ഗ്രിഗറി റാസ്‌പുട്ടിൻ
റഷ്യയിലെ റൊമാനോവ് രാജവംശത്തിന്റെ അന്തിമവർഷങ്ങളിൽ ജീവിച്ചിരുന്ന ഒരു സന്യാസിയായിരുന്നു ഗ്രിഗോറി യെഫിമോവിച്ച് റാസ്പ്യൂട്ടിൻ ( 22 Jan 1869 - 29 Dec 1916 ). ഒടുവിലത്തെ റഷ്യൻ ചക്രവർത്തി നിക്കോളാസ് രണ്ടാമന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിൽ രാജാവിനേയും രാജകുടുംബാംഗങ്ങളെയും ഏറെ സ്വാധീനിച്ചതായി വിശ്വസിക്കപ്പെടുന്ന റാസ്പ്യൂട്ടീൻ, 'ഭ്രാന്തൻ സന്യാസി' എന്നും അറിയപ്പെട്ടിരുന്നു. എങ്കിലും മാനസിക സിദ്ധികളാലും രോഗശാന്തി നൽകാനുള്ള കഴിവ് ഉൾപ്പെടെയുള്ള അനുഗൃഹീതനായ ഒരു ധർമ്മപരിവ്രാജകനും സന്യാസിശ്രേഷ്ഠനെന്നും അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടിട്ടുണ്ട്.
ജീവിതം
* * * * *
സൈബീരിയയിലെ പോക്രോവാസ്‌കോയെ ഗ്രാമത്തിലെ ഒരു കർഷക കുടുംബത്തിൽ ജനിച്ച റാസ്പ്യൂട്ടിൻ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയെങ്കിലും എഴുത്തും വായനയും പഠിക്കുന്നതിൽ പരാജയപ്പെട്ടു. പിന്നീട് റഷ്യൻ ഓർത്തഡോക്സ് സഭയിൽ സന്യാസിയാകാൻ ശ്രമിച്ചെങ്കിലും പത്തൊമ്പതാം വയസ്സിൽ സന്യാസഭവനം ഉപേക്ഷിച്ച് വീട്ടിലെത്തി, വിവാഹിതനായി. തുടർന്ന് വിവാഹത്തിൽ മൂന്നു കുട്ടികളും വിവാഹേതരമായി ഒരു കുട്ടിയും അദ്ദേഹത്തിന് ജനിച്ചു. കുറേക്കാലം കഴിഞ്ഞ് വീട് വിട്ടുപോയ റാസ്പ്യൂട്ടീൻ ഗ്രീസിലും മധ്യപൂർവദേശത്തും ചുറ്റിക്കറങ്ങി. വിവിധതരം ആത്മീയസിദ്ധികൾ അവകാശപ്പെട്ട അയാൾ അവയുടെ പ്രയോഗത്തിലൂടെ ലഭിച്ച സംഭാവനകൾ കൊണ്ട് ജീവിച്ചു. ഒരു ഭവിഷ്യവാണിക്കാരനായും റാസ്പ്യൂട്ടീൻ വേഷം കെട്ടി.
1903ൽ സെന്റ് പീറ്റേഴ്സ് ബർഗിൽ എത്തിയ അദ്ദേഹം നിക്കോളാസ് രണ്ടാമൻ രാജാവിനേയും പത്നി അലക്സാന്ദ്രാ ഫെദോറോവ്‌നയേയും പരിചയപ്പെട്ടു. ഹീമോഫീലിയ രോഗിയായിരുന്ന കിരീടാവകാശി അലക്സിസ് രാജകുമാരൻ 1908ൽ ഗുരുതരാവസ്ഥയിൽ എത്തിയപ്പോൾ രക്തസ്രാവം നിർത്തുന്നതിൽ റാസ്പ്യൂട്ടീൻ വിജയിച്ചുവെന്നു വിശ്വസിക്കപ്പെട്ടതോടെ അയാൾ രാജപരിവാരത്തിലെ അംഗമായി മാറി. ചക്രവർത്തി റാസ്പ്യൂട്ടീനെ നമ്മുടെ സുഹൃത്ത്, വിശുദ്ധപുരുഷൻ എന്നൊക്കെയാണ് വിശേഷിപ്പിച്ചിരുന്നത്. അലക്സാന്ദ്രാ രാഞ്ജിയെ റാസ്പ്യൂട്ടീൻ വ്യക്തിപരമായും രാഷ്ട്രീയവുമായ തലങ്ങളിലും സ്വാധീനിച്ചിരുന്നു. ചക്രവർത്തിയും പത്നിയും അയാളെ ദൈവപുരുഷനും പ്രവാചകനുമായി കണ്ടു. റാസ്പ്യൂട്ടീൻ വഴി ദൈവം തന്നോട് സംസാരിക്കുന്നു എന്നുപോലും രാജ്ഞി വിശ്വസിച്ചിരുന്നു.
ഒന്നാം ലോകമഹായുദ്ധത്തിന്റെ നടുവിൽ സൈനികനേതൃത്വം സ്വയം ഏറ്റെടുത്ത് ചക്രവർത്തി യുദ്ധമുന്നണിയിലായിരിക്കെ, രാഞ്ജി വഴി റാസ്പ്യൂട്ടീൻ ഭരണത്തെ ഗണ്യമായി സ്വാധീനിക്കുകയും അങ്ങനെ ഒട്ടേറെ ഉന്നതന്മാരുടെ വിരോധം സമ്പാദിക്കുകയും ചെയ്തു.
അന്ത്യം
* * * * *
റാസ്പ്യൂട്ടിന്റെ ജീവിതകഥയും മരണത്തിന്റെ പശ്ചാത്തലവും ദുരൂഹതകൾ നിറഞ്ഞതാണ്. അയാൾ കൊല ചെയ്യപെടുകയായിരുന്നു. രാഞ്ജി അലക്സാന്ദ്രയുമായുള്ള സന്യാസിയുടെ സ്വാധീനം രാഷ്ട്രത്തിന് അപകടകരമാകുംവിധം വളർന്നുവെന്നു കരുതിയ റഷ്യൻ സമൂഹത്തിലെ ഒരുപറ്റം ഉന്നതന്മാർ, ഫെലിക്സ് യൂസാപ്പോവ് എന്നയാളുടെ നേതൃത്വത്തിൽ പീറ്റേഴ്സ് ബർഗിലെ യൂസാപ്പോവിന്റെ മാളികയിൽ കൊല നടത്തിയെന്നാണ് കരുതപ്പെടുന്നത്. റാസ്പ്യൂട്ടിനെ തന്ത്രത്തിൽ വീട്ടിൽ വിരുന്നിനു വിളിച്ചുവരുത്തി വിഷം കലർത്തിയ കേക്കും മദ്യവും കൊടുത്തെങ്കിലും അവ ഫലം ചെയ്യാൻ വൈകിയപ്പോൾ വെടിവെച്ചുകൊല്ലുകയും, മൃതദേഹം നേവാനദിയിൽ എറിയുകയുമാണ് ചെയ്തത്. മൂന്നു ദിവസത്തിനുശേഷം മഞ്ഞുറച്ച നദിയിൽനിന്ന് ശവശരീരം കണ്ടെത്തി. അന്വേഷണത്തിനൊടുവിൽ കുറ്റവാളികൾക്കെതിരെ കൊലപാതകം ആരോപിക്കപ്പെടുകയും അവരെ നഗരത്തിൽ നിന്ന് പുറത്താക്കാൻ ചക്രവർത്തി ഉത്തരവിടുകയും ചെയ്തു. ദേശസ്നേഹത്തിന്റെ പ്രേരണായയിരുന്നു റാസ്പ്യൂട്ടിന്റെ വധത്തിനു പിന്നിലെന്നു പറയപ്പെട്ടെങ്കിലും, സ്വകാര്യവ്യക്തികൾ സ്വന്തം വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ നിയമം കൈയിലെടുത്ത് നടപ്പാക്കിയത് ഈ സംഭവം ചക്രവർത്തിയുടെ മതിപ്പിന്നെ ഗണ്യമായി കുറച്ചു.
റാസ്പ്യൂട്ടിന്റ അവിഹിതസ്വാധീനവും അതുളവാക്കിയ രോഷത്തിന്റെ ഫലമായി നടന്ന കൊലയും റൊമാനോവ് രാജവംശത്തിന് ദുഷ്കീർത്തിയുണ്ടാക്കി, 1917ലെ ബോൾഷെവിക് വിപ്ലവത്തിന് വഴിതെളിച്ചു എന്നും ചിലർ കരുതുന്നു. റാസ്പ്യൂട്ടിനെക്കുറിച്ചുള്ള സമകാലീനരുടെ അഭിപ്രായങ്ങൾ വൈരുധ്യം നിറഞ്ഞതാണ്. ചിലർ റാസ്പപ്യൂട്ടിനെ യോഗിയും പ്രവാചകനുമായി കണ്ടപ്പോൾ മറ്റൊരു പക്ഷം ദുർവൃത്തനായൊരു കപടധാർമികമായി അയാളെ ചിത്രീകരിച്ചു. റാസ്പ്യൂട്ടിനെക്കുറിച്ച് ലഭ്യമായ വിവരണങ്ങൾ വിശ്വസനീയത കുറഞ്ഞ സ്മരണകളേയും, കേട്ടുകേൾവികളെയും കെട്ടുകഥകളേയും ആശ്രയിച്ചുള്ളവയായതിനാൽ അയാളുടെ ജീവിതത്തിന്റെയും സ്വാധീനത്തിന്റെയും യഥാർത്ഥചിത്രം കണ്ടെത്തുക ബുദ്ധിമുട്ടാണ്. അദ്ദേഹം തെറ്റിദ്ധരിക്കപ്പെട്ട വിശുദ്ധപുരുഷനോ, സൂത്രശാലിയായ പാപിയോ എന്ന കാര്യത്തിൽ തീരുമാനം അസാധ്യമായിരിക്കുന്നു.
കടപ്പാട് :- റാസ്പ്യൂട്ടിന്റെ ജീവചരിത്രം -പ്രവീൺ കെ.വി- ചരിത്രാന്വേഷികൾ.
No comments:
Post a Comment