Sunday, 24 September 2017

ഉരുക്കുമനുഷ്യൻ

'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ



കടപ്പാട്- ചരിത്രാന്വേഷികൾ-പ്രിൻസ് പവിത്രൻ
'ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നറിയപ്പെട്ട 'ശ്രീ സർദ്ദാർ വല്ലഭായ് പട്ടേലിന്റെ' 1947-ലെ 562-ൽപ്പരം നാട്ടുരാജ്യങ്ങളെ ഒത്തൊരുമിപ്പിച്ച് 'ദേശീയോദ്‌ഗ്രഥനം' നടത്തി 'ഇന്ത്യാമഹാരാജ്യമാക്കിയ' ചരിത്രാന്വേഷണം:-
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയും ഇന്റ്യൻ നാഷണൽ കോൺഗ്രസിന്റെ മുതിർന്ന നേതാവും 1947 സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യത്തെ ഉപപ്രധാനമന്ത്രിയുമായിരുന്നു 'സർദ്ദാർ വല്ലഭായ് പട്ടേൽ'. അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്റ്റോബർ 31 ആണ് ഇന്ത്യയുടെ 'ഏകതാ ദിവസം' (National Unity Day) ആയി എല്ലാവർഷവും രാജ്യമാചരിക്കുന്നത്. ബഹുമാനപൂർവ്വം ജനങ്ങൾ അദ്ദേഹത്തെ വിളിച്ചത് ' ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ' എന്നപേരിലായിരുന്നു. കാരണം സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് അഞ്ഞൂറിലധികം നാട്ടുരാജ്യങ്ങളായി വിഭജിച്ചുകിടന്നിരുന്ന നമ്മുടെ ഇന്ത്യയെ ഇന്ന് കാണുന്ന ഇന്ത്യയാക്കിമാറ്റിയത് ഈ മഹാനായിരുന്നു. അദ്ദേഹത്തിന്റെ പേരിനോട് ചേർന്നുള്ള ഈ 'സർദാർ' അഥവാ നേതാവ് എന്ന പട്ടം ജനങ്ങളദ്ദേഹത്തിന്റെ നേതൃപാടവത്തിനുനല്കിയ സമ്മാനമായിരുന്നു. ഒരു വക്കീലായി ജീവിതമാരംഭിച്ച പട്ടേൽ മഹാത്മാ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. തുടർന്ന് കോൺഗ്രസിലേക്ക് 30 ലക്ഷത്തിലധികം ജനങ്ങളെയെത്തിച്ച അദ്ദേഹം ഗാന്ധിജിയുടെ ഏറ്റവും വിശ്വസ്തരായ രണ്ടുപേരിലൊരാളായിരുന്നു, ആ മറ്റൊരാൾ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി 'ശ്രീ. ജവഹർലാൽ നെഹ്രു'വുമായിരുന്നു . 1946ൽ ഇന്ത്യയുടെ ആദ്യപ്രധാനമന്ത്രി ആരായിരിക്കണമെന്ന് നിശ്ചക്കാനായി നടന്ന തിരഞ്ഞെടുപ്പിൽ16ൽ 13 സ്റ്റേറ്റുകളും സർദാർ വല്ലഭായ് പട്ടേലിന് വോട്ടുചെയ്തപ്പോൾ വെറും മൂന്ന് സ്റ്റേറ്റ്മാത്രമായിരുന്നു 'ജവഹർലാൽ നെഹ്രു'വിനെ പിന്തുണച്ചത്.കോൺഗ്രസ് വർക്കിങ്ങ് കമ്മിറ്റി നെഹ്രുവിന് അനുകൂവമായിരുന്നു എന്നതിനാൽ മഹാത്മാ ഗാന്ധിയുടെ അഭ്യർത്ഥനപ്രകാരം പട്ടേൽ പിന്മാറുകയും ജവഹർലാൽ നെഹ്രു പ്രധാനമന്ത്രിയാവുകയും ചെയ്തു എന്നത് ചരിത്രം. കാരണം മഹാത്മാ ഗാന്ധിക്കറിയാമായിരുന്നു സർദാർ പട്ടേലിനുമാത്രമേ 'ഇന്ത്യയുടെ' പുനരേകീകരണം വിജയകരമായി നടത്താൻ സാധിക്കുകയുള്ളൂ എന്ന പരമമായ സത്യം!!
1920 നാഗ്പുർ കോൺഗ്രസ് സെഷനിലാണ് ആദ്യമായി അഞ്ഞൂറിൽപ്പരം വരുന്ന ഇന്ത്യയിലെ എല്ലാ നാട്ടുരാജ്യങ്ങളോടും വ്യക്തമായ ഭരണസമ്പ്രദായം നിലവിൽ വരുത്തുവാൻ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' നേതൃത്വം ആവശ്യപ്പെട്ടത്. 'മഹാത്മാ ഗാന്ധിയുടെ' നേതൃത്വത്തിൽ നിലനിന്ന 'ഇന്ത്യൻ നാഷണൽ കോൺഗ്രസിന്' 'നാട്ടുരാജ്യങ്ങളോട്' മൃദുസമീപനമായിരുന്നു ഉണ്ടായിരുന്നത്. 1925 ൽ നടന്ന 40-ആം 'കോൺഗ്രസ് സെഷൻ്റെ പ്രസിഡന്റ്' ആയിരുന്ന 'ശ്രീമതി സരോജിനി നായിഡു' പറഞ്ഞത് "തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഏറെയുണ്ടെങ്കിലും ഇന്ത്യാമഹാരാജ്യത്തിന്റെ മൂന്നിലൊന്നുഭാഗം ഭരിക്കുന്നത് നാട്ടുരാജാക്കന്മാരാണ്. അതിനാൽ അവർ തങ്ങളുടെ അയൽക്കാരായ ഇന്ത്യൻ ഭരണാധികാരികളുമായി സഹകരിച്ചു പ്രവർത്തിക്കണമെന്നും ഭരണകാര്യങ്ങളിലടക്കം അന്യോന്യം ഇടപെടാതെ സൗഹൃദത്തിലൂന്നിയ ബന്ധം വളർത്തണം, കൂടാതെ ഇന്ത്യയിലെ നാട്ടുരാജ്യങ്ങളിലെ ഭരണാധികാരികൾ ഒരിക്കലും ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വെല്ലുവിളിയായി കാണേണ്ടതില്ല,അവരുടെ പരമാധികാരത്തിൽ ഒരിക്കലും കടന്നുകയറില്ല" എന്നുമായിരുന്നു. 42ആം കോൺഗ്രസ്സെഷനിൽ 'മണിലാൽ കോത്താരി' നാട്ടുരാജ്യങ്ങളുടെ സ്വയംഭരണാവകാശം സംരക്ഷിക്കപ്പെടണമെന്ന് ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം ലഭിച്ച 1947 ഓഗസ്റ്റ് 15 സായാഹ്നത്തിൽത്തന്നെ 'ഇന്ത്യൻ നാഷണൽ കോൺഗ്രസ്' ഇന്ത്യയുടെ ഭാവികാര്യങ്ങൾക്കായുള്ള ചർച്ചവിളിക്കുകയും അതിൽ പരമപ്രധാനമായി ഇന്ത്യയുടെ 'സംഘരാജ്യതത്ത്വം' (Federal set up) മുന്നോട്ടുവെക്കുകയും ചെയ്തു. അതിൽ ഉരുത്തിരിഞ്ഞു വന്ന അഭിപ്രായത്തിൽ ഇന്ത്യൻ സ്റ്റേറ്റുകളിൽ സർക്കാരിന് പരമാധികാരവും നാട്ടുരാജ്യങ്ങൾക്ക് പ്രത്യേക ഭരണാധികാരവും നൽകുവാൻ തീരുമാനമായി. 'ഗാന്ധിജിയുടെ' അഭിപ്രായം 'ഒരു നാട്ടുരാജ്യത്തെയും ബലംപ്രയോഗിച്ചു ഇന്ത്യൻ യൂനിയനിൽ ചേർക്കരുത്' എന്നായിരുന്നു. കുത്തിത്തിരുപ്പ് ആയുധമാക്കിയിരുന്ന ബ്രിട്ടീഷുകാരാവട്ടെ അധിനിവേശത്തിന്റെ അവസാനകാലത്തും അതെ പണിതന്നെതുടർന്നു. നാട്ടുരാജാക്കന്മാരോട് ഇന്ത്യൻ യൂണിയനിൽ ചേരരുതെന്ന് ബ്രിട്ടീഷുകാർ രഹസ്യമായി ആവശ്യപ്പെടുകയും ഇന്ത്യൻ യൂണിയനിൽ ചേർന്നാൽ നാട്ടുരാജാക്കന്മാർക്ക് ഉണ്ടാവാൻപോകുന്ന അധികാരനഷ്ടത്തെപ്പറ്റി പരക്കെ പ്രചരിപ്പിക്കുകയും ചെയ്തു. 1947 ജനുവരി 29ന് 'നീതിനിർവ്വഹണസഭയിൽ' ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുള്ള നാട്ടുരാജ്യങ്ങളുടെ പരമാധികാരം അവരവരുടെ രാജാക്കന്മാരിൽ നിക്ഷിപ്തമാക്കുകയും ചെയ്തുകൊണ്ട് ബ്രിട്ടീഷുകാർ വീണ്ടും ഇന്ത്യക്കുമുന്നിൽ ഒരു ചതിക്കുഴിയൊരുക്കി. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം നടന്ന രക്തരൂക്ഷിതമായ കലാപങ്ങൾക്കും അനിശ്ചിതത്വങ്ങള്ക്കും ഒടുവിൽ ഇന്ത്യയും പാകിസ്ഥാനും രൂപീകൃതമായി. കോൺഗ്രസ് പാർട്ടിയിലെ മുതിർന്ന നേതാക്കളിൽ ഒരാളായിരുന്ന 'സർദാർ വല്ലഭായ് പട്ടേലിന്' 'ഇന്ത്യയുടെ പുനരേകീകരണ വിഷയത്തിൽ' ഭൂരിപക്ഷം കോൺഗ്രസ് നേതാക്കളുടെ അഭിപ്രായമായിരുന്നില്ല ഉണ്ടായിരുന്നത്. സ്വാതന്ത്ര്യാനന്തരം ഉണ്ടായ രാഷ്ട്രീയ സാഹചര്യങ്ങളിൽ അസ്വസ്ഥനായിരുന്നു അദ്ദേഹം 'നാട്ടുരാജ്യങ്ങൾക്ക്' പരമാധികാരം കൊടുക്കുന്നതിൽ ബുദ്ധിശൂന്യത കാലേകൂട്ടി കാണാൻ കഴിവുള്ള ആളായിരുന്നു. 1931-ലെ കറാച്ചിയിൽനടന്ന 45-ആം കോൺഗ്രസ്സെഷനിലെ പ്രസിഡന്റ് ആയിരുന്ന 'സർദാർ പട്ടേൽ' നാട്ടുരാജ്യങ്ങൾക്കെതിരെയുള്ള തന്റെ വികാരം തുറന്നടിച്ചുപറഞ്ഞു. സർദാർ പറഞ്ഞതിതാണ് "നാട്ടുരാജാക്കന്മാരുടെ പരമാധികാരത്തിനും മുകളിൽ നാട്ടുരാജ്യങ്ങളിലെ തിരഞ്ഞെടുക്കപെട്ട നിയമസാമാജികരും ജനങ്ങളുമായിരിക്കും നാട്ടുരാജ്യങ്ങളുടെ ഭാവിതീരുമാനിക്കുക" എന്നായിരുന്നു. സർദാർ പട്ടേലിന് നാട്ടുരാജ്യങ്ങളിലെ പ്രജകളുമായി പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ജന്മദേശമായ ഗുജറാത്തിലെ ജനങ്ങളുമായി അടുത്ത ബന്ധമായിരുന്നു ഉണ്ടായിരുന്നത്. 'കത്തിയവാഡ' രാജകീയപരിഷത്തിന്റെയും ഭാവ്നഗർ പ്രജാപരിഷത്തിന്റെയും പ്രെസിഡന്റായിരുന്ന അദ്ദേഹം ജനങ്ങളുമായി അടുത്തിടപെഴകുകയും ജനവികാരം മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്നതിൽ അഗ്രഗണ്യനായിരുന്നു. അദ്ദേഹം 'നാട്ടുരാജ്യങ്ങളിലെ' ജനങ്ങളുടെ രാജവാഴ്ചക്കെതിരെയുള്ള വികാരം മനസ്സിലാക്കിയിരുന്നെങ്കിലും നേരിട്ടൊരു പ്രതിരോധത്തിന് സ്വാതന്ത്ര്യം ലഭിക്കുന്നത് വരെ മുതിർന്നില്ല, കാരണം ബ്രിട്ടീഷ് അധിനിവേശത്തിൽ ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നാട്ടുരാജാക്കന്മാരും അടിമകൾ തന്നെയായിരുന്നു എന്നത് മറ്റൊരു സത്യമായിരുന്നു. 1946 ജൂണിൽ 'ഓൾ ഇന്ത്യ സ്റ്റേറ്റ് പീപ്പിൾസ് കോൺഫെറെൻസ്' നടന്നപ്പോൾ സർദാർ പട്ടേൽ നാട്ടുരാജ്യങ്ങളിലെ ജനങ്ങളോട് അപേക്ഷിച്ചത് രാജഭരണത്തിൽ നിന്നുള്ള മോചനത്തിനായി കാത്തിരിക്കുവാനായിരുന്നു, കാരണം 'ബ്രിട്ടീഷ്അധികാരികൾ' 'നാട്ടുരാജാക്കന്മാരെ' മുന്നിൽ നിർത്തി നിഴൽയുദ്ധം ചെയ്യുകയാണെന്ന് ഉത്തമ ബോധ്യം സർദാർ പട്ടേലിന് ഉണ്ടായിരുന്നു.
ആദ്യം ജനാധിപത്യപരമായി പ്രവർത്തിക്കുന്ന ഇന്ത്യൻ സംസ്ഥാനങ്ങളെ ഉൾപ്പെടുത്തി ഇന്ത്യയുടെ ഏകികരണം തുടങ്ങാനും പിന്നീട് നാട്ടുരാജ്യങ്ങളെ അതിൽ ചേർക്കാനുമായിരുന്നു 'സർദാർ പട്ടേലിന്റെ' പദ്ധതി.
1946 മെയ് 9ന് 'സർദാർ പട്ടേൽ' ഇന്ത്യയുടെ ഭാവിതീരുമാനം ജനങ്ങളോടായി പറഞ്ഞു!! "പരമാധികാരം ജനങ്ങളിൽ നിക്ഷിപ്തമാണെന്നും അത് ഒരു ഏകാധിപതിയായ രാജാവിനല്ല" എന്ന പട്ടേലിന്റെ സന്ദേശം കാട്ടുതീ പോലെ രാജഭരണപ്രദേശങ്ങളായ നാട്ടുരാജ്യങ്ങളിൽ പരന്നു. ഇന്ത്യയിലെ ഏറ്റവും ജനപ്രിയരായിരുന്ന നേതാക്കളിലൊരാളായ പട്ടേലിന്റെ തീരുമാനം ജനങ്ങൾ നെഞ്ചോടേറ്റി. അതേവർഷം മെയ് 16 ന് 'മന്ത്രിസഭാ രൂപരേഖകൾ' തയ്യാറാക്കുന്നതിന് സംസ്ഥാനങ്ങളിൽ നിന്നായി 93 പ്രതിനിധികളെ 'കൂടിയാലോചന സമിതിയിലേക്ക്' അയക്കാൻ തീരുമാനിക്കുകയും ജൂൺ 16ഓടെ സംസ്ഥാനങ്ങളുടെ 'കൂടിയാലോചന സമിതി' രൂപീകരിക്കുകയും ചെയ്തു. നാട്ടുരാജ്യങ്ങൾ പ്രതിനിധീകരിച്ചു വൈസ്റോയിയുടെ രാഷ്ട്രീയ ഉപദേഷ്ടാവായിരുന്ന 'സർ കോൺറാഡ് കോർഫീൽഡും' ഈ സമിതിയിൽ അംഗമായിരുന്നു. 1946 ഡിസംബർ 7ന് സ്വാതന്ത്ര്യ സമര സേനാനി 'ശ്രീ കെ.എം.മുൻഷിക്ക്' എഴുതിയ കത്തിൽ സർദാർ പട്ടേൽ പറഞ്ഞത് 'കൂടിയാലോചന സമിതി'ക്ക് ഇന്ത്യൻ സ്റ്റേറ്റ്സിന്റെ ചുമതലലകൾ നൽകിയെന്നും തിരഞ്ഞെടുപ്പടക്കമുള്ള ജനാധിപത്യപ്രക്രീയകൾ തുടങ്ങുവാൻ കെ.എം.മുൻഷിയടക്കമുള്ളവരുടെ സഹായം വേണമെന്നും ആയിരുന്നു. സർദാർപട്ടേൽ ഒരിക്കലും നാട്ടുരാജ്യങ്ങളുടെ കൂട്ടമായി ഇന്ത്യയെ ഏകോപിപ്പിക്കാൻ ശ്രമിച്ചില്ലെന്നു മാത്രമല്ല, ജനാധിപത്യവ്യവസ്ഥയിലൂന്നിയ 'സംഘരാജ്യതത്ത്വം' (Federal set up) നടപ്പാക്കാൻ തീരുമാനിക്കുകയും ചെയ്തു. നാട്ടുരാജാക്കന്മാർക്ക് സ്വയംഭരണാധികാരം കൊടുത്താലുണ്ടാകുന്ന ഭവിഷ്യത്തുകൾ മനസ്സിലാക്കിയ അദ്ദേഹം 1947 ജൂൺ15ന് ന്യൂഡൽഹിയിൽ ഇങ്ങനെ പറഞ്ഞു "ഞങ്ങൾ ഒരു സംസ്ഥാനത്തെയോ നാട്ടുരാജ്യത്തെയോ ഇന്ത്യയിൽ നിന്നും സ്വാതന്ത്രമായതായി പ്രഖ്യാപിക്കില്ല, മാത്രമല്ല വിദേശീയമായ ഒരു ശക്തിയുടെയും സ്വാതന്ത്ര്യ പ്രഖ്യാപനവും അംഗീകരിക്കുകയുമില്ല. ആര് അതിനു മുതിർന്നാലും അത് ശത്രുതാപൂർണമായ തീരുമാനമായി കാണുകയും ചെയ്യും". ആ വാക്കുകൾ പലർക്കുനേരെയുമുള്ള വെല്ലുവിളികളായിരുന്നു. ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുമ്പോൾ സ്വന്തമായി നാട്ടുരാജ്യമുണ്ടാക്കി രാജാവായിവാഴാമെന്നു മനക്കോട്ടകെട്ടിയ ഫ്യൂഡൽ രാജാക്കന്മാർക്കും അതിനെ ഒളിഞ്ഞും തെളിഞ്ഞും പിന്താങ്ങിയ ബ്രിട്ടീഷ് ഭരണാധികാരികളോടുമുള്ള താക്കീത് കൂടി ആയിരുന്നു ആ പ്രസംഗം.
ഇന്ത്യൻ ഭരണഘടനയുടെ ശില്പിയായ ശ്രീ ബി.ആർ.അംബേദ്കർ സർദാർ പട്ടേലിന്റെ അഭിപ്രായത്തോട് യോജിച്ചതോടെ ഇന്ത്യയുടെ 'പുനരേകികരണം' എന്ന ആശയത്തിന് പിന്തുണ വർധിച്ചു. 'ഭരണാധികാരികളെ തിരഞ്ഞെടുക്കാൻ അധികാരമുള്ള' ഇന്ത്യൻ ജനാധിപത്യ സംസ്ഥാനങ്ങളായി എല്ലാ നാട്ടുരാജ്യങ്ങളെയും മാറ്റണമെന്നുതന്നെയായിരുന്നു അംബേദ്കറിന്റെയും നിലപാട്. തുടർന്ന് 'സംസ്ഥാന വകുപ്പ്' ഏറ്റെടുത്ത സർദാർ പട്ടേൽ ഇന്ത്യയുടെസംസ്ഥാനങ്ങൾക്കായുള്ള 'രാഷ്ട്രീയനയം' പ്രഖ്യാപിച്ചു. കൂട്ടുത്തരവാദിത്വവും പരസ്പരവിശ്വാസത്തിലൂന്നിയതുമായ ഒരു 'ഫെഡറൽ' സംവിധാനം അദ്ദേഹം ജനങ്ങൾക്കായി സമർപ്പിച്ചു. 'നാട്ടുരാജ്യങ്ങളോട് ഇന്ത്യയുടെ പ്രതിരോധ,വാർത്താവിനിമയ,വിദേശബന്ധങ്ങളടക്കമുള്ള നയങ്ങളോട്' യോജിച്ചുനിൽക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അതുകൂടാതെ ഇന്ത്യയുടെ ഭരണചക്രം ഏൽക്കുന്നവരോട് ഇന്ത്യയിലെ വൈവിധ്യപൂർണമായ ജനങ്ങളുടെ വികാരങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭാവിയിലെ ഇന്ത്യയുടെ സുരക്ഷക്ക് അംഗരാജ്യങ്ങളായ സംസ്ഥാനങ്ങൾ തമ്മിലുണ്ടാകേണ്ട ഒത്തൊരുമയുടെയും വിവേകബുദ്ധിയുടെയും ആവശ്യകത അദ്ദേഹം എല്ലാവരെയും അറിയിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷമുള്ള ഇന്ത്യയിലെ അഭ്യന്തര സ്ഥിതിഗതികൾ ഒട്ടും ശാന്തമായിരുന്നില്ല!! പ്രശ്നങ്ങൾക്കുമേലെ പ്രശ്നങ്ങളും കലാപങ്ങളും രാഷ്ട്രീയ അസ്ഥിരതയും നിലനിന്നിരുന്നു എന്നതിനാൽ നയപരമായ കാര്യങ്ങളിൽ വ്യക്തതവരുത്തി തീരുമാനമെടുക്കുന്നതിന് ധാരാളം ബുദ്ധിമുട്ടുകൾ സർദാർ പട്ടേലടക്കമുള്ള ഇന്ത്യയുടെ ഭരണകർത്താക്കൾ നേരിട്ടുകൊണ്ടേയിരുന്നു . 'നാട്ടുരാജ്യങ്ങളുടെ' കാര്യത്തിൽ കൗശലപൂർവ്വമായ സമീപനം സ്വീകരിക്കാൻ സർദാർ പട്ടേൽ തീരുമാനിച്ചു. കാരണം ഇന്ത്യയുടെ ഭൂപരിധിക്കുള്ളിൽ സ്വയംഭരണാവകാശമുള്ള ഒരു രാജ്യം രൂപപെട്ടലുണ്ടാവുന്ന വെല്ലുവികൾ അനവധിയായിരുന്നു. ആദ്യകാലങ്ങളിൽ 'നാട്ടുരാജ്യങ്ങളുടെ' രാജാക്കന്മാരോട് വളരെ സമാധാനപരമായും സൗഹാർദ്ദപരമായും ആയിരുന്നു പട്ടേലിന്റെ സമീപനം.അദ്ദേഹം നാട്ടുരാജാക്കന്മാരുമായി സൗഹൃദം സ്ഥാപിക്കുകയും അവരോടു ഇന്ത്യൻ യൂണിയനിൽ ചേർന്നാലുണ്ടാകുന്ന നല്ല വശങ്ങളെപ്പറ്റി ബോധവാന്മാരാക്കുവാൻ ശ്രമിക്കുകയും ചെയ്തു. 'ഇന്ത്യൻ യൂണിയനിൽ' അംഗമാകാനായി അദ്ദേഹം എല്ലാ 'നാട്ടുരാജാക്കന്മാരെയും' ക്ഷണിച്ചുവരുത്തുകയും അവരോടായി ഇങ്ങനെ പറയുകയും ചെയ്തു , "അല്ലയോ രാജാക്കന്മാരെ, ഇത് നിങ്ങൾക്ക് 'ഇന്ത്യയെന്ന മഹാരാജ്യത്തോട്' ലയിക്കുവാൻ കിട്ടുന്ന അവസരമാണ്. ഇത് നിങ്ങളിപ്പോൾ പാഴാക്കിയത് നാളെ നിങ്ങളുടെ വരും തലമുറ നിങ്ങളുടെ മോശംതീരുമാനത്തെ എന്നെന്നും ശപിക്കും,നിങ്ങളുടെ പേരുകൾ അവർ ശപിച്ചുകൊണ്ട് ഓർക്കുകയും ചെയ്യും'. മിക്ക നാട്ടുരാജാക്കന്മാരെയും മാറിചിന്തിക്കാൻ ഇത് വഴിയൊരുക്കി.അവരിൽ പലരും ഇന്ത്യക്കു അനുകൂല സമീപനം എടുക്കാൻ പ്രേരിതമായി.പക്ഷെ പല പ്രമുഖ നാട്ടുരാജ്യങ്ങളും 'കേളൻ കുലുങ്ങിയാലും പാലം കുലുങ്ങില്ലെന്ന' മട്ടിൽ സ്വന്തം രാജ്യം എന്ന കടുംപിടുത്തതിൽ ഉറച്ചുനിന്നു.അവർക്കുള്ള ചികിത്സയും സർദാർ പട്ടേൽ നേരത്തെ ഉറപ്പിച്ചിരുന്നു,പക്ഷെ സമയം വരട്ടെ എന്നുകരുതി മാറ്റി വെച്ചു .പല നാട്ടുരാജാക്കന്മാരും ഇത് തങ്ങളുടെ ദേശീയതയുടെ ഭാഗമായികണ്ടുകൊണ്ട് ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള താത്പര്യം അറിയിക്കാൻ ആ പ്രസംഗം കാരണമായി. സർദാർ പട്ടേലിന്റെ ഈ വീരോചിതമായ ഇടപെടലാണ് ഇന്ന് നാം കാണുന്ന ഇന്ത്യയുടെ രൂപീകരണത്തിന് കാരണമായത്.
അത്യധികം വൈവിദ്ധ്യമുള്ള നയങ്ങളായിരുന്നു സർദാർ പട്ടേലിനുണ്ടായിരുന്നത്.'സാമം ,വേദം,ദണ്ഡം' എന്ന പഴംചൊല്ലിന്റെ ആധുനിക പതിപ്പായിരുന്നു അദ്ദേഹത്തിന്റെ എല്ലാ നയങ്ങളും. ഇന്ത്യൻ യൂണിയനിൽ ചേരാൻ തയ്യാറാവാത്ത നാട്ടുരാജ്യങ്ങളെ മാനസികമായി തളർത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ആദ്യനടപടി. ഇതിനായി ചാരന്മാരെയടക്കം നിയോഗിച്ചു രാജാക്കന്മാരുടെ ആത്മവീര്യം തകർക്കുക എന്നതായിരുന്നു ആദ്യം ചെയ്തത്.തുടർന്ന് ഇന്ത്യൻ യൂണിയനിൽ ചേർന്നില്ലെങ്കിലുണ്ടാകാൻ പോകുന്ന ഭവിഷ്യത്തുകൾ സന്ദേശങ്ങളായി എല്ലാരിലും തുടരെ തുടരെ എത്തിക്കുകയും ചെയ്തു. അദ്ദേഹം അവരോടു ആദ്യമൊക്കെ സഹതാപപൂർണവും പ്രായോഗികവുമായ സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്.ചുറ്റും ഇന്ത്യൻ സംസ്ഥാനങ്ങളാൽ ചുറ്റപ്പെടാൻപോകുന്ന തങ്ങൾക്കു ഇന്ത്യൻ യൂണിയനിൽ ലയിക്കാതെ മറ്റു വഴിയില്ലെന്ന് രാജാക്കന്മാർക്ക് ബോധ്യപ്പെടാൻ ഇത് കാരണമായി. രാജഭരണം നിലനിന്നിരുന്ന നാടുകളിലെയെല്ലാം ജനങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാനായി അഭിപ്രായസമന്യയം ഉണ്ടാക്കാൻ പട്ടേലടക്കം ഉള്ള കോൺഗ്രസ്നേതാക്കൾ തീരുമാനിച്ചു. സർവ്വ ചിന്താഗതികളെയും മാറ്റിമറിച്ചുകൊണ്ട് 'നാട്ടുരാജ്യങ്ങളിൽ' 'ഇന്ത്യൻയൂണിയനിൽ' ചേരാനുള്ള വികാരപ്രകടനങ്ങൾ ജനങ്ങളിൽ നിന്ന് പ്രകടമായിത്തുടങ്ങി. ജനങ്ങൾ തെരുവിലിറങ്ങി, രക്തരഹിതമായ ഒരു വിപ്ലവം തന്നെ ഇന്ത്യയിലുടനീളം അലയടിച്ചുകൊണ്ടിരുന്നു. തന്റെ സ്വപ്നം നടപ്പാവാനായി ഏതറ്റം വരെയും പോകാൻ 'സർദാർ പട്ടേൽ' തയ്യാറായിരുന്നു.
തന്റെ കൗശലപൂർവ്വമായ നയങ്ങൾക്ക് ജനങ്ങളിൽ നിന്ന് വൻതോതിൽ പിന്തുണലഭിച്ചപ്പോൾ ജയിച്ചത് 'പട്ടേലിന്റെ' നയങ്ങൾ മാത്രമായിരുന്നില്ല. നൂറ്റാണ്ടുകളോളം അടിമകളായിജീവിച്ച ഒരു ജനതയുടെ 'സ്വത്വബോധം' കൂടിയായിരുന്നു. 'സർദാർ പട്ടേലിന്റെ' പ്രത്യേകത അദ്ദേഹത്തിന്റെ ചടുലമായ തീരുമാനങ്ങളായിരുന്നു. തീരുമാനങ്ങൾ വൈകിപ്പോയാൽ 'പാകിസ്താനടക്കമുള്ള' ശത്രുവൃന്ദം സാഹചര്യങ്ങൾ മുതലെടുക്കുമെന്ന് അദ്ദേഹത്തിന് ഉത്തമ ബോധ്യമുണ്ടായിരുന്നു. ഇന്ത്യൻ യൂണിയന് എതിരെ സംസ്ഥാനങ്ങളിലും നാട്ടുരാജ്യങ്ങളിലും ഉയർന്നുവന്ന അപസ്വരങ്ങൾ മുളയിലേ തന്നെ നുള്ളിക്കളയുവാൻ സർദാർ പട്ടേൽ തീരുമാനിച്ചു. നാട്ടുരാജ്യങ്ങളിലെ മിക്ക രാജാക്കന്മാരിലും യൂണിയനിൽ ചേരാനുള്ള ധൈര്യവും പ്രചോദനവും കൊടുത്തത് സർദാറിന്റെ വിജയമായിരുന്നു. രാജഹൃദയങ്ങളിൽ ഇടംനേടിയ അദ്ദേഹം അവരുടെ പരമാധികാരം ഇന്ത്യക്കുമുന്നിൽ സമർപ്പിക്കാൻ കാരണക്കാരനായി. ഹൈദരാബാദിലൊഴികെ മറ്റൊരിടത്തും ബലം പ്രയോഗിക്കാതെ നാട്ടുരാജ്യങ്ങൾ സ്വയം 'ഇന്ത്യൻ യൂണിയനിൽ' ചേരാൻ തീരുമാനിച്ചു. പിൽക്കാലത്തു അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന ശ്രീ വി.പി.മേനോൻ ഒരിക്കൽ പറഞ്ഞത് ഇതായിരുന്നു. ''അന്ന് നടന്ന നാടകത്തിലെ പ്രധാന നടനായിരുന്നു ശ്രീ സർദാർ വല്ലഭായ് പട്ടേൽ'' എന്നായിരുന്നു.അദ്ദേഹം വെറും നടനായിരുന്നില്ല....500 ൽ അധികം ബ്രിട്ടീഷ്കാലത്തെ നാട്ടുരാജ്യങ്ങളെ ഒരുമിപ്പിച്ചു ഇന്ന് നാം കാണുന്ന വിശാലമായഇന്ത്യയെ ലോകത്തിലെ ഏഴാമത്തെ ഏറ്റവുംവലിയരാജ്യമായ 'ഇന്ത്യയാക്കിയ' മഹാനായ സ്വാതന്ത്ര്യസമരസേനാനിയായിരുന്നു. അത് കൊണ്ടാണ് നാം ഇന്നും അദ്ദേഹത്തെ ബഹുമാനത്തോടെ ''ഇന്ത്യയുടെ ഉരുക്കുമനുഷ്യൻ'' എന്ന് വിളിക്കുന്നത്.
1947 ജൂലൈ 5ന് സർദാർ പട്ടേൽ എല്ലാ നാട്ടുരാജ്യങ്ങളിലെയും രാജാക്കന്മാരോട് സൗഹാർദ്ദപരമായ മുന്നോട്ടുവരാനും ഒരൊറ്റ രാഷ്ട്രമായി 'ഇന്ത്യൻ യൂണിയനിൽ' ചേരാനും ആഹ്വാനം ചെയ്തു. 1947 ജനുവരി 29നു ചേർന്ന 'അഭിപ്രായസമന്വയ യോഗത്തിൽ' നാട്ടുരാജാക്കന്മാർ ഇന്ത്യൻ യൂണിയനിൽ ചേരുന്നതിനുള്ള അവരുടെ നിബന്ധനകൾ മുന്നോട്ടു വെച്ചു. പക്ഷെ യാതൊരുവിധമായ നിബന്ധനകളും അംഗീകരിക്കില്ലെന്നും 'ഇന്ത്യൻ യൂണിയനിൽ' ചെരുകയല്ലാതെ മറ്റൊരു നിർവഹവും അവർക്കില്ലെന്നു 'സർദാർ പട്ടേൽ' അസന്നിഗ്ദ്ധമായി പറഞ്ഞതോടെ 'നാട്ടുരാജാക്കന്മാർ' പത്തിമടക്കി. ഇന്ത്യൻ അസ്സെംബ്ലിയിലേക്കു തങ്ങളുടെ പ്രതിനിധികളെ അയക്കുവാനും അവർ തീരുമാനിച്ചു. 1947 ജൂലൈ 24 നു ചേർന്ന നാട്ടുരാജാക്കന്മാരുടെയും സംസ്ഥാനങ്ങളുടെയും യോഗത്തിൽ 'ഒരൊറ്റ ഇന്ത്യ' എന്ന സ്വപ്നം യാഥാർഥ്യമാകാൻ പോകുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു. തുടർന്ന് 1947 ജൂലൈ 31 ന് സർവ എതിർപ്പുകളെയും അവഗണിച്ചുകൊണ്ട് സർദാർ പട്ടേൽ ഇന്ത്യയുടെ ഏകീകരണ ബിൽ പാസാക്കുകയും (Accession and Standstill Agreement) ചെയ്തു. അതോടുകൂടി ഇന്ത്യൻ കേന്ദ്രസർക്കാരിന് ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളുടെയും മേലുള്ള പരമാധികാരം അരക്കിട്ടുറപ്പിക്കപ്പെടുകയും ചെയ്തു. പക്ഷെ ആ നിയമം പല നാട്ടുരാജ്യങ്ങളും അംഗീകരിച്ചില്ല, ഏറ്റവുമധികം എതിർപ്പുവന്നത് അദ്ദേഹത്തിന്റെ സ്വന്തം നാടായ കത്തിയവാഡയിൽ നിന്നായിരുന്നു. സർദാർ പട്ടേലിന് ഒരു കാര്യം നിശ്ചയമായും ബോധ്യമുണ്ടായിരുന്നു. ഏതെങ്കിലും ഒരു പ്രമുഖ 'നാട്ടുരാജ്യം' എല്ലാ വ്യത്യാസങ്ങളും മറന്നു 'ഇന്ത്യൻ യൂണിയനിൽ' ചേർന്നാൽ തുടർച്ചയായി മാറ്റുള്ളവരും അത് ചെയ്യും എന്ന്!! ഭാഗ്യവശാൽ കത്തിയവാഡയിലെ ജനങ്ങളും സർദാർ പട്ടേലുമായി അത്രയ്ക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഇത് മുതലാക്കി അദ്ദേഹം ജനങ്ങളോട് കൂടുതൽ അടുത്തിടപെഴകുകയും 'ഇന്ത്യൻ യൂണിയന്' അനുകൂലമായ ജനവികാരം ഇളക്കിവിടുകയും ചെയ്തു. പിന്നെ എല്ലാം വളരെ പെട്ടെന്ന് തന്നെ നടന്നു. അനേകം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരൻ സ്വമേധയാ തയ്യാറായി. 1947 ഓഗസ്റ്റ് 15 ആയപ്പോഴേക്കും 'ഹൈദരാബാദും ജുനഗഢും കാശ്മീരുമൊഴികെയുള്ള' ഏതാണ്ട് 550-ൽ പരം നാട്ടുരാജ്യങ്ങൾ ഇന്ത്യൻ യൂണിയനിൽ ചേരാനുള്ള സമ്മതമറിയിച്ചു. 1947 ഒക്ടോബര് 27 നു അദ്ദേഹം പറഞ്ഞത് 'എല്ലാ നാട്ടുരാജാക്കന്മാരും ഞങ്ങളുടെ സഹോദരന്മാരാണ്,അവരെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുകയാണ് ഞാൻ ചെയ്തത്' എന്നാണ്.
1948 ഫെബ്രുവരിയിൽ സൗരാഷ്ട്രയും ചെറിയരാജസ്ഥാനും മാത്സ്യയും വിന്ധ്യപ്രദേശും മധ്യപ്രദേശിലെ മാൽവയും പെപ്സുവും 'ഇന്ത്യൻ യൂണിയനിൽ' ലയിച്ചു. തുടർന്ന് വലിയ രാജസ്ഥാനും നമ്മുടെ സ്വന്തം തിരുവിതാംകൂർ-കൊച്ചിൻ നാട്ടുരാജ്യങ്ങളും 'ഇന്ത്യൻ യൂണിയനിൽ' ലയിച്ചു. ഈ ലയന പ്രക്രീയയിലും സർദാർ തന്റെ കൂർമ്മ ബുദ്ധി ഉപയോഗിച്ചു. ആദ്യം സൗരാഷ്ട്രയും പെപ്സുവും 'ഇന്ത്യൻ യൂണിയനിൽ' ലയിപ്പിച്ചതിലൂടെ പാകിസ്ഥാനിൽ നിന്നുള്ള വെല്ലുവിളി അപ്പാടെ ഇല്ലാതാക്കുവാനും കഴിഞ്ഞു. അദ്ദേഹം ഓരോ സംസ്ഥാനങ്ങളുടെയും സാമ്പത്തിക/സാമൂഹിക അവസ്ഥകൾ വ്യക്തമായി പഠിച്ചിട്ടായിരുന്നു അവയെ ഇന്ത്യയിലേക്ക് അടുപ്പിച്ചത്. അതുപോലെത്തന്നെ അവയുടെ കഴിവില്ലായ്മകളും അദ്ദേഹത്തിനറിയാമായിരുന്നു.പട്ടേൽ ഓരോ നാട്ടുരാജ്യങ്ങളുടെയും ഈ കഴിവില്ലായ്മയാണ് പ്രധാനമായും ആയുധമാക്കിയത്.
ബ്രിട്ടീഷുകാർ നടപ്പാക്കിയ 'ഇന്ത്യൻ സ്വാതന്ത്ര്യ നടത്തിപ്പ് (Indian Independence Act) ചൂണ്ടിക്കാട്ടി ഹൈദരാബാദും കാശ്മീരും ജുനഗഡും ഇന്ത്യൻ യൂണിയനിൽ ചേരാതെ വിഘടിച്ച് നിന്നു. ഹൈദരാബാദിലെ 'ഉസ്മാൻ അലി ഖാൻ നിസാമിന്' രണ്ടരലക്ഷത്തോളം 'റാസാകർ' എന്ന സായുധസേനയുടെ പിന്ബലമുണ്ടായിരുന്നു. ഹിന്ദുവിഭാഗത്തിലെ ജനങ്ങളായിരുന്നു ജനസംഖ്യയിലധികവും, അവർക്ക് ഇന്ത്യൻ യൂണിയനിൽ ലയിക്കുന്നതിനോടായിരുന്നു താത്പ്പര്യം. സർദാർ പട്ടേൽ ഇന്ത്യൻ പോലീസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 13 മുതൽ 18 വരെ നീണ്ടുനിന്ന 'ഓപ്പറേഷൻ പോളോ' എന്ന സൈനികനീക്കത്തിലൂടെ ഹൈദരാബാദ് കീഴടക്കി. ഇന്ത്യനാർമി ഈ ഓപ്പറേഷനെ രഹസ്യമായി സഹായിക്കുകകയും ചെയ്തു. 'ഹൈദരാബാദിലെ ഉസ്മാൻ അലി ഖാൻ നിസാമിനെ' സെപ്റ്റംബർ 23 ഓടെ കീഴടങ്ങിയതായി പ്രഖ്യാപിക്കുകയും ചെയ്തു. ഇതിനെത്തുടർന്നുണ്ടായ വർഗ്ഗീയകലാപത്തിൽ അന്പതിനായിരത്തിനും രണ്ടുലക്ഷത്തിനുമിടയിൽ ജനങ്ങൾ കൊല്ലപ്പെട്ടെന്നതും ചരിത്രം. ജുനഗഡ് ഭരിച്ചിരുന്നത് 'മുഹമ്മദ് മഹാബത് ഖാൻജി' നവാബായിരുന്നു. അദ്ദേഹത്തിന്റേയും പ്രജകളിലധികവും ഹിന്ദുവിഭാഗത്തിലെ ജനങ്ങളായിരുന്നു. 'മുഹമ്മദ് മഹാബത് ഖാൻജി' ജുനഗഡ് പാക്കിസ്ഥാനിൽ ലയിപ്പിക്കാനിഷ്ടപ്പെട്ടിരുന്നു. 1947 സെപ്റ്റംബർ 15 ന് 'മൗണ്ട്ബാറ്റൺ പ്രഭുവിനോട്' പാക്കിസ്ഥാനിൽ ലയിക്കാനുള്ളതീരുമാനമറിയിച്ചു. കടൽമാർഗ്ഗം പാക്കിസ്ഥാനുമായി അതിർത്തിപങ്കിട്ടുകൊള്ളാമെന്നും 'പാക്കിസ്ഥാൻ നേതാവ് ജിന്ന'യുമായി കരാറിലെത്തുകയും ചെയ്തു. എന്നാൽ ജുനഗഡിലെ അംഗരാജ്യങ്ങളായ 'ബാബറിയാവാദും' 'മംഗ്രോളിലെ ഷേഖും' ഹിന്ദുക്കൾക്കും മുസ്ളീങ്ങൾക്കും ഒന്നിച്ചുതാമസിക്കാൻകഴിയില്ലെന്നവാദം തൃണവത്ഗണിച്ച് 'ഇന്ത്യൻ യൂണിയനിൽ' ചേരാൻ തീരുമാനിച്ചു. ചുറ്റും ഇന്ത്യൻ യൂണിയനാൽ ചുറ്റപ്പെട്ട അവസ്ഥയായപ്പോൾ 'മുഹമ്മദ് മഹാബത് ഖാൻജി' നവാബ് പാക്കിസ്ഥാനിലേക്ക് പലായനം ചെയ്തു. തുടർന്ന് 'സമൽദാസ് ഗാന്ധിയുടെ' നേതൃത്വത്തിൽ ജുനഗഡ് ജനങ്ങൾക്കായി ജനാധിപത്യ സർക്കാരുണ്ടാക്കുക്കുകയും ചെയ്തു. എല്ലാത്തിനും പിന്നിൽ 'സർദാർ പട്ടേലിന്റെ കൂർമ്മബുദ്ധി'യായിരുന്നു പ്രവർത്തിച്ചത്. തിരുവിതാംകൂറും ജോധ്പൂരും ഭോപ്പാലും ആദ്യം സ്വരാജ്യം എന്ന ആശയം മുന്നോട്ട് വെച്ചെങ്കിലും സർദാർ പട്ടേലിന്റെ സമയോചിതമായ ഇടപെടലുകൾ അവരെ 'ഇന്ത്യൻ യൂണിയനിൽ' അംഗങ്ങളാക്കിമാറ്റി. സ്വാതന്ത്യാനന്തരം ലക്ഷദ്വീപടക്കമുള്ള ദ്വീപസമൂഹങ്ങൾ ലക്ഷ്യമിട്ട് പാക്കിസ്ഥാൻ നേവിക്കപ്പലുകളയച്ചപ്പോൾ അവസരത്തിനൊത്തുയർന്ന് ഇന്ത്യൻ നേവൽ കപ്പലുകളയച്ച് ആ ശ്രമം പരാജയപ്പെടുത്തിയതും 'സർദാർ പട്ടേലാ'യിരുന്നു. 'ജമ്മു കാശ്മീർ' മുഴുവനായും ഇന്ത്യയുടേതാണെന്നാദ്യം പറഞ്ഞതും നമ്മുടെ പട്ടേലുതന്നെയായിരുന്നു. ഇന്ന് നാം കാണുന്ന ഇന്ത്യ അങ്ങിനെ 'സർദാർ പട്ടേലിന്റെ' കഴിവിൽ ഒരു രാജ്യമായി രൂപാനാതരപ്പെട്ടു. 'സർദാർ പട്ടേൽ' എന്ന അതികായകന്റെ കഴിവിലൂന്നി ഇന്ത്യയങ്ങിനെ ലോകരാജ്യങ്ങളുടെ മുന്നിൽ വിശാലമായ ഭൂപ്രകൃതികാട്ടി,ഒരു സ്വാതന്ത്രപരമാധികാര ജനാധിപത്യ രാജ്യമായി തലയുയർത്തിനിന്നു. തന്നോട് കൂടെ നിന്ന എല്ലാ നാട്ടുരാജാക്കന്മാരോടും നന്ദിയും കടപ്പാടും അറിയിച്ച അദ്ദേഹം ഈ രക്തരഹിതവിപ്ലവത്തിന് കൂടെനിന്ന എല്ലാ ജനങ്ങളെയും അഭിനന്ദിക്കുകയും ഈ വിജയം ഇന്ത്യയിലെ ജനങ്ങൾക്ക് സമർപ്പിക്കുകയും ചെയ്തു.'ഭാരതം' എന്ന എക്കാലവും വിഘടിച്ചുനിന്നിരുന്ന നാട്ടുരാജ്യങ്ങളെ ചേർത്ത്നിർത്തി 'ഇന്ത്യ' എന്ന മഹാ ജനാധിപത്യരാഷ്ട്രം നിർമ്മിച്ചൂ എന്നത് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും തിളക്കമാർന്ന ഒരേടായി എന്നെന്നും നിലനില്ക്കും..
നന്ദി..നല്ല നമസ്ക്കാരം..
എഴുതിയത്- പ്രിൻസ് പവിത്രൻ
കടപ്പാട്- സമൂഹമാദ്ധ്യമങ്ങൾ
Wow
Comment

No comments:

Post a Comment

Search This Blog