Saturday, 15 August 2020

ബംഗ്ലാദേശിന്റെ ജനനം

 ബംഗ്ലാദേശിന്റെ ജനനം

**********************

  ഇൻഡ്യയുടെ ധാർമികവും സൈനികവുമായ പിന്തുണ ലഭിക്കാതെ ഇരുന്നു എന്ന് സങ്കൽപ്പിക്കുക ബംഗ്ലാദേശ് എന്ന ഒരു രാജ്യം ഒരിക്കലുംഉണ്ടാകുമായിരുന്നില്ല എന്ന് തന്നെ പറയാം. സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഇൻഡ്യയെ പിളർത്താൻ ശ്രമിച്ച പാകിസ്താന് കിട്ടിയ എട്ടിന്റെ പണി എന്ന് വേണമെങ്കിൽ പറയാം. പടിഞ്ഞാറൻ പാകിസ്താനിൽ നിന്നും സാംസ്കാരികമായും ഭൂമിശാസ്ത്രപരമായും വേറിട്ടു നിൽക്കുന്ന കിഴക്കൻ പാകിസ്താന്റെ സ്വപ്‌നം സാക്ഷാത്കരിച്ചത് ഇൻഡ്യയാണ്.

          ജനസംഖ്യയിൽ കൂടുതലുംകിഴക്കൻ പാകിസ്ഥാനിൽ ആയിരുന്നു എങ്കിലും നിയന്ത്രണം പടിഞ്ഞാറൻ പാകിസ്ഥാനിൽ ആയിരുന്നു.1970-ൽ നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിലെ 169-ൽ 167 സീറ്റും അവാമി ലീഗ് നേടി. 313 അംഗ പാർലിമെന്റിൽ കേവളഭൂരിപക്ഷത്തിന് മതിയാവുമായിരുന്നു. അവാമി ലീഗ് നേതാവ് ഷെയിഖ്. മുജീബുൽ റഹ്മാൻ സർക്കാർ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ചു. എന്നാൽ പ്രസിഡന്റ് യാഹ്യാഖാൻ ഇതിന് തയ്യാർ ആകാതെ  കിഴക്കൻ പാകിസ്ഥാനിലേക്ക് കൂടുതൽ സൈന്യത്തെ അയക്കുകയാണ് ഉണ്ടായത്. തുടർന്ന് മുജീബുൽ റഹ്‌മാനെ അറസ്റ്റ് ചെയ്ത് കിഴക്കൻ പാകിസ്ഥാനിൽ വ്യാപകമായ അടിച്ചമർത്തലുകൾ നടന്നു.

          1971മാർച്ച് 27ന് പാകിസ്ഥാനിസേനയിൽ മേജറായിരുന്ന സിയാവൂർ റഹ്മാൻ മുജീബുർ റഹ്‌മാന്റെ പേരിൽ ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.1971 ഏപ്രിലിൽ അവാമി ലീഗ് നേതാക്കൾ പ്രവാസി സർക്കാരിന് രൂപം കൊടുത്തു.ബംഗ്ലാദേശിന്റെ സ്വാതന്ത്ര്യത്തിനായി നിലയുറപ്പിച്ച  പട്ടാളക്കാരും സാധാരണക്കാരും ചേർന്ന്   "മുക്‌തി ബാഹിനി"എന്ന ഗറില്ല ഗ്രൂപ്പിന് രൂപം നൽകി.

              1971,ഏപ്രിൽ മാസത്തോടെ പശ്ചിമ ബംഗാൾ, ബീഹാർ,അസം, മേഘാലയ,ത്രിപുര സംസ്‌ഥാനങ്ങൾ ബംഗ്ലാദേശ് അഭയാർത്ഥികളെ കൊണ്ടു നിറഞ്ഞു. മുക്‌തി ബാഹിനി ഗറില്ലകളെ പരിശീലിപ്പിക്കാനായി ഇന്ത്യൻ സേനയും ക്യാമ്പുകൾ തുറന്നു.

      1971 ഡിസംബർ 3ന് പാകിസ്ഥാൻ ഇന്ത്യക്ക് നേരെ വ്യോമാക്രമണം ആരംഭിച്ചു. തുടർന്ന്  ഇന്ത്യയും തിരിച്ചടിച്ചു തുടങ്ങി.ഇന്ത്യൻസേനയുംമുക്‌തിബാഹിനിയും ചേർന്ന മിത്രബാഹിനിയാണ് കിഴക്കൻ പാകിസ്ഥാനിൽ യുദ്ധരംഗത്ത്   ഇറങ്ങിയത്. കര-നാവിക-വ്യോമ മേഖലകളിൽ എല്ലാം ഇൻഡ്യ പാകിസ്താനെ നിഷ്ഭ്രമമാക്കി .1971,ഡിസംബർ16ന് കിഴക്കൻ പാക്കിസ്ഥാൻ സേന കീഴടങ്ങി. അടുത്ത ദിവസം പാക്കിസ്ഥാനും.

        1971 ഡിസംബർ16ന് വൈകിട്ട്  4:30ന് കിഴക്കൻ പാകിസ്ഥാൻ സേനയുടെ കീഴടങ്ങൽ രേഖയിൽ(instrument of surrender)ഇന്ത്യൻ സേനയുടെ കിഴക്കൻ മേഖല കമ്മാൻഡിങ്-ഇൻ-ചീഫ് ലഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിങ് അറോറയും പാകിസ്ഥാന്റെ ലഫ്. ജനറൽ എ. എ .കെ നിയാസിയും ഒപ്പിട്ടു.നിയാസി ഉൾപ്പെടെ 90,000 ത്തോളം പാക് സൈനികരെ ഇന്ത്യ യുദ്ധതടവുകാരാക്കി. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ഏറ്റവും കൂടുതൽ യുദ്ധതടവുകാർ ഉണ്ടാകുന്ന സന്നർഭമായിരുന്നു ഇത്.


 സിംലകരാർ

**************

സിംലാ  കരാർ പ്രകാരം ആണ് പാക് യുദ്ധതടവുകാരെ ഇന്ത്യ വിട്ടയച്ചത്.1972ജൂലൈ 2ന് സിംലയിൽ ഇൻഡ്യൻ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയും പാക്കിസ്ഥാൻ പ്രധാനമന്ത്രി സുൾഫിക്കർ അലി ഭൂട്ടോയും ആണ് ഒപ്പ് വച്ചത്.



കടപ്പാട് : ഷാനവാസ് -ചരിത്രാന്വേഷികൾ

ഇന്ത്യയുടെ അത്ഭുത ഗ്രന്ഥത്തിന് 71 വയസ്

 ഇന്ത്യയുടെ അത്ഭുത ഗ്രന്ഥത്തിന് 71 വയസ്

===============================

1949 നവംബർ 26, ആ സുദിനത്തിലാണ് ലോകത്തിലെ ഏറ്റവും വലുതും എഴുതപ്പെട്ടതും അത്യന്തം സുന്ദരവുമായ ഭരണഘടന ഇന്ത്യ മഹാരാജ്യത്തിലേയ്ക്കായി Adopt ചെയ്യപ്പെടുന്നത്.

395 ആർട്ടിക്കിളുകളും,  8 ഷെഡ്യൂളുകളും,  ഒരു പ്രീ ആമ്പിളും ഉൾക്കൊള്ളുന്ന,  തികച്ചും കൈകൊണ്ട് എഴുതപ്പെട്ട ഭരണഘടനയുടെ ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള രണ്ട് ഒർജിനൽ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്നത് പാർലമെന്റ് ഹൌസ് ലൈബ്രറിയിലെ ഹീലിയം വാ‍തകം നിറച്ച ഒരു അറയിലാണ്. ഡോക്ടർ അംബേദ്കർ ചെയർമാനായ ഡ്രാഫ്റ്റ് കമ്മിറ്റി ഭരണ ഘടന കരട് പൂർത്തിയാക്കിയപ്പോൾ  അത് അച്ചടിക്കുന്നതിന് പകരമായി കാലിഗ്രാഫിയിൽ എഴുതാൻ നെഹ്രു തീരുമാനിച്ചു.  അക്കാലത്തെ പ്രമുഖ കാലിഗ്രാഫിസ്റ്റായ  ശ്രീ, പ്രേം ബഹാരി നരയിൻ റൈസാദ യെ (Prem Behari Narain Raizada (Saxena)) നെഹ്രു അതിനായി സമീപിക്കുകയും ചെയ്തു. വളരെ സന്തോഷ പൂർവ്വം സമ്മതിച്ച പ്രേം ബഹാരിയോട് എന്ത് പ്രതിഫലമാണ് വേണ്ടതെന്ന് നെഹ്രു ചോദിച്ചു. എനിക്കൊരു നയാ പൈസ പോലും വേണ്ട. ദൈവത്തിന്റെ അനുഗ്രഹത്താൽ  എനിക്ക് എല്ലാം ഉണ്ട്. ഞാനതിൽ വളരെ സന്തോഷവാനാണ് എന്നാണ് അദ്ദേഹം മറുപടി പറഞ്ഞത്.  തുടർന്ന് തനിക്കൊരു സൌജന്യം നൽകണമെന്ന് അദ്ദേഹം നെഹ്രുവിനോട് അപേക്ഷിച്ചു. ഞാൻ ഭരണ ഘടന എഴുതുമ്പോൾ അതിന്റെ എല്ലാ പേജിലും  എന്റെ പേര് എഴുതുമെന്നും അതിന്റെ ഏറ്റവും ഒടുവിലത്തെ പേജിൽ എന്റെ പേരിനൊപ്പം എന്റെ മുത്തശ്ചന്റെ പേരും എഴുതുമെന്നും അതിന് അനുവദിക്കണമെന്നും അപേക്ഷിച്ചു. അത് സന്തോഷപൂർവം നെഹ്രു   അംഗീകരിക്കുകയും എഴുതുന്നതിനായി കോൺസ്റ്റിറ്റ്യൂഷൻ ഹാളിൽ ഒരു മുറി അനുവദിക്കുകയും ചെയ്തു. അങ്ങനെ ഒഴുകുന്ന ഇറ്റാലിക്സിൽ ഇംഗ്ലീഷിലും ഹിന്ദിയിലുമായി  16 x22 ഇഞ്ച്  parchment sheet കളിൽ (മൃഗത്തോൽ)  251 പേജുകളുള്ള 3.75 കി.ഗ്രാം തൂക്കം വരുന്ന ആ സുന്ദരകാവ്യം ഉടലെടുത്തു.  ഓരോ പേജിന്റെയും ബോർഡറുകളെ നന്ദലാൽ ബോസും ശിഷ്യ ഗണങ്ങളും ചേർന്ന് വരച്ച മനോഹരമായ  വരകൾ അലങ്കരിച്ചു.   രാജേന്ദ്ര പ്രസാദ് ചെയർമാനായ ഭരണഘടന അസംബ്ലിയിൽ പാർലമെന്റംഗങ്ങളായ നെഹ്രുമുതൽ അദ്ദേഹത്തിന്റെ മരുമകൻ ഫിറോസ് ഗാന്ധിവരെയുള്ള  238 പേർ ആ മഹദ് ഗ്രന്ഥത്തിൽ ഒപ്പു വച്ചു. Britain, Ireland, USA, Japan, France, Former USSR, South Africa, Germany, Australia, and Canada തുടങ്ങിയ 10 രാജ്യങ്ങളുടെ ഭരണഘടനയിലെ പല നിർദ്ദേശങ്ങളും ഇന്ത്യൻ ഭരണ ഘടന കടം കൊണ്ടിട്ടുണ്ട്. 

ഇപ്പോഴും നമ്മളെ നയിക്കുന്നത്… നമ്മെ രക്ഷിക്കുന്നത് നമ്മുടെ എഴുതപ്പെട്ട ആ സുന്ദര കാവ്യം തന്നെയാണ്... മാറ്റമില്ലാത്ത ഗ്രന്ഥങ്ങൾ മാനവ കുലത്തെ മഹാനാശത്തിലേയ്ക്ക് കൊണ്ടു പോകുമ്പോഴും കാലത്തിനൊത്ത് ജനങ്ങളാൽ അനുദിനം പരിഷ്കരിച്ച് ‘അമെന്റ്’ ചെയ്ത് അത് മുന്നേറുക തന്നെ ചെയ്യും.





കടപ്പാട്:അനിൽ വി - ചരിത്രാന്വേഷികൾ

നെഹ്രുവും കാർട്ടൂണുകളും

 നെഹ്‌റു തന്നെക്കുറിച്ചുള്ള കാർട്ടൂണുകൾ  നന്നായി അസ്വദിച്ചിരുന്നു.


ശങ്കർ ആയിരുന്നു അക്കാലത്തെ മിടുക്കനായ കാർട്ടൂണിസ്ററ്. ശങ്കറിനെ  നെഹ്‌റു കൂടുതൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു.1500 കാർട്ടൂണുകൾ നെഹ്‌റുവിനെക്കുറിച്ചു മാത്രം ശങ്കർ വരച്ചിട്ടുണ്ട്. രൂക്ഷമായി വിമർശ്ശിക്കുന്നതിന്  ഇരുവരുടെയും സൗഹൃദം തടസ്സമായില്ല.കാർട്ടൂണുകൾക്ക്  നെഹ്‌റു ശങ്കറിനെ അനുമോദിക്കുകയും പതിവായിരുന്നു.    


ഇന്ദിരയെ ഏറ്റവും കൂടുതൽ വരച്ചത് ഓ.വി. വിജയനാണ്. 'Father of Cartoons' എന്നറിയപ്പെട്ട ശങ്കറിൽ നിന്നാണ് O.V വിജയൻ്റെ തുടക്കം.ഡൽഹിയിൽ ശങ്കേഴ്സ് വീക്കിലിയിലും വിജയൻ ജോലിചെയ്തിരുന്നു.  


കേരളത്തിൽ ഏറ്റവും കൂടുതൽ വരക്കപ്പെട്ടത് കരുണാകരനെ ആവണം.


അന്ന്  ട്രോളുകൾ ഇണ്ടായിരുന്നില്ല    ഉണ്ടായിരുന്നെങ്കിലും ഇക്കാലത്തെ പ്പോലെ Valgur ആകുമോ എന്നറിയില്ല. 


അടുത്ത കാലത്ത്  ഏറ്റവും കൂടുതൽ ട്രോളിയത് പ്രതിപക്ഷ  നേതാവ് രമേശിനെ ആവണം ..എന്നിട്ടും Sprinkl  തറ പറ്റി. 


നെഹ്‌റുവിനെപ്പോലെ വിമർശ്ശനങ്ങളെ ആസ്വദിക്കുന്ന രീതിയാണ് നല്ല Politicians ൻ്റെയും മെച്ചപ്പെട്ട ജനാധിപത്യ ശൈലിയുടെയും രീതി.


വിമർശ്ശനങ്ങളെയും ട്രോളുകളെയും കാർട്ടൂണുകളെയും ആസ്വദിച്ച് കൊണ്ടുതന്നെ തെറ്റുകൾ മനസ്സിലാക്കിയും ശൈലി മാറ്റിയും മുന്നേറുന്നതാണ് മെച്ചപ്പെട്ട ജനാധിപത്യം.


Politicianc ൽ നർമ്മബോധം ഏറെ ഉണ്ടായിരുന്നത് നയനാർക്ക് ആണെന്ന് പറയാം. കുറിക്കു കൊള്ളുന്ന മറുപടിയും പറയുമായിരുന്നു.


( അമേരിക്കയിൽ ചായ കുടിക്കുന്നത് പോലെയാണ് ബലാത്സംഗം ..എന്നൊക്കെ നർമ്മത്തിൽ പറഞ്ഞതാവണം )


രസകരമായ ഒരു രംഗം ടോൾസ്റ്റോയിയുടെ ' War and Peace ' ൽ ഉണ്ട്.


നെപ്പോളിയനെ കാണാൻ  റഷ്യൻ  അംബാസ്സഡർ ഓഫീസിൽ എത്തുന്നു. യുദ്ധം ഒഴിവാക്കുകയാണ് ചർച്ചയുടെ ലക്‌ഷ്യം.


അംബാസ്സഡറെ പരീക്ഷിക്കാൻ, നെപ്പോളിയൻ സ്വർണ്ണഡപ്പിയിൽ നിന്ന് പൊടിയെടുത്തു മൂക്കിൽ വലിച്ചു കയറ്റി, തൂവാല കൊണ്ട് തുടച്ച് ,തൂവാല  മനപ്പൂർവം താഴെ ഇടുന്നു.തൻ വലിയ ആളായത് കൊണ്ട് അംബാസിഡർ അതെടുത്തു കൊടുക്കുമെന്നാണ് നെപ്പോളിയൻ  വിചാരിച്ചത്. 


അംബാസിഡർ തൂവാല  എടുത്തു കൊടുത്തില്ല എന്ന് മാത്രമല്ല തൻ്റെ  കയ്യിലിരുന്ന സ്വന്തം തൂവല കൊണ്ട് മുഖം തുടച്ച്  തഴെ  ഇടുകയും,അത് കുനിഞ്ഞെടുക്കയും, നെപ്പോളിയനെ നോക്കി ഒന്ന് പുഞ്ചിരിക്കുകയും ചെയ്തു.ലോകം കീഴടക്കിയ നെപ്പോളിയൻ്റെ അവസ്ഥ  പറയേണ്ടതില്ലല്ലോ.


ധീരതയും, സഹിഷ്ണുതയും, നർമ്മബോധവും ഒത്തിണങ്ങിയ നേതാക്കൾ നിലവിൽ ഇല്ല, ഉണ്ടെങ്കിൽ അതൊരു ഭാഗ്യം മാത്രം !


കടപ്പാട് :ഷാജി റ്റി.കെ - ചരിത്രാന്വേഷികൾ

ആത്മഹത്യയിലും ക്ലാരയെ കൈവിടാത്ത ഹിറ്റ്‌ലർ

 ആത്മഹത്യയിലും ക്‌ളാരയെ കൈവിടാത്ത ഹിറ്റ്‌ലര്‍!


അമ്മ ക്ളാര ഹിറ്റ്ലറുടെ ഓമനയായിരുന്നു           അഡോൾഫ് ഹിറ്റ്ലർ. അമ്മയും മകനും തമ്മിലുള്ള അഗാധസ്നേഹം ഹിറ്റ്ലറെ ഇഡിപ്പൽ കോംപ്ളക്സിലേക്കു വരെ നയിച്ചിരുന്നുവെന്ന് പഠനങ്ങൾ പറയുന്നു. അമ്മയോടുള്ള അഗാധമായ സ്നേഹവും കടപ്പാടും ഒരു പക്ഷേ പ്രകടിപ്പിക്കാൻ കഴിയുന്നതിലും അപ്പുറം കടന്നതുകൊണ്ടാകാം സ്നേഹം ക്രൂരതയായി ഹിറ്റ്ലറിൽ രൂപാന്തരം പ്രാപിച്ചത് എന്നും അതായിരിക്കാം ജൂതന്മാരുടെ നാശത്തിനു നിദാനമായതെന്നും അമേരിക്കൻ ഗവേഷക സാറാ കെറ്റ്ലർ സ്ഥാപിക്കുന്നു.


അഡോൾഫ് ഹിറ്റ്ലറുടെ പിതാവ് അലോയ്സ് ഷിക്ക്ൾഗ്രബർ തന്റെ അവിവാഹിതയായ അമ്മയുടെ പേരായ മരിയയാണ് വിലാസമായി ഉപയോഗിച്ചിരുന്നത്. അലോയ്സിന്റെ ജനനശേഷം അമ്മയെ വിവാഹം ചെയ്തയാളുടെ പേരായ 'ഹിറ്റ്ലർ' എന്ന് പേരിനൊപ്പം അലോയ്സിന് കൂട്ടിച്ചേർക്കേണ്ടി വന്നു. അങ്ങനെയാണ് ഹിറ്റ്ലർ കുടുംബത്തിലേക്ക് അലോയ്സ് കണ്ണിവിളക്കിച്ചേർക്കപ്പെടുന്നത്.


യഥാർഥ ഹിറ്റ്ലറുടെ അനന്തരവളായിരുന്നു ക്ളാര ഹിറ്റ്ലർ. മകളാവാൻ പ്രായമുള്ള ക്ളാരയായിരുന്നു അലോയ്സിനെ വീട്ടുകാര്യങ്ങളിൽ സഹായിച്ചിരുന്നത്. 'അങ്കിൾ' എന്നായിരുന്നു ക്ളാര അലോയ്സിനെ അഭിസംബോധന ചെയ്തിരുന്നത്. അലോയസ് രണ്ടാമതും വിവാഹം ചെയ്തപ്പോൾ ക്ളാര തന്റെ വീട്ടിലേക്കു പോന്നു. പക്ഷേ രണ്ടാം ഭാര്യ അസുഖമായി കിടപ്പിലായതോടെ അലോയ്സിന്റെ മക്കളെ നോക്കാനായി വീണ്ടും തിരികെ വരേണ്ടിവന്നു. പിന്നെ ഗർഭിണിയായതോടെ അവിടെത്തന്നെ സ്ഥിരതാമസമാക്കി. അപ്പോഴേക്കും അലോയ്സ് വിഭാര്യനായിക്കഴിഞ്ഞിരുന്നു. നിയമപരമായി ക്ളാരയെ വിവാഹം ചെയ്യുവാൻ പള്ളിയിൽ നിന്നും സമ്മതം കിട്ടിയതോടെ 1885 ജനുവരിയിൽ അവർ വിവാഹിതരായി. ഭർത്താവിനെ അങ്കിൾ എന്നുതന്നെ വിളിച്ചു ക്ളാര.


ക്ളാരയുടെ നാലാമത്തെ പ്രസവത്തിലെ മകനാണ് അഡോൾഫ് ഹിറ്റ്ലർ. പക്ഷേ ആദ്യത്തെ മൂന്നുമക്കളും ശൈശവത്തിലേ മരണപ്പെട്ടതിനാൽ അഡോൾഫ് തന്നെ ആദ്യത്തെ കൺമണിയായി. രണ്ടാം ഭാര്യയിലുണ്ടായ രണ്ടുകുട്ടികൾ അലോയ്സിന്റെ മൂത്തവരായി വീട്ടിലുണ്ടായിരുന്നെങ്കിലും പരിഗണനയെല്ലാം ക്ളാര കൊടുത്തത് അഡോൾഫിനായിരുന്നു. പിന്നെ ക്ളാരയ്ക്ക് ഒരു മകൾ കൂടി ജനിച്ചുവെങ്കിലും അഡോൾഫ് അമ്മയുടെ ഓമനയായിരുന്നു


അമ്മയുടെ ലാളനയും പരിഗണനയുമൊന്നും വിലപ്പോവാതിരുന്നത് സ്കൂളിലായിരുന്നു. അലോയ്സ് പ്രതീക്ഷിച്ചതുപോലെ തിളങ്ങിയില്ല മകൻ. പകരം ദിനംപ്രതി മങ്ങിക്കൊണ്ടേയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥനായ തന്റെ പാത മകനും പിന്തുർന്നേ മതിയാകൂ എന്ന നിർബന്ധബുദ്ധിക്കാരനായ പിതാവിൽനിന്നും ഏറെ സഹിക്കേണ്ടി വന്നു അഡോൾഫിന്. നിരന്തരമായ മർദ്ദനങ്ങളും പിതൃമേധാവിത്വ കുടുംബത്തിന്റെ ശ്വാസം വിങ്ങലുകളും അഡോൾഫ് നന്നേ അനുഭവിച്ചു. പക്ഷേ അഡോൾഫിന് അടി കിട്ടുമെന്ന ഘട്ടത്തിൽ ക്ളാര ഇടയിൽ ചാടിവീണ് മകനെ രക്ഷിക്കുമായിരുന്നു. അതുകൊണ്ടാണ് ആത്മകഥയായ മെയിൻ കാംഫിൽ ഹിറ്റ്ലർ ഇങ്ങനെ എഴുതിയത്; ''അച്ഛനെയെനിക്ക് ബഹുമാനമായിരുന്നു, അമ്മയോട് അതിയായ സ്നേഹവും!''


1903-ൽ അലോയ്സ് അന്തരിച്ചപ്പോൾ അച്ഛന്റെ അഭാവമൊന്നും ഹിറ്റ്ലറിനെ ബാധിച്ചിരുന്നില്ല. തനിക്ക് പഠനം തുടരാൻ കഴിയുന്നില്ലെന്നും ശാരീരികാസ്വസ്ഥതകളാൽ ബുദ്ധിമുട്ട് ഉണ്ടെന്നും അമ്മയെ പറഞ്ഞ് ധരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ ഹിറ്റ്ലർ പഠനം നിർത്തി. ഹിറ്റ്ലറിന്റെ കൗമാരം മുഴുവൻ ചിത്രകലയിലും വായനയിലും നാടകശാലകളിലുമായി ചിലവഴിക്കപ്പെട്ടു. മകന്റെ താല്പര്യങ്ങൾക്ക് ഓശാന പാടിക്കൊണ്ട് ക്ളാരയാവട്ടെ മകന് പിയാനോയും വാങ്ങിക്കൊടുത്തു. ആയിടയ്ക്കാണ് ഒരു ചിത്രകാരനാവണമെന്ന മോഹം ഹിറ്റ്ലറിനുണ്ടാവുന്നത്. താമസിയാതെ അമ്മയുടെ ആശിർവാദത്തോടെ വിയന്നയിലേക്ക് താമസം മാറ്റി.


വിയന്നയിലേക്ക് പോകാനെടുത്ത തീരുമാനത്തിൽ ഹിറ്റ്ലർ എക്കാലവും ദു:ഖിച്ചിരുന്നു. അമ്മയ്ക്ക് സ്തനാർബുദം പിടിപെട്ടിരിക്കുന്നു എന്ന വാർത്തയറിഞ്ഞത് അവിടെ നിന്നാണ്. ഫൈൻ ആർട്സ് അക്കാദമിയുടെ പ്രവേശന പരീക്ഷയിൽ ഹിറ്റ്ലറിന് വിജയം നേടാനായതുമില്ല. പെട്ടെന്നു തന്നെ തിരികെ അമ്മയുടെ അടുത്തെത്തി ഊണും ഉറക്കവുമില്ലാതെ പരിചരണമാരംഭിച്ചു. അമ്മയ്ക്കിഷ്ടപ്പെട്ട ആഹാരങ്ങൾ മാത്രമുണ്ടാക്കി, അമ്മയുടെ വസ്ത്രങ്ങൾ കഴുകി, മുറി വൃത്തിയാക്കി സദാസമയവും അമ്മയോടൊപ്പം തന്നെ. തന്റെ ജീവിതകാലയളവിൽ ആരോടെങ്കിലും സമനില കൈവിടാതെയും ക്ഷോഭത്തോടെയല്ലാതെയും ഹിറ്റ്ലർ സംസാരിച്ചിട്ടുണ്ടായിരുന്നെങ്കിൽ അത് ക്ളാരയോട് മാത്രമായിരുന്നു. പെട്ടെന്ന് ക്ഷുഭിതനാവുന്ന പ്രകൃതമായിരുന്നു ഹിറ്റ്ലറിന്.1907 ഡിസംബർ ഇരുപത്തിയൊന്നിന് ക്ളാര മരണത്തിനുകീഴടങ്ങിയതോടെ ഹിറ്റ്ലർ തകർന്നടിഞ്ഞുപോയി. ക്ളാരയെ ചികിത്സിച്ച ഡോക്ടർ എഡ്വേഡ് ബ്ളോഷ് ഹിറ്റ്ലറിന്റെ അന്നത്തെ മാനസികനിലയെക്കുറിച്ച് പറഞ്ഞതിങ്ങനെയാണ്; ''ഹിറ്റ്ലറെപ്പോലെ വികാരാധീനനായ ഒരാളെ ഞാനെന്റെ കരിയറിൽ ഇന്നെവരെ കണ്ടിട്ടില്ല''


ബ്ളോഷ് ഒരു ജൂതവംശജനായിരുന്നു. ഹിറ്റ്ലറിന്റെ ജൂതവിരുദ്ധത അരങ്ങേറിയപ്പോൾ തന്റെ അമ്മയെ ചികിത്സിച്ച ഡോക്ടർ എന്ന വൈകാരിക പരിഗണന ബ്ളോഷിനും കുടുംബത്തിനും ഹിറ്റ്ലർ അനുവദിച്ചു. അദ്ദേഹത്തിനും കുടുംബത്തിനും അമേരിക്കയിലേക്ക് പലായനം ചെയ്യാനുള്ള സമ്മതം നല്കി. മറ്റു ജൂതന്മാരെ വേരോടെ ജർമനിയിൽനിന്നും പിഴുതെറിയുക എന്നതിനപ്പുറമുള്ള ഒരു പലായന പരിഗണനയും നല്കിയില്ലായിരുന്നു എന്നോർക്കണം. തന്റെ അമ്മയോടുള്ള സ്നേഹമായിരുന്നു അതിന് പ്രേരകമായത്.


ആഗസ്ത് പന്ത്രണ്ടിനെയും ഹിറ്റ്ലർ അഗാധമായി സ്നേഹിച്ചിരുന്നു. ജർമൻ മാതാവിനെ ആദരിക്കാനുള്ള ഔദ്യോഗിക ദിനമാണ് ആഗസ്ത് പന്ത്രണ്ട് എന്ന് ഹിറ്റ്ലർ ഉത്തരവിറക്കി. ക്ളാരയുടെ ജന്മദിനമായിരുന്നു ആഗസ്ത് പന്ത്രണ്ട്. തന്റെ ഇടതു നെഞ്ചിനുമേലെയുള്ള കീശയിൽ ഹൃദയത്തിനു മുകളിൽ അമ്മയുടെ ചിത്രം എപ്പോഴും ഹിറ്റ്ലർ കൂടെ കൊണ്ടുനടന്നു. ഹിറ്റ്ലറിനായി ഒരുക്കിയ മുറികളിലെല്ലാം ക്ളാരയുടെ പുഞ്ചിരിക്കുന്ന ഛായാചിത്രം മകനെത്തന്നെ നോക്കി നിന്നു. മകനും മണിക്കൂറുകളോളം ആ ചിത്രത്തിലേക്ക് കണ്ണും നട്ടിരിക്കുക പതിവായിരുന്നു. ഹിറ്റ്ലറിന്റെ മുറിയിൽ ആ ഒരേയൊരു ചിത്രമേ ഉണ്ടായിരുന്നുള്ളൂ. ബർലിൻ ബങ്കറിലെ അവസാനനാളിൽ ആത്മഹത്യചെയ്യുമ്പോഴും (1945 ഏപ്രിൽ 30) ഹിറ്റ്ലറോടൊപ്പം ഒരേയൊരു മുഖം മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ; അത് ക്ളാരയുടേതായിരുന്നു!


കടപ്പാട്: ഹരി ബോബി-ചരിത്രാന്വേഷികൾ

Tuesday, 6 August 2019


അമരജീവി - പോട്ടി ശ്രീരാമുലു
-------------------------------------------------

Courtesy:   Reshma Anna Sebastian - Charithraanveshikal

ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനത്തിന്റെ ആത്മാവിൽ കുടികൊള്ളുന്ന ധീര നേതാവാണ് അമരജീവി എന്നറിയപ്പെടുന്ന പോട്ടി ശ്രീരാമുലു. തങ്ങളുടെ ഭാഷയും സംസ്കാരവും ഉൾക്കൊള്ളുന്ന ഒരു സംസ്ഥാനമായി ആന്ധ്രയെ രൂപീകരിക്കുവാൻ നിരാഹാര സമരം നടത്തി മരണം വരിച്ചയാളാണ് അദ്ദേഹം .

1901 മാർച്ച് 16 ന് നെല്ലൂർ ജില്ലയിൽ (മദ്രാസ് പ്രെസിഡെൻസി )ഗുരവയ്യയുടെയും മഹാലക്ഷ്മമ്മയുടെയും മകനായാണ് പോട്ടി ശ്രീരാമുലുവിന്റെ ജനനം. മദ്രാസിലെ ഹൈസ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം ബോംബയിലെ വിക്ടോറിയ ജൂബിലി റ്റെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സാനിറ്ററി എഞ്ചിനീയറിംഗ് എടുക്കുകയും ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലർ റെയിൽ‌വേയിൽ ജോലിക്ക് പ്രവേശിക്കുകയും ചെയ്തു . എന്നാൽ 1928 ൽ ഭാര്യയുടെയും കുഞ്ഞിന്റെയും വിയോഗം അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. 2 വർഷത്തിന് ശേഷം തന്റെ ജോലി രാജി വയ്ക്കുകയും ഗാന്ധിജിയുടെ സബർമതി ആശ്രമത്തിൽ ചേരുകയും ഇന്ത്യൻ സ്വാതന്ത്ര സമരത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തു .

സ്വാതന്ത്ര സമരത്തിന്റെ പോർവഴികളിൽ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം , ഉപ്പ് സത്യാഗ്രഹം തുടങ്ങിയവയിൽ പങ്കെടുക്കുകയും 3 തവണ അദ്ദേഹം ജയിലിലാവുകയും ചെയ്തു. സ്വാതന്ത്രത്തിന്റെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ടുള്ള അദ്ദേഹത്തിന്റെ ആത്മാർത്ഥ പ്രവർത്തനം കണ്ട് ഗാന്ധിജി പറഞ്ഞു . " പോട്ടി ശ്രീരാമുലുവിന്റെ അർപ്പണ ബോധമുള്ള 11 പേരും കൂടെയുണ്ടെങ്കിൽ ഒരു വർഷത്തിനകം സ്വാതന്ത്രം ലഭിക്കും".

ഗാന്ധിയൻ മാർഗ്ഗമായിരുന്നു പോട്ടി ശ്രീരാമുലുവിന്റേതും. നെല്ലൂർ ജില്ലയിൽ പ്രവർത്തിച്ച അദ്ദേഹം ചർക്കയുടെ  ആവശ്യകതയെക്കുറിച്ച് ജനങ്ങൾക്ക് മനസിലാക്കിക്കൊടുക്കുകയും , അതിന്റെ ഉപയോഗം വ്യാപിപ്പിക്കാൻ പ്രവർത്തിക്കുകയും ചെയ്തു. ദളിതർക്കുവേണ്ടി പ്രവർത്തിച്ച അദ്ദേഹം മൂലപേട്ട വേണുഗോപാലസ്വാമി ക്ഷേത്രത്തിൽ ദളിത് പ്രവേശനത്തിനു വേണ്ടി നിരാഹാരം ഇരിക്കുകയും വിജയിക്കുകയും ചെയ്തു. ദളിതരുടെ ഉന്നമനത്തിനായി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാഡുകളും കഴുത്തിൽ തൂക്കി നഗ്നപാദനായ് തെരുവിലൂടെ നടന്ന അദ്ദേഹത്തെ, അറിയാത്തവർ ഭ്രാന്തൻ എന്ന് വിളിക്കുകയും സ്വമതസ്ഥർ ആക്ഷേപിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തെ തളർത്താൻ ആർക്കും കഴിഞ്ഞില്ല.

അനേകം ഭാഷകൾക്കും സംസ്കാരങ്ങൾക്കും മതങ്ങൾക്കും മേലെ കുട വിരിച്ചു നിൽക്കുന്ന രാജ്യമാണ് ഇന്ത്യ. ചില്ലകളായ് പടർന്നു നിൽക്കുന്ന ഓരോ സംസ്ഥാനങ്ങളും പല വിധ സംസ്കാരങ്ങൾ പേറുന്നു. ഓരോ ചില്ലകൾക്കു പിന്നിലും ചരിത്രമുറങ്ങുന്നു. പലരുടെയും ജീവനും ജീവിതവും. ആന്ധ്രാ പ്രദേശ് എന്ന സംസ്ഥാനത്തിന്റെ ചരിത്രത്തിൽ ഉണരാതുറങ്ങുന്ന, എന്നാൽ ഓർമ്മകളിൽ ജീവിക്കുന്ന വ്യക്തിയാണ് പോട്ടി ശ്രീരാമുലു. നിരാഹാര സമരം നടത്തി മരണത്തിന്റെ ആഴങ്ങളിലേയ്ക്ക് ഇറങ്ങി പോയ വ്യക്തി.

തങ്ങളുടെ ഭാഷയും സംസ്കാരവും സമന്വയിക്കുന്ന ഒരു സംസ്ഥാനം എന്നതായിരുന്നു ജനങ്ങളുടെയും ശ്രീരാമുലുവിന്റെയും ആഗ്രഹം . മദ്രാസ് പ്രെസിഡെൻസിയിൽ നിന്നും വേറിട്ട് ആന്ധ്രാപ്രദേശ്‌ എന്ന സംസ്ഥാനം രൂപീകരിക്കുക എന്ന ജനങ്ങളുടെ ആവശ്യത്തിന് വേണ്ടി അദ്ദേഹം നിരാഹാര സമരം ആരംഭിച്ചു. എന്നാൽ ജവഹർലാൽ നെഹ്‌റു , വല്ലഭായ് പട്ടേൽ, പട്ടാഭി സീതാരാമയ്യ എന്നീ അംഗങ്ങളടങ്ങിയ ജെ വി പി കമ്മിറ്റി അതിനെ നിരാകരിച്ചു. പക്ഷെ നിരാഹാരം തുടർന്ന അദ്ദേഹം 1952 ഡിസംബർ 15 ന് മരണപ്പെട്ടു. എന്നാൽ അദ്ദേഹത്തിന്റെ മരണശേഷം ജനങ്ങൾ വലിയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. പലയിടത്തു നിന്നായി ഒത്തു കൂടിയ ജനങ്ങൾ മുദ്രാവാക്യങ്ങളും വിളിച്ച് മുന്നേറി. അവരെ തടയാൻ ആർക്കും കഴിഞ്ഞില്ല. പലയിടത്തും പൊതുമുതൽ നശിപ്പിക്കപ്പെട്ടു. മദ്രാസും ആന്ധ്രാപ്രദേശും സാധാരണ നിലയിലെത്താൻ മൂന്നു നാലു ദിവസമെടുത്തു. എന്നാൽ അപ്പോഴേയ്ക്കും പോലീസ് വെടിവയ്പ്പിൽ 7 പേർ കൊല്ലപ്പെട്ടിരുന്നു.

അങ്ങനെ 1952 ഡിസംബർ 29 ന് ആന്ധ്രാ സംസ്ഥാന രൂപീകരണത്തിന് നെഹ്‌റു പച്ചക്കൊടി കാണിക്കുകയും, 1953 ഒക്ടോബര് 1 ന്  ആന്ധ്രാപ്രദേശ് എന്ന സംസ്ഥാനം ഔദ്യോഗികമായി രൂപീകൃതമാവുകയും ചെയ്തു. പോട്ടി  ശ്രീരാമുലുവിനോടുള്ള ആദര സൂചകമായി ആന്ധ്രാ സ്റ്റേറ്റ് ഗവൺമെന്റ് , അദ്ദേഹം മരണപ്പെട്ട ചെന്നൈയിലെ വീട് ഒരു സ്മാരകമായി ഇന്നും സൂക്ഷിക്കുന്നു.

നിരാഹാരമെന്ന സമരമുറയിലൂടെ ഒരു ജനസമൂഹത്തിന്റെ ആവശ്യം നിറവേറ്റിയെടുത്ത അദ്ദേഹം അമരജീവി എന്നാണറിയപ്പെടുന്നത്. ആന്ധ്ര യുടെ ആത്മാവിൽ കുടികൊള്ളുന്ന അദ്ദേഹത്തിന് മരണമില്ല. ഓർമ്മകളിലൂടെ അദ്ദേഹം ജീവിക്കുന്നു. അനശ്വരനായ്.



പാകിസ്താൻ - കാശ്മീർ അതിർത്തി 1947 ഒക്ടോബർ 22 - 24



പാകിസ്താൻ - കാശ്മീർ അതിർത്തി 1947 ഒക്ടോബർ 22 - 24

Courtesy: Sreejith Kannambra- Charithraanveshikal

              ശ്രീനഗറിന് 50 മൈൽ കിഴക്ക് ഝലം നദിക്കരയിലുള്ള മുഹറയിലെ വൈദുതനിലയത്തിലേക്ക് കുറച്ച് പേർ അതിക്രമിച്ച് കയറി വൈദുതനിലയത്തിൽ ഒരു ഉഗ്രസ്ഫോടനം നടത്തി തകർത്തു അതോടുകൂടി പാകിസ്താൻ മുതൽ ലഡാക്ക് വരെയുള്ള കാശ്മീരിലെ വൈദുത വിളക്കുകൾ അണഞ്ഞു.

                     ഝലം നദിയുടെ പാലത്തിനപ്പുറം മുസ്ളീം ലീഗിൻ്റെ പച്ച കുപ്പായക്കാരായ ഭടൻമാരായ പത്താൻ ഗോത്രവർഗ്ഗകാരും അവരുടെ നേതാവായ സൈറബ് ഖയത്ത്ഖാനും പാലത്തിനിക്കരയിലേക്ക് കണ്ണും നട്ടിരിന്നു ഹരിസിങ്ങിൻ്റെ സേനയിലുള്ള മുസ്ളീം ഭടൻമാർ തങ്ങളുടെ ഹിന്ദു ഓഫീസർമാരെ വധിക്കുകയും ശ്രീനഗറിലേക്കുള്ള ടെലിഫോൺ കമ്പി മുറിക്കുകയും കാവൽക്കാരെ കീഴടക്കുകയും ചെയ്തുവെന്ന് അറിയിക്കുന്ന ദീപജ്വാലയ്ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു അവർ പെട്ടന്ന് ആകറുത്ത രാത്രിയിൽ ആ പന്തം തെളിയുന്നത് അവർ കണ്ടു.

                സൈറബ് ഖാൻ തൻ്റെ സ്റ്റേഷൻ വാഗണുമായ് പാലത്തിലൂടെ മുന്നോട്ട് കുതിച്ചു കാശ്മീരിന് വേണ്ടിയുള്ള യുദ്ധം ആരംഭിക്കുകയായ് ഏതാനം മിനുട്ടുകൾക്കകം അയാളുടെ സേനാ വ്യൂഹം മുസഫറാബാദ് എന്ന കൊച്ചു നഗരത്തിൻ്റെ കസറ്റംസ് ഷെഡ്ഡിലെത്തി അവിടെ കിടന്നുറങ്ങുകയായിരുന്ന ഉദ്ദ്യോഗസ്ഥർ ചാടിയെണീറ്റു. നിൽക്കാനും തങ്ങളുടെ പരിശോധനയ്ക്ക് വിധേയരാവാനും ആ സംഘത്തോട് പറഞ്ഞു യുദ്ധമുറവിളികളോടെ പത്താൻമാർ അവരുടെമേലെ ചാടിവീണു

                  സൈറാബ്ഖാൻ അതീവ സന്തോഷത്തിലായിരുന്നു ഇതിലും വിജയകരമായ പടനീക്കം ഉണ്ടാവാനില്ല ശ്രീനഗറിലേക്കുള്ള 135 മൈൽ നീളമുള്ള കല്ലുപാകിയ ആരു സംരക്ഷിക്കാനില്ലാത്ത നിരത്ത് പ്രഭാതം പൊട്ടിവിടരുന്നതിന് മുൻപ് പൂർത്തിയാക്കാവുന്ന യാതൊരു അപകടവും ഇല്ലാത്ത ഉല്ലാസയാത്രയായിരിക്കും അത് അദ്ദേഹം ചിന്തിച്ചു. പക്ഷേ ആ ചെറുപ്പക്കാരൻ്റെ സ്വപ്നം അതിവേഗം മാഞ്ഞുപോയി സൈറബ് ഖാൻ തൻ്റെ സേനയെ ശ്രീനഗറിലേക്കുള്ള റോഡിലൂടെ നയിക്കാനായ് ചെന്നപ്പോൾ ആ സേന അപ്രത്യക്ഷമായതായ് കണ്ടു ഒരറ്റ പത്താൻ പോലും തൻ്റെ വാഹനത്തിനടുത്തുണ്ടായിരുന്നില്ല അവരല്ലാം ഇരുട്ടിൽ മറഞ്ഞ് കഴിഞ്ഞിരുന്നു കാശ്മീരിലെ മുസ്ളീം സഹോദരങ്ങളെ വിമോചിപ്പിക്കാനുള്ള കുരിശ് യുദ്ധം അവർ തുടങ്ങിയത് മുസറഫാബാദിലെ ഹിന്ദു പണ്ടകശാലകൾ കൊള്ളയടിച്ചുകൊണ്ടായിരുന്നു എല്ലാവരും അവനവൻ്റെ കാര്യം നോക്കുകയായിരുന്നു പൂട്ടുകളും വാതിലുകളും പൊളിച്ച് വിലപിടുപ്പുള്ളതെല്ലാം അവർ കൊള്ളയടിച്ചുകൊണ്ടിരുന്നു

               നിരാശരായ സൈറാഖാനും മറ്റ് ഓഫീസർമാരും അവരെ പിന്തിരിപ്പിക്കാൻ നോക്കി നിങ്ങൾ എന്താണീ ചെയ്യുന്നത്..?? നമ്മുക്ക് കാശ്മീരിലേക്ക് പോകണ്ടേ..?? അയാൾ ചോദിച്ചു കൊണ്ടേയിരുന്നു അതൊന്നും പത്താൻ ഗോത്രവർഗ്ഗക്കാർ ചെവികൊണ്ടില്ല തങ്ങൾ നടത്തുന്ന കൊള്ളകൾക്ക് താളമൊപ്പിച്ചുകൊണ്ട് 75 മൈൽ ദൂരം മുന്നേറാൻ അവർക്ക് 48 മണിക്കൂർ നേരം വേണ്ടിവന്നു.

                 ഗോത്രവർഗ്ഗക്കാർ കാശ്മീരിന് നേരെ നടത്തിയ ആക്രമത്തിൻ്റെ ആദ്യ വാർത്തകൾ ഡൽഹിയിലെത്തിയത് സൈറബ്ഹയാത്ത്ഖാൻ ഝലം നദിക്ക് കുറുകെയുള്ള പാലം പിടിച്ചെടക്കി 48 മണിക്കൂറിന് ശേഷമാണ് ഒക്ടോബർ 24 ഉച്ചതിരിഞ്ഞ് 5 മണിക്ക് മുമ്പാണ് മേജർ ജനറൽ ഡഗ്ളസ് ഗ്രേസിക്ക് ലഭിച്ച ഒരു രഹസ്യ റിപ്പോർട്ടിൽ നിന്നാണ് കാശ്മീരിൽ എന്ത് സംഭവിക്കുന്നു എന്നതിനെകുറിച്ചുള്ള ആദ്യത്തെ വിവരം കിട്ടിയത് ആക്രമികളുടെ എണ്ണം ആയുധശക്തി അവർ ഇപ്പോഴുള്ള സ്ഥലം എന്നിവയെപറ്റിയുള്ള വിവരങ്ങളെല്ലാം അതിലുണ്ടായിരുന്നു ആ വിലപ്പെട്ട വിവരം ഇന്ത്യൻ സേനയുടെ സർവ്വ സൈന്യാധിപനായ  ലെഫ്. ജനറൽ റോബ്ലോക്ക് ഹാർട്ടിന് കൈമാറി  അദ്ദേഹം ഉടൻ തന്നെ ആ വിവരം മറ്റ് രണ്ട് പേർക്ക് കൈമാറി ഗവർണർ ജനറൽ മൗണ്ട് ബാറ്റണും ഫീൽഡ് മാർഷൽ ഒക്കൻലിക്കിനുമായിരുന്നു അത്.

                  തായ്ലൻ്റെ് വിദേശകാരമന്ത്രിയുടെ ബഹുമാനാർത്ഥം ഉള്ള വിരുന്നിന് ഉടുപ്പുകൾ ധരിച്ചുകൊണ്ടിരുന്നപ്പോഴാണ് മൗണ്ട് ബാറ്റണ് ആ വാർത്ത ലഭിച്ചത് അവസാനത്തെ അതിഥിയും പോയ്കഴിഞ്ഞപ്പോൾ നെഹറുവിനോട് അവിടത്തന്നെ നിൽക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു പ്രധാനമന്ത്രി ആ വാർത്തകേട്ട് സ്തംഭിച്ച് പോയ് താൻ ജനിച്ച ആ സുന്ദരമായ ആ നാടിനോട് അദ്ദേഹത്തിന് വികാരപരമായ അടുപ്പമുണ്ടായിരുന്നു തൻ്റെ ഈ നിലപാട് പിന്നീടൊരിക്കൽ അദ്ദേഹം വിശദീകരിക്കുകയുണ്ടായി താങ്കളുടെ മേരി രാജ്ഞിയുടെ ഹൃദയത്തിൽ കലേയ് എഴുതി വച്ചിരിക്കുന്നത് പോലെ എൻ്റെ ഹൃദയത്തിൽ കാശ്മീരും എഴുതി വച്ചിരിക്കുകയാണ്

                  സ്വതന്ത്രമായി തീർന്ന ഒരു ഉപഭൂഖണ്ഡത്തിൽ ബ്രിട്ടീഷ് പട്ടാളത്തെ നിയോഗിക്കാൻ മൗണ്ട്ബാറ്റൺ വിസ്സമതിച്ചു. കാശ്മീരിൽ ഒരു സൈനിക ഇടപടൽ ഉണ്ടാവുകയാണങ്കിൽ അത് ബ്രിട്ടീഷ് പട്ടാളമായിരിക്കരുത് പകരം ഇന്ത്യൻ പട്ടാളമായിരിക്കണം അദ്ദേഹം പറഞ്ഞു പിറ്റേന്ന് വൈകുന്നേരം ഇന്ത്യൻ എയർ ഫോഴ്സിൻ്റെ DC 3 വിമാനം ശ്രീനഗർ വിമാനത്താവളത്തിലിറങ്ങി അതിൽ നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ നേത്രത്വം നൽകിയ വി.പി മേനോനും  ഇന്ത്യൻ കരസേനയിലെ കേണൽ മനേക്ഷായും മറ്റൊരു വ്യോമസേന ഉദ്യോഗസ്ഥനുമായിരുന്നു ഉണ്ടായിരുന്നത്

                ആ മൂന്ന് പേരെയും ശ്രീനഗറിലേക്ക് അയക്കാൻ ഇന്ത്യൻ രാജ്യരക്ഷാ കമ്മിറ്റി അന്ന് രാവിലെ അടിയന്തര യോഗം വിളിച്ച് തീരുമാനം എടുക്കുകയായിരുന്നു ആക്രമണ വിധേയനായ രാജാ ഹരിസിങ്ങിൽ നിന്നുള്ള സഹായഭ്യർത്ഥന കമ്മിറ്റിക്ക് ലഭിച്ചിരുന്നു നെഹറുവിൻ്റെ വികാരവായ്പിനെപ്പറ്റി ബോധവാനായിരുന്ന മൗണ്ട് ബാറ്റൺ ആ നടപടിക്ക് നിയമപരമായ ഒരു ചട്ടകൂട് വേണമെന്ന് ദൃഢനിശ്ചയം ചെയ്തിരുന്നു മഹാരാജാവ് ഔദ്യോഗികമായി തൻ്റെ രാജ്യം നിയമപരമായി തന്നെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കാൻ സമ്മതിക്കുന്നത് വരെ കാശ്മീരിലേക്ക് പട്ടാളത്തെ അയക്കുന്നത് ശരിയല്ലെന്ന് തൻ്റെ ഗവൺമെൻ്റെിനെ ബോധ്യപ്പെടുത്തിയിരുന്നു

                     കാശ്മീരിലെ ഭൂരിപക്ഷമായ മുസ്ളീങ്ങളുടെ വികാരങ്ങളെ വീർപ്പ്മുട്ടിച്ച് കൊണ്ടൊരു പ്രശ്ന പരിഹാരം സാധ്യമല്ലെന്നും ആ ജനത സ്വാഭാവികമായും പാകിസ്താനിൽ ചേരാനായിരിക്കും വോട്ട് ചെയ്യുക എന്നും മൗണ്ട്ബാറ്റൺ വിശ്വസിച്ചിരുന്നു നെഹറുവിന് പൂർണ്ണ സമ്മതം ഇല്ലാതിരുന്നിട്ടും കാശ്മീരിനെ ഒരു സുപ്രധാന വ്യവസ്ഥയോടുകൂടി വേണം ഇന്ത്യയോട് ചേർക്കുന്നത് എന്ന് പ്രധാനമന്ത്രിയെകൊണ്ടും മന്ത്രിസഭയെ കൊണ്ടും അദ്ദേഹം അംഗീകരിപ്പിച്ചു ഇന്ത്യയോട് ചേരാനുള്ള മഹാരാജാവിൻ്റെ തീരുമാനം താൽക്കാലികമായേ പരിഗണിക്ക പെടുകയുള്ളൂ ക്രമസമാധാനം പുനസ്ഥാപിക്കുകയും കാശ്മീർ ജനതയുടെ അഭിലാഷത്തെയാണ് അത് പ്രതിനിധാനം ചെയ്യുന്നത് എന്ന് ഒരു ഹിതപരിശോധനയിലൂടെ തെളിയിക്കപ്പെടുകയും ചെയ്തതിന് ശേഷമേ അതിന് സ്ഥിരീകരണം നൽകൂ..

                     മന്ത്രിസഭയുടെ നിബന്ധനകൾ മഹാരാജാവിനു സമർപ്പിക്കാനാണ് വി.പി മേനോനെ ശ്രീനഗറിലേക്കയച്ചത് അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്ദ്യോഗസ്ഥരോട് സൈനികനിലയെപ്പറ്റി പഠിക്കാനും ആവശ്യപ്പെട്ടിരുന്നു അവർ പറന്നുയർന്ന ഉടനെ ദക്ഷിണ പൂർവ്വേഷ്യയിലെ സഖ്യസേനകളുടെ മുൻ കമാൻഡർ കാശ്മിരിലേക്ക് വിമാനമാർഗ്ഗം പട്ടാളത്തെ അയക്കുക എന്ന ചരിത്രപരമായ നടപടികൾക്കുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചു ഇന്ത്യയിലെ സിവിൽ വിമാനങ്ങളോട് അവരപ്പോൾ എവിടെയാണോ അവിടെ യാത്രക്കാരെ ഉപേക്ഷിച്ച് ഡൽഹിയിലേക്ക് വരാൻ ആജ്ഞാപിച്ചു. ആക്രമണ വിധേയനായ മഹാരാജാവ് വി.പി മേനോൻ്റെ നിർദേശപ്രകാരം തലസ്ഥാനം വിട്ട് ജമ്മുവിലേക്ക് പലായനം ചെയ്തു തങ്ങൾ നൽകുന്ന സഹായത്തിന് പകരമായ് ഏത് നിബന്ധനയും അംഗീകരിക്കാൻ മഹാരാജാവ് തയ്യാറാണെന്ന് തൻ്റെ സഹപ്രവർത്തകരെ അറിയിക്കാൻ വി.പി മേനോൻ ഡൽഹിയിലേക്ക് മടങ്ങി

                  പതിനേഴ്മണിക്കൂർ യാത്രകഴിഞ്ഞ് ക്ഷീണിതനായ് ജമ്മുവിലെത്തിയ ഹരിസിങ്ങ് ഉടൻതന്നെ വിശ്രമിക്കാനായ് സ്വകാര്യമുറിയിലേക്ക് നീങ്ങി ഉറങ്ങുന്നതിന് മുൻപ് പരിചാരകൻമാരിലൊരാളെ വിളിച്ച് ഭരണകർത്താവായ മഹാരാജാവെന്ന നിലക്കുള്ള അവസാന ഉത്തരവ് നൽകി വി.പി മേനോൻ ഡൽഹിയിൽ നിന്ന് മടങ്ങി എത്തുകയാണങ്കിൽ മാത്രം എന്നെ വിളിച്ചുണർത്തുക ഇന്ത്യ എൻ്റെ സഹായത്തിനെത്തി എന്നതാണല്ലോ അതിനർത്ഥം പുലർച്ചയ്ക്ക് മുൻപ് അദ്ദേഹം വന്നില്ലങ്കിൽ എൻ്റെ കൈത്തോക്ക് ഉപയോഗിച്ച് ഉറക്കത്തിൽ തന്നെ വെടിവെച്ച് കൊന്നേക്കുക കാരണം അദ്ദേഹം വരുന്നില്ല എന്നതിനർത്ഥം എല്ലാം അവസാനിച്ചു എന്നാണ്

             വി.പി മേനോനും സംഘവും തങ്ങളുടെ റിപ്പോർട്ട് രാജ്യരക്ഷാ കമ്മിറ്റിക്ക് മുമ്പാകെ വച്ചു മഹാരാജാവ് കാശ്മീർ ഇന്ത്യക്ക് നൽകാൻ അവസാനം തയ്യാറായിട്ടുണ്ട് പക്ഷേ പത്താൻ ആക്രമണകാരികൾ ശ്രീനഗറിന് 35 മൈൽമാത്രം ദൂരത്ത് എത്തിക്കഴിഞ്ഞു ഇന്ത്യക്ക് പട്ടാളത്തെ കൊണ്ട് ചെന്നിറക്കാൻ കഴിയുന്ന ഏക വിമാനത്താവളം ഏത്നിമിഷവും അവർ പിടിച്ചടക്കയേക്കും ഇന്ത്യൻ കരസേനയുടെയും വ്യോമസേനയുടെയും ബ്രിട്ടീഷുകാരായ മേധാവികൾ രണ്ട് പേരും സൈനികമായ ഇടപെടലിനെ എതിർത്തു വിദൂരപ്രദേശത്ത് ശത്രുമനോഭാവത്തോടെ പെരുമാറാനിടയുള്ള ആളുകൾക്കിടയിൽ പോയി നടത്തുന്ന പടനീക്കം ആപൽക്കരമായിരിക്കുമെന്ന് അവർ ചുണ്ടിക്കാട്ടി ഈ  പ്രശ്നത്തിൽ ഇന്ത്യയുടെ വികാര തീവ്രതയും നടപടികളെടുക്കാൻ മന്ത്രിസഭ ദൃഡ പ്രതിജ്ഞ എടുത്തിരിക്കന്നതും കൊണ്ട് മൗണ്ട് ബാറ്റൺ അവരുടെ നിർദേശം തള്ളുകയും മൗണ്ട്ബാറ്റൺ തൻ്റെ സൈനിക പരിചയ സമ്പത്തിൻ്റെ മുഴുവൻ പിന്തുണയും അവർക്ക് നൽകി.

                അടുത്ത പുലർവേളയിൽ തന്നെ പട്ടാളത്തെയും കൊണ്ട് വിമാനങ്ങൾ പറക്കാൻ തുടങ്ങാൻ അദ്ദേഹം ഉത്തരവിട്ടു സിവിലിയനായാലും മിലിട്ടറിയായാലും സാധ്യമായ മുഴുവൻ വാഹനങ്ങളും ഈ നീക്കത്തിന് പ്രയോജനപ്പെടുത്തണം പട്ടാള വിഭാഗങ്ങൾ കരവഴിക്ക് ആയുധങ്ങളും വെടിക്കോപ്പുകളും എ്തുന്നത് വരെ കാത്ത് നിന്നേ തീരൂ.. സൈനിക പ്രവർത്തനങ്ങൾക്കുള്ള തിരക്കിട്ട പ്രവർത്തനങ്ങൾ നടക്കുന്നതിനിടയൽ വി.പി മേനോനോട് കാശ്മീരിലേക്ക് പറക്കാൻ മൗണ്ട് ബാറ്റൺ പറഞ്ഞു മഹാരാജാവ് പരിചാരകന് തന്നെ വെടിവെച്ച് കൊല്ലാൻ പറഞ്ഞ സമയത്തിന് മുൻപ് തന്നെ വി.പി മേനോൻ അവിടെയെത്തി നിയമപരമായി ഇന്ത്യയിൽ കാശ്മീരിനെ ലയിപ്പിച്ചുകൊണ്ടുള്ള ലയനരേഖയിൽ ഒപ്പ് വെപ്പിച്ചു

                  ഒക്ടോബർ 27 ാം തിയതി തിങ്കളാഴ്ച്ച രാവിലെ ഒൻപത് DC 3 വിമാനങ്ങളിലായ് ഒന്നാം സിക്ക് റജിമെൻ്റിലെ 329 സൈനികരും 8 ടൺ ആയുധങ്ങളും ചെന്നിറങ്ങി ഇന്ത്യ കാശ്മീരിലേക്ക് അനുസ്യൂതം പ്രവഹിപ്പിച്ചുകൊണ്ടിരുന്ന സൈനികരുടെയും ആയുധങ്ങളുടെയും തുടക്കം മാത്രമായിരുന്നു  അത് ഇന്ത്യ കാശ്മീരിൽ ഒരു ലക്ഷം സൈനികരെ അണിനിരത്തി അൽഭുതമെന്ന് പറയട്ടെ ഇന്ത്യ കാശ്മീരിൽ നേടിയ പ്രാഥമിക വിജയത്തിന് കടപ്പെട്ടിരിക്കുന്നത് യൂറോപ്യൻമാരായ കുറച്ച് കന്യാസ്ത്രീകളോടാണ് ശ്രീനഗറിൽ നിന്ന് 30 നാഴികമാത്രം അകലെ ബാരമുള്ള എന്ന കൊച്ച് പട്ടണത്തിലായിരുന്നു അവരുടെ കോൺവെൻ്റെ് കാശ്മീരിൻ്റെ തലസ്ഥാനത്തേക്കും അതിൻ്റെ ജീവനാഡിയായ വിമാനത്താവളത്തിലേക്കും മുന്നേറാതെ ആ കോൺവെൻ്റെ് കൊള്ളചെയ്യാൻ നിന്ന പത്താൻ ഗോത്രവർഗ്ഗക്കാർ കാശ്മീർ പാകിസ്താനോട് ചേർക്കുന്ന ജിന്നയുടെ സ്വപ്നത്തിന് അന്ത്യം കുറിച്ചു അവർ ആ കന്യാസ്ത്രീകളെ ബലാൽസംഘം ചെയ്യുകയും കോൺവെൻ്റ് കൊള്ളയടിക്കുകയും അന്തേവാസികളെ കൊല്ലുകയും ചെയ്തു ഇത്മൂലം നെഹറുവിൻ്റെ ഭടൻമാർക്ക് കാശ്മീർ താഴ് വരയിൽ ചുവടുറപ്പിക്കാനുള്ള ഏതാനം മണിക്കൂറുകൾ ലഭിച്ചു.

                    പത്താൻമാർ ആക്രമണം തുടങ്ങുമ്പോഴേക്കും സമയം വൈകി കഴിഞ്ഞിരുന്നു ഇന്ത്യൻ പട്ടാളം അവരുടെ മുന്നേറ്റം തടഞ്ഞു ശ്രീനഗറിന് പുറത്ത് നടന്ന ഉഗ്രമായ ഒരു ഏറ്റുമുട്ടലിൽ ആക്രമികളെ സൈന്യം തുരത്തി പത്താൻകാർ ചിതറി പിന്തിരിഞ്ഞോടാൻ തുടങ്ങി രോഷാകുലനായ ജിന്ന വേഷം മാറിയ പാകിസ്ഥാൻ പട്ടാള വിഭാഗങ്ങളെ പത്താൻകാരെ സഹായിക്കാനായ് കാശ്മീരിലേക്കയച്ചു ഗോത്രവർഗ്ഗക്കാരിൽ നിന്ന് കൂടുതൽ സഹായം സ്വീകരിച്ചുകൊണ്ട് കുറെയേറെ മാസങ്ങൾകൂടി ആ കൊടും തണുപ്പിൽ യുദ്ധം തുടരുകയും ചെയ്തു.

                    അവസാനം പ്രശ്നം എെക്യരാഷ്ട്രസഭയിലെത്തി നെഹറുവിനെകൊണ്ട് മൗണ്ട്ബാറ്റൺ നിർബന്ധിച്ച് സമ്മതിപ്പിച്ച ഹിതപരിശോധന വിസ്മൃതമായ സദുദ്ദേശത്തോടുകൂടിയുള്ള വലിയ ഫയലിൽ മറഞ്ഞു. അങ്ങനെ 1948 ലെ യുദ്ധം ശ്രഷ്ടിച്ച രേഖകളിലൂടെ ആരാജ്യം വിഭജിതമായ് നിന്നു കാശ്മീർ താഴ് വര ഇന്ത്യയുടെ കയ്യിലും ഗിൽജിറ്റിന് സമീപമുള്ള ഉത്തരമേഖല പാകിസ്താൻ്റെ കയ്യിലുമായിട്ട്.

Monday, 1 July 2019

ഹരേധി (ഹാരെഡി) ജൂതൻമ്മാരും സയണിസവും

ഹരേധി (ഹാരെഡി) ജൂതൻമ്മാരും സയണിസവും

കടപ്പാട്: ഓസ്കർ - ചരിത്രാന്വേഷികൾ

     കുറച്ചു നാൾ മുൻപ് ഇവരെ കുറിച്ചു ഒരു പോസ്റ്റ് ഇട്ടപ്പോൾ പലരും ഇങ്ങനെ ഒരു വിഭാഗം ഇല്ല എന്നാണ് സംസാരിച്ചത് അതിൽ അന്ന്‌ യൂ ട്യൂബ് വീഡിയോ ലിങ്ക് വരെ കൊടിത്തിരുന്നു ലോകത്തിൽ പല കാര്യങ്ങളും നമുക്കു അനുകൂലം ആയതും പ്രതി കൂലം ആയതും ഉണ്ട് അതു അംഗീകരിക്കുക  എന്തയാലും കാര്യത്തിലേക്ക് കടക്കാം

ഇസ്രയേല്‍ സമാധാനപ്രസ്ഥാനത്തിലെ ആക്ടീവിസ്റും പ്രമുഖ കോളമിസ്റുമായ യൂറി ആറ്നേറി (Uri Avnery)  ആണ് ഈ ഗോത്രത്തെ കുറിച്ചു കൂടുതൽ ആയി എഴുതിയിട്ടുള്ളത്  ഓര്‍ത്തഡക്സ് ജൂതന്മാരാണ് ആണ് ഹാരെഡികള്‍ (Haredim)എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. ‘ദൈവഭക്തര്‍’ എന്നാണു ഹീബ്രുഭാഷയില്‍ ഈ പദത്തിനര്‍ത്ഥം. (ഹീബ്രുവില്‍ ബഹുവചനത്തെ കുറിക്കാനുപയോഗിക്കുന്നതാണ് ഒടുവിലത്തെ അക്ഷരമായ ‘ന്ന.’) ഇസ്രയേല്‍ സ്റേറ്റിന്റെ ഭാഗമായി അവര്‍ തങ്ങളെ പരിഗണിക്കുന്നില്ല എന്നാണ്  ഇവരുടെ പക്ഷം സാധാരണ ഇസ്രയേലികളില്‍നിന്ന് ഭിന്നരായ ‘ഹാരെഡി’കള്‍ക്ക് ഫ്രഞ്ച്, ജര്‍മന്‍, പോളിഷ് ജൂതന്മാരുമായും സാമ്യതയില്ല.
യരൂശലേമിന്റെ ഭാഗമായ ബെനീബറാക് (Bnei Brak) നഗരത്തിലും അധിനിവിഷ്ഠ പ്രദേശങ്ങളിലെ വിപുലമായ സെറ്റില്‍മെന്റുകളിലുമുള്ള ‘ഗെറ്റോ’ കളിലാണ് ഇവരുടെ പാര്‍പ്പിടം. ‘ഗെറ്റോ’ എന്ന് പറയുമ്പോള്‍ മുമ്പ് ക്രൈസ്തവ ഭരണകൂടം അടിച്ചേല്പിച്ചത്പോലുള്ള പീഢാകരമായ ഒറ്റപ്പെടുത്തല്‍ അല്ല അര്‍ത്ഥമാക്കുന്നത്; അവര്‍ സ്വയം സ്വീകരിച്ച ഒറ്റപ്പെടലാണ്. പൊതുജനങ്ങളില്‍നിന്ന് വേര്‍പ്പെട്ടു ജീവിക്കേണ്ടത് ഓര്‍ത്തഡോക്സ് ജൂതന്മാരുടെ ആവശ്യമാണ്. കാരണം, അതിലാണ് അവര്‍ സ്വത്വ സുരക്ഷിതത്വം കാണുന്നത്. പ്രധാനമായും അവര്‍ ഇങ്ങനെയൊരു രീതി സ്വീകരിക്കുന്നത് വിശ്വാസത്തിന്റെ തന്നെ ഭാഗമായയട്ടാണ്. ശനിയാഴ്ച ‘സാബത്ത്’ ആചരിക്കാന്‍ നടന്നെത്താവുന്ന ദൂരത്തിലായിരിക്കണം അവരെ സംബന്ധിച്ചിടത്തോളം സിനഗോഗ്. ‘ഖോഷല്‍’ ഭക്ഷണം

 നിര്‍ബ്ബന്ധം. ഇസ്രയേലിലാകട്ടെ മറ്റെവിടെയാകട്ടെ ഇത്തരം മതചിട്ടകള്‍ കര്‍ശനമായി പാലിക്കുന്നവരാണ് അവര്‍. ഇതിനേക്കാളൊക്കെ പ്രധാനം മറ്റുള്ളവരുമായുള്ള സമ്പര്‍ക്കം ഒഴിവാക്കലാണ്. എന്നത്തേക്കാള്‍ പ്രലോഭനങ്ങള്‍ ശക്തമായ ഇക്കാലത്ത് പാപകൃത്യങ്ങളില്‍ ചെന്ന് ചാടാതിരിക്കണമെങ്കില്‍ ഇതാവശ്യമാണെന്ന് അവര്‍ കരുതുന്നു. നഗ്നമേനികളെ ആഘോഷിക്കുന്ന ടി. വി. പരിപാടികളുടെയും അശ്ളീല പരസ്യങ്ങളുടെയും ഇന്റെര്‍നെറ്റിലെ പോര്‍ണോഗ്രാഫി കുത്തൊഴുക്കിന്റെയും ആകര്‍ഷണവലയത്തില്‍നിന്നും പാപനിര്‍ഭരമായ ഇസ്രയേലി ജീവിതരീതിയില്‍ നിന്നും സ്വന്തം കുട്ടികള്‍ക്ക് സുരക്ഷാവലയമായിട്ടാണ് ഒറ്റപ്പെട്ട കമ്യൂണ്‍ ജീവിതം അവര്‍ തെരഞ്ഞെടുക്കുന്നത്.
രണ്ടര നൂറ്റാണ്ടു മുമ്പുവരെ ലോകത്തെങ്ങുമുള്ള ജൂതന്മാരുടെ അനുഷ്ഠാന ജീവിതം ഇങ്ങനെയൊക്കെ തന്നെയായിരുന്നുവെന്നാണ് യൂറി അവ്നേറി പറയുന്നത്. ഈ ജൂദായിസത്തിന്നെതിരെയുള്ള കലാപമായിരുന്നു സയണിസം എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. തിയോഡര്‍ ഹര്‍സല്‍
 സയണിസ്റ് ആശയവുമായി അരങ്ങിലെത്തുന്നതുവരെ കിഴക്കന്‍ യൂറോപ്പിലെ മിക്കവാറും ജൂതസമൂഹം റബ്ബിമാരുടെ ചട്ടക്കൂട്ടില്‍ ഗെറ്റോ സമാനമായ ഒരു യാഥാസ്ഥിതികാന്തരീക്ഷത്തിലായിരുന്നു ജീവിച്ചുപോന്നിരുന്നത്. റബ്ബിമാരില്‍ വളരെ ചുരുക്കം പേരൊഴികെ എല്ലാവരും സയണിസത്തെ ഏറ്റവും വലിയ ശത്രുവായിട്ടായിരുന്നു കണ്ടിരുന്നത്. ക്രൈസ്തവര്‍ക്ക് അന്തിക്രിസ്തുവും മുസ്ലിംകള്‍ക്ക് ദജ്ജാലു പോലെയായിരുന്നു അവര്‍ക്ക് സയണിസം.
ഉന്മാദ ദേശീയത്വത്തിന്റെ വക്താക്കളായിരുന്നു സയണിസ്റുകള്‍. മനുഷ്യസമൂഹം പ്രാഥമികമായി വമശീയവും ഭാഷാപരവും ദേശാതിര്‍ത്തിപരവുമായ അധിഷ്ഠാനത്തിലാണു മതാധിഷ്ഠാനത്തിലല്ല നിലനില്ക്കുന്നതെന്ന പുതിയ യൂറോപ്യന്‍ പരികല്പനയോട് പ്രതിബദ്ധത പുലര്‍ത്തുന്നവരാണവര്‍. ഈ സയണിസ്റ് സിദ്ധാന്തം ജൂതവിശ്വാസവുമായി ഏറ്റുമുട്ടുന്നതാണെന്ന യൂറി നെവിനെറി പറയുന്നു. കാരണം ദൈവ വിധേയമായി ഏകീകരിക്കപ്പെട്ട യഹോവയുടെ ജനതയാണു തങ്ങളെന്നാണു യഹൂദവിശ്വാസ പ്രമാണം. തെരഞ്ഞെടുത്ത തന്റെ ജനതയെ യഹോവ നാടു കടത്തിയത് അവരുടെ പാപകൃത്യങ്ങളുടെ ഫലമായിട്ടാണെന്നാണു
 ജൂതവിശ്വാസം. ഒരു നാള്‍ യഹോവ അവര്‍ക്ക് മാപ്പരുളുകയും മരിച്ചവര്‍ ഉള്‍പ്പെടെയുള്ള ജൂതന്മാരെ യരൂശലേമിലേക്ക ആനയിക്കാന്‍ മിശിഹായെ അയക്കുകയും ചെയ്യുമെന്ന് അവര്‍ വിശ്വസിക്കുന്നു. ആ ദൌത്യം സ്വയം ഏറ്റെടുത്ത സയണിസ്റുകള്‍ ചെയ്യുന്നത് ഒരു വന്‍ പാപം മാത്രമല്ല, വിശുദ്ധ ഭൂമിയിലേക്ക് കൂട്ടായി പ്രവേശിക്കരുതെന്ന ദേവ കല്പനക്കെതിരെ കലാപം നടത്തുക കൂടിയാണെന്ന് ഹാരെഡി വിഭാഗം ആരോപിക്കുന്നു.
ഹര്‍സലും സയണിസത്തിന്റെ സ്ഥാപക പിതാക്കളുമൊക്കെ നിരീശ്വരവാദികളായിരുന്നുവെന്നതാണ് മറ്റൊരു രസകരമായ സംഗതി. ഭാവി ജൂതരാഷ്ട്രത്തില്‍ റബ്ബിമാരുടെ സ്ഥാനം, പട്ടാള ഓഫീസര്‍മാര്‍ ബാരക്കുകളിലെന്നപോലെ, സിനഗോഗില്‍ പരിമിതമായിരിക്കുമെന്ന് ഹര്‍സല്‍ എഴുതുകയുണ്ടായി. അക്കാലത്തെ റബ്ബിമാര്‍ക്കൊന്നും ഹര്‍സലിനോടു മമതയുണ്ടായിരുന്നില്ലെന്നാണ് യൂറി അവനേറി പറയുന്നത്. യഹൂദ ജനതയെ പഴയ മതത്തില്‍നിന്ന് എങ്ങനെ പുതിയ ദേശീയതയിലേക്ക് വിളക്കിച്ചേര്‍ക്കാമെന്നത് ഹര്‍സലിന് ഒരു പ്രശ്നമായിരുന്നു. പുരാതന യഹൂദജനതയുടെ പുതിയ രൂപാന്തരതുടര്‍ച്ചതന്നെയാണു സയണിസ്റ് രാഷ്ട്രം എന്ന കഥ മെനഞ്ഞു കൊണ്ടാണു ഹര്‍സല്‍ പ്രശ്നം
പരിഹരിച്ചത്. യഹൂദമതത്തിന്റെ പ്രതീകങ്ങള്‍ ‘മോഷ്ടി’ച്ചുകൊണ്ടു ഹര്‍സല്‍ അവയ്ക്ക് ദേശീയ വര്‍ണം പകര്‍ന്നു. യഹൂദ പ്രാര്‍ത്ഥനാംഗ വസ്ത്രം സയണിസ്റ് പതാകയാക്കി. ‘മെനോര’ (menora-ക്ഷേത്ര മെഴുക് തിരിക്കാലുകള്‍) സ്റേറ്റിന്റെ അടയാളമാക്കി. ദാവീദിന്റെ നക്ഷത്രങ്ങളെ പരമോന്നത ദേശീയ മുദ്രയാക്കി. എല്ലാ മതാഘോഷദിനങ്ങളും പുതിയ ദേശീയ ചരിത്രത്തിന്റെ ഭാഗമാക്കി. ഇന്ത്യയിലെ ഹിന്ദുത്വരുടെ സമീപനത്തിന് ഇതുവരെയുള്ള താദാത്മ്യം ശ്രദ്ധേയമാണു. ഹര്‍സലിന്റെ തന്ത്രങ്ങള്‍ വിജയം കണ്ടു എന്നതാണ് സത്യം. യാഥാസ്ഥിതിക ഹെരെഡികള്‍ ഒഴികെ മിക്കവാറും എല്ലാ ഇസ്രയേലി ജൂതന്മാരും ഫലത്തില്‍ ഇതൊരു വേദസത്യം പോലെ അംഗീകരിച്ചു. എന്നാല്‍ തങ്ങള്‍ മാത്രമാണു യഥാര്‍ത്ഥ ജൂതന്മാരും സഹസ്രാബ്ദങ്ങള്‍ നീണ്ടുകിടക്കുന്ന യഹൂദചരിത്രത്തിന്റെ നേരവകാശികളുമെന്നാണു ഓര്‍ത്തഡോക്സ് ജൂതന്മാരുടെ അവകാശവാദം.
ഇസ്രയേല്‍ രാഷ്ട്രം കെട്ടിപ്പടുക്കുന്നവര്‍ക്ക് നില്ക്കാനുള്ള മരത്തട്ടുമാത്രമാണു സയണിസ്റ് പ്രസ്ഥാനമെന്നും രാഷ്ട്ര നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതോടെ അത് അപ്രസക്തമായിത്തീരുമെന്നും കടുത്ത സയണിസ്റായിരുന്ന ഡേവിഡ് ബെന്‍ ഗൂറിയാന്‍
എഴുതിയിട്ടുണ്ട്. ഇസ്രയേല്‍ ഒരു യഹൂദ രാഷ്ട്രമാണെന്ന
ഇതര ജൂതന്മാരില്‍നിന്ന് എല്ലാ നിലയ്ക്കും വേര്‍പിരിഞ്ഞൊരു ജീവിതമാണ് ഓര്‍ത്തഡക്സു ജൂതന്മാര്‍ നയിക്കുന്നത്. ഭാഷ പോലും ഭിന്നമാണ്. യിഡ്ഡിഷാണു അവരുടെ സംസാരഭാഷ. വേഷവിധാനം വ്യത്യസ്തമാണ്. തങ്ങളുടേതായ പ്രത്യേക വിദ്യാലയങ്ങളിലാണു സ്വന്തം കുട്ടികളെ അവര്‍ പഠിപ്പിക്കുന്നത്. അവിടെ ഇംഗ്ളീഷോ ഗണിതമോ മതേതര സാഹിത്യമോ മറ്റ് ജനങ്ങളുടെ ചരിത്രമോ പഠിപ്പിക്കുന്നില്ല. സാധാരണ ഇസ്രയേലിയുടെ വീട്ടില്‍ ഓര്‍ത്തഡക്സു ജൂതന്‍ ഭക്ഷണം കഴിക്കുകയില്ല. സ്വന്തം മക്കളെ വിവാഹം കഴിച്ചുകൊടുക്കുകയുമില്ല.
സ്ത്രീകളോടുള്ള മനോഭാവവും കര്‍ക്കശമാണ്. ലിംഗസമത്വത്തിന് ഓര്‍ത്തഡക്സ് വിഭാഗത്തില്‍ യാതൊരു സ്ഥാനവുമില്ല. സ്ത്രീകള്‍ തന്നെയും പ്രജനനോപകരണമായാണു സ്വയം കരുതുന്നത്. കുട്ടികളുടെ എണ്ണമനുസരിച്ചാണു സ്ത്രീയുടെ പദവി കൂടുക. പത്തും പന്ത്രണ്ടും കുട്ടികളുള്ള ദമ്പതികള്‍ ഏറെയാണ്.
വളരെ തീവ്രവാദ നിലപാട് സ്വീകരിക്കുന്നവരാണെങ്കിലും ഭരണകൂടം ഇവരെ തൊടാറില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പു ‘രാജപാത’ എന്ന ശീര്‍ഷകത്തില്‍ ഒരു റബ്ബിയുടെ കൃതി ഇസ്രയേലില്‍ പുറത്തിറങ്ങിയത് യൂറി അവ്നേറി അനുസരിക്കുന്നുണ്ട്. ജൂതന്മാരല്ലാത്ത കുട്ടികളെ കൊല്ലുന്നത് ന്യായീകരിക്കുന്നതായിരുന്നതിലെ ഒരു പരാമര്‍ശം. അത്തരം കുട്ടികള്‍ വളരുമ്പോള്‍ ജൂതന്മാരെ കൊല്ലുമെന്ന് ആശങ്കയുണ്ടെങ്കില്‍ അവരെ വധിക്കുന്നതില്‍ തെറ്റില്ലെന്നാണു പുസ്തകം പറയുന്നത്. മുതിര്‍ന്ന പല റബ്ബിമാരും അംഗീകാരം നല്കിയ ഈ പുസ്തകം ഇസ്രയേലില്‍ വലിയ ഒച്ചപ്പാടു സൃഷ്ടിക്കുകയുണ്ടായി. സമര്‍ദ്ദങ്ങള്‍ക്ക് വിധേയമായി പോലീസു കുറ്റാന്വേഷണം തുടങ്ങിയതായിരുന്നു. പക്ഷേ, അവസാനം അറ്റോര്‍ണി ജനറല്‍ ഇടപെട്ടു. പ്രൊസിക്യൂഷന്‍ ഒഴിവാക്കുകയാണുണ്ടായത്. റബ്ബിമാര്‍ വേദസൂക്തം ഉദ്ധരിക്കുക മാത്രമാണു ചെയ്തതെന്നായിരുന്നു അറ്റോര്‍ണി ജനറലിന്റെ ന്യായം. ഓര്‍ത്തഡക്സുകാരെക്കൊണ്ട് ഗുണമുണ്ടെന്ന് ഭരണകൂടം കരുതുന്നുണ്ടാകാം.

ഇവരുടെ കുറെ വിചിത്ര കാഴ്ചപ്പാടുകൾ
**************************
1) ഇവർ ഇസ്രെയേൽ എന്ന രാജ്യത്തെ പ്രവർത്തികൾ അംഗീകരിക്കുന്നില്ല ഇവരുടെ അഭിപ്രായത്തിൽ  ദൈവത്തിന്റെ കല്പന ധിക്കരിച്ചു ഉണ്ടാക്കിയ രാജ്യമാണ് ഇസ്രെയേൽ എന്നാണ് കാരണം ഇവരാണ് ഫ്രീ പലസ്‌തീൻ എന്ന പരിപാടിക്ക് ഏറ്റവും കൂടുതൽ പിന്തുണ കൊടുക്കുന്നത്
2)ഹോളോ  കോസ്റ്റിനെ കുറിച്ചു ചോദിച്ചാൽ അതെല്ലാം ദൈവം തന്ന ശിക്ഷ ആണ് എന്നും അതിനാൽ ദൈവത്തോട് മാപ്പു അപേക്ഷിക്കണം എന്നും ആണ് ഇവരുടെ പക്ഷം
3) ഇസ്രയേൽ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ഇവരുടെ ജനസംഖ്യാ വർധനവ് തന്നെ കാരണം ഇവരുടെ പോപ്പുലേഷൻ 2050 ആകുമ്പോൾ 4 ഇരട്ടിയിൽ അധികം ആകും എന്നാണ് ഇപ്പോൾ ഏകദേശം 9%ഉണ്ട്
        ഇവരെ കുറിച്ചു കൂടുതൽ അറിയാൻ യൂ ട്യൂബ് പോയാൽ മതി അവരുടെ പ്രതിഷേധം കമെന്റ് സമരരീതി എല്ലാം കാണാൻ സാധിക്കും
കടപ്പാട്:-വി എ കബീർ
2012 മാതൃഭൂമിയിൽ ഇതേ കുറിച്ചു ഒരു ലേഖനം തന്നെ ഉണ്ടായിരുന്നു.


Search This Blog