Friday 19 February 2016

"കെന്റക്കി ഫ്രയിഡ് ചിക്കൻ"

 നാവിൽ കൊതിയൂറിക്കുന്ന ജീവിത വിജയം - കേണൽ സാണ്ടെ
Al Ameen Kt ;ചരിത്രാന്വേഷികൾ
 
ഇയാൾ ഒരു അരക്കിറുക്കനാനെന്നു തോന്നുന്നു" വെളുത്ത ഷർട്ടുംപാന്റ്സുമിട്ട് തങ്ങളുടെ റെസ്റൊരന്റുകളിൽ കോഴിയിറച്ചി വറുത്തത് വിൽക്കാൻ എത്തിയ ആ മനുഷ്യനെ കണ്ട് കടയുടമകൾ പറഞ്ഞു. താൻ പ്രത്യേകമുണ്ടാക്കിയ ഒരു ഇറച്ചിമസാലക്കൂട്ടിൽ മുക്കി വറുത്തെടുത്ത ചിക്കനുമായി വീട്ടിൽ നിന്ന് അതിരാവിലെ ഇറങ്ങും കക്ഷി! എന്നിട്ട് നാട്ടിലുള്ള സകല ഹോട്ടലുകളിലും കയറിയിറങ്ങും. എന്നാൽ, ഏതാണ്ട് ആയിരത്തോളം ഹോട്ടലുകളിലും റെസ്റ്റോരന്റുകളിലും കയറിയിറങ്ങിയിട്ടും നിരാശയായിരുന്നു ഫലം. ആരും അയാളുടെ ചിക്കൻ വാങ്ങാൻ തയ്യാറായില്ലെന്നു മാത്രമല്ല പലരും അധിക്ഷേപിച്ചയക്കുകയും ചെയ്തു. എന്നാൽ, ജീവിക്കാൻ കുക്കിംഗ് അല്ലാതെ വേറെ ഒരു തൊഴിലും അറിയാതിരുന്ന അയാൾക്ക് മറ്റൊരു സാധ്യതയും ഉണ്ടായിരുന്നില്ല. പ്രതീക്ഷ കൈവിടാതെ അയാൾ ശ്രമം തുടർന്നു കൊണ്ടേയിരുന്നു.
അമേരിക്കയിലെ ഇൻഡ്യാന സ്റ്റേറ്റിൽ ഹെൻട്രിവില്ലെ എന്ന സ്ഥലത്ത് 1890- ൽ ആണ് ഹാർലാണ്ട് സാണ്ടേഴ്സ് ജനിച്ചത്. കുടുംബനാഥന്റെ വളരെ പെട്ടെന്നുള്ള വിയോഗം ആ കുടുംബത്തെ തളർത്തിക്കളഞ്ഞു. ഏറ്റവും മൂത്ത മകനായിരുന്നതിനാൽ ഇളയവരെ പോറ്റാൻ അമ്മയെ അടുക്കള ജോലികളിൽ സഹായിക്കേണ്ട ചുമതല കൊച്ചു സാണ്ടെഴ്സിനായിരുന്നു. അങ്ങനെയാണ് അവൻ നന്നേ ചെറുപ്പത്തിലേ തന്നെ പാചകത്തിൽ വൈദഗ്ദ്ധ്യം നേടിയത്. പത്താമത്തെ വയസ്സുമുതൽ പഠനം അവസാനിപ്പിച്ച് കുടുംബം പുലർത്താൻ ജോലിക്കിറങ്ങാൻ നിർബന്ധിതനായി. കൃഷിപ്പണി, കൊല്ലപ്പണിക്കാരന്റെ സഹായി, ഇൻഷുറൻസ് സെയ് ലർ , കണ്ടക്ടർ, ടയർ കടയിൽ സഹായി, കടയിൽ സാധനങ്ങൾ എടുത്തു കൊടുക്കൽ തുടങ്ങി അവൻ ചെയ്യാത്ത ജോലികളില്ല. അങ്ങനെ ഒരുവിധം ഞെങ്ങി ഞെരുങ്ങിയാണെങ്കിലും അവൻ അമ്മയെയും സഹോദരങ്ങളെയും സംരക്ഷിച്ചു പോന്നു.
1930 -കളിൽ അമേരിക്ക സാമ്പത്തിക മാന്ദ്യത്തിന്റെ പിടിയിലമർന്നു. സ്ഥിര വരുമാനമില്ലാത്തവർക്ക് വറുതിയുടെ നാളുകളായി മാറിയ വർഷങ്ങൾ. ജീവിതം ദുസ്സഹമായപ്പോൾ, നാല്പതാം വയസ്സിൽ സാണ്ടേഴ്സിന് ഇങ്ങനെ ഒരു ആശയമുദിച്ചു. റോഡരികിൽ ഒരു തട്ടുകട തുടങ്ങുക. കുഞ്ഞു നാളിലേ തന്നെ അമ്മയെ അടുക്കളയിൽ സഹായിച്ചു നേടിയ പാചക പരിചയം കൈമുതലാക്കി അവൻ നോർത്ത് കെന്റക്കിയിലെ ഒരു ഗ്യാസ് സ്റ്റേഷന്റെ മുൻപിൽ കടയാരംഭിച്ചു. 'സാണ്ടേഴ്സ് കഫെ' നാളുകൾക്കുള്ളിൽ നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടതായി. എന്തുണ്ടാക്കിയാലും ഒരു പ്രത്യേക 'കൈപ്പുണ്യം' അയാൾക്കുണ്ടെന്നായി നാട്ടുകാർ. സാണ്ടേഴ്സ് സ്വന്തം കൈ കൊണ്ട് പ്രത്യേകമായ ഒരു മസാലക്കൂട്ട് ചേർത്ത് വറുത്തെടുക്കുന്ന ചിക്കൻ ആയിരുന്നു 'സാണ്ടേഴ്സ് കഫെ'യിലെ പ്രധാന ആകർഷണം. 1936 ആയപ്പോഴേക്കും ' സാണ്ടേഴ്സ് ചിക്കൻ' നാട്ടിലെങ്ങും വാർത്തയായി. എന്നാൽ, ചിക്കനിൽ ചേർക്കുന്ന പ്രത്യേക കൂട്ടിന്റെ രഹസ്യം അയാൾ ആർക്കും വെളിപ്പെടുത്തിയില്ല. മറ്റ് നാടുകളിൽ നിന്നും ചിക്കൻ കഴിക്കാൻ ആളുകൾ എത്തിത്തുടങ്ങി. കെന്റക്കിയിലെ ഗവർണർ മി. റൂബി ലഫൂൻ സാണ്ടേഴ്സിന് "കെന്റക്കി കേണൽ" എന്ന വിശേഷണം നല്കി ആദരിച്ചു. തുടർന്നങ്ങോട്ട് അയാളെ എല്ലാവരും "കേണൽ സാണ്ടെഴ്സ് " എന്ന് അഭിസംബോധന ചെയ്തു തുടങ്ങി. 1938 ആയപ്പോഴേയ്ക്കും ' സാണ്ടേഴ്സ് കഫെ' 142 സീറ്റുകൾ ഉള്ള സാമാന്യം വലിയ ഒരു റസ്റ്റരന്റ് ആയി മാറി.
എന്നാൽ, ജീവിത വിജയം കൈവരിച്ചവർക്കൊന്നും കാര്യങ്ങൾ അത്ര എളുപ്പമായിരുന്നില്ലല്ലോ. 1940 -ൽ നിർഭാഗ്യം ഒരു അഗ്നിബാധയുടെ രൂപത്തിലെത്തി 'സാണ്ടേഴ്സ് കഫെ' ഒരു ചാര ക്കൂംബാരമാക്കി മാറ്റി. പക്ഷേ, ജീവിതത്തിൽ തോറ്റു കൊടുക്കാൻ തയ്യാറല്ലാത്തവരെ കീഴ്പ്പെടുത്താൻ ഏതു പ്രതികൂല സാഹചര്യങ്ങൾക്കുമാവില്ല എന്നു തെളിയിച്ചു കൊണ്ട് അയാൾ പലരുടെയും സഹായത്തോടെ വീണ്ടും അത് നിർമ്മിച്ചു. എന്നാൽ, പ്രതിസന്ധികൾ അവിടം കൊണ്ടും അവസാനിച്ചില്ല. കെന്റക്കി വഴി ഫ്ലോറിഡയിലേക്ക് ഉള്ള വഴിയരികിലായിരുന്നു ' സാണ്ടേഴ്സ് കഫെ'. എന്നാൽ, 1955- ൽ അതു വഴി ഒരു ബൈപാസ് വന്നപ്പോൾ ആളുകൾക്ക് കെന്റക്കി വഴിയല്ലാതെ യാത്ര ചെയ്യാമെന്നായി.അത് ബിസിനസ്സിനെ വല്ലാതെ ബാധിച്ചു. സാണ്ടേഴ്സിനു തന്റെ ഏക വരുമാന മാർഗവും ജീവിത സ്വപ്നവുമായ റസ്ടരന്റ്റ് പിടിച്ചു നില്ക്കനാവാതെ വില്ക്കേണ്ടി വന്നു. 65- മത്തെ വയസ്സിൽ കടങ്ങളെല്ലാം വീട്ടിക്കഴിഞ്ഞ് മിച്ചം കയ്യിൽ ഒന്നുമില്ലാതെ ഹതഭാഗ്യനായി അയാൾ വീട്ടിൽ കഴിഞ്ഞു കൂടേണ്ടി വന്നു.
'ജീവിതത്തിന്റെ നല്ല കാലം എല്ലാം കഴിഞ്ഞു. ഇനിയിപ്പോൾ എങ്ങനെയെങ്ങിലും ഉന്തിയുരുട്ടിയങ്ങ് ജീവിച്ചു പോകാം' എന്നാവുമല്ലോ ഈ ഒരവസ്ഥയിൽ ആരും ചിന്തിച്ചു പോകുക. എന്നാൽ, ചില നിശ്ചയ ധാർഡ്യങ്ങൾ ഉള്ളവർക്ക് അങ്ങനെയൊന്നും ചിന്തിക്കാനേയാവില്ലല്ലോ. ഇതു വരെ ആർക്കും അറിയാത്ത രഹസ്യമായി താൻ കാത്തു പോന്ന സാണ്ടേഴ്സ് ചിക്കന്റെ രുചിയുടെ പിന്നിലെ പ്രത്യേക മസാലക്കൂട്ട് മാർക്കറ്റ് ചെയ്യാൻ അയാൾ തീരുമാനിച്ചു. അങ്ങനെയാണ് അറുപത്തി അഞ്ചാം വയസ്സിൽ അയാൾക്ക് ചിക്കൻ വറുത്തതുമായി ഹോട്ടലുകൾ തോറും കയറിയിറങ്ങേണ്ടി വന്നത് . നിരാശയായിരുന്നു ഫലം. തങ്ങളുടെ ഹോട്ടലുകളിൽ തന്നെ ആവശ്യത്തിനു സൗകര്യങ്ങളും ജോലിക്കാരുമുള്ളപ്പോൾ എന്തിന് ഈ വയസ്സന്റെ ചിക്കൻ മേടിച്ചു വില്ക്കണം! എല്ലാ ഹോട്ടൽ ഉടമകളുടെയും ചിന്ത അങ്ങനെയായിരുന്നു. ആയിരത്തോളം ഹോട്ടലുകളിൽ നിന്ന് പ്രതികൂലമായ മറുപടിയാണ് കിട്ടിയതെങ്കിലും അയാൾ പ്രതീക്ഷ വെടിഞ്ഞില്ല.
അങ്ങനെയിരിക്കെ, ഒരു നാൾ പീറ്റ് ഹാർമാൻ എന്ന ഒരു റസ്റ്റരന്റ് ഉടമയെ സാണ്ടേഴ്സ് പരിചയപ്പെടാനിടയായി. അയാളുമൊത്ത് ഒരു യാത്രയ്ക്കിടെ സാണ്ടേഴ്സിന് അയാൾക്ക്‌ വേണ്ടി ഭക്ഷണം ഉണ്ടാക്കാൻ ഒരു അവസരം കിട്ടി. അത് അദ്ദേഹം നന്നായി പ്രയോജനപ്പെടുത്തി. തന്റെ പ്രത്യേകമായ രുചിക്കൂട്ട് ചേർത്ത് പീറ്റിന് ചിക്കൻ ഉണ്ടാക്കി കൊടുത്തു. ചിക്കൻ കഴിച്ച ശേഷം പീറ്റ് വിരലുകൾ നക്കിത്തുടയ്ക്കുന്നത് കണ്ടപ്പോൾ സംഗതിയേറ്റു എന്ന് സാണ്ടേഴ്സിനു മനസ്സിലായി. പീറ്റ് ഇങ്ങനെ അഭിപ്രായം പറഞ്ഞു : "Finger Licking Good". സാണ്ടേഴ്സിന്റെ കൂടെ ബിസിനസ് പങ്കാളിയാകാമെന്ന് അയാൾ സമ്മതിച്ചു. ചിക്കന് ഒരു പേരിടണമല്ലോ. രണ്ടു പേരും ചേർന്ന് ആലോചിച്ചു. ആദ്യം കട തുടങ്ങിയത് കെന്റക്കിയിലായതിനാൽ "കെന്റക്കി ഫ്രയിഡ് ചിക്കൻ" എന്ന് പേരിടാൻ തീരുമാനിച്ചു.
ബിസിനസ് ആരംഭിച്ചു. "കെന്റക്കി ഫ്രയിഡ് ചിക്കൻ" തയ്യാറാക്കി ഓർഡർ തരുന്ന റസ്റ്റരന്റുകളിൽ രണ്ടു പേരും ചേർന്ന് എത്തിച്ചു തുടങ്ങി. പിന്നീടുണ്ടായത് അഭൂത പൂർവ്വമായ വളർച്ചയായിരുന്നു. 'KFC ചിക്കൻ' എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടു തുടങ്ങിയ ചിക്കന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ റസ്റ്റരന്റുകളിൽ നിന്നും ഓർഡറുകൾ എത്തിത്തുടങ്ങി. ഒരു വർഷത്തിനുള്ളിൽത്തന്നെ 45000 ഡോളർ വരുമാനമായി. പിന്നീടങ്ങോട്ട് സാണ്ടേഴ്സിനു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. അദേഹത്തിനു എഴുപതു വയസ്സ് ആയപ്പോഴേക്കും അമേരിക്കയിലും കാനഡയിലുമായി 600 ഇടങ്ങളിൽ KFC റസ്റ്റരന്റുകളായി.1964 -ൽ എഴുപത്തിനാലാം വയസ്സിൽ തന്റെ റസ്റ്റരന്റുകൾ രണ്ടു മില്ല്യൻ ഡോളറിനു ഒരു അമേരിക്കൻ കമ്പനിക്ക് കൈമാറി അദ്ധേഹം KFC യുടെ വക്താവ് ആയി വിശ്രമ ജീവിതം നയിച്ചു തുടങ്ങി. 1986 - ൾ പെപ്സി കമ്പനി KFC ഏറ്റെടുത്തു. ഇന്ന് ലോകത്തിലെങ്ങും ശാഖകളുള്ള ഉള്ള ഒരു ഏറ്റം വലിയ റസ്റ്റരന്റ് ഗ്രൂപ്പായി അത് മാറിക്കഴിഞ്ഞു. "Finger Licking Good" എന്നാണ് KFC യുടെ പരസ്യ വാചകം.
1980 -ൽ ന്യുമോണിയ ബാധിച്ച് 90 -വയസ്സിൽ മരിക്കുംബോഴെയ്ക്കും അദ്ധേഹം ലോകമെങ്ങും പ്രശസ്തനായി ക്കഴിഞ്ഞിരുന്നു. ചിക്കന്റെ പേരിൽ മാത്രമല്ല, 'കേണൽ സാണ്ടെഴ്സ് ചാരിറ്റബിൾ ഓർഗനൈസേഷൻ' എന്ന പേരിൽ അദ്ധേഹം തുടങ്ങിയ ജീവകാരുണ്യ പ്രസ്ഥാനം വിദ്യാഭ്യാസത്തിനായും ചികിത്സയ്ക്കായും അനേകർക്ക്‌ കോടിക്കണക്കിന് ഡോളറിന്റെ സഹായങ്ങൾ നല്കുകയുണ്ടായി. ചെറുപ്പത്തിൽ ജീവിതത്തിന്റെ ദുരിത പൂർണ്ണമായ മുഖം നേരിട്ടനുഭവിച്ച ആളായതിനാൽ കേണലിന് പാവങ്ങളോട് വല്ലാത്ത ദീനാനുകമ്പ ഉണ്ടായിരുന്നു. അദ്ധേഹത്തിന്റെ സ്മരണ നില നിർത്താൻ ഇന്നും KFC ചിക്കന്റെ ലോഗോ ആയി കമ്പനി സ്വീകരിച്ചിരിക്കുന്നത് കേണൽ സാണ്ടെഴ്സിന്റെ ചിത്രമാണ്. ജീവിത വിജയം പ്രതിസന്ധികൾക്കും അവഗണനകൾക്കും മുൻപിൽ തോറ്റു പിന്മാറാൻ തയ്യാറല്ലാത്തവർക്കു മാത്രമുള്ളതാണെന്ന് തെളിയിച്ചു കൊണ്ട് ലോകമെങ്ങും എല്ലാ KFC റസ്റ്റരന്റുകളിലും ചിക്കൻ വില്ക്കുന്ന കപ്പുകളിലുമൊക്കെയുള്ള ലോഗോയിൽ നിന്ന് ഇന്നും കേണൽ സാണ്ടെഴ്സ് നമ്മെ നോക്കി പുഞ്ചിരിക്കുന്നു.
ജീവിക്കാനുള്ള പോരാട്ടത്തിൽ പലർക്കും പല ജോലികളിൽ ഏർപ്പെടെണ്ടി വന്നേക്കാം. എന്നാൽ, ജീവിതത്തിൽ തനിക്കു ചെയ്തു തീർക്കാൻ ഒരു നിയോഗമുണ്ടെന്നു വിശ്വസിക്കുന്നവർ തങ്ങൾ ചെയ്യുന്നത് ഏതു തൊഴിലാണെങ്കിലും ആത്മാർഥമായി അതിൽ ഏർപ്പെട്ടാൽ ഇന്നല്ലെങ്കിൽ നാളെ വിജയം അവരെ തേടിയെത്തും. ഓരോരുത്തർക്കും ദൈവം നല്കിയിരിക്കുന്നത് ഓരോ നിയോഗങ്ങൾ ആണല്ലോ. കേണൽ സാണ്ടെഴ്സിന് പുതിയൊരു രുചിക്കൂട്ട് ലോകത്തിനു സമ്മാനിക്കാനായിരുന്നു നിയോഗം. പ്രതിസന്ധികൾ തരണം ചെയ്ത് അദ്ദേഹം അത് പൂർത്തിയാക്കി കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. സുഹൃത്തേ, നിശ്ചയമായും നിങ്ങൾക്കും ഒരു ജീവിത നിയോഗമുണ്ട് . അത് കണ്ടെത്തുക തന്നെ ചെയ്യണം.
Al Ameen Kt's photo.

No comments:

Post a Comment

Search This Blog