Sunday, 16 August 2020

അമേരിക്കൻ ജുഡീഷ്യറിയിലെ ചില വൈചിത്ര്യങ്ങൾ

 

1. അവിടെ ജഡ്ജി ആകാൻ പ്രത്യേകം

qualification ഒന്നും വേണ്ട...അതായത് നിയമം പഠിച്ച വ്യക്തി ആകണം എന്നില്ല എന്നർത്ഥം.. any body can be a judge... Even supreme court chief justice ആകാൻ പോലും  നിയമ ബിരുദമോ, മുൻപ് വക്കീൽ ആയ പരിചയമോ, ജഡ്ജ് ആയ പരിചയമോ വേണ്ട


2. ഒട്ടു മിക്ക കീഴ് കോടതികളിലും ജഡ്ജിയെ ജനങ്ങൾ ആണ് election വഴി തിരഞ്ഞെടുക്കുന്നത്. ചില സ്ഥലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥി ആയി ജഡ്ജ് candidates നേ നിർത്തി ആണ് ഇലക്ഷൻ..


അവിടെ ജഡ്ജിയുടെ രാഷ്ട്രീയം  പ്രശ്നം അല്ല, എന്ന് മാത്രം അല്ല, ഓരോ നാട്ടിലും അവർക്ക് ഇഷ്ടം ഉള്ള പാർട്ടി അംഗത്തെ ആകും കോടതി ജഡ്ജി ആയി ജനം തിരഞ്ഞെടുക്കുന്നത്


ബിജെപി/ കോൺഗ്രസിന്റെ  ജഡ്ജി സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്യുക... എന്ന രീതിയിൽ ഉള്ള അവസ്ഥ എന്താകും?


3. ഒരു ക്രിമിനൽ കേസിൽ വിചാരണ കേൾക്കാൻ സമൂഹത്തിലെ മാന്യന്മാർ അയ ഒരു group ഉണ്ടാകും ...ജൂറി.. വിചാരണ മൊത്തം അവർ വീക്ഷികും..

അവസാനം പ്രതി കുറ്റവാളി ആണോ അല്ലയോ എന്നത് ഈ കൂടിയ ജൂറിയുടെ തീരുമാന പ്രകാരം ആയിരിക്കും.. 

അത് ജഡ്ജിക്ക് മറികടക്കാൻ ബുദ്ധിമുട്ട് ആണ്... (ജഡ്ജ് can't over ride) 

അതിലെ തമാശ ഈ ജൂറി അംഗങ്ങളോ എന്തിന് ജഡ്ജ് പോലുമോ നിയമം പഠിച്ചവർ ആകണ്ട എന്നത് ആണ്.


4. ഒരു കേസിൽ പ്രതി കുറ്റ സമ്മതം നടത്തി, സ്വയം pleads guilty ആണ് എങ്കിൽ ശിക്ഷ വലിയ തോതിൽ ഇളവ് കിട്ടും...


5. ഒരേ കുറ്റത്തിന് ഒരു തവണ വിചാരണ നേരിട്ട് കുറ്റവാളി അല്ലെന്ന് കണ്ടെത്തിയാൽ പിന്നെ പുതിയ എന്ത് വ്യക്തമായ തെളിവ് കിട്ടിയാലും, വീണ്ടും വിചാരണ ചെയ്യാൻ സാധിക്കില്ല


6. Supreme കോടതി ജഡ്ജിമാരെ നിയമിക്കുന്നത് പ്രസിഡന്റ് and senate ചേർന്ന് ആണ്.. ജഡ്ജി എത് പർട്ടിക്കാരൻ ആണെന്ന് നോക്കി തന്നെ ആണ് choose ചെയ്യുന്നത്. പ്രത്യേകിച്ച് ഒരു യോഗ്യതയും നോക്കാൻ constitution പറയുന്നില്ല...


7. Supreme കോടതി ജഡ്ജിമാരുടെ നിയമനം മരിക്കുന്നത് വരെ ആണ്. No complusory retirement.



Saturday, 15 August 2020

റാസ്‌പുട്ടിൻ

 ഗ്രിഗറി  റാസ്‌പുട്ടിൻ


റഷ്യയിലെ  റൊമാനോവ്  രാജവംശത്തിന്റെ   അന്തിമവർഷങ്ങളിൽ  ജീവിച്ചിരുന്ന  ഒരു  സന്യാസിയായിരുന്നു  ഗ്രിഗോറി  യെഫിമോവിച്ച്  റാസ്പ്യൂട്ടിൻ ( 22 Jan 1869 - 29 Dec 1916 ).  ഒടുവിലത്തെ  റഷ്യൻ ചക്രവർത്തി  നിക്കോളാസ്   രണ്ടാമന്റെ  ഭരണത്തിന്റെ  അവസാനഘട്ടത്തിൽ   രാജാവിനേയും  രാജകുടുംബാംഗങ്ങളെയും  ഏറെ  സ്വാധീനിച്ചതായി  വിശ്വസിക്കപ്പെടുന്ന  റാസ്പ്യൂട്ടീൻ,  'ഭ്രാന്തൻ സന്യാസി'  എന്നും അറിയപ്പെട്ടിരുന്നു.  എങ്കിലും  മാനസിക സിദ്ധികളാലും  രോഗശാന്തി  നൽകാനുള്ള  കഴിവ്    ഉൾപ്പെടെയുള്ള  അനുഗൃഹീതനായ  ഒരു  ധർമ്മപരിവ്രാജകനും  സന്യാസിശ്രേഷ്ഠനെന്നും   അദ്ദേഹം  വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.


ജീവിതം 

* * * * * 

സൈബീരിയയിലെ  പോക്രോവാസ്‌കോയെ ഗ്രാമത്തിലെ  ഒരു  കർഷക കുടുംബത്തിൽ  ജനിച്ച  റാസ്പ്യൂട്ടിൻ  സ്കൂൾ  വിദ്യാഭ്യാസം തുടങ്ങിയെങ്കിലും  എഴുത്തും  വായനയും പഠിക്കുന്നതിൽ  പരാജയപ്പെട്ടു.  പിന്നീട്  റഷ്യൻ   ഓർത്തഡോക്സ്  സഭയിൽ  സന്യാസിയാകാൻ   ശ്രമിച്ചെങ്കിലും  പത്തൊമ്പതാം വയസ്സിൽ സന്യാസഭവനം  ഉപേക്ഷിച്ച്  വീട്ടിലെത്തി,   വിവാഹിതനായി. തുടർന്ന്  വിവാഹത്തിൽ  മൂന്നു കുട്ടികളും  വിവാഹേതരമായി  ഒരു  കുട്ടിയും അദ്ദേഹത്തിന്  ജനിച്ചു.  കുറേക്കാലം  കഴിഞ്ഞ്   വീട്  വിട്ടുപോയ  റാസ്പ്യൂട്ടീൻ  ഗ്രീസിലും   മധ്യപൂർവദേശത്തും  ചുറ്റിക്കറങ്ങി. വിവിധതരം  ആത്മീയസിദ്ധികൾ  അവകാശപ്പെട്ട  അയാൾ അവയുടെ  പ്രയോഗത്തിലൂടെ  ലഭിച്ച   സംഭാവനകൾ  കൊണ്ട്  ജീവിച്ചു.  ഒരു  ഭവിഷ്യവാണിക്കാരനായും  റാസ്പ്യൂട്ടീൻ  വേഷം  കെട്ടി.


1903ൽ  സെന്റ് പീറ്റേഴ്സ് ബർഗിൽ  എത്തിയ  അദ്ദേഹം  നിക്കോളാസ്  രണ്ടാമൻ  രാജാവിനേയും  പത്നി  അലക്സാന്ദ്രാ ഫെദോറോവ്‌നയേയും  പരിചയപ്പെട്ടു.   ഹീമോഫീലിയ  രോഗിയായിരുന്ന  കിരീടാവകാശി  അലക്സിസ്  രാജകുമാരൻ  1908ൽ  ഗുരുതരാവസ്ഥയിൽ  എത്തിയപ്പോൾ   രക്തസ്രാവം  നിർത്തുന്നതിൽ  റാസ്പ്യൂട്ടീൻ   വിജയിച്ചുവെന്നു  വിശ്വസിക്കപ്പെട്ടതോടെ  അയാൾ  രാജപരിവാരത്തിലെ  അംഗമായി  മാറി. ചക്രവർത്തി  റാസ്പ്യൂട്ടീനെ  നമ്മുടെ  സുഹൃത്ത്,   വിശുദ്ധപുരുഷൻ  എന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത്.  അലക്സാന്ദ്രാ  രാഞ്ജിയെ  റാസ്പ്യൂട്ടീൻ  വ്യക്തിപരമായും  രാഷ്ട്രീയവുമായ   തലങ്ങളിലും  സ്വാധീനിച്ചിരുന്നു.  ചക്രവർത്തിയും   പത്നിയും  അയാളെ  ദൈവപുരുഷനും   പ്രവാചകനുമായി  കണ്ടു.  റാസ്പ്യൂട്ടീൻ  വഴി   ദൈവം  തന്നോട്  സംസാരിക്കുന്നു  എന്നുപോലും രാജ്ഞി  വിശ്വസിച്ചിരുന്നു.

ഒന്നാം  ലോകമഹായുദ്ധത്തിന്റെ  നടുവിൽ  സൈനികനേതൃത്വം  സ്വയം  ഏറ്റെടുത്ത്   ചക്രവർത്തി  യുദ്ധമുന്നണിയിലായിരിക്കെ,  രാഞ്ജി  വഴി  റാസ്പ്യൂട്ടീൻ  ഭരണത്തെ  ഗണ്യമായി  സ്വാധീനിക്കുകയും  അങ്ങനെ  ഒട്ടേറെ     ഉന്നതന്മാരുടെ  വിരോധം  സമ്പാദിക്കുകയും   ചെയ്തു.


അന്ത്യം  

* * * * *

റാസ്പ്യൂട്ടിന്റെ  ജീവിതകഥയും  മരണത്തിന്റെ  പശ്ചാത്തലവും  ദുരൂഹതകൾ  നിറഞ്ഞതാണ്.   അയാൾ  കൊല ചെയ്യപെടുകയായിരുന്നു.  രാഞ്ജി    അലക്സാന്ദ്രയുമായുള്ള  സന്യാസിയുടെ   സ്വാധീനം  രാഷ്ട്രത്തിന്  അപകടകരമാകുംവിധം   വളർന്നുവെന്നു  കരുതിയ  റഷ്യൻ  സമൂഹത്തിലെ   ഒരുപറ്റം  ഉന്നതന്മാർ,  ഫെലിക്സ്  യൂസാപ്പോവ്   എന്നയാളുടെ  നേതൃത്വത്തിൽ  പീറ്റേഴ്സ് ബർഗിലെ  യൂസാപ്പോവിന്റെ  മാളികയിൽ  കൊല നടത്തിയെന്നാണ്  കരുതപ്പെടുന്നത്.  റാസ്പ്യൂട്ടിനെ  തന്ത്രത്തിൽ  വീട്ടിൽ  വിരുന്നിനു   വിളിച്ചുവരുത്തി  വിഷം  കലർത്തിയ  കേക്കും   മദ്യവും  കൊടുത്തെങ്കിലും അവ  ഫലം  ചെയ്യാൻ   വൈകിയപ്പോൾ  വെടിവെച്ചുകൊല്ലുകയും,   മൃതദേഹം  നേവാനദിയിൽ  എറിയുകയുമാണ്   ചെയ്തത്.  മൂന്നു  ദിവസത്തിനുശേഷം  മഞ്ഞുറച്ച     നദിയിൽനിന്ന്  ശവശരീരം  കണ്ടെത്തി.   അന്വേഷണത്തിനൊടുവിൽ   കുറ്റവാളികൾക്കെതിരെ  കൊലപാതകം   ആരോപിക്കപ്പെടുകയും  അവരെ  നഗരത്തിൽ   നിന്ന്  പുറത്താക്കാൻ  ചക്രവർത്തി ഉത്തരവിടുകയും ചെയ്തു.  ദേശസ്നേഹത്തിന്റെ   പ്രേരണായയിരുന്നു  റാസ്പ്യൂട്ടിന്റെ  വധത്തിനു പിന്നിലെന്നു  പറയപ്പെട്ടെങ്കിലും, സ്വകാര്യവ്യക്തികൾ  സ്വന്തം  വിലയിരുത്തലിന്റെ   അടിസ്ഥാനത്തിൽ  നിയമം  കൈയിലെടുത്ത്‌ നടപ്പാക്കിയത് ഈ സംഭവം ചക്രവർത്തിയുടെ മതിപ്പിന്നെ  ഗണ്യമായി  കുറച്ചു.


റാസ്പ്യൂട്ടിന്റ  അവിഹിതസ്വാധീനവും   അതുളവാക്കിയ  രോഷത്തിന്റെ  ഫലമായി  നടന്ന കൊലയും  റൊമാനോവ്  രാജവംശത്തിന് ദുഷ്കീർത്തിയുണ്ടാക്കി,  1917ലെ  ബോൾഷെവിക്  വിപ്ലവത്തിന്  വഴിതെളിച്ചു   എന്നും  ചിലർ  കരുതുന്നു.  റാസ്പ്യൂട്ടിനെക്കുറിച്ചുള്ള  സമകാലീനരുടെ   അഭിപ്രായങ്ങൾ  വൈരുധ്യം  നിറഞ്ഞതാണ്.   ചിലർ  റാസ്പപ്യൂട്ടിനെ  യോഗിയും  പ്രവാചകനുമായി  കണ്ടപ്പോൾ  മറ്റൊരു പക്ഷം   ദുർവൃത്തനായൊരു  കപടധാർമികമായി   അയാളെ  ചിത്രീകരിച്ചു.  റാസ്പ്യൂട്ടിനെക്കുറിച്ച്   ലഭ്യമായ  വിവരണങ്ങൾ  വിശ്വസനീയത  കുറഞ്ഞ സ്മരണകളേയും, കേട്ടുകേൾവികളെയും  കെട്ടുകഥകളേയും  ആശ്രയിച്ചുള്ളവയായതിനാൽ   അയാളുടെ  ജീവിതത്തിന്റെയും  സ്വാധീനത്തിന്റെയും  യഥാർത്ഥചിത്രം   കണ്ടെത്തുക  ബുദ്ധിമുട്ടാണ്.  അദ്ദേഹം   തെറ്റിദ്ധരിക്കപ്പെട്ട  വിശുദ്ധപുരുഷനോ,   സൂത്രശാലിയായ  പാപിയോ  എന്ന  കാര്യത്തിൽ തീരുമാനം  അസാധ്യമായിരിക്കുന്നു.


കടപ്പാട് :-  റാസ്പ്യൂട്ടിന്റെ  ജീവചരിത്രം -പ്രവീൺ കെ.വി- ചരിത്രാന്വേഷികൾ.


ബംഗ്ലാദേശിന്റെ ജനനം

 ബംഗ്ലാദേശിന്റെ ജനനം

**********************

  ഇൻഡ്യയുടെ ധാർമികവും സൈനികവുമായ പിന്തുണ ലഭിക്കാതെ ഇരുന്നു എന്ന് സങ്കൽപ്പിക്കുക ബംഗ്ലാദേശ് എന്ന ഒരു രാജ്യം ഒരിക്കലുംഉണ്ടാകുമായിരുന്നില്ല എന്ന് തന്നെ പറയാം. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇൻഡ്യയെ പിളർത്താൻ ശ്രമിച്ച പാകിസ്താന് കിട്ടിയ എട്ടിന്റെ പണി എന്ന് വേണമെങ്കിൽ പറയാം. പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും വേറിട്ടു നിൽക്കുന്ന കിഴക്കൻ പാകിസ്താന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ഇൻഡ്യയാണ്.

          ജനസംഖ്യയിൽ കൂടുതലുംകിഴക്കൻ പാകിസ്ഥാനിൽ ആയിരുന്നു എങ്കിലും നിയന്ത്രണം പടിഞ്ഞാറൻ പാകിസ്ഥാനിൽ ആയിരുന്നു.1970-ൽ നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിലെ 169-ൽ 167 സീറ്റും അവാമി ലീഗ് നേടി. 313 അംഗ പാർലിമെന്റിൽ കേവളഭൂരിപക്ഷത്തിന് മതിയാവുമായിരുന്നു. അവാമി ലീഗ് നേതാവ് ഷെയിഖ്. മുജീബുൽ റഹ്മാൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എന്നാൽ പ്രസിഡന്റ് യാഹ്യാഖാൻ ഇതിന് തയ്യാർ ആകാതെ  കിഴക്കൻ പാകിസ്ഥാനിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുകയാണ് ഉണ്ടായത്. തുടർന്ന് മുജീബുൽ റഹ്‌മാനെ അറസ്റ്റ് ചെയ്ത് കിഴക്കൻ പാകിസ്ഥാനിൽ വ്യാപകമായ അടിച്ചമർത്തലുകൾ നടന്നു.

          1971മാർച്ച് 27ന് പാകിസ്ഥാനിസേനയിൽ മേജറായിരുന്ന സിയാവൂർ റഹ്മാൻ മുജീബുർ റഹ്‌മാന്റെ പേരിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.1971 ഏപ്രിലിൽ അവാമി ലീഗ് നേതാക്കൾ പ്രവാസി സർക്കാരിന് രൂപം കൊടുത്തു.ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി നിലയുറപ്പിച്ച  പട്ടാളക്കാരും സാധാരണക്കാരും ചേർന്ന്   "മുക്‌തി ബാഹിനി"എന്ന ഗറില്ല ഗ്രൂപ്പിന് രൂപം നൽകി.

              1971,ഏപ്രിൽ മാസത്തോടെ പശ്ചിമ ബംഗാൾ, ബീഹാർ,അസം, മേഘാലയ,ത്രിപുര സംസ്‌ഥാനങ്ങൾ ബംഗ്ലാദേശ് അഭയാർത്ഥികളെ കൊണ്ടു നിറഞ്ഞു. മുക്‌തി ബാഹിനി ഗറില്ലകളെ പരിശീലിപ്പിക്കാനായി ഇന്ത്യൻ സേനയും ക്യാമ്പുകൾ തുറന്നു.

      1971 ഡിസംബർ 3ന് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചു. തുടർന്ന്  ഇന്ത്യയും തിരിച്ചടിച്ചു തുടങ്ങി.ഇന്ത്യൻസേനയുംമുക്‌തിബാഹിനിയും ചേർന്ന മിത്രബാഹിനിയാണ് കിഴക്കൻ പാകിസ്ഥാനിൽ യുദ്ധരംഗത്ത്   ഇറങ്ങിയത്. കര-നാവിക-വ്യോമ മേഖലകളിൽ എല്ലാം ഇൻഡ്യ പാകിസ്താനെ നിഷ്ഭ്രമമാക്കി .1971,ഡിസംബർ16ന് കിഴക്കൻ പാക്കിസ്ഥാൻ സേന കീഴടങ്ങി. അടുത്ത ദിവസം പാക്കിസ്ഥാനും.

        1971 ഡിസംബർ16ന് വൈകിട്ട്  4:30ന് കിഴക്കൻ പാകിസ്ഥാൻ സേനയുടെ കീഴടങ്ങൽ രേഖയിൽ(instrument of surrender)ഇന്ത്യൻ സേനയുടെ കിഴക്കൻ മേഖല കമ്മാൻഡിങ്-ഇൻ-ചീഫ് ലഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിങ് അറോറയും പാകിസ്ഥാന്റെ ലഫ്. ജനറൽ എ. എ .കെ നിയാസിയും ഒപ്പിട്ടു.നിയാസി ഉൾപ്പെടെ 90,000 ത്തോളം പാക് സൈനികരെ ഇന്ത്യ യുദ്ധതടവുകാരാക്കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതൽ യുദ്ധതടവുകാർ ഉണ്ടാകുന്ന സന്നർഭമായിരുന്നു ഇത്.


 സിംലകരാർ

**************

സിംലാ  കരാർ പ്രകാരം ആണ് പാക് യുദ്ധതടവുകാരെ ഇന്ത്യ വിട്ടയച്ചത്.1972ജൂലൈ 2ന് സിംലയിൽ ഇൻഡ്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും ആണ് ഒപ്പ് വച്ചത്.



കടപ്പാട് : ഷാനവാസ് -ചരിത്രാന്വേഷികൾ

ഇന്ത്യയുടെ അത്ഭുത ഗ്രന്ഥത്തിന് 71 വയസ്

 ഇന്ത്യയുടെ അത്ഭുത ഗ്രന്ഥത്തിന് 71 വയസ്

===============================

1949 നവംബർ 26, ആ സുദിനത്തിലാണ് ലോകത്തിലെ ഏറ്റവും വലുതും എഴുതപ്പെട്ടതും അത്യന്തം സുന്ദരവുമായ ഭരണഘടന ഇന്ത്യ മഹാരാജ്യത്തിലേയ്ക്കായി Adopt ചെയ്യപ്പെടുന്നത്.

395 ആർട്ടിക്കിളുകളും,  8 ഷെഡ്യൂളുകളും,  ഒരു പ്രീ ആമ്പിളും ഉൾക്കൊള്ളുന്ന,  തികച്ചും കൈകൊണ്ട് എഴുതപ്പെട്ട ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ട് ഒർജിനൽ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പാർലമെന്റ് ഹൌസ് ലൈബ്രറിയിലെ ഹീലിയം വാ‍തകം നിറച്ച ഒരു അറയിലാണ്. ഡോക്ടർ അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റ് കമ്മിറ്റി ഭരണ ഘടന കരട് പൂർത്തിയാക്കിയപ്പോൾ  അത് അച്ചടിക്കുന്നതിന് പകരമായി കാലിഗ്രാഫിയിൽ എഴുതാൻ നെഹ്രു തീരുമാനിച്ചു.  അക്കാലത്തെ പ്രമുഖ കാലിഗ്രാഫിസ്റ്റായ  ശ്രീ, പ്രേം ബഹാരി നരയിൻ റൈസാദ യെ (Prem Behari Narain Raizada (Saxena)) നെഹ്രു അതിനായി സമീപിക്കുകയും ചെയ്തു. വളരെ സന്തോഷ പൂർവ്വം സമ്മതിച്ച പ്രേം ബഹാരിയോട് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് നെഹ്രു ചോദിച്ചു. എനിക്കൊരു നയാ പൈസ പോലും വേണ്ട. ദൈവത്തിന്റെ അനുഗ്രഹത്താൽ  എനിക്ക് എല്ലാം ഉണ്ട്. ഞാനതിൽ വളരെ സന്തോഷവാനാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.  തുടർന്ന് തനിക്കൊരു സൌജന്യം നൽകണമെന്ന് അദ്ദേഹം നെഹ്രുവിനോട് അപേക്ഷിച്ചു. ഞാൻ ഭരണ ഘടന എഴുതുമ്പോൾ അതിന്റെ എല്ലാ പേജിലും  എന്റെ പേര് എഴുതുമെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ പേജിൽ എന്റെ പേരിനൊപ്പം എന്റെ മുത്തശ്ചന്റെ പേരും എഴുതുമെന്നും അതിന് അനുവദിക്കണമെന്നും അപേക്ഷിച്ചു. അത് സന്തോഷപൂർവം നെഹ്രു   അംഗീകരിക്കുകയും എഴുതുന്നതിനായി കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ ഒരു മുറി അനുവദിക്കുകയും ചെയ്തു. അങ്ങനെ ഒഴുകുന്ന ഇറ്റാലിക്സിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായി  16 x22 ഇഞ്ച്  parchment sheet കളിൽ (മൃഗത്തോൽ)  251 പേജുകളുള്ള 3.75 കി.ഗ്രാം തൂക്കം വരുന്ന ആ സുന്ദരകാവ്യം ഉടലെടുത്തു.  ഓരോ പേജിന്റെയും ബോർഡറുകളെ നന്ദലാൽ ബോസും ശിഷ്യ ഗണങ്ങളും ചേർന്ന് വരച്ച മനോഹരമായ  വരകൾ അലങ്കരിച്ചു.   രാജേന്ദ്ര പ്രസാദ് ചെയർമാനായ ഭരണഘടന അസംബ്ലിയിൽ പാർലമെന്റംഗങ്ങളായ നെഹ്രുമുതൽ അദ്ദേഹത്തിന്റെ മരുമകൻ ഫിറോസ് ഗാന്ധിവരെയുള്ള  238 പേർ ആ മഹദ് ഗ്രന്ഥത്തിൽ ഒപ്പു വച്ചു. Britain, Ireland, USA, Japan, France, Former USSR, South Africa, Germany, Australia, and Canada തുടങ്ങിയ 10 രാജ്യങ്ങളുടെ ഭരണഘടനയിലെ പല നിർദ്ദേശങ്ങളും ഇന്ത്യൻ ഭരണ ഘടന കടം കൊണ്ടിട്ടുണ്ട്. 

ഇപ്പോഴും നമ്മളെ നയിക്കുന്നത്… നമ്മെ രക്ഷിക്കുന്നത് നമ്മുടെ എഴുതപ്പെട്ട ആ സുന്ദര കാവ്യം തന്നെയാണ്... മാറ്റമില്ലാത്ത ഗ്രന്ഥങ്ങൾ മാനവ കുലത്തെ മഹാനാശത്തിലേയ്ക്ക് കൊണ്ടു പോകുമ്പോഴും കാലത്തിനൊത്ത് ജനങ്ങളാൽ അനുദിനം പരിഷ്കരിച്ച് ‘അമെന്റ്’ ചെയ്ത് അത് മുന്നേറുക തന്നെ ചെയ്യും.





കടപ്പാട്:അനിൽ വി - ചരിത്രാന്വേഷികൾ

നെഹ്രുവും കാർട്ടൂണുകളും

 നെഹ്‌റു തന്നെക്കുറിച്ചുള്ള കാർട്ടൂണുകൾ  നന്നായി അസ്വദിച്ചിരുന്നു.


ശങ്കർ ആയിരുന്നു അക്കാലത്തെ മിടുക്കനായ കാർട്ടൂണിസ്ററ്. ശങ്കറിനെ  നെഹ്‌റു കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.1500 കാർട്ടൂണുകൾ നെഹ്‌റുവിനെക്കുറിച്ചു മാത്രം ശങ്കർ വരച്ചിട്ടുണ്ട്. രൂക്ഷമായി വിമർശ്ശിക്കുന്നതിന്  ഇരുവരുടെയും സൗഹൃദം തടസ്സമായില്ല.കാർട്ടൂണുകൾക്ക്  നെഹ്‌റു ശങ്കറിനെ അനുമോദിക്കുകയും പതിവായിരുന്നു.    


ഇന്ദിരയെ ഏറ്റവും കൂടുതൽ വരച്ചത് ഓ.വി. വിജയനാണ്. 'Father of Cartoons' എന്നറിയപ്പെട്ട ശങ്കറിൽ നിന്നാണ് O.V വിജയൻ്റെ തുടക്കം.ഡൽഹിയിൽ ശങ്കേഴ്സ് വീക്കിലിയിലും വിജയൻ ജോലിചെയ്തിരുന്നു.  


കേരളത്തിൽ ഏറ്റവും കൂടുതൽ വരക്കപ്പെട്ടത് കരുണാകരനെ ആവണം.


അന്ന്  ട്രോളുകൾ ഇണ്ടായിരുന്നില്ല    ഉണ്ടായിരുന്നെങ്കിലും ഇക്കാലത്തെ പ്പോലെ Valgur ആകുമോ എന്നറിയില്ല. 


അടുത്ത കാലത്ത്  ഏറ്റവും കൂടുതൽ ട്രോളിയത് പ്രതിപക്ഷ  നേതാവ് രമേശിനെ ആവണം ..എന്നിട്ടും Sprinkl  തറ പറ്റി. 


നെഹ്‌റുവിനെപ്പോലെ വിമർശ്ശനങ്ങളെ ആസ്വദിക്കുന്ന രീതിയാണ് നല്ല Politicians ൻ്റെയും മെച്ചപ്പെട്ട ജനാധിപത്യ ശൈലിയുടെയും രീതി.


വിമർശ്ശനങ്ങളെയും ട്രോളുകളെയും കാർട്ടൂണുകളെയും ആസ്വദിച്ച് കൊണ്ടുതന്നെ തെറ്റുകൾ മനസ്സിലാക്കിയും ശൈലി മാറ്റിയും മുന്നേറുന്നതാണ് മെച്ചപ്പെട്ട ജനാധിപത്യം.


Politicianc ൽ നർമ്മബോധം ഏറെ ഉണ്ടായിരുന്നത് നയനാർക്ക് ആണെന്ന് പറയാം. കുറിക്കു കൊള്ളുന്ന മറുപടിയും പറയുമായിരുന്നു.


( അമേരിക്കയിൽ ചായ കുടിക്കുന്നത് പോലെയാണ് ബലാത്സംഗം ..എന്നൊക്കെ നർമ്മത്തിൽ പറഞ്ഞതാവണം )


രസകരമായ ഒരു രംഗം ടോൾസ്റ്റോയിയുടെ ' War and Peace ' ൽ ഉണ്ട്.


നെപ്പോളിയനെ കാണാൻ  റഷ്യൻ  അംബാസ്സഡർ ഓഫീസിൽ എത്തുന്നു. യുദ്ധം ഒഴിവാക്കുകയാണ് ചർച്ചയുടെ ലക്‌ഷ്യം.


അംബാസ്സഡറെ പരീക്ഷിക്കാൻ, നെപ്പോളിയൻ സ്വർണ്ണഡപ്പിയിൽ നിന്ന് പൊടിയെടുത്തു മൂക്കിൽ വലിച്ചു കയറ്റി, തൂവാല കൊണ്ട് തുടച്ച് ,തൂവാല  മനപ്പൂർവം താഴെ ഇടുന്നു.തൻ വലിയ ആളായത് കൊണ്ട് അംബാസിഡർ അതെടുത്തു കൊടുക്കുമെന്നാണ് നെപ്പോളിയൻ  വിചാരിച്ചത്. 


അംബാസിഡർ തൂവാല  എടുത്തു കൊടുത്തില്ല എന്ന് മാത്രമല്ല തൻ്റെ  കയ്യിലിരുന്ന സ്വന്തം തൂവല കൊണ്ട് മുഖം തുടച്ച്  തഴെ  ഇടുകയും,അത് കുനിഞ്ഞെടുക്കയും, നെപ്പോളിയനെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു.ലോകം കീഴടക്കിയ നെപ്പോളിയൻ്റെ അവസ്ഥ  പറയേണ്ടതില്ലല്ലോ.


ധീരതയും, സഹിഷ്ണുതയും, നർമ്മബോധവും ഒത്തിണങ്ങിയ നേതാക്കൾ നിലവിൽ ഇല്ല, ഉണ്ടെങ്കിൽ അതൊരു ഭാഗ്യം മാത്രം !


കടപ്പാട് :ഷാജി റ്റി.കെ - ചരിത്രാന്വേഷികൾ

ആത്മഹത്യയിലും ക്ലാരയെ കൈവിടാത്ത ഹിറ്റ്‌ലർ

 ആത്മഹത്യയിലും ക്‌ളാരയെ കൈവിടാത്ത ഹിറ്റ്‌ലര്‍!


അമ്മ ക്ളാര ഹിറ്റ്ലറുടെ ഓമനയായിരുന്നു           അഡോൾഫ് ഹിറ്റ്ലർ. അമ്മയും മകനും തമ്മിലുള്ള അഗാധസ്നേഹം ഹിറ്റ്ലറെ ഇഡിപ്പൽ കോംപ്ളക്സിലേക്കു വരെ നയിച്ചിരുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അമ്മയോടുള്ള അഗാധമായ സ്നേഹവും കടപ്പാടും ഒരു പക്ഷേ പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറം കടന്നതുകൊണ്ടാകാം സ്നേഹം ക്രൂരതയായി ഹിറ്റ്ലറിൽ രൂപാന്തരം പ്രാപിച്ചത് എന്നും അതായിരിക്കാം ജൂതന്മാരുടെ നാശത്തിനു നിദാനമായതെന്നും അമേരിക്കൻ ഗവേഷക സാറാ കെറ്റ്ലർ സ്ഥാപിക്കുന്നു.


അഡോൾഫ് ഹിറ്റ്ലറുടെ പിതാവ് അലോയ്സ് ഷിക്ക്ൾഗ്രബർ തന്റെ അവിവാഹിതയായ അമ്മയുടെ പേരായ മരിയയാണ് വിലാസമായി ഉപയോഗിച്ചിരുന്നത്. അലോയ്സിന്റെ ജനനശേഷം അമ്മയെ വിവാഹം ചെയ്തയാളുടെ പേരായ 'ഹിറ്റ്ലർ' എന്ന് പേരിനൊപ്പം അലോയ്സിന് കൂട്ടിച്ചേർക്കേണ്ടി വന്നു. അങ്ങനെയാണ് ഹിറ്റ്ലർ കുടുംബത്തിലേക്ക് അലോയ്സ് കണ്ണിവിളക്കിച്ചേർക്കപ്പെടുന്നത്.


യഥാർഥ ഹിറ്റ്ലറുടെ അനന്തരവളായിരുന്നു ക്ളാര ഹിറ്റ്ലർ. മകളാവാൻ പ്രായമുള്ള ക്ളാരയായിരുന്നു അലോയ്സിനെ വീട്ടുകാര്യങ്ങളിൽ സഹായിച്ചിരുന്നത്. 'അങ്കിൾ' എന്നായിരുന്നു ക്ളാര അലോയ്സിനെ അഭിസംബോധന ചെയ്തിരുന്നത്. അലോയസ് രണ്ടാമതും വിവാഹം ചെയ്തപ്പോൾ ക്ളാര തന്റെ വീട്ടിലേക്കു പോന്നു. പക്ഷേ രണ്ടാം ഭാര്യ അസുഖമായി കിടപ്പിലായതോടെ അലോയ്സിന്റെ മക്കളെ നോക്കാനായി വീണ്ടും തിരികെ വരേണ്ടിവന്നു. പിന്നെ ഗർഭിണിയായതോടെ അവിടെത്തന്നെ സ്ഥിരതാമസമാക്കി. അപ്പോഴേക്കും അലോയ്സ് വിഭാര്യനായിക്കഴിഞ്ഞിരുന്നു. നിയമപരമായി ക്ളാരയെ വിവാഹം ചെയ്യുവാൻ പള്ളിയിൽ നിന്നും സമ്മതം കിട്ടിയതോടെ 1885 ജനുവരിയിൽ അവർ വിവാഹിതരായി. ഭർത്താവിനെ അങ്കിൾ എന്നുതന്നെ വിളിച്ചു ക്ളാര.


ക്ളാരയുടെ നാലാമത്തെ പ്രസവത്തിലെ മകനാണ് അഡോൾഫ് ഹിറ്റ്ലർ. പക്ഷേ ആദ്യത്തെ മൂന്നുമക്കളും ശൈശവത്തിലേ മരണപ്പെട്ടതിനാൽ അഡോൾഫ് തന്നെ ആദ്യത്തെ കൺമണിയായി. രണ്ടാം ഭാര്യയിലുണ്ടായ രണ്ടുകുട്ടികൾ അലോയ്സിന്റെ മൂത്തവരായി വീട്ടിലുണ്ടായിരുന്നെങ്കിലും പരിഗണനയെല്ലാം ക്ളാര കൊടുത്തത് അഡോൾഫിനായിരുന്നു. പിന്നെ ക്ളാരയ്ക്ക് ഒരു മകൾ കൂടി ജനിച്ചുവെങ്കിലും അഡോൾഫ് അമ്മയുടെ ഓമനയായിരുന്നു


അമ്മയുടെ ലാളനയും പരിഗണനയുമൊന്നും വിലപ്പോവാതിരുന്നത് സ്കൂളിലായിരുന്നു. അലോയ്സ് പ്രതീക്ഷിച്ചതുപോലെ തിളങ്ങിയില്ല മകൻ. പകരം ദിനംപ്രതി മങ്ങിക്കൊണ്ടേയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനായ തന്റെ പാത മകനും പിന്തുർന്നേ മതിയാകൂ എന്ന നിർബന്ധബുദ്ധിക്കാരനായ പിതാവിൽനിന്നും ഏറെ സഹിക്കേണ്ടി വന്നു അഡോൾഫിന്. നിരന്തരമായ മർദ്ദനങ്ങളും പിതൃമേധാവിത്വ കുടുംബത്തിന്റെ ശ്വാസം വിങ്ങലുകളും അഡോൾഫ് നന്നേ അനുഭവിച്ചു. പക്ഷേ അഡോൾഫിന് അടി കിട്ടുമെന്ന ഘട്ടത്തിൽ ക്ളാര ഇടയിൽ ചാടിവീണ് മകനെ രക്ഷിക്കുമായിരുന്നു. അതുകൊണ്ടാണ് ആത്മകഥയായ മെയിൻ കാംഫിൽ ഹിറ്റ്ലർ ഇങ്ങനെ എഴുതിയത്; ''അച്ഛനെയെനിക്ക് ബഹുമാനമായിരുന്നു, അമ്മയോട് അതിയായ സ്നേഹവും!''


1903-ൽ അലോയ്സ് അന്തരിച്ചപ്പോൾ അച്ഛന്റെ അഭാവമൊന്നും ഹിറ്റ്ലറിനെ ബാധിച്ചിരുന്നില്ല. തനിക്ക് പഠനം തുടരാൻ കഴിയുന്നില്ലെന്നും ശാരീരികാസ്വസ്ഥതകളാൽ ബുദ്ധിമുട്ട് ഉണ്ടെന്നും അമ്മയെ പറഞ്ഞ് ധരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ഹിറ്റ്ലർ പഠനം നിർത്തി. ഹിറ്റ്ലറിന്റെ കൗമാരം മുഴുവൻ ചിത്രകലയിലും വായനയിലും നാടകശാലകളിലുമായി ചിലവഴിക്കപ്പെട്ടു. മകന്റെ താല്പര്യങ്ങൾക്ക് ഓശാന പാടിക്കൊണ്ട് ക്ളാരയാവട്ടെ മകന് പിയാനോയും വാങ്ങിക്കൊടുത്തു. ആയിടയ്ക്കാണ് ഒരു ചിത്രകാരനാവണമെന്ന മോഹം ഹിറ്റ്ലറിനുണ്ടാവുന്നത്. താമസിയാതെ അമ്മയുടെ ആശിർവാദത്തോടെ വിയന്നയിലേക്ക് താമസം മാറ്റി.


വിയന്നയിലേക്ക് പോകാനെടുത്ത തീരുമാനത്തിൽ ഹിറ്റ്ലർ എക്കാലവും ദു:ഖിച്ചിരുന്നു. അമ്മയ്ക്ക് സ്തനാർബുദം പിടിപെട്ടിരിക്കുന്നു എന്ന വാർത്തയറിഞ്ഞത് അവിടെ നിന്നാണ്. ഫൈൻ ആർട്സ് അക്കാദമിയുടെ പ്രവേശന പരീക്ഷയിൽ ഹിറ്റ്ലറിന് വിജയം നേടാനായതുമില്ല. പെട്ടെന്നു തന്നെ തിരികെ അമ്മയുടെ അടുത്തെത്തി ഊണും ഉറക്കവുമില്ലാതെ പരിചരണമാരംഭിച്ചു. അമ്മയ്ക്കിഷ്ടപ്പെട്ട ആഹാരങ്ങൾ മാത്രമുണ്ടാക്കി, അമ്മയുടെ വസ്ത്രങ്ങൾ കഴുകി, മുറി വൃത്തിയാക്കി സദാസമയവും അമ്മയോടൊപ്പം തന്നെ. തന്റെ ജീവിതകാലയളവിൽ ആരോടെങ്കിലും സമനില കൈവിടാതെയും ക്ഷോഭത്തോടെയല്ലാതെയും ഹിറ്റ്ലർ സംസാരിച്ചിട്ടുണ്ടായിരുന്നെങ്കിൽ അത് ക്ളാരയോട് മാത്രമായിരുന്നു. പെട്ടെന്ന് ക്ഷുഭിതനാവുന്ന പ്രകൃതമായിരുന്നു ഹിറ്റ്ലറിന്.1907 ഡിസംബർ ഇരുപത്തിയൊന്നിന് ക്ളാര മരണത്തിനുകീഴടങ്ങിയതോടെ ഹിറ്റ്ലർ തകർന്നടിഞ്ഞുപോയി. ക്ളാരയെ ചികിത്സിച്ച ഡോക്ടർ എഡ്വേഡ് ബ്ളോഷ് ഹിറ്റ്ലറിന്റെ അന്നത്തെ മാനസികനിലയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്; ''ഹിറ്റ്ലറെപ്പോലെ വികാരാധീനനായ ഒരാളെ ഞാനെന്റെ കരിയറിൽ ഇന്നെവരെ കണ്ടിട്ടില്ല''


ബ്ളോഷ് ഒരു ജൂതവംശജനായിരുന്നു. ഹിറ്റ്ലറിന്റെ ജൂതവിരുദ്ധത അരങ്ങേറിയപ്പോൾ തന്റെ അമ്മയെ ചികിത്സിച്ച ഡോക്ടർ എന്ന വൈകാരിക പരിഗണന ബ്ളോഷിനും കുടുംബത്തിനും ഹിറ്റ്ലർ അനുവദിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സമ്മതം നല്കി. മറ്റു ജൂതന്മാരെ വേരോടെ ജർമനിയിൽനിന്നും പിഴുതെറിയുക എന്നതിനപ്പുറമുള്ള ഒരു പലായന പരിഗണനയും നല്കിയില്ലായിരുന്നു എന്നോർക്കണം. തന്റെ അമ്മയോടുള്ള സ്നേഹമായിരുന്നു അതിന് പ്രേരകമായത്.


ആഗസ്ത് പന്ത്രണ്ടിനെയും ഹിറ്റ്ലർ അഗാധമായി സ്നേഹിച്ചിരുന്നു. ജർമൻ മാതാവിനെ ആദരിക്കാനുള്ള ഔദ്യോഗിക ദിനമാണ് ആഗസ്ത് പന്ത്രണ്ട് എന്ന് ഹിറ്റ്ലർ ഉത്തരവിറക്കി. ക്ളാരയുടെ ജന്മദിനമായിരുന്നു ആഗസ്ത് പന്ത്രണ്ട്. തന്റെ ഇടതു നെഞ്ചിനുമേലെയുള്ള കീശയിൽ ഹൃദയത്തിനു മുകളിൽ അമ്മയുടെ ചിത്രം എപ്പോഴും ഹിറ്റ്ലർ കൂടെ കൊണ്ടുനടന്നു. ഹിറ്റ്ലറിനായി ഒരുക്കിയ മുറികളിലെല്ലാം ക്ളാരയുടെ പുഞ്ചിരിക്കുന്ന ഛായാചിത്രം മകനെത്തന്നെ നോക്കി നിന്നു. മകനും മണിക്കൂറുകളോളം ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുക പതിവായിരുന്നു. ഹിറ്റ്ലറിന്റെ മുറിയിൽ ആ ഒരേയൊരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ. ബർലിൻ ബങ്കറിലെ അവസാനനാളിൽ ആത്മഹത്യചെയ്യുമ്പോഴും (1945 ഏപ്രിൽ 30) ഹിറ്റ്ലറോടൊപ്പം ഒരേയൊരു മുഖം മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ; അത് ക്ളാരയുടേതായിരുന്നു!


കടപ്പാട്: ഹരി ബോബി-ചരിത്രാന്വേഷികൾ

Search This Blog