Saturday 15 August 2020

ആത്മഹത്യയിലും ക്ലാരയെ കൈവിടാത്ത ഹിറ്റ്‌ലർ

 ആത്മഹത്യയിലും ക്‌ളാരയെ കൈവിടാത്ത ഹിറ്റ്‌ലര്‍!


അമ്മ ക്ളാര ഹിറ്റ്ലറുടെ ഓമനയായിരുന്നു           അഡോൾഫ് ഹിറ്റ്ലർ. അമ്മയും മകനും തമ്മിലുള്ള അഗാധസ്നേഹം ഹിറ്റ്ലറെ ഇഡിപ്പൽ കോംപ്ളക്സിലേക്കു വരെ നയിച്ചിരുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അമ്മയോടുള്ള അഗാധമായ സ്നേഹവും കടപ്പാടും ഒരു പക്ഷേ പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറം കടന്നതുകൊണ്ടാകാം സ്നേഹം ക്രൂരതയായി ഹിറ്റ്ലറിൽ രൂപാന്തരം പ്രാപിച്ചത് എന്നും അതായിരിക്കാം ജൂതന്മാരുടെ നാശത്തിനു നിദാനമായതെന്നും അമേരിക്കൻ ഗവേഷക സാറാ കെറ്റ്ലർ സ്ഥാപിക്കുന്നു.


അഡോൾഫ് ഹിറ്റ്ലറുടെ പിതാവ് അലോയ്സ് ഷിക്ക്ൾഗ്രബർ തന്റെ അവിവാഹിതയായ അമ്മയുടെ പേരായ മരിയയാണ് വിലാസമായി ഉപയോഗിച്ചിരുന്നത്. അലോയ്സിന്റെ ജനനശേഷം അമ്മയെ വിവാഹം ചെയ്തയാളുടെ പേരായ 'ഹിറ്റ്ലർ' എന്ന് പേരിനൊപ്പം അലോയ്സിന് കൂട്ടിച്ചേർക്കേണ്ടി വന്നു. അങ്ങനെയാണ് ഹിറ്റ്ലർ കുടുംബത്തിലേക്ക് അലോയ്സ് കണ്ണിവിളക്കിച്ചേർക്കപ്പെടുന്നത്.


യഥാർഥ ഹിറ്റ്ലറുടെ അനന്തരവളായിരുന്നു ക്ളാര ഹിറ്റ്ലർ. മകളാവാൻ പ്രായമുള്ള ക്ളാരയായിരുന്നു അലോയ്സിനെ വീട്ടുകാര്യങ്ങളിൽ സഹായിച്ചിരുന്നത്. 'അങ്കിൾ' എന്നായിരുന്നു ക്ളാര അലോയ്സിനെ അഭിസംബോധന ചെയ്തിരുന്നത്. അലോയസ് രണ്ടാമതും വിവാഹം ചെയ്തപ്പോൾ ക്ളാര തന്റെ വീട്ടിലേക്കു പോന്നു. പക്ഷേ രണ്ടാം ഭാര്യ അസുഖമായി കിടപ്പിലായതോടെ അലോയ്സിന്റെ മക്കളെ നോക്കാനായി വീണ്ടും തിരികെ വരേണ്ടിവന്നു. പിന്നെ ഗർഭിണിയായതോടെ അവിടെത്തന്നെ സ്ഥിരതാമസമാക്കി. അപ്പോഴേക്കും അലോയ്സ് വിഭാര്യനായിക്കഴിഞ്ഞിരുന്നു. നിയമപരമായി ക്ളാരയെ വിവാഹം ചെയ്യുവാൻ പള്ളിയിൽ നിന്നും സമ്മതം കിട്ടിയതോടെ 1885 ജനുവരിയിൽ അവർ വിവാഹിതരായി. ഭർത്താവിനെ അങ്കിൾ എന്നുതന്നെ വിളിച്ചു ക്ളാര.


ക്ളാരയുടെ നാലാമത്തെ പ്രസവത്തിലെ മകനാണ് അഡോൾഫ് ഹിറ്റ്ലർ. പക്ഷേ ആദ്യത്തെ മൂന്നുമക്കളും ശൈശവത്തിലേ മരണപ്പെട്ടതിനാൽ അഡോൾഫ് തന്നെ ആദ്യത്തെ കൺമണിയായി. രണ്ടാം ഭാര്യയിലുണ്ടായ രണ്ടുകുട്ടികൾ അലോയ്സിന്റെ മൂത്തവരായി വീട്ടിലുണ്ടായിരുന്നെങ്കിലും പരിഗണനയെല്ലാം ക്ളാര കൊടുത്തത് അഡോൾഫിനായിരുന്നു. പിന്നെ ക്ളാരയ്ക്ക് ഒരു മകൾ കൂടി ജനിച്ചുവെങ്കിലും അഡോൾഫ് അമ്മയുടെ ഓമനയായിരുന്നു


അമ്മയുടെ ലാളനയും പരിഗണനയുമൊന്നും വിലപ്പോവാതിരുന്നത് സ്കൂളിലായിരുന്നു. അലോയ്സ് പ്രതീക്ഷിച്ചതുപോലെ തിളങ്ങിയില്ല മകൻ. പകരം ദിനംപ്രതി മങ്ങിക്കൊണ്ടേയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനായ തന്റെ പാത മകനും പിന്തുർന്നേ മതിയാകൂ എന്ന നിർബന്ധബുദ്ധിക്കാരനായ പിതാവിൽനിന്നും ഏറെ സഹിക്കേണ്ടി വന്നു അഡോൾഫിന്. നിരന്തരമായ മർദ്ദനങ്ങളും പിതൃമേധാവിത്വ കുടുംബത്തിന്റെ ശ്വാസം വിങ്ങലുകളും അഡോൾഫ് നന്നേ അനുഭവിച്ചു. പക്ഷേ അഡോൾഫിന് അടി കിട്ടുമെന്ന ഘട്ടത്തിൽ ക്ളാര ഇടയിൽ ചാടിവീണ് മകനെ രക്ഷിക്കുമായിരുന്നു. അതുകൊണ്ടാണ് ആത്മകഥയായ മെയിൻ കാംഫിൽ ഹിറ്റ്ലർ ഇങ്ങനെ എഴുതിയത്; ''അച്ഛനെയെനിക്ക് ബഹുമാനമായിരുന്നു, അമ്മയോട് അതിയായ സ്നേഹവും!''


1903-ൽ അലോയ്സ് അന്തരിച്ചപ്പോൾ അച്ഛന്റെ അഭാവമൊന്നും ഹിറ്റ്ലറിനെ ബാധിച്ചിരുന്നില്ല. തനിക്ക് പഠനം തുടരാൻ കഴിയുന്നില്ലെന്നും ശാരീരികാസ്വസ്ഥതകളാൽ ബുദ്ധിമുട്ട് ഉണ്ടെന്നും അമ്മയെ പറഞ്ഞ് ധരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ഹിറ്റ്ലർ പഠനം നിർത്തി. ഹിറ്റ്ലറിന്റെ കൗമാരം മുഴുവൻ ചിത്രകലയിലും വായനയിലും നാടകശാലകളിലുമായി ചിലവഴിക്കപ്പെട്ടു. മകന്റെ താല്പര്യങ്ങൾക്ക് ഓശാന പാടിക്കൊണ്ട് ക്ളാരയാവട്ടെ മകന് പിയാനോയും വാങ്ങിക്കൊടുത്തു. ആയിടയ്ക്കാണ് ഒരു ചിത്രകാരനാവണമെന്ന മോഹം ഹിറ്റ്ലറിനുണ്ടാവുന്നത്. താമസിയാതെ അമ്മയുടെ ആശിർവാദത്തോടെ വിയന്നയിലേക്ക് താമസം മാറ്റി.


വിയന്നയിലേക്ക് പോകാനെടുത്ത തീരുമാനത്തിൽ ഹിറ്റ്ലർ എക്കാലവും ദു:ഖിച്ചിരുന്നു. അമ്മയ്ക്ക് സ്തനാർബുദം പിടിപെട്ടിരിക്കുന്നു എന്ന വാർത്തയറിഞ്ഞത് അവിടെ നിന്നാണ്. ഫൈൻ ആർട്സ് അക്കാദമിയുടെ പ്രവേശന പരീക്ഷയിൽ ഹിറ്റ്ലറിന് വിജയം നേടാനായതുമില്ല. പെട്ടെന്നു തന്നെ തിരികെ അമ്മയുടെ അടുത്തെത്തി ഊണും ഉറക്കവുമില്ലാതെ പരിചരണമാരംഭിച്ചു. അമ്മയ്ക്കിഷ്ടപ്പെട്ട ആഹാരങ്ങൾ മാത്രമുണ്ടാക്കി, അമ്മയുടെ വസ്ത്രങ്ങൾ കഴുകി, മുറി വൃത്തിയാക്കി സദാസമയവും അമ്മയോടൊപ്പം തന്നെ. തന്റെ ജീവിതകാലയളവിൽ ആരോടെങ്കിലും സമനില കൈവിടാതെയും ക്ഷോഭത്തോടെയല്ലാതെയും ഹിറ്റ്ലർ സംസാരിച്ചിട്ടുണ്ടായിരുന്നെങ്കിൽ അത് ക്ളാരയോട് മാത്രമായിരുന്നു. പെട്ടെന്ന് ക്ഷുഭിതനാവുന്ന പ്രകൃതമായിരുന്നു ഹിറ്റ്ലറിന്.1907 ഡിസംബർ ഇരുപത്തിയൊന്നിന് ക്ളാര മരണത്തിനുകീഴടങ്ങിയതോടെ ഹിറ്റ്ലർ തകർന്നടിഞ്ഞുപോയി. ക്ളാരയെ ചികിത്സിച്ച ഡോക്ടർ എഡ്വേഡ് ബ്ളോഷ് ഹിറ്റ്ലറിന്റെ അന്നത്തെ മാനസികനിലയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്; ''ഹിറ്റ്ലറെപ്പോലെ വികാരാധീനനായ ഒരാളെ ഞാനെന്റെ കരിയറിൽ ഇന്നെവരെ കണ്ടിട്ടില്ല''


ബ്ളോഷ് ഒരു ജൂതവംശജനായിരുന്നു. ഹിറ്റ്ലറിന്റെ ജൂതവിരുദ്ധത അരങ്ങേറിയപ്പോൾ തന്റെ അമ്മയെ ചികിത്സിച്ച ഡോക്ടർ എന്ന വൈകാരിക പരിഗണന ബ്ളോഷിനും കുടുംബത്തിനും ഹിറ്റ്ലർ അനുവദിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സമ്മതം നല്കി. മറ്റു ജൂതന്മാരെ വേരോടെ ജർമനിയിൽനിന്നും പിഴുതെറിയുക എന്നതിനപ്പുറമുള്ള ഒരു പലായന പരിഗണനയും നല്കിയില്ലായിരുന്നു എന്നോർക്കണം. തന്റെ അമ്മയോടുള്ള സ്നേഹമായിരുന്നു അതിന് പ്രേരകമായത്.


ആഗസ്ത് പന്ത്രണ്ടിനെയും ഹിറ്റ്ലർ അഗാധമായി സ്നേഹിച്ചിരുന്നു. ജർമൻ മാതാവിനെ ആദരിക്കാനുള്ള ഔദ്യോഗിക ദിനമാണ് ആഗസ്ത് പന്ത്രണ്ട് എന്ന് ഹിറ്റ്ലർ ഉത്തരവിറക്കി. ക്ളാരയുടെ ജന്മദിനമായിരുന്നു ആഗസ്ത് പന്ത്രണ്ട്. തന്റെ ഇടതു നെഞ്ചിനുമേലെയുള്ള കീശയിൽ ഹൃദയത്തിനു മുകളിൽ അമ്മയുടെ ചിത്രം എപ്പോഴും ഹിറ്റ്ലർ കൂടെ കൊണ്ടുനടന്നു. ഹിറ്റ്ലറിനായി ഒരുക്കിയ മുറികളിലെല്ലാം ക്ളാരയുടെ പുഞ്ചിരിക്കുന്ന ഛായാചിത്രം മകനെത്തന്നെ നോക്കി നിന്നു. മകനും മണിക്കൂറുകളോളം ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുക പതിവായിരുന്നു. ഹിറ്റ്ലറിന്റെ മുറിയിൽ ആ ഒരേയൊരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ. ബർലിൻ ബങ്കറിലെ അവസാനനാളിൽ ആത്മഹത്യചെയ്യുമ്പോഴും (1945 ഏപ്രിൽ 30) ഹിറ്റ്ലറോടൊപ്പം ഒരേയൊരു മുഖം മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ; അത് ക്ളാരയുടേതായിരുന്നു!


കടപ്പാട്: ഹരി ബോബി-ചരിത്രാന്വേഷികൾ

No comments:

Post a Comment

Search This Blog