Sunday, 21 February 2016

ഇന്ത്യൻ ദേശിയത: ഒരു ചരിത്ര വീക്ഷണം

ഇന്ത്യൻ ദേശിയത: ഒരു ചരിത്ര വീക്ഷണം

Nithin Vaniankandi ; ചരിത്രാന്വേഷികൾ

ദേശിയത എന്ന പ്രയോഗത്തെ നമുക്ക്‌ ഇപ്രകാരം വ്യാഖ്യനിക്കാം.പരസ്പരം ഇടകലർന്നു ജീവിക്കുന്ന വിവിധ ജനസമൂഹങ്ങൾ ആരാധനയോടുകൂടിയും, അഭിമാനത്തോടുകൂടിയും നോക്കി കാണുന്ന ഒരു പൊതു അസ്ഥിത്വമാണു അത്‌.ഇത്തരം പൊതുവികാരങ്ങൾ ഉരുത്തിരിഞ്ഞു വരുന്നത്‌ ഭൂമിശാസ്ത്രപരമായും, സാംസ്കാരികപരമായുമൊക്കെയുള്ള ചില സമാനതകൾ കൊണ്ടാവാം.അത്തരം സമൂഹങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന സാംസ്കാരികാന്തരീക്ഷത്തിൽ യാതൊരു വിധത്തിലുള്ള കൂട്ടിച്ചേർക്കലുകളും, ഇടപെടലുകളും ആ ജനത ആഗ്രഹിക്കുന്നില്ല.അതിനാൽ തന്നെ സമൂഹത്തിലെ ഇത്തരം വികാരങ്ങളുമായി ബന്ധപ്പെട്ടു നിൽക്കുന്ന രാഷ്ട്രീയ ആശയങ്ങൾ സ്വഭാവികമായും ഉയർന്നുവരുന്നു.അത്തരത്തിൽ ഉത്ഭവിക്കുന്ന രാഷ്ട്രീയാശയങ്ങൾ, തങ്ങളിലൂടെ മാത്രമായി ഒരു ജനതയുടെ മൊത്തം ദേശിയതയെ നിർവ്വചിക്കുന്നതും യാദൃശ്ചികമല്ല.ആശയപരമായി നോക്കുകയാണെങ്കിൽ ദേശിയത ഒരു ഇടുങ്ങിയ ചിന്തസരണിയാണു.നിശ്ചിതമായ ചില വർഗ്ഗങ്ങൾക്കും, സംസ്കാരങ്ങൾക്കും, ആചാരങ്ങൾക്കുമപ്പുറമുള്ള ഒന്നിനെയും സ്വീകരിക്കാൻ അതു അനുവദിക്കുന്നില്ല.ഇത്തരം ആശയങ്ങൾ പലപ്പോഴും എത്തിച്ചേരുന്നത്‌ കടുത്ത അസഹിഷ്ണുതയിലേക്കാണു.
എന്നാൽ എങ്ങനെയാണു വൈവിധ്യങ്ങളായ ജനസമൂഹങ്ങൾക്കിടയിൽ നിന്നും ഇത്തരത്തിലുള്ള പൊതുവികാരം ഉടലെടുക്കുന്നത്‌ എന്ന ചോദ്യം ഇവിടെ ഉയരുന്നു.ഇതു പ്രധാനമായും രണ്ടു തരത്തിൽ സംഭവിക്കാം.ഒരു ദേശവുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന പൗരാണിക സംസ്കൃതിയുടെ പിന്തുടർച്ചക്കാരെന്ന വിധത്തിലുള്ള അവകാശവാദങ്ങളാണു അതിലൊന്നു.മറ്റൊന്നു ഒരു ദേശത്ത്‌ സമീപകാലങ്ങളിൽ സംഭവിച്ച സമൂഹ്യ, രാഷ്ട്രീയ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ടുയർന്നുവന്ന ഒരു നവോഥാന മുന്നേറ്റത്തിന്റെ പങ്കാളികളെന്ന അവകാശവാദം ഉന്നയിക്കലിലൂടെയുമാണു.നമ്മുടെ ദേശത്തെ സംബന്ധിച്ചെടുത്തോളം ദേശിയതയുടെ അവകാശവാദങ്ങൾ ഇവ രണ്ടിനുമിടയിൽ കൂടികുഴഞ്ഞു നിൽക്കുകയാണു.നമ്മുടെ പൗരാണിക സംസ്കൃതിയിലൂന്നിയുള്ള ദേശിയവാദം ഒരു വശത്തും, സ്വതന്ത്ര്യസമരമുന്നേറ്റങ്ങളിലൂടെ ഉയർന്നുവന്ന നവദേശിയവാദം മറുവശത്തും നിൽക്കുന്നു.ചരിത്രപരമായി വീക്ഷിക്കുകയാണെങ്കിൽ ഇവ രണ്ടും രണ്ടു ധ്രുവങ്ങൾ തന്നെയാണു.ഒരിക്കലും നേർക്കു വരാത്ത ഈ രണ്ടു ധ്രുവങ്ങളെ കൂട്ടികുഴച്ചു സൃഷ്ടിച്ചെടുത്ത വികലമായ ദേശിയവാദമാണു നമ്മുടെ രാജ്യത്തു ഇന്നു നിലനിൽക്കുന്നത്‌ എന്നതാണു വാസ്തവം.
സ്വതന്ത്ര്യാനന്തരം നമ്മുടെ രാജ്യത്ത്‌ സംഭവിച്ച വിഭജനമെന്ന മഹാദുരന്തം, ഇവിടത്തെ ദേശിയ ചിന്തകളെ പുതിയൊരു തലത്തിലേക്കാണെത്തിച്ചത്‌.കൊളോണിയൽ ഭരണത്തിനു കീഴിൽ അസന്തുഷ്ടിതരായി മാറിയ ജനതയുടെ സ്വതന്ത്ര്യമോഹങ്ങളിൽ നിന്നുമാണു നമ്മുടെ രാജ്യത്താദ്യമായി ദേശിയവികാരം ഉണരുന്നത്‌.ഇവിടത്തെ ഭൂമിശാസ്ത്രവുമായി ഒരു തരത്തിലും അനുയോജ്യരല്ലാത്ത കൊളോണിയൽ പ്രസ്ഥാനങ്ങളോടുള്ള അകൽച്ച ജനങ്ങളിൽ ആദ്യകാലം മുതൽക്കെ തന്നെയുണ്ടായിരുന്നു.പിൽകാലത്ത്‌ അവർ ജനങ്ങളുടെമേൽ തങ്ങളുടെ അധികാരമെന്ന വാൾ ഉപയോഗിച്ചു തുടങ്ങിയതോടുകൂടി ആ അകൽച്ച വർദ്ധിച്ചു.നൂറ്റാണ്ടുകളായി കലഹിച്ചുകൊണ്ടിരുന്ന വിഭാഗങ്ങൾ കൊളോണിയൽ പ്രസ്ഥാനങ്ങളെ ഒരു പൊതു ശത്രുവായി കാണുകയും അതിനെതിരെ പൊരുതുവാനും ആരംഭിച്ചു.ഇതൊരു വലീയൊരു നേട്ടം തന്നെയായിരുന്നു.വിഘടിച്ചു നിലനിന്നിരുന്ന ഇന്ത്യൻ സമൂഹങ്ങൾ ഇത്തരത്തിൽ ഒന്നിച്ചത്‌ ലോകത്തെ തന്നെ ഞെട്ടിച്ചു.ഇതു സാധ്യമായത്‌ ദേശിയതയിലൂന്നിയുള്ള പ്രചാരങ്ങളിലൂടെയായിരുന്നു.
സ്വതന്ത്ര്യസമര പോരാട്ടങ്ങൾ അതിന്റെ ലക്ഷ്യത്തിലേക്കു വളരെ വേഗം തന്നെ അടുത്തുകൊണ്ടിരുന്നു.ദേശിയതയിലൂന്നിയുള്ള ആ സമരം ഒരു വിജയമാണെന്ന ബോധ്യം ഏവർക്കുമുണ്ടായി.ഈ ഘട്ടങ്ങളിലാണു ദേശിയതയുടെ യഥാർത്ഥ അവകാശികളാരെന്ന തർക്കങ്ങളും രൂപപ്പെടുന്നത്‌.ഒരു വശത്ത്‌ സ്വതന്ത്ര്യസമരപോരട്ടങ്ങൾ നടക്കുമ്പോൾ തന്നെ മറുവശത്ത്‌ ഇത്തരം ആഭ്യന്തര ആശയ സംഘർഷങ്ങൾ ഉടലെടുത്തു.ഈ ദേശത്തിന്റെ യഥാർത്ഥ അവകാശികളാരെന്ന തർക്കം സ്വതന്ത്ര്യ പ്രസ്ഥാനങ്ങൾക്കിടയിലും ജാതിമത വിഭജനങ്ങൾക്കു വഴിവെച്ചു.അതിൽ മുമ്പന്തിയിലുണ്ടായിരുന്നത്‌ ഹിന്ദുമതവുമായി ബന്ധപ്പെട്ടുയർന്നു വന്ന സംഘടനകളായിരുന്നു.ഇന്ത്യയുടെ പൗരാണിക സംസ്കാരങ്ങളെന്ന പേരിൽ അവർ പ്രചരിപ്പിച്ചിരുന്ന വേദങ്ങളിൽ അധിഷ്ടിതമായ ഹിന്ദുമതത്തെ മുന്നിൽ നിർത്തിയായിരുന്നു അവരുടെ അവകാശവാദങ്ങളത്രയും.തങ്ങളാണു ഈ ദേശത്തിന്റെ അവകാശികളെന്ന വാദവുമായി ഹിന്ദുസംഘടനകൾ പ്രചരണമാരംഭിച്ചതോടുകൂടി മറ്റു വിഭാഗങ്ങൾക്കിടയിലും അസഹിഷ്ണുത ഉയർന്നുവന്നു.ഹിന്ദുത്ത്വ ആശയങ്ങളെ എറ്റവുമധികം എതിർത്തിരുന്ന ഇസ്ലാം, ദളിത്‌ സംഘടനകൾ ഈ വാദങ്ങൾക്കു മറുവാദങ്ങൾ ഉന്നയിക്കാനാരംഭിച്ചു.ക്രമേണ അവയും സംഘടനകളിലേക്കു വഴിമാറി.എങ്കിലും മഹാത്മ ഗാന്ധിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന സ്വതന്ത്ര്യസമര പ്രസ്ഥാനത്തിനോടു എതാണ്ട്‌ യോജിച്ചുതന്നെ ഇസ്ലാം, ദളിത്‌ സംഘടനകൾ മുന്നോട്ടുനീങ്ങി.കൊളോണിയൽ പ്രസ്ഥാനത്തെ രാജ്യത്തു നിന്നും ഇല്ലായ്മ ചെയ്യേണ്ടത്‌ അത്യവശ്യമാണെന്നു അവർ വിശ്വസിച്ചിരുന്നു.എന്നാൽ ഹിന്ദു സംഘടനകൾ സ്വതന്ത്ര്യസമരത്തിൽ നിന്നും പൂർണ്ണമായി തന്നെ വിട്ടു നിൽക്കുകയായിരുന്നു.ബ്രിട്ടീഷുക്കാരെക്കാളും അവർ ശത്രുത വച്ചുപുലർത്തിയിരുന്നത്‌ ഇസ്ലാം, ദളിത്‌ സംഘടനകളെയായിരുന്നു.അവർ കൂടിയുൾപ്പെട്ട സ്വതന്ത്ര്യ സമരപ്രസ്ഥാനങ്ങളെ ഹിന്ദു സംഘടനകൾ തള്ളിപറഞ്ഞു.
ഈ പ്രശ്നങ്ങൾ കൂടുതൽ രൂക്ഷമാകുന്നത്‌ സ്വതന്ത്ര്യസമരങ്ങളുടെ അന്തിമ ഘട്ടങ്ങളിലാണു.ഇസ്ലാം-ഹിന്ദുത്ത്വ സംഘടനങ്ങൾ തമ്മിലുള്ള ഭിന്നത അതിരൂക്ഷമായി.ഇതോടെ ഇന്ത്യൻ സ്വതന്ത്ര്യസമരങ്ങളിലെ മുൻനിര പോരാളിയായിരുന്ന മുഹമദ്‌ അലി ജിന്ന മുസ്ലീമുകൾക്കായി ഒരു പ്രത്യേക രാജ്യമെന്ന വാദമുന്നയിച്ചു.ഹിന്ദു സംഘടനകൾ പ്രബലമായികൊണ്ടിരിക്കുന്ന രാജ്യത്ത്‌ മുസ്ലിം സമൂഹം സുരക്ഷിതരല്ല എന്നായിരുന്നു അദ്ദേഹം ഉന്നയിച്ച വാദം.ഇതു പിന്നീട്‌ വൻ ചർച്ചകൾക്കു വഴിവെച്ചു.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർഗ്ഗീയ ലഹളകൾ പൊട്ടിപുറപ്പെട്ടു.വിഭജിച്ചു ഭരിക്കുകയെന്ന കൊളോണിയൽ തന്ത്രം അക്ഷരാർത്ഥത്തിൽ കൈവിട്ടു.ഒടുവിൽ എല്ലാ പ്രശ്നങ്ങൾക്കും അന്തിമ ഉത്തരമായിരുന്ന മഹാത്മ ഗാന്ധി പോലും വിഭജനമെന്ന അനിവാര്യതയ്ക് മുന്നിൽ മനസ്സില്ലമനസ്സോടെ കീഴടങ്ങി.സ്വതന്ത്ര്യമെന്ന മധുരം വിഭജനമെന്ന കയ്പ്പിനിടയിൽ നിഷ്പ്രഭമായി.ഒടുവിൽ മുസ്ലിമുകളുടെ കൂടെ നിന്നു വിഭജനത്തെ അനുകൂലിച്ചുവെന്ന ആരോപണമുയർത്തികൊണ്ടു ഹിന്ദുത്ത്വവാദികൾ മഹാത്മ ഗാന്ധിയെ നിഷ്കരുണം വധിക്കുന്ന ഭീകര ദൃശ്യവും ലോകത്തിനു കാണേണ്ടതായി വന്നു.ഇന്ത്യ ചരിത്രത്തിലെ എക്കാലത്തേയും കറുത്ത ഏടുകളിലൊന്നായി മാറി ആ സംഭവം.
ഈ കാലഘട്ടങ്ങളിൽ തന്നെ ഉപഭൂഘണ്ടം മറ്റൊരു വിപ്ലവത്തിനും സാക്ഷ്യം വഹിച്ചിരുന്നു.ഇന്ത്യൻ പൗരാണിക ചരിത്രപഠനങ്ങളിലായിരുന്നു അത്‌.നിലവിലെ പാകിസ്ഥാനിലെ ഹാരപ്പയെന്ന ഒരു ഗ്രാമത്തിനു സമീപം ഭൂമിക്കടിയിൽ നിന്നും കണ്ടെടുത്ത പൗരാണിക നഗരാവശിഷ്ടങ്ങളാണു അതിനു അധാരം.ബുദ്ധമത കാലഘട്ടങ്ങൾക്കു മുമ്പുള്ള ഉപഭൂഘണ്ട ചരിത്രം പൂർണ്ണമായും അന്ധകാരത്തിലായിരുന്നു അന്നുവരെ.വേദങ്ങളിലും, ഇതിഹാസങ്ങളിലും, പുരാണങ്ങളിലെ കെട്ടുകഥകളിലുമായി ഒതുങ്ങിയിരുന്നു അത്‌.എന്നാൽ അതിനും എത്രയോ മുമ്പ്‌ തന്നെ ഇവിടെയൊരു ഉന്നത സംസ്കൃതിയുണ്ടായിരുന്നുയെന്ന കണ്ടെത്തൽ ചരിത്രാന്വഷികളെ ആവേശത്തിലാക്കി.തൽഫലമായി ഉപഭൂഘണ്ടത്തിലെ വിവിധ ഭാഗങ്ങളിൽ ഉത്ഘനനമാരംഭിച്ചു.മോഹൻ ജൊദാരൊയെന്ന മറ്റൊരു സമകാലീക പൗരാണിക നഗരാവശിഷ്ടങ്ങളും കൂടി ഈ കാലയളവിൽ കണ്ടെത്തി.ആ പൗരാണിക നഗരങ്ങളിൽ നടത്തിയ പഠനങ്ങളിൽ നിന്നും കണ്ടെടുത്ത വസ്തുതകൾ വിപ്ലവാത്മകമായിരുന്നു.വേദങ്ങളിലധിഷ്ടിതമായ ബ്രാഹ്മണഹിന്ദുമതത്തിൽ നിന്നും തീർത്തും വ്യതിരിക്തമായിരുന്നു അത്‌.ഇന്ത്യൻ ഉപഭൂഘണ്ടങ്ങളിൽ വിവിധഭാഗങ്ങളിലായി ചിതറികിടന്നിരുന്ന ദ്രാവിഡ, നാഗ, ദളിത്‌ സംസ്കാരങ്ങളോടായിരുന്നു അവയ്ക്കു കൂടുതൽ സാമ്യം.ഇതു വേദങ്ങളിലധിഷ്ടിതമായിരുന്ന ഹിന്ദുത്ത്വ സംഘടനകളുടെ ദേശിയവാദത്തിനും കനത്ത ആഘാതം സൃഷ്ടിച്ചു.അതിനാൽ തന്നെ അവർ ഇത്തരം കണ്ടെത്തലുകളെ അംഗികരിച്ചില്ല.ബ്രിട്ടീഷുക്കാരുടെ അജണ്ടയുടെ ഫലമണു ഇത്തരം പഠനങ്ങളെന്ന വാദം വരെയുണ്ടായി.ഇന്നും ഈ ആധുനീക യുഗത്തിൽ പോലും അവർ അതെ വാദം തന്നെ ഉന്നയിക്കുകയും ചെയ്യുന്നു.
സ്വതന്ത്ര്യാനന്തരം ഉപഭൂഘണ്ടം വിഭജിച്ചു രണ്ടു രാജ്യമായെങ്കിലും ചരിത്രപഠനങ്ങൾ ഇരു രാജ്യങ്ങളിലും മുറപോലെ നടക്കുന്നു.തൽഫലമായി ധാരാളം പൗരാണിക നഗരങ്ങളും ആയിരത്തിലധികം സൈറ്റുകളും പുതുതായി കണ്ടെത്തുകയുണ്ടായി.എങ്കിലും വിഭജനാന്തരം ഇരുരാജ്യങ്ങൾക്കിടയിലും സൃഷ്ടിക്കപ്പെട്ട രാഷ്ട്രീയ വിഷയങ്ങൾമൂലമുള്ള ശത്രുത ഈ പഠങ്ങങ്ങൾക്കു വിലങ്ങുതടിയാവുന്നുണ്ട്‌.കൊളോണിയൽ അധിനിവേശങ്ങളിൽ നിന്നുള്ള മോചനത്തിനായി ഉയർത്തികൊണ്ടുവന്ന ദേശീയവികാരം ആ കാലങ്ങളിൽ തന്നെ നമ്മുക്കു കൈമോശം വന്നിരുന്നു.നമ്മുടെ പൗരാണിക സംസ്കൃതിയുടെ വിളനിലമായിരുന്ന നിലവിലെ പാകിസ്ഥാനെന്ന ദേശത്തെ അസഭ്യം പറയുന്നതാണു രാജ്യസ്നേഹമെന്നു ചിന്തിക്കുന്ന തരത്തിൽ അധപതിച്ചിരിക്കുന്നു നമ്മുടെ രാജ്യത്തെ ദേശിയത.അത്തരം വികലചിന്തകൾ ഉപേക്ഷിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു ഇരുരാജ്യങ്ങളുടെയും ജനങ്ങൾക്കിടയിൽ.7000 വർഷത്തിനു മുകളിൽ പഴക്കമുള്ള ഇരുരാജ്യങ്ങളുടേയും സംസ്കാരം കേവലം മതങ്ങളുടെ പേരിൽ കഴിഞ്ഞ 70 വർഷത്തോളമായി വേർപെട്ടു കിടക്കുന്നുവെന്നത്‌ ദുഖകരമായ വസ്തുതയാണു.ഒരു പൊതു സംസ്കാരം വഹിക്കുന്ന ഇരുരാജ്യങ്ങളിലേയും ജനത ഇന്നല്ലെങ്കിൽ നാളെ അതു തിരിച്ചറിയുക തന്നെ ചെയ്യും.കൊളോണിയൽ അധിനിവേശക്കർക്കെതിരെ ഒന്നിച്ച അതെ ജനത തന്നെ മതാധിനിവേശത്തിനെതിരെ തിരിയുന്ന കാലം വിദൂരമല്ല.ഉപഭൂഘണ്ട ചരിത്രം അത്തരം തിരിച്ചുവരവുകൾക്കു മുമ്പും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.

No comments:

Post a Comment

Search This Blog