Friday 10 November 2017

LTTE (Liberation Tigers of Tamil Ealem ) Part-2

ചോര ചിന്തിയ മരതകദ്വീപ് ഭാഗം-2


Courtesy ; Vipin Kumar-Charithraanveshikal

ഉമാമഹേശ്വരനായിരുന്നു എല്‍ടിടിഇയുടെ ചെയര്‍മാന്‍. വേലുപ്പിള്ള പ്രഭാകരൻ സൈനിക കമാൻഡറായി. സംഘടനയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് അഞ്ചംഗ ഉന്നതതല സമിതിയും ഉണ്ടാക്കി. സ്വതന്ത്ര തമിഴ് ഈഴം എന്ന ലക്ഷ്യം നേടുംവരെ പോരാടാൻ പുലികൾ പ്രതിജ്ഞയെടുത്തു. തമിഴ് ഈഴവാദത്തിൽ നിന്ന് അണുവിട വ്യതിചലിക്കാൻ എൽടിടിഇ തയ്യാറായിരുന്നില്ല. ഈഴ ലക്ഷ്യത്തിൽ നിന്ന് പിൻമാറിയാൽ തന്നെയും വെടിവച്ചു കൊല്ലണമെന്നാണ് പ്രഭാകരൻ അണികൾക്ക് നൽകിയ നിർദേശം.
തമിഴ് സംഗമത്തിനു നേതൃത്വം നല്‍കിയ യുവനേതാവായിരുന്നു ഉരുമ്പിറൈ സ്വദേശി പൊന്‍ ശിവകുമാരന്‍. 1974ല്‍ ജാഫ്നയില്‍ ഒരു ബാങ്ക് കൊള്ളയടിക്കു ശ്രമിക്കുമ്പോള്‍ പൊലീസ് പിടിയിലായ ശിവ സയനൈഡ് ഗുളിക വിഴുങ്ങി. 17ആം വയസ്സില്‍ ജീവന്‍ വെടിഞ്ഞ ശിവ ഈഴപ്പോര്‍ ഏടുകളിലെ ആദ്യ സയനൈഡ് മരണചരിതമായി. ഇയാളില്‍ നിന്നാണ് പ്രഭാകരന്‍ സയനൈഡിന്റെ സാധ്യത തിരിച്ചറിഞ്ഞത്.
1978 ല്‍ ജാഫ്നയില്‍ നിന്നു കൊളംബോയിലേക്ക് പറന്ന ആവ്റോ വിമാനത്തില്‍ റ്റൈംബോംബ് പൊട്ടിച്ച് എല്‍ടിടിഇ മറ്റൊരു ചരിത്രം സൃഷ്ടിച്ചു. ഒട്ടേറെ സൈനികരും പോലീസുകാരും കൊല്ലപ്പെട്ടു. പില്‍ക്കാലത്ത് 'ആവ്റോ ബേബി'യെന്നറിയപ്പെട്ട പ്രഭാകരന്റെ വിശ്വസ്തന്‍ ബേബിയായിരുന്നു ഇതിന്റെ പിന്നില്‍.
ശ്രീലങ്കയിലെ രക്തരൂക്ഷിതമായ പോരാട്ടങ്ങളുടെ പുതിയൊരു അധ്യായത്തിന് 1983 ജൂലൈ 23 ന് തുടക്കമായി. ജാഫ്നയിൽ പെട്രോളിങ്ങ് നടത്തുകയായിരുന്ന ലങ്കൻ സൈനികർക്കു നേരെ പുലികൾ ഒളിയാക്രമണം നടത്തി. ഒരു ഓഫീസറടക്കം 13 സൈനികർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അവരവരുടെ ഗ്രാമങ്ങളിൽ തന്നെ സംസ്കരിക്കുന്ന സിംഹളീയ ആചാരം മാറ്റിനിർത്തി കൊളംബോയിലെ കനാട്ടെ ശ്മശാനത്തിൽ മൃതദേഹങ്ങൾ ഒരുമിച്ചു സംസ്കരിക്കാനായിരുന്നു സർക്കാർ തീരുമാനം. മനസ്സിൽ പുലികളോടുള്ള പകയും വിദ്വേഷവും നിറച്ച് കാത്തിരുന്ന ആയിരക്കണക്കിന് സിംഹളർ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ ശ്മശാനത്തിലേക്ക് ഒഴുകിയെത്തി. പുലികൾക്കെതിരെയുള്ള വികാരം മൂർധന്യാവസ്ഥയിലെത്തിയ സമയത്താണ് രാജ്യത്ത് വീണ്ടും പുലികൾ ആക്രമണം നടത്തിയെന്ന കിംവദന്തി പരന്നത്. സംസ്കാര ചടങ്ങുകൾക്കെത്തിയ ജനം അതോടെ അക്രമാസക്തമായി. തമിഴരുടെ വീടുകളും വ്യാപാര സ്ഥാപനങ്ങളും ആക്രമിക്കപെട്ടു. കൊള്ളയും കൊലയും ബലാൽസംഘവുമായി ലഹള തെരുവുകളിൽ നിന്ന് തെരുവുകളിലേക്ക് പടർന്നു. രാജ്യമെമ്പാടും കുട്ടികളുൾപ്പെടെ തമിഴ് വംശജർ അക്രമത്തിനിരയായി.
അക്രമം അവസാനിപ്പിക്കാൻ പൊലീസിന്റെയോ സൈന്യത്തിന്റെയോ ഭാഗത്ത് നിന്ന് ചെറുശ്രമം പോലും ഉണ്ടായതുമില്ല. ഒടുവിൽ കലാപം കെട്ടടങ്ങുമ്പോഴേക്കും മൂവായിരത്തിലേറെ തമിഴ് വംശജർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. അതിനും എത്രയോ ഇരട്ടി ആളുകൾ ജീവച്ഛവങ്ങളായി മാറി. 'കറുത്ത ജൂലൈ' എന്നറിയപ്പെടുന്ന ഈ സംഭവം ലങ്കയിലെ വംശീയബന്ധങ്ങളില്‍ ഉണങ്ങാത്ത മുറിവാണ് സൃഷ്ടിച്ചത്. രാജ്യം ഇതോടെ രണ്ടായി വെട്ടിമുറിക്കപ്പെടുകയായിരുന്നു. തമിഴ് യുവാക്കള്‍ കൂട്ടത്തോടെ തീവ്രവാദ പ്രസ്ഥാനങ്ങളിലേക്ക് ഒഴുകി. രാജ്യത്തെ ഈ അരക്ഷിതാവസ്ഥ മുതലെടുത്ത പുലികളാവട്ടെ കൂടുതല്‍ ശക്തരാവുകയും ചെയ്തു.
ഇതിനിടെ പ്രഭാകരനുമായി തെറ്റിയ ഉമാമഹേശ്വരൻ എൽടിടിഇ വിട്ട് പ്ലോട്ട് (പീപ്പിൾസ് ലിബറേഷൻ ഓർഗനൈസേഷൻ ഓഫ് തമിഴ് ഈഴം) രൂപീകരിച്ചു. ആൾബലത്തിൽ ഉമാമഹേശ്വരനായിരുന്നു മുന്നിൽ. നിരാശനായ പ്രഭാകരൻ ലങ്ക വിട്ട് തമിഴ്നാട്ടിലേക്ക് പ്രവർത്തനം മാറ്റി. ചാൾസ് ആൻറണി, മഹാതയ്യ, രഘു എന്നിവരാണ് പ്രഭാകരന്റെ അഭാവത്തിൽ സംഘടനയെ നിയന്ത്രിച്ചിരുന്നത്.
ശ്രീലങ്ക ബന്ധമുള്ള മാലദ്വീപ് പൌരനായ കള്ളക്കടത്ത് ബിസിനസ്സുകാരൻ അബ്ദുള്ള ലുത്തൂഫിയുടെ നേതൃത്വത്തിൽ 1988 നവംബർ മാസം സായുധരായ 80 പ്ലോട്ട് പോരാളികൾ ഒരു കപ്പലിൽ മാലിയിലെത്തി. നേരത്തെ തന്നെ കുറെപ്പേർ സന്ദർശകരെന്ന വ്യാജേനയും എത്തിയിരുന്നു. പ്രസിഡന്റ് അബ്ദുൾ ഗയൂമിനെ പട്ടാള അട്ടിമറിയിലൂടെ പുറത്താക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പ്രസിഡന്റിനെ തടവിലാക്കാൻ അവർക്കായില്ല. ഗയൂമിന്റെ സഹായാഭ്യർത്ഥനയെ തുടർന്ന് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി 1600 സൈനികരെ വിമാനമാർഗ്ഗം മാലിദ്വീപിലെത്തിച്ചു. ഇന്ത്യൻ പട്ടാളത്തിന്റെ വരവോടെ തന്നെ അക്രമികൾ പലായനം ചെയ്തു. തുടർന്നുണ്ടായ ഏറ്റുമുട്ടലിൽ 19 പേർ മരിച്ചു. ബന്ദികളാക്കപ്പെട്ട ഏതാനും പേർക്കും ജീവൻ നഷ്ടമായി. മൂന്നു ദിവസത്തിനകം അക്രമികളുടെ കപ്പൽ ഇന്ത്യൻ സൈന്യം പിടിച്ചെടുത്തു. തടവുകാരായ അക്രമികൾക്ക് മാലിദ്വീപിൽ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. ഓപ്പറേഷൻ കാക്റ്റസ് എന്നറിയപ്പെട്ട ഈ മാലദ്വീപ് ദൗത്യം ഇന്ത്യയ്ക്കേറെ അന്താരാഷ്ട്ര പ്രശംസ ലഭിക്കുന്നതിനിടയാക്കി. 1989 ജൂലൈയിൽ ഉമാമഹേശ്വരന്റെ വെടിയേറ്റ മൃതദേഹം ശ്രീലങ്കയിലെ മാലദ്വീപ് ഹൈക്കമ്മീഷന്റെ സമീപത്തു നിന്നു കണ്ടെത്തി. ഇന്ത്യൻ രഹസ്യാന്വേഷണ സംഘടന റോയുടെ പിന്തുണയോടെ രൂപീകരിച്ച തമിഴ് സായുധ സംഘമായ ENDLF (ഈഴം നാഷണൽ ഡെമോക്രാറ്റിക്ആ ലിബറേഷൻ ഫ്രണ്ട്) ആണ് കൃത്യം നിർവഹിച്ചത്.
എൺപതുകളിൽ എൽടിടിഇയ്ക്കു സമാനമായ മുപ്പതോളം ഗറില്ലാ സംഘടനകളാണു രൂപം കൊണ്ടത്. ഉമാമഹേശ്വരന്റെ പ്ലോട്ട്, സബരത്നത്തിന്റെ നേതൃത്വത്തിലുള്ള ടെലോ (തമിഴ് ഈഴം ലിബറേഷൻ ഓർഗനൈസേഷൻ), കെ.പത്മനാഭയുടെ കീഴിലുള്ള EPRLF (ഈഴം പീപ്പിൾസ് റവല്യൂഷണറി ലിബറേഷൻ ഫ്രണ്ട്), വി.ബലകുമാറിന്റെ EROS (ഈഴം റവല്യൂഷനറി ഓർഗനൈസേഷൻ ഓഫ് സ്റ്റുഡന്റ്സ്) എന്നിവ ശക്തമായ സാന്നിധ്യം അറിയിച്ചു.
പ്ലോട്ട് ഒഴികെയുള്ള ഗ്രൂപ്പുകൾ ചേർന്ന് ഇടക്കാലത്ത് ENLF (ഈഴം നാഷണൽ ലിബറേഷൻ ഫ്രണ്ട് ) രൂപീകരിച്ചു. 1986 ൽ എൽടിടിഇ സഖ്യം വിട്ടതോടെ ഇഎൻഎൽഎഫ് അപ്രസക്തമായി. അതിനിടെ ടെലോയുമായി എൽടിടിഇയെ ലയിപ്പിക്കാനും നീക്കമുണ്ടായി. അതും ലക്ഷ്യം കണ്ടില്ല. പിന്നീട് എൽടിടിഇ സ്വന്തം നിലയില്‍ വേരുറപ്പിച്ചു. ശേഷം എൽടിടിഇയാൽ ഈ സംഘടനകളെല്ലാം തന്നെ ഉൻമൂലനം ചെയ്യപ്പെട്ടു. തമിഴ് ചെറുത്തുനിൽപ്പിന്റെ ഏക ജിഹ്വയായി എൽടിടിഇ മാറി. സംഘടനയുടെ രാഷ്ട്രീയ - സൈനിക വിഭാഗങ്ങളുടെ നേതൃത്വം തമിഴ്‌നാട്ടിൽ നിന്ന് മടങ്ങിയെത്തിയ പ്രഭാകരൻ സ്വയം ഏറ്റെടുത്തു. സൈനിക കമാൻഡറായി ചാൾസ് ആന്റണി ഉയർത്തപ്പെട്ടു. തമിഴന്റെ ദേശീയ പ്രസ്ഥാനമായി എൽടിടിഇയും ദേശീയ നേതാവായി പ്രഭാകരനും മാറുകയായിരുന്നു. സർക്കാറുമായി തുടങ്ങിയ സമാധാന ചർച്ചകളിലും പ്രധാന തമിഴ് വക്താവിന്റെ റോളിൽ എൽടിടിഇ ശ്രദ്ധിക്കപ്പെട്ടു.
ശ്രീലങ്കൻ പ്രശ്നത്തിൽ ഇന്ത്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായിരുന്നു 1987 ജൂലൈ 29 ന് ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും ലങ്കൻ പ്രസിഡന്റ് ജെ.ജയവർധനയും ഒപ്പുവെച്ച ഇന്ത്യാ- ലങ്കാ കരാർ. പിന്നീട് രാജീവിന്റെ കൊലപാതകത്തിനു വരെ കാരണമായത് ഈ കരാറായിരുന്നു. കരാറനുസരിച്ച് 6000-ഓളം വരുന്ന ഇന്ത്യൻ സമാധാന സേന അന്ന് ജാഫ്നയിലെത്തി. 48 മണിക്കൂറിനുള്ളിൽ വെടിനർത്തലും 72 മണിക്കൂറിനുള്ളിൽ ആയുധം വെച്ചു കീഴടങ്ങലും എന്ന വ്യവസ്ഥ പക്ഷേ, ഒരു തമിഴ് തീവ്രവാദ സംഘടനയും അംഗീകരിച്ചില്ല. വെടിനിർത്തലിനു മുന്നോടിയായുള്ള ചർച്ചയ്ക്കായി പ്രഭാകരൻ ഡൽഹിയിൽ വന്നിരുന്നു. എന്നാൽ ഇന്ത്യയുടെ നീക്കത്തെ പുലികൾ ആശങ്കയോടെയാണ് കണ്ടത്. പ്രഭാകരനെ തിരികെ വിടണമെന്നാവശ്യപ്പെട്ട് പുലികൾ ജൂലൈ 30ന് ജാഫ്നയിൽ പ്രകടനം നടത്തി. കൊളംബോയിലെത്തിയ രാജീവ് ഗാന്ധിയെ ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ ലങ്കൻ ഭടൻ തോക്കിന്റെ പാത്തിവെച്ച് അടിക്കാൻ ശ്രമിച്ചു.
ശ്രീലങ്കയുടെ ആഭ്യന്തര കാര്യത്തില്‍ അയലത്തെ വല്യേട്ടനായ ഇന്ത്യ ഇടപെടുന്നതില്‍ സിംഹളര്‍ക്കുള്ള അമര്‍ഷമായിരുന്നു ഈ ഭടനിലൂടെ പ്രകടമായത്. ഓഗസ്റ്റ് രണ്ടിന് പ്രഭാകരൻ ശ്രീലങ്കയിൽ തിരിച്ചെത്തി. ഭരണഘടനയുടെ 13 -ആം ഭേദഗതിയുടെ അടിസ്ഥാനത്തിൽ അധികാരവികേന്ദ്രീകരണം കൊണ്ട് തൃപ്തിപ്പെടാമെന്ന് എൽടിടിഇ ഒഴികെയുള്ള സംഘടനകൾ സമ്മതിച്ചു. കരാർ അടിസ്ഥാനത്തിൽ വടക്കൻ ലങ്കയിൽ ഇറങ്ങിയ ഇന്ത്യൻ സമാധാന സംരക്ഷണ സേനയ്‌ക്കെതിരെ എൽടിടിഇ പുതിയ പോർമുഖം തുറന്നു. ഇന്ത്യയുടെ കേൾവികേട്ട സൈനികശക്തി പുലികളുടെ ഗറില്ലാ പോരാട്ട വീര്യത്തിനു മുന്നിൽനിന്നു വിയർത്തു. 1990 ൽ മൂന്നുവർഷം നീണ്ടുനിന്ന കൊടുംയുദ്ധത്തിനു ശേഷം കനത്ത നഷ്ടവും ക്ഷീണവുമായാണ് ഇന്ത്യൻ സൈന്യത്തിന് പിൻവാങ്ങേണ്ടി വന്നത്. ഓപ്പറേഷൻ പവൻ എന്നു പേരിട്ടു വിളിച്ച ഈ യുദ്ധത്തിൽ ആയിരത്തിലധികം ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടു. ഈ ‘ശ്രീലങ്കൻ സാഹസം’ ഇന്ത്യൻ രാജ്യതന്ത്രജ്ഞതയുടെയും സൈനിക തന്ത്രജ്ഞതയുടെയും പരാജയമായി കണക്കാക്കപ്പെട്ടു.
IPKF -നൊപ്പം വിവിധ തമിഴ് ഗ്രൂപ്പുകളെയും എൽടിടിഇ നേരിട്ടു. ഇന്ത്യൻ സൈന്യം പിൻമാറിയതോടെ തമിഴ് വിമോചനത്തിന്റെ ഏക പ്രതീക്ഷ എൽടിടിഇ എന്നു തമിഴ് വംശജർക്കു തോന്നാൻ തുടങ്ങി. സംഘടനയുടെ സ്വാധീനം ശ്രീലങ്ക കടന്നു ലോകമെങ്ങുമുള്ള തമിഴർക്കിടയിലേക്കു വ്യാപിച്ചു. ലണ്ടനിൽ ഇന്റർനാഷണൽ സെക്രട്ടേറിയറ്റ് അടക്കം എൽടിടിഇക്ക് ആഗോള ശൃംഖലയുമായി.
ജാഫ്നയുടെ വടക്കൻ മേഖലകൾ പൂർണമായും എൽടിടിഇ പിടിച്ചടക്കി. അവിടം കേന്ദ്രീകരിച്ച് എൽടിടിഇയുടെ സമാന്തര ഭരണകൂടവും നിലവിൽ വന്നു. പോലീസ് സ്റ്റേഷനും കോടതിയും റവന്യു ഓഫീസുകളും ബാങ്കുകളും മാധ്യമ സ്ഥാപനങ്ങളുമൊക്കെ എൽടിടിഇയുടെ രാജ്യത്ത് പ്രവർത്തിക്കാൻ തുടങ്ങി.
1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിൽ വെച്ച് ഒരു തിരഞ്ഞെടുപ്പ് പ്രചരണ സമ്മേളനത്തിൽ വെച്ച് ചാവേര്‍ ബോംബ് സ്ഫോടനത്തിൽ രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. എൽ.ടി.ടി.ഇ അംഗമായ തേന്മൊഴി ഗായത്രി രാജരത്നം (തനു) എന്ന സ്ത്രീയാണ് ആത്മഹത്യാ ബോംബർ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തിയത്.
1991 മെയ് 21 സമയം രാത്രി 10.20: പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയിൽ മാല അണിയിച്ചശേഷം ചുവപ്പു പരവതാനിയിട്ട വഴിയിലൂടെ വേദിക്കരികിലേക്കു നടക്കുന്ന വഴിയിലാണ് തനുവും കൂട്ടാളികളും കാത്തുനിന്നിരുന്നത്. രാജീവിനെ സ്വീകരിക്കാൻ സുരക്ഷാപരിശോധന കഴിഞ്ഞ ആളുകൾ മാത്രമായിരുന്നു അവിടെ ഉണ്ടായിരുന്നത്. തനു തന്റെ ശരീരത്തിൽ ചേർത്തു കെട്ടിയ ബോംബുമായി തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച് രാജീവിനരികിലേക്കെത്തി. തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റിയെങ്കിലും രാജീവ് കയ്യുയർത്തി അനസൂയയെ തടഞ്ഞു. രാജീവിന്റെ കഴുത്തിൽ ഹാരം അണിയിച്ചശേഷം, കാലിൽ സ്പർശിക്കാനെന്ന വ്യാജേന കുമ്പിട്ട തനു തന്റെ ശരീരത്തിലുള്ള ബോംബിന്റെ ഡിറ്റോണെറ്ററിൽ വിരലമർത്തി. ശക്തമായ സ്ഫോടനമായിരുന്നു പിന്നീട്. രാജീവിനു ചുറ്റും നിന്നിരുന്ന പതിനഞ്ചു പേർ മരിച്ചു. മാംസം കരിഞ്ഞമണവും പുകയുമായിരുന്നു അവിടെ കുറേ നേരത്തേക്ക്. രാജീവ് സ്ഥിരമായി ധരിക്കാറുള്ള ലോട്ടോ എന്ന പാദരക്ഷയാണ് അദ്ദേഹത്തിന്റെ മൃതദേഹം പെട്ടെന്നു തന്നെ തിരിച്ചറിയാനായി സഹായിച്ചത്.
1991 ഏപ്രിൽ 7ന് ഒരു പ്രധാന തിരഞ്ഞെടുപ്പ് യോഗത്തിൽ തീവ്രവാദികൾ രാജീവിനെ വധിക്കേണ്ട പദ്ധതിയുടെ ഒരു പരിശീലനം നടത്തിനോക്കിയിരുന്നു. ഇത് ചിത്രങ്ങളിലാക്കി ശേഖരിച്ചുവെക്കാനായി ഹരിബാബു എന്ന ഒരു ഫ്രീലാൻസ് ഫോട്ടോഗ്രാഫറേയും തീവ്രവാദികൾ വാടകക്കെടുത്തിട്ടുണ്ടായിരുന്നു. ശ്രീപെരുംപുത്തൂറിൽ ഹരിബാബുവിന്റെ ക്യാമറയിൽ നിന്നും കിട്ടിയ ചിത്രങ്ങളാണ് കൊലപാതകികളെ തിരിച്ചറിയാൻ സഹായിച്ചത്. ഹരിബാബു ഈ സ്ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നുവെങ്കിലും അയാളുടെ ക്യാമറക്കോ അതിനുള്ളിലെ ഫിലിമുകൾക്കോ യാതൊരു കേടും പറ്റിയിരുന്നില്ല.
രാജീവ് ഗാന്ധിവധത്തെ തുടര്‍ന്ന് എല്‍ടിടി ഇ ഇന്ത്യയില്‍ നിരോധിക്കപ്പെട്ടു. ഇന്ത്യയില്‍ തമ്പടിച്ചിരുന്ന എല്‍ടിടിഇ നേതാക്കളെല്ലാം ശ്രീലങ്കയിലെ വന്നി താവളത്തിലേക്ക് മടങ്ങി. രാജീവിന്റെ മരണത്തിന് ഉത്തരവാദിയായി ശ്രീലങ്കൻ വംശജരായ എൽ.ടി.ടി.ഇ. അംഗങ്ങളും തമിഴ്‌നാട്ടിൽ നിന്നുള്ള അവരുടെ സഹായികളും അടക്കം 26 പേരെ ഒരു ഇന്ത്യൻ കോടതി കുറ്റക്കാരായി വിധിച്ചു. രാജീവ് ഗാന്ധിവധം എല്‍ടിടിഇക്ക് തമിഴ്നാട്ടില്‍ നിന്നുള്ള പിന്തുണ ഗണ്യമായി കുറയാനിടയാക്കി. 2006 വരെ എൽടിടിഇ രാജീവിന്റെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തില്ല. 2006 ൽ ഒരു അഭിമുഖത്തിൽ തമിഴ് പുലികളുടെ വക്താവായ ആന്റൺ ബാലശിങ്കം എൽടിടിഇയുടെ പങ്ക് പരോക്ഷമായി സമ്മതിച്ചു.


No comments:

Post a Comment

Search This Blog