Saturday 12 December 2015

ഓപ്പറേഷൻ പോളോ


Courtesy; Renjith Kaniyamparambil to Charithraanveshikal
ഹൈദരാബാദിനെ ഇന്ത്യയുടെ ഭാഗമാക്കിമാറ്റുവാനായി ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കമാണ് ഹൈദരാബാദ് ആക്ഷൻ എന്നറിയപ്പെടുന്നത്. ഓപ്പറേഷൻ പോളോ എന്നും ഈ നടപടി അറിയപ്പെടുന്നു.
1947-ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിന് ഹൈദരബാദ് നാട്ടുരാജ്യം തയ്യാറായില്ല. ഇന്ത്യാ രാജ്യത്തോട് തന്റെ രാജ്യം ചേർക്കുവാൻ ഹൈദരാബാദ് ഭരണാധികാരിയായിരുന്ന നൈസാം ഉസ്മാൻ അലി വിസമ്മതിച്ചു. പലതവണ ഇന്ത്യാ രാജ്യത്തോട് ലയിക്കുവാൻ ഗവർണ്മെൻറ് സമ്മർദ്ദം ചെലുത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തുടർന്ന് നൈസാം ഇന്ത്യാ ഗവൺമെന്റുമായി തർക്കത്തിലായി.
ഹൈദരാബാദിനെ ഇന്ത്യയോട് കൂട്ടിച്ചേർക്കാനുള്ള ഗവൺമെന്റിന്റെ എല്ലാ ശ്രമങ്ങളും വിഫലമായപ്പോൾ 1948 സെപ്റ്റംബർ 13-ന് ഇന്ത്യൻ സൈന്യം ഹൈദരാബാദിലേക്ക് പ്രവേശിച്ചു. സെപ്റ്റംബർ 17-ന് തന്നെ നൈസാം ഇന്ത്യ ഗവൺമെന്റിന് കീഴടങ്ങാൻ തയ്യാറായി. ഹൈദരാബാദിനെതിരെയുള്ള ഇന്ത്യാ ഗവൺമെന്റിന്റെ നടപടി ഹൈദരാബാദ് ആക്ഷൻ എന്ന പേരിലാണ് അറിയപ്പെടുന്നത്.
നൈസാം ഉസ്മാൻ അലി കീഴടങ്ങിയതിനു ശേഷം 1952 മാർച്ച് വരെ ഹൈദരാബാദിൽ പട്ടാള ഭരണമായിരുന്നു. 1952-ൽ ആദ്യത്തെ പൊതുതെരെഞ്ഞെടുപ്പ് നടന്നു. തുടർന്ന് 1956-ലാണ് ആന്ധ്രാ സംസ്ഥാനം പുനസംഘടിപ്പിച്ചത്. അതുവരെ നൈസാം തന്നെയായിരുന്നു അവിടുത്തെ രാജാവ്. ഓപ്പറേഷൻ പോളോ എന്ന പോലീസ് നടപടിയിൽ ധാരാളം ആളുകൾ കൊല്ലപ്പെട്ടു. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു, ഓപ്പറേഷൻ പോളോയിലെ കൂട്ടക്കൊലയെക്കുറിച്ചന്വേഷിക്കാൻ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. സുന്ദർലാൽ കമ്മിറ്റി എന്ന പേരിലറിയപ്പെട്ട ഈ അന്വേഷണ കമ്മീഷന്റെ റിപ്പോർട്ട് 2013 വരെ പുറത്തു വിട്ടിരുന്നില്ല. ഈ റിപ്പോർട്ടിൽ പറയുന്ന പ്രകാരം, ഏതാണ്ട് 27000 ത്തിനും 40000 ത്തിനും ഇടയിൽ ആളുകൾ ഈ പോലീസ് നടപടിയിൽ കൊല്ലപ്പെട്ടിരുന്നു എന്നാണ്.
1713 ൽ മുഗൾ രാജവംശമാണ് ഡെക്കാൺ പീഠഭൂമിയിലെ ഹൈദരാബാദ് എന്ന പ്രവിശ്യയെ ഒരു പ്രത്യേക പ്രവിശ്യാക്കിയതും, അതിന്റെ അധികാരിയായി നിസാമിനെ നിയോഗിച്ചതും. 1798 ൽ ബ്രിട്ടന്റെ നേരിട്ടുള്ള അധികാരത്തിൽപ്പെടുന്ന ഒരു സംസ്ഥാനമായി ഹൈദരാബാദ് മാറി. ഏഴാം നിസാമായിരുന്ന മിർ ഉസ്മാൻ അലിയുടെ കീഴിൽ ഹൈദരാബാദ് അതിന്റെ സുവർണ്ണ കാലഘട്ടത്തിലായിരുന്നു.
214,190 ചതുരശ്ര കിലോമീറ്റർ ആയിരുന്നു ഈ പ്രവിശ്യയുടെ വിസ്ത്രിതി. 1941 ലെ കാനേഷുമാരി അനുസരിച്ച്, ഏതാണ്ട് 16 ദശലക്ഷം ആളുകൾ ഇവിടെ വസിച്ചിരുന്നു. ജനസംഖ്യയുടെ 85 ശതമാനവും, ഹൈന്ദവ സമുദായത്തിലുള്ളവരായിരുന്നു. ഹൈദരാബാദ് സംസ്ഥാനത്തിന്, സ്വന്തമായി സൈന്യവും, വിമാന ഗതാഗതവും, പോസ്റ്റൽ, തീവണ്ടി, കറൻസി എന്നിവയും ഉണ്ടായിരുന്നു. 48.2 ശതമാനത്തോളം ആളുകൾ സംസാരിച്ചിരുന്നത്, തെലുങ്കു ഭാഷയായിരുന്നു. 26.4 ശതമാനം ആളുകൾ മറാത്തിയും, 12.3 ശതമാനം ആളുകൾ കന്നടയും ഉപയോഗിച്ചിരുന്നപ്പോൾ, 10 ശതമാനത്തോളം ഉറുദു സംസാരിക്കുന്നവരും അവിടെ ഉണ്ടായിരുന്നു. ജനസംഖ്യയുടെ ഭൂരിഭാഗവും, ഹിന്ദു സമുദായത്തിൽപ്പെട്ടവരായിരുന്നുവെങ്കിലും, സർക്കാർ ജോലികളിൽ കൂടുതലും മുസ്ലിം സമുദായക്കാർ ആയിരുന്നു. സംസ്ഥാനത്തെ സൈനിക ഓഫീസർമാരിൽ 1765 ൽ 1268 പേരും മുസ്ലിമുകളായിരുന്നു. സംസ്ഥാനത്തിന്റെ ഭൂമിയിൽ 40 ശതമാനവും, നൈസാമിന്റേയും കുടുംബത്തിന്റേയും ഉടമസ്ഥതയിലായിരുന്നു.
1947 ൽ ഇന്ത്യ സ്വതന്ത്രമായപ്പോൾ, സ്വതന്ത്ര സംസ്ഥാനങ്ങളോട് ഇന്ത്യയിലോ, പാകിസ്താനിലോ ചേരാനും, അതല്ലെങ്കിൽ സ്വതന്ത്രമായി തന്നെ നിലനിൽക്കാനും ബ്രിട്ടീഷുകാർ അനുവാദം നൽകിയിരുന്നു. എന്നാൽ ഇരു രാജ്യങ്ങളിലും ചേരാതെ സ്വതന്ത്രമായി നിൽക്കാനാണ് ഹൈദരാബാദ് തീരുമാനിച്ചത്.

No comments:

Post a Comment

Search This Blog