Saturday 15 August 2020

ഇന്ത്യയുടെ അത്ഭുത ഗ്രന്ഥത്തിന് 71 വയസ്

 ഇന്ത്യയുടെ അത്ഭുത ഗ്രന്ഥത്തിന് 71 വയസ്

===============================

1949 നവംബർ 26, ആ സുദിനത്തിലാണ് ലോകത്തിലെ ഏറ്റവും വലുതും എഴുതപ്പെട്ടതും അത്യന്തം സുന്ദരവുമായ ഭരണഘടന ഇന്ത്യ മഹാരാജ്യത്തിലേയ്ക്കായി Adopt ചെയ്യപ്പെടുന്നത്.

395 ആർട്ടിക്കിളുകളും,  8 ഷെഡ്യൂളുകളും,  ഒരു പ്രീ ആമ്പിളും ഉൾക്കൊള്ളുന്ന,  തികച്ചും കൈകൊണ്ട് എഴുതപ്പെട്ട ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ട് ഒർജിനൽ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പാർലമെന്റ് ഹൌസ് ലൈബ്രറിയിലെ ഹീലിയം വാ‍തകം നിറച്ച ഒരു അറയിലാണ്. ഡോക്ടർ അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റ് കമ്മിറ്റി ഭരണ ഘടന കരട് പൂർത്തിയാക്കിയപ്പോൾ  അത് അച്ചടിക്കുന്നതിന് പകരമായി കാലിഗ്രാഫിയിൽ എഴുതാൻ നെഹ്രു തീരുമാനിച്ചു.  അക്കാലത്തെ പ്രമുഖ കാലിഗ്രാഫിസ്റ്റായ  ശ്രീ, പ്രേം ബഹാരി നരയിൻ റൈസാദ യെ (Prem Behari Narain Raizada (Saxena)) നെഹ്രു അതിനായി സമീപിക്കുകയും ചെയ്തു. വളരെ സന്തോഷ പൂർവ്വം സമ്മതിച്ച പ്രേം ബഹാരിയോട് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് നെഹ്രു ചോദിച്ചു. എനിക്കൊരു നയാ പൈസ പോലും വേണ്ട. ദൈവത്തിന്റെ അനുഗ്രഹത്താൽ  എനിക്ക് എല്ലാം ഉണ്ട്. ഞാനതിൽ വളരെ സന്തോഷവാനാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.  തുടർന്ന് തനിക്കൊരു സൌജന്യം നൽകണമെന്ന് അദ്ദേഹം നെഹ്രുവിനോട് അപേക്ഷിച്ചു. ഞാൻ ഭരണ ഘടന എഴുതുമ്പോൾ അതിന്റെ എല്ലാ പേജിലും  എന്റെ പേര് എഴുതുമെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ പേജിൽ എന്റെ പേരിനൊപ്പം എന്റെ മുത്തശ്ചന്റെ പേരും എഴുതുമെന്നും അതിന് അനുവദിക്കണമെന്നും അപേക്ഷിച്ചു. അത് സന്തോഷപൂർവം നെഹ്രു   അംഗീകരിക്കുകയും എഴുതുന്നതിനായി കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ ഒരു മുറി അനുവദിക്കുകയും ചെയ്തു. അങ്ങനെ ഒഴുകുന്ന ഇറ്റാലിക്സിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായി  16 x22 ഇഞ്ച്  parchment sheet കളിൽ (മൃഗത്തോൽ)  251 പേജുകളുള്ള 3.75 കി.ഗ്രാം തൂക്കം വരുന്ന ആ സുന്ദരകാവ്യം ഉടലെടുത്തു.  ഓരോ പേജിന്റെയും ബോർഡറുകളെ നന്ദലാൽ ബോസും ശിഷ്യ ഗണങ്ങളും ചേർന്ന് വരച്ച മനോഹരമായ  വരകൾ അലങ്കരിച്ചു.   രാജേന്ദ്ര പ്രസാദ് ചെയർമാനായ ഭരണഘടന അസംബ്ലിയിൽ പാർലമെന്റംഗങ്ങളായ നെഹ്രുമുതൽ അദ്ദേഹത്തിന്റെ മരുമകൻ ഫിറോസ് ഗാന്ധിവരെയുള്ള  238 പേർ ആ മഹദ് ഗ്രന്ഥത്തിൽ ഒപ്പു വച്ചു. Britain, Ireland, USA, Japan, France, Former USSR, South Africa, Germany, Australia, and Canada തുടങ്ങിയ 10 രാജ്യങ്ങളുടെ ഭരണഘടനയിലെ പല നിർദ്ദേശങ്ങളും ഇന്ത്യൻ ഭരണ ഘടന കടം കൊണ്ടിട്ടുണ്ട്. 

ഇപ്പോഴും നമ്മളെ നയിക്കുന്നത്… നമ്മെ രക്ഷിക്കുന്നത് നമ്മുടെ എഴുതപ്പെട്ട ആ സുന്ദര കാവ്യം തന്നെയാണ്... മാറ്റമില്ലാത്ത ഗ്രന്ഥങ്ങൾ മാനവ കുലത്തെ മഹാനാശത്തിലേയ്ക്ക് കൊണ്ടു പോകുമ്പോഴും കാലത്തിനൊത്ത് ജനങ്ങളാൽ അനുദിനം പരിഷ്കരിച്ച് ‘അമെന്റ്’ ചെയ്ത് അത് മുന്നേറുക തന്നെ ചെയ്യും.





കടപ്പാട്:അനിൽ വി - ചരിത്രാന്വേഷികൾ

No comments:

Post a Comment

Search This Blog