട്ടുണ്ട്. മൈസൂറിനു പുറത്തെ ഹിന്ദു ക്ഷേത്രങ്ങളോടുള്ള ടിപ്പുവിന്റെ സമീപനം അറിയാൻ ഏറ്റവും ശക്തമായ തെളിവ് ഗുരുവായൂരപ്പന്റെ വിഗ്രഹവും കൊണ്ട് ഹിന്ദുക്കൾ അമ്പലപ്പുഴയിലേക്ക് പലായനം ചെയ്യേണ്ടി വന്നു എന്നതു തന്നെയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഗുരുവായൂരപ്പ വിഗ്രഹം വച്ചിരുന്ന സ്ഥലത്ത് ഇന്നും ഈ സ്മരണയിൽ പൂജ നടക്കുന്നു എന്നത് നിഷേധിക്കാനാവാത്ത ശക്തമായ തെളിവാണ്. മഹാക്ഷേത്രങ്ങളിലെ വിഗ്രഹ പ്രതിഷ്ഠ എത്രമാത്രം സങ്കീർണ്ണവും ഗൗരവതരവും സമയവും ദ്രവ്യവും വ്യയം ചെയ്തു ചെയ്യപ്പെടുന്നതുമാണെന്ന് അറിയുന്നവർക്ക് ഗുരുവായൂരിലെ വിഗ്രഹം ഇളക്കിക്കൊണ്ട് ഏതാണ്ട് നൂറ്റമ്പത് കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടു പോകേണ്ടി വന്ന സംഭവത്തിന്റെ ഗൗരവം മനസ്സിലാകും. ഏറ്റവും കൊടിയ ഒരു വിപത്ത് നേരിടുന്ന ഒരു സാഹചര്യത്തിൽ അല്ലാതെ അത്തരം ഒരു സാഹസത്തിന് വിശ്വാസികൾ തയ്യാറാകുമായിരുന്നില്ല. സർവ്വ മതസഹിഷ്ണുവും, ക്ഷേത്രങ്ങൾക്ക് ദാന ധർമ്മങ്ങൾ ചെയ്യുന്നവനുമായ ഒരു സേനാനായകന്റെ കേവലം ഒരു സൈനിക ആക്രമണത്തിൽ ഇത്തരം ഒരു അസാധാരണ നടപടിയുടെ ആവശ്യം ഉദിക്കുന്നില്ല.
അന്നത്തെ ഉയർന്ന ജാതിക്കാരും നാടുവാഴികളും ബ്രിട്ടീഷുകാരെ പിന്തുണച്ചിരുന്നവരാണെന്നും അതുകൊണ്ടാണ് അവരെ ടിപ്പു ആക്രമിച്ചത് എന്നും മറ്റൊരു വാദം ഉയർത്തി കണ്ടിട്ടുണ്ട്. കിഴക്കൻ രാജ്യങ്ങൾ തേടി കടൽ മാർഗ്ഗം ഇറങ്ങി തിരിച്ച യൂറോപ്യന്മാരിൽ സ്‌പെയിൻകാർ അമേരിക്കൻ ഭൂഖണ്ഡത്തിലും, പോർച്ചുഗീസുകാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും എത്തിച്ചേർന്ന ചരിത്രം എല്ലാവർക്കും അറിയാം. ഈ രണ്ടു കൂട്ടരും ചെന്നിറങ്ങിയ ഇടങ്ങളിൽ കൊടിയ മതപീഡനം അഴിച്ചു വിട്ടിട്ടുണ്ട്. തദ്ദേശീയരുമായി രക്തരൂഷിതമായ സംഘട്ടനങ്ങളിലും അവർ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ പോർച്ചുഗീസുകാരെ പിന്തുടർന്ന് എത്തിയ ഫ്രഞ്ചുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും മതത്തിനു പകരം കച്ചവടത്തിലും രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്നതിലും ആണ് കൂടുതൽ താൽപ്പര്യം എടുത്തത്. മറ്റു രണ്ട് രാജ്യക്കാരിൽ നിന്നുണ്ടായ പോലെ മതഭ്രാന്തിന്റെ പാരമ്യത്തിലുള്ള മതപീഡനം അവരിൽ നിന്നുണ്ടായിട്ടില്ല എന്നു കാണാൻ കഴിയും. എന്നാൽ ഇന്ത്യയിൽ ആക്രമിച്ചു കയറിയ മുസ്ലിം ഭരണാധികാരികൾ അങ്ങനെയായിരുന്നില്ല. ലോകത്തെ ഏറ്റവും പൈശാചികമായ മതപീഡനവും വംശീയ ഉന്മൂലനവും അവരിവിടെ നടപ്പാക്കി. അവരിൽ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു ടിപ്പു. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൊടിയ മതപീഡനവും കൂട്ടക്കൊലകളും ചെയ്തിരുന്ന മുസ്ലീങ്ങളേക്കാൾ എന്തുകൊണ്ടും കുറേ സമ്പത്ത് ഊറ്റി കൊണ്ടു പൊവുക മാത്രം ചെയ്തിരുന്ന വെള്ളക്കാർ ഭേദമായിരുന്നു. അതുകൊണ്ട് മുസ്ലിം അക്രമികളിൽ നിന്നും രക്ഷനേടാൻ പലപ്പോഴും വിദേശികളായ യൂറോപ്യന്മാരുമായി നാടുവഴികൾ സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. താലിബാനിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കൻ സൈന്യത്തെയോ, ഐസിസിൽ നിന്ന് രക്ഷ തേടി റഷ്യൻ സൈന്യത്തെയോ ഇപ്പോഴും ജനങ്ങൾ ആശ്രയിക്കേണ്ടി വരുന്നതുപോലെ.
ചുരുക്കത്തിൽ ടിപ്പുവിന്റെ പോരാട്ട വീര്യത്തെയും, സഹസികതയെയും അംഗീകരിക്കുമ്പോൾ തന്നെ അദ്ദേഹം ഒരു മത സഹിഷ്ണുവായിരുന്നു, സാമൂഹ്യ പരിഷ്‌ക്കർത്താവായിരുന്നു എന്നൊക്കെയുള്ള വാദമുഖങ്ങൾ ചരിത്രത്തെ വ്യഭിചരിക്കലാണ് എന്നു ചൂണ്ടിക്കാണിക്കാതെ വയ്യ. സ്വന്തം രാജ്യത്ത് ശത്രുക്കൾ ഉണ്ടാവാതെ നോക്കാൻ തെരഞ്ഞെടുത്ത അടവുനയം എന്നു മാത്രമേ ചില ഹിന്ദു ക്ഷേത്രങ്ങളോടും മഠങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സൗഹൃദ നാട്യങ്ങളെ കാണാൻ കഴിയൂ. കൈയൂക്കുള്ളിടങ്ങളിൽ അൻപത്തൊന്നു വെട്ടു വെട്ടി എതിരാളികളെ നിഷ്‌ക്കരുണം കൊലചെയ്യുന്ന ധീര വിപ്ലവകാരികൾ, അതിർത്തി വിട്ടു കഴിയുമ്പോൾ വെറും പൂച്ചകളായി അഭിനയിക്കുന്ന അതേ അടവുനയം.
വാൽ : മുഹമ്മദ് ഗോറി, മുഹമ്മദ് ഗസ്‌നി തുടങ്ങിയവർ ഭാരതത്തിന് വലിയ നാശം വരുത്തിയ വിദേശ അക്രമികൾ ആയിരുന്നു എന്നു നമുക്കറിയാം. ഇന്ത്യയുടെ പ്രഖ്യാപിത ശത്രുവായ പാക്കിസ്ഥാൻ അവരുടെ മിസൈലുകൾക്ക് ഇട്ടിരിക്കുന്ന പേരുകളും ഇതൊക്കെയാണ്. കാരണവും വ്യക്തം. അവയുടെ കൂട്ടത്തിൽ ഉൾപ്പെട്ട ഒരു പാക്കിസ്ഥാനി മിസൈലിന്റെ പേര് ടിപ്പു എന്നാണ്. ഏതായാലും അബ്ദുൾ കലാമിനെ പോലെയോ സാക്കീർ ഹുസൈനെ പോലെയോ ഇന്ത്യയുടെ നന്മ ആഗ്രഹിച്ച ഒരു ദേശാഭിമാനിയുടെ പേരിൽ പാക്കിസ്ഥാൻ മിസൈൽ ഉണ്ടാക്കുകയില്ല എന്നു വ്യക്തം. രാഷ്ട്രീയ ലക്ഷ്യത്തോടെ ടിപ്പുവിനെ വെള്ളപൂശാൻ ഇവിടത്തെ ചരിത്രകാരന്മാരും ഇടതു ബുദ്ധിജീവികളും തയ്യാറായാലും രാജാവ് നഗ്‌നനാണെന്ന ആ സത്യം ഇന്ത്യയുടെ ശത്രുക്കളായ പാക്കിസ്ഥാനികളിൽ നിന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നു.
(1756 ചന്ദൻ നഗർ)*
(1759 ചിൻസുരാ)#
(1612 സുവാലി)&
റെഫറൻസ് : TIPU SULTAN by Col R D Palsokar



Friday, 10 November 2017

LTTE (Liberation Tigers of Tamil Ealem ) Part-2

ചോര ചിന്തിയ മരതകദ്വീപ് ഭാഗം-2


Courtesy ; Vipin Kumar-Charithraanveshikal

ഉമാമഹേശ്വരനായിരുന്നു എല്‍ടിടിഇയുടെ ചെയര്‍മാന്‍. വേലുപ്പിള്ള പ്രഭാകരൻ സൈനിക കമാൻഡറായി. സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഞ്ചംഗ ഉന്നതതല സമിതിയും ഉണ്ടാക്കി. സ്വതന്ത്ര തമിഴ് ഈഴം എന്ന ലക്ഷ്യം നേടുംവരെ പോരാടാൻ പുലികൾ പ്രതിജ്ഞയെടുത്തു. തമിഴ് ഈഴവാദത്തിൽ നിന്ന് അണുവിട വ്യതിചലിക്കാൻ എൽടിടിഇ തയ്യാറായിരുന്നില്ല. ഈഴ ലക്ഷ്യത്തിൽ നിന്ന് പിൻമാറിയാൽ തന്നെയും വെടിവച്ചു കൊല്ലണമെന്നാണ് പ്രഭാകരൻ അണികൾക്ക് നൽകിയ നിർദേശം.
തമിഴ് സംഗമത്തിനു നേതൃത്വം നല്‍കിയ യുവനേതാവായിരുന്നു ഉരുമ്പിറൈ സ്വദേശി പൊന്‍ ശിവകുമാരന്‍. 1974ല്‍ ജാഫ്നയില്‍ ഒരു ബാങ്ക് കൊള്ളയടിക്കു ശ്രമിക്കുമ്പോള്‍ പൊലീസ് പിടിയിലായ ശിവ സയനൈഡ് ഗുളിക വിഴുങ്ങി. 17ആം വയസ്സില്‍ ജീവന്‍ വെടിഞ്ഞ ശിവ ഈഴപ്പോര്‍ ഏടുകളിലെ ആദ്യ സയനൈഡ് മരണചരിതമായി. ഇയാളില്‍ നിന്നാണ് പ്രഭാകരന്‍ സയനൈഡിന്റെ സാധ്യത തിരിച്ചറിഞ്ഞത്.
1978 ല്‍ ജാഫ്നയില്‍ നിന്നു കൊളംബോയിലേക്ക് പറന്ന ആവ്റോ വിമാനത്തില്‍ റ്റൈംബോംബ് പൊട്ടിച്ച് എല്‍ടിടിഇ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഒട്ടേറെ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു. പില്‍ക്കാലത്ത് 'ആവ്റോ ബേബി'യെന്നറിയപ്പെട്ട പ്രഭാകരന്റെ വിശ്വസ്തന്‍ ബേബിയായിരുന്നു ഇതിന്റെ പിന്നില്‍.
ശ്രീലങ്കയിലെ രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ പുതിയൊരു അധ്യായത്തിന് 1983 ജൂലൈ 23 ന് തുടക്കമായി. ജാഫ്നയിൽ പെട്രോളിങ്ങ് നടത്തുകയായിരുന്ന ലങ്കൻ സൈനികർക്കു നേരെ പുലികൾ ഒളിയാക്രമണം നടത്തി. ഒരു ഓഫീസറടക്കം 13 സൈനികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരവരുടെ ഗ്രാമങ്ങളിൽ തന്നെ സംസ്കരിക്കുന്ന സിംഹളീയ ആചാരം മാറ്റിനിർത്തി കൊളംബോയിലെ കനാട്ടെ ശ്മശാനത്തിൽ മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിക്കാനായിരുന്നു സർക്കാർ തീരുമാനം. മനസ്സിൽ പുലികളോടുള്ള പകയും വിദ്വേഷവും നിറച്ച് കാത്തിരുന്ന ആയിരക്കണക്കിന് സിംഹളർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ശ്മശാനത്തിലേക്ക് ഒഴുകിയെത്തി. പുലികൾക്കെതിരെയുള്ള വികാരം മൂർധന്യാവസ്ഥയിലെത്തിയ സമയത്താണ് രാജ്യത്ത് വീണ്ടും പുലികൾ ആക്രമണം നടത്തിയെന്ന കിംവദന്തി പരന്നത്. സംസ്കാര ചടങ്ങുകൾക്കെത്തിയ ജനം അതോടെ അക്രമാസക്തമായി. തമിഴരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപെട്ടു. കൊള്ളയും കൊലയും ബലാൽസംഘവുമായി ലഹള തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് പടർന്നു. രാജ്യമെമ്പാടും കുട്ടികളുൾപ്പെടെ തമിഴ് വംശജർ അക്രമത്തിനിരയായി.
അക്രമം അവസാനിപ്പിക്കാൻ പൊലീസിന്റെയോ സൈന്യത്തിന്റെയോ ഭാഗത്ത് നിന്ന് ചെറുശ്രമം പോലും ഉണ്ടായതുമില്ല. ഒടുവിൽ കലാപം കെട്ടടങ്ങുമ്പോഴേക്കും മൂവായിരത്തിലേറെ തമിഴ് വംശജർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അതിനും എത്രയോ ഇരട്ടി ആളുകൾ ജീവച്ഛവങ്ങളായി മാറി. 'കറുത്ത ജൂലൈ' എന്നറിയപ്പെടുന്ന ഈ സംഭവം ലങ്കയിലെ വംശീയബന്ധങ്ങളില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചത്. രാജ്യം ഇതോടെ രണ്ടായി വെട്ടിമുറിക്കപ്പെടുകയായിരുന്നു. തമിഴ് യുവാക്കള്‍ കൂട്ടത്തോടെ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകി. രാജ്യത്തെ ഈ അരക്ഷിതാവസ്ഥ മുതലെടുത്ത പുലികളാവട്ടെ കൂടുതല്‍ ശക്തരാവുകയും ചെയ്തു.
ഇതിനിടെ പ്രഭാകരനുമായി തെറ്റിയ ഉമാമഹേശ്വരൻ എൽടിടിഇ വിട്ട് പ്ലോട്ട് (പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈഴം) രൂപീകരിച്ചു. ആൾബലത്തിൽ ഉമാമഹേശ്വരനായിരുന്നു മുന്നിൽ. നിരാശനായ പ്രഭാകരൻ ലങ്ക വിട്ട് തമിഴ്നാട്ടിലേക്ക് പ്രവർത്തനം മാറ്റി. ചാൾസ് ആൻറണി, മഹാതയ്യ, രഘു എന്നിവരാണ് പ്രഭാകരന്റെ അഭാവത്തിൽ സംഘടനയെ നിയന്ത്രിച്ചിരുന്നത്.
ശ്രീലങ്ക ബന്ധമുള്ള മാലദ്വീപ് പൌരനായ കള്ളക്കടത്ത് ബിസിനസ്സുകാരൻ അബ്ദുള്ള ലുത്തൂഫിയുടെ നേതൃത്വത്തിൽ 1988 നവംബർ മാസം സായുധരായ 80 പ്ലോട്ട് പോരാളികൾ ഒരു കപ്പലിൽ മാലിയിലെത്തി. നേരത്തെ തന്നെ കുറെപ്പേർ സന്ദർശകരെന്ന വ്യാജേനയും എത്തിയിരുന്നു. പ്രസിഡന്റ് അബ്ദുൾ ഗയൂമിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രസിഡന്റിനെ തടവിലാക്കാൻ അവർക്കായില്ല. ഗയൂമിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാർഗ്ഗം മാലിദ്വീപിലെത്തിച്ചു. ഇന്ത്യൻ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികൾ പലായനം ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേർക്കും ജീവൻ നഷ്ടമായി. മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. തടവുകാരായ അക്രമികൾക്ക് മാലിദ്വീപിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഓപ്പറേഷൻ കാക്റ്റസ് എന്നറിയപ്പെട്ട ഈ മാലദ്വീപ് ദൗത്യം ഇന്ത്യയ്ക്കേറെ അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നതിനിടയാക്കി. 1989 ജൂലൈയിൽ ഉമാമഹേശ്വരന്റെ വെടിയേറ്റ മൃതദേഹം ശ്രീലങ്കയിലെ മാലദ്വീപ് ഹൈക്കമ്മീഷന്റെ സമീപത്തു നിന്നു കണ്ടെത്തി. ഇന്ത്യൻ രഹസ്യാന്വേഷണ സംഘടന റോയുടെ പിന്തുണയോടെ രൂപീകരിച്ച തമിഴ് സായുധ സംഘമായ ENDLF (ഈഴം നാഷണൽ ഡെമോക്രാറ്റിക്ആ ലിബറേഷൻ ഫ്രണ്ട്) ആണ് കൃത്യം നിർവഹിച്ചത്.
എൺപതുകളിൽ എൽടിടിഇയ്ക്കു സമാനമായ മുപ്പതോളം ഗറില്ലാ സംഘടനകളാണു രൂപം കൊണ്ടത്. ഉമാമഹേശ്വരന്റെ പ്ലോട്ട്, സബരത്നത്തിന്റെ നേതൃത്വത്തിലുള്ള ടെലോ (തമിഴ് ഈഴം ലിബറേഷൻ ഓർഗനൈസേഷൻ), കെ.പത്മനാഭയുടെ കീഴിലുള്ള EPRLF (ഈഴം പീപ്പിൾസ് റവല്യൂഷണറി ലിബറേഷൻ ഫ്രണ്ട്), വി.ബലകുമാറിന്റെ EROS (ഈഴം റവല്യൂഷനറി ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റ്സ്) എന്നിവ ശക്തമായ സാന്നിധ്യം അറിയിച്ചു.
പ്ലോട്ട് ഒഴികെയുള്ള ഗ്രൂപ്പുകൾ ചേർന്ന് ഇടക്കാലത്ത് ENLF (ഈഴം നാഷണൽ ലിബറേഷൻ ഫ്രണ്ട് ) രൂപീകരിച്ചു. 1986 ൽ എൽടിടിഇ സഖ്യം വിട്ടതോടെ ഇഎൻഎൽഎഫ് അപ്രസക്തമായി. അതിനിടെ ടെലോയുമായി എൽടിടിഇയെ ലയിപ്പിക്കാനും നീക്കമുണ്ടായി. അതും ലക്ഷ്യം കണ്ടില്ല. പിന്നീട് എൽടിടിഇ സ്വന്തം നിലയില്‍ വേരുറപ്പിച്ചു. ശേഷം എൽടിടിഇയാൽ ഈ സംഘടനകളെല്ലാം തന്നെ ഉൻമൂലനം ചെയ്യപ്പെട്ടു. തമിഴ് ചെറുത്തുനിൽപ്പിന്റെ ഏക ജിഹ്വയായി എൽടിടിഇ മാറി. സംഘടനയുടെ രാഷ്ട്രീയ - സൈനിക വിഭാഗങ്ങളുടെ നേതൃത്വം തമിഴ്‌നാട്ടിൽ നിന്ന് മടങ്ങിയെത്തിയ പ്രഭാകരൻ സ്വയം ഏറ്റെടുത്തു. സൈനിക കമാൻഡറായി ചാൾസ് ആന്റണി ഉയർത്തപ്പെട്ടു. തമിഴന്റെ ദേശീയ പ്രസ്ഥാനമായി എൽടിടിഇയും ദേശീയ നേതാവായി പ്രഭാകരനും മാറുകയായിരുന്നു. സർക്കാറുമായി തുടങ്ങിയ സമാധാന ചർച്ചകളിലും പ്രധാന തമിഴ് വക്താവിന്റെ റോളിൽ എൽടിടിഇ ശ്രദ്ധിക്കപ്പെട്ടു.
ശ്രീലങ്കൻ പ്രശ്നത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായിരുന്നു 1987 ജൂലൈ 29 ന് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ലങ്കൻ പ്രസിഡന്റ് ജെ.ജയവർധനയും ഒപ്പുവെച്ച ഇന്ത്യാ- ലങ്കാ കരാർ. പിന്നീട് രാജീവിന്റെ കൊലപാതകത്തിനു വരെ കാരണമായത് ഈ കരാറായിരുന്നു. കരാറനുസരിച്ച് 6000-ഓളം വരുന്ന ഇന്ത്യൻ സമാധാന സേന അന്ന് ജാഫ്നയിലെത്തി. 48 മണിക്കൂറിനുള്ളിൽ വെടിനർത്തലും 72 മണിക്കൂറിനുള്ളിൽ ആയുധം വെച്ചു കീഴടങ്ങലും എന്ന വ്യവസ്ഥ പക്ഷേ, ഒരു തമിഴ് തീവ്രവാദ സംഘടനയും അംഗീകരിച്ചില്ല. വെടിനിർത്തലിനു മുന്നോടിയായുള്ള ചർച്ചയ്ക്കായി പ്രഭാകരൻ ഡൽഹിയിൽ വന്നിരുന്നു. എന്നാൽ ഇന്ത്യയുടെ നീക്കത്തെ പുലികൾ ആശങ്കയോടെയാണ് കണ്ടത്. പ്രഭാകരനെ തിരികെ വിടണമെന്നാവശ്യപ്പെട്ട് പുലികൾ ജൂലൈ 30ന് ജാഫ്നയിൽ പ്രകടനം നടത്തി. കൊളംബോയിലെത്തിയ രാജീവ് ഗാന്ധിയെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ ലങ്കൻ ഭടൻ തോക്കിന്റെ പാത്തിവെച്ച് അടിക്കാൻ ശ്രമിച്ചു.
ശ്രീലങ്കയുടെ ആഭ്യന്തര കാര്യത്തില്‍ അയലത്തെ വല്യേട്ടനായ ഇന്ത്യ ഇടപെടുന്നതില്‍ സിംഹളര്‍ക്കുള്ള അമര്‍ഷമായിരുന്നു ഈ ഭടനിലൂടെ പ്രകടമായത്. ഓഗസ്റ്റ് രണ്ടിന് പ്രഭാകരൻ ശ്രീലങ്കയിൽ തിരിച്ചെത്തി. ഭരണഘടനയുടെ 13 -ആം ഭേദഗതിയുടെ അടിസ്ഥാനത്തിൽ അധികാരവികേന്ദ്രീകരണം കൊണ്ട് തൃപ്തിപ്പെടാമെന്ന് എൽടിടിഇ ഒഴികെയുള്ള സംഘടനകൾ സമ്മതിച്ചു. കരാർ അടിസ്ഥാനത്തിൽ വടക്കൻ ലങ്കയിൽ ഇറങ്ങിയ ഇന്ത്യൻ സമാധാന സംരക്ഷണ സേനയ്‌ക്കെതിരെ എൽടിടിഇ പുതിയ പോർമുഖം തുറന്നു. ഇന്ത്യയുടെ കേൾവികേട്ട സൈനികശക്തി പുലികളുടെ ഗറില്ലാ പോരാട്ട വീര്യത്തിനു മുന്നിൽനിന്നു വിയർത്തു. 1990 ൽ മൂന്നുവർഷം നീണ്ടുനിന്ന കൊടുംയുദ്ധത്തിനു ശേഷം കനത്ത നഷ്ടവും ക്ഷീണവുമായാണ് ഇന്ത്യൻ സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നത്. ഓപ്പറേഷൻ പവൻ എന്നു പേരിട്ടു വിളിച്ച ഈ യുദ്ധത്തിൽ ആയിരത്തിലധികം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഈ ‘ശ്രീലങ്കൻ സാഹസം’ ഇന്ത്യൻ രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ടു.
IPKF -നൊപ്പം വിവിധ തമിഴ് ഗ്രൂപ്പുകളെയും എൽടിടിഇ നേരിട്ടു. ഇന്ത്യൻ സൈന്യം പിൻമാറിയതോടെ തമിഴ് വിമോചനത്തിന്റെ ഏക പ്രതീക്ഷ എൽടിടിഇ എന്നു തമിഴ് വംശജർക്കു തോന്നാൻ തുടങ്ങി. സംഘടനയുടെ സ്വാധീനം ശ്രീലങ്ക കടന്നു ലോകമെങ്ങുമുള്ള തമിഴർക്കിടയിലേക്കു വ്യാപിച്ചു. ലണ്ടനിൽ ഇന്റർനാഷണൽ സെക്രട്ടേറിയറ്റ് അടക്കം എൽടിടിഇക്ക് ആഗോള ശൃംഖലയുമായി.
ജാഫ്നയുടെ വടക്കൻ മേഖലകൾ പൂർണമായും എൽടിടിഇ പിടിച്ചടക്കി. അവിടം കേന്ദ്രീകരിച്ച് എൽടിടിഇയുടെ സമാന്തര ഭരണകൂടവും നിലവിൽ വന്നു. പോലീസ് സ്റ്റേഷനും കോടതിയും റവന്യു ഓഫീസുകളും ബാങ്കുകളും മാധ്യമ സ്ഥാപനങ്ങളുമൊക്കെ എൽടിടിഇയുടെ രാജ്യത്ത് പ്രവർത്തിക്കാൻ തുടങ്ങി.
1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ചാവേര്‍ ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്.
1991 മെയ് 21 സമയം രാത്രി 10.20: പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച് രാജീവിനരികിലേക്കെത്തി. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടഞ്ഞു. രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തി. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.
1991 ഏപ്രിൽ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തിൽ തീവ്രവാദികൾ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും തീവ്രവാദികൾ വാടകക്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീപെരുംപുത്തൂറിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല.
രാജീവ് ഗാന്ധിവധത്തെ തുടര്‍ന്ന് എല്‍ടിടി ഇ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ഇന്ത്യയില്‍ തമ്പടിച്ചിരുന്ന എല്‍ടിടിഇ നേതാക്കളെല്ലാം ശ്രീലങ്കയിലെ വന്നി താവളത്തിലേക്ക് മടങ്ങി. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിവധം എല്‍ടിടിഇക്ക് തമിഴ്നാട്ടില്‍ നിന്നുള്ള പിന്തുണ ഗണ്യമായി കുറയാനിടയാക്കി. 2006 വരെ എൽടിടിഇ രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006 ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽടിടിഇയുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു.


Search This Blog