Saturday, 23 September 2017

ചോര ചിന്തിയ മരതകദ്വീപ്



ചോര ചിന്തിയ മരതകദ്വീപ്       ഭാഗം -1

കടപ്പാട് ; ചരിത്രാന്വേഷികള്‍ - ശ്രീ  വിപിന്‍ കുമാര്‍

ബിസി ആറാം നൂറ്റാണ്ടു മുതല്‍ സിംഹള-തമിഴ് തര്‍ക്കം ആരംഭിച്ചതായാണ് ചില ചരിത്രകാരന്മാരുടെ അഭിപ്രായം. തങ്ങളാണ് ശ്രീലങ്കയിലെ ആദിമവംശജരെന്നു സിംഹളരും തമിഴരും അവകാശവാദമുന്നയിക്കുന്നു. സിംഹള-തമിഴ് രാജാക്കന്മാര്‍ മാറിമാറി ഭരിച്ചിരുന്ന രാജ്യമാണ് ശ്രീലങ്ക. ആര്യന്‍ സംസ്കാരം പിന്തുടരുന്ന സിംഹളരും ദ്രാവിഡ സംസ്കാരത്തിന്റെ പിന്തുടര്‍ച്ചക്കാരായ തമിഴരും തമ്മിലുള്ള സംസ്കാരിക സ്വരച്ചേര്‍ച്ചയില്ലായ്മയും യുദ്ധങ്ങളെ തുടര്‍ന്നുണ്ടായ ശത്രുതയുമാണ് ചരിത്രത്തേക്കാള്‍ പഴക്കമുള്ള സിംഹള-തമിഴ് വൈര്യത്തിന്റെ അടിസ്ഥാനം. ദക്ഷിണേന്ത്യയിലെ സമര്‍ഥരായ ചോള/പാണ്ഡ്യരാജാക്കന്മാര്‍ പലപ്പോഴും ലങ്ക അടക്കി ഭരിച്ചിരുന്നു. സിംഹള രാജാവും തമിഴ് രാജാവും ഒരേസമയം പ്രവിശ്യകളില്‍ അയല്‍ക്കാരായും ഭരണം നടത്തി. തമിഴ് രാജാക്കന്മാരെ ഭയന്ന് സിംഹളസാമ്രാജ്യം തെക്കോട്ട് നീങ്ങിനീങ്ങി കാന്‍ഡി വരെ യെത്തി.
വടക്കുകിഴക്കന്‍ പ്രവിശ്യകളില്‍ തമിഴ് രാജാക്കന്മാരുടെ സ്വയം ഭരണത്തില്‍ തമിഴര്‍ സമാധാനമായി കഴിഞ്ഞിരുന്നതായി 13-ആം നൂറ്റാണ്ടിലെ രേഖകളില്‍ കാണുന്നു. യൂറോപ്യന്മാര്‍ കീഴടക്കുന്നതുവരെ ലങ്കന്‍ ചരിത്രത്തിലെ സമാധാനകാലം തുടര്‍ന്നു. 1505 ല്‍ എത്തിയ പോര്‍ച്ചുഗീസുകാര്‍ സിംഹളര്‍ക്കും തമിഴര്‍ക്കും പ്രത്യേകം സാമ്രാജ്യം നല്‍കിയതായി ചരിത്രമുണ്ട്. 1619 ല്‍ തമിഴ് രാജാവായ ശങ്കിലികുമാരനെ പോര്‍ച്ചുഗീസുകാര്‍ സ്ഥാനഭ്രഷ്ടനാക്കുകയും ഗോവയില്‍ കൊണ്ടുവന്ന് തൂക്കിലേറ്റുകയും ചെയ്തതോടെ സ്ഥിതി മാറി. പിന്നീട് വന്ന ഡച്ചുകാര്‍ സിംഹളരുടെയും തമിഴരുടെയും വംശീയത മാനിച്ച് രണ്ടുകൂട്ടര്‍ക്കും വിവിധ ഭരണമേഖലകള്‍ തിരിച്ചു നല്‍കി. പിന്നീടാണ് ബ്രിട്ടീഷുകാര്‍ എത്തിയത്. ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച സിംഹളര്‍ തോട്ടങ്ങളില്‍ പണിയെടുക്കാന്‍ കൂട്ടാക്കിയില്ല. സിംഹളരെ ഒരു പാഠം പഠിപ്പിക്കാന്‍ ബ്രിട്ടീഷുകാര്‍ തെക്കേ ഇന്ത്യയില്‍ നിന്ന് തമിഴരെ ഇറക്കാന്‍ തീരുമാനിച്ചു. തമിഴ്-സിംഹള വംശീയതയെ മാനിക്കാതെ എല്ലാ പ്രവിശ്യകളും ലയിപ്പിച്ച് ഇരുകൂട്ടരെയും ഭിന്നിപ്പിച്ച് കാര്യം സാധിക്കാനും ബ്രിട്ടീഷുകാര്‍ ശ്രമിച്ചു. ആദിതമിഴര്‍ക്കും സിംഹളര്‍ക്കും ഇടയിലേക്ക് പകയുടെ പുതിയ അദ്ധ്യായം രചിച്ച് ഇന്ത്യയില്‍ നിന്നും തമിഴ് തോട്ടം തൊഴിലാളികളുടെ വന്‍തോതിലുള്ള കുടിയേറ്റമുണ്ടായി. 1825ല്‍ ആദ്യ ബാച്ച് തൊഴിലാളികള്‍ കടല്‍ കടന്നു. 1860 ആയപ്പോഴേക്കും കുടിയേറ്റത്തൊഴിലാളികളുടെ എണ്ണം പത്തുലക്ഷം കവിഞ്ഞു.
തിരുച്ചിറപ്പള്ളി മേഖലയില്‍ നിന്നുള്ളവരായിരുന്നു ആദ്യമെത്തിയ തൊഴിലാളികളേറെയും. പിന്നീട് കേരളം, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നുള്ളവരും കുടിയേറി. തൊഴിലാളികളെ വന്‍ തോതില്‍ ദ്വീപിലേക്ക് കടത്തിയ കരാറുകാര്‍ ഇവരെ ചതിക്കുകയായിരുന്നു. രാമേശ്വരത്തുനിന്ന് ബോട്ടുകളിലും ചെറുകപ്പലുകളിലും ശ്രീലങ്കയിലെ തലൈമന്നാറില്‍ ഇറങ്ങി ദിവസങ്ങളോളം വനത്തിലൂടെ നടന്നാണ് തൊഴിലാളിസംഘങ്ങള്‍ കാന്‍ഡിയിലെയും കൊളോബോയിലെയും തേയിലത്തോട്ടങ്ങളില്‍ എത്തിയിരുന്നത്. ദാരിദ്ര്യമാണ് ഈ പലായനത്തിന് അവരെയന്ന് നിര്‍ബന്ധിതരാക്കിയത്. തുച്ഛമായ വേതനത്തില്‍, ദുര്‍ഘട സാഹചര്യങ്ങളില്‍ ജോലി ചെയ്യാന്‍ വിധിക്കപ്പെട്ട ആയിരങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ ബ്രിട്ടീഷുകാരായ തോട്ടമുടമകള്‍ തയ്യാറായില്ല. പരിതാപകരമായ അവസ്ഥയില്‍ സായിപ്പിന്റെ മാത്രമല്ല, കങ്കാണിമാരുടെ പീഢനവും സഹിച്ചായിരുന്നു തൊഴിലാളികള്‍ തോട്ടങ്ങളില്‍ ജോലി ചെയ്തത്. എന്നാല്‍ ലങ്കന്‍ തമിഴരുടെ സ്ഥിതി താരതമ്യേന ഭേദമായിരുന്നു. അവരില്‍ പലരും മിഷനറി വിദ്യാലയങ്ങളില്‍നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലികളിലെത്തി.
1948ല്‍ ബ്രിട്ടീഷ് ഭരണത്തില്‍നിന്ന് ശ്രീലങ്ക സ്വതന്ത്രമായി. കേംബ്രിജ്ഡ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യുഎന്‍പിയുടെ നേതൃത്വത്തിലേക്കു വന്ന ഡോണ്‍ സ്റ്റീഫന്‍ സേനനായകെ ആദ്യ പ്രധാനമന്ത്രിയായി. എന്നാല്‍ ദൈന്യത നിറഞ്ഞ നാളുകള്‍ മാറി പ്രത്യാശയുടെ പുലരി എത്തുമെന്ന്‍ സ്വപ്നം കണ്ടിരുന്ന തോട്ടം തൊഴിലാളികളുടെ പ്രതീക്ഷ അസ്ഥാനത്തായി. തമിഴ് തോട്ടം തൊഴിലാളികള്‍ക്ക് പൗരത്വം നിഷേധിച്ചുകൊണ്ടായിരുന്നു തുടക്കം. 1949ല്‍ തമിഴര്‍ക്ക് വോട്ടവകാശവും നിഷേധിച്ചുകൊണ്ട് പാര്‍ലമെന്റ് നിയമം പാസാക്കി. രണ്ടു തമിഴ് വംശജരെ എം.പി.മാരാക്കി പ്രശ്നമ്പരിഹരിക്കാന്‍ പിന്നീട് ശ്രമമുണ്ടായി. ലങ്കന്‍ തോട്ടങ്ങളില്‍ തലമുറകളോളം അടിമകളെപ്പോലെ പണിയെടുത്ത തമിഴരുടെ അവകാശനിഷേധത്തിനെതിരെ ഏതാനും ഇടതനുഭാവികളായ സിംഹള എം.പി.മാരും രംഗത്തുവന്നു. സിലോണ്‍ ഇന്ത്യന്‍ കോണ്‍ഗ്രസ് ലേബര്‍ യൂണിയന്റെ ആവിര്‍ഭാവം ഇങ്ങനെയായിരുന്നു. ഗാന്ധിയനായ സാമുവല്‍ ജെയിംസ് ശെല്വനായകത്തിന്റെ നേതൃത്വത്തില്‍ സിലോണ്‍ തമിഴ് സ്റ്റേറ്റ് പാര്‍ട്ടിയും ഈ സമയത്ത് പ്രവര്‍ത്തനം ആരംഭിച്ചു.
തമിഴ്നാട്ടുകാരുടെ സഹായത്തോടെ ലങ്കയില്‍ ആധിപത്യത്തിനു ശ്രമിക്കുന്ന നുഴഞ്ഞുകയറ്റക്കാരെന്ന മനോഭാവമായിരുന്നു തമിഴ് വംശജരെക്കുറിച്ച് സിംഹളര്‍ പുലര്‍ത്തിയത്. സിലോണിന്റെ സ്വാതന്ത്ര്യത്തിനായി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് മാതൃകയില്‍ രൂപീകരിച്ച സിലോണ്‍ നാഷണല്‍ കോണ്‍ഗ്രസിന്റെയും തമിഴ് വംശജനായ സ്ഥാപകനും മന്ത്രിയുമായ പൊന്നമ്പലം അരുണാചലത്തിന്റെയും മറ്റും ദേശസ്നേഹനിലപാടുകള്‍ സിംഹളസ്പര്‍ധയില്‍ മുങ്ങിപ്പോയി. 1953ല്‍ സര്‍ ജോണ്‍ കൊത്ലേവാലയുടെ നേതൃത്വത്തില്‍ ചുമതലയേറ്റ സര്‍ക്കാര്‍ പൊന്നമ്പലത്തെയും മറ്റും മന്ത്രിസ്ഥാനത്തുനിന്ന് പുറത്താക്കി. തമിഴും സിംഹളവും ഒരുപോലെ പ്രധാനപ്പെട്ടതാണെന്ന് ജാഫ്നയില്‍ പ്രസംഗിച്ചതോടെ കൊത്ലേവാലയ്ക്കെതിരെ സിംഹളര്‍ തിരിഞ്ഞു. 1956 ല്‍ ലങ്കയില്‍ വീണ്ടും തിരഞ്ഞെടുപ്പിന് കളമൊരുങ്ങി. അധികാരം ലഭിച്ചാല്‍ 24 മണിക്കൂറിനകം സിംഹളയെ ഭരണഭാഷയായി പ്രഖ്യാപിക്കുമെന്നായിരുന്നു യുഎന്‍പി വിട്ട് ശ്രീലങ്കന്‍ ഫ്രീഡം പാര്‍ട്ടി രൂപീകരിച്ച സോളമന്‍ ബന്ദാരനായകെയുടെ തിരഞ്ഞെടുപ്പു വാഗ്ദാനം. തിരഞ്ഞെടുപ്പില്‍ യുഎന്‍പിയെ പരാജയപ്പെടുത്തി ഫ്രീഡം പാര്‍ട്ടി അധികാരത്തിലെത്തി.
1956- അഹിംസ ഉപദേശിച്ച ബുദ്ധന്‍ ജനിച്ചിട്ട് 2500 വര്‍ഷം തികയുന്നു. ലങ്കയില്‍ ഹിംസയുടെ യുഗത്തിന് തുടക്കം കുറിച്ച നിയമഭേദഗതി നിലവില്‍ വന്നതും ആ വര്‍ഷമാണ്. സിംഹളയെ ശ്രീലങ്കയുടെ ഔദ്യോഗികഭാഷയായി പ്രഖ്യാപിച്ചുകൊണ്ടുള്ള സിംഹള വണ്‍ലി ആക്ട് (Sinhala Only Act of 1956) സിംഹള-തമിഴ് വംശീയപ്രശ്നത്തെ രൂക്ഷമാക്കി. ഭരണപക്ഷമായ ഫ്രീഡം പാര്‍ട്ടി കൊണ്ടുവന്ന ബില്ലിനെ പ്രതിപക്ഷമായ യുഎന്‍പിയും പിന്തുണച്ചു. സിംഹളവികാരത്തിന്റെ തള്ളലില്‍ കാട്ടുന്ന ഈ അനീതി രാജ്യത്തിന്റെ ഐക്യത്തിനു ഭീഷണിയാകുമെന്ന് ലങ്കാ സമസമാജ പാര്‍ട്ടി എംപിമാരായ ലെസ്ലി ഗുണവര്‍ധനെയും കാല്‍വിന്‍ ആര്‍ ഡിസില്‍വയും മുന്നറിയിപ്പ് നല്‍കിയെങ്കിലും ആരുമത് ചെവികൊണ്ടില്ല. 1956 ജൂണില്‍ ലങ്കന്‍ പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്ന ബില്ലിനെതിരെ തമിഴ് കക്ഷിയായ ഫെഡറല്‍ പാര്‍ട്ടിയുടെ അംഗങ്ങള്‍ പാര്‍ലമെന്റിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ബില്ലിനെ അനുകൂലിച്ച് പാര്‍ലമെന്റ് മാര്‍ച്ച് നടത്തിയ സിംഹളര്‍ കുത്തിയിരുന്നവര്‍ക്കിടയിലേക്ക് ഇരച്ചുകയറി അക്രമം അഴിച്ചുവിട്ടു.തമിഴ് വംശജര്‍ വ്യാപകമായി അക്രമിക്കപ്പെട്ടു. അവരുടെ കടകള്‍ കൊള്ളയടിക്കപ്പെട്ടു. പോലീസ് പലയിടത്തും നോക്കുകുത്തിയായി. കലാപം അവസാനിച്ചപ്പോഴേക്കും സ്ത്രീകളും കുട്ടികളുമടക്കം 150 തമിഴ് വംശജരുടെ ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ശ്രീലങ്കന്‍ സ്വാതന്ത്ര്യദിനമായ ഫെബ്രുവരി 4 വിലാപത്തിന്റെ ദിനമായി തമിഴര്‍ ആചരിച്ചു. സര്‍ക്കാര്‍ സര്‍വീസുകളില്‍ മാത്രമല്ല, ഭൂമി പതിച്ചുനല്‍കുന്നതുള്‍പ്പെടെ എല്ലാ മേഖലകളിലും തമിഴര്‍ രണ്ടാം പൗരന്മാരായി പരിഗണിക്കപ്പെട്ടു. തമിഴ് മേഖലകളില്‍ സിംഹള നമ്പര്‍പ്ലേറ്റുകള്‍ മായ്ച്ചും ബോര്‍ഡുകള്‍ക്ക് കറുപ്പടിച്ചും തമിഴര്‍ തിരിച്ചടിച്ചു. സംഗതി കൈവിട്ട് പോകുന്നതുകണ്ട് ബന്ദാരനായകെ ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായി. ശെല്വനായകത്തിന്റെ നേതൃത്വത്തില്‍ തമിഴ് എം പിമാരുമായുള്ള ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തമിഴ് ഉപയോഗിക്കുന്നതിലുണ്ടായിരുന്ന ചില വിലക്കുകള്‍ക്ക് അയവു വരുത്തി. തമിഴ് പ്രദേശങ്ങളില്‍ സ്വതന്ത്ര കൗണ്‍സിലുകള്‍ രൂപീകരിക്കാനും നിയമം പാസാക്കി. പക്ഷേ സിംഹളരുടെ എതിര്‍പ്പ് മൂലം ശെല്വനായകം-ബന്ദാരനായകെ കരാറുകളും പിന്‍വലിക്കേണ്ടിവന്നു. കലാപം പൊട്ടിപ്പുറപ്പെട്ടു. തമിഴര്‍ വ്യാപകമായി ആക്രമിക്കപ്പെട്ടു. വരീന്ദ്ര ടാര്‍സി വിറ്റാച്ചിയെപ്പോലുള്ള പ്രശസ്തരായ ലങ്കന്‍ പത്രപ്രവര്‍ത്തകര്‍ ഇതിനെതിരെ ശബ്ദിച്ചു. സര്‍ക്കാര്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. 1959 സെപ്റ്റംബര്‍ 25ന് ലങ്കയിലെ ആദ്യത്തെ രാഷ്ട്രീയകൊലപാതകം അരങ്ങേറി. പ്രധാനമന്ത്രി ബന്ദാരനായകെയെ ഒരു ബുദ്ധഭിക്ഷു വെടിവെച്ചു കൊന്നു.
അടുത്ത തിരഞ്ഞെടുപ്പില്‍ സഹതാപതരംഗത്തിന്റെ ആനുകൂല്യത്തില്‍ ബന്ദാരനായകെയുടെ വിധവ സിരിമാവോ ജയിച്ചുകയറി. ലോകത്തിലെ തിരഞ്ഞെടുക്കപ്പെട്ട ആദ്യ വനിതാപ്രധാനമന്ത്രിയായി ചരിത്രം തിരുത്തിയെഴുതി.ശെല്‍വനായകത്തിന്റെ നേതൃത്വത്തില്‍ ജാഫ്നയിലും മറ്റും പ്രതിഷേധം തുടര്‍ന്നുകൊണ്ടിരുന്നു. കന്‍കേശന്‍തുറയില്‍ അദ്ദേഹത്തിന്റെ പ്രേരണയില്‍ തപാല്‍ സര്‍വീസ് ആരംഭിച്ചു. എന്നിട്ടും തമിഴരുടെ ജനനസര്‍ട്ടിഫിക്കറ്റുപോലും സിംഹളത്തില്‍ നല്‍കി സിരിമാവോ സര്‍ക്കാര്‍ അടിച്ചമര്‍ത്തല്‍ തുടര്‍ന്നു. സത്യാഗ്രഹങ്ങളെ അടിച്ചമര്‍ത്തിയതോടെ തൊഴില്‍ നഷ്ടപ്പെടാതിരിക്കാന്‍ തമിഴ് യുവാക്കള്‍ സിംഹളഭാഷ പഠിച്ചു.
അധികാരം നിലനിര്‍ത്താനുള്ള ഉപാധിയായി മാത്രം സിംഹള-തമിഴ് പ്രശ്നത്തെ കണ്ട ലങ്കയിലെ രാഷ്ട്രീയകക്ഷികള്‍ക്ക് ഭാവിയില്‍ വരാനിരിക്കുന്ന തീവ്രവാദത്തെ മുന്‍കൂട്ടി കാണാനുള്ള ദീര്‍ഘവീക്ഷണമില്ലാതെപോയി. ഇടയ്ക്ക് തമിഴര്‍ക്ക് എന്തെങ്കിലും ഇളവ് നല്‍കാന്‍ ഒരു പാര്‍ട്ടി ശ്രമിച്ചാല്‍ സിംഹളര്‍ അനീതി നേരിടുന്നു എന്നു മുറവിളി കൂട്ടി അത് റദ്ദാക്കിക്കുന്നതിലായിരിക്കും പ്രതിപക്ഷത്തിന്റെ ശ്രദ്ധ. തമിഴരുടെ ഉള്ളില്‍ പ്രതികാരവാഞ്ഛ വളരുന്നത് ആരും ശ്രദ്ധിച്ചില്ല.
1965ല്‍ ദദ്ലീ സേനാനായകെയുടെ നേതൃത്വത്തില്‍ യുഎന്‍പി ഭരണത്തിലേറി. 1970 ല്‍ സിരിമാവോ അധികാരത്തില്‍ തിരിച്ചെത്തി. 1972ല്‍ സിരിമാവോ നടപ്പാക്കിയ ഭരണഘടനാപരിഷ്കാരത്തിലെ പ്രധാന നിര്‍ദേശം വഴിത്തിരിവായി. അന്നുമുതല്‍ സിലോണ്‍ ശ്രീലങ്ക എന്ന്‍ വിളിക്കപ്പെട്ടു.
മോസ്കോയില്‍ പഠനം പൂര്‍ത്തിയാക്കിയ റോഹന വിജയവീരയുടെ നേതൃത്വത്തില്‍ തീവ്ര ഇടതുപക്ഷമായ ജനതാ വിമുക്തി പെരമുന (ജെവിപി) ആഭ്യന്തരകലാപം ആരംഭിച്ചത് ഇതിനിടെയാണ്. 1971ഏപ്രിലില്‍ സ്വന്തമായി ആയുധമുണ്ടാക്കി ജെവിപിക്കാര്‍ സൈന്യത്തെ നേരിട്ടതോടെ ലങ്കന്‍ സര്‍ക്കാര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള അയല്‍ രാജ്യങ്ങളുടെ സഹായം തേടി. കലാപം 30,000 പേരുടെ ജീവനെടുത്തു.
സർവകലാശാലകളിൽ സിംഹള രേക്കാൾ കൂടുതൽ മാർക് വാങ്ങുന്ന തമിഴർക്കു മാത്രം പ്രവേശനം എന്ന നിയമവും ഇതിനിടെ പാസായി. തമിഴ്നാട്ടിൽ നിന്നുള്ള പ്രസിദ്ധീകരണങ്ങളും തമിഴ് സിനിമയും ലങ്കയിൽ പാടില്ലെന്ന് സർക്കാർ ശഠിച്ചു. പാർലമെന്റിൽ തമിഴരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള ശെൽവനായകത്തിന്റെയും മറ്റും പരിശ്രമങ്ങൾക്ക് സിംഹളർ ചെവികൊടുത്തതേയില്ല. ജാഫ്നയിലും മറ്റും ഡിഎംകെയുടെ പ്രവർത്തനം നിരോധിച്ചു കൊണ്ട് സിരിമാവോ സർക്കാർ കടുത്ത നടപടികൾ സ്വീകരിച്ചു. മുതിർന്ന തമിഴ് നേതാക്കൾ ഗാന്ധിസവും അഹിംസയും ചെയ്യുമ്പോൾ സായുധ പോരാട്ടത്തിലൂടെ സിംഹള ആധിപത്യത്തെ ചെറുക്കാൻ യുവാക്കൾ വിവിധ ഗ്രൂപ്പുകളായി സംഘടിച്ചു തുടങ്ങുകയായിരുന്നു.
1970കളുടെ തുടക്കം വരെ സ്വതന്ത്ര തമിഴ് രാഷ്ട്രവാദത്തിന് വ്യക്തമായ രൂപം ഉണ്ടായിരുന്നില്ല. 1971 ൽ ബംഗ്ലാദേശിന്റെ രൂപീകരണം സ്വതന്ത്ര തമിഴ് ഈഴം എന്ന സ്വപ്നത്തിന് മിഴിവേകി. 1974 ജനുവരി, സിംഹള - തമിഴ് പ്രശ്നത്തിൽ നിർണായകമായി. ജാഫ്നയിൽ സംഘടിപ്പിക്കപെട്ട ആഗോള തമിഴ് ഭാഷാ സമ്മേളനത്തിനു നേരെ പ്രകോപനമില്ലാതെയുണ്ടായ പോലീസ് അതിക്രമത്തിൽ ഒമ്പതുപേർ കൊല്ലപ്പെട്ടു. തിരിച്ചടിക്കു തമിഴ് ന്യൂ ടൈഗേഴ്സ് (പുലിപ്പടൈ) എന്ന രഹസ്യ സംഘടന തയ്യാറെടുത്തു. 1975 ജൂലൈയിൽ ജാഫ്ന മേയറും സിരിമാവോയുടെ വിശ്വസ്തനുമായ തമിഴ് വംശജൻ ആൽഫ്രഡ് ദുരിയപ്പ ന്യൂ ടൈഗേഴ്സ് പോരാളികളായ നാൽവർ സംഘത്തിന്റെ വെടിയേറ്റു മരിച്ചു. തുടർന്ന് ഒളിവിലായിരുന്ന ടൈഗർ പോരാളികൾ 1976 മേയ് അഞ്ചിന് ജാഫ്നയിലെ ഒരു രഹസ്യ താളത്തിൽ വീണ്ടും ഒത്തുചേർന്നു. ആ പ്രതികളിൽ ഒരാളിൽ നിന്നാണ് തമിഴ് വിമോചന പോരാട്ടത്തിന്റെ നവചരിത്രം ആരംഭിക്കുന്നത്. വേലുപ്പിള്ള പ്രഭാകരൻ ആയിരുന്നു ആ ഒരാൾ. ലോകം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും കരുത്തുറ്റ ഗറില്ലാ സംഘടനകളിലൊന്ന് - തമിഴ് ഈഴ വിടുതലൈ പുലികൾ അഥവാ ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈഴം (LTTE) അവിടെ പിറവിയെടുക്കുകയായിരുന്നു.
തുടരും....

LikeShow More Reactions
Comment

No comments:

Post a Comment

Search This Blog