Tuesday 30 October 2018

ടിബറ്റ് , ഇന്ത്യയുടെ നഷ്ടവസന്തം... ലോകത്തിന്റേയും.


ടിബറ്റ് , ഇന്ത്യയുടെ നഷ്ടവസന്തം... ലോകത്തിന്റേയും.

കടപ്പാട്: ശരത്‌ പ്രസന്നകുമാർ-ചരിത്രാന്വേഷികൾ

ടിബറ്റ്... ഗംഗയും സിന്ധുവും ബ്രഹ്മപുത്രയും അടക്കം ഇന്ത്യയിലെ വമ്പൻ നദികളുടെ പ്രഭവകേന്ദ്രം. അവരേജ് 4500 മീറ്റർ സമുദ്ര നിരപ്പിൽ നിന്നും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകങ്ങളുടേയും പർവ്വതങ്ങളുടേയും പ്രദേശം. അപൂർവ്വമായ ജന്തു സസ്യജാല ആവാസവ്യവസ്ഥ. ഇന്ത്യയിൽ നിന്നും നൂറ്റാണ്ടുകൾക്ക് മുൻപ് കുടിയേറിയ ബുദ്ധമത ഭിക്ഷുക്കളുടെ പ്രഭാഷകരുടെ ആവാസ സ്ഥലം. പടിഞ്ഞാറൻ ടിബറ്റിലെ തടാകങ്ങളിൽ നിന്നാണ് പുണ്യനദികളായി വിശ്വസിക്കുന്ന ഗംഗയും ബ്രഹ്മപുത്രയും ഉത്ഭവിക്കുന്നത്. ഇന്നീ പർവ്വതശിഖരങ്ങൾക്കിടയിൽ ചൈന നിർമ്മിച്ച കൂറ്റൻ ഡാമുകൾ മൂലം ഏഷ്യയിലെ വാട്ടർ ടവർ എന്നും ടിബറ്റ് അറിയപ്പെടുന്നു.

നേപാൾ ആയി അതിർത്തി പങ്കിടുന്ന എവറസ്റ്റ് കൊടുമുടി അടക്കം നിരവധി കൊടുമുടികൾ ഈ പ്രദേശത്തുണ്ട്. കൈലാസ പർവ്വതവും മാനസരോവർ തടാകവും അടക്കം ഇന്ത്യക്കാർ പുണ്യസ്ഥലങ്ങളായി കാണുന്ന പ്രദേശങ്ങൾ ഇവിടെയാണ്. കൈലാസ മാനസരോവർ യാത്ര നടത്തിയവർക്ക് പരിചിതമായിരിക്കും ടിബറ്റ്. ഭൂമിയിലെ സ്വർഗ്ഗ കവാടമായി കരുതപ്പെട്ട ഇവിടവുമായി ഇന്ത്യക്ക് നൂറ്റാണ്ടുകളായി സ്വതന്ത്ര ബന്ധങ്ങൾ ഉണ്ടായിരുന്നു,സ്വന്തം നയതന്ത്രകാര്യാലയങ്ങളും ഉണ്ടായിരുന്നു.

ഭൂവിസ്തൃതിയിൽ ലോകത്തെ പത്താമത്തെ രാജ്യമാകേണ്ടിയിരുന്ന ടിബറ്റ്. ഇന്ത്യക്കും ചൈനക്കുമിടയിൽ നേപ്പാൾ പോലെ ഒരു സുഹൃത് രാഷ്ടമായി 1949 വരെ നിലകൊണ്ടു. 1949 ൽ ചൈനയിൽ വിപ്ളവം സൃഷ്ടിച്ച് അധികാരം പിടിച്ച കമ്മ്യൂണിസ്റ്റുകൾ ടിബറ്റിൽ സായുധ അധിനിവേശം നടത്തി ഈ രാജ്യത്തെ തങ്ങളുടെ പ്രവിശ്യ ആയി പ്രഖ്യാപിച്ചു. ടിബറ്റൻ ആർമി ചെറുതും നിർവീര്യവുമായതിനാൽ ചെറുത്ത് നിൽക്കാൻ പോലും സാധിക്കാതെ കീഴടങ്ങി. ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് സ്വതന്ത്ര നയതന്ത്രബന്ധം വിഛേദിച്ച്‌ ടിബറ്റ് വിടേണ്ട അവസ്ഥ വന്നു.ആ കാലം വരെയും ടിബറ്റിന്റെ ടെലിഗ്രാം , പോസ്റ്റൽ , ടെലിഫോൺ , വിദേശകാര്യം എന്നിങ്ങിനെ പല മേഖലകളും കൈകാര്യം ചെയ്തിരുന്നത് ഭാരതം ആണ്. ചൈനയുമായി ഒരു സംഘട്ടനം ആഗ്രഹിക്കാഞ്ഞ ഇന്ത്യ അവയെല്ലാം നിരുപാധികം ചൈനക്കു കൈമാറി.

1947ൽ സ്വാതന്ത്ര്യം ലഭിച്ച ഇന്ത്യക്ക് ചൈനയുടെ അധിനിവേശ മോഹങ്ങൾ അറിയമായിരുന്നിട്ടും ടിബറ്റിനെ രക്ഷിക്കാനുള്ള ഒരു പ്രവർത്തനവും നടത്താനായില്ല. അല്ലെങ്കിൽ അന്നത്തെ ഗവൺമെന്റ് മണ്ടൻമാരെ പോലെ ചൈനയുടെ അപകടകരമായ എക്സ്പാൻഷൻ മോഹങ്ങളെ കൈയ്യും കെട്ടി നോക്കി നിന്നു. സൗത്ത് ചൈനാ കടലിൽ തങ്ങളുടെ ആധിപത്യം ഉറപ്പിക്കാൻ ഇന്ന് ചൈന നടത്തുന്ന ശ്രമങ്ങളുമായി ഇത് കൂട്ടി വായിക്കാം. ഇന്ത്യ മനസ്സ് വച്ചിരുന്നെങ്കിൽ ചൈനയുടെ അധിനിവേശം നടക്കില്ലായിരുന്നു എന്നാണ് ചരിത്ര ഗവേഷകർ പറയുന്നത്. അങ്ങനെ ആയിരുന്നെങ്കിൽ ഇന്ത്യക്ക് സ്വതന്ത്ര പ്രവേശനമുള്ള ഇന്ത്യൻ സഞ്ചാരികളുടെ പറുദീസ ആയി മാറുമായിരുന്നു ഇവിടം.

1949 മുതൽ സ്വതന്ത്ര ടിബറ്റിനു വേണ്ടി രാജ്യത്തിനകത്തും പുറത്തും പ്രക്ഷോഭങ്ങൾ നടന്നു. 1959ൽ ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമ പ്രക്ഷോഭങ്ങളുടെ നടുവിൽ നിന്നും ചൈനീസ് പട്ടാളത്തിന്റെ കൊല കയറിന് മുന്നിൽ നിന്നും നാടു വിട്ട് ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഹിമാചലിലെ ധർമ്മശാലയിൽ സ്വന്തം പ്രവാസി ഗവൺമെന്റ് സ്ഥാപിച്ച് അദ്ദേഹം പതിറ്റാണ്ടുകളായി ചൈനക്ക് എതിരെ പോരാടുന്നു. അഹിംസാ മാർഗ്ഗങ്ങളിലൂടെ, 2008 ൽ ബുദ്ധഭിക്ഷുക്കളുടെ പ്രക്ഷോഭം കൊടുമ്പിരി ആയപ്പേൾ ടിബറ്റ് ലോക ശ്രദ്ധയിലേക്ക് തിരിച്ചെത്തി. ആയിരകണക്കിനാളുകൾ അന്ന് ടിബറ്റിൽ കൊല്ലപ്പെട്ടു. ചൈന അടിച്ചമർത്തിയ പ്രക്ഷോഭം ഇന്നും ജനങ്ങളിൽ ഭീതിയുണർത്തുന്നു. മാധ്യമങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യം ശക്തമായി നിയന്ത്രിച്ചിട്ടുള്ള ഇവിടേക്ക് വിദേശ മാധ്യമങ്ങൾക്ക് ചൈനീസ് ഗവൺമെന്റിന്റെ അനുമതിയോടെ അവരുടെ സാന്നിധ്യത്തിൽ മാത്രമേ പോകാനാകൂ.

1949 ന് ശേഷം ഇന്ത്യയിലും വിദേശങ്ങളിലും പാലായനം ചെയ്യപെട്ടവരുടെ ടിബറ്റൻ സെറ്റിൽമെൻറുകൾ ഉണ്ടായി. ഡൽഹിയിലും ധർമ്മശാലയിലും കർണ്ണാടകയിലും ഇവർ കുടിയേറി. ചൈനക്കാർ ടിബറ്റിനെ(25 ലക്ഷം ചതുരശ്ര കിലോമീറ്റർ )ടിബറ്റൻ ഒട്ടോണമസ് റീജ്യൻ(12.41ലക്ഷം ചതുരശ്ര കിലോമീറ്റർ )
എന്ന് നാമകരണം ചെയ്ത് ടിബറ്റിനെ 5 പ്രവിശ്യകളായി തിരിച്ചു. അഞ്ചിൽ ഒരു പ്രദേശം മാത്രമാണ് ടിബറ്റൻ സ്വയംഭരണ പ്രദേശമായത്. ബാക്കി നാലു പ്രവിശ്യകളും മറ്റ്നാമങ്ങൾ നൽകി ടിബറ്റിന്റെ പ്രദേശങ്ങൾ അല്ലെന്നാക്കി തീർത്തു. യഥാർത്ഥ ടിബറ്റിന്റെ പകുതി മാത്രമായി പുതിയ ടിബറ്റ് മാറ്റപ്പെട്ടു. അനേകം ടിബറ്റൻസ് അങ്ങനെ ടിബറ്റിൽ നിന്ന് അറിയാതെ തന്നെ പുറത്തായി. ചൈനയുടെ മെയിൻ ലാൽഡിൽ നിന്ന് ഭൂരിപക്ഷ ഹാൻ വംശജരെ ചൈന ടിബറ്റിന്റെ 5 പ്രവിശ്യകളിലും കുടിയേറ്റി പാർപ്പിച്ചു. യഥാർഥ ടിബറ്റൻസിന്റെ ശക്തി ഇല്ലാതാക്കുക ആയിരുന്നു ലക്ഷ്യം.

കൂർഗിൽ നിന്ന് 35 കിമീ അകലെയുള്ള ബൈലകുപ്പ കർണ്ണാടകയിലെ പ്രശസ്തമായ ടിബറ്റൻ സെറ്റിൽമെന്റാണ്. തനത് ആചാരങ്ങൾ മുറുകെ പിടിക്കുന്ന ഇവിടം സഞ്ചാരികൾ അനേകം സന്ദർശിക്കുന്നുണ്ട്. മിനി ടിബറ്റ് എന്നറിയപ്പെടുന്ന ഇവിടം 80000 പേർ വസിക്കുന്ന പ്രദേശമാണ്. ഇവർ ഇന്ത്യയെ പ്രതീക്ഷകളോടെ നോക്കുന്നു.

ദലൈ ലാമക്ക് അഭയം നൽകിയ ഇന്ത്യയെ 1962 ൽ ചൈന പ്രതികാര മനോഭാവത്തോടെ ആ ക്രമിച്ചു. സുഹൃത്തിന്റെ അപ്രതീക്ഷിത അടിയിൽ നില തെറ്റിയ ഇന്ത്യ യുദ്ധത്തിൽ പരാജയപ്പെട്ടു. കാഷ്മീർ മുതൽ അരുണാചൽ പ്രദേശ് വരെ കടന്ന് കയറിയ ചൈന വെടിനിർത്തലിന് ശേഷം അരുണാചലിൽ നിന്ന് പിൻമാറി. പക്ഷെ ഇന്ത്യയുടെ കാഷ്മീരിന്റെ ഏറ്റവും മനോഹരമായ തന്ത്രപ്രധാനമായ അക്സായി ചിൻ എന്ന ഭാഗത്ത് നിന്നവർ പിൻമാറിയില്ല, ഇന്നും ഈ ഭാഗം അവരുടെ ആധിപത്യത്തിൻ ആണ്. വെള്ളാരം കല്ലുകളുടെ നാട് എന്നറിയപ്പെട്ടിരുന്ന ഇവിടം ഇന്ത്യക്ക് നഷ്ടപ്പെട്ടു. ഇതും പോരാഞ്ഞ് 1985 ൽ ചൈന സതേൺ ടിബറ്റ് എന്നും നമ്മൾ അരുണാചൽ എന്നും വിളിക്കുന്ന ദേശത്തിന് അവകാശവാദം ഉന്നയിച്ചു. ചൈനയുടെ ബുദ്ധിപൂർവ്വമായ നീക്കമെന്ന് പറയുന്നു ഈ വാദത്തെ, അക്സായി ചിൻ തിരിച്ച് പിടിക്കാൻ ഇന്ത്യ ശ്രമിച്ചാൽ അരുണാചലും നഷ്ടപെടും എന്ന് പറയാതെ പറയുന്നു ചൈന.

1914 ൽ അന്നത്തെ ബ്രിട്ടീഷ് ഇന്ത്യ ഗവൺമെന്റും ടിബറ്റ് സർക്കാരും ഒപ്പ് വച്ച കരാർ പ്രകാരം സതേൺ ടിബറ്റ് എന്നറിയപ്പെടുന്ന അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമായ് അംഗീകരിച്ചിട്ടുണ്ട്. ഈ ചർച്ചകളിൽ പങ്കാളിയായ ചൈന അന്ന് ഇറങ്ങി പോയെന്നും ഒപ്പ് വക്കാൻ തയ്യാറായില്ലെന്നും പറയുന്നു. പക്ഷെ ഇന്ത്യാ വിഭജനകാലത്തും സ്വാതന്ത്ര്യവേളയിലും ബ്രിട്ടീഷ് ഇന്ത്യൻ അധികാരികൾ മനസ്സ് വച്ചിരുന്നെങ്കിൽ ലോകത്തിലെ ഏറ്റവും നല്ല സുഹൃത്ത് രാജ്യമായ് ഇന്ത്യയുടെ സുന്ദരിയായ അയൽക്കാരിയായ് ടിബറ്റ് ഇന്നും നിലനിന്നേനെ. ചൈനയുടെ മർക്കട മുഷ്ടിയിൽ പിടയുന്ന ടിബറ്റ് ഇന്ന് നിയന്ത്രിത ടൂറിസത്തിൽ മാത്രം എത്തപ്പെടാവുന്ന ഒരു പ്രദേശമായി മാറ്റപ്പെട്ടു.

1962ലെ യുദ്ധത്തിനു ശേഷം ചൈനയിലേക്കും ടിബറ്റിലേക്കും ഇന്ത്യയിൽ നിന്ന് ഉള്ള എല്ലാ കരമാർഗക്കളും അടക്കപ്പെട്ടു. അതിൽ ടിബറ്റിലേക്കുള്ള ഏറ്റവും പുരാതന മാർഗങ്ങളിൽ ഒന്നായ സിക്കിമ്മിലെ നാഥുല പാസ് 2006ൽ തുറക്കപ്പെട്ടു നീണ്ട ചർച്ചകൾക്കൊടുവിൽ വ്യാപാര ആവശ്യങ്ങക്ക് മാത്രം ആയി. 2015 മുതൽ ഈ മാർഗം ചില സമയങ്ങളിൽ മാനസരോവർ യാത്രകൾക്കും തുറന്നുകൊടുക്കുന്നുണ്ട്. ഇതിനു മുമ്പ് ഉത്തർ ഘണ്ടിലെ ലിപു ലേക്ക് പാസ്സ് മാത്രമായിരുന്നു കരമാർഗ്ഗം മാനസരോവർ യാത്രക്കും വ്യാപരത്തിനും യുദ്ധത്തിനു ശേഷം ഉപയോഗിച്ചിരുന്നത്. 1992 ൽ ആണീ പാത തുറന്നത്. 1975 ൽ മാത്രം ഇന്ത്യയുടെ ഭാഗമായ സിക്കിമിൽ നിന്ന് ടിബറ്റിലേക്കുള്ള ജെലാപ് ലാ എന്ന മറ്റൊരു പൗരാണിക വ്യാപാര പാത യുദ്ധത്തി തശേഷം ഇന്നും തുറന്നിട്ടില്ല. ഒരു പക്ഷെ നാഥുല തുറന്ന പോലെ ഈ പാതയും ഭാവിയിൽ തുറന്നേക്കാം. മൂന്നാമത്തെ പാതയായ ഷിപ് കി ലാ പാസ്സ് ഹിമാചൽ പ്രദേശിൽ നിന്നാണ് ടിബറ്റിലേക്ക് പ്രവേശിക്കുന്നത്.. ഈ റൂട്ടിൽ ചെറുകിട പ്രാദേശിക ക്രയവിക്രയങ്ങൾ മാത്രം ആണ് അനുവദനീയം.

ടിബറ്റിൽ ഉള്ള ചൈനയുടെ അധിനിവേശം കേവലം രാജ്യത്തിൻറെ അതിർത്തി വർധിപ്പിക്കൽ മാത്രമായിരുന്നില്ല . അധിനിവേശം തുടങ്ങിയ ദിവസം മുതൽ ചൈന  ടിബറ്റൻ  ജനതയെയും ,ഭാഷയെയും , സംസ്കാരത്തെയും നശിപ്പിക്കുവാൻ  തുടങ്ങിയെന്നു മാത്രമല്ല ,ആ ജനത സഹസ്രാബ്ദങ്ങളോളം ഒരു പോറൽ പോലും ഏൽപ്പിക്കാതിരുന്ന പ്രകൃതിയെയും നശിപ്പിച്ചു. കേവലം അമ്പതു കൊല്ലം കൊണ്ട് കാടിന്റെ വിസ്തൃതി അറുപതിൽ ഒന്നായി മാറി .ഇപ്പോൾ ലോകത്തിലെ പല ധാതുക്കളുടെയും  അസാമാന്യ ശേഖരം കണ്ടതിയതിനാൽ ആ വഴിയും ടിബറ്റിന്റെ  പ്രകൃതിയെ ചൈന നശിപ്പിക്കുന്നു. അറുപതി രണ്ടിലെ സാംസ്‌കാരിക വിപ്ലവ കാലത്തു ചൈന ഇല്ലാതാക്കിത് ഏകദേശം ആറായിരത്തോളം ബുദ്ധമത മൊണാസ്റ്ററികൾ ആണ്. ഏകദേശം പത്തു ലക്ഷത്തോളം ടിബറ്റ് വംശജർ നിഷ്കരുണം കൊല്ലപ്പെട്ടു . ഇന്നും അത് തുടരന്നു. പോരാത്തതിന് ചൈനയിലെ ബഹുഭൂരിപക്ഷം വരുന്ന ഹാൻ വംശജരേ സർക്കാർ ചിലവിൽ ടിബറ്റിലേക്ക് കൊണ്ടുവന്നു സ്ഥിരതാമസക്കാർ ആക്കി ടിബറ്റൻ വംശജരേ ന്യൂനപക്ഷം ആക്കുവാൻ സംഘടിത ശ്രെമം നടത്തുന്നു .മറ്റൊരു ന്യൂനപക്ഷം ആയ ഹുയി  മുസ്ലിം ഭൂരിപക്ഷ മേഖലയായ , ടിബറ്റ് പോലെ ചൈനയുടെ അധിനിവേശം നേരിടേണ്ടി വന്ന ഉയ്ഗുർ തുർക്കിസ്ഥാൻ പ്രവശ്യയിലും ചൈന ചെയ്തു വരുന്നതും ഇത് തന്നെ .നാട്ടിലെ നേതാക്കന്മാർ നാഴികക്ക് നാൽപതു വട്ടവും സാമ്രാജത്തത്തെപ്പറ്റിയും മറ്റും  പറയുമ്പോൾ ഓർക്കുക ,ഇത്രത്തോളം   അധിനിവേശസ്വഭാവവും സാമ്രാജ്യത്വവും കാണിക്കുന്ന രാജ്യം ഇന്നത്തെ ലോകസാഹചര്യത്തിൽ വേറെ കാണില്ല എന്ന വസ്തുത .

No comments:

Post a Comment

Search This Blog