Monday 17 December 2018

നികോളേ ചൗഷസ്‌കി (ചെഷെസ്ക്യു)

നികോളേ ചൗഷസ്‌കി (ചെഷെസ്ക്യു)


Courtesy -Suvin Vinod-Charithranveshikal
ക്രൂരനായ ഒരു ഏകാധിപതി മാത്രം എന്നുള്ള മുൻധാരണ വച്ചു കൊണ്ടാണ് റൊമാനിയൻ ഭരണാധികാരി ആയിരുന്ന നികോളേ ചൗഷസ്‌കിയെ കുറിച്ചു ഞാൻ വായിച്ചു തുടങ്ങിയത്. ലഭ്യമായ പ്രാഥമിക വിവരങ്ങളും അതിനു ആക്കം കൂട്ടുന്നതായിരുന്നു.എന്നാൽ സ്റ്റാലിനിസത്തിലേക്കു മാറുന്നതിനു മുന്നെ ദാരിദ്ര്യത്തിന്റെ പിടിയിൽ നിന്നും റൊമാനിയയെ പടി പടിയായി ഉയർത്തിക്കൊണ്ടു വന്ന പ്രഗൽഭനായ ഒരു ഭരണാധികാരി കൂടെ ആയിരുന്നു ചൗഷസ്‌കി.
9 സഹോദരങ്ങൾ അടങ്ങിയ കുടുംബത്തിന്റെ ദാരിദ്ര്യത്തിൽ നിന്നും തുടങ്ങിയ ഓട്ടം തന്റെ രാജ്യത്തിന്റെ പരമാധികാരിയായി വരെ വളരെ പെട്ടെന്ന് ഓടിക്കയറിയ വ്യക്തി ആയിരുന്നു അദ്ദേഹം. നികോളേ എന്നു മകന് പേരിടുമ്പോൾ തന്റെ വേറൊരു മകനുകൂടെ ഇതേ പേരുണ്ട് എന്നു പോലും ഓര്മയില്ലാത്തത്ര മദ്യപാനിയായ അച്ഛന്റെ മകനായി ആയിരുന്നു ജനനം. കടം വാങ്ങിയ പുസ്തകങ്ങളുമായി ചെരുപ്പ് പോലും ഇല്ലാതെ തന്റെ പത്താം വയസ്സുവരെ നികോളേ സ്കൂളിൽ സമർത്ഥനായി പഠിച്ചു. പതിനൊന്നാം വയസ്സിൽ തന്റെ ഗ്രാമത്തിൽ നിന്നും നാടുവിട്ട് ബുക്കാരെസ്റ് എന്ന നഗരത്തിൽ എത്തിപ്പെട്ട നികോളേ അവിടെ ഒരു ചെരുപ്പ് നിർമാണ കമ്പനിയിൽ ജോലി കണ്ടെത്തി. ജോലിയിൽ പ്രത്യേകിച്ചു പ്രാവീണ്യം ഒന്നും തെളിയിക്കാൻ പറ്റിയില്ലെങ്കിലും കമ്മ്യൂണിസ്റ്റ് പ്രവർത്തകനായ സ്ഥാപന ഉടമയുടെ സ്വാധീനം അന്ന് റൊമാനിയായിൽ നിരോധനം ഉണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയോട് അദ്ദേഹത്തെ അടുപ്പിച്ചു. പതിനാലാം വയസ്സിൽ തന്നെ പാർട്ടിയിൽ ചേർന്നു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയ നികോളേയെ പലതവണ പോലീസ് പിടിക്കുകയും ശിക്ഷിക്കപ്പെടുകയും ഉണ്ടായി. ജയിലിൽ കിടക്കുമ്പോൾ, പിന്നീട് റൊമാനിയയുടെ ആദ്യ പ്രസിഡന്റ് ആയ ഗോർജിയോ ഡേജ് അടക്കമുള്ള മുതിർന്ന നേതാക്കളും ആയുള്ള പരിചയം നിക്കോളേക്കു രാഷ്ട്രീയത്തിൽ മുതൽക്കൂട്ടായി മാറി. നിക്കോളെയുടെ കഴിവുകൾ തിരിച്ചറിഞ്ഞ ഗോർജിയോ അദ്ദേഹത്തെ പാർട്ടിയുടെ ഉന്നത നേതൃനിരയിലേക്കു കൈപിടിച്ചുയർത്തി കൊണ്ടുവന്നു.
ഇരുപതാം വയസ്സിൽ ജയിൽ മോചിതനായ ശേഷം കണ്ടെത്തിയ ജീവിത പങ്കാളി എലേനയോടുള്ള തന്റെ അതിയായ സ്‌നേഹം ജീവിതത്തിന്റെ അവസാന നിമിഷം വരെ പ്രകടമായിരുന്നു. വെടിവച്ചു കൊല്ലാൻ ദമ്പതികളെ കൈകൾ പുറകിലേക്ക് കെട്ടുമ്പോൾ കൊല്ലുക ആണെങ്കിൽ ഞങ്ങളെ ഒന്നിച്ചു കൊല്ലണം ഓരോരുത്തരെ ആയി കൊല്ലരുത് എന്നാണ് അദ്ദേഹം അവസാനമായി പറഞ്ഞ വാക്കുകളിൽ ഒന്നു. ഭാര്യയോടൊത്തല്ലാതെ ചൗഷസ്‌കിയെ പൊതുപരിപാടികളിൽ കാണാറില്ല എന്നു തന്നെ പറയാം.
രണ്ടാം ലോകമഹാ യുദ്ധത്തിന് ശേഷം ലോകമെമ്പാടും ഉണ്ടായ കമ്മ്യൂണിസ്റ്റു അലയടികൾ റൊമാനിയായിലും രാഷ്ട്രീയ ചലനങ്ങൾ സൃഷ്ടിച്ചു. 1944 ഇൽ തന്റെ ഇരുപത്തി ആറാം വയസ്സിൽ പാർട്ടിയുടെ യുവജന വിഭാഗം സെക്രെട്ടറി ആയും 1947 ഇൽ കമ്മ്യൂണിസ്റ്റ് പാർട്ടി അധികാരത്തിൽ വന്നപ്പോൾ കൃഷി മന്ത്രി ആയും പിന്നീട് സഹ പ്രതിരോധ മന്ത്രി ആയും സേവനം അനുഷ്ടിച്ചു.
1965 ഇൽ പ്രസിഡന്റ് ഗോർജിയോ മരണപ്പെട്ടത്തിനു ശേഷം പോളിറ്റ് ബ്യുറോ ചൗഷസ്‌കിയെ ആണ് പാർട്ടി ജനറൽ സെക്രട്ടറി ആയി തിരഞ്ഞെടുത്തത്. 1967 തൊട്ടു 1989 ഇൽ തന്റെ മരണം വരെ രാജ്യത്തിന്റെ ഭരണാധികാരി ചൗഷസ്‌കി ആയിരുന്നു.
ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്രം ആണെന്നിരിക്കെ തന്നെ ,സാമ്പ്രധായിക കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ നിന്നും ഇത്തിരി മാറി ആണ് ചൗഷസ്‌കി ഭരണം നടത്തിയിരുന്നത് എന്നു വേണമേകിൽ പറയാം. റഷ്യയുമായുള്ള ബന്ധം മുറിയാതെ സൂക്ഷിക്കുകയും എന്നാൽ അതേ സമയം എതിർ ചേരിയിലുള്ള അമേരിക്കൻ, യൂറോപ്പ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക, വ്യാവസായിക ബന്ധങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്തുവന്നു. റഷ്യയുടെ ചെക്കോസ്ലോവാക്യൻ കടന്നു കയറ്റത്തെ കുറിച്ചു നടത്തിയ പ്രസംഗം രാജ്യത്തിനകത്തും, അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളുടെയും പ്രശംസ പിടിച്ചു പറ്റി. സാർവദേശീയ സോഷ്യലിസത്തിൽ അല്ലാതെ ദേശീയതയിൽ ഊന്നിക്കൊണ്ടുള്ള ഒരു കമ്മ്യൂണിസ്റ്റ് ഭരണം ആയിരുന്നു ചൗഷസ്‌കി നടപ്പിലാക്കിയത്. രാജ്യസ്നേഹം തുളുമ്പുന്ന പ്രസംഗങ്ങൾ കേൾക്കാൻ ജനങ്ങൾ ആവേശഭരിതരായി തടിച്ചു കൂടാൻ തുടങ്ങി.ചൗഷസ്കിയുടെ ചുമലിൽ റൊമാനിയ സാമ്പത്തികമായി ഉയർന്നു തുടങ്ങി.
1971ഇൽ നടത്തിയ ചൈനീസ്, കൊറിയൻ സന്ദർശനങ്ങൾ ആണ് ചൗഷസ്‌ക്യുവിന്റെ തകർച്ച തുടങ്ങുന്നത് എന്നു വേണമെങ്കിൽ പറയാം.അവിടങ്ങളിൽ ഉള്ള ഏകാധിപത്യ രീതിയിലുള്ള ഭരണവും ഭരണാധികാരിക്കുള്ള വീര പരിവേഷവും ചൗഷസ്‌ക്യുവിനെ അതിലേക്കു ആകൃഷ്ടനാക്കി. തുടർന്ന് ജൂലൈ തീസിസ് എന്ന പേരിൽ മുന്നോട്ട് വെച്ച തന്റെ ആശയങ്ങൾ രാജ്യത്തെ മനുഷ്യാവകാശങ്ങളുടെ ഉന്മൂലനത്തിന്റെ തുടക്കം ആയി മാറുക ആയിരുന്നു.അന്യ രാജ്യങ്ങളെക്കാൾ തന്റെ തന്നെ ജനങ്ങളെ ഭയന്നിരുന്ന ചൗഷസ്‌ക്യു എതിർ ശബ്ദങ്ങൾ ഉയർന്നു വരുന്നത് കണ്ടെത്താനും തടയുന്നതിനും വേണ്ടി സെക്യൂറിറ്റേറ്റ് എന്ന പേരിൽ രാജ്യം മുഴുവൻ, വിപുലമായ ഒരു ചാര സംഘടനയെ ഉപയോഗിച്ചു. സംശയം തോന്നുന്നവരെ പിടിച്ചു കൊണ്ടുപോയി ക്രൂരമായി ചോദ്യം ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്തു ജനങ്ങളുടെ വായ മൂടിക്കെട്ടിക്കൊണ്ടുള്ള ഭരണം ആണ് പിന്നീട് റൊമാനിയ സാക്ഷ്യം വഹിച്ചത്.1974 ഇൽ തന്റെ അധികാരങ്ങൾ വർധിപ്പിച്ചു കൊണ്ടു, രാജ്യകാര്യങ്ങളിൽ പ്ളീനങ്ങൾ ആവശ്യം ഇല്ലാതെ സ്വയം തീരുമാനം എടുക്കാൻ ഉള്ള അവകാശം ചൗഷസ്‌ക്യു ഉണ്ടാക്കിയെടുത്തു. തന്റെയും ഭാര്യയുടെയും ജന്മദിനങ്ങൾ രാജ്യത്തിലെ ഏറ്റവും വലിയ ആഘോഷങ്ങൾ ആക്കി മാറ്റി. മാധ്യമ സ്വാതന്ത്ര്യം തീരെ ഇല്ലാതാക്കി തന്നെക്കുറിച്ചും തന്റെ ഭരണത്തെയും വാഴ്ത്തി പാടാൻ ഉള്ള ഉപകരണങ്ങൾ ആക്കി മാറ്റി. വിദ്യാലയങ്ങളിൽ രാഷ്ട്രീയ പഠനം(ചൗഷസ്കിയുടെ കമ്മ്യൂണിസം ) നിർബന്ധമാക്കി. തന്റെയും ഭാര്യയുടെയും ചിത്രങ്ങൾ നാടുനീളെ വരച്ചു വയ്പ്പിക്കുകയും, കലാ പരിപാടികൾ തന്നെ സ്തുതിക്കാൻ ഉള്ള മാർഗ്ഗവും ആക്കി മാറ്റിയെടുക്കുകയും ചെയ്തു. റൊമാനിയ എന്ന പേരിനെക്കാളും ചൗഷസ്കി എന്ന പേരാണ് കൂടുതലായും പിന്നീടുള്ള വർഷങ്ങളിൽ ജനങ്ങൾ കേട്ടത്.
അറബ് യുദ്ധത്തെ തുടർന്ന് 1970 കളിൽ ഉണ്ടായ അസംസ്‌കൃത എണ്ണയുടെ ലഭ്യത കുറവും വിലക്കയറ്റവും എണ്ണ ഉത്പാദകർ കൂടെ ആയ റോമനിയയെ എണ്ണ ശുദ്ധീകരണ ശാലകളിക്കു കൂടുതലായി നിക്ഷേപം നടത്താൻ പ്രേരിപ്പിച്ചു. അറേബ്യൻ രാജ്യങ്ങളിൽ നിന്നും എണ്ണ വാങ്ങി ശുദ്ധീകരിച്ചു യൂറോപ്യൻ രാജ്യങ്ങൾക്കും , അമേരിക്കയ്ക്കും കയറ്റുമതി ചെയ്യുന്നതിലൂടെ സാമ്പത്തിക ലാഭം സ്വപ്നം കണ്ടു ചൗഷസ്‌കി മറ്റു രാജ്യങ്ങളിൽ നിന്നും വൻ തോതിൽ കടം എടുത്തു റിഫൈനറികൾ നിർമ്മിക്കുവാൻ തുടങ്ങി. എന്നാൽ റിഫൈനറികളുടെ പണി തീരാൻ കാലതാമസം ഉണ്ടാവുകയും , എണ്ണ വില ഇതിനകം കുറയുകയും ചെയ്തതോടെ രാജ്യം 80 കളുടെ തുടക്കത്തോടെ വൻ കടബാധ്യതയിലേക്കു കൂപ്പുകുത്തി. കട ബാധ്യത തീർക്കാൻ ചൗഷസ്‌കി കണ്ടെത്തിയ മാർഗം ജനങ്ങളെ പട്ടിണിക്കിട്ട് കാർഷിക ഉൽപ്പന്നങ്ങൾ കൂടുതലായി കയറ്റുമതി ചെയ്യുക എന്നതായിരുന്നു. ജനങ്ങളുടെ ഭക്ഷണം, വൈദ്യുതി, വെള്ളം എല്ലാം റേഷൻ വഴി പരിമിതപ്പെടുത്തി. ഭരണത്തിൽ അസന്തുഷ്ഠരാണെങ്കിലും സെക്യൂറിറ്റേറ്റിനെ ഭയന്നു ജനങ്ങൾ പ്രതികരിക്കാൻ ഉള്ള ധൈര്യം കാണിച്ചില്ല. സാമ്പത്തിക അടിത്തറ നഷ്ടപ്പെട്ട ഈ സമയത്തും റോമാനിയായിൽ ചൗഷസ്കിക്കു വേണ്ടി ലോകത്തിലെ ഏറ്റവും വലിയ കൊട്ടാരത്തിന്റെ പണി നടന്നു കൊണ്ടിരിക്കുക ആയിരുന്നു എന്നതാണ് വിരോധാഭാസം.
1989 ആകുമ്പോഴേക്കും രാജ്യത്തിന്റെ കട ബാധ്യതകൾ മുഴുവൻ തീർക്കാൻ ആയെങ്കിലും ഭരണം അട്ടിമറിക്കപ്പെടുന്നത് വരെ ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടുള്ള അമിതമായ കയറ്റുമതി തുടർന്നു. 1989 നവംബർ മാസം ചൗഷസ്കി വീണ്ടും 5 കൊല്ലത്തേക്ക് കൂടെ തിരഞ്ഞെടുക്കപ്പെട്ടു. ഡിസംബർ 17 നു, ടിമിസോറയിലെ വിദ്യാർഥികൾ തുടങ്ങി വച്ച പ്രതിഷേധങ്ങൾക്ക് നേരെ ഉണ്ടായ പട്ടാള വെടിവയ്പ്പിൽ നിരവധിപേർ കൊല്ലപ്പെട്ടു. 18നു ഭരണം ഭാര്യയെ ഏൽപ്പിച്ചു വിദേശ പര്യടനത്തിന് പോയ ചൗഷസ്കി തിരിച്ചു വരുമ്പോഴേക്കും സ്ഥിതിഗതികൾ കൈവിട്ടു തുടങ്ങിയിരുന്നു. 21ആം തീയ്യതി താൻ സാധാരണ ജനങ്ങളോട് സംവധിക്കാറുള്ളത് പോലെ സെൻട്രൽ കമ്മിറ്റി ഓഫീസിന്റെ മട്ടുപ്പാവിൽ നിന്നു പ്രസംഗിക്കാൻ തുടങ്ങിയ ചൗഷസ്‌കിയെ കൂക്കി വിളിച്ചും, മുദ്രാവാക്യങ്ങൾ വിളിച്ചു ആക്രോശിച്ചും ആണ് ജനങ്ങൾ എതിരേറ്റത്. അന്നത്തെ ചൗഷസ്കിയുടെ മുഖഭാവങ്ങൾ വിദേശ മാധ്യമങ്ങളിൽ ചൂടുള്ള വാർത്തകൾ സമ്മാനിച്ചു കൊണ്ട് പ്രക്ഷേപണം നടത്തി. 22 ആം തീയ്യതി അവസാന ശ്രമം നടത്തിയ ചൗഷസ്‌കിയെ ജനങ്ങൾ കല്ലെറിയാൻ തുടങ്ങി. ശമ്പളം കൂട്ടിത്തരാം, ഭക്ഷണം കൂട്ടിത്തരാം എന്നൊക്കെ ഉള്ള പ്രലോഭനങ്ങൾ തുടരെ തുടരെ മൈക്കിലൂടെ നടത്തി എങ്കിലും ജനങ്ങൾ ചെവിക്കൊണ്ടില്ല. അവർ സെൻട്രൽ കമ്മറ്റി ഓഫീസ് കെട്ടിടത്തിനകത്തെക്കു ഇടിച്ചു കയറാൻ തുടങ്ങിയതും, ചൗഷസ്കിയും ഭാര്യയും ഹെലികോപ്റ്ററിൽ കയറി രക്ഷപ്പെട്ടു. എന്നാൽ ഇതിനകം ജനപക്ഷത്തെക്കു കൂറുമാറിയ പാട്ടാളം ഹെലികോപ്റ്റർ താഴെ ഇറക്കിച്ചു ദമ്പതികളെ അറസ്റ്റ് ചെയ്തു ഗാർഹിക തടങ്കലിൽ ആക്കി. ഡിസംബർ 25 ഒരു ക്രിസ്റ്മസ് ദിവസം ചൗഷസ്കിയേയും ഭാര്യയെയും വിചാരണ ചെയ്യുകയും, വധശിക്ഷ വിധിച്ചു അന്ന് തന്നെ നടപ്പിൽ ആക്കുകയും ചെയ്തു. കൈകൾ കൂട്ടി കെട്ടി ഒരു ചുമരിനോട് ചേർത്തുനിർത്തി രണ്ടുപേരെയും പട്ടാളത്തിന്റെ ഓപ്പൺ ഫയറിങ്ങിലൂടെ വെടിവച്ചു കൊല്ലുക ആയിരുന്നു. ഒരു മാധ്യമ പ്രവര്ത്തകന് അതിന്റെ വീഡിയോ റെക്കോര്ഡ് ചെയ്യാൻ സാധിച്ചു എങ്കിലും അവസാന ചില നിമിഷങ്ങൾ മാത്രം ആണ് കിട്ടിയതു.
വെറും 6 ദിവസത്തെ ഒരു പ്രക്ഷോഭത്തിലൂടെ മാത്രം ഒരു ശക്തനായ ഭരണാധികാരിയുടെ വീഴ്ച അങ്ങനെ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടു. പെട്ടെന്നുണ്ടായ ഒരു പ്രക്ഷോഭത്തിനു പരിധി കടന്ന അടിച്ചമർത്തലുകളും പീഡനവും തന്നെ ആയിരിക്കാം കാരണം എങ്കിലും വിദേശ രാജ്യങ്ങളുടെ ഗൂഡാലോചനയ്ക്കും, ആഭ്യന്തര രാഷ്ട്രീയ പിടിവലികൾക്കും ഉള്ള സാധ്യതകൾ സൂക്ഷ്മമായി നിരീക്ഷിച്ചാൽ തള്ളിക്കളയാൻ പറ്റുന്നതല്ല.

 Image may contain: 2 people, suit and indoor

No comments:

Post a Comment

Search This Blog