Saturday 3 October 2015

"The terminal man"

Courtesy;Mohammed Favas

മെഹ്റാന്‍ കരീമി നസ്രി:
"The terminal man"

ഇറാന്‍കാരനായ പിതാവിനും സ്കോട്ട്ലന്‍ഡുകാരിയായ മാതാവിനും ജനിച്ച മെഹ്റാന്‍ കരീമി പണ്ട് ഷാ മുഹമ്മദ് റിസാ പഹ്ലവിയുടെ ഭരണകൂടത്തിനെതിരായ വിപ്ളവത്തില്‍ പങ്കെടുത്തതിന്‍െറ പേരില്‍ രാജ്യഭ്രഷ്ടനാവുകയായിരുന്നു. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നതിനും അഞ്ചു വര്‍ഷം മുമ്പ് ജനിച്ച കരീമി 1977ല്‍ ഇറാനില്‍നിന്ന് പുറത്താക്കപ്പെട്ടു. ഷാ ഭരണം അവസാനിച്ച് ഇറാനില്‍ വിപ്ളവം വിജയിച്ചിട്ടും ഇറാന് പുറത്തായിരുന്നു കരീമിയുടെ വാസം. അത്യന്തം വിചിത്രമായിരുന്നു കരീമിയുടെ ജീവിതം.
1972ല്‍ പിതാവ് മരിച്ചപ്പോള്‍ അദ്ദേഹത്തിന്‍െറ കുടുംബം കരീമിയെ അവിഹിത സന്താനമെന്നാരോപിച്ച് ആദ്യം പുറത്താക്കി. നേരേ അയാള്‍ പോയത് ഇംഗ്ളണ്ടിലേക്ക്. യൂഗോസ്ലാവ് ഭാഷയും സാമ്പത്തികശാസ്ത്രവും പഠിക്കാനായിരുന്നു ആ പോക്ക്. രണ്ടു വര്‍ഷം കഴിഞ്ഞ് അയാള്‍ ഇറാനിലേക്ക് മടങ്ങിവന്നു. അപ്പോഴാണ് ഷാ ഭരണത്തിനെതിരെ ഇറാനില്‍ പ്രക്ഷോഭം കൊടുമ്പിരിക്കൊള്ളുന്നത്. പ്രതിഷേധക്കാര്‍ക്കൊപ്പം പ്രകടനത്തില്‍ കൂടിയ കരീമി ജയിലിലെത്തി. ഒടുവില്‍ പൗരത്വം റദ്ദാക്കപ്പെട്ട അയാളെ രാജ്യത്തുനിന്ന് പുറത്താക്കി.
പിന്നീടുള്ള കരീമിയുടെ കാലം അഭയാര്‍ഥിയുടേതായിരുന്നു. യൂറോപ്പിലെ വിവിധ രാജ്യങ്ങള്‍ക്കുമുന്നില്‍ അഭയത്തിനായി അയാള്‍ യാചനാ പാത്രം നീട്ടി. അത് യൂറോപ്പ് മുഴുനീളത്തിലുള്ള ഒരു പര്യടനമായി മാറി. കരീമിയുടെ അപേക്ഷ ബെല്‍ജിയത്തിലാണ് സ്വീകരിക്കപ്പെട്ടത്. 1981ല്‍ ഐക്യരാഷ്ട്രസഭയുടെ അഭയാര്‍ഥി ഹൈകമീഷന്‍െറ ശിപാര്‍ശ പ്രകാരം അഭയം നല്‍കാമെന്ന് ബെല്‍ജിയം സമ്മതിച്ചു. അതിനിടയില്‍ ഇംഗ്ളണ്ടിലേക്ക് പോകണമെന്ന മോഹം കലശലായി. 1988ലെ ആ യാത്രക്കിടയില്‍ അയാള്‍ ഫ്രാന്‍സില്‍ എത്തി. അവിടെ ഒരു തീവണ്ടിയാപ്പീസില്‍ നിര്‍ഭാഗ്യം മോഷ്ടാവിന്‍െറ രൂപത്തില്‍ മെഹ്റാനെ കാത്തിരിപ്പുണ്ടായിരുന്നു. അയാളുടെ യാത്രാരേഖകള്‍ ആ യാത്രയില്‍ അപഹരിക്കപ്പെട്ടു.
എങ്ങനെയോ അയാള്‍ ഫ്രാന്‍സിലെ ചാള്‍സ് ഡി ഗ്വല്ലെ വിമാനത്താവളത്തില്‍നിന്ന് ഇംഗ്ളണ്ടിലേക്കുള്ള വിമാനത്തില്‍ കയറിപ്പറ്റി. പക്ഷേ, ഹീത്രോ വിമാനത്താവളത്തില്‍ വന്നിറങ്ങിയ മെഹ്റാന്‍ അപ്പോഴേക്കും രാജ്യവും രേഖയുമില്ലാത്ത ആളായി മാറിക്കഴിഞ്ഞിരുന്നു. അധികൃതര്‍ അടുത്ത വിമാനത്തില്‍ അയാളെ ഫ്രാന്‍സിലേക്കുതന്നെ തിരിച്ചയച്ചു. 1988 ആഗസ്റ്റ് 26ന് ഊരും പേരും ദേശവും അടയാളപ്പെടുത്താന്‍ രേഖകളില്ലാതെ വന്നിറങ്ങിയ മെഹ്റാന്‍ ചാള്‍സ് ഡി ഗ്വല്ലെ വിമാനത്താവളത്തിന്‍െറ ഡിപാര്‍ച്ചര്‍ ലോഞ്ചിലെ ബെഞ്ചില്‍ ഇരുന്നു. തൊട്ടടുത്ത് യാത്രാരേഖകള്‍ ഒഴികെയുള്ള അയാളുടെ ലഗേജുകള്‍ ചിട്ടയായി അടുക്കിവെച്ചു. ആ ഇരിപ്പില്‍ മെഹ്റാന്‍ കരീമിയുടെ മുന്നിലൂടെ ഒലിച്ചുപോയത് വര്‍ഷങ്ങളായിരുന്നു. ആന്‍റണ്‍ ചെക്കോവിന്‍െറ ‘പന്തയ’ത്തിലെ നായകനായ യുവ അഭിഭാഷകനെപ്പോലെ വായനയുടെ ലോകം ഏകാന്തതയുടെ മടുപ്പകറ്റാന്‍ മെഹ്റാന്‍ കണ്ടെത്തിയ വഴിയായി.
എപ്പോള്‍ വേണമെങ്കിലും പുറപ്പെട്ടേക്കാവുന്ന ഒരു യാത്രികനെപ്പോലെ ഓരോ ദിവസവും പുതുമയോടെ അയാളിരുന്നു. അതിരാവിലെ യാത്രക്കാരുടെ ബഹളങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ് അയാള്‍ വിമാനത്താവളത്തിലെ ബാത്റൂമില്‍ കയറി കുളിച്ച്, ഷേവ് ചെയ്ത്, വസ്ത്രങ്ങള്‍ ധരിച്ച് ലഗേജുകള്‍ക്കരികിലെ തന്‍െറ ഇരിപ്പിടത്തില്‍ വന്നിരുന്നു. ആദ്യമാദ്യം കൗതുകമുള്ള കാഴ്ചയായിരുന്നു മെഹ്റാന്‍. വാര്‍ത്തകളുടെ തലക്കെട്ടുകളില്‍ അയാള്‍ നിറഞ്ഞുനിന്ന ഇടവേളക്കുശേഷം എല്ലാം പഴയതുപോലെയായപ്പോള്‍ മെഹ്റാന്‍െറ കാത്തിരിപ്പുകഥ ലോകം മറന്നു.
പക്ഷേ, അപ്പോഴേക്കും മെഹ്റാന്‍ വിമാനത്താവളത്തിന്‍െറ ലിഫ്റ്റും എസ്കലേറ്ററുമൊക്കെപ്പോലെ മുറിച്ചുമാറ്റാന്‍ കഴിയാത്ത ഒരു ഭാഗമായി മാറിക്കഴിഞ്ഞിരുന്നു. ഭക്ഷണത്തിന് അയാള്‍ക്ക് മുട്ടുവന്നില്ല. യാത്രക്കാര്‍ നല്‍കുന്ന ഫുഡ് കൂപ്പണുകള്‍ അയാളെ തേടിവന്നു. പിന്നെ അത്യാവശ്യം പണവും. കത്തുകള്‍ ആ മേല്‍വിലാസത്തില്‍ കിട്ടിത്തുടങ്ങി.
അയാള്‍ക്കു വേണമെങ്കില്‍ ചില്ലുവാതില്‍ തുറന്ന് പുറത്തേക്കിറങ്ങാമായിരുന്നു. പലവട്ടം ആ ജാലകപ്പടിയോളമെത്തി അയാള്‍ കഴുത്ത് പുറത്തേക്ക് നീട്ടി ഒരു മീനിനെപ്പോലെ ശ്വാസമെടുത്തു മടങ്ങി. വാതില്‍പ്പടിക്കപ്പുറം നിയമങ്ങളുള്ള ഫ്രാന്‍സെന്ന രാജ്യമാണെന്നും അവിടേക്ക് നീട്ടിവെക്കുന്ന ആദ്യ കാലടി തന്നെ ജയിലിലെത്തിക്കുമെന്നും മെഹ്റാന് അറിയാമായിരുന്നു. ഒരിക്കല്‍പോലും ആ ലക്ഷ്മണരേഖ അയാള്‍ മുറിച്ചുകടന്നില്ല. അതിനിടയില്‍ ആരോ അയാള്‍ക്കൊരു ഓമനപ്പേരും നല്‍കി: ‘ആല്‍ഫ്രഡ്’. അതിനിടയില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. ക്രിസ്റ്റ്യന്‍ ബോര്‍ഗേ മെഹ്റാനുവേണ്ടി നിയമ പോരാട്ടം നടത്തുന്നുണ്ടായിരുന്നു. വീണ്ടും അയാളെ തിരിച്ചെടുക്കാമെന്നും ഒരു സാമൂഹിക പ്രവര്‍ത്തകന്‍െറ സദാ നിരീക്ഷണത്തില്‍ മെഹ്റാന്‍ കഴിയണമെന്നുമുള്ള ബെല്‍ജിയം സര്‍ക്കാറിന്‍െറ നിര്‍ദേശം അയാള്‍ സ്വീകരിച്ചില്ല. പിന്നെയും ആ കാത്തിരിപ്പ് തുടര്‍ന്നു. ഒന്നും രണ്ടുമല്ല, നീണ്ട 17 വര്‍ഷങ്ങള്‍!
1999 സെപ്റ്റംബര്‍ 17ന് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ മെഹ്റാന്‍ ഇറാന്‍ പൗരനാണെന്നും ലോകത്തെവിടേക്ക് വേണമെങ്കിലും പോകാമെന്നുമുള്ള വിധി സംഘടിപ്പിക്കാന്‍ അഡ്വ. ബോര്‍ഗിനായി. പക്ഷേ, വര്‍ഷങ്ങളായി താന്‍ ഉറങ്ങുകയും ഉണരുകയും ചെയ്ത വിമാനത്താവളത്തിന്‍െറ ഒന്നാം ടെര്‍മിനല്‍ വിട്ടുപോകാന്‍ അയാള്‍ കൂട്ടാക്കിയില്ല.
മെഹ്റാനെ സന്ദര്‍ശിച്ച് ‘Here to Where’ എന്ന ഡോക്യുമെന്‍ററി തയാറാക്കിയ പോള്‍ ബെര്‍സെല്ലര്‍ ഞെട്ടിപ്പിക്കുന്ന ഒരു സത്യം കണ്ടെത്തി. മാന്യനും കുലീനനും സൗമ്യനുമായ ആ അഭയാര്‍ഥി തന്‍െറ ഭൂതകാലത്തെക്കുറിച്ച് പറഞ്ഞതില്‍ പലതും പരസ്പരബന്ധമില്ലാത്തതും കൂടിക്കുഴഞ്ഞതുമായിരുന്നു. അയാളുടെ സഹോദരങ്ങളെ പോള്‍ ഇറാനില്‍ കണ്ടെത്തി.
അവര്‍ പറഞ്ഞതും വിമാനത്താവളത്തില്‍ മെഹ്റാനെ നിരീക്ഷിച്ചിരുന്ന ഡോക്ടറും അത് സ്ഥിരീകരിച്ചു. നിയമത്തിന്‍െറ അന്തമില്ലാത്ത നാടക്കുരുക്കില്‍പെട്ട് മെഹ്റാന്‍ കരീമി നസ്രിയുടെ മനസ്സിന്‍െറ താളം തെറ്റിയിരിക്കുന്നു. അയാളില്‍നിന്ന് ഭൂതകാലം നഷ്ടമായിരിക്കുന്നു. 2006 ജൂലൈയില്‍ അസുഖബാധിതനായി മെഹ്റാന്‍ ആശുപത്രിയില്‍ ആകുന്നതുവരെ ചാള്‍സ് ഡി ഗ്വല്ലെയായിരുന്നു അയാളുടെ തറവാടും മേല്‍വിലാസവും. ഭവനരഹിതരായവരെ താമസിപ്പിക്കുന്ന ഫ്രാന്‍സിലെ ഒരു അഭയസങ്കേതത്തിലേക്ക് പിന്നീടയാളെ മാറ്റി.
71കാരനായ മെഹ്റാന്‍ ഇപ്പോഴും അവിടെയെവിടെയോ ഉണ്ടായിരിക്കണം. അവസാനത്തെ ഓര്‍മകളും ഇപ്പോള്‍ അയാളില്‍നിന്ന് മാഞ്ഞുപോയിട്ടുണ്ടാവും.....

No comments:

Post a Comment

Search This Blog