Monday, 17 December 2018

ഇന്ത്യന്‍ ഭരണഘടന എഴുതിയത് ഇവര്‍ കൂടിയാണ്; ഭരണഘടനാ നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍

ഇന്ത്യന്‍ ഭരണഘടന എഴുതിയത് ഇവര്‍ കൂടിയാണ്; ഭരണഘടനാ നിര്‍മ്മാണ സഭയിലെ മലയാളി വനിതകള്‍ 

Courtesy- DoolNews


ദാക്ഷായണി വേലായുധന്‍, അമ്മു സ്വാമിനാഥന്‍, ആനി മസ്‌കരീന്. 1949 നവംബര്‍ 26 ന് ഡോ ബി.ആര്‍. അംബേദ്കര്‍ നേതൃത്വം നല്‍കിയ ഭരണഘടനാ നിര്‍മ്മാണ സഭയിലുണ്ടായിരുന്നു മൂന്ന് മലയാളി സ്ത്രീകളാണിവര്‍. 299 പേരുണ്ടായിരുന്ന തെരഞ്ഞെടുക്കപ്പെട്ട ഭരണഘടനാ നിര്‍മ്മാണ സഭയില്‍ ആകെ ഉണ്ടായിരുന്നത് 15 വനിതകള്‍. കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലിയിലേക്ക് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട ഏക ദളിത് വനിത ദാക്ഷായണി വേലായുധന്‍ ഉള്‍പ്പെടെ അവരില്‍ മൂന്നു പേര്‍ കേരളത്തില്‍ നിന്നായിരുന്നു.
ഭരണഘടനാ നിര്‍മ്മാണ സഭയില്‍ സ്വതന്ത്ര ഇന്ത്യയെ വിഭാവനം ചെയ്ത് ഇവര്‍ നടത്തിയ ചര്‍ച്ചകള്‍, സംവാദങ്ങള്‍, ആശയങ്ങള്‍ എന്നിവയുടെ ആകെത്തുകയാണ് ഇന്ത്യന്‍ ഭരണഘടന. ബീഗം ഐസസ് റസൂല്‍, ദുര്‍ഗാഭായ് ദേശ്മുഖ്, ഹന്‍സ ജീവ് രാജ് മെഹ്ത, കമല ചൗധരി, ലീല റോയ്, മാലതി ചൗധരി, പൂര്‍ണ്ണിമ ബാനര്‍ജി, രാജ്കുമാരി അമൃത് കൗര്‍, രേണുക റായ്, സരോജിനി നായിഡു, സുചേത കൃപ്ലാനി, വിജയ് ലക്ഷമി പണ്ഡിറ്റ് എന്നിവരായിരുന്നു സഭയിലെ മറ്റ് സ്ത്രീ സാന്നിധ്യങ്ങള്‍.
ദാക്ഷായണി വേലായുധന്‍
1912ല്‍ കൊച്ചിയിലെ മുളവക്കാട് ജില്ലയില്‍ പുലയ ജാതിയില്‍ പെട്ട കുടുംബത്തിലാണ് ദാക്ഷായണി വേലായുധന്‍ ജനിച്ചത്. അയ്യങ്കാളിയുടെ നേതൃത്വത്തില്‍ പുലയ ജാതിയില്‍ പെട്ടവര്‍ക്കിടയില്‍ നവോത്ഥാന ചിന്തകള്‍ ഉയര്‍ന്നു വന്നിരുന്ന കാലത്തായിരുന്നു ദാക്ഷായണിയുടെ ജനനം. പുലയ ജാതിയില്‍ ആദ്യമായി മേല്‍ മുണ്ട് ധരിച്ച പെണ്‍കുട്ടി ദാക്ഷായണിയായിരുന്നു. 1935ല്‍ മദ്രാസ് സര്‍വകലാശാലയില്‍ നിന്ന് ശാസ്ത്രത്തില്‍ ബിരുദം നേടിയതോടെ ദാക്ഷായണി ഇന്ത്യയില്‍ ബിരുദം നേടുന്ന ആദ്യ ദളിത് സ്ത്രീയായി.

1942 കൊച്ചിന്‍ നിയമസഭയിലേക്കും, 1946ല്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്കും ദാക്ഷായണി തെരഞ്ഞെടുക്കപ്പെട്ടു. സഭയിലെ ഏക ദളിത് വനിത ദാക്ഷായണിയായിരുന്നു. ഭരണഘടനാ സഭ നിര്‍മ്മിക്കുന്നത് ഭരണഘടന മാത്രമല്ല, മറിച്ച് ജനങ്ങള്‍ക്ക് ജീവിക്കാനുള്ള മാതൃക കൂടിയാണ് എന്നായിരുന്നു ദാക്ഷായണിയുടെ ഭരണഘടനയെക്കുറിച്ചുള്ള കാഴ്ചപ്പാട്. സ്വതന്ത്ര ഇന്ത്യ നേരിടേണ്ടിയിരുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം ജാതിയായിരിക്കും എന്ന തിരിച്ചറിവ് ദാക്ഷായണിക്കുണ്ടായിരുന്നു. ഭരണഘടനയില്‍ അയിത്തത്തെ ഇല്ലാതാക്കുന്ന ആര്‍ട്ടിക്കിള്‍ 17 സാക്ഷാത്കരിക്കുന്നതില്‍ ദാക്ഷായണിയുടെ പങ്ക് നിസ്തൂലമായിരുന്നു.
1940 ല്‍ ഗാന്ധിയും കസ്തൂര്‍ ബായും പങ്കെടുത്ത ചടങ്ങില്‍ വെച്ച് ദളിത് നേതാവ് രാമന്‍ കേളന്‍ വേലായുധനെ ദാക്ഷായണി വിവാഹം കഴിച്ചു. താന്‍ ജനിച്ചതും ജീവിച്ചതുമായ സാഹചര്യങ്ങളെക്കുറിച്ച് ദാക്ഷായണിക്ക് അഭിമാനമായിരുന്നുവെന്ന് ദാക്ഷായണിയുടെ മകള്‍ മീര ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറയുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമല്ലാതിരുന്ന ദാക്ഷായണി കൂടുതല്‍ സമയം ചെലവഴിച്ചിരുന്നത് ദല്‍ഹിയിലെ മുനിര്‍കയിലെ വനിതാ തൂപ്പ് തൊഴിലാളികള്‍ക്കിടയിലായിരുന്നു. ദളിത് സ്ത്രീകളും ആദ്യ നാഷണല്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കിയതിന് ശേഷം അവര്‍ 1977ല്‍ മഹിളാ ജാഗ്രിതി പരിഷത്ത് ആരംഭിച്ചു.
ആനി മസ്‌കരീന്‍
1951ല്‍ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തില്‍നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ആദ്യ ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ആദ്യ വ്യക്തി. തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ്സില്‍ അംഗമായ ആദ്യവനിതകളിലൊരാള്‍, തിരുവിതാംകൂര്‍ സ്റ്റേറ്റ് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റിയംഗമാകുന്ന ആദ്യത്തെ വനിത, തുറന്നടിച്ച സംസാരത്തിനും രൂക്ഷമായ അഭിപ്രായ പ്രകടനങ്ങള്‍ക്കും ഗാന്ധിയുടെ തന്നെ വിമര്‍ശനം നേരിടേണ്ടി വന്ന സ്വാതന്ത്ര്യ സമര സേനാനി, ഇതൊക്കെയായിരുന്നു ആനി മസ്‌കരീന്‍.
1902ല്‍ തിരുവനന്തപുരത്തെ ലത്തീന്‍ കൃസ്ത്യന്‍ കുടുംബത്തിലാണ് ജനിച്ച് ആനി മസ്‌ക്രീന് ചരിത്രത്തിലും സാമ്പത്തിക ശാസ്ത്രത്തിലും ബിരുദാനന്തര ബിരുദം നേടിയിരുന്നു. പിന്നീട് അധ്യാപനവൃത്തിക്കായി ശ്രീലങ്കിയലേക്ക് പോയി. തിരിച്ചെത്തിയ മസ്‌ക്രീന്‍ പിന്നീട് നിയമത്തിലും ബിരുദം നേടി. സ്വാതന്ത്ര്യ സമരത്തിലെ പങ്കാളിത്തത്തിന് നിരവധി തവണ ജയില്‍ ശിക്ഷ അനുഭവിച്ച വ്യക്തിയാണ് മസ്‌കരീന്‍.

ലോകസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനു മുമ്പേ, 1948-1952 കാലഘട്ടത്തില്‍ തിരു-കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലി അംഗവും പറവൂര്‍ ടി.കെ.നാരായണപിള്ളയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ആരോഗ്യ-വൈദ്യുതി വകുപ്പു മന്ത്രിയുമായിരുന്നു മസ്‌കരീന്‍.
ആരോഗ്യപരമായ ഒരു ജനാധിപത്യത്തിന് അധികാര കേന്ദ്രീകരണത്തിന്റെയും അധികാര വികേന്ദ്രീകരണത്തിന്റെയും ഇടയിലാണ് സ്ഥാനം എന്നായിരുന്നു മസ്‌ക്രീനിന്റെ വാദം. രാഷ്ട്രീയ സ്വാതന്ത്ര്യം നേടിയ ഉടനെ ഇന്ത്യക്ക് ശക്തമായൊരു കേന്ദ്രഭരണം ആവശ്യമാണെന്നും, ഒരു പൂര്‍ണ്ണ ജനാധിപത്യ രാഷ്ട്രമെന്ന നിലയിലേക്ക് രാജ്യം വളര്‍ച്ച കൈവരിച്ച ശേഷം കേന്ദ്രീകൃത അധികാര വ്യവസ്ഥ ഭരണഘടനാ പരമായി ഭേതഗദി ചെയ്യാമെന്നുമായിരുന്നു മസ്‌കരീന്റെ ആശയം
അമ്മു സ്വാമിനാഥന്‍
1894ല്‍ പാലക്കാട്ടില്‍ ഗോവിന്ദ മേനോന്റേയും ആനക്കര വടക്കത്ത് അമ്മുഅമ്മയുടേയും മകളായി ജനിച്ചു. ചെറുപ്പത്തില്‍ അച്ഛന്‍ മരിച്ചതിന് ശേഷം 13ാം വയസ്സില്‍ അമ്മു തന്നെക്കാള്‍ 20 വയസ്സു പ്രായമുള്ള ഡോ. സുബ്ബരാമ സ്വാമിനാഥനെ വിവാഹം കഴിച്ചു. വിവാഹത്തിനു ശേഷം മദ്രാസിലേക്ക് താമസം മാറിയ അമ്മു ഉയര്‍ന്ന വിദ്യാഭ്യാസം നേടി.
1917ല്‍ ആനി ബെസന്ത്, മാര്‍ഗെരറ്റ് കസിന്‍സ്, മാലതി പട് വര്‍ദന്‍, ദാദാഭോയ്, അംബുജമ്മാള്‍ എന്നിവരോടൊപ്പം ചേര്‍ന്ന് അമ്മു മദ്രാസില്‍ വിമന്‍സ് ഇന്ത്യാ അസോസിയേഷന് രൂപം കൊടുത്തു. സ്ത്രീകളുടെ വോട്ടവകാശത്തിനും മൗലിക അവകാശങ്ങള്‍ക്കും ശക്തമായി വാദിച്ച ആദ്യ സംഘടനയായിരുന്നു വിമന്‍സ് ഇന്ത്യാ അസോസിയേഷന്‍.
1946ല്‍ മദ്രാസില്‍ നിന്ന് ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. വ്യക്തി ജീവിതത്തിലും രാഷ്ട്രീയ ജീവിതത്തിലും ജാതി വിവേചനത്തിനെതിരെ ശക്തമായ പോരാട്ടം നയിച്ച വ്യക്തിയാണ് അമ്മു. ബാലവിവാഹത്തിന്റെ ഇരയായിരുന്ന അമ്മു, ബാലവിവാഹം നിരോധിച്ചുകൊണ്ടുള്ള ചൈല്‍ഡ് റിസ്ട്രയ്ന്റ് ആക്ട് നടപ്പില്‍ വരുത്തുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു.
ജവഹര്‍ലാല്‍ നെഹ്‌റുവിനെ ആളുകള്‍ പണ്ഡിറ്റജി എന്ന് വിളിക്കുന്നതിലെ ജാതീയത ചൂണ്ടിക്കാട്ടിയ അമ്മു ആ വിളിയോട് പ്രതികരിക്കുന്നതിന് നെഹ്‌റുവിനേയും വിമര്‍ശിച്ചിരുന്നു. ഭരണഘടനയുടെ അമിത വലിപ്പത്തെക്കുറിച്ചും അമ്മുവിന് വേവലാതിയുണ്ടായിരുന്നു. എല്ലാവര്‍ക്കും എളുപ്പം കൊണ്ടു നടക്കാവുന്ന ഒരു ഭരണഘടനയായിരുന്നു താന്‍ വിഭാവനം ചെയ്തതെന്ന് അമ്മു പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
കടുത്ത സിനിമാ പ്രേമിയായ അമ്മു 1959ല്‍ സത്യജിത് റായുടെ കീഴില്‍ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിയുടെ വൈസ് പ്രസിഡന്റായും ജോലി ചെയ്തു. 1952ല്‍ ലോക്‌സഭയിലേക്കും 1954ല്‍ രാജ്യസഭയിലേക്കും അമ്മു തെരഞ്ഞെടുക്കപ്പെട്ടു.
 

No comments:

Post a Comment

Search This Blog