Sunday, 12 November 2017

ടിപ്പു സുൽത്താൻ ഒരു വിയോജനക്കുറിപ്പ്



ടിപ്പു സുൽത്താൻ ഒരു വിയോജനക്കുറിപ്പ്




കൃഷ്ണകുമാർ

ഇരുപത്തൊന്നാം നൂറ്റാണ്ടിലും ടിപ്പു സുൽത്താൻ ഒരു വിവാദ കഥാപാത്രമായി തുടരുന്നു. ടിപ്പുവിനെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നവരാണ് ഈയൊരു അവസ്ഥയ്ക്ക് കാരണം. ചരിത്രത്തെ ചരിത്രമായി കാണാൻ കഴിയാത്ത ഒരു ദുരവസ്ഥ സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. ചരിത്രത്തെ വെള്ളയോ കറുപ്പോ പൂശേണ്ടതില്ല. ചരിത്രമായി ഉൾക്കൊണ്ട് അതിലെ പഠങ്ങൾ പഠിച്ചാൽ മാത്രം മതി. എന്നാൽ പല വിധത്തിലുള്ള ചായങ്ങളിൽ മുങ്ങിക്കിടക്കുന്ന ഭാരത ചരിത്രം അത്തരമൊരു ശുദ്ധാവസ്ഥയിൽ എത്താൻ ഇനിയും വളരെ നാളുകൾ കാത്തിരിക്കേണ്ടി വരും എന്നാണ് മനസ്സിലാക്കേണ്ടത്.
ഭാരത സൈന്യത്തിലെ ഓഫീസർമാർക്ക് പഴയ കാലത്തെ വിവിധ സേനാനായകരുടെ യുദ്ധമുറകളെ വിശകലനം ചെയ്തു പഠിക്കാനായി കേണൽ ആർ ഡി പാൽസോക്കർ എഴുതിയ ഒരു ഗ്രന്ഥപരമ്പരയുണ്ട്. അതിൽ ഒരെണ്ണം ടിപ്പു സുൽത്താനെ കുറിച്ചാണ്. ഒരു പടനായകൻ എന്ന നിലക്കുള്ള ടിപ്പുവിന്റെ ആസൂത്രണങ്ങളും, പിഴവുകളും ഒക്കെ അതിൽ വിശകലനം ചെയ്യുന്നു. ടിപ്പു ജീവിച്ചിരുന്ന ഇടങ്ങളിലും കോട്ടകളിലും ഗ്രന്ഥകാരൻ നേരിട്ട് സഞ്ചരിക്കുകയും, വിവിധ റെഫറൻസുകൾ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. 1969 ൽ പൂണെയിലെ ദക്ഷിണ സൈനിക കമാൻഡ് പ്രസിദ്ധീകരിച്ചതാണ് ഈ ഗ്രന്ഥം. പ്രസ്തുത ഗ്രന്ഥത്തെ അടിസ്ഥാനമാക്കി മനസ്സിലാക്കാവുന്ന കാര്യങ്ങൾ 1) അധികാര രാഷ്ട്രീയത്തിന് മതത്തെ ഉപയോഗപ്പെടുത്തിയ ഒരു ഭരണാധികാരി ആയിരുന്നു ടിപ്പു . 2) രണ്ടു പതിറ്റാണ്ടോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ വാഴ്ചക്കാലത്ത് ഭരണ നിർവഹണത്തേക്കാൾ, കൂടുതൽ സമയം ചെലവഴിച്ചത് ശത്രുക്കളോടുള്ള നിരന്തര യുദ്ധങ്ങൾക്കായിരുന്നു. 3) ടിപ്പു കിരാതനായ ഒരു മതഭ്രാന്തൻ ആയിരുന്നു എന്നതിനും, അതേസമയം പല ക്ഷേത്രങ്ങളോടും ആരാധനാലയങ്ങളോടും സഹിഷ്ണുതത കാട്ടിയിരുന്നു എന്നതിനും ഒരേസമയം ശക്തമായ തെളിവുകൾ നിലനിൽക്കുന്നു. 4) ആയിരക്കണക്കിന് ഹിന്ദുക്കളേയും ക്രിസ്ത്യാനികളേയും ടിപ്പു വാൾമുനയിൽ മത പരിവർത്തനം നടത്തി എന്നതും അതേസമയം പ്രധാനമന്ത്രിയും ഖജാൻജിയും ഉൾപ്പെടെ അനേകം ഹിന്ദുക്കളും ക്രിസ്ത്യാനികളും മൈസൂർ രാജ്യത്ത് സേവനം അനുഷ്ടിച്ചിരുന്നു എന്നതും സത്യമാണ്.
രാത്രിയും പകലും പോലെ പരസ്പര വിരുദ്ധമായ ടിപ്പുവിന്റെ ഈ രണ്ടു മുഖങ്ങൾക്ക് കൃത്യവും യുക്തിസഹവും രാഷ്ട്രീയ വിമുക്തവുമായ വിശദീകരണം ചരിത്ര വിദ്യാർത്ഥികൾക്ക് ഇപ്പോഴും ലഭിച്ചിട്ടില്ല. മേൽപ്പറഞ്ഞ ഗ്രന്ഥത്തിൽ തെളിഞ്ഞു വരുന്ന ചില വിവരങ്ങൾ ഒരു പരിധിവരെ ഈ പ്രഹേളികയ്ക്ക് ഉത്തരം തരും എന്നു കരുതുന്നു.
ഒരു മതഭ്രാന്തൻ അല്ലാതിരുന്ന ഹൈദരാലി നയപരമായി ടിപ്പുവിനേക്കാൾ മികച്ച നേതാവ് ആയിരുന്നു എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. മൈസൂർ രാജാവിൽ നിന്നും ഭരണനിയന്ത്രണം കൈക്കലാക്കിയെങ്കിലും രാജാവിനെയോ രാജകുടുംബത്തേയോ ഉന്മൂലനം ചെയ്യാൻ ഹൈദർ ഒരുങ്ങിയില്ല. മൈസൂറിലെ ബഹുഭൂരിപക്ഷം ജനങ്ങൾക്ക് തങ്ങളുടെ രാജാവിനോടുള്ള വൈകാരിക ബന്ധത്തെ ഉലയ്ക്കുന്നത് തന്റെ നിലനിൽപ്പിനു അപകടം ചെയ്യും എന്ന് ബുദ്ധിമാനായ ഹൈദർ മനസ്സിലാക്കിയിരുന്നു. അതുപ്രകാരം രാജാവിനെ നാമ മാത്രമായ സ്ഥാനം നൽകി നിലനിർത്തുകയും, തന്റേതായ രീതിയിൽ ഭരണം നിയന്ത്രിക്കുകയും ചെയ്തു. ബഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കളുടെ സാംസ്കാരികവും മതപരവുമായ കാര്യങ്ങളിൽ കൈകടത്തി ശത്രുത സമ്പാദിക്കാൻ ഹൈദർ ആഗ്രഹിച്ചില്ല. എന്നാൽ ടിപ്പുവിന് ഈ നയചാതുര്യം ഉണ്ടായിരുന്നില്ല. കേണൽ പാൽസോക്കർ ചൂണ്ടിക്കാണിക്കുന്നു...
'തന്റെ പുത്രൻ ക്രൂരനും, ബുദ്ധി കുറഞ്ഞവനും വഞ്ചനാ സ്വഭാവമുള്ളവനും ആണെന്ന് ടിപ്പുവിന്റെ ചെറുപ്പകാലം തൊട്ടേ, ഹൈദർ പറയുമായിരുന്നു. ടിപ്പുവിന്റെ വിക്രിയകളിൽ രണ്ടെണ്ണം ഹൈദർ തീർത്തും വെറുത്തിരുന്നു. അതിലൊന്ന് കുതിരപ്പുറത്ത് പാഞ്ഞു ചെന്ന് അമ്പലക്കാളകളെ കൊല്ലുന്ന ടിപ്പുവിന്റെ വിനോദമായിരുന്നു. ഭക്തർ ക്ഷേത്രങ്ങളിൽ കാഴ്ചവച്ചവയും, വളരെ ഭക്തിയോടെ പരിപാലിക്കുന്നവയും ആയിരുന്നു ഈ കാളകൾ. ടിപ്പു അവയെ വിനോദപൂർവ്വം കൊല്ലുകയും, കൂട്ടുകാരോട് അതിന്റെ മാംസം ഭക്ഷിക്കാൻ ആവശ്യപ്പെടുകയും ചെയ്യുമായിരുന്നു. യാതൊരു കാരണവും കൂടാതെ ഈ യുവാവ് ഹിന്ദുക്കളുടെ വെറുപ്പ് സമ്പാദിച്ചു. എന്നാൽ ക്രിസ്ത്യാനികളോടും പെരുമാറ്റം മെച്ചമായിരുന്നില്ല. ഒരിക്കൽ ഒരു ഇംഗ്ലീഷ് തടവുകാരനെ തന്റെ മുന്നിൽ വച്ച് ചേലാ കർമ്മം ചെയ്യിച്ചു'
'താൻ നേടിയെടുത്ത രാജ്യം ഇത്തരം വെറുക്കപ്പെട്ട പ്രവർത്തികൾ കൊണ്ട് ഒരുനാൾ ടിപ്പു നഷ്ടപ്പെടുത്തും എന്ന് ഹൈദർ വിലപിക്കുമായിരുന്നു'
'മറ്റൊന്ന് യുദ്ധത്തിൽ പിടിച്ചെടുത്ത സമ്പത്തിൽ ഒരു ഭാഗം പിതാവിനോട് വെളിപ്പെടുത്താതെ ടിപ്പു സ്വന്തമായി സൂക്ഷിക്കുമായിരുന്നു എന്നതാണ്. ഇതുകാരണം മകനെ ചതിയനെന്നും കള്ളനെന്നും വിളിക്കാൻ ഹൈദർ പലപ്പോഴും നിർബന്ധിതനായി. ടിപ്പുവിനു പകരം അയാസ് തന്റെ മകനായിരുന്നെങ്കിൽ എന്ന് ഹൈദർ പറയുമായിരുന്നു. മുസ്‌ളീമായി പരിവർത്തനം ചെയ്ത ഒരു നായർ യുവാവായിരുന്നു അയാസ്. ഇത് ടിപ്പുവിൽ അയാസിനോട് വെറുപ്പുണ്ടാക്കി'
മേൽപ്പറഞ്ഞ വസ്തുതകൾ, ടിപ്പുവിന്റെ വ്യക്തിത്വത്തിലേക്ക് ചില ഉൾക്കാഴ്‌ച്ചകൾ നൽകുന്നു. കുട്ടിക്കാലം മുതലേ വളർന്നു വന്ന ഈ അപകർഷതാ ബോധവും അക്രമവാസനയും പിൽക്കാലത്ത് അദ്ദേഹത്തെ ക്രൂരനായ ഒരു ഭരണാധികാരി ആക്കി എന്ന് കരുതാൻ ന്യായമുണ്ട്.
സ്വന്തം കാഴ്‌ച്ചപ്പാടുകൾക്ക് ഉപരി പല വ്യക്തികളാലും സാഹചര്യങ്ങളാലും വളരെയധികം സ്വാധീനിക്കപ്പെട്ടിരുന്ന ഒരു വ്യക്തിയായിരുന്നു ടിപ്പു. കുട്ടിക്കാലത്ത് അദ്ദേഹത്തിന് മതവിദ്യാഭ്യാസം കൊടുത്ത മൗലവി വലിയ ദുസ്വാധീനം ചെലുത്തി. 'ടിപ്പുവിന് വിദ്യാഭ്യാസം കൊടുക്കാൻ ഹൈദർ ഏൽപ്പിച്ചു കൊടുത്തിരുന്ന മൗലവി സ്വന്തം മതത്തെ സ്‌നേഹിക്കാൻ മാത്രമല്ല, മറിച്ച് മറ്റെല്ലാവരെയും വെറുക്കാനും പഠിപ്പിച്ചു'. ടിപ്പുവിന്റെ അക്രമവാസനയ്ക്ക് കാരണം ഈ മൗലവിയിൽ നിന്നും കിട്ടിയ മുഹമ്മദ് ഗസ്‌നിയുടെയും നാദിർഷായുടെയും വീരകഥകളുടെ മനഃശാസ്ത്ര സ്വാധീനം ആയിരിക്കണം. മറുവശത്ത് ടിപ്പുവിൽ നന്മയുടെ സ്വാധീനം ചെലുത്തിയിരുന്ന ഒരു വ്യക്തിയായിരുന്നു അദ്ദേഹത്തിന്റെ മാതാവ്. മലബാറിലും മംഗലാപുരത്തും ടിപ്പു ചെയ്തതുപോലുള്ള കിരാതത്വം മൈസൂരിൽ ക്ഷേത്രങ്ങളുടെ നേർക്ക് ഉണ്ടാകാതിരുന്നതിന് ഒരു കാരണമായി പറയുന്നത് ടിപ്പുവിന്റെ മാതാവിന്റെ ഇടപെടൽ ആണ്. ശ്രീരംഗപട്ടണത്ത് സ്വന്തം ആസ്ഥാനത്തിനടുത്തു തന്നെയുള്ള രംഗനാഥ ക്ഷേത്രത്തോട് ടിപ്പു അക്രമം കാട്ടിയില്ല. ഹൈദർ ഈ ക്ഷേത്രത്തിൽ വിശ്വസിക്കുകയും അതിനെ സംരക്ഷിക്കുകയും ചെയ്തിരുന്നു. രംഗനാഥ ക്ഷേത്രത്തിന്റെ സാന്നിദ്ധ്യമാണ് ശ്രീരംഗം കോട്ടയെ അജയ്യമാക്കി നിലനിർത്തുന്നത് എന്ന ഒരു വിശ്വാസം ജനങ്ങൾക്കിടയിൽ രൂഡമൂലമായിരുന്നു. ടിപ്പുവിന്റെ മാതാവും ഈ വിശ്വാസത്തെ മാനിച്ചു. ജ്യോതിഷികളിലും നിമിത്തങ്ങളിലും അമിത വിശ്വാസമുണ്ടായിരുന്ന വ്യക്തിയായിരുന്നു ടിപ്പു സുൽത്താൻ. രംഗനാഥ ക്ഷേത്രത്തെ കുറിച്ചുള്ള ഈ ധാരണ ടിപ്പുവിലും ഉറപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ ഹിന്ദു മന്ത്രിമാർ വിജയിച്ചിരുന്നു. ഏറ്റവും അവസാന നാളുകളിൽ ടിപ്പുവിന് തിരിച്ചറിവ് ഉണ്ടാകുകയും അതുവരെ ചെയ്തു കൂട്ടിയ പാതകങ്ങൾക്ക് പകരമായി ബ്രാഹ്മണരേയും ക്ഷേത്രങ്ങളേയും സഹായിക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.
ടിപ്പുവിന്റെ മന്ത്രിമാരിലും ഉന്നത ഉദ്യോഗസ്ഥരിലും ഹിന്ദുക്കൾ ഉണ്ടായിരുന്നു എന്നത് പലരേയും കുഴയ്ക്കുന്ന ഒരു വിഷയമാണ്. ഭരണ നിർവ്വഹണത്തിൽ നികുതി പിരിവും ധനത്തിന്റെ ക്രയവിക്രയവും സർവ്വ പ്രധാനമാണ്. അതിന് കണക്കപ്പിള്ളമാരുടെയും നല്ലവണ്ണം എഴുത്തും വായനയും അറിയുന്നവരുടേയും സേവനം ആവശ്യമുണ്ട്. ടിപ്പുവിന്റെ കാലത്ത് ഈ രംഗത്ത് പ്രഗല്ഭ്യമുള്ളവർ ഏതാണ്ട് പൂർണ്ണമായും ഹിന്ദുക്കളായിരുന്നു. ഒരിക്കൽ നിലവിലെ മുഴുവൻ ഉദ്യോഗസ്ഥരേയും മാറ്റി പകരം നിരക്ഷരരും പ്രവൃത്തി പരിചയമില്ലാത്തവരുമായ മുസ്ലിം ഉദ്യോഗസ്ഥരെ ടിപ്പു നിയമിക്കുകയുണ്ടായി, എന്നാൽ അത് വലിയ റവന്യൂ നഷ്ടത്തിനും അഴിമതിക്കും കാരണമായി തീരുകയാണ് ഉണ്ടായത്. സ്വന്തമായി കണക്കു സൂക്ഷിക്കാൻ അറിയാത്ത മുസ്ലിം ഉദ്യോഗസ്ഥർ, രഹസ്യമായി ഹിന്ദുക്കളുടെ സേവനം ഉപയോഗപ്പെടുത്താൻ തുടങ്ങി. ഈ രഹസ്യം മണത്തറിഞ്ഞ പലരും വിവരം സുൽത്താന്റെ മുന്നിൽ എത്തിക്കും എന്ന ഭീഷണി മുഴക്കി നികുതി കൊടുക്കാതെ ഉദ്യോഗസ്ഥരെ വെട്ടിലാക്കാൻ തുടങ്ങി. ഒടുവിൽ നിവൃത്തിയില്ലാതെ സുൽത്താൻ തന്നെ ഈ തീരുമാനം മാറ്റേണ്ടി വന്നു. തന്റെ വാഴ്ചയ്ക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമുണ്ട് എന്ന ഈ തിരിച്ചറിവാണ്, മൈസൂരിലെ അമുസ്ലീങ്ങളെ അധികം മതപീഡനത്തിന് വിധേയമാക്കാതെ നയപരമായ ഒരു നിലപാടിൽ മുന്നോട്ടു പോകാൻ ടിപ്പുവിനെ പ്രേരിപ്പിച്ചത്. ശൃംഗേരി മഠത്തോട് കാട്ടിയ അനുഭാവം ഒക്കെ ഈ നയതന്ത്രത്തിന്റെ ഭാഗമായിട്ടേ കാണാൻ കഴിയൂ. തന്റെ രാഷ്ട്രീയ വിജയത്തിന് ടിപ്പു മൈസൂരിനു പുറത്ത് മതഭീകരത യഥേഷ്ടം ഉപയോഗിക്കുകയും ചെയ്തു.
ഒരിക്കലും സെമിറ്റിക്ക് മത സമൂഹങ്ങളെ പോലെയുള്ള ഒരു ഏകീകൃത രാഷ്ട്രീയ ശക്തിയായിരുന്നില്ല ഹിന്ദുക്കൾ. സ്വന്തം പ്രാദേശികമായ ജീവിത രീതിയിലും സംസ്‌ക്കാര ആചാര പാരമ്പര്യങ്ങളിലും മുഴുകി മുന്നോട്ടു പോകുന്ന ഒരു സമൂഹം മാത്രമായിരുന്നു രാജ്യത്തെ ബഹുഭൂരിപക്ഷം ജനതയും. അതുകൊണ്ടു തന്നെ മലബാറിലും കുടകിലും മംഗലാപുരത്തും ജനങ്ങൾ നേരിട്ട മതപീഡനം ഒരു രാഷ്ട്രീയമായ തിരിച്ചടിയായി മൈസൂരിൽ പ്രതിഫലിച്ചില്ല. രാഷ്ട്രീയ ഉപജാപങ്ങളിൽ ഏർപ്പെട്ട് ഭരണപരിവർത്തനത്തിനായി ഇടപെടുന്ന ഹിന്ദുക്കളുടെ ഒരു പോപ്പായിരുന്നില്ല ശങ്കരാചാര്യരെ പോലുള്ള മഠധിപതികൾ. മറിച്ച് ആചാരാനുഷ്ടാനങ്ങളുടെ പഠനവും പാഠനവും മാത്രമായിരുന്നു മഠങ്ങളുടെ ദൗത്യം. ഭരണാധികാരി എത്രതന്നെ കൊള്ളരുതാത്തവനായാലും അന്നത്തെ സാമൂഹ്യ ക്രമം അനുസരിച്ച് ജനങ്ങളിൽ വലിയൊരു വിഭാഗത്തിന് ഭരണാധികാരിയെ ആശ്രയിക്കാതെ മുന്നോട്ടു പോകാൻ ആകുമായിരുന്നില്ല. കൃഷി, കൈത്തൊഴിൽ, വ്യാപാരം എന്നിങ്ങനെ വിരലിൽ എണ്ണാവുന്ന രംഗങ്ങളിൽ ഒഴികെ ജനസമൂഹത്തിന്റെ ഉപജീവന മാർഗ്ഗം രാജസേവയായിരുന്നു. കണക്കും എഴുത്തും വായനയും പഠിച്ചവർ ഭരണ വിഭാഗങ്ങളിലും, തടിമിടുക്കുള്ളവർ സൈന്യത്തിലും സേവനം അനുഷ്ഠിക്കാൻ സാഹചര്യങ്ങളാൽ നിർബന്ധിതർ ആയിരുന്നു എന്നോർക്കണം. ഹിന്ദുരാജാക്കന്മാരുടെ സേനാനായകരായി ധാരാളം മുസ്ലിം പഠാണികളും, ക്രിസ്ത്യൻ യൂറോപ്യന്മാരും തങ്ങളുടെ തന്നെ ആളുകൾക്കെതിരെ യുദ്ധം ചെയ്തിട്ടുള്ളതായി കാണുന്നതും ഇതേ കാരണത്താലാണ്. എല്ലാം ഉദര നിമിത്തം. ആ ഉദാഹരണങ്ങളെ വച്ചുകൊണ്ട് ഭരണാധികാരികളുടെ മതസഹിഷ്ണുത വിലയിരുത്താൻ കഴിയില്ല.
തങ്ങൾ ഏതു നിമിഷവും നിഷ്‌ക്കാസിതരാവാം എന്ന ഭീതിയോടെയാണെങ്കിലും സ്വന്തം ജന്മദേശത്ത് പിടിച്ചു നില്ക്കാൻ മൈസൂരിലെ ഹിന്ദുക്കളും ക്രിസ്ത്യാനികളും ജൈനരും നിർബന്ധിതരായിരുന്നു. ടിപ്പുവിന്റെ ഏറ്റവും വിശ്വസ്തരായ രണ്ടു ഓഫീസർമാരിൽ ഒരാളായിരുന്ന കൃഷ്ണറാവു നേരിട്ട വിധി ഇതിനു തെളിവാണ്. ബാംഗ്ലൂർ കോട്ട ഇംഗ്ലീഷുകാർ പിടിച്ചെടുത്തതിനു പിന്നാലെ, തലസ്ഥാനമായ ശ്രീരംഗപട്ടണത്തിൽ ഒരു അട്ടിമറി സാദ്ധ്യതയുണ്ടെന്ന് സംശയിച്ച് ടിപ്പു സുൽത്താൻ തന്റെ ഖജാൻജിയായിരുന്ന കൃഷ്ണറാവുവിനേയും, മിർ സാദിക്കിനേയും അങ്ങോട്ട് അയക്കുകയുണ്ടായി. അവിടത്തെ ഖജനാവിനേയും അന്തപുരസ്ത്രീകളെയും ചിത്രദുർഗ്ഗയിലേക്ക് മാറ്റുക എന്നതായിരുന്നു അവർക്കുള്ള നിയോഗം. എന്നാൽ കൃഷ്ണറാവുവും, സഹോദരന്മാരും ചില ഹിന്ദു ഉദ്യോഗസ്ഥരും ചേർന്ന് ഒരു അട്ടിമറിക്ക് ശ്രമിക്കുന്നു എന്ന തെറ്റായ റിപ്പോർട്ട് ടിപ്പുവിന്റെ ചില ബന്ധുക്കൾ നൽകി. എന്നാൽ സ്വന്തം പിതാവായ ഹൈദരിനോടൊപ്പവും പിന്നീട് തന്നോടൊപ്പവും അനേക വർഷങ്ങൾ വിശ്വസ്തതയോടെ സേവിച്ചിരുന്ന കൃഷ്ണറാവുവിനേയും സഹോദരങ്ങളേയും രണ്ടാമതൊന്നാലോചിക്കാതെ തടവിലാക്കുകയും രഹസ്യമായി പീഡിപ്പിച്ചു കൊല്ലുകയുമായിരുന്നു ടിപ്പു ചെയ്തത്. കൃഷ്ണറാവുവിന്റെ ഭാര്യ ടിപ്പുവിന്റെ അന്തപുര സ്ത്രീകളുടെ കൂട്ടത്തിലേക്ക് മാറ്റപ്പെട്ടു. ഹൈദരാലി മരണപ്പെട്ടപ്പോൾ രാജാധികാരം മറ്റാർക്കും പോകാതിരിക്കാനായി ആ വിവരം രഹസ്യമാക്കി വച്ച് വളരെ അകലെയായിരുന്ന ടിപ്പുവിന് സന്ദേശം അയച്ചതും, ടിപ്പു എത്തിച്ചേരുന്നതുവരെയുള്ള കാലം മൈസൂറിന്റെ ഖജനാവും അന്തപുരവും കാത്തുസൂക്ഷിച്ചതും ഇതേ കൃഷ്ണറാവു ആയിരുന്നു ! ഇതായിരുന്നു ടിപ്പുവിന്റെ മഹത്വം. ഇതിനു തത്തുല്യമായ അനുഭവമായിരുന്നു അനേക വർഷങ്ങൾ ടിപ്പുവിന്റെ സന്തത സഹചാരിയായിരുന്ന പ്രധാനമന്ത്രി പൂർണ്ണയ്യയും നേരിട്ടത്. ടിപ്പുവിന്റെ അവസാന നാളുകളിൽ ഒന്നിൽ പൂർണ്ണയ്യയുടെ മകളെ ടിപ്പുവിന്റെ ഒരു മുസ്ലിം സേനാനായകൻ ബാലാത്ക്കാരം ചെയ്തു. ഇയാൾക്ക് വധ ശിക്ഷ കൊടുക്കണം എന്ന് ആവശ്യപ്പെട്ട പൂർണ്ണയ്യയോട് ടിപ്പുവിന്റെ മറുചോദ്യം 'ഒരു ആട്ടിൻകാൽ മോഷ്ടിച്ചു എന്ന കുറ്റത്തിന് ഒരു പട്ടിയെ നിങ്ങൾ കൊല്ലുമോ ?' എന്നായിരുന്നു. ഇതിൽ അഭിമാനക്ഷതമേറ്റ പൂർണ്ണയ്യ ടിപ്പുവിന്റെ ശത്രുവായി മാറി. തനിക്കേറ്റ അപമാനത്തിനു പ്രതികാരമായി ബ്രിട്ടീഷുകാരുമായുള്ള ടിപ്പുവിന്റെ അവസാന യുദ്ധത്തിൽ ശ്രീരംഗപട്ടണം കോട്ടയുടെ വടക്കേ വാതിൽ തുറന്നു കൊടുക്കാൻ പൂർണ്ണയ്യ തയ്യാറായി. ടിപ്പു ബ്രിട്ടീഷുകാരുടെ കൈകളാൽ കൊല്ലപ്പെടുകയും ചെയ്തു. കൊലച്ചോറുണ്ട് ജീവിക്കാൻ വിധിക്കപ്പെട്ട ഒരു സമൂഹത്തിന്റെ ചിത്രമാണ് ടിപ്പുവിന്റെ ഭരണത്തിൻ കീഴിലെ മറ്റു സമുദായങ്ങൾ കാഴ്ചവയ്ക്കുന്നത്.

ബ്രിട്ടീഷുകാർക്കെതിരെ യുദ്ധം ചെയ്തിട്ടുണ്ട് എന്നതു കൊണ്ടു മാത്രം ഒരാൾ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും ദേശസ്‌നേഹിയും ആകുമോ ? വളരെ പ്രസക്തമായ ഒരു ചോദ്യമാണിത്. ഉത്തരം വളരെ വ്യക്തവുമാണ്. ആർക്കെതിരെ യുദ്ധം ചെയ്യുന്നു എന്നതിനുപരി തങ്ങളുടെ നാടിന്റെ നന്മയെ സ്‌നേഹിക്കുകയും അവയോട് സ്വന്തമെന്ന നിലക്കുള്ള മമതാ ബന്ധം നിലനിർത്തുകയും ചെയ്യുന്ന ഒരാളിനെ മാത്രമേ ദേശസ്‌നേഹി എന്നു വിളിക്കാൻ കഴിയൂ. ഇംഗ്ലീഷുകാർക്കെതിരെ അനേകം ഫ്രഞ്ചുകാരും*, ഡച്ചുകാരും#, പോർച്ചുഗീസുകാരും& ഇന്ത്യയുടെ മണ്ണിൽ യുദ്ധം ചെയ്തു മരിച്ചു വീണിട്ടുണ്ട്. അവരെല്ലാം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനികൾ ആണോ ? അവരെല്ലാം ധീരതയോടെ വിദേശികളോട് പോരടിച്ചു. സ്വന്തം സാമ്രാജ്യങ്ങളുടെ താൽപ്പര്യം സംരക്ഷിക്കാൻ ! അവരിൽ ആര് ജയിച്ചിരുന്നെങ്കിലും തദ്ദേശീയരുടെ അനുഭവം ഒന്നു തന്നെയാകുമായിരുന്നു. ടിപ്പുവിന്റെ കാര്യത്തിലും സംഭവിച്ചത് അതു തന്നെയാണ്. ഭരണമേറ്റെടുത്ത ടിപ്പുവിന്റെ പരിഷ്‌ക്കാരങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് ഭരണഭാഷ പേർഷ്യൻ ആക്കുക എന്നതായിരുന്നു. രാജ്യത്തെ പ്രധാനപ്പെട്ട നഗരങ്ങളുടെയെല്ലാം പേരുകൾ പേർഷ്യൻ പേരുകളാക്കി. ഇങ്ങനെ മൈസൂർ നാസർബാദും, മാംഗളൂർ ജലാലാബാദും, ഹാസൻ ഖയിമാബാദും, മടിക്കേരി ജാഫ്ഫരാബാദും,കോഴിക്കോട് ഇസ്ലാമാബാദും ആയി. ഈ നാടിനോടും നാട്ടുകാരോടും ഇവിടുത്തെ ഭാഷയോടും സംസ്‌ക്കാരത്തോടും ടിപ്പുവിന് പുലബന്ധം പോലുമുണ്ടായിരുന്നില്ല എന്ന് ഇതു വ്യക്തമാക്കുന്നു. ബ്രിട്ടീഷുകാരുടെയും മറാത്ത സൈന്യത്തിന്റെയും ഭീഷണി നേരിടാൻ, മറ്റൊരു വിദേശ ശക്തിയായ ഫ്രെഞ്ചുകാരെ ടിപ്പു ഇന്ത്യയിലേക്ക് ക്ഷണിച്ചു. ഡൽഹി ഭരിച്ചിരുന്ന മറാത്ത ശക്തിയെ തോൽപ്പിക്കാൻ ഒരവസരത്തിൽ അഫ്ഗാൻ ഭരണാധികാരിയായ സമൻ ഷായെയും ക്ഷണിച്ചു. വിദേശികൾക്കെതിരേയുള്ള സ്വദേശീയരുടെ മുന്നേറ്റമായിരുന്നു ടിപ്പുവിന്റെ ലക്ഷ്യമെങ്കിൽ അഫ്ഗാനികളെ ക്ഷണിച്ചു വരുത്തി ശക്തരായ മറാത്ത ഭരണാധികാരികളെ പരാജയപ്പെടുത്താൻ ശ്രമിക്കുന്നതിനു പകരം മറാത്ത ശക്തിയോട് സഖ്യം ചെയ്തുകൊണ്ട് ബ്രിട്ടീഷുകാർക്കെതിരെ അദ്ദേഹം പോരാടുമായിരുന്നു. മൈസൂറിനു പുറത്തുള്ള എല്ലാ തദ്ദേശീയ സാംസ്കാരിക കേന്ദ്രങ്ങളേയും തകർത്തു തരിപ്പണമാക്കി. ശത്രുക്കളായ ഇന്ത്യൻ നാട്ടു രാജ്യങ്ങളെ ഭീതിയിൽ ആഴ്‌ത്താൻ സൈനികരുടെ എല്ലാ മത പൈശാചികതയെയും പ്രോത്സാഹിപ്പിച്ചു. ടിപ്പുവിന്റെ പ്രതിച്ഛായ തകർക്കാനായി ബ്രിട്ടീഷ് ചരിത്രകാരന്മാർ മനഃപൂർവ്വം ഭീകര കഥകൾ മെനഞ്ഞതാണെന്ന വാദം നിലനിൽക്കത്തക്കതല്ല. ടിപ്പുവിന്റെ സൈന്യത്തോടൊപ്പം യുദ്ധം ചെയ്തിരുന്ന ഫ്രെഞ്ചു പട്ടാളക്കാരിൽ ചിലരുടെ ഡയറികളിൽ നിന്നു പോലും അന്നത്തെ അതിഭീകരമായ മതവെറിയുടെ വിവരണങ്ങൾ പുറത്തു വന്നിട്ടുണ്ട്. മിർ കിർമാണിയെപ്പോലുള്ള മുസ്ലിം ജീവചരിത്രകാരന്മാരും ഇക്കാര്യം എഴുതിയിട്ടുണ്ട്.
ടിപ്പു ഗുരുവായൂർ ക്ഷേത്രത്തിന് ദാനം നൽകി എന്നൊക്കെയുള്ള കെട്ടുകഥ സുപ്രസിദ്ധ ചരിത്രകാരനായ ശ്രീ എം ജി എസ് നാരായണൻ തന്നെ പൊളിച്ചിട്ടുണ്ട്. മൈസൂറിനു പുറത്തെ ഹിന്ദു ക്ഷേത്രങ്ങളോടുള്ള ടിപ്പുവിന്റെ സമീപനം അറിയാൻ ഏറ്റവും ശക്തമായ തെളിവ് ഗുരുവായൂരപ്പന്റെ വിഗ്രഹവും കൊണ്ട് ഹിന്ദുക്കൾ അമ്പലപ്പുഴയിലേക്ക് പലായനം ചെയ്യേണ്ടി വന്നു എന്നതു തന്നെയാണ്. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഗുരുവായൂരപ്പ വിഗ്രഹം വച്ചിരുന്ന സ്ഥലത്ത് ഇന്നും ഈ സ്മരണയിൽ പൂജ നടക്കുന്നു എന്നത് നിഷേധിക്കാനാവാത്ത ശക്തമായ തെളിവാണ്. മഹാക്ഷേത്രങ്ങളിലെ വിഗ്രഹ പ്രതിഷ്ഠ എത്രമാത്രം സങ്കീർണ്ണവും ഗൗരവതരവും സമയവും ദ്രവ്യവും വ്യയം ചെയ്തു ചെയ്യപ്പെടുന്നതുമാണെന്ന് അറിയുന്നവർക്ക് ഗുരുവായൂരിലെ വിഗ്രഹം ഇളക്കിക്കൊണ്ട് ഏതാണ്ട് നൂറ്റമ്പത് കിലോമീറ്റർ ദൂരത്തേക്ക് കൊണ്ടു പോകേണ്ടി വന്ന സംഭവത്തിന്റെ ഗൗരവം മനസ്സിലാകും. ഏറ്റവും കൊടിയ ഒരു വിപത്ത് നേരിടുന്ന ഒരു സാഹചര്യത്തിൽ അല്ലാതെ അത്തരം ഒരു സാഹസത്തിന് വിശ്വാസികൾ തയ്യാറാകുമായിരുന്നില്ല. സർവ്വ മതസഹിഷ്ണുവും, ക്ഷേത്രങ്ങൾക്ക് ദാന ധർമ്മങ്ങൾ ചെയ്യുന്നവനുമായ ഒരു സേനാനായകന്റെ കേവലം ഒരു സൈനിക ആക്രമണത്തിൽ ഇത്തരം ഒരു അസാധാരണ നടപടിയുടെ ആവശ്യം ഉദിക്കുന്നില്ല.
അന്നത്തെ ഉയർന്ന ജാതിക്കാരും നാടുവാഴികളും ബ്രിട്ടീഷുകാരെ പിന്തുണച്ചിരുന്നവരാണെന്നും അതുകൊണ്ടാണ് അവരെ ടിപ്പു ആക്രമിച്ചത് എന്നും മറ്റൊരു വാദം ഉയർത്തി കണ്ടിട്ടുണ്ട്. കിഴക്കൻ രാജ്യങ്ങൾ തേടി കടൽ മാർഗ്ഗം ഇറങ്ങി തിരിച്ച യൂറോപ്യന്മാരിൽ സ്‌പെയിൻകാർ അമേരിക്കൻ ഭൂഖണ്ഡത്തിലും, പോർച്ചുഗീസുകാർ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും എത്തിച്ചേർന്ന ചരിത്രം എല്ലാവർക്കും അറിയാം. ഈ രണ്ടു കൂട്ടരും ചെന്നിറങ്ങിയ ഇടങ്ങളിൽ കൊടിയ മതപീഡനം അഴിച്ചു വിട്ടിട്ടുണ്ട്. തദ്ദേശീയരുമായി രക്തരൂഷിതമായ സംഘട്ടനങ്ങളിലും അവർ ഏർപ്പെട്ടിട്ടുണ്ട്. എന്നാൽ പോർച്ചുഗീസുകാരെ പിന്തുടർന്ന് എത്തിയ ഫ്രഞ്ചുകാരും, ഡച്ചുകാരും, ബ്രിട്ടീഷുകാരും മതത്തിനു പകരം കച്ചവടത്തിലും രാഷ്ട്രീയ അധികാരം ഉറപ്പിക്കുന്നതിലും ആണ് കൂടുതൽ താൽപ്പര്യം എടുത്തത്. മറ്റു രണ്ട് രാജ്യക്കാരിൽ നിന്നുണ്ടായ പോലെ മതഭ്രാന്തിന്റെ പാരമ്യത്തിലുള്ള മതപീഡനം അവരിൽ നിന്നുണ്ടായിട്ടില്ല എന്നു കാണാൻ കഴിയും. എന്നാൽ ഇന്ത്യയിൽ ആക്രമിച്ചു കയറിയ മുസ്ലിം ഭരണാധികാരികൾ അങ്ങനെയായിരുന്നില്ല. ലോകത്തെ ഏറ്റവും പൈശാചികമായ മതപീഡനവും വംശീയ ഉന്മൂലനവും അവരിവിടെ നടപ്പാക്കി. അവരിൽ ഏറ്റവും ഒടുവിലത്തെ കണ്ണിയായിരുന്നു ടിപ്പു. സാധാരണ ജനങ്ങളെ സംബന്ധിച്ചിടത്തോളം കൊടിയ മതപീഡനവും കൂട്ടക്കൊലകളും ചെയ്തിരുന്ന മുസ്ലീങ്ങളേക്കാൾ എന്തുകൊണ്ടും കുറേ സമ്പത്ത് ഊറ്റി കൊണ്ടു പൊവുക മാത്രം ചെയ്തിരുന്ന വെള്ളക്കാർ ഭേദമായിരുന്നു. അതുകൊണ്ട് മുസ്ലിം അക്രമികളിൽ നിന്നും രക്ഷനേടാൻ പലപ്പോഴും വിദേശികളായ യൂറോപ്യന്മാരുമായി നാടുവഴികൾ സഖ്യത്തിൽ ഏർപ്പെട്ടിട്ടുണ്ട്. താലിബാനിൽ നിന്നും രക്ഷപ്പെടാൻ അമേരിക്കൻ സൈന്യത്തെയോ, ഐസിസിൽ നിന്ന് രക്ഷ തേടി റഷ്യൻ സൈന്യത്തെയോ ഇപ്പോഴും ജനങ്ങൾ ആശ്രയിക്കേണ്ടി വരുന്നതുപോലെ.
ചുരുക്കത്തിൽ ടിപ്പുവിന്റെ പോരാട്ട വീര്യത്തെയും, സഹസികതയെയും അംഗീകരിക്കുമ്പോൾ തന്നെ അദ്ദേഹം ഒരു മത സഹിഷ്ണുവായിരുന്നു, സാമൂഹ്യ പരിഷ്‌ക്കർത്താവായിരുന്നു എന്നൊക്കെയുള്ള വാദമുഖങ്ങൾ ചരിത്രത്തെ വ്യഭിചരിക്കലാണ് എന്നു ചൂണ്ടിക്കാണിക്കാതെ വയ്യ. സ്വന്തം രാജ്യത്ത് ശത്രുക്കൾ ഉണ്ടാവാതെ നോക്കാൻ തെരഞ്ഞെടുത്ത അടവുനയം എന്നു മാത്രമേ ചില ഹിന്ദു ക്ഷേത്രങ്ങളോടും മഠങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സൗഹൃദ നാട്യങ്ങളെ കാണാൻ കഴിയൂ. കൈയൂക്കുള്ളിടങ്ങളിൽ അൻപത്തൊന്നു വെട്ടു വെട്ടി എതിരാളികളെ നിഷ്‌ക്കരുണം കൊലചെയ്യുന്ന ധീര വിപ്ലവകാരികൾ, അതിർത്തി വിട്ടു കഴിയുമ്പോൾ വെറും പൂച്ചകളായി അഭിനയിക്കുന്ന അതേ അടവുനയം.
വാൽ : മുഹമ്മദ് ഗോറി, മുഹമ്മദ് ഗസ്‌നി തുടങ്ങിയവർ ഭാരതത്തിന് വലിയ നാശം വരുത്തിയ വിദേശ അക്രമികൾ ആയിരുന്നു എന്നു നമുക്കറിയാം. ഇന്ത്യയുടെ പ്രഖ്യാപിത ശത്രുവായ പാക്കിസ്ഥാൻ അവരുടെ മിസൈലുകൾക്ക് ഇട്ടിരിക്കുന്ന പേരുകളും ഇതൊക്കെയാണ്. കാരണവും വ്യക്തം. അവയുടെ കൂട്ടത്തിൽ ഉൾപ്പെട്ട ഒരു പാക്കിസ്ഥാനി മിസൈലിന്റെ പേര് ടിപ്പു എന്നാണ്. ഏതായാലും അബ്ദുൾ കലാമിനെ പോലെയോ സാക്കീർ ഹുസൈനെ പോലെയോ ഇന്ത്യയുടെ നന്മ ആഗ്രഹിച്ച ഒരു ദേശാഭിമാനിയുടെ പേരിൽ പാക്കിസ്ഥാൻ മിസൈൽ ഉണ്ടാക്കുകയില്ല എന്നു വ്യക്തം. രാഷ്ട്രീയ ലക്ഷ്യത്തോടെ ടിപ്പുവിനെ വെള്ളപൂശാൻ ഇവിടത്തെ ചരിത്രകാരന്മാരും ഇടതു ബുദ്ധിജീവികളും തയ്യാറായാലും രാജാവ് നഗ്‌നനാണെന്ന ആ സത്യം ഇന്ത്യയുടെ ശത്രുക്കളായ പാക്കിസ്ഥാനികളിൽ നിന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നു.
(1756 ചന്ദൻ നഗർ)*
(1759 ചിൻസുരാ)#
(1612 സുവാലി)&
റെഫറൻസ് : TIPU SULTAN by Col R D Palsokar



No comments:

Post a Comment

Search This Blog