Tuesday, 30 October 2018

"ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ബന്ധം" ചരിത്രത്തിന്റെ നാൾവഴികളിലൂടെ 

ഇന്ത്യയും-ഇസ്രായേലും തമ്മിലുള്ള ബന്ധം


കടപ്പാട് : പ്രിൻസ് പവിത്രൻ- സുവിത് വിജയൻ-ചരിത്രാന്വേഷികൾ

ഇന്ത്യയും ഇസ്രായേലും ഏകദേശം ഒരേ കാലയളവിൽ നിലവിൽവന്ന രണ്ട് ജനാധിപത്യരാഷ്ട്രങ്ങളായിരുന്നു. ഇന്ത്യ നേരിട്ട അതേ വെല്ലുവിളികൾ തന്നെയാണ് ഇസ്രായേൽ അന്നും ഇന്നും നേരിടുന്നത്. ഗാസയിലടക്കമുള്ള കുടിയേറ്റപ്രശ്നങ്ങളും അമേരിക്കയോടുള്ള വിധേയത്വവും ഒഴിച്ചുനിർത്തിയാൽ ഇന്ത്യയും ഇസ്രായേലും ഒരേതൂവൽപക്ഷികളാണ്.  ചേരിചേരാനയത്തിന്റെ വ്യക്താക്കളായി ലോകത്തെ ഇരു സാമ്രാജ്യത്തചേരികളിലും കൂടാതെ മൂന്നാംലോകരാജ്യങ്ങളുടെ കൂട്ടായ്മയുണ്ടാക്കിയ രാജ്യമായിരുന്നു ഇന്ത്യ. പക്ഷേ അതേ ഇന്ത്യക്ക് ഒരു   വെല്ലുവിളിനേരിട്ടപ്പോൾ ചേരിചേരാകൂട്ടായ്മയിലെ പ്രധാന അംഗങ്ങൾതന്നെ ഇന്ത്യയെ പിന്നിൽ നിന്ന് ചതിച്ച് പാക്കിസ്ഥാനെ സാമ്പത്തികരംഗത്തും പ്രതിരോധരംഗത്തും സഹായിച്ചു. അന്ന് നമ്മുടെ രാജ്യം അയിത്തം കൽപ്പിച്ച് മാറ്റിനിർത്തിയ ഒരു രാജ്യം നമ്മുടെ രക്ഷക്കെത്തി!! "വാഗ്ദത്തദേശം" അഥവാ "ഇസ്രായേൽ". 1960-കളിൽ ആയുധവ്യാപാരത്തിൽ തുടങ്ങിയ ആ ബന്ധം ഇന്ന് 2017 ആയപ്പോഴേക്കും സർവ്വമേഖലകളിലും പടർന്ന് പന്തലിച്ചിരിക്കുന്നു. "സാമ്പത്തിക,സാമൂഹിക,രാഷ്ട്രീയ,പ്രതിരോധ,ശാസ്ത്രീയ,ഗവേഷണ" മേഖലകളിൽ ഇന്ന് ഈ രണ്ട് രാജ്യങ്ങളും കൈകോർത്ത് മുന്നോട്ട് പോകുന്നു. അന്താരാഷ്ട്ര രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് 'ഇന്ത്യയും ഇസ്രായേലും' തമ്മിലുള്ള ബന്ധം മാറിമറിഞ്ഞുകൊണ്ടേയിരുന്നു എന്നത് വാസ്തവം തന്നെയെങ്കിലും 2017 ഒരു മാറ്റത്തിന്റെ വർഷം തന്നെയായിരുന്നു. ഇന്ത്യയിലെ രാഷ്ട്രീയനേതൃത്വങ്ങൾ ഒരിക്കലും 'ഇസ്രായേലുമായുള്ള' ഇന്ത്യയുടെ ബന്ധം പുറത്തറിയാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം 'ഗാസയിലടക്കം' നടന്നുകൊണ്ടിരിക്കുന്ന മനുഷ്യാവകാശലംഘനങ്ങൾ ഇന്ത്യയിലെ മുഖ്യന്യൂനപക്ഷവിഭാഗത്തിന്റെ വോട്ട്ബാങ്ക് തകർക്കും എന്നപേടിയായിരുന്നു ഒരു വശത്ത്!! മറുഭാഗത്താവട്ടെ ഇന്ത്യയുടെ ദൈനംദിന ആവശ്യങ്ങൾക്കുള്ള 77% ത്തിലധികം പെട്രോളിയം നല്കിയിരുന്ന 'അറബ് രാജ്യങ്ങളും' അവിടെ പ്രവാസികളായി ജോലിചെയ്ത് വിദേശനാണ്യം ഇന്ത്യയിലേക്കെത്തിച്ചിരുന്ന 'ഇന്ത്യാക്കാരും' ഇസ്രായേൽബന്ധം രഹസ്യമായി സൂക്ഷിക്കാൻകാരണമായി. ഇന്ത്യാ-ഇസ്രായേൽ ബന്ധം പ്രധാനമായും മൂന്നുഘട്ടങ്ങളായി വിവരിക്കുന്നതാവും ഉചിതം. ആദ്യഘട്ടം 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുന്പുള്ള ഇന്ത്യാ-ഇസ്രായേൽ ബന്ധം', '1947 മുതൽ 1992 വരെയുള്ള ഇന്ത്യാ-ഇസ്രായേൽ ബന്ധം', '1992 മുതൽ 2017 ഇന്ത്യാ-ഇസ്രായേൽ ബന്ധം' എന്നിവയാണ് ആ മൂന്ന് ഭാഗങ്ങൾ.

ആദ്യഘട്ടം 'ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് മുന്പുള്ള ഇന്ത്യാ-ഇസ്രായേൽ ബന്ധം':-
"അതിഥി ദേവോ ഭവ:"എന്നതായിരുന്നു പ്രാചീനഭാരതീയരുടെ അന്താരാഷ്ട്ര ബന്ധങ്ങളുടെ നിർവ്വചനം. ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ധാരാളം ജാതിമതവർണ്ണ വിഭാഗങ്ങളിലെ മനുഷ്യർ കുടിയേറിപ്പാർത്ത ദേശമാണ് ഇന്ത്യ.ആധുനിക മനുഷ്യചരിത്രത്തിൽ അങ്ങിനെ ഏറ്റവും  ആദ്യം ഇന്ത്യയിൽ വന്നവരാണ് 'ജൂതന്മാർ'.ഏകദേശം ബി.സി. 562-ലാണ് ആദ്യത്തെ 'ജൂതവ്യാപാരസംഘം' നമ്മുടെ സ്വന്തം കൊച്ചിയിലെത്തുകയും അവിടെ സ്ഥിരതാമസമാക്കി കച്ചവടമാരംഭിക്കുകയും ചെയ്തത്. പിന്നീട് അവർ 'കൊച്ചിയിൽ' നിന്നും 'കോഴിക്കോട്ടേക്കും' വ്യാപാരം വളർത്തുകയും ചെയ്തു. പിന്നീട് 1640 ൽ അന്നത്തെ 'മദ്രാസിലും' (ചെന്നൈയിലും) 'ലണ്ടൻ,ആംസ്റ്റർഡാം,കരീബിയൻ' ദേശങ്ങളിലെ 'ജൂതന്മാർ' സ്ഥിരതാമസമാക്കി. 1730-ൽ 'ബാഗ്ദാദി ജൂതന്മാർ' ഗുജറാത്തിലെ സൂററ്റിലും താമസമാക്കി.
1768 ആയപ്പോഴേക്കും 'മറാത്താ പ്രൊവിൻസിൽ' (ബോംബെയിൽ) ഇസ്രായേലിൽ നിന്നുള്ള 'ബനേജൂതരും' താമസമായി. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ അവസ്സാനകാലഘട്ടത്തിലാണ് 'ഇസ്രായേലിന്റെ രൂപീകരണം'. അന്ന് നമ്മുടെ രാഷ്ട്രപിതാവ് 'ശ്രീ മഹാത്മാഗാന്ധി' ഈ വിഷയത്തിൽപക്വമായാണ് പ്രതികരിച്ചത്. "ലോകത്തിലെ ഏറ്റവും അധികം വേട്ടയാടപ്പെട്ട ജനവിഭാഗമാണ് ജൂതരെന്നും ഹിറ്റ്ലറടക്കമുള്ള നരാധമന്മാരുടെ കൈകളിൽപ്പെട്ട് നല്ലൊരുശതമാനംകൊല്ലപ്പെട്ട അവരുടെ കുടിയേറ്റത്തിൽ തെറ്റില്ല,പക്ഷേ അത് ശക്തിപ്രയോഗിച്ച് മറ്റൊരു ജനവിഭാഗത്തെ ആട്ടിയോടിച്ചിട്ടാവരുതെന്നായിരുന്നു അഭിപ്രായപ്പെട്ടത്". പക്ഷേ ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി 'ജവഹർലാൽ നെഹ്രുവിന്' ഇസ്രായേലിനോടോ ജൂതരോടോ യാതൊരു അനുകമ്പയുമില്ലായിരുന്നു. അതിനാലാണ് സാക്ഷാൽ ശാസ്ത്രകണ്ടുപിടുത്തങ്ങളുടെ തലതൊട്ടപ്പനായ ശ്രീ 'ആൽബർട്ട് ഐൻസ്റ്റീൻ'  പാലസ്തീനെ വിഭജിക്കാനുള്ള പ്രമേയത്തെ അനുകൂസിക്കണമെന്ന് പറഞ്ഞിട്ടും ശക്തിയുക്തം എതിർത്തത്. 1947 നവംബർ 29-ന് 'യുണൈറ്റഡ് നേഷൻസിന്റെ' പാലസ്തീനെ വിഭജിക്കാനുള്ള പ്രമേയത്തെ അന്ന് ജവഹർലാൽ നെഹ്രുവിന്റെ നേതൃത്വത്തിൽ എതിത്ത് ഇന്ത്യ തങ്ങളുടെ അഭിപ്രായം വ്യക്തമാക്കി. അത് അന്നത്തെ രാഷ്ട്രീയ ,സാമൂഹിക,സാമ്പത്തിക,പ്രതിരോധ മേഖലകൾക്ക് നന്നായി ഗുണം ചെയ്യുകയും ചെയ്തു. കാരണം ഇന്ത്യ-പാക്ക് വിഭജനശേഷമുണ്ടായ വർഗ്ഗീയ കലാപങ്ങളും എഴുതപ്പെടാത്ത ഒരു ഭരണഘടനയുടെ അഭാവവും ആസന്നമായ പാക്കിസ്ഥാനുമായുള്ള യുദ്ധവും തകർന്നുകൊണ്ടിരുന്ന സമ്പത്വ്യവസ്ഥയും നെഹ്രുവിന്റെ തീരുമാനത്തെ സ്വാധീനിച്ചെന്നുപറയാം. അന്ന് ഇന്ത്യക്ക് അന്താരാഷ്ട്രതലത്തിൽ ലോകരാജ്യങ്ങളുടെ പിന്തുണ അനിവാര്യമായിരുന്നു. കാരണം 'ഇസ്രായേലിന്' അന്ന് സർവ്വപിന്തുണയും കൊടുത്ത് കൂടെനിന്നിരുന്നത് 'അമേരിക്കയായിരുന്നു'. അന്നത്തെ അമേരിക്കൻവിരുദ്ധചേരിയുടെ വക്താക്കളായിരുന്ന 'സോവിയറ്റ്യൂണിയനുമായുള്ള' ബന്ധം പരിപോഷിപ്പിക്കാനും ഈ ബന്ധം സഹായകമായി. പിന്നീട് സോവിയറ്റ് യൂണിയൻ ഇന്ത്യയുടെ ഏറ്റവും വലിയ ആയുധവിൽപ്പനരാജ്യമായി അവർമാറുകയും ചെയ്തു. ഏത് കോണിൽനിന്ന് നോക്കിയാലും അന്നത്തെ പ്രധാനമന്ത്രി 'നെഹ്രുവിന്റെ' തീരുമാനങ്ങൾ ഇന്ത്യക്ക് ഗുണംചെയ്യുകതന്നെചെയ്തു.

1947 മുതൽ 1992 വരെയുള്ള ഇന്ത്യാ-ഇസ്രായേൽ ബന്ധം:-
സ്വാതന്ത്രാനന്തരം 'ഇസ്യായേലിനെതിരെയുള്ള' നെഹ്രുവിന്റെ തീരുമാനങ്ങൾ ശക്തികൂടിവന്നുകൊണ്ടിരുന്നു. 'പാലസ്തീന്' ആവശ്യമായ സർവ്വപിന്തുണയും ഇന്ത്യയിൽ നിന്നും പ്രവഹിച്ചു. 1950-ൽ ആണ് 'ചേരിചേരാരാജ്യങ്ങളുടെ സഖ്യം' (Non alignment Movement ,NAM) 'ജവഹർലാൽ നെഹ്രുവിന്റെ' നേതൃത്വത്തിൽ നിലവിൽ വന്നത്. രണ്ടാംലോകമഹായുദ്ധത്തിന്റെ അവസ്സാനശേഷം രൂപപ്പെട്ട 'അമേരിക്കൻചേരിയിലും' 'സോവിയറ്റ്ചേരിയിലും' ചേരാതെ സ്വന്തംകാലിൽ നിൽക്കുന്നരാജ്യങ്ങളുടെ കൂട്ടായ്മയായിരുന്നു 'നെഹ്രുജി കണ്ട സ്വപ്നം'. പക്ഷേ ചേരിചേരാരാജ്യങ്ങളുടെ സഖ്യരാജ്യങ്ങളായ 'ഇന്ത്യയും' പാക്കിസ്ഥാനും തമ്മിൽ യുദ്ധങ്ങളുണ്ടായപ്പോൾ ഇന്ത്യയുടെകൂടെ സോവിയറ്റ്യൂണിയനും പാക്പക്ഷത്ത് അമേരിക്കയും അണിനിരന്നു. പക്ഷേ  'നെഹ്രുവിനെ' വേദനിപ്പിച്ചത് ചേരിചേരാരാജ്യങ്ങളുടെ സഖ്യമുണ്ടാക്കാൻ മുമ്പന്തിയിൽ നിന്ന 'ഇന്തോനേഷ്യയും' 'സൗദി അറേബ്യയുമെല്ലാം മതമെന്ന ഒറ്റ അടിസ്ഥാനത്തിൽ 'പാക്കിസ്ഥാനെ' പിന്തുണച്ചതാണ്. ഉറ്റചങ്ങാതിയെന്ന് കണക്കുകൂട്ടിയ 1962-ലെയുദ്ധാനന്തരം 'ചൈനയും' ശത്രുപക്ഷത്താണെന്ന് മനസ്സിലാക്കിയ നെഹ്രുവിന് ഇന്ത്യയുടെ നിസ്സഹായാവസ്ഥ പാടേ ബോധ്യപ്പെട്ടു. 1962 'ഇന്ത്യ-ചൈനയുദ്ധകാലത്തെ' സോവിയറ്റ് യൂണിയന്റെ മൗനം കൂടിയായപ്പോൾ എല്ലാം സംപൂർണ്ണമായി. 'അമേരിക്ക' അവിടെയും ആയുധക്കച്ചവടമെന്ന കഴുകൻതന്ത്രവുമായി കൂടെനിന്നെങ്കിലും 'നെഹ്രുവിന്റെ' മനസ്സ് അസ്വസ്ഥമായിക്കൊണ്ടേയിരുന്നു. ശത്രുവിനേക്കാൾ പേടിക്കേണ്ടത് കൂടെനടക്കുന്നവരുടെ ചതിപ്രയോഗമാണെന്ന് അദ്ദേഹത്തിനും  മനസ്സിലായിത്തുടങ്ങി. 1962-ലെ 'ഇന്ത്യ-ചൈനയുദ്ധകാലത്ത്' ഇന്ത്യയുടെ പക്കലുണ്ടായിരുന്ന ആയുധങ്ങൾ തീർന്നുതുടങ്ങിയ സമയത്ത് നെഹ്രു അന്നത്തെ 'ഇസ്രായേൽ' പ്രധാനമന്ത്രിയായിരുന്ന 'ഡേവിഡ് ബെൻ ഗുറിയോണിന്' അടിയന്തിരമായി യുദ്ധസാമഗ്രികളും ആയുധങ്ങളും 'ഇന്ത്യക്ക്' നല്കണമെന്ന സന്ദേശമയച്ചു. അവിടെയും ഇന്ത്യയുടെ ഇസ്രായേലിനോടുള്ള തൊട്ടുകൂടാഴിക പ്രധാനമന്ത്രിയായിരുന്ന നെഹ്രു കാട്ടിയെന്നതാണ് ചരിത്രം. കാരണം ഇന്ത്യയുടെ അടിയന്തിരമായ ആവശ്യം പരിഗണിച്ച് ആയുധങ്ങൾ നല്കാൻ 'ഇസ്രായേൽ' സമ്മതിച്ചു. പക്ഷേ നെഹ്രുവിന്റെ മറ്റൊരു സന്ദേശം ഒട്ടും ഇസ്രായേൽ യുക്തിക്ക് നിരക്കുന്നതായിരുന്നില്ല. ഇന്ത്യയിലേക്ക് ആയുധങ്ങൾ കൊണ്ടുവരുന്ന ഇസ്രായേൽ കപ്പലുകളിൽ 'ഇസ്രായേൽ പതാകകൾ' വെക്കരുതെന്നായിരുന്നു ആ വിചിത്രമായ ആവശ്യം. അടുത്തബന്ധം പുലർത്തിയിരുന്ന (പിന്നീന്ന്കുത്തുകയും ചെയ്തിരുന്ന) 'അറബ്രാജ്യങ്ങളോടുള്ള' ഭയം മൂലമാണ് അദ്ദേഹം ഇങ്ങനൊരാവശ്യം ഉന്നയിച്ചത്. പക്ഷേ ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന 'ഡേവിഡ് ബെൻ ഗുറിയോൺ' ഇന്ത്യയുടെ ഈ അവസ്ഥയിൽ അവർക്കുള്ള അനുശോചനം രേഖപ്പെടുത്തിയെങ്കിലും ആയുധങ്ങൾ 'ഇസ്രായേൽ' പതാകയോടെയേ ഇന്ത്യയിലെത്തൂ എന്ന് തിരിച്ച് സന്ദേശമയച്ചു. നെഹ്രുവിന് വഴങ്ങേണ്ടിവന്നു. ചരിത്രത്തിലാദ്യമായി അന്നേവരെ ശത്രുപക്ഷത്തുനിന്ന ഒരു രാജ്യത്തിന് ഇസ്രായേൽ ആയുധമെത്തിച്ചു കൊടുത്തു. ലോകരാജ്യങ്ങളുടെ മുന്നിൽ ഇളിഭ്യരായി നിന്ന ഇന്ത്യയോട് അന്ന് അനുകമ്പകാണിച്ച ചുരുക്കം രാജ്യങ്ങളിലൊന്നായിരുന്നു 'ഇസ്രായേൽ'. അതിന് കാരണം ജൂതവംശത്തിന്റെ ഇന്ത്യയോടുള്ള നന്ദികാണിക്കൽ കൂടെയായിരുന്നു. ഇസ്രായേൽ പാഠപുസ്ഥകങ്ങളിൽ വരെ അവർ ഇന്ത്യ എന്ന ദേശത്തെപ്പറ്റിപഠിപ്പിക്കുന്നവരായിരുന്നു. ലോകംമുഴുവൻ ജൂതന്മാരെ വേട്ടയാടിയപ്പോൾ അവർക്ക് പരവതാനി വിരിച്ച് വരവേൽപ്പ് നല്കിയവരായിരുന്നു ഇന്ത്യയിലെ നമ്മുടെ 'പൂർവ്വികർ'. പക്ഷേ നെഹ്രുവിന് അതും പൊതുജനമദ്ധ്യത്തിൽ സമ്മതിക്കാൻ മടിയായിരുന്നു. കാരണം 'ഗാസയിലേയും വെസ്റ്റ്ബാങ്കിലേയും' ഇസ്രായേൽ അധിനിവേശങ്ങൾ ഇന്ത്യയിലെ ന്യൂനപക്ഷം നഖശിഖാന്തം എതിർത്തിരുന്നു. ഒരിക്കലും അവരെ പിണക്കാൻ നെഹ്രു തയ്യാറായിരുന്നില്ല.

1965-ലെ ഇന്ത്യ-പാക്കിസ്ഥാൻ യുദ്ധസമയത്ത് ഇന്ത്യക്കാവശ്യമായ ആയുധങ്ങൾ 'ഇസ്രായേൽ' ചരക്കുകപ്പലുകളിലെത്തിച്ചുതന്നു. അത് പുറംലോകമറിയാതിരിക്കേണ്ടത് ഇന്ത്യയുടെ അന്നത്തെ രാഷ്ട്രീയ/നയതന്ത്രരംഗത്തിന് അനുവാര്യമായിരുന്നു. ഈ സഹായത്തിനുള്ള പ്രത്യുപകാരമായി 'ഇസ്രായേലിന്റെ ആറുദിനയുദ്ധത്തിന്റെ' സമയത്ത് ഫ്രഞ്ച് 'ദസ്സൾട്ട് മിസ്സെറി' യുദ്ധവിമാനത്തിന്റേയും ഔറാഗൻ വിമാനത്തിന്റേയും പാർട്ട്സുകളും ഫ്രഞ്ച് എ.എം.എക്സ് ടാങ്കുകളും ഇസ്രായേലിന്റെ രക്ഷക്കായി ഇന്ത്യ നല്കി.
1971 'ഇന്ത്യ-പാക്കിസ്ഥാൻ' യുദ്ധസമയത്താണ് ഇസ്രായേലിനോട് ഇന്ത്യക്ക് വീണ്ടും സഹായമഭ്യർത്ഥിക്കേണ്ടിവന്നത്. കിഴക്കൻ പാക്കിസ്ഥാനെന്നറിയപ്പെട്ടിരുന്ന ഇന്നത്തെ 'ബംഗ്ലാദേശ്' വിമോചനയുദ്ധത്തിനായി ശ്രീമതി 'ഇന്ദിരാ ഗാന്ധി' കച്ചകെട്ടിയിറങ്ങിയപ്പോൾ വീണ്ടും ഇന്ത്യക്ക് ആയുധങ്ങളുടെ എണ്ണത്തിൽ കുറവുവന്നു. ഏകദേശം എട്ട് മാസങ്ങൾക്കുമുന്പേ യുദ്ധസന്നാഹങ്ങൾ കരസേനാമേധാവി 'മാണിക് ഷാ'യുടേയും റോ തലവൻ 'കാവോ'യുടേയും നേതൃത്വത്തിൽ തുടങ്ങിയപ്പോൾ ആദ്യം മുന്നോട്ടുവന്ന പ്രശ്നമായിരുന്നു ആയുധങ്ങളുടെ അഭാവം. അന്നത്തെ ഇന്ദിരാഗാന്ധിയുടെ ഉപദേഷ്ടാവായിരുന്ന 'പി.എൻ ഹക്സറിന്റേയും' റോ തലവൻ 'കാവോ'യുടേയും രഹസ്യനീക്കത്തിലൂടെ അതീവരഹസ്യമായി ഇസ്രായേലിൽനിന്നും ആയുധങ്ങൾ ഇന്ത്യയിലെ 'മുക്തി ബാഹിനി' പോരാളികളിലെത്തിക്കാൻ ധാരണയായി. അന്നുവരെ 'ഇന്ത്യയും ഇസ്രായേലും' തമ്മിൽ യാതൊരു നയതന്ത്രബന്ധവും ഇല്ലായിരുന്നു എന്നതുകൂടെ കൂട്ടിവായിക്കുമ്പോഴേ ഈ സഹായത്തിന്റെ വ്യാപ്തി മനസ്സിലാകൂ.ഇന്ത്യയുടെ ആവശ്യത്തിന് അനുസരിച്ചുള്ള ആയുധങ്ങൾ ഇസ്രായേലിന്റെ പ്രതിരോധനിർമ്മാണകേന്ദ്രങ്ങളിൽ അന്ന് സ്റ്റോക്കില്ലായിരുന്നു. പക്ഷേ അതിനുപകരം അവർ 'ഇറാനുവേണ്ടി' ഷിപ്പ്മെന്റിനുതയ്യാറാക്കിയിരുന്ന ആയുധങ്ങൾ ഇസ്രായേൽ പ്രസിഡന്റ് 'ഗോൾഡാ മെയ്ർ' ഇന്ത്യയിലേക്ക് കാർഗോ വിമാനങ്ങൾ വഴിയെത്തിച്ചു. കൂടാതെ പുതിയ ആയുധങ്ങൾ പരിചയപ്പെടുത്താനായി സാങ്കേതികവിദഗ്ധരടങ്ങുന്ന ഒരു സംഘത്തേയും 'ഇസ്രായേൽ' ആയുധങ്ങൾക്കൊപ്പമയച്ചു. ഇതുകൂടാതെ ലോകത്തിലെ ഏറ്റവും മികച്ച രഹസ്യാന്വേഷണസംഘടനയായ ഇസ്രായേലിന്റെ 'മൊസാദും' ഇന്ത്യൻ രഹസ്യാന്വേഷണസംഘടനയായ 'റോ'ക്ക് ഒപ്പം തോളോട്തോൾചേർന്ന് പ്രവർത്തിച്ചു. ഇസ്രായേലിനെ അന്നും ഇന്നും പരിപാലിച്ചിരുന്ന 'അമേരിക്കയുടെ' ശാസനയെ ധിക്കരിച്ചാണ് അവർ അന്ന് ഇന്ത്യയെ സഹായിച്ചത്.  1971-ലെ യുദ്ധത്തിൽ 'അമേരിക്കൻ പ്രസിഡന്റ് നിക്സന്റെ' നിർദ്ദേശപ്രകാരം അമേരിക്കയുടെ വിമാനവാഹിനിക്കപ്പലടക്കമുള്ള ഒരു വലിയ നാവികസേനാവ്യൂഹം ഇന്ത്യയെ ആക്രമിക്കാനായി തുനിഞ്ഞെങ്കിലും സോവിയറ്റ് ന്യൂക്ലിയർ അന്തർവാഹിനികൾ ഈ നീക്കത്തെ ഫലപ്രദമായി തടുത്തു  എന്നതും ചരിത്രത്തിൽ കൂട്ടിവായിക്കപ്പെടേണ്ടതാണ്. 'ഇസ്രായേൽ' അന്ന് അവരുടെ യജമാനന്മാരായ അമേരിക്കയെ വരെ തള്ളിപ്പറഞ്ഞ് ഇന്ത്യയുടെ കൂടെ നിന്നു. പകരമായി ഇസ്രായേൽ ന്യായമായൊരു ആവശ്യം മാത്രം മുന്നോട്ടുവെച്ചു. ഇസ്രായേലിന് ഇന്ത്യയുമായി സമ്പൂർണ്ണ നയതന്ത്രബന്ധം വേണം എന്തായിരുന്നു ആ ആവശ്യം. അത് നടക്കാതെപോയിട്ടും യുദ്ധാനന്തരം കിഴക്കൻ പാക്കിസ്ഥാനെ  പക്ഷേ അവിടെയും ഇന്ത്യക്ക് മനപ്പൂർവ്വമല്ലാത്തകാരണങ്ങളാൽ ഇസ്രായേലിനെ തള്ളിപ്പറയേണ്ടിവന്നു. നെഹ്രുവിന്റെ ഭയങ്ങൾ മകളായ ഇന്ദിരക്കും പകർന്നുകിട്ടിയപ്പോൾ ഇസ്രായേലുമായുള്ള നയതന്ത്രബന്ധം വീണ്ടും നടക്കാതെപോയി.

'1992 മുതൽ 2017 ഇന്ത്യാ-ഇസ്രായേൽ ബന്ധം':-
ശ്രീ 'പി.വി.നരസിംഹറാവു' എന്ന കോൺഗ്രസ്സ് രാഷ്ട്രീയ ചാണക്യനാണ് ഇന്ത്യക്ക് ഇസ്രായേലുമായുള്ള ബന്ധം ഊഷ്മളമാക്കുന്ന തീരുമാനങ്ങൾ 1992-ൽ കൈക്കൊണ്ടത്. പതിനേഴ് ഭാഷകൾ സംസാരിച്ചിരുന്ന ആ മഹാവ്യക്തി രാഷ്ട്രീയത്തേക്കാളുപരി രാഷ്ട്രത്തെസ്നേഹിച്ച വ്യക്തിത്ത്വമായിരുന്നു. രാജീവ്ഗാന്ധിവരെ പിന്തുടർന്നുവന്ന നെഹ്രൂവീയൻ സോഷ്യലിസ്റ്റ് സാമ്പത്തിക/നയതന്ത്ര സമവാക്യങ്ങൾ മാറ്റിയെഴുതിയ അദ്ദേഹമാണ് ഇന്ത്യൻ മാർക്കറ്റുകൾ ലോകത്തിനായി തുറന്നുകൊടുത്തത്. പിൽക്കാലത്ത് അടൽ ബിഹാരി വാജ്പേയിയും ഡോ. മന്മോഹൻ സിങ്ങും നരേന്ദ്രമോദിയുമെല്ലാം പിന്തുടരുന്നത് ഈ ആശയങ്ങൾ തന്നെയാണ്. അക്കാലത്താണ് ഇന്ത്യ ഇസ്രായേലുമായി സമ്പൂർണ്ണ നയതന്ത്രബന്ധത്തിന് തുടക്കംകുറിച്ചത്. "വൈദ്യൻ ഇഛിച്ചതും രോഗികൽപ്പിച്ചതും പാല്" എന്ന് പറയുന്നതുപോലെ അക്കാലത്താണ് ഇസ്രായേലും പാലസ്തീനുമായുള്ള സമാധാനചർച്ചകൾക്ക് ഏക്കം കൂടിയത്.അതിനാൽ തന്നെ 'പാലസ്തീൻ ലിബറേഷൻ ഓർഗണൈസേഷന്റെ' നേതാവായിരുന്ന യാസർ അറാഫത്ത് ഇന്ത്യ ഇസ്രായേലുമായി നയതന്ത്രബന്ധം തുടങ്ങുന്നതിനെ രണ്ടുകൈയ്യുംനീട്ടി സ്വീകരിച്ചു, ചരിത്രപരമെന്ന് വിശേഷിപ്പിക്കുകയും ചെയ്തു. തുടർന്നാണ് നരസിംഹറാവൂ ഇസ്രായേൽ എംബസ്സിക്ക് തുടക്കംകുറിച്ചുകൊണ്ട് ഇങ്ങനെപറഞ്ഞത് ' ഇന്ത്യയും ഇസ്രായേലും രണ്ട് പരമാധികാര ജനാധിപത്യ റിപ്പബ്ലിക്കുകളാണ്, ആയതിനാൽ അവരുടെ തീരുമാനങ്ങൾ സ്വന്തം താത്പര്യങ്ങൾ സംരക്ഷിക്കുവാൻ ഉതകുന്നതായിരിക്കും' എന്നായിരുന്നു.  1992-ലെ സോവിയറ്റ് യൂണിയന്റെ തകർച്ചകൂടിയായപ്പോൾ ഇന്ത്യക്ക് സമ്പൂർണ്ണ നയതന്ത്ര സ്വാതന്ത്ര്യം ലഭിക്കുകയും ചെയ്തു.കാരണം അമേരിക്കക്ക് എങ്ങനെയും ഇന്ത്യപോലെയൊരു മഹാരാജ്യത്തെ തങ്ങളുടെ സഖ്യരാജ്യമാക്കണമെന്നതായിരുന്നു മോഹം. പക്ഷേ 'സോവിയറ്റ് യൂണിയനോടായിരുന്നു' ഇന്ത്യക്ക് കൂടുതൽ അടുപ്പം. പക്ഷേ സോവിയറ്റ് തകർച്ചയോടെ അമേരിക്കയോടടുക്കുന്നതിന് പകരം 'ഇന്ത്യ' ഇസ്രായേലിനോടാണ് അടുത്തത്. ഇസ്രായേൽ തങ്ങളുടെ പക്ഷരാജ്യമായതിനാൽ 'ഇന്ത്യ' അവരുമായടുക്കുന്നത് ഭാവിയിൽ ഗുണംചെയ്യുമെന്നറിഞ്ഞിരുന്ന അമേരിക്കൻ പ്രസിഡന്റ് 'ജോർജ്ജ് ബുഷ് സീനിയറിന്റെ' അനുവാദംകൂടിയായപ്പോൾ ലോകത്തിനുമുന്നിൽ മറ്റൊരു ചരിത്രപരമായ ഐക്യം രൂപപ്പെട്ടു.'ഇന്ത്യ-ഇസ്രായേൽ സഖ്യം'. ഈ കാലത്താണ് 'പാലസ്തീൻ ലിബറേഷൻ ഓർഗണൈസേഷന്റെ' നേതാവായിരുന്ന 'യാസർ അറാഫത്തും' ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന 'യിറ്റ്സാക്ക് റാബിനും' ഇസ്രായേൽ നേതാവ് 'ഷിമോൺ പെരേസും' ഉൾപ്പെട്ട നയതന്ത്രസംഘമായിരുന്നു സമാധാനചർച്ചകൾമീന്നോട്ട്കൊണ്ടുപോയത്. സ്ത്യുത്യർഹമായ അവരുടെ സേവനത്തിന് മൂവർക്കും ആ വർഷത്തെ 'സമാധാനത്തിനുള്ള നോബൽസമ്മാനം' ലഭിക്കുകയും ചെയ്തു.ഈ സമാധാനചർച്ചകൾക്കൊടുവിലാണ് 1993-ലെ അമേരിക്കയിലെ വാഷിംഗ്ടണിൽവെച്ച് ഒപ്പിട്ട 'ഓസ്ലോ അക്കോർഡിലൂടെ' ഇസ്രായേലും പാലസ്തീനും പരസ്പരം രാജ്യങ്ങളാണെന്ന് ഔദ്യോഗികമായി അംഗീകരിച്ചത്. ഈ ഉടമ്പടികൂടെയായപ്പോൾ ഇന്ത്യ-ഇസ്രായേൽ ബന്ധത്തിന് യാതൊരു എതിർപ്പുമില്ലാതായി. ഇന്ത്യൻ രാഷ്ട്രീയനേതൃത്വങ്ങളുമായി ഊഷ്മളമായ ബന്ധം നിലനിർത്തിയിരുന്ന 'യാസർ അറാഫത്ത്' അറേബ്യൻ രാജ്യങ്ങൾക്കിടയിൽ 'ഇന്ത്യ-ഇസ്രായേൽ ബന്ധം' ഒരു നല്ലതുടക്കമായി അവതരിപ്പിക്കുകയും ചെയ്തു. അതിനാൽ നയതന്ത്രപരമായ ഒരു ഒറ്റപ്പെടൽ ഇന്ത്യക്ക് ഈ വിഷയത്തിൽ അറബ്രാജ്യങ്ങൾക്കിടയിലുണ്ടായില്ല.

1998-ലാണ് അടൽ ബിഹാരി വാജ്പേയിയുടെ നിർദ്ദേശപ്രകാരം ഇന്ത്യ സർവ്വലോകരാജ്യങ്ങളേയും ഞെട്ടിച്ചുകൊണ്ട് വീണ്ടും ആണവായുധം പരീക്ഷിച്ചത്. അന്ന് ഇന്ത്യാവിരുദ്ധചേരിയുടെ ചുക്കാൻ പിടിച്ചിരുന്ന അമേരിക്കൻ പ്രസിഡന്റ് 'ബിൽക്ലിന്റൻ' ഉപരോധമെന്ന ഉമ്മാക്കിയുമായി വീണ്ടും രംഗത്തെത്തി. 1974-ൽ ആദ്യത്തെ അണുപരീക്ഷണം 'ബുദ്ധൻ ചിരിക്കുന്നു (Smiling Budha) നടത്തിയ ശ്രീമതി ഇന്തിരാഗാന്ദിയെ തളക്കാൻ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ കൊണ്ടുവന്ന ഉപരോധങ്ങളിൽ പതിനായിരക്കണക്കിന് ഇന്ത്യാക്കാരാണ് പട്ടിണികിടന്നുമരിച്ചത്. അന്ന് നമ്മുടെരാജ്യത്തിന് ഭക്ഷ്യമേഖലയിലെ സ്വയംപര്യാപ്തതയില്ലായ്മയായിരുന്നു ആ മരണങ്ങൾക്ക് കാരണമായത്. പക്ഷേ അതിൽനിന്ന് പാഠമുൾക്കൊണ്ട് ഇന്ത്യ വൈകാതെതന്നെ ഭക്ഷ്യമേഖലയിലെ സ്വയംപര്യാപ്തതയിലെത്തുകയും ചെയ്തു. 'ബിൽ ക്ലിന്റന്റെ' 1998 ഉപരോധം വെള്ളത്തിൽ വരച്ചവരയാവുകയും ചെയ്തു. ആ പ്രതിസന്ധിഘട്ടത്തിൽ ഇന്ത്യയുടെ ചങ്കും കരളുമായി നിന്ന ഏകരാജ്യം 'ഇസ്രായേലായിരുന്നു'. ഇസ്രായേലിന്റെ കൂടെ ശ്രമഫലമായി വെറും ആറുമാസത്തിനകം അമേരിക്ക എല്ലാ ഉപരോധങ്ങളും പിൻവലിച്ചു. "ആപത്തിൽ കൂടെനിൽക്കുന്നവനാണല്ലോ യഥാർത്ഥസുഹൃത്ത്".

1999-ലെ കാർഗിൽ യുദ്ധമായിരുന്നു ഇന്ത്യ-ഇസ്രായേൽ ബന്ധം ഊട്ടിയുറപ്പിച്ച മറ്റൊരു സംഭവവികാസം. പതിവുപോലെ കാശ്മീർ സ്വപ്നവുമായി പാക്കിസ്ഥാൻ പട്ടാളം തീവ്രവാദികളുടെകൂടെ ചേർന്ന് 'കാർഗിൽ' മലനിരകളിലെ ഉയരങ്ങളിൽ നിലയുറപ്പിച്ചപ്പോൾ ഇന്ത്യയുടെ പക്കലുള്ള ആയുധങ്ങൾ പോരാതെവന്നു. കാരണം  തണുപ്പുകാലത്ത് പിൻമാറണമെന്ന കരാർ ലംഘിച്ച് ഉയരങ്ങളിലെ ഡിഫൻസീവ് പൊസിഷൻസെല്ലാം കൈയ്യടക്കിനിന്ന പാക്ക് സേനയുടെ മുന്നിൽ ഇന്ത്യൻ സൈന്യത്തിന് ആത്മവിശ്വാസവും ധൈര്യവും മാത്രമായിരുന്നു കൈമുതൽ. ഉയരങ്ങളിലെ പാക് ക്യാമ്പുകൾ ആക്രമിക്കാൻ ആവശ്യമായ കൃത്യമായ ലേസർഗൈഡഡ് ബോംബുകൾ ഇന്ത്യയുടെ ആയുധശേഖരത്തിലില്ലായിരുന്നു. ഇത്കൂടാതെ താഴ്വാരത്തുനിന്നും ആക്രമിച്ച് മുകളിലേക്ക് നീങ്ങുമ്പോൾ ഇന്ത്യനാർമിക്കാവശ്യമായ കവറിംഗ് ഫയർ കൊടുക്കേണ്ടത് 'ബൊഫോഴ്സ് തോക്കുകൾ' ആയിരുന്നു. അതിന്റെ മോർട്ടാർ അമുനീഷൻസിലും ഗണ്യമായകുറവ് ആർമി പ്രതിരോധമന്ത്രാലയത്തെ അറിയിച്ചു. പിന്നീട് കണ്ടത് 'ഇസ്രായേലെന്ന സുഹൃത്രാജ്യത്തിന്റെ' സ്നേഹാദരങ്ങൾ ഇന്ത്യക്ക് ലഭ്യമായത്. ഇന്ത്യൻ വായുസേനക്ക് പാക്ക്യാമ്പുകളാക്രമിക്കാനായി അതിനൂതന ലേസർഗൈഡഡ് ബോംബുകളും ബൊഫോഴ്സിന്റേതടക്കമുള്ള മോർട്ടാർ അമുനീഷൻസുകളും ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയുടെ കൈയ്യിൽ സുരക്ഷിതമായി ഇസ്രായേലെത്തിച്ചു. ഇവകൂടാതെ അമേരിക്കൻ വിലക്ക് മറികടന്ന് ഇസ്രായേൽ നിർമ്മിത ചാരവിമാനങ്ങളും രഹസ്യാന്വേഷണ സംഘടനയായ മൊസാദിന്റെ സർവ്വസഹകരണങ്ങളും ഇന്ത്യക്കായി ഇസ്രായേൽ മനസ്സറിഞ്ഞ് നൽകി. അന്ന് അറബ്മേഖലകളിൽ നിന്നുള്ള പ്രതിരോധവെല്ലുവിളികൾ ഇന്ത്യക്ക് കൃത്യമായെത്തിച്ചത് 'മൊസാദായിരുന്നു'. അന്ന് ഇന്ത്യ പ്രതിരോധാവശ്യങ്ങൾക്കായി ആശ്രയിച്ചിരുന്നത് അമേരിക്കയുടെ 'ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റമായിരുന്നു'. പതിവുപോലെ യുദ്ധസമയത്ത് അമേരിക്ക 'പാലംവലിക്കുകയും' 'ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം' ഇന്ത്യക്ക് ലഭ്യമാകാതാവുകയും ചെയ്തു. അപ്പോഴും 'ഇസ്രായേൽ' നമ്മുടെ രാജ്യത്തിന്റെ രക്ഷക്കെത്തി. 'ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം' ആധാരമാക്കിപ്രവർത്തിച്ചിരുന്ന ഇസ്രായേലിന്റെ ചാര ഉപഗ്രഹങ്ങൾ കൃത്യമായ വിവരങ്ങൾ 'മൊസാദ്' വഴി ഇന്ത്യക്ക് എത്തിച്ചുതരുകയും ചെയ്തു.ഇതുകൂടാതെ അധിനിവേശസേനകളെതുരത്താനുള്ള പ്രത്യേകസൈനികനീക്കങ്ങൾ നന്നായറിയാവുന്ന ഇസ്രായേലി മൊസാദിന്റെ സഹകരണംകൂടിയായപ്പോൾ ഇന്ത്യനാർമിയുടെ ശൗര്യം പതിന്മടങ്ങായി. യുദ്ധം വീരോചിതമായി പോരാടി ഇന്ത്യൻ സേന കരസ്ഥമാക്കി.

കാർഗിൽയുദ്ധം ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വത്തിന്റെ കണ്ണുതുറപ്പിച്ചു. കാരണം അന്ന് ഇന്ത്യഭരിച്ചിരുന്നത് വലതുപക്ഷരാഷ്ട്രീയത്തിന്റെ വക്താക്കളായ 'ബി.ജെ.പി' ആയിരുന്നു. സോഷ്യലിസ്റ്റ്/ഇടതുരാഷ്ട്രീയനേതൃത്വം കണക്കിലെടുക്കുന്നതൊന്നും വലതുപക്ഷരാഷ്ട്രീയത്തിന് കണക്കിലെടുക്കുന്ന സ്വഭാവമില്ലാത്തതിനാൽ 'ഇസ്രായേലുമായി' ഒരു തുറന്ന ബന്ധത്തിന് അവർ തയ്യാറായി.കാർഗിൽയുദ്ധം കഴിഞ്ഞ് തൊട്ടടുത്ത വർഷം ആഭ്യന്തരമന്ത്രിയായിരുന്ന ശ്രീ.എൽ.കെ അദ്വാനിയും  ധനമന്ത്രി ശ്രീ.ജസ്വന്ത് സിങ്ങും ഇസ്രായേൽ സന്ദർശിക്കുകയും ഒരുപിടി ഉടമ്പടികളിൽ ഒപ്പുവെക്കുകയും ചെയ്തു. ഈ സന്ദർശനത്തിന്റെ തുടർച്ചയായാണ് 2003-ൽ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ആദ്യ ഇസ്രായേൽ പ്രധാനമന്ത്രിയായി 'ഏരിയൽ ഷാരോൺ' ഡൽഹിയിലെത്തിയത്. ഈ സന്ദർശനവേളയിലാണ് 'ഇന്തോ-ഇസ്രായേൽ സൗഹൃദ-സാമ്പത്തിക കരാർ' ഒപ്പിട്ടത്. 'ടെൽ അവീവിലുണ്ടായ' ഭീകരാക്രമണത്തെതുടർന്ന് ഈ സന്ദർശനം വെട്ടിച്ചുരുക്കി അദ്ദേഹം തിരിച്ചുപോയെങ്കിലും അതിനുമുന്പായി 'ഇന്തോ-ഇസ്രായേൽ പ്രതിരോധകരാറിലും' ഇസ്രായേൽ ഉപപ്രധാനമന്ത്രിയായിരുന്ന 'യൂസഫ് ലാപ്പിഡ്' ഒപ്പുവെച്ചു കഴിഞ്ഞിരുന്നു. 2004-ൽ  വലതുപക്ഷരാഷ്ട്രീയം തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട് സോഷ്യലിസ്റ്റ്/ഇടത് പാർട്ടികളായ കോൺഗ്രസും ഇടതുപക്ഷവും അധികാരത്തിലെത്തിയപ്പോൾ വീണ്ടും 'ഇന്തോ-ഇസ്രായേൽ ബന്ധം' തിരശ്ശീലക്കുപിന്നിലേക്ക് മാറ്റിനിർത്തപ്പെട്ടു.  2010-ൽ 'മണിശങ്കർ അയ്യർ' പാർലമെന്റിൽ 'ഇന്തോ-ഇസ്രായേൽ ബന്ധത്തെപ്പറ്റി' വിശദീകരണമാവശ്യപ്പെട്ടപ്പോൾ മറുപടിയായി പറഞ്ഞത് അതൊരു 'രാജ്യ രഹസ്യം' ആണ് ,വെളിപ്പെടുത്താനാവില്ല' എന്നായിരുന്നു. പക്ഷേ ഇന്ത്യയുടെ അന്നത്തെ രണ്ടാമത്തെ ഏറ്റവും വലിയ ആയുധദാതാവായിരുന്നു 'ഇസ്രായേൽ' എന്നതും വിചിത്രമായചരിത്രം.

ഇന്ത്യും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഇന്ന് വളർന്ന് പുതിയൊരു തലത്തിലേക്കെത്തിയിരിക്കുന്നു. 1992-ലെ 'നയതന്ത്ര ബന്ധം' തുടങ്ങിയശേഷം 1994-ൽ 'കാർഷികപര്യവേഷണത്തിനുള്ള ഉടമ്പടിയും സാമ്പത്തിക,വ്യാപാര,വിവരസാങ്കേതിക വിദ്യയുടെ പര്യവേഷണത്തിനായുള്ള ഉടമ്പടിയും ഒപ്പുവെക്കപ്പെട്ടു. 1996-ൽ വിദേശനിക്ഷേപത്തിന്റേയും ആദായനികുതിയുടേയും പുതിയസംരംഭങ്ങളുടേയും കരാറുകളിൽ ഏർപ്പെട്ടു. തുടർന്ന് പരസ്പരസഹകരണക്കരാറും ഉപഭോക്തൃ കരാറുകളും അതേവർഷം ഒപ്പിട്ടു. 1996-ൽ തന്നെയാണ് സുപ്രധാനമായ 'റിസർച്ച് & ഡെവലപ്മെന്റ്' ഉടമ്പടി ഒപ്പുവെച്ചത്. 2002-ൽ ബഹിരാകാശ പര്യവേഷണങ്ങൾക്കുള്ള ഉടമ്പടിയും 2003-ൽ പ്രകൃതിസംരക്ഷണത്തിനും പരിസ്ഥിത് പഠനത്തിനുമുള്ള പര്യവേഷണത്തിന്ളതുടക്കംകുറിക്കുകയും ചെയ്തു. അതേവർഷം തന്നെ ആരോഗ്യ/മെഡിക്കൽ വിഭാഗത്തിലെ സഹകരണത്തിനുള്ള കരാറും ഇരുരാജ്യങ്ങളും ഒപ്പിട്ടു. 2005-ൽ ഇന്റൊ-ഇസ്രായേൽ റിസർച്ച് & ഡെവലപ്മെന്റ്'  ഉടമ്പടിക്കായി ധനസമാഹരണ ഉടമ്പടിയൊപ്പിടുകയും ചെയ്തു.

1992-ൽ വെറും 200 മില്ല്യൺമാത്രമായിരുന്ന സാമ്പത്തികബന്ധം 2014-ൽ 4.52 ബില്ല്യൺ ഡോളറായി ഉയർന്നു. ഇന്ന് ഇന്ത്യയുടെ ഏഴാമത്തെ ഏറ്റവുംവലിയ കയറ്റുമതിരാജ്യവും പത്താമത്തെ ഏറ്റവുംവലിയ ഇറക്കുമതിരാജ്യവും ആണ് ഇന്ന് ഇസ്രായേൽ. ഇന്ത്യ ഇസ്രായേലിലേക്ക് രത്നങ്ങളും ധാതുലവണങ്ങളും ഓർഗാനിക്ക് കെമിക്കലുകളും ഇലക്ട്രോണിക്ക് സാമഗ്രികളും പ്ലാസ്റ്റിക്ക് ഉത്പന്നങ്ങളും വാഹനങ്ങളും യന്ത്രങ്ങളും എഞ്ചിനുകളും പമ്പുകളും വസ്ത്രങ്ങളും മെഡിക്കൽ സാങ്കേതിക ഉപകരണങ്ങളും ഇസ്രായേലിലേക്ക് കയറ്റുമതി ചെയ്യുമ്പോൾ ഇവയുൾപ്പെടെ സൾഫർ,സിമന്റ്,പ്രതിരോധ ആയുധ സാമഗ്രികളും ഇന്ത്യയിലേക്ക് ഇറക്കുമതിചെയ്യുകയും ചെയ്യുന്നു.

2014 -ന് ശേഷം പ്രധാനമന്ത്രിയായി 'ശ്രീ നരേന്ദ്രമോഡിയുടെ' സ്ഥാനാരോഹണത്തിന് ശേഷം ഈ ചരിത്രപരമായ ബന്ധം മറനീക്കിപുറത്തുവന്നു. 2014 സെപ്റ്റംബറിൽ ആദ്യത്തെ അമേരിക്കൻ സന്ദർശനസമയത്ത് 2500-ൽ പരം ജൂതവംശജരെക്കണ്ട നരേന്ദ്രമോഡി തുടർന്നുള്ള രാജ്യാന്തരയോഗങ്ങളിൽ ഇസ്രായേൽ പ്രധാനമന്ത്രി 'ബെൻജമിൻ നെതന്യാഹു'വുമായി ഊഷ്മളമായൊരുബന്ധം സ്ഥാപിച്ചെടുക്കുകയും ചെയ്തു. പ്രതിരോധ/കാർഷിക/ശാസ്ത്രീയ/ഗവേഷണമേഖലകളിൽ ആദ്യത്തെ 2014-സെപ്റ്റംബറിന് ശേഷമുള്ള അഞ്ചുമാസം തന്നെ 662 മില്യൺ ഡോളറിന്റെ വ്യാപാരമാണ് നടന്നതെന്നതും ശ്രദ്ധേയമാണ്. ബാരക്ക് മിസൈൽ വികസിപ്പിക്കുന്നതിനും ഇന്ത്യയുടെ മിസൈൽപ്രതിരോധശൃംഖല വികസിപ്പിക്കുന്നതിലും തീവ്രവാദവിരുദ്ധ സേനാആയുധങ്ങളുടെ ഇറക്കുമതിക്കും ആണ് തുടർന്ന് ഈ സഹകരണത്തിലൂടെ നടന്നത്. 2017-ലെ നരേന്ദ്രമോഡിയുടെ സന്ദർശനസമയത്ത് ഇസ്രായേൽ പ്രധാനമന്ത്രി 'ബെൻജമിൻ നെതന്യാഹു'വും എല്ലാ മന്ത്രിസഭാഅങ്ങങ്ങളും വിമാനത്താവളത്തിലെത്തി നമ്മുടെ പ്രധാനമന്ത്രിയെ വരവേറ്റു. 'അമേരിക്കൻ പ്രസിഡന്റിനും' 'പോപ്പിനുമല്ലാതെ' ഇസ്രായേൽ ചരിത്രത്തിൽ ഇങ്ങനെ ഒരു സ്വീകരണം നൽകിയ ചരിത്രമില്ല. വികസന/പ്രതിരോധമേഖലകളിൽ ഇന്ത്യാ-ഇസ്രായേൽ അരക്കിട്ടുറപ്പിക്കുന്ന സന്ദർശനമായിരുന്നു അത്. 2018 ജനുവരിയിൽ 'ബെൻജമിൻ നെതന്യാഹു'വിന്റെ ഇന്ത്യാസന്ദർശനവും ഈ ബന്ധത്തിന് വഴിത്തിരിവാകും..



No comments:

Post a Comment

Search This Blog