Tuesday, 30 October 2018

നവാബ് രാജേന്ദ്രൻ


നവാബ് രാജേന്ദ്രൻ

കടപ്പാട്: വിനോദ്‌ വേണുഗോപാൽ - ചരിത്രാന്വേഷികൾ- വിക്കിപീഡിയ

ഇദ്ദേഹത്തെ അറിയുമോ .... ?

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഡിഗ്രി ആദ്യ വർഷമാണെന്ന് തോന്നുന്നു , പാലക്കാട് കോളേജ് റോഡിൽ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൌസിൽ , ലാസ്റ്റ് ഗ്രേഡ് സെർവ്വന്റായ എന്‍റെ  അച്ഛനെ കാണാൻ കോളേജിലേക്ക് പോകുമ്പോഴും , വരുമ്പോഴും ഞാൻ കയറുമായിരുന്നു . അങ്ങനെ അപ്രതീക്ഷിതമായാണ് ഒരു ദിവസം രാവിലെ ഗസ്റ്റ് ഹൌസിന്റെ പൂമുഖത്ത് ഞാൻ ഇദ്ദേഹത്തെ കാണുന്നത് . വേഷവിധാനത്തിലെ പ്രത്യേകതകൊണ്ടുതന്നെ ഞാൻ അച്ഛനോട് ചോദിച്ചു .... 

ആരാണയാൾ .... ? 

അച്ഛൻ പറഞ്ഞു - നവാബ് രാജേന്ദ്രൻ . 

ഞാനൊന്ന് കൈ കൂപ്പി . അലക്ഷ്യമായി അദ്ദേഹം തിരിച്ചും . 

ആരാണ് നവാബ് രാജേന്ദ്രന്‍  ...... ? 

അനീതിയുടെ ഗുഹാമുഖങ്ങളില്‍ , നീതിയുടെ , മനുഷ്യാവകാശങ്ങളുടെ ,  പ്രകാശം തേടി ഒരു അവധൂതനെ പോലെ നടന്ന ഒരു ചെറിയ , വലിയ മനുഷ്യസ്നേഹി . ടി. എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം . പയ്യന്നൂരിലുള്ള കുഞ്ഞിരാമ പൊതുവാളിന്റേയും ഭാര്‍ഗവിയമ്മയുടേയും മകനായി 1950 ഒക്ടോബര്‍ 10 - നാണ് നവാബ് രാജേന്ദ്രന്‍ എന്ന ടി എ രാജേന്ദ്രന്‍ ജനിച്ചത് . പൊതുതാൽപര്യ ഹർജികളിലൂടെയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌ . രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണമായി നിലകൊള്ളുന്നു . അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ്‌ ഓഫീസർ ജയറാം പടിക്കൽ തന്റെ അവസാന കാലത്ത്‌ " നല്ലൊരു മനുഷ്യന്റെ ജീവിതവും , ജോലിയും തകർത്തെറിഞ്ഞതിൽ " പശ്ചാത്തപിച്ചിരുന്നു .

തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന " നവാബ്‌ " എന്ന പത്രത്തിലൂടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌ . അക്കാലത്ത് നടന്ന അഴിമതികളേയും , അധർമ്മങ്ങളേയും കുറിച്ച് " നവാബ്‌ " പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു . ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ " നവാബ്‌ രാജേന്ദ്രൻ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

" തട്ടിൽ കൊലക്കേസ്‌ " എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തെക്കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണെന്ന് പറയപ്പെടുന്നു . അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍ . അദ്ദേഹത്തിന്റെ പത്രമാപ്പീസ്  ഈ സമയത്ത്‌ എതിരാളികൾ തല്ലിത്തകർത്തു . നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും , കോടതികളിലൂടെയും ആയിരുന്നു . നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളും അദ്ദേഹത്തിന്‌ ( പൊതു ജനത്തിനും ) അനുകൂലമായ വിധിയുണ്ടായി . 

പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ . കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം . പി . ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു . ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ് .
ജയറാം പടിക്കലിന്റെ ബൂട്ടിന്റെ പ്രഹരമേറ്റു പലപ്പോഴും മരണ തുല്യനായി കിടക്കേണ്ടി വന്നിട്ടുള്ളതു കൂടാതെ ഒളിവിലും ജയിലിലും കിടന്ന് അടിയന്തരാവസ്ഥയുടെ ക്രൂരതക്കെതിരേ ഒറ്റക്കു പോരാടി . തന്റെ എല്ലാമായ നവാബ് പത്ര സ്ഥാപനം ഭരണാധികാരികള്‍ തീയിട്ട് നശിപ്പിച്ചിട്ടു പോലും ആ ധീരനെ കീഴ്‌പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല .

കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ചെയ്തികള്‍ സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ നവാബിന്റെ കൈവശമുണ്ടായിരുന്നു . മദ്യം കൊടുത്തു മയക്കിക്കിടത്തിയാണ് അത് കൈക്കലാക്കിയതെന്ന് ജയറാം പടിക്കല്‍ പിന്നീട് എറ്റു പറഞ്ഞു .

അനീതി എവിടെ കണ്ടാലും പച്ചയായി എതിര്‍ക്കുന്ന നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അത് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിക്കള യുകയായിരുന്നു . ആ ചെറിയ മനുഷ്യനുള്ള വലിയ അംഗീകാരമായിരുന്നു അത് .
പൊതു താല്പര്യ ഹർജികള്‍ ഇന്ന് പലര്‍ക്കും സ്വകാര്യ താല്പര്യ ഹർജികളും , ധന സമാഹരണ മാര്‍ഗ്ഗവും ആകുമ്പോള്‍ ഒരു ചില്ലിക്കാശുപോലും നേടാതെ നവാബ് നീതി തേടി കോടതി വരാന്തകള്‍ കയറി ഇറങ്ങി . സ്വയം കേസ് വാദിച്ചു .

നവാബ് രാജേന്ദ്രന്‍ , ഹൈക്കോടതി വരാന്ത , കൊച്ചി . ഇതായിരുന്നു അദ്ദേഹത്തിന്‍റെ അഡ്രസ്സ് . ഒരു കത്ത് പോലും നവാബിന് കിട്ടാതെ പോയ്യില്ല . സമൂഹത്തില്‍ പടര്‍ന്നു കയറുന്ന അനീതിക്ക് തടയിടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് നവാബിന് ലഭിച്ച മാനവ സേവാ അവാര്‍ഡ് തുക രണ്ടു ലക്ഷം രൂപ എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി നന്നാക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു അദ്ദേഹം . വഴിയിലും ബസ്സ്റ്റാന്റിലും അന്തിയുറങ്ങുകയും ഉടുതുണിക്ക് മറുതുണിയില്ലാതെ അലയുകയും ചെയ്യുന്ന അവസ്ഥയിലും , ഒരു സോപ്പു വാങ്ങാന്‍ പോലും ഗതിയില്ലാത്തപ്പോഴുമാണ് കിട്ടിയ രണ്ടു ലക്ഷം മോര്‍ച്ചറി നന്നാക്കാന്‍ ചെലവഴിച്ചതെന്നോര്‍ക്കണം .
ക്യാൻസർ‍ രോഗബാധിതനായ നവാബ്‌ രാജേന്ദ്രൻ 2003 ഒക്ടോബർ 10 - ആം തിയ്യതി അന്തരിച്ചു .

മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഏല്പിക്കണമെന്ന് നവാബ് പറഞ്ഞിരുന്നെങ്കിലും , സമയോചിത പരിചരണമില്ലാതെ മൃതശരീരം മോര്‍ച്ചറിയിലിരുന്ന്  ജീര്‍ണ്ണിച്ചു പോയതിനാല്‍ ആ ഉദ്യമം ഉപേക്ഷിച്ച് ആരുമറിയാതെ സംസ്‌കരിക്കുകയായിരുന്നു .
നീതിക്ക് വേണ്ടിയുള്ള സമര മുഖങ്ങളില്‍ നീളന്‍ ബോഹമിയന്‍ കുപ്പായവും , കട്ടിക്കണ്ണടയും , ചുണ്ടില്‍ മുറി ബീഡിയും , കയ്യിലൊരു പഴയ പെട്ടിയുമായി നവാബ് നമ്മോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും . കാലത്തിനൊപ്പവും ....... !
അഴിമതിക്കെതിരെ ഒരു പ്രസ്ഥാനമായി ജീവിച്ച നവാബിനെ നമുക്ക് ഇപ്പോഴെങ്കിലും സ്മരിക്കാം .

ഇതിവിടെ ഇന്ന് പറഞ്ഞത് ,  നീതി ജിവിച്ചിരിക്കുമ്പോൾ തന്നെ കിട്ടുന്നത് ഒരു പുരസ്കാരമാണ് . 


No comments:

Post a Comment

Search This Blog