Friday, 25 December 2015

കാശ്മീര്‍ - ഒരു പുനര്‍വായന



കാശ്മീര്‍ - ഒരു പുനര്‍വായന

1947-ല്‍ ഇന്ത്യയും പാകിസ്ഥാനും പിറവിയെടുക്കുമ്പോള്‍ ജമ്മു-കാശ്മീര്‍ രാജാവായിരുന്ന ഹരിസിംഗ് തന്റെ രാജ്യം ഇന്ത്യയിലോ പാക്സ്ഥാനിലോ ലയിക്കാതെ ഒരു സ്വതന്ത്ര രാജ്യമായി നിലനിര്‍ത്താനാണ് ആഗ്രഹിച്ചത്‌. ജമ്മു-കാശ്മീര്‍ കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്‍ഡ് ആയിരിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍ ജിന്ന ജമ്മു-കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായിരിക്കണം എന്ന് ശഠിച്ചു. പാകിസ്ഥാന്‍ എന്നതിലെ ‘K’ കാശ്മീര്‍ ആണ് എന്നാണ് ജിന്ന അവകാശപ്പെട്ടത് .
ഇന്ത്യയും പാക്കിസ്ഥാനും പിറന്നപ്പോള്‍ സ്വതന്ത്ര രാജ്യമായി നിലനിന്ന ജമ്മു-കാഷ്മീരിനെ സ്വന്തമാക്കാന്‍ ഗോത്രവര്‍ഗ്ഗക്കാരെ ആര്‍മിയുടെ പിന്തുണയോടെ കാശ്മീര്‍ ആക്രമിക്കാന്‍ പാക്കിസ്ഥാന്‍ അനുവദിച്ചു. തന്റെ രാജ്യം രക്ഷിക്കാനായി ഹരിസിംഗ് ഇന്ത്യയുടെ സഹായം തേടി. എന്നാല്‍ മറ്റൊരു രാജ്യത്തിലേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കേണ്ടതില്ല എന്ന് മൌണ്ട് ബാറ്റന്‍ നെഹരുവിനെ ഉപദേശിച്ചു. പകരം ഇന്ത്യയോടു ലയിച്ചാല്‍ സൈനീക സഹായം ലഭിക്കാം എന്ന് ഇന്ത്യ വാഗ്ദാനം ചെയ്തു.
ഗത്യന്തരമില്ലാതെ, മനസില്ലാമനസോടെ, ഒക്ടോബര്‍ 26-നു ഹരിസിംഗ് ഇന്ത്യയില്‍ ലയിച്ചു കൊണ്ടുള്ളഇന്‍സ്ട്രുമെന്റ് ഓഫ് അക്സെസില്‍ ഒപ്പ് വച്ചു. (ഒപ്പ് വച്ചത് ഒക്ടോബര്‍ 25 നു ആണെന്നും അല്ല 27 നു ആണ് എന്നുമുള്ള വാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്). പിന്നീട് ഇന്ത്യ കാശ്മീരിലേക്ക് സൈന്യത്തെ അയച്ചു. എന്നാല്‍ യുനൈറ്റഡ് നേഷന്‍ ഇടപെട്ടതോടെ ഇന്ത്യ യുദ്ധം ഇടക്ക് വച്ച് അവസാനിപ്പിച്ചു. അങ്ങനെ ഇന്ത്യന്‍ കാശ്മീരും പാക്ക് അധിനിവേശ കാശ്മീരും ഉണ്ടായി.
ഇന്‍സ്ട്രുമെന്റ് ഓഫ് അക്സസ് അന്ഗീകരിച്ചുകൊണ്ട് ഗവര്‍ണര്‍ ജനറല്‍ മൌണ്ട് ബാറ്റന്‍ കാശ്മീര്‍ രാജാവിന് കൊടുത്ത മറുപടിയില്‍, അധിനിവേശ കാശ്മീരില്‍ നിന്നും പാക്കിസ്ഥാന്‍ പിന്‍വാങ്ങുമ്പോള്‍, അവിടെ സമാധാനം പുനസ്ഥാപിച്ചു കഴിയുമ്പോള്‍ ഒരു ഹിതപരിശോധന നടത്താം എന്ന് പറയുന്നുണ്ട്.
ജമ്മു-കാശ്മീര്‍ ഇന്ത്യയോടു ചേര്‍ന്നതോട് കൂടി നെഹറുവും മഹാരാജ ഹരിസിങ്ങും ചേര്‍ന്നു ഷെയ്ക്ക് അബ്ദുള്ളയെ കാശ്മീരിന്റെ പ്രധാനമന്ത്രി ആക്കാന്‍ തീരുമാനിച്ചു. ഷെയ്ക്ക് അബ്ദുള്ളയും നെഹറുവും ചേര്‍ന്ന് രൂപപ്പെടുത്തിയ ആശയമാണ് കാശ്മീരിന് താല്‍കാലികമായി കൊടുത്ത പ്രത്യേക പദവി. അതിന്റെ ഫലമായുന്ടായതാണ് ആര്‍ട്ടിക്കിള്‍ 370. ഇതിന്റെ പ്രധാന ശില്‍പികളില്‍ ഒരാള്‍ ആയിരുന്നു ഗോപാലസ്വാമി അയ്യങ്കാര്‍. യുണിയന്‍ സ്റ്റേറ്റ് മിനിസ്ടര്‍ ആയിരുന്ന പട്ടേലും ഭരണഘടനയുടെ ശില്പിയായ അംബേദ്‌കറും യഥാര്‍ത്ഥത്തില്‍ ആര്‍ട്ടിക്കിള്‍ 370 നു എതിരായിരുന്നു.
ആര്‍ട്ടിക്കിള്‍ 370 ജമ്മു-കാശ്മീരിന് സ്വയം ഭരണാവകാശം നല്‍കുന്നു. അതുകൊണ്ടുതന്നെ പല കാര്യങ്ങളിലും ജമ്മു-കാശ്മീര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വ്യത്യസ്തമാണ്. ജമ്മു-കാശ്മീര്‍ ഇന്ന് ഇന്ത്യയിലെ സ്വന്തമായി ഒരു ഭരണഘടന ഉള്ള ഏക സംസ്ഥാനം ആണ്. ജമ്മു-കാശ്മീര്‍ ഇന്ത്യന്‍ യുണിയന്റെ അവിഭാജ്യ ഘടകം ആയിരിക്കുമെന്ന് ഈ ഭരണഘടനയില്‍ പറയുന്നുണ്ട്. പ്രത്യേകം ഭരണഘടന കൂടാതെ ജമ്മു-കാശ്മീരിന് സ്വന്തം പതാകയുമുണ്ട്.
ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൌലീകാവകാശങ്ങള്‍ ജമ്മു-കാശ്മീരിനു ബാധകം ആണ്, പക്ഷെ വിദ്യാഭ്യാസത്തിനുള്ള അവകാശം അവിടെ ഇല്ല. മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലാത്ത ഒരു മൌലീകാവകാശം ജമ്മു-കാശ്മീരില്‍ ഉണ്ട് – സമ്പാദ്യത്തിനുള്ള വകാശം (റൈറ്റ് ടോ പ്രോപെര്ടി). പക്ഷേ അവിടുത്തെ സ്ഥിരതമാസക്കാര്‍ക്കെ ഭുമി കൈവശാവകാശം ഉള്ളൂ.
പുറമെനിന്നോരാള്‍ക്കും ജമ്മു-കാശ്മീരില്‍ ഭുമി വാങ്ങുവാന്‍ കഴിയില്ല; അതുപോലെ പുറമെനിന്നോരാള്‍ക്കും അവിടെ വോട്ടു ചെയ്യാനും അവകാശമില്ല. ഇത് രണ്ടാമതൊരു പൌരത്വത്തിന് സമാനമാണ്. അതുപോലെ ഇന്ത്യന്‍ ഭരണഘടന നിര്‍ദ്ദേശിക്കുന്ന പൌരന്റെ അടിസ്ഥാന കടമകള്‍ ജമ്മു-കാശ്മീരിന് ബാധകം അല്ല (ഈ കടമകളില്‍ ഒന്നാണ് ഇന്ത്യന്‍ പതാകയെയും ദേശീയ ഗാനത്തെയും ബഹുമാനിക്കണം എന്നത്. അടിസ്ഥാന കടമകള്‍ ജമ്മു-കാശ്മീരിന് ബാധകം അല്ല എന്നത് കൊണ്ടാകാം അവിടെ ഇന്ത്യന്‍ പതാകയെ ബഹുമാനിക്കണ്ട എന്ന ധാരണ പരന്നത്).
ഇന്ത്യൻ സുപ്രീം കോടതിയുടെയും തിരഞ്ഞെടുപ്പ് കമ്മീഷന്റെയും അധികാരം ജമ്മു-കാഷ്മീരിനും ബാധകം ആണ്. എന്നാല്‍ കാശ്മീരില്‍ സാമ്പത്തീക അടിയന്തരാവസ്ഥ (ആര്‍ട്ടിക്കിള്‍ 360) പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനില്ല; അതുപോലെ ആന്തരീക പ്രശ്നങ്ങള്‍ മൂലം അടിയന്തിരാവസ്ഥ (ആര്‍ട്ടിക്കിള്‍ 352) പ്രഖ്യാപിക്കാനും. 1985-ല്‍ നിലവില്‍ വന്ന കൂറുമാറ്റ നിരോധന നിയമം ജമ്മു-കാശ്മീരില്‍ ബാധകമല്ല. മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിലനില്‍ക്കുന്ന പല ഭുനിയമങ്ങളും ആദായ നികുതിയും ജമ്മു-കാശ്മീരില്‍ ബാധകമല്ല. അതുപോലെ പ്രതിരോധ ആവശ്യങ്ങള്‍ക്കുവേണ്ടി ഇന്ത്യന്‍ സര്‍ക്കാര്‍ സ്ഥലവും മറ്റും ഉപയോഗിക്കുന്നത് തടയാന്‍ ജമ്മു-കാശ്മീര്‍ സര്‍ക്കാരിനു കഴിയും.
ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റാന്‍ പ്രസിഡണ്ടിനു കഴിയും എന്നാല്‍ അത് കാശ്മീര്‍ സ്റ്റേറ്റ് അസ്സംബ്ലിയുടെ ശുപാര്‍ശയോടെ മാത്രമേ സാധിക്കു. അതല്ലങ്കില്‍ ഒരു ഭരണ ഘടനാ ഭേദഗതി ആവശ്യമാണ്‌. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള അടിസ്ഥാന ബന്ധത്തിന്റെ സ്വഭാവം നിര്‍ണയിക്കുന്നതായതിനാല്‍ അതില്‍ മാറ്റം വരുത്താന്‍ സുപ്രീം കോടതിയുടെ സമ്മതം കൂടി ആവശ്യം വന്നേക്കാം. ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം പാര്‍ലമെന്റിനു മാറ്റാന്‍ സാധിക്കില്ല എന്ന ഭരണഘടനാ ബഞ്ചിന്റെ വിധിക്ക് (കേശവാനന്ദ ഭാരതി vs കേരള സ്റ്റേറ്റ്, 1973) ഇവിടെ പ്രാധാന്യമുണ്ട്. (എന്നാല്‍ ഈ കേസില്‍, ഭരണഘടനയുടെ അടിസ്ഥാന സ്വഭാവം നിര്‍വ്വചിക്കുന്നതില്‍ ചില ആശയ കുഴപ്പങ്ങള്‍ ഉണ്ട്.)
എന്തിനാണ് ഇന്ത്യയിലെ ഒരു സംസ്ഥാനമായ ജമ്മു-കാശ്മീരിന് മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പ്രത്യേക പദവി? ഇത് തന്നെ ഒരു തെറ്റായ സന്ദേശമാണ് നല്‍കുന്നത്. താല്‍കാലികമായി ഉണ്ടാക്കിയ ആര്‍ട്ടിക്കിള്‍ ഇനിയും എടുത്തു മാറ്റാത്തത് പാക്കിസ്ഥാനും ലോകരാഷ്ട്രങ്ങള്‍ക്കും നല്‍കുന്ന സന്ദേശം ജമ്മു-കാശ്മീര്‍ പരിപൂര്‍ണ്ണമായും ഇന്ത്യയുടെ അവിഭാജ്യ ഘടകം ആയിട്ടില്ല എന്നതല്ലേ? ഒരു പക്ഷെ ജമ്മു-കാശ്മീരിന് നല്‍കപ്പെട്ട സ്വയം ഭരണാവകാശം അധികാര വികേന്ദ്രീകരണത്തിന്റെ ഒരു ഉദാഹരണം ആയിരിക്കാം. എങ്കില്‍ എന്തുകൊണ്ട് മറ്റു സംസ്ഥാനങ്ങള്‍ക്കും അത് ബാധകമാക്കുന്നില്ല?
ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയാല്‍ കാശ്മീരില്‍ സുരക്ഷാ പ്രശ്നങ്ങള്‍ ഉണ്ടാവും എന്നും കാശ്മീര്‍ ഇന്ത്യയില്‍ നിന്നും വിട്ടുപോകും എന്നുമുള്ള വാദങ്ങള്‍ ശരിയല്ല. അത്തരത്തിലുള്ള ഭീതി ഉണ്ടെങ്കില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുമാറ്റി കേന്ദ്ര സര്‍ക്കാരിനു ജമ്മു-കാശ്മീരില്‍ കുടുതല്‍ സ്വാധീനവും നിയന്ത്രണങ്ങളും ചെലുത്താനുള്ള അവസ്ഥ ഉണ്ടാക്കുകയല്ലേ വേണ്ടത്?
ആര്‍ട്ടിക്കിള്‍ 370 എടുത്തു മാറ്റിയാല്‍ തീരുന്ന പ്രശ്നമല്ല കാശ്മീരിലെത്. മഹാരാജാ ഹരിസിംഗ് ഇന്ത്യന്‍ യുണിയനുമായി ചേരാന്‍ തീരുമാനിച്ചതോടെ ജമ്മു-കാശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമാണെന്നു ഇന്ത്യ വിശ്വസിക്കുന്നു. എന്നാല്‍ വിഭജനം പൂര്‍ണ്ണമായും മതത്തിന്റെ അടിസ്ഥാനത്തില്‍ (Two Nations Theory) ആകണമെന്നും അങ്ങനെ വരുമ്പോള്‍ കാശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമായിരിക്കണം എന്ന് പാക്കിസ്ഥാനും അവകാശപ്പെടുന്നു. മഹാരാജാവുമായി കരാര്‍ ഒപ്പിടുന്നതിനു മുന്‍പ് തന്നെ ഇന്ത്യന്‍ സൈന്യം കാശ്മീരില്‍ പ്രവേശിച്ചു എന്ന് അവര്‍ വിമര്‍ശിക്കുന്നു. എന്നാല്‍ പാകിസ്ഥാന് അതുപറയാനുള്ള യോഗ്യതയില്ല, കാരണം അവരും കാശ്മീരില്‍ അതിക്രമിച്ചു കയറിയതാണല്ലോ.
ഇത് കൂടാതെ തന്റെ കൈവശം ഇല്ലാത്ത ഒരു ഭാഗം (പാകിസ്ഥാന്‍ ആദ്യം അതിക്രമിച്ചു കയ്യടക്കിയ ഭാഗം) ഇന്ത്യയോടോപ്പം ചേര്‍ക്കാന്‍ മഹാരാജാവിനു എങ്ങനെ കഴിയുമെന്ന വാദവും നിലവിലുണ്ട്. കാരണം പണ്ടുകാലത്ത് രാജാവിനെ പുതിയ ഒരാള്‍ ആക്രമിച്ചു കീഴടക്കിയാല്‍ രാജാവിനു ആ സ്ഥലം നഷ്ടപ്പെട്ടല്ലോ. ആക്രമിക്കപ്പെട്ട സ്ഥലത്തെ ജനങ്ങള്‍ക്ക്‌ പഴയ രാജാവിനെയാണോ അതോ പുതിയ രാജാവിനെയാണോ വേണ്ടത് എന്നത് ചോദ്യമേ അല്ല. കാരണം രാജാവിനെ തെരഞ്ഞെടുക്കുന്നത് ജനങ്ങള്‍ അല്ലല്ലോ. (ഒരു രാജാവ് മറ്റൊരു രാജാവിന്റെ സ്ഥലം ആക്രമിക്കുന്നത് ശരിയാണോ എന്ന മറുചോദ്യം ഇവിടെയുണ്ട്).
തര്‍ക്കം പരിഹരിക്കാന്‍ നിരവധി ചര്‍ച്ചകള്‍ നടന്നു. 1972-ലെ ഷിംല കരാറില്‍ , ഇപ്പോള്‍ ഉള്ള അധിനിവേശ കാഷ്മീരിന്റെയും ഇന്ത്യന്‍ കാഷ്മീരിന്റെയും അതിര്‍ത്തി നിയന്ത്രണ രേഖയായി അംഗീകരിക്കാന്‍ ഇരുരാജ്യങ്ങളും ധാരണയായി. എന്നാല്‍ ഈ കരാറും തുടര്‍ന്നു വന്ന പല ചര്‍ച്ചകളും ഒന്നും അവിടെ സമാധാനം ഉണ്ടാക്കിയില്ല. അതിനു പ്രധാന കാരണം ചര്‍ച്ചകളില്‍ ഒന്നും ജമ്മു-കാഷ്മീരിലെ സാധാരണ ജനങ്ങളുടെ അഭിപ്രായം കടന്നു വന്നില്ല എന്നതാണ്. മറിച്ചു അത് ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം മാത്രമായിരുന്നു.
വിവിധ കോണുകളില്‍ നിന്നും കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ അതിര്‍ത്തി പലരീതിയില്‍ നിര്‍വ്വചിച്ചു കൊണ്ടുള്ള നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വന്നിരുന്നു. അതിന്റെ വിശദമായ മാപ്പുകള്‍ഇവിടെ കാണാം.
ജമ്മു കാശ്മീരിലെ കാശ്മീര്‍ വാലി ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും അതായത് ജമ്മുവിലും ലഡാക്കിലും യഥാക്രമം ഹിന്ദുക്കള്‍ക്കും ബുദ്ധ മതക്കാര്‍ക്കും ആണ് ഭുരിപക്ഷം. പ്രശ്നങ്ങള്‍ അധികവും നടക്കുന്നത് ഏതാണ്ട് പൂര്‍ണ്ണമായും മുസ്ലിം വിശ്വാസികള്‍ ഉള്ള കാശ്മീര്‍ വാലിയില്‍ ആണ്. പാക്കിസ്ഥാന്‍ ഇപ്പോള്‍ നിലവില്‍ ഉള്ള നിയന്ത്രണ രേഖ അംഗീകരികാന്‍ വിമുഖത കാണിക്കുന്നതും ഈ കാശ്മീര്‍ വാലി അവരെ സംബന്ധിച്ച് നിയന്ത്രണ രേഖക്ക് പുറത്തായതിനാലാണ്.
2007-ല്‍ അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങുമായി നടന്ന ചര്‍ച്ചകളില്‍ ഇരു കാശ്മീരിന്റെയും അതിര്‍ത്തി അതായത് ഇപ്പോളുള്ള നിയന്ത്രണ രേഖ മയപ്പെടുത്തുക; പ്രദേശങ്ങളില്‍ കാലക്രമേണ സൈനീക വിന്യാസം കുറയ്ക്കുക, ജമ്മു-കാശ്മീരിലെ മത/വംശ വ്യത്യാസങ്ങള്‍ കണക്കിലെടുക്കുക; ഇത് കൂടാതെ ഇരു ഭാഗത്തെയും ടാക്സുകള്‍ ഏകീകരിക്കുന്നതിനും, ജല വിഭവങ്ങള്‍ ഉപയോഗിക്കുന്നതിനും, റോഡുകളും മറ്റും നിര്‍മ്മിക്കുന്നതിനും ഇന്ത്യയും പാകിസ്ഥാനും ചേര്‍ന്ന് ഒരു ഏകീകൃത സംവിധാനം ഉണ്ടാക്കുക എന്നീ നിര്‍ദ്ദേശങ്ങള്‍ മുഷറഫ് മുന്നോട്ടു വച്ചിരുന്നു. ഇന്ത്യ ഔദ്യോഗികമായി പ്രതികരിച്ചില്ലെങ്കിലും വികിലീക്സ് കേബിളുകള്‍ വെളിപ്പെടുത്തുന്നത് അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് മുഷറഫിന്റെ നിര്‍ദ്ദേശങ്ങള്‍ ഗൌരവപൂര്‍വ്വം എടുത്തിരുന്നു എന്നതാണ്.
എന്നാല്‍ മുഷറഫിന്റെ പതനവും, ജമ്മു-കാശ്മീരില്‍ ഉണ്ടായ ആക്രമണങ്ങളും ഇത്തരം ആശയങ്ങളുമായി മുന്നോട്ടുപോകാന്‍ അനുവദിച്ചില്ല. കാശ്മീരിനെ ഇന്ത്യക്കും പാക്കിസ്ഥാനും പ്രവേശിക്കാന്‍ പറ്റിയ ഒരു സ്വയംഭരണ പ്രദേശം ആക്കുക എന്ന അന്‍ഡോറ മോഡല്‍ ആശയവും മുഷറഫിന്റെ നിര്‍ദ്ദേശങ്ങളും ഒത്തുപോകുന്നാതാണ്.
കാശ്മീര്‍ അതിര്‍ത്തി പുനര്‍നിര്ണ്ണയിച്ചുകൊണ്ടുള്ള ദിക്സന്‍ പ്ലാനിന് സമാനമായ പ്ലാനും മുഷറഫ് മുന്നോട്ടു വച്ചിരുന്നു. ആസാദ് കാശ്മീര്‍, പാകിസ്ഥാനും ലഡാക്കു ഇന്ത്യക്കും നല്‍കിയും ജമ്മുവിനെ രണ്ടായി വിഭജിച്ചും കാശ്മീര്‍ വാലിയില്‍ ഹിതപരിശോധന നടത്തിയും അതിര്‍ത്തി തര്‍ക്കം പരിഹരിക്കാം എന്നതായിരുന്നു അത്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വിഭജനം ഇരുഭാഗത്തുനിന്നും വലിയതോതില്‍ കുടിയേറ്റവും അക്രമങ്ങളും സൃഷ്ടിച്ചേക്കാം എന്നത് ഒരു ന്യൂനതയാണ്.
ഇന്ത്യാ പാക്ക് വിഭജനത്തില്‍ ഇതു ഇരു രാജ്യങ്ങളും അനുഭവിച്ചതാണ്‌.
2010-ല്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയ എട്ടിന പദ്ധതിയില്‍ കാശ്മീരില്‍ അറസ്റ്റിലായ യുവാക്കളെ വിട്ടയക്കാനും, കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്‍കാനും സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തുമാറ്റാന്‍ യോജിച്ച പ്രദേശങ്ങളെ തിരിച്ചറിയാനും ഉള്ള പദ്ധതികള്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. എന്നാല്‍ ജമ്മു കാശ്മീരിനെ സംബന്ധിച്ച് പല പരിഹാര മാര്‍ഗ്ഗങ്ങളും വെറും പ്രസ്താവനയില്‍ ഒതുങ്ങിപ്പോകുകയാണ്. 1947-ല്‍ ഇന്ത്യക്കും പാക്കിസ്ഥാനും സ്വാതന്ത്രം കിട്ടിയപ്പോള്‍ അതുവരെ സമാധാനം അനുഭവിച്ചിരുന്ന കാശ്മീരികള്‍ക്ക് സ്വാതന്ത്രവും സമാധാനവും നഷ്ടമായി. തങ്ങള്‍ക്കു നഷ്ടമായ സ്വാതന്ത്രത്തിനും സമാധാനത്തിനും പകരം അവര്‍ക്ക് ഒന്നും ലഭിച്ചില്ല; മറിച്ചു കിട്ടിയത് അരക്ഷിതാവസ്ഥയാണ്.
ഈ അരക്ഷിതാവസ്ഥക്ക് വളം വെയ്ക്കുന്നതെന്ന് പറയപ്പെടുന്ന, വളരെ എതിര്‍പ്പുണ്ടാക്കുന്ന ഒരു ഇന്ത്യന്‍ നിയമം ആണ് സൈന്യത്തിന് പ്രത്യേക അധികാരം നല്‍കുന്ന നിയമ. ഈ നിയമത്തിന്റെ ഒരു മുന്‍പതിപ്പ് 1942-ല്‍ ബ്രിട്ടിഷുകാര്‍ ക്വിറ്റ്‌ ഇന്ത്യാ സമരം അടിച്ചമര്‍ത്താന്‍ ഉണ്ടാക്കിയ ഓര്‍ഡിനന്‍സ് ആയിരുന്നു. ഇന്ത്യക്കാര്‍ക്കെതിരെ ഉണ്ടാക്കിയ നിയമം ഇന്ത്യക്കാര്‍ തങ്ങള്‍ക്കു നേരെ തന്നെ പ്രയോഗിക്കാന്‍ ഭേദഗതി ചെയ്തു 1958-ല്‍ പാസ്സാക്കി. ആസ്സാമിലും നാഗാലാണ്ടിലും മണിപ്പുരിലും മറ്റുമുണ്ടായ സ്വാതന്ത്രവാദവും തുടര്‍ന്നുള്ള അക്രമങ്ങളുമായിരുന്നു കാരണം. നാഗാലാന്‍ഡില്‍ റിബലുകള്‍ ഒരു സമാന്തര സര്‍ക്കാര്‍ രൂപികരിക്കുന്നതു വരെയെത്തിയിരുന്നു കാര്യങ്ങള്‍.
പ്രത്യേകാധികാരം ഉപയോഗിച്ച് സൈന്യത്തിനു പ്രതിഷേധക്കാര്‍ക്ക് നേരെ നിറയോഴിക്കാനും (കൊല്ലാനും) സംശയമുള്ളവരെ കസറ്റഡിയിലെടുക്കാനും ഭവനങ്ങളിലും മറ്റും വാറണ്ട് ഇല്ലാതെ തിരച്ചില്‍ നടത്താനും മറ്റുമുള്ള അധികാരം ഉണ്ട്. ഈ പ്രവൃത്തികളുടെ പേരില്‍ ഒരു സൈനീകനു എതിരെയും നിയമ നടപടികള്‍ സ്വീകരിക്കാനാവില്ല. വളരെ അധികം ദുരുപയോഗം ചെയ്യാന്‍ ഇടയുള്ള (ചെയ്യപ്പെടുന്ന) ഈ നിയമം ഒരു ജനാധിപത്യ രാജ്യത്തിനു ചേര്‍ന്നതല്ല എന്ന് യു എന്‍ അടക്കം അഭിപ്രായപ്പെട്ടതാണ്. പല മേഘലകളില്‍ നിന്നുമുണ്ടായ എതിര്‍പ്പുകളെ കണക്കിലെടുത്ത് 2004-ല്‍ സൈന്യത്തിനുള്ള പ്രത്യേകാധികാര നിയമം ഭേദഗതി ചെയ്യേണ്ടാതിനെക്കുറിച്ച് പഠിക്കാന്‍ ജീവന്‍ റെഡ്ഡി കമ്മീഷനെ നിയോഗിച്ചു. സൈന്യത്തിന്റെ വിയോജിപ്പ് മൂലം കമ്മീഷന്റെ നിര്‍ദ്ദേശങ്ങള്‍ ഇതുവരെ നടപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല .
പാകിസ്ഥാന്‍ പിന്തുണയോടെ ഉള്ള തീവ്രവാദം നല്‍കുന്ന അരക്ഷിതാവസ്ഥ ഇവിടെയുണ്ട്. ഇന്ത്യന്‍ കാശ്മീരില്‍ ഉള്ള ജനങ്ങളില്‍ പലരും ഇന്ത്യന്‍ വിരുദ്ധര്‍ കൂടിയാകുമ്പോള്‍ അവിടം തീവ്രവാദത്തിന് വളക്കൂറുള്ള മണ്ണായിത്തീരുന്നു. ഇതിനെ മറികടക്കാന്‍ സൈന്യം അവര്‍ക്ക് നല്‍കപ്പെട്ട പ്രത്യേകാധികാര നിയമം വളരെ അധികം ദുരുപയോഗിക്കുന്നുണ്ട് എന്നത് വളരെ കാലമായി നിലനില്‍ക്കുന്ന പരാതിയാണ്. വളരെ അധികം മനുഷ്യാവകാശ ലംഘനങ്ങള്‍ ജമ്മു-കാശ്മീരില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സൈന്യം കൊണ്ടുപോകുന്ന യുവാക്കള്‍ പലരും അപ്രത്യക്ഷരാകുന്നു എന്നത് അവിടെ നിലനില്‍ക്കുന്ന പരാതിയാണ്. ഇന്ത്യന്‍ കാശ്മീരില്‍ രണ്ടായിരത്തിലധികം ശവശരീരങ്ങള്‍ മറവുചെയ്യപ്പെട്ട സ്ഥലം സംസ്ഥാന മനുഷ്യാവകാശ നിരീക്ഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ അഞ്ഞുറോളം മൃതദേഹങ്ങള്‍ അപ്രത്യക്ഷരായവരുടെ ആണത്രേ.
വ്കിലീക്സ് വെളിപ്പെടുത്തിയ ചില കേബിളുകള്‍ കാശ്മീരില്‍ നടക്കുന്ന അതിക്രമങ്ങളും ലൈംഗീക പീഡനങ്ങളും വെളിപ്പെടുത്തുന്നുണ്ട്. സി ബി ഐ തന്നെ 2000-ല്‍ ഇന്ത്യന്‍ സേന കൊലപ്പെടുത്തിയ അഞ്ചുപേര്‍ നിരപരാധികള്‍ ആയിരുന്നു എന്ന് സമ്മതിച്ചിട്ടുണ്ട് .
പാകിസ്ഥാന്‍ കയ്യേറിയ കാശ്മീരിലും സ്ഥിതി അത്ര നല്ലതല്ല. ജിഹാദിനുവേണ്ടി വളച്ചൊടിച്ച മതവിദ്യാഭ്യാസം ദരിദ്രരായ യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കുന്നു. ആസാദ് കാശ്മീരില്‍മനുഷ്യാവകാശ ലംഘനങ്ങളും വളരെ അധികം നടക്കുന്നുണ്ട് .
രാജ്യസ്നേഹം എന്ന പേരില്‍ ഈ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് നേരെ കണ്ണടക്കാന്‍ ഇന്ത്യക്കാര്‍ക്കും കഴിയില്ല. അലെങ്കിലും അതിര്‍ത്തി കാക്കേണ്ട സൈന്യം സിവിലിയന്‍ കാര്യങ്ങളില്‍ ഇടപെടുന്നത് ഒരു രാജ്യത്തും നല്ല ലക്ഷണമല്ല സൂചിപ്പിക്കുന്നത്. ഈ അവസരത്തില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം നിലനിര്‍ത്തണോ എന്ന് തീരുമാനിക്കാന്‍ ഹിതപരിശോധന നടത്തണം എന്ന ചില ഇന്ത്യന്‍ നേതാക്കളുടെ അഭിപ്രായത്തിനു വലിയ പ്രാധാന്യം ഉണ്ട്. മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേക അധികാരം എടുത്തു മാറ്റണം എന്ന ആവശ്യവുമായി ആണ് ഇറോം ഷര്‍മിള വര്‍ഷങ്ങളായി നിരാഹാര സത്യാഗ്രഹം നടത്തുന്നത്.
ജമ്മു-കാശ്മീര്‍ പ്രശ്നം അത്ര എളുപ്പത്തില്‍ പരിഹരിക്കല്‍ സാധ്യമല്ല. ഇരു രാജ്യങ്ങളും തങ്ങള്‍ക്കു ഇപ്പോള്‍ കൈവശമുള്ള ഭാഗങ്ങള്‍ നഷ്ടപ്പെടുവാന്‍ ആഗ്രഹിക്കുന്നില്ല. ഇന്ത്യന്‍ ഭാഗത്ത് നിന്നു ചിന്തിച്ചാല്‍ വേറെയും ചില പ്രശ്നങ്ങള്‍ ഉണ്ട്. ഇരു രാജ്യങ്ങളും കൈവശം വച്ചിരിക്കുന്ന ഭാഗങ്ങള്‍ ചേര്‍ന്ന് കാശ്മീര്‍ എന്ന സ്വതന്ത്ര രാജ്യമുണ്ടായി എന്നിരിക്കട്ടെ. മതമൌലീകവാദികളുടെ അതിസ്വാധീനമുള്ള ഒരു രാജ്യമായീട്ടായിരിക്കും ആ പുതിയ കാശ്മീര്‍ രൂപപ്പെടാന്‍ സാധ്യത. അങ്ങനെ ഇന്ത്യക്ക് അയല്‍ രാജ്യമായി പാക്കിസ്ഥാനെ കൂടാതെ മറ്റൊരു തീവ്രവാദ രാഷ്ട്രവും കൂടി ഉടലെടുത്തേക്കാം.
‘കൂനിന്‍മേല്‍ കുരു’ എന്ന ഈ അവസ്ഥ വരാന്‍ ഇന്ത്യ ആഗ്രഹിക്കുന്നില്ല. കാശ്മീരില്‍ അയഞ്ഞു കൊടുത്താല്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലും പഞ്ചാബിലും സ്വാതന്ത്രവാദം വീണ്ടും ശക്തിയാര്‍ജ്ജിക്കാം എന്നും ഇന്ത്യ ഭയക്കുന്നുണ്ട്. ഇത് കൂടാതെ ജമ്മു-കാശ്മീരിനെ മൊത്തമായി എടുത്തു ഒരു ഹിതപരിശോധന നടത്തുന്നത് ശരിയാകില്ല. കാരണം കാശ്മീര്‍ സ്വതന്ത്രമാകുകയാണെങ്കില്‍ ജമ്മു, ലഡാക്ക് മേഘലയിലെ ഭുരിപക്ഷം വരുന്ന ഹിന്ദു ബുദ്ധമത ജനവിഭാഗങ്ങള്‍ മതമൌലീകവാദം ശക്തമാകാന്‍ ഇടയുള്ള ഒരു പുതിയ രാജ്യത്തിന്റെ ഭാഗമാകാന്‍ ഒരിക്കലും ആഗ്രഹിക്കില്ല. ഇപ്പോള്‍ തന്നെ ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക്‌ എതിരെ പാകിസ്ഥാനില്‍ നടക്കുന്ന ആക്രമങ്ങളും പീഡനങ്ങളും അറിവുള്ളതാണല്ലോ.
കാശ്മീര്‍ രാജാവിനെ പാക്കിസ്ഥാന്റെ ആക്രമണത്തില്‍ നിന്നും സഹായിക്കാന്‍ ഇന്ത്യ തലയില്‍ കേറ്റിവച്ച പ്രശ്നം അല്ലെങ്കില്‍ അത്യാധുനീക ഇലക്ട്രോണിക് യുദ്ധ രീതികള്‍ വരുന്നതിനു മുന്‍പ് തന്ത്രപ്രധാനമായ ഒരു സ്ഥലം അല്ലെങ്കില്‍ യു. എന്‍ ഇടപെടലിലൂടെ ഇന്ത്യ-പാക്ക് യുദ്ധം ഇടക്ക് വച്ച് നിര്‍ത്തിയ നെഹരുവിന്റെ ‘മണ്ടത്തരം’ ഇന്ത്യക്ക് തീരാ തലവേദനയാണ് തന്നിരിക്കുന്നത്. ഇതില്‍ നെഹരു ചെയ്ത കാര്യം അത്ര മണ്ടത്തരം ആണ് എന്ന്‍ പറയാന്‍ പറ്റില്ല. കാരണം, അന്ന് കാശ്മീര്‍ മുഴുവനായും ഇന്ത്യന്‍ സൈന്യം തിരിച്ചു പിടിച്ചായിരുന്നാലും പാക്കിസ്ഥാന്‍ പിന്തുണയ്ക്കുന്ന തീവ്രവാദവും ആന്തരീക പ്രശ്നങ്ങളും മറ്റൊരു രീതിയില്‍ ജമ്മു-കാശ്മീരിനെ വേട്ടയാടിക്കൊണ്ടേ ഇരിക്കും.
ഇന്ത്യക്ക് തലവേദന സൃഷ്ടിക്കുന്ന പാക്കിസ്ഥാനെ പരിപൂര്‍ണ്ണ യുദ്ധത്തിലൂടെ ഒരു പാഠം പഠിപ്പിക്കുക എന്നത് പ്രായോഗികം അല്ല. കാരണം ഇന്ന് പാക്കിസ്ഥാനും ആയുധത്തില്‍ അത്ര പിന്നിലല്ല. പ്രത്യേകിച്ചും ആണവായുധം. മാത്രമല്ല, അത്ര ഉത്തരവാദിത്വം ഇല്ലാത്ത മതതീവ്രവാദത്തിന് അടിമപ്പെട്ട നേതൃത്വം നിലവിലുള്ള അവര്‍ ആണവായുധം പ്രയോഗിക്കാനുള്ള മണ്ടത്തരം കാണിച്ചുകൂട എന്നില്ല. (ശത്രുവിനെ തോല്പ്പിചാലും നമ്മുടെ തലയില്‍ വീണ അണുവായുധത്തിന്റെ ദൂഷ്യഫലം നമ്മള്‍ തന്നെ അനുഭവിക്കണമല്ലോ). മാത്രമല്ല പിന്നിലൂടെ ചൈനയുടെ സഹായവും അവര്‍ക്കുണ്ട്. താലിബാന് എതിരെ പ്രയോഗിക്കാന്‍ എന്ന പേരില്‍ അമേരിക്കന്‍ സഹായവും അവര്‍ വാങ്ങി കൂട്ടുന്നുണ്ട്. എന്തൊക്കെയായാലും വലിയ യുദ്ധമൊന്നും ചെയ്യാനുള്ള സാമ്പത്തീക ശേഷിയൊന്നും ഇരു രാജ്യങ്ങള്‍ക്കും ഇല്ല.
ജമ്മു-കാശ്മീര്‍ പ്രശ്നം പരിഹരിക്കാതെ തല്‍സ്ഥിതി തുടരുന്നതുകൊണ്ട് ഇപ്പോള്‍ ഇന്ത്യക്ക് ചിലവല്ലാതെ വരവ് ഒന്നും ഇല്ല. കാശ്മീര്‍ രാജാവ് പണ്ട് ആഗ്രഹിച്ചതിന് സമാനമായി അത് സ്വിറ്റ്സര്‍ലാന്‍ണ്ട് പോലെയും അല്ല. അതിര്‍ത്തിയിലെ പ്രശ്നങ്ങള്‍ കാരണം ഇന്ത്യ പ്രധിരോധത്തിന്നായി ചിലവാക്കുന്ന തുക ഭീമമാണ് . ഇതില്‍ അധികവും ആയുധങ്ങള്‍ വാങ്ങിക്കൂട്ടാന്‍ നേരിട്ടു വിദേശങ്ങളിലേക്ക് മാറ്റപ്പെടുന്നവയാണ്. അതിര്‍ത്തി ശാന്തമായിരുന്നെങ്കില്‍ പ്രതിരോധത്തിനു ചിലവാക്കുന്ന തുകയില്‍ നല്ലൊരു പങ്കു സ്കുളുകളും ഉണ്ടാക്കാനും ദാരിദ്ര നിര്‍മ്മജനത്തിനും റോഡുകളും മറ്റും ഉണ്ടാക്കുന്നതിനും ഉപയോഗിക്കാമായിരുന്നു. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ദരിദ്രര്‍ വസിക്കുന്ന ഒരു സാമ്പത്തീക ശക്തി എന്ന വിശേഷണം തന്നെ ഇന്ത്യയില്‍ സര്‍ക്കാര്‍ പണം വേണ്ട സ്ഥലത്തല്ല ചിലവഴിക്കുന്നത് എന്ന് സുചിപ്പിക്കുന്നു.
സിവിലിയന്‍ പ്രദേശത്ത് സമാധാനം സ്ഥാപിക്കാന്‍ സ്ഥിരമായി സൈനീകര്‍ ഇടപെടുന്നത് നല്ല ലക്ഷണം അല്ല എന്ന് പറഞ്ഞുവല്ലോ. സ്വന്തം മണ്ണില്‍ തീവ്രവാദപ്രവര്‍ത്തനം അടിച്ചമര്‍ത്തേണ്ടത് നല്ല ഇന്റലിജന്‍സ് സംവിധാനം ഉപയോഗിച്ചാണ്. ഇത്രയും അധികം സൈനീകരെ വിന്യസിച്ചിട്ടും ജമ്മു-കാശ്മീരില്‍ തീവ്രവാദ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് എന്തുകൊണ്ടാണ്? അമേരിക്കയിലെ വേള്‍ഡ് ടവര്‍ ആക്രമണത്തിനു ശേഷം ഒരു തീവ്രവാദ ആക്രമണവും അവിടെ നടന്നിട്ടില്ല എന്നാണ് എന്റെ അറിവ്. ഇത് അവരുടെ മണ്ണിലെ സൈനീക വിന്യാസം കൊണ്ടല്ല മറിച്ചു ഇന്റലിജന്‍സ് മികവാണ്. ഇന്ത്യയും ഇന്റലിജന്‍സ് സംവിധാനം കൂടുതല്‍ മെച്ചപ്പെടുത്തിയാല്‍ സൈനീക ഇടപെടല്‍ അത്യാവശ്യത്തിനും ശരിയായ സ്ഥലത്തും മാത്രമാക്കി ഒതുക്കാന്‍ കഴിയും.
കാശ്മീര്‍ പ്രശ്നം പരിഹരിക്കാന്‍ കൂടുതല്‍ താല്പര്യം എടുക്കേണ്ടതും അതിനു കഴിയുന്നതും സുശക്തമായ ഭരണ സംവിധാനവും ജനാധിപത്യവും ഉള്ള ഇന്ത്യക്കാണ് എന്നതില്‍ സംശയമില്ല. പാക്കിസ്ഥാന്‍ അധിനിവേശ കാശ്മീരില്‍ നിന്നും അവര്‍ ഒഴിഞ്ഞുപോകും എന്നതു മിഥ്യ മാത്രമാണ്. മാത്രമല്ല പാകിസ്ഥാനിലെ രാഷ്ട്രീയ നേതൃത്വം അങ്ങനെ തീരുമാനിച്ചാലും മത-മൌലീകവാദികള്‍ അത് അംഗീകരിക്കും എന്ന് തോന്നുന്നില്ല. ഇക്കാര്യം ഇന്ത്യക്കും നന്നായി അറിയാം. അതുകൊണ്ടുതന്നെ ഒരിക്കലും ജമ്മു-കാശ്മീരില്‍ ഇന്ത്യ 1947-ല്‍ വാഗ്ദാനം ചെയ്തത് പോലെയുള്ള ഒരു ഹിതപരിശോധന നടക്കാന്‍ പോകുന്നില്ല. മറ്റൊരു കാര്യം പാകിസ്ഥാനില്‍ നിലനില്‍ക്കുന്ന അരക്ഷിതാവസ്ഥയാണ്.
അത്ര ശക്തമായ തീരുമാനങ്ങള്‍ എടുക്കാന്‍ കെല്പുള്ള സര്‍ക്കാരുകള്‍ അല്ല അവിടെ ഉള്ളത്. തോക്കുകള്‍ കൊണ്ട് നീതി നടപ്പാക്കുന്ന മതമൌലീക വാദികള്‍ക്ക് സര്‍ക്കാര്‍ തീരുമാനങ്ങളില്‍ ഉള്ള അതിഭയങ്കരമായ സ്വാധീനം തന്നെയാണ് കാരണം. പ്രവാചക നിന്ദക്ക് എതിരെയുള്ള നിയമത്തില്‍ മാറ്റം വേണമെന്ന് പറഞ്ഞ ന്യുനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള മന്ത്രിയായിരുന്ന ഷഹ്ബാസ് ഭാട്ടി കൊല്ലപ്പെടുകയും അതിനെ പ്രകീര്‍ത്തിച്ചു യുവജനങ്ങള്‍ തെരുവിലിറങ്ങുകയും ചെയ്ത രാജ്യത്ത് കാശ്മീര്‍ പ്രശ്നത്തില്‍ എന്തെങ്കിലും വിട്ടുവീഴ്ച ചെയ്യാനോ അതിനെ പറ്റി ഒരക്ഷരം മിണ്ടാനോ അവിടുത്തെ രാഷ്ട്രീയ നേതൃത്വം ധൈര്യപ്പെടില്ല.
ജമ്മു കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യ തന്ത്രങ്ങള്‍ മാറ്റി പിടിക്കെണ്ടതുണ്ട്. തോക്കുകള്‍ക്ക് ശാശ്വതമായി ലോകത്തെവിടെയും സമാധാനം ഉണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ നയം മതമൌലീകവാദികള്‍ക്ക് കാശ്മീരികളെ കൂടുതല്‍ എളുപ്പത്തില്‍ ബ്രെയിന്‍വാഷ് ചെയ്യാനേ സഹായിക്കു. ആര്‍ട്ടിക്കിള്‍ 370 കൊണ്ട് കാശ്മീരിനെ ഇന്ത്യയുടെ മറ്റു ഭാഗങ്ങളില്‍ നിന്നും ജനങ്ങളില്‍ നിന്നും വേര്‍ത്തിരിച്ച്‌ നിര്‍ത്തുന്നതും നല്ലതല്ല. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ജനങ്ങളുടെ പ്രവാഹവും കാശ്മീരില്‍ ആര്‍ക്കും സമ്പത്ത് വാങ്ങാനും ബിസിനസ് ചെയ്യാനും പറ്റുന്ന അവസ്ഥ വന്നാലെ ഇന്ത്യയുടെ ഭാഗമായി നില്‍ക്കുന്നതിന്റെ പുര്‍ണ്ണ ഗുണം കാശ്മീരികള്‍ക്ക് അനുഭവിക്കാന്‍ കഴിയുകയുള്ളൂ. ഈ ഒരു അവസ്ഥ ഇന്ത്യക്ക് ജമ്മു-കാശ്മീരില്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍ കാശ്മീര്‍ പ്രശ്നം പാക്കിസ്ഥാന്റെ പ്രശ്നമായി മാത്രം ഒതുങ്ങും. പിന്നെ ഒരു തര്‍ക്കം പരിഹരിക്കുമ്പോള്‍ ഇരു രാജ്യങ്ങളും വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകേണ്ടി വരും. അന്ധമായ രാജ്യവികാരം അല്ല തങ്ങളുടെ രാജ്യത്തിന്റെ ദീര്‍ഘകാല വികസനത്തിന് എന്താണ് ഏറ്റവും യോജിച്ച തീരുമാനം എന്നതാണ് ഇരു രാജ്യങ്ങളും പരിഗണിക്കേണ്ടത്. ഇവിടെ ഏറ്റവും കുറഞ്ഞ വിട്ടുവീഴ്ച ചെയ്യാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനുള്ള നയങ്ങള്‍ ആണ് ഇന്ത്യ രൂപികരിക്കേണ്ടത്.

Shareef Chungathara's photo.

No comments:

Post a Comment

Search This Blog