Thursday, 7 June 2018

ക്യൂബൻ മിസൈൽ പ്രതിസന്ധി




ക്യൂബൻ മിസൈൽ പ്രതിസന്ധി

Courtesy; Shan Salim- Charithraanveshikal



1962 ഒക്ടോബറിൽ, സോവിയറ്റ് യൂണിയൻ, ക്യൂബ എന്നിവർ ഒരു വശത്തും അമേരിക്കൻ ഐക്യനാടുകൾമറുവശത്തുമായി 13 ദിവസം നേർക്കുനേർ യുദ്ധസജ്ജരായി നിന്ന സംഘർഷാവസ്ഥയാണ് ക്യൂബൻ മിസൈൽ പ്രതിസന്ധിഎന്നറിയപ്പെടുന്നത്. ക്യൂബയിൽ ഇത് ഒക്ടോബർ സംഘർഷം എന്നും അറിയപ്പെടുന്നു. അമേരിക്കൻ, സോവിയറ്റ് ചേരികൾ തമ്മിലുള്ള ശീതസമരത്തിലെമുഖ്യസംഘർഷങ്ങളിലൊന്നായിരുന്നു മിസൈൽ പ്രതിസന്ധി. ശീതസമരം എന്നത്തെക്കാളുമധികമായി ഒരു ആണവയുദ്ധത്തിന്റെ അടുത്തെത്തിയത് ഈ അവസരത്തിലാണ്.ഉറപ്പായ പരസ്പരവിനാശത്തിന്റെ ഭീക്ഷണി ഒരു രാഷ്ട്രാന്തര സന്ധിക്കു പ്രേരണയാകുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുള്ള ആദ്യസന്ദർഭവും ഇതാണ്.
1961 ൽ അമേരിക്ക ക്യൂബക്കു നേരെ നടത്തിയ ബേ ഓഫ് പിഗ്സ്‌ ആക്രമണംഎന്നറിയപ്പെടുന്ന സൈനികമുന്നേറ്റത്തുടർന്നാണ് റഷ്യക്യൂബയിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നികിത ക്രൂഷ്ചേവും, ഫിദൽ കാസ്ട്രോയും തമ്മിൽ നടന്ന രഹസ്യചർച്ചയുടെ ഫലമായാണ് ഈ പുതിയ തീരുമാനം ഉണ്ടായത്. ഭാവിയിൽ അമേരിക്കയുടെ ഭാഗത്തു നിന്നും ഉണ്ടായേക്കാവുന്ന ഒരു ആക്രമണത്തിനെതിരേയുള്ള മുൻകരുതൽ എന്ന രീതിയിലാണ് ക്യൂബ ഈ മിസ്സൈൽ പരിപാടിയെ കണ്ടതെങ്കിൽ, അമേരിക്ക തുർക്കിയിൽ സ്ഥാപിച്ചിട്ടുള്ള ആണവ മിസ്സൈലുകൾക്കു ഒരു മറുപടിയായാണ് റഷ്യ ഇതിനെ കണ്ടത്. ഒക്ടോബർ 14 ന് അമേരിക്കയുടെ യു-2 വിമാനങ്ങൾ ക്യൂബയുടെ തീരങ്ങളിൽ സ്ഥാപിക്കുന്ന മദ്ധ്യദൂര മിസ്സൈലുകളുടെ ചിത്രങ്ങളെടുത്തു. ഒക്ടോബർ 15 ന് പുറത്തു വന്ന ഈ ചിത്രങ്ങൾ 13 ദിവസം നീണ്ടു നിന്ന സംഘർഷത്തിനു കാരണഹേതുവായി.
ക്യൂബക്കെതിരേ ഒരു യുദ്ധത്തിനു ഒരുക്കം നടത്തിയ അമേരിക്ക, അവസാനം ഉപരോധം എന്ന നിലയിലേക്ക് മാറി. അതോടൊപ്പം തന്നെ റഷ്യയുടെനിർമ്മാണത്തിലിരിക്കുന്ന എല്ലാ മിസ്സൈലുകളും ഉടനടി ക്യൂബയിൽ നിന്നും പിൻവലിക്കാൻ ക്രെംലിനോട് ആവശ്യപ്പെടുകയും ചെയ്തു. റഷ്യ തങ്ങളുടെ ആവശ്യത്തിനു മുന്നിൽ വഴങ്ങുമെന്ന് അമേരിക്ക വിചാരിച്ചു, അതോടൊപ്പം തന്നെ ഒരു യുദ്ധത്തിനുള്ള സാദ്ധ്യത ഇരു രാജ്യങ്ങളും തള്ളിക്കളഞ്ഞുമില്ല. ക്യൂബക്കുമേലുള്ള ഉപരോധം ശരിയായ നടപടിയല്ലെന്ന് ക്രൂഷ്ചേവ് കെന്നഡിക്കയച്ച ഒരു കത്തിൽ വ്യക്തമാക്കി. അതോടൊപ്പം തന്നെ ഇരു രാജ്യങ്ങളും പ്രശ്നപരിഹാരത്തിനുള്ള ശ്രമങ്ങളും ആരംഭിച്ചു. റഷ്യയുടെയുദ്ധക്കപ്പലുകൾ ക്യൂബക്കു ചുറ്റും ഒരു പ്രതിരോധവലയം സൃഷ്ടിച്ചു. സംഘർഷത്തിന്റെ മൂർദ്ധന്യാവസ്ഥയിൽ അമേരിക്കൻ നാവികസേന, വെടിവെയ്പാരംഭിച്ചു. തിരികെ പ്രതികരിച്ച റഷ്യൻ യുദ്ധക്കപ്പലിൽ നിന്നുള്ള വെടിയേറ്റ് അമേരിക്കയുടെ ഒരു യു-2 വിമാനം നിലംപതിച്ചു.
1962 ഒക്ടോബർ 28 ന് പ്രതിസന്ധിക്ക് അവസാനമായി. ഐക്യരാഷ്ട്രസഭയുടെഇടപെടലോടെ ക്യൂബയിൽ നിന്നും മിസ്സൈലുകൾ തിരികെ റഷ്യയിലേക്കുകൊണ്ടുപോകാൻ ക്രൂഷ്ചേവ് സമ്മതിച്ചു. ഇതിനു പകരമായി, അമേരിക്ക ഒരിക്കലും ക്യൂബയെ ആക്രമിക്കില്ല എന്നും തുർക്കിയിൽ സ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകൾ നീക്കം ചെയ്യുമെന്നും സമ്മതിച്ചു. ഈ കരാർ നിലവിൽ വന്നതോടെ, അമേരിക്ക ക്യൂബക്കുമേൽഏർപ്പെടുത്തിയിരുന്ന ഉപരോധം പിൻവലിച്ചു. ഈ പിൻമാറ്റത്തെ സോവിയറ്റ് യൂണിയൻ നടത്തിയ വഞ്ചന എന്നാണ് ക്യൂബൻ നേതാവായ ചെ ഗുവേരവിശേഷിപ്പിച്ചത്. മിസ്സൈലുകൾ തങ്ങളുടെ നിയന്ത്രണത്തിലായിരുന്നെങ്കിൽ ക്യൂബഅമേരിക്കയെ ആക്രമിക്കാൻ മടിക്കില്ലായിരുന്നു എന്നു ചെ ഗുവേരഅഭിപ്രായപ്പെട്ടു..
തുടക്കം
--------
ഇരുപക്ഷത്തുനിന്നുമുള്ള പ്രകോപനപരമായ അനേകം രാഷ്ട്രീയനീക്കങ്ങൾക്കും കാസ്ട്രോയുടെ ഭരണത്തെ അട്ടിമറിക്കാനായി അമേരിക്ക സംഘടിപ്പിച്ച "ബേ ഓഫ് പിഗ്സ്‌ ആക്രമണത്തിന്റെ" പരാജയത്തിനും ശേഷം, ഭാവി അമേരിക്കൻആക്രമണങ്ങളെ തടയാനായി ക്യൂബയിൽസോവിയറ്റ് ആണവ മിസൈലുകൾ സ്ഥാപിക്കുകയെന്ന ആശയം 1962 മേയ് മാസത്തിൽ സോവിയറ്റ് നേതാവ് നികിത ക്രൂഷ്ച്ചേവ് കാസ്ട്രോയുടെ പരിഗണനക്കു വച്ചു. ക്യൂബക്കെതിരേയുള്ള അമേരിക്കൻആക്രമണം തടയുക എന്നതായിരുന്നു പ്രധാനമായി പറഞ്ഞിരുന്നതെങ്കിലും അമേരിക്കയുടെ സുപ്രധാന നഗരങ്ങളിലേക്കു ലക്ഷ്യം വെക്കാവുന്ന ദൂരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കുക എന്നതായിരുന്നു റഷ്യയുടെ പ്രധാന അജണ്ട. 1960 കളിൽ റഷ്യയുടെ കൈവശമുണ്ടായിരുന്ന ആണവമിസ്സൈലുകൾ വിശ്വാസ്യതയുടെ കാര്യത്തിലും, സൂക്ഷ്മതയുടെ കാര്യത്തിലും പിന്നോക്കം നിൽക്കുന്നവയായിരുന്നു.ശീതയുദ്ധത്തിന്റെ തുടക്കത്തിൽ അമേരിക്കയിലെ പ്രധാന നഗരങ്ങളെ ലക്ഷ്യം വെക്കാവുന്ന തരത്തിൽ മിസ്സൈലുകൾ സ്ഥാപിക്കാൻ റഷ്യക്കുമാർഗ്ഗങ്ങളില്ലായിരുന്നു. റഷ്യയിൽ നിലവിൽ സ്ഥാപിച്ചിരുന്ന മിസ്സൈലുകൾ അലാസ്ക നഗരത്തെ തകർക്കുമായിരുന്നെങ്കിലും, അമേരിക്കയുടെ മറ്റു പ്രദേശങ്ങളിലേക്കെത്തിച്ചേരാനുള്ള കഴിവ് അത്തരം മിസ്സൈലുകൾ കൈവരിച്ചിരുന്നില്ല. എന്നാൽ ക്യൂബൻതീരങ്ങളിൽ സ്ഥാപിക്കുന്ന മിസ്സൈലുകൾ അമേരിക്കയുടെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലേക്കും കൃത്യമായി അയക്കുവാൻ കഴിയും എന്നുള്ള കാരണത്താലാണ് ക്യൂബയിൽ ഈ മിസ്സൈൽ വിന്യാസം നടത്താൻ റഷ്യയെപ്രേരിപ്പിച്ചത് എന്ന് വിദഗ്ദർ പറയുന്നു.1962 ൽ റഷ്യയുടെ സുപ്രധാന നഗരങ്ങളെ ലക്ഷ്യം വെച്ച് അമേരിക്ക തുർക്കിയുടേയും, ഇറ്റലിയുടേയും തീരങ്ങളിൽ ജൂപ്പിറ്റർ എന്ന ആണവമിസ്സൈലുകൾ സ്ഥാപിച്ചിരുന്നു.ഈ ആണവഭീഷണിക്കു പകരം എന്ന നിലയിൽ കൂടിയാണ് ക്യൂബയിൽമിസ്സൈലുകൾ സ്ഥാപിക്കാൻ ക്രൂഷ്ചേവ്തീരുമാനിച്ചത്. ഇതു കൂടാതെ അമേരിക്കൻ/ബ്രിട്ടൻ/ഫ്രഞ്ച്കോളനിയായിരുന്ന പാശ്ചാത്യ ജർമ്മനിയെ കമ്മ്യൂണിസത്തിന്റെ അധികാരപരിധിയിൽ കൊണ്ടുവരുവാൻ ക്രൂഷ്ചേവ് തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി, ശീതയുദ്ധത്തിന്റെ പ്രധാന ഭാഗമായി റഷ്യ കണ്ടിരുന്നത് പാശ്ചാത്യ ജർമ്മനിയായിരുന്നു. മാത്രവുമല്ല, പാശ്ചാത്യ ജർമ്മനിയിലുള്ള യൂറോപ്യൻ ആധിപത്യം കിഴക്കൻ ജർമ്മനിക്ക് ഒരു ഭീഷണിയായേക്കുമെന്നും ക്രൂഷ്ചേവ് കരുതിയിരുന്നു.
ഓപ്പറേഷൻ അനാദിർ
__________________
ജൂലൈ മാസത്തിൽ ക്രൂഷ്ചേവുംകാസ്ട്രോയുമായി നടന്ന രഹസ്യകൂടിക്കാഴ്ചയിൽ, ക്യൂബയിൽമിസൈൽ താവളങ്ങൾ നിർമ്മിക്കാൻ തീരുമാനമാവുകയും താമസിയാതെ നിർമ്മാണം തുടങ്ങുകയും ചെയ്തു. 1962 ജൂലൈ-സെപ്തംബർ കാലത്തേക്ക് 40000 ഓളം വരുന്ന റഷ്യൻ സൈനികർ ഓപ്പറേഷൻ അനാദിർ എന്നറിയപ്പെടുന്ന ഈ പദ്ധതിക്കു വേണ്ടി സജ്ജരായി. വളരെ രഹസ്യമായാണ് ഈ സായുധ സേനയെ റഷ്യ ക്യൂബൻ തീരങ്ങളിൽ ഇറക്കിയത്. ആർമി ജനറൽ ഇസ്സ പ്ലിയേവ് ആയിരുന്നു ഈ സംഘത്തെ നയിച്ചിരുന്നത്.
1962 ആഗസ്റ്റ് മാസത്തിൽ ക്യൂബയിൽനടക്കുന്ന ഈ നിർമ്മാണ പ്രവർത്തനങ്ങളെക്കുറിച്ച് അമേരിക്കൻ ഇന്റലിജൻസ് വിഭാഗത്തിന് തെളിവുകൾ ലഭിച്ചിരുന്നു. ക്യൂബയിൽ കണ്ട റഷ്യൻനിർമ്മിത മിഗ്-21 വിമാനങ്ങളും, ചില ബോംബർ വിമാനങ്ങളും അമേരിക്കയുടെസംശയങ്ങൾക്ക് ആക്കം കൂട്ടി. 1962 ഒക്ടോബർ 14-ആം തിയതി ചാര ദൗത്യവുമായി ക്യൂബക്കു മേൽ പറന്നു കൊണ്ടിരുന്ന യു-2 വിമാനത്തിലെ വൈമാനികനായ ഹൈസർക്ക കിട്ടിയ അപ്രതീക്ഷിത ചിത്രങ്ങളാണ് ഈ മിസ്സൈൽ തറകളുടേത്. ഒക്ടോബർ 14 രാവിലെ 7.43 നാണ് ഈ സുപ്രധാന ചിത്രങ്ങൾ യു-2 വിമാനത്തിന്റെ ക്യാമറകളിൽ പതിഞ്ഞത്. എ മിൽക്ക് റൺഎന്നാണ് ഈ ദൗത്യത്തെ ഹൈസർ പിന്നീട് വിശേഷിപ്പിച്ചത്. അന്നേ ദിവസം തന്നെ ഫിലിമുകൾ സി.ഐ.എയുടെ ഫോട്ടോഗ്രാഫിക് ഇന്റർപ്രെട്ടേഷൻ സെന്ററിലേക്ക കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിലേക്കായി അയച്ചു. എസ്.എസ്-4 മിസ്സൈലുകളുടെ ബാറ്ററികളുടേയും, II-28 ബോംബറുകളുടേയും ചിത്രങ്ങളായിരുന്നു അവ. സാൻ ക്രിസ്റ്റോബാനിൽ നിന്നും, സാൻ ജൂലിയാനിൽ നിന്നുമാണ് യഥാക്രമം അമേരിക്കക്ക് ഈ ചിത്രങ്ങൾ ലഭിച്ചത്.
തുർക്കിയിലും, ഇറ്റലിയിലും അമേരിക്കസ്ഥാപിച്ചിരിക്കുന്ന മിസ്സൈലുകളെ പ്രതിരോധിക്കാനായിരിക്കാം ക്യൂബയിൽ റഷ്യ പണിതുകൊണ്ടിരിക്കുന്ന ഈ മിസ്സൈൽ തറകളെന്ന് സി.ഐ.എ മേധാവിയായിരുന്ന ജോൺ.മക്ഓൺ സംശയിച്ചു. ഒക്ടോബർ 15-ന് ഈ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ 13 ദിവസം ദീർഘിച്ച മിസൈൽ പ്രതിസന്ധിക്കു തുടക്കമായി.
ഉപരോധം
___________
ഭരണനേതൃത്വവുമായി കൂടിയാലോചിച്ചശേഷം കെന്നഡി ക്യൂബക്കുമേൽ ഉപരോധം ഏർപ്പെടുത്താൻ തീരുമാനിച്ചു. ക്യൂബയെ ആക്രമിക്കുവാൻ അമേരിക്കക്കു ഉദ്ദേശമില്ലായിരുന്നു, മാത്രവുമല്ല ഒരു ഉപരോധം ഒരിക്കലും റഷ്യയെ പ്രകോപിതരാക്കിയേക്കില്ല എന്നും കെന്നഡി ഭരണകൂടം കരുതിയിരുന്നു. ഒക്ടോബർ 22 ന് വൈകുന്നേരം ദേശീയ ടെലിവിഷനിലൂടെ അമേരിക്കയെ ലക്ഷ്യമാക്കി ക്യൂബയിൽ സ്ഥാപിച്ചിരിക്കുന്ന മിസൈലുകളെക്കുറിച്ച് കെന്നഡി രാഷ്ട്രത്തെ അറിയിച്ചു. ഈ സംപ്രേഷണം കഴിഞ്ഞ് വൈകാതെ തന്നെ യു.എസ്.എസ് ന്യൂപോർട്ട് ന്യൂസ് എന്ന യുദ്ധക്കപ്പലിന്റെ അകമ്പടിയോടെ ഒരു വ്യൂഹം ക്യൂബയുടെ തീരത്തെ ലക്ഷ്യമാക്കി നീങ്ങിത്തുടങ്ങി. ക്യൂബയ്ക്കു നേർക്കുള്ള ഏതു ഭീഷണിയും നേരിടാൻ തങ്ങൾ സജ്ജമാണെന്ന് ഫിദൽ കാസ്ട്രോ പ്രഖ്യാപിച്ചു.
ലോകരാഷ്ട്രങ്ങളിൽ നിന്നും സമ്മിശ്ര പ്രതികരണങ്ങളാണ് ഈ വിഷയത്തിൽ ലഭിച്ചുകൊണ്ടിരുന്നത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രമായ ചൈന ക്യൂബക്ക് പിന്തുണയുമായി രംഗത്തെത്തിയപ്പോൾ ഫ്രാൻസ് പോലുള്ള രാജ്യങ്ങൾ അമേരിക്കൻ നിലപാടിനോടാണ് പിന്തുണ പ്രഖ്യാപിച്ചത്. ഈ ഉപരോധം ഒരു യുദ്ധത്തിലേക്ക് ഇരു രാജ്യങ്ങളേയും കൊണ്ടുചെന്നെത്തിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് ക്രൂഷ്ചേവ് കെന്നഡിക്കയച്ച് ഒരു ടെലിഗ്രാം സന്ദേശത്തിൽ മുന്നറിയിപ്പു നൽകുകയുണ്ടായി.
മുഖാമുഖം
_____________
ക്യൂബയ്ക്കെതിരെ നാവിക, വ്യോമാക്രമണങ്ങൾ തുടങ്ങുന്ന കാര്യം ആദ്യം പരിഗണിച്ചെങ്കിലും ഒടുവിൽ നാവിക ഉപരോധം ഏർപ്പെടുത്താനാണ് കെന്നഡി ഭരണകൂടം തീരുമാനിച്ചത്. നിയമപരവും മറ്റുമായ പരിഗണനകൾ വച്ചുള്ള സംസർഗ്ഗവിലക്ക് (quarantine) മാത്രമാണ് അതെന്ന വിശദീകരണവും ഉണ്ടായി.ക്യൂബയിൽ ആക്രമണായുധങ്ങൾ എത്തിക്കാൻ അനുവദിക്കയില്ലെന്നും, നിർമ്മാണം പൂർത്തിയായതോ നിർമ്മാണത്തിലിരിക്കുന്നതയോ ആയ എല്ലാ മിസൈൽ താവളങ്ങളും പൊളിച്ചുമാറ്റണമെന്നും ആയുധങ്ങൾ സോവിയറ്റു യൂണിയനിലേക്കു തിരികെ കൊണ്ടുപോകണമെന്നും അമേരിക്ക ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങൾക്ക് സോവിയറ്റു നേതൃത്വം വഴങ്ങുമെന്നതിൽ നേരിയ പ്രതീക്ഷ മാത്രമുണ്ടായിരുന്ന കെന്നഡി ഭരണം യുദ്ധത്തിനുള്ള സാദ്ധ്യത മുന്നിൽ കണ്ടു.
ദേശാന്തരമേഖലയിൽ സമുദ്രാകാശങ്ങളിലൂടെയുള്ള ന്യായമായ യാത്രാവകാശത്തിന്റെ തടയൽ മനുഷ്യരാശിയെ ആണവയുദ്ധത്തിന്റെ വിളുമ്പിലെത്തിക്കുന്ന ആക്രമണനടപടിയാണെന്ന്, ഒക്ടോബർ 24-ന് കെന്നഡിക്കെഴുതിയ കത്തിൽ ക്രൂഷ്ചേവ് കുറ്റപ്പെടുത്തി. എങ്കിലും രഹസ്യമായുള്ള പിൻപുറചർച്ചകളിൽ ഇരുവരും പ്രതിസന്ധിക്കു പരിഹാരം അന്വേഷിച്ചു. ചർച്ചകൾ പുരോഗമിക്കുമ്പോൾ, സോവിയറ്റു കപ്പലുകൾ ഉപരോധം ഭേദിക്കാൻ ശ്രമിച്ചതു സംഘർഷം വർദ്ധിപ്പിച്ചു. ഉപരോധഭേദനത്തിനു ശ്രമിക്കുന്ന കപ്പലുകൾക്കു നേരേ മുന്നറിയിപ്പിനു ശേഷം നിറയൊഴിക്കാൻ അമേരിക്കൻ നാവികസേനക്കു നിർദ്ദേശം നൽകപ്പെട്ടു. ഒക്ടോബർ 27-ന് സോവിയറ്റ് മിസൈൽ സംഘം ഒരു അമേരിക്കൻ യു-2 വിമാനം വെടിവച്ചു വീഴ്ത്തിയതും സംഘർഷം വർദ്ധിപ്പിച്ചു. എങ്കിലും ഇരുപക്ഷവും ചർച്ചകൾ തുടർന്നു.
ഒത്തു തീർപ്പ്
______________
1962 ഒക്ടോബർ 28-ന് ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ ഊതാണ്ടിന്റെ മദ്ധ്യസ്ഥതയിൽ കെന്നഡിയും ക്രൂഷ്ചേവും ഒത്തുതീർപ്പിൽ എത്തിയതോടെ പ്രതിസന്ധിക്ക് അന്ത്യമായി. ക്യൂബയിൽ സ്ഥാപിച്ചിരുന്ന എല്ലാ ആക്രമണായുധങ്ങളും ഐക്യരാഷ്ട്രസഭയുടെ മേൽനോട്ടത്തിൽ നീക്കി റഷ്യയിലേക്കു കൊണ്ടു പോകാൻ സോവിയറ്റു യൂണിയനും ക്യൂബയെ ഒരിക്കലും ആക്രമിക്കുകയില്ലെന്ന് അമേരിക്കയും സമ്മതിച്ചു. തുർക്കിയിലും ഇറ്റലിയിലും സ്ഥാപിച്ചിരുന്ന അതിന്റെ മദ്ധ്യദൂരമിസൈലുകൾ മാറ്റാനുള്ള അമേരിക്കയുടെ സമ്മതം ഒത്തുതീർപ്പിന്റെ രഹസ്യഭാഗമായിരുന്നു.
ഭാവിയിൽ ഉണ്ടായേക്കാവുന്ന ഇതുപോലെയുള്ള പ്രതിസന്ധികളിൽ ആശയവിനിമയം എളുപ്പമാകാനായി മോസ്കോയ്ക്കും വാഷിങ്ടണുംഇടയിലുള്ള ടെലഫോൺ ഹോട്ടലൈന്റെ സ്ഥാപനം ഈ പ്രതിസന്ധിയുടെ പാർശ്വഫലങ്ങളിൽ ഒന്നായിരുന്നു.

Indira and Environmental Protection



Courtesy; Boby K Mathew
1972 ലാണ് ജൂൺ 5 പരിസ്ഥിതി ദിനമായി ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത് ' 1966-ൽ അധികാരമേറ്റ ശ്രീമതി ഇന്ദിരാഗാന്ധി ലോകത്തിലെ തന്നെ പ്രകൃതി സ്നേഹിയായ ഭരണ കർത്താവായി അറിയപ്പെടുന്നു.ഇതിനെക്കുറിച്ചാണ് ജയറാം രമേശ് രചിച്ച 'പരിസ്ഥിതി പ്രസ്ഥാനത്തിന് ഇന്ദിരാഗാന്ധിയുടെ സംഭാവനകൾ ' എന്ന പുസ്തകം .ലോകരാജ്യങ്ങളിൽ പരിസ്ഥിതി അവബോധം ഉണ്ടാവുന്നതിന് എത്രയോ മുമ്പുതന്നെ ഇന്ദിരാഗാന്ധിയുടെ പരിസ്ഥിതി അവബോധം എത്ര വലുതായിരുന്നുവെന്ന് ഈ പുസ്തകം നമ്മെ ഓർമ്മപ്പെടുത്തന്നു. ശാന്തിനികേതനത്തിലെ ബാല്യകാലവും നെഹ്റു വിന്റെ കാഴ്ചപ്പാടുകളും ചെറുതിലേ മുതൽ പരിസ്ഥിതി ദർശനം രൂപപ്പെടുത്തി.ഇന്ത്യയുടെ പരിസ്ഥിതി മന്ത്രാലയത്തിന്റെ ആദ്യ ചുമതല വഹിച്ചിരുന്ന ഇവർ നാലാം പഞ്ചവൽസര പദ്ധതിയിൽ അവതരിപ്പിച്ചത് വികസനം എന്നത് പ്രകൃതിയ്ക്ക് അനുരൂപമാകണമെന്ന ചിന്തയായിരുന്നു. 1974-ൽ ജലമലിനീകരണ നിയന്ത്രണ നിയമം കൊണ്ടുവന്നത് .കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മലിനീകരണ നിയന്ത്രണ ബോർഡുകൾ രൂപീകരിച്ചത് വനം സംരക്ഷിക്കാനായി 1976 ൽ 42 മത് ഭേദഗതിയിലൂടെ കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും തുല്യ ഉത്തരവാദിത്വത്തിനായി വനം കൺ കറന്റ് ലിസ്റ്റിലാക്കിയത്. ഇത്തരം കാര്യങ്ങൾ പുസ്തകം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇന്ത്യയിലാദ്യമായി ഒരു രാഷ്ട്രീയ പാർട്ടി പ്രകടനപത്രികയിൽ ഇക്കോളജി എന്ന തലക്കെട്ടിൽ തന്നെ പ്രകൃതിസംരക്ഷണത്തെക്കുറിച്ച് പറയുന്നത് 1980-ലെ ഇൻഡ്യൻ നാഷണൽ കോൺഗ്രസിന്റെ പ്രകടനപത്രികയിലാണ് ' ഇന്ദിരാഗാന്ധിയുടെ നിർദ്ദേശ പ്രകാരം ഇത് തയ്യാറക്കിയത് നരസിംഹറാവുവും പ്രണബ് മുഖർജിയുമാണ്. കേരളത്തിന് ഒരിക്കലും മറക്കാനാവാത്ത സംഭവം സൈലന്റ് വാലി വനം സംരക്ഷിക്കാൻ പ്രധാനമന്ത്രിയെന്ന നിലയിൽ അവരെടുത്ത തീരുമാനമാണ്. ഈ പുസ്തകത്തിൽ ചൂണ്ടിക്കാണിക്കുന്ന കൗതുകം നിറഞ്ഞ വസ്തുത 1966-ൽ കേരളത്തിൽ അരി ക്ഷാമമുണ്ടായപ്പോൾ കേരളത്തിലെ അരി പ്രശ്നം പരിഹരിച്ചിട്ട് മാത്രം തനിക്ക് റേഷൻ തരാവൂയെന്നും അതുവരെ താൻ അരിയാഹാരം കഴിക്കില്ലെന്നുള്ള ഇന്ദിരാജി യുടെ കത്തും പുസ്തകത്തിൽ ചേർത്തിട്ടുണ്ട്. ഇന്ദിരാജി യുടെ സമാധിസ്ഥലമായ ശക്തി സ്ഥലിൽ കൂറ്റൻ സൂര്യകാന്തിക്കല്ല് സ്ഥാപിച്ചിരിക്കുന്നു. ശിലകളെയും പർവ്വതങ്ങളെയും പൂന്തോട്ടങ്ങളെയും വൃക്ഷങ്ങളെയും നദികളെയും പ്രണയിച്ച ശ്രീമതി ഇന്ദിരാഗാന്ധിയുടെ പ്രകൃതി സ്നേഹത്തെ വെളിവാക്കുന്ന വിധത്തിൽ ശക്തി സ്ഥൽ ജിയോളജിക്കൽ പാർക്കായി വിഭാവനം ചെയ്തിരിക്കുന്നു. ഇന്ദിരാഗാന്ധിയെക്കുറിച്ച് പ്രകൃതി സ്നേഹിയായ ജയറാം രമേശിന്റെ ഈ പുസ്തകം പരിസ്ഥിതി ദിനത്തിൽ ഏറെ പ്രസക്തമാവുന്നു.
LikeShow More Reactions
Comment

Saturday, 5 May 2018

മൗലാനാ അബുള്‍കലാം ആസാദ്


മൗലാനാ അബുള്‍കലാം ആസാദ്

Image may contain: 2 people, people smiling, people standing

കടപ്പാട് ; അന്‍വര്‍.ബി കെ-ചരിത്രാന്വേഷികള്‍

ഭാരതത്തിന്റെ ഗതകാലചരിത്രം ഓര്‍ക്കുന്ന ഏതൊരാളുടെ മനസിലും സ്വാതന്ത്ര്യസമരചരിത്രം ഓടിയെത്തും. നിരവധി മഹാന്മാരെ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം വാര്‍ത്തെടുത്തിട്ടുണ്ട്. ഇത്തരം ദേശീയ നേതാക്കളില്‍ പ്രമുഖനാണ് മൗലാനാ അബുള്‍കലാം ആസാദ്. മാഞ്ഞുപോയ ഒരു ശ്രേഷ്ഠയുഗത്തിന്റെ സൗരഭ്യം ഇന്നും നമ്മില്‍ അവശേഷിപ്പിച്ച് കടന്നുപോയ മൗലാനാ ആസാദിന്റെ ജന്മദിനമായ ഇന്ന് (നവംബര്‍ 11) ദേശീയവിദ്യാഭ്യാസ ദിനമായി രാഷ്ട്രം ആചരിക്കുകയാണ്. 126 വര്‍ഷം മുമ്പ് 1888 നവംബര്‍ 11 ന് പുണ്യനഗരമായ മക്കയിലാണ് മൗലാനാ ആസാദ് ജനിക്കുന്നത്. ബംഗാളിയായ മൗലാ ഖൈറുജീന്റെയും മതപണ്ഡിതന്റെ മകളായ ഏലിയായുടെയും മകനായി ജനിച്ച ആസാദിന്റെ മുഴുവന്‍ പേര് അബുല്‍കലാം മൊഹ്യുദ്ദീന്‍ ഗുലാം അഹമ്മദ് എന്നാണ്. ആസാദ് എന്നത് അദ്ദേഹം പിന്നീട് സ്വീകരിച്ച തൂലികാനാമമത്രെ.
ആസാദ് എന്ന പദത്തിന് ‘സ്വതന്ത്രന്‍’ എന്നാണര്‍ഥം. തന്റെ മനസ്സില്‍ സ്വാതന്ത്ര്യം എത്രകണ്ട് ശക്തമായ ഒരു ആശയമാണ് എന്നതിന്റെ ബഹിസ്ഫുരണം കൂടിയാണിത്. മക്കയിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മാതാപിതാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങുകയും കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇവിടെ വിദ്യാഭ്യാസം തുടര്‍ന്ന ആസാദ് സ്വപ്രയത്‌നത്തിലൂടെ അറിവ് സമ്പാദിക്കുകയും വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു. ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ രണ്ട് നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭയില്‍ പോകണമെന്നും പോകേണ്ടതില്ലെന്നും രണ്ട് വിഭാഗമായി വാദിച്ചപ്പോള്‍ അവരെ യോജിപ്പിന്റെ മേഖലയിലേക്ക് കൊണ്ടുവന്നത് ആസാദ് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു.
സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യയാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയതും അദ്ദേഹമായിരുന്നു. 1939 ലാണ് ഇത്. ക്വിറ്റ് ഇന്ത്യാസമരം ഉള്‍പ്പെടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അന്തിമപോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ആസാദ് വഹിച്ച പങ്ക് നിസ്തുലമാണ്. തൂലിക പടവാളാക്കി ആസാദ് ജനങ്ങളെ സ്വാതന്ത്ര്യദാഹികളാക്കി മാറ്റാന്‍ ശ്രമിച്ചു. വാക്കുകളിലൂടെ, ഗ്രന്ഥങ്ങളിലൂടെ, മൂര്‍ച്ചയേറിയ ലേഖനങ്ങളിലൂടെ അദ്ദേഹം നടത്തിയ പോരാട്ടം ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയപങ്ക് വഹിച്ചു. പലരും ആസാദിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് സ്വാതന്ത്ര്യദാഹികളായി മാറി. പലരും സര്‍വ്വകലാശാലകളും വിദ്യാലയങ്ങളുംവിട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. ആസാദിന്റെ പുസ്തകം വായിച്ച് സ്വാതന്ത്ര്യസമരാഗ്നിയിലേക്ക് എടുത്തുചാടിയ കേരളത്തിലെ ഒരു പ്രമുഖ നേതാവാണ് മുഹമ്മദ് അബ്ദുറിഹിമാന്‍ സാഹിബ്.
മദിരാശി പ്രസിഡന്‍സി കോളേജില്‍ ബി.എ. ഓണേര്‍സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ അബ്ദുറഹിമാന്‍ അക്കാലത്ത് മൗലാനാ ആസാദ് രചിച്ച ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം വായിക്കാനിടയായി. മൂര്‍ച്ചയുള്ള വാക്കുകളാല്‍ ആസാദ് പറയുകയാണ്. ”വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ വിഷവള്ളികളാണ് കടിച്ചീമ്പുന്നത്. ശുദ്ധമായ പാല്‍പാത്രം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നത്‌വരെ ഈ വിഷവള്ളികള്‍ കടിച്ചീമ്പുന്നതില്‍ നിന്നും നിങ്ങള്‍ പിന്തിരിയുകയില്ലേ..” ഇത് വായിച്ച അബ്ദുറഹിമാന്‍ സാഹിബ് പഠനം അവസാനിപ്പിച്ച് ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ സമരത്തില്‍ പങ്കാളിയാകാന്‍ കേരളത്തിലേക്ക് തിരിച്ചു. മൗലാനാ ആസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആസാദിന്റെ സംഭാവനയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി.) എന്ന കാര്യം കോളേജ് അധ്യാപകരില്‍ പലര്‍ക്കും ഓര്‍മ്മ കാണില്ല. ഒരിക്കല്‍ ആസാദ് പറഞ്ഞു; ”കുത്തബ് മിനാറിന്റെ ഉച്ചിയില്‍ ഒരു മാലാഖ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന് ചോദിക്കുകയാണെന്നിരിക്കട്ടെ, നിങ്ങള്‍ ഹിന്ദു-മുസ്‌ലിം ഐക്യം എന്ന തത്വം വെടിയുകയാണെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് സ്വാതന്ത്ര്യം നല്‍കാം എന്ന്.
അപ്പോള്‍ ഞാന്‍ തിരിച്ചടിക്കും, തല്‍ക്കാലം സ്വാതന്ത്ര്യം ഉപേക്ഷിക്കാം; എന്നാലും ഹിന്ദു-മുസ്‌ലിം ഐക്യം എന്ന ആശയം ഉപേക്ഷിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ സ്വരാജ്യം ലഭിക്കുവാന്‍ വൈകിയാല്‍ അത് ഇന്ത്യയുടെമാത്രം നഷ്ടമാകും. ഹിന്ദു-മുസ്‌ലിം ഐക്യം തകരുന്നതാകട്ടെ മനുഷ്യകുലത്തിനാകെ നഷ്ടമാണ്.” ഇതായിരുന്നു മൗലാനാ ആസാദിന്റെ മതേതരഭാവം. "അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്‌. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്.... മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്. 1912 ൽ "അൽ ഹിലാൽ" എന്നാ ഉർദു വാരിക ആരംഭിച്ചു. ആ വാരിക ബ്രിടീഷുകാരെയും മുസ്‌ലിം യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചു. 1915 ൽ പത്രം കണ്ടുകെട്ടി. പക്ഷേ അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം "അൽ ബലാഗ്" എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. 1916 ൽ സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാരനായി. അവിടെയും തന്റെ മഹത്തായ ദൌത്യ നിർവഹണം തുടർന്നു. മൌലാനാ അബുൽ ഹസൻ അലി നദവി പറഞ്ഞു: "അക്കാലത്ത് ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല. അഗ്നിസ്ഫുലിംഗങ്ങളായിരുന്നു ."
ഇന്ത്യാ വിഭജനം യാഥാർത്ഥ്യമായി മാറിയപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.
“ പാകിസ്താൻ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താൻ ഉണ്ടാവരുതെന്നായിരുന്നു ഞാൻ പറഞ്ഞത്. ഇപ്പോൾ പാകിസ്താൻ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാകിസ്താൻ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.. ഇന്ത്യയേയും ജനങ്ങളേയും മൗലാനാ അബുല്‍ കലാം ആസാദ് അതിരറ്റ് സ്‌നേഹിച്ചി രുന്നു. ലാളിത്യം, സത്യസന്ധത, സല്‍ക്കര്‍മ്മം, സദ്ഭാവനം എന്നിവ ജീവിതത്തിലുടനീളം ആ മനുഷ്യസ്‌നേഹി കാത്തുസൂക്ഷിച്ചു. 1958 ഫെബ്രുവരി 22 ന് താന്‍ ഏറെ സ്‌നേഹിച്ച നാടിനെയും നാട്ടുകാരെയും വെടിഞ്ഞ് ആസാദ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായി.

അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.



അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.

കടപ്പാട്  ;അറിവിന്‍റെ വീഥികള്‍ - പ്രകാശ്‌ നായര്‍ മേലില

1954 ല്‍ ചൈനീസ് പ്രധാനമന്ത്രിക്ക് ഡല്‍ഹിയിലെ ത്താന്‍ വിമാനമയച്ചുകൊടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്.
ചൈനയുമായി സുദൃഡമായ ബന്ധമായിരുന്നു അന്ന് ഭാരതത്തിന്‌. രണ്ടാം ലോകമഹായുദ്ധവും സിവില്‍ വാറും മൂലം തകര്‍ന്നടിഞ്ഞ ചൈന 1949 ല്‍ സ്വാത ന്ത്ര്യം നേടിയതുമുതല്‍ മാവോ സേ തൂങ്ങിനോ പ്പം തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തെ പുതു പന്ഥാവി ലെത്തിക്കാ ന്‍ അക്ഷീണ പരിശ്രമം നടത്തിയ ചവ് എന്‍ലോയ് ( ZHOU ENLAI ) ഭാരതത്തിന്റെയും നെഹ്രുവിന്റെയും അടുത്ത മിത്രം കൂടിയായി രുന്നു...
1954 ല്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട നെഹ്രുവുമായുള്ള കൂടിക്കാഴ്ച യ്ക്ക് ചൈനീസ് പ്രധാനമന്ത്രിയായിരു ന്ന ZHOU ENLAI യ്ക്ക് വന്നെത്താന്‍ ചൈനയുടെ പക്ക ല്‍ അന്ന് വിമാനമില്ലായിരുന്നു എന്ന വിവരം ഇന്ന് പലര്‍ക്കുമറിയില്ല. വാടകയ്ക്ക് ഏര്‍പ്പാട് ചെയ്ത വിമാനം സമയത്ത് എത്തിയതുമില്ല. ഈ വിവരമറിഞ്ഞ നെഹ്‌റു ഉടന്‍തന്നെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ വിമാനം ചൈനയിലേക്കയ ക്കുകയായിരുന്നു...
ആ വിമാനത്തിലാണ് ZHOU ENLAI ഡല്‍ഹിയിലെത്തിയതും നെഹ്രു വുമൊത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായി മുന്നോട്ടുപോകാന്‍ "പഞ്ചശീല ഉടമ്പടിക്ക് " രൂപം നല്‍കിയതും.
എന്നാല്‍ 1959 ല്‍ ഇന്ത്യ, ദലൈലാമ ക്ക് അഭയം നല്‍കിയതുമുതല്‍ നമ്മുടെ ചൈനയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാ കുകയായിരുന്നു. ചൈനയ്ക്കു ഭാരതത്തെ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തപ്പെട്ടു.
1960 ലും അതിര്‍ത്തിത്തര്‍ക്ക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇതേപോലെ മറ്റൊരു കരാറിനും ഇരു പ്രധാനമന്ത്രിമാരും ഡല്‍ഹി യില്‍ ഒത്തുകൂടിയെങ്കിലും അത് തീരുമാനമാകാതെ അലസിപ്പി രിഞ്ഞു. ZHOU ENLAI നെഹ്രുവുമായി തെറ്റി. അദ്ദേഹം ഭാരതത്തിന്‍റെ നിലപാടുകളില്‍ ക്ഷുഭിതനായി ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പൊട്ടിത്തെറിച്ചു. കോപാകുലനായ അദ്ദേഹം തന്‍റെ മുഴുവന്‍ ടീമുമായി ചൈന പുതുതായി വാങ്ങിയ ഇല്യൂഷിയന്‍ എയര്‍ ക്രാഫ്റ്റില്‍ നാട്ടിലേക്ക് മടങ്ങി.
പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും വഷളാകുകയും രണ്ടു വര്‍ഷത്തിനകം ചൈന നമ്മെ ആക്രമിച്ചതും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്.
ഇപ്പോള്‍ അരനൂറ്റാണ്ടിലധികം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ചൈന ലോക ത്തെ വന്‍ ശക്തികളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഭാരതം
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ കമ്പോളം തന്നെയാണിന്ന്. അതവര്‍ക്ക് നന്നായി ബോധ്യവുമുണ്ട്. ഭാരതവുമായി ഒരു ഏറ്റുമുട്ടലിന് അവര്‍ ഒരിക്കലും തയ്യാറാകില്ല. അതവര്‍ക്കാണ് വലിയ നഷ്ടം വരുത്തിവയ്ക്കുക.
ഭാരത വുമായി വ്യാപാര വ്യവസായ ബന്ധവും, ചൈനയുടെ ബ്രുഹദ് സ്വപ്ന പദ്ധതിയായ One Belt One Road പദ്ധതിയില്‍ ഭാരതത്തിന്‍റെ പങ്കാളിത്തം ഉറപ്പിക്കലുമാണ് അവര്‍ ലക്ഷ്യമിടുന്നത്.
അതുവഴി ദക്ഷിണേഷ്യയിലെ രണ്ടു വന്‍ശക്തികളുടെ കൂട്ടായ്മയും.
Image may contain: 8 people, people smiling, people standing

Sunday, 11 March 2018

പ്രശാന്ത ചന്ദ്ര മഹലനോബിസ് (1893 - 1972



പ്രശാന്ത ചന്ദ്ര മഹലനോബിസ് (1893 - 1972)


Courtesy-Saimans Saimans Saimans-Charithranveshikal

ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു പ്രശാന്ത ചന്ദ്ര മഹലനോബിസ്. 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു.
ലോകപ്രശസ്ത സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്‌സ്) വിദഗ്ധനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപകനുമായ പ്രശാന്ത ചന്ദ്ര മഹലനോബിസ് ഇന്നത്തെ ബംഗ്ലാദേശിലുള്ള ബിക്രംപൂർ എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹൻ ഗുരുചരൺ (1833-1916) കൊൽക്കത്തയിലേക്ക് കുടിയേറുകയും അവിടെ ഒരു രാസവസ്തുശാല ആരംഭിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ ടാഗോറിൽ ആകൃഷ്ടനായി അദ്ദേഹം ബ്രഹ്മസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം അക്കാലത്ത് അതിന്റെ അധ്യക്ഷൻ, ഖജാൻജി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹികമായ എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹം ഒരു വിധവയെയാണ് വിവാഹം കഴിച്ചത്. ഈ ദമ്പതിമാരുടെ മൂത്തപുത്രൻ സുബോധ്ചന്ദ്രയാണ് പ്രശാന്തചന്ദ്രയുടെ പിതാവ്. സുബോധ്ചന്ദ്ര എദിൻബർഗ് സർവ്വകലാശാലയിലെ തന്റെ തത്ത്വശാസ്ത്ര പഠനത്തിന് ശേഷം കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ അദ്ധ്യാപകനായി. അദ്ദേഹം നല്ല ഒരു വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു. അദ്ദേഹം പിന്നീട് ഈ കോളജിലെ തത്ത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായി. സാമൂഹികമായി ഉയർന്ന ചിന്താഗതി പുലർത്തുന്നവരുടെയും പരിഷ്കർത്താക്കളുടെയും ഒരു സമൂഹത്തിലാണ് പ്രശാന്തചന്ദ്ര വളർന്നു വന്നത്.
ബ്രഹ്മോ ബോയ്സ് സ്കൂളിൽ നിന്നും 1908-ൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുട്ര്ന്ന് അദ്ദേഹം പ്രസിഡൻസി കോൾജിൽ ചേർന്ന് ശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം സമ്പാദിച്ചു. 1913-ൽ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ശ്രീനിവാസ രാമാനുജനുമായി അദ്ദേഹം പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം(Tripos) നേടിയശേഷം അദ്ദേഹം സി. റ്റി. ആർ. വിൽസണൊപ്പം കാവൻഡിഷ് ലബോറട്ടറിയിൽ ജോലിനോക്കി. ഈ സമയത്ത് കിട്ടിയ ഒരു ഇടവേളയിൽ അദ്ദേഹം ഭാരതത്തിലേക്ക് വരികയും പ്രസിഡൻസി കോളജിൽ ഭൗതികശാസ്ത്ര അദ്ധ്യാപകനാവുകയും ചെയ്തു.
പിന്നീട് ഇംഗ്ലണ്ടിൽ തിരികെയെത്തിയ അദ്ദേഹം അവിടെ 'ബയോമെട്രിക്ക' എന്ന മാസികയുമായി ബന്ധപ്പെടാനിടയായി. അദ്ദേഹം അവരെ ഭാരതത്തിലേക്ക് കൊണ്ടുവന്നു. അന്തരീക്ഷവിജ്ഞാനീയത്തിലും (Meteorology) നൃലോകവിജ്ഞാനീയത്തിലും (Anthropology) സ്ഥിതിവിവരശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം അതിനു വേണ്ടി പ്രവർത്തിക്കുവാനാരംഭിച്ചു.
കൊൽക്കത്തയിൽ വച്ച് മഹലനോബിസ്, ഒരു വിദ്യാഭ്യാസവിച്ക്ഷണനും ബ്രഹ്മസമാജത്തിന്റെ സജീവ പ്രവർത്തകനുമായ ഹേരംഭചന്ദ്ര മൈത്ര എന്നയാളുടെ മകൾ നിർമ്മലാകുമാരിയെ കണ്ടുമുട്ടി. അവർ 1923 ഫെബ്രുവരി 27-ന് വിവാഹിതരായി, പക്ഷെ നിർമ്മലയുടെ പിതാവ് ഈ ബന്ധത്തെ പൂർ‍ണമായി അംഗീകരിച്ചിരുന്നില്ല. മഹലനോബിസ്, ബ്രഹ്മസമാജത്തിന്റെ വിദ്യാർത്ഥിസംഘത്തിനായുള്ള മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾക്കെതിരെയുള്ള ബ്രഹ്മസമാജത്തിന്റെ വിലക്കുകളെ വകവയ്ക്കാതിരുന്നതായിരുന്നു കാരണം. വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് മഹലനോബിസിന്റെ മാതുലനായ സർ.നീൽ രത്തൻ സർക്കാർ നിന്ന് വിവാഹം നടത്തിക്കൊടുത്തു.
ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം)
മഹലനോബിസിന്റെ സഹപ്രവർത്തകരിൽ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡൻസി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയിൽ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബർ 17-ന് പ്രമഥനാഥ് ബാനർജി (പ്രഫ.ധനതത്വശാസ്ത്രം), നിഖിൽ നജ്ജൻ സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സർ‍. ആർ. എൻ. മുഖർജി എന്നിവരുമായിച്ചേർന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രിൽ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റർ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡൻസി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വർഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റെ സഹപ്രവർത്തകരായ എസ്.എസ്. ബോസ്, ജെ.എം. സെൻഗുപ്ത, ആർ.സി. ബോസ്, എസ്.എൻ. റോയ്, കെ.ആർ. നായർ, ആർ.ആർ. ബഹാദുർ, ജി. കല്യാൺ‍പുർ, ഡി.ബി. ലാഹിരി തുടങ്ങിയവർ ഇതിന്റെ വളർച്ചയ്ക്കായി നിസ്തുലമായ സേവനങ്ങൾ ചെയ്തു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന പീതാംബർ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.
കാൾ പിയേഴ്സന്റെ ബയോമെട്രിക്കയുടെ ചുവടുപിടിച്ച് സാംഖ്യ എന്നൊരു പ്രസിദ്ധീകരണവും 1933-ൽ ആരംഭിച്ചു.
1938-ൽ ഇൻസ്റ്റിറ്റ്യുട്ട് പരിശീലനം നൽകാൻ ആരംഭിച്ചു. മുൻപ് ജോലി ചെയ്തിരുന്ന പലരും ഇൻസ്റ്റിറ്റ്യുട്ട് വിടുകയും അവരിൽ ചിലർ അമേരിക്കയിലേക്കും, ചിലർ ഭാരതസർക്കാരിന്റെ മറ്റ് ജോലികൾക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാൽഡേനെ ഇൻസ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ഓഗസ്റ്റ് മുതൽ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേൽനോട്ടത്തിലുള്ള എതിർപ്പു കാരണം ഹാൽഡേൻ ജോലി വിടുകയാണുണ്ടായത്. എന്നിരുന്നാലും ബയോമെട്രിക്സിൽ ഹാൽഡേൻ നൽകിയ സംഭാവകൾ ഇൻസ്റ്റിറ്റ്യുട്ടിന്റെ വളർച്ചയെ സഹായിച്ചു..
1959-ൽ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സർവ്വകലാശാലയായും ഉയർത്തപ്പെട്ടു.
സ്ഥിതിവിവരശാസ്ത്രത്തിന് നൽകിയ സംഭാവനകൾ
മഹലനോബിസ് അന്തരം
1920-ൽ നാഗ്പുരിൽ നടന്ന ഭാരതീയ ശാസ്ത്ര സമ്മേളനത്തിൽ(Indian Science Congress) വച്ച് മഹലനോബിസ് സുവൊളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന നെൽസൺ അന്നൻഡേലുമായി പരിചയപ്പെടാനിടയാവുകയും നൃലോകവിജ്ഞാനീയത്തിലെ ചില പ്രശ്നങ്ങളെപ്പറ്റി ച്റ്ച്ച ചെയ്യുകയും ചെയ്തു. കൊൽക്കത്തയിലെ ആംഗ്ലോ-ഇന്ത്യൻ വംശജരുടെ വംശീയമായ കണക്കിന്റെ അപഗ്രഥനം നടത്തുവാൻ അന്നൻഡേൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ പഠനം അദ്ദേഹത്തിന്റെ ഒന്നാമത്തെ ശാസ്ത്ര പ്രബന്ധമായി 1922-ൽ അവതരിപ്പിക്കപ്പെട്ടു. ഈ പഠനകാലത്ത് ജനസംഖ്യയുടെ താരതമ്യത്തിനും വർഗീകരണത്തിനും അദ്ദേഹം ഒരു വൈവിധ്യാന്തര ഏകകം ഉപയോഗിച്ചുള്ള ഒരു രീതി കണ്ടുപിടിച്ചു. ഈ ഏകകം, D2, പിന്നീട് 'മഹലനോബിസ് അന്തരം' എന്നറിയപ്പെട്ടു. ഈ ഏകകം മാപകാനുപാതത്തെ അപേക്ഷിച്ചല്ല നിൽക്കുന്നത് എന്നതാണിതിന്റെ പ്രത്യേകത.
ബയോമെട്രിക്കയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും ആചാര്യ ബ്രജേന്ദ്രനാഥ് സിയലിന്റെ ഉപദേശമനുസരിച്ചും മഹലനോബിസ് സ്ഥിതിവിവരനിർണ്ണയം ആരംഭിച്ചു. തുടക്കത്തിൽ അദ്ദേഹം സർവ്വകലാശാലാപരീക്ഷകളുടെ അപഗ്രഥനം, കൊൽക്കത്തയിലെ ആംഗ്ലൊ-ഇന്ത്യൻ വംശജരുടെ കണക്കെടുപ്പ്, പിന്നെ കുറെ കാലാവസ്ഥാപഠനം എന്നിവയാണ് നടത്തിയത്.
മാതൃകാ വ്യാപ്തിനിർണ്ണയങ്ങൾ(Sample surveys)
അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിർണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിർണ്ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിർണ്ണയങ്ങൾ 1937 മുതൽ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതിൽ ഉപഭോക്തൃചെലവുകൾ, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങൾ എന്നിവയായിരുന്നു പ്രധാനമായും ഉൾപെട്ടിരുന്നത്. ഹരോൾഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:"പ്രൊഫസ്സർ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കൻ ഐക്യനാടുകൾ പോലുള്ള വികസിത രാഷ്ട്രങ്ങളിൽ പോലും എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല". സർ. റൊണാൾഡ് എയ്മർ ഫിഷർ അഭിപ്രായപ്പെടുന്നതിങ്ങനെ:"ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിർണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിർണ്ണയത്തിന്റെ യഥാർത്ഥ വികസനത്തിന് മുൻകൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്". വിളവുത്പാദനത്തിന്റെ തോത് നിർണ്ണയിക്കുന്നതിനായി സ്ഥിതിവിവരരീതിയിലെ മാതൃകാവത്കരണ രീതിയുപയോഗിച്ച് അദ്ദേഹം ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തു. നാലടി വ്യാസം വരുന്ന ഒരു വൃത്തത്തിനുള്ളിൽ വരുന്ന ഭാഗത്തുള്ള വിളയുടെ പരിശോധന നടത്തുക എന്നതായിരുന്നു അത്. മറ്റ് ശാസ്ത്രജ്ഞരായ പി. വി. സുഖാത്മെ, വി. ജി. പാൻസെ എന്നിവർ ഭാരതീയ കാർഷിക ഗവേഷണ ഉപദേശകസമിതി(Indian Council of Agricultural Research), ഭാരതീയ കാർഷിക സ്ഥിതിവിവരഗവേഷണ പഠനകേന്ദ്രം(Indian Agricultural Statistics Research Institute) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയും നിലവിലുള്ള ഭരണമാതൃകയുടെ ചട്ടക്കൂട് ഉപയോഗിച്ചുള്ള ഒരു വ്യാപ്തിനിർണ്ണയ സമ്പ്രദായം നിർദ്ദേശിക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസം തീക്ഷ്ണമാവുകയും അത് മഹലനോബിസും കാർഷിക ഗവേഷക സ്ഥാപനവും തമ്മിലുള്ള പരസ്പരസഹകരണം ഇല്ലാതാക്കുകയും ചെയ്തു. പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം എന്ന നിലയിൽ പ്രവർത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികൾക്ക് വളരെയേറെ സംഭാവനകൾ നൽകി. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ അദ്ദേഹം ഊന്നൽ നൽകിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ) ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ 'ഇൻപുട്ട്-ഔട്ട്പുട്ട് മാതൃക'യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ 'മഹലനോബിസ് മാതൃക'യും രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവർത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവിൽ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിർവ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുൻപുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകൾ തിരുത്തി അത് ഡാനിയൽ തോർണറെ ഏല്പ്പിക്കുകയും ചെയ്തു. മഹലനോബിസിന് കൃഷിയോടുൺടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് രവീന്ദ്രനാഥ ടാഗോറിന്റെ സെക്രട്ടറി എന്ന നിലയിൽ ടാഗോർ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയിൽ ഒരു അദ്ധ്യാപകൻ എന്ന നിലയിലും കുറച്ചു കാലം പ്രവർത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷൺ അദ്ദേഹത്തിനു ലഭിച്ചു.
ബഹുമതികൾ
ഓക്സ്ഫോർഡ് യൂണിവേർസിറ്റിയുടെ വെൽഡൻ മെഡൽ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ ചെക്ക് സയൻസ് അക്കാഡമി മെഡലും അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തിനു പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.
മരണം
1972 ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു. ഈ പ്രായത്തിൽപ്പോലും അദ്ദേഹം ഗവേഷണങ്ങളിൽ വ്യാപൃതനാവുകയും ഐ. എസ്. ഐ. മേധാവി, സർക്കാരിന്റെ ക്യാബിനറ്റിന്റെ സ്ഥിതിവിവര ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.
കടപ്പാട്: വിക്കിപീഡിയ
Image may contain: 1 person




മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം




മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം -ടുണീഷ്യ


Courtesy- Pinto Philip Babu-Charithraanveshikal


 ജനാധിപത്യവും സ്വാതന്ത്ര്യവും സ്വതന്ത്ര തെരഞ്ഞെടുപ്പും തൊഴിലും ഭരണകൂട മാറ്റങ്ങളും സ്വപ്‌നംകണ്ടു ഒരു കൂട്ടം യുവാക്കൾ 7 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഇന്ന് വാടി കൊഴിഞ്ഞു ചീഞ്ഞു നാറി ഒരു ശവം നാറി പൂവായിമാറി.ആ മുല്ലപ്പുവിന് ഇപ്പോൾ ലക്ഷകണക്കിന് നിരപരാധികളുടെ ചോരയുടെ മണമാണ്.മുഹമ്മദ് ബൗഅസീസിയെന്ന ടുണീഷ്യൻ ചെറുപ്പക്കാരന്റെ ആത്മാഹുതിയിൽ നിന്ന് ഉയർന്ന തീനാളം വിഴുങ്ങിയത് മധ്യപൗരസ്ത്യ ദേശത്തെ മുഴുവനാണ് ആ തീയിൽ എരിഞ്ഞടങ്ങിയത് ആദിമ മനുഷ്യൻ ബിസി 5000 മുതൽ അധിവസിച്ച അലെപ്പോ നഗരം പോലെ നിരവധി പൗരാണിക നഗരങ്ങളാണ് മഹാനായ അലക്സാണ്ടറിന്റെ തേരോട്ടം കണ്ട നഗരം, റോമക്കാരും ബൈസാന്റയ്ൻസും ഇസ്ലാമിക ഭരണകൂടങ്ങളും മംഗോളുകളെയും ഓട്ടോമൻ സാംബ്രാജ്യവും അവരുടെ പ്രതാപകാലഘട്ടത്തിൽ പടുത്തുയർത്തിയ മനോഹരനിർമിതികളാണ് കല്ലിന്മേൽ കല്ല് അവശേഷിക്കാതെ ബാരൽ ബോംബുകളുടെ മുൻപിൽ ചാരമായിമാറിയത്.സംസ്കാരത്തോടൊപ്പം ഇല്ലാതായത് നിരവധി ശക്തരായ ഭരണാധികാരികളും ഭരണകൂടങ്ങളുമാണ്.ഇന്നും ആളിക്കത്തുന്ന ആ തീനാളം ഇല്ലാതാക്കിയത് മധ്യപൗരത്യ ദേശത്തെ ജനതയുടെ മണ്ണും കിടപ്പാടവും സ്വപ്ങ്ങളും ജീവിതവുമാണ്.ഫറവോയെ പോലെ ഈജിപ്ത് ഭരിച്ചിരുന്ന മുബാറക്കിന് അധികാരം ഒഴിഞ്ഞു മാറേണ്ടി വന്നു അമേരിക്കയടക്കമുള്ള സകല പാശ്ചാത്യ ശക്തികളും പലതവണ പഠിച്ചപണി 18 ഉം നോക്കിയിട്ടും അജയ്യനായി നിന്ന ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയെ ജനം തെരുവിൽ അടിച്ചു കൊന്നു,യെമനിലെ സകല ഗോത്രങ്ങളെയും അടക്കി ഭരിച്ചിരുന്ന അലി അബുദുള്ള സാലേക്ക് അധികാരം വിട്ടൊഴിയേണ്ടതായും പിന്നീട് കൂടെ നിന്ന ഹൂതികളുടെ റോക്കറ്റ് ആക്രമണത്തിൽ തെരുവിൽ കൊല്ലപ്പെടേണ്ടി വന്നു. ടുണീഷ്യയിൽ തുടങ്ങി സിറിയ ഈജിപ്ത് യെമൻ ലിബിയ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ ആ ജനകീയ വിപ്ലവത്തിന്റെ ഒരു വിശകലനം.
ടുണീഷ്യ
--------------------------
സയിൻ എൽ അബദിൻ ബെൻ അലിയെന്ന ഭരണാധികാരി 23 വർഷം കാര്യമായ ഒരു എതിർപ്പുമില്ലാതെ ടുണീഷ്യ ഭരിച്ച ഭരണാധികാരിയാണ്.മികച്ച അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരമുള്ളതുമായ രാജ്യമാണ് ടുണീഷ്യ-സ്ത്രീകളുടെ പൊതുരംഗത്തുള്ള പങ്കാളിത്തം കൊണ്ടും മതനിരപേക്ഷതകൊണ്ടും ശ്രെദ്ധയമായ രാജ്യത്തു കുഴപ്പങ്ങൾ ആരംഭിക്കുന്നത് മുഹമ്മദ് ബൗഅസീസിയെന്ന തെരിവുകച്ചവടക്കാരനായ യുവാവിന്റെ അനധികൃത തെരിവുകച്ചവട സാമഗ്രികൾ മുൻസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു.കടുംബത്തിന്റെ ഏക അത്താണിയായ യുവാവിനെ തന്റെ ജീവിത മാർഗമായ കച്ചവട സാമഗ്രികൾ തിരിച്ചുകിട്ടാൻ മുൻസിപ്പാലിറ്റി ഓഫീസിൽ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിച്ചു ഇറക്കിവിട്ടു ഇതിൽ മനംനൊന്ത് ആ യുവാവ് പെട്രോൾ ഒഴിച്ച് ജീവൻ വെടിഞ്ഞു.ഈ ധാരുണകഥ ഫേസ്ബുക് വഴി പ്രചരിച്ചു നിരവധി യുവാക്കൾ തെരുവിലും ഓൺലൈൻ ഇടങ്ങളിലും പ്രതിഷേധിച്ചു -തെരുവ് പ്രതിഷേധങ്ങൾ അസാധാരണമായ രാജ്യത്തു ബെൻ അലി ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു.എന്നാൽ അടിച്ചമർത്തലുകൾ കൂടുതൽ പ്രചോദനമായി കണ്ട പ്രതിഷേധക്കാർ പ്രതിഷേധം ആളിക്കത്തിച്ചു ഇതിൽ തൊഴിലാളികളും വക്കിലന്മാരും പങ്കെടുത്തു -അത് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുന്നു-പൊതുജന വികാരം തനിക്ക് എതിരാണെന്ന് മനസിലാക്കിയ ബെൻ അലി കൂടുതൽ അടിച്ചമർത്തലുകൾക്കു നിൽക്കാതെ ഭരണം വിട്ടു ലിബിയൻ സംരക്ഷണയിൽ മാൾട്ടയിലേക് പുറപ്പെട്ടു ഫ്രഞ്ച് സർക്കാർ വിമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന് സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.അന്ന് തന്നെ ടുണീഷ്യൻ സൈന്യം തന്ത്രപ്രധാന സ്ഥലങ്ങൾ കൈവശപ്പെടുത്തിയിരുന്നു സൈന്യം എതിരായതുകൊണ്ടാകാം ബെൻ അലി നാട് വിട്ടതെന്നും ഒരു അനുമാനം ഉണ്ട്
വിപ്ലവാനന്തര ടുണീഷ്യ
--------------------------------------
ബെൻ അലിയുടെ പാലായനത്തിനു ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ഖന്നൗച്ചി താത്കാലിക പ്രസിഡന്റ് ആയി പിന്നീട് പ്രസിഡന്റ് ന്റെ അധികാരം പാര്ലമെന്റ് സ്പീക്കർ ഫുവാദ് മേബാസക്ക് നൽകി ഖനൊച്ചി പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തി 3 പ്രതിപക്ഷ പാർട്ടികളെ ചേർത്ത് പുതിയ മന്ത്രിസഭാ രൂപികരിച്ചു -RCD എന്ന ബെൻ അലിയുടെ പാർട്ടി മന്ത്രിമാർക്കെന്തിരെ ജനകീയ പ്രക്ഷോഭങ്ങൾ വീണ്ടും ഉയർന്നു വന്നു -RCD മന്ത്രിമാർ ഒഴികെയുള്ളവർ രാജിവെച്ചു പിന്നീട് RCD മന്ത്രിമാരും രാജി വെച്ചു.പുതിയ മന്ത്രിസഭാ രൂപീകരിച്ചെങ്കിലും പ്രധാനമന്ത്രി ഖന്നൗച്ചിയും പ്രതിഷേധം കാരണം രാജിവെച്ചൊഴിഞ്ഞു.2011 ലെ ആദ്യ ഇലെക്ഷനിൽ ഇസ്ലാമിസ്റ് പാർട്ടിയായ അന്നഹ്ദ വിജയിച്ചു പിന്നീട് 2014 ലെ പാര്ലമെന്റ് ഇലെക്ഷനിൽ മതേതര പാർട്ടിയായ നിതാ ടുണിസ് വിജയിച്ചു.
ടുണീഷ്യ ഇന്ന്
---------------------------
വിപ്ലവത്തിന് ശേഷം RCD എന്ന ബെൻ അലിയുടെ പാർട്ടിയെ നിരോധിക്കുകയും പാർട്ടി സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു -ബെൻ അലിയുടെ കാലത്തു അടിച്ചമർത്തപ്പെട്ട മതവാദികൾ ഉയർത്തെഴുന്നേറ്റു -സലഫി പാർട്ടികൾ രാജ്യത്തു ശക്തമായി.അൻസാർ അൽ ശരിഅ പോലുള്ള തീവ്രവാദി സഘടനകൾ രാജ്യത്തു ആക്രമണ പരമ്പരകൾ നടത്തിയെങ്കിലും ഇപ്പോൾ ടുണീഷ്യ ശാന്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ന്റെ ഭീഷണി തുടരുന്ന ടുണീഷ്യയിൽ തൊഴിലില്ലായിമയും വ്യവസായ മുരടിപ്പും തുടരുന്നു.എന്നിരുന്നാലും അറബ് വിപ്ലവത്തിന്റെ അന്തഃസത്ത ഉൾകൊണ്ട ഏക രാജ്യം ടുണീഷ്യ മാത്രമാണ് കാരണം ബാക്കി എല്ലാ രാജ്യങ്ങളിലും അറബ് വിപ്ലവം വൻ പരാജയമായിരുന്നു.ഈജിപ്തിൽ പിന്നീട് വന്ന സർക്കാരിനെ പട്ടാളം അട്ടിമറിച്ചു,സിറിയയിലും യെമനിലും ആഭ്യന്തര കാലാപം തുടരുന്നു, ലിബിയ പരാജിത രാഷ്ട്രമായിമാറി, ടുണീഷ്യ മാത്രമാണ് ജനാതിപത്യ പാതയിലേക്ക് സഞ്ചരിച്ചത്.

Tuesday, 26 December 2017

ഒരു റഷ്യൻ വിജയ കഥ



ഒരു റഷ്യൻ വിജയ കഥ
Courtesy - Rishi Das-Churulazhiyatha Rahasyangal

പാശ്ചാത്യ ലോകം മുഴുവൻ എതിരായിട്ടും തളരാതെ പിടിച്ചുനിന്ന റഷ്യൻ സമ്പദ്‌വ്യവസ്ഥയും ( 2013-2017) അതിനുള്ള കാരണങ്ങളും :-ഒരവലോകനം
---
ഒരു പക്ഷെ കഴിഞ്ഞ ഏതാനും വർഷങ്ങളിൽ ലോകത്തു നടന്ന സാമ്പത്തിക അദ്ഭുതമാണ് റഷ്യയുടെ തിരിച്ചു വരവും പിടിച്ചു നിൽക്കലും
.
സോവിയറ്റു യൂണിയന്റെ തകർച്ച ഘടക റിപ്പബ്ലിക്കുകളുടെ സാമ്പത്തിക മേഖല പാടെ തകർത്തു കളഞ്ഞു 1990 മുതൽ 2000 വരെയുള്ള കാലം റഷ്യുടെ ചരിത്രത്തിലെ എക്കാലത്തെയും ഇരുണ്ട കാലമാണ് ജനതയിൽ തൊണ്ണൂറു ശതമാനവും ദാരിദ്ര്യത്തിലും കൊടും പട്ടിണിയിലേക്കും കൂപ്പുകുത്തിയ കാലം .സര്വനാശത്തിൽ നിന്നും റഷ്യയെ രക്ഷിച്ചത് 2000 ൽ അധികാരതൈലേറിയ സി ലോവിക്കുകളുടെ( Silovik -strong men -in Russian ) നേതാവ് വ്ലാദിമിർ പുടിൻ ആയിരുന്നു .പുട്ടിന്റെ എട്ടു കൊല്ലാതെ ഭരണം റഷ്യയെ സ്ഥിരപ്പെടുത്തി .പാശ്ചാത്യ ശക്തികൾക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു റഷ്യയുടെ തിരിച്ചു വരവ് .ഒളികാർക്കുകളെ അടിച്ചമർത്തിയതും ,വിധ്വംസക പ്രവർത്തനങ്ങൾക്ക് കുടപിടിക്കുന്ന വിദേശ എൻ ജി ഓ കളെ അടച്ചുപൂട്ടിയതും ,പാച്ചാത്യ ശക്തികളുടെ പ്രോക്സിയായി റഷ്യയെ ആക്രമിച്ച ജോർജിയയെ നിലംപരിശാരാക്കിയതുമെല്ലാം കുറച്ചൊന്നുമല്ല യു എസ്‌ നെയും യൂറോപിനെയും അലോസരപ്പെടുത്തിയത് .2014 ൽ ക്രിമിയയെ തിരിച്ചുപിടിച്ചതും ,വഹാബി ഭീകരതക്കെതിരെയെടുത്ത ശക്തമായ നിലപാടുകളും കൂടിയായപ്പോൾ പാച്ചാത്യ മേലാളന്മാരുടെ സമനില തെറ്റി അവർ റഷ്യക്കെതിരെ സമ്പൂർണ്ണ സാമ്പത്തിക ഉപരോധം പ്രഖ്യാപിച്ചു .റഷ്യയുടെ മുഖ്യ കയറ്റുമതിയിയായ ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞത് കൂടിയായപ്പോൾ ഏതാനും വർഷങ്ങൾക്കകം റഷ്യ പാപ്പരാകുകയും സോവിയറ്റു യൂണിയനെ പോലെത്തന്നെ ചിന്നഭിന്നമാകുമെന്നും വിദഗ്ധർ വിധിയെഴുതി .പക്ഷെ സംഭവിച്ചത് മറിച്ചാണ് .ഉപരോധങ്ങൾ റഷ്യയെ ശക്തമാക്കി .സിറിയയിലെ അവരുടെ സൈനിക ഇടപെടൽ ഐ എസ്‌ നെ തകർത്തു .യു എസ്‌ സൈനിക നിരീക്ഷകർ പോലും ഇപ്പോൾ അവരുടെ സിറിയൻ ഇടപെടലിനെ വാഴ്ത്തുന്നു .സമ്പൂർണ്ണ ഉപരോധത്തിന്റെ മൂന്ന് വർഷങ്ങൾക്കിപ്പുറം സൈനികവും സാമ്പത്തികവും കാര്ഷികവും ,വ്യാവസായികവും ആയി അതിശക്തമായ ഒരു റഷ്യ ഉരുത്തിരിഞ്ഞിരിക്കുകയാണ് .സിറിയയിൽ റഷ്യൻ യുദ്ധവിമാനങ്ങൾ ഐ എസ്‌ ഭീകരരുടെ അവസാന താവളങ്ങളും തകർത്തു ഭസ്മമാക്കുന്ന ഈ വേളയിൽ എന്തുകൊണ്ട് റഷ്യ തകർന്നില്ല എന്നും .എന്തുകൊണ്ട് ഉപരോധങ്ങൾ അവരെ കരുതരാക്കി എന്നും അവലോകനം ചെയുന്നത് ഉചിതമായിരിക്കും
--
പ്രധാനമായും നാലുകാരണങ്ങളാണ് റഷ്യയുടെ വമ്പൻ സാമ്പത്തിക പ്രതിരോധത്തിനും തിരിച്ചു വരവിനും കാരണങ്ങളായി കണ്ടെത്താനാവുക
--
1.പ്രായോഗികവും ,നടപ്പിലാക്കാനാവുനന്തും ആയ സാമ്പത്തിക നയങ്ങൾ
2.ശക്തമായ രാഷ്‌ടീയ നേതിര്ത്വം
3.വിട്ടു വീഴ്ചയില്ലാത്ത വിദേശനയവും ഇടപെടലുകളും
4.രാജ്യത്തു നടപ്പാക്കിയ ക്ഷേമ പദ്ധതികൾ.
--
1.പ്രായോഗികവും ,നടപ്പിലാക്കാനാവുനന്തും ആയ സാമ്പത്തിക നയങ്ങൾ
--
ഉപരോധത്തിന്റെയും എണ്ണവിലത്തകർച്ചയുടെയും ഭലമായി റൂബിളിന്റെ മൂല്യം നൂറുശതമാനത്തിലധികം ഇടിഞ്ഞിരുന്നു .മറ്റു രാജ്യങ്ങൾ സാധാരണ ചെയ്യാറുള്ളതുപോലെ വിദേശ നാണയ ശേഖരം ഉപയോഗിച്ച് കറൻസിയുടെ മൂല്യം പിടിച്ചു നിർത്താൻ റഷ്യ ശ്രമിച്ചില്ല . കരൻസിയുടെ മൂല്യത്തിൽ വന്ന താൽക്കാലിക ഇടിവിനെ ഒരവസരമാക്കി ഉപയോഗിക്കുകയാണ് അവർ ചെയ്തത് .ഉപരോധം പ്രഖ്യാപിച്ച എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള ഇറക്കുമതി റഷ്യ നിരോധിച്ചു ..ഇറക്കുമതി ചെയ്തിരുന്ന എല്ലാ കാർഷിക ഉത്പന്നങ്ങളും മാസങ്ങൾക്കുള്ളിൽ തന്നെ രാജ്യത്തുൽപ്പാദിപ്പിച്ചു വിതരണം നടത്തി .ജനങ്ങളുടെ ന്യായമായ എല്ലാ ആവശ്യങ്ങൾക്കും വേണ്ട ഉൽപ്പന്നങ്ങൾ രാജ്യത്തു തന്നെ ഉൽപ്പാദിപ്പിച്ചപ്പോൾ സാധാരണ നാണയത്തിന്റെ മൂല്യശോഷണമ് നടക്കുമ്പോൾ ഉണ്ടാവാറില്ല നാണയപ്പെരുപ്പം ഉണ്ടായില്ല. സർവോപരി ഭക്ഷ്യവസ്തുക്കൾ ഇറക്കുമതി ചെയ്തിരുന്ന സ്ഥാനത്തുനിന്നും റഷ്യ ഭക്ഷ്യ സാധനങ്ങളുടെ വൻതോതിലുള്ള കയറ്റുമതി രാജ്യമായി.പ്രാദേശിക നാണയത്തിന്റെ മൂല്യം കുറഞ്ഞി രുന്നതുകൊണ്ട് ,കയറ്റുമതി ചെയ്ത കര്ഷകര്ക്ക് വളരെ യധികം വിദേശനാണ്യം രാജ്യത്തിനായി നേടാനായി .റൂബിളിന്റെ വിലയിടിവ് എണ്ണ കയ റ്റുമതിയെയും സഹായിച്ചു ഒരു ബാരൽ എണ്ണ വിറ്റാൽ കിട്ടുന്ന ഡോളർ പകുതിയായെങ്കിലും റൂബിൾ പഴയതുപോലെ നിന്നു . അങ്ങിനെ ആഭ്യന്തര സമ്പദ്‌വ്യവസ്ഥ തളരുന്നതിനു പകരം വളർന്നു .ആഭ്യന്തര സമ്പദ് വ്യവസ്ഥയെ സംരക്ഷിക്കാനുള്ള നടപടികൾ ഫലം കണ്ടതാണ് റഷ്യ തളരുന്നതിനുപകരം വളർന്നതിനുള്ള ഏറ്റവും പ്രധാന കാരണമായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത് .ആഭ്യന്തര സമ്പദ് വ്യവസ്ഥയും എണ്ണ വിലയും തമ്മിലുള്ള ബന്ധം കുറക്കാനും റഷ്യക്ക് കഴിഞ്ഞു .പ്രതിസന്ധി ഘട്ടങ്ങളിൽ കടം വാങ്ങി ചെലവാക്കി സാമ്പത്തിക നില മെച്ചപ്പെടുത്തണം എന്നാണ് സാധാരണ സാമ്പത്തിക തന്ത്രം .പക്ഷെ റഷ്യ സ്വീകരിച്ചത് അതിനു കടകവിരുദ്ധമായ നിലപാടാണ് .ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ കഴിയുന്നത്ര പുഷ്ടിപ്പെടുത്തുകയും നാണയ മൂല്യ ചാഞ്ചാട്ടങ്ങളിൽ നിന്നും ആഭ്യന്തര സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കുകയുമാണ് അവർ പയറ്റി വിജയിച്ച തന്ത്രം .തദ്ഭലമായി റഷ്യയുടെ പൊതുകടം ഉയർന്നില്ല . അവരയുടെ കഴിഞ്ഞവർഷത്തെ കച്ചവട മിച്ചം നൂറുകോടി ഡോളറിനു മുകളിൽ ആയിരുന്നു .പ്രതിസന്ധിയിൽ നിന്നുംപുറത്തുവരുന്ന റഷ്യൻ സമ്പദ് വ്യവസ്ഥ അതിനു മുമ്പത്തേതിനും വളരെ ശക്തവും ഭദ്രവുമാണ്
2.ശക്തമായ രാഷ്‌ടീയ നേതിര്ത്വം
സമീപകാല റഷ്യയുടെ മുഖമുദ്ര ആ രരാജ്യത്തിന്റെ ശക്തമായ ഭരണ നേതിര്ത്വമാണ് .വ്ലാദിമിർ പുട്ടിന്റെ നേതിര്ത്വത്തിലുള്ള റഷ്യൻ ഭരണത്തെ റഷ്യക്കുള്ളിലെ അരാജകത്വവാദികളും എൻ ജി ഓ വൈതാളിക്കാരുമൊഴിച്ചു എല്ലാ വിഭാഗങ്ങളുടെയും പിന്തുണയുണ്ട് .ഗെന്നഡി ഷുഗാനോവ് നയിക്കുന്ന റഷ്യൻ കമ്മ്യൂണിസ്റ് പാർട്ടിയും വ്ലാദിമിർ ശ്രിനോവ്സ്കി നയിക്കുന്ന തീവ്ര വലതുപക്ഷ ലിബറൽ ഡെമോക്രാറ്റിക് പാർട്ടിയും ഒരേപോലെ റഷ്യയെ പ്രതിരോധിക്കാൻ ഭരണ നേതിര്ത്വം എടുത്ത നടപടികളെ സർവാത്മനാ പിന്തുണക്കുകയാണ് ഉണ്ടായത് ..രാജ്യത്തിനുള്ളിൽ യാതൊരു വിലയുമില്ലാത്ത ഗാരി കാസ്പറോവിനെപ്പോലെയുള്ള രാജ്യ വിരുദ്ധർ മാത്രമാണ് പ്രതിസന്ധിയിൽ ഭരണ നേതിര്ത്വത്തിനെതിരെ നിലയുറപ്പിച്ചത് .ഭരണ നേതിര്ത്വമാകട്ടെ രാജ്യവിരുദ്ധ ശക്തികൾക്ക് രാജ്യത്തിനുള്ളിൽ സ്വാധീനം വർധിപ്പിക്കാൻ നേരിയ പഴുതുപോലും നൽകിയില്ല .രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന വിദേശ എൻ ജി ഓ കളെ അടച്ചു പൂട്ടുക വഴി വിധവംശക പ്രവർത്തനത്തിനുള്ള എല്ലാ പഴുതുകളും ഭരണ കൂടം അടച്ചു .രാജ്യത്തിനുള്ളിൽനിന്നും രാജ്യത്തിനെതിരെ പ്രവർത്തിക്കുന്ന ചിത്ര ശക്തികളെ അമർച്ച ചെയ്യാനായത് സാമ്പത്തിക പരിഷ്കാരങ്ങളിലൂടെ രാജ്യത്തെ ജനങ്ങളുടെ ക്രയ ശേഷി വർധിപ്പിക്കുന്നതിനും സഹായിച്ചു
.
3.വിട്ടു വീഴ്ചയില്ലാത്ത വിദേശനയവും ഇടപെടലുകളും
--
.
ആധുനിക ലോകക്രമത്തിൽ സാമ്പത്തിക ഉപരോധങ്ങളും ,സാമ്പത്തിക ഭീഷണികളും രാഷ്ട്രീയ നയതന്ത്ര ആയുധങ്ങളാണ് .രാജ്യങ്ങളെ വരുതിയിൽ നിർത്താനുള്ള യു എസ് -യൂറോപ്യൻ നയങ്ങളുടെ ഭാഗമാണ് ഉപരോധങ്ങൾ .റഷ്യക്കുമേൽ ഏർപ്പെടുത്തിയ പാശ്ചാത്യ ഉപരോധങ്ങളുടെ പ്രധാന ലക്‌ഷ്യം ലോക ക്രമത്തിൽ റഷ്യ എന്തെങ്കിലും ഇടപെടലുകൾ നടത്തുന്നത് തടയുകയാണ് എന്ന വസ്തുത പാശ്ചാത്യ നേതാക്കൾ പോലും തുറന്നു സമ്മതിക്കുന്നതാണ് .ടിബറ്റിലും സിൻജിയാങ്ങിലും സമാനതകളില്ലാത്ത മനുഷ്യാവകാശലംഘനങ്ങൾ നടത്തുന്ന ജനാധിപത്യത്തിന്റെ നിഴൽ പോലും വീഴാത്ത ചൈനയുടെ മേൽ ഒരു പാശ്ചാത്യ രാജ്യവും ഒരുപരോധവും ഏർപ്പെടുത്തിയിട്ടില്ല എന്നുള്ളതും നാം ഓർക്കണം ..ജിഹാദി ഭീകരതക്കെതിരെ റഷ്യ എടുക്കുന്ന ശക്തമായ നടപടികളും എണ്ണപ്പണം കൊണ്ട് വിലക്കുവാങ്ങപ്പെട്ട പാശ്ചാത്യ നേതിര്ത്വങ്ങളെ സ്വാധീനിച്ചിരിക്കാം എന്നാണ് പിൽക്കാല സംഭവങ്ങൾ വ്യക്തമാക്കിയത് .ഉപരോധത്തിനിടയിൽ തന്നെ റഷ്യ സിറിയയിൽ സൈനികമായി ഇടപെട്ടു .വിജയങ്ങൾ കൊയ്തെടുക്കുകയായിരുന്ന ജിഹാദി ഭീകരർ റഷ്യയുടെ വരവോടെ ആദ്യമായി പരാജയത്തിന്റെ രുചി അറിഞ്ഞു .രണ്ടുകൊല്ലം മുൻപ് സിറിയയുടെ സിംഹഭാഗവും നിയന്ത്രിച്ചിരുന്ന ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരർ നിരന്തരമായ റഷ്യൻ ബോംബിങ്ങിലൂടെ മണ്ണ് അടിയാൻ തുടങ്ങി .അവരുടെ സ്‌പോൺസർമാർ ബില്യൺ കണക്കിന് ഡോളറിന്റെ ആയുധങ്ങളും വിഭവങ്ങളും ഒഴുകിയിട്ടും അവരെ രക്ഷിക്കാനായില്ല .രണ്ടു വർഷത്തിനിപ്പുറം സിറിയയിൽ ജിഹാദി ഭീകരർ പരാജയത്തിന്റെ വക്കിലാണ് .റഷ്യൻ ഇടപെടൽ ഇല്ലായിരുന്നുവെങ്കിൽ മിക്കവാറും അവർ ഇപ്പോൾ സിറിയയും മധ്യ ധരണ്യാഴിയുടെ കിഴക്ക ൻ തീരവും കൈയാളുന്ന ഒരു വൻ സൈനിക ശക്തിയായിരുന്നേനെ .അമേരിക്കൻ തെരെഞ്ഞെടുപ്പ് പോലുള്ള വിഷയങ്ങളിലും റഷ്യ കടുത്ത നിലപാടുതന്നെയാണ് എടുത്തത് .ഈയിടെ എഴുനൂറിലധികം അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെയാണ് അവർ രാജ്യത്തിന് പുറത്താക്കിയത് .രാജ്യതാല്പര്യത്തെ ബാലികഴിച്ചുള്ള വിദേശനയം ഇല്ല എന്ന റഷ്യയുടെ സമീപകാല നയം സാമ്പത്തിക മേഖലയിലും അവരെ വളരെയധികം സഹായിച്ചു എന്ന് വേണം കരുതാൻ
--
4.രാജ്യത്തു നടപ്പാക്കിയ ക്ഷേമ പദ്ധതികൾ.
.
--
ജനങ്ങളാണ് രാജ്യത്തിന്റെ കരുത്ത് എന്ന് പൂർണമായും മനസ്സിലാക്കികൊണ്ടുള്ള സാമ്പത്തിക നയങ്ങളാണ് റഷ്യ കൈകൊണ്ടത് .വിദേശ കറൻസികളുമായി തട്ടിക്കുമ്പോൾ റഷ്യൻ റൂബിളിന്റെ വില കാര്യമായി ഇടിഞ്ഞുവെങ്കിലും ആ വിലയിടിവ് രാജ്യത്തെ സാധാരണക്കാരെ ബാധിക്കാതിരിക്കാൻ ഭരണകൂടം പ്രത്യേകം ശ്രദ്ധിച്ചു .ആവശ്യസാധനങ്ങളെല്ലാം രാജ്യത്തുതന്നെ ഉത്പാദിപ്പിച്ചു . കൊള്ളവിലയുള്ള യൂറോപ്യൻ -യു എസ് ഭക്ഷ്യ വസ്തുകകളുടെ ഇറക്കുമതി നിയമം മൂലം തടഞ്ഞു .പണക്കാർക്കും റഷ്യൻ ഭക്ഷ്യവസ്തുക്കളെ ആശ്രയിക്കരണ്ടി വന്നു .ചരിത്രത്തിലാദ്യമായി ആധുനിക കാലത് റഷ്യ ഭക്ഷ്യ വസ്തുകകളിൽ എല്ലാ സ്വയം പര്യാപ്തവും ,ഒരു ഭക്ഷ്യ വസ്തു കയറ്റുമതി രാജ്യവും ആയി .റഷ്യക്കുമേൽ ഉപരോധം ഏർപ്പെടുത്തിയ യൂറോപ്യൻ രാജ്യങ്ങളുടെ ഭക്ഷ്യോത്പാദന മേഖല പ്രതിസന്ധിയിലായി .സാമ്പത്തിക ഞെരുക്കത്തിലാകുന്ന ഭരണകൂടങ്ങൾ സാഹാരന ചെയുന്നത് സർക്കാകർ ജീവനക്കാരുടെ വേതനം മരവിപ്പിക്കലും ,ക്ഷേമ പദ്ധതികൾ വെട്ടിക്കുറക്കുകയുമാണ് .അതാണ് ഐ എം എഫ് ഉൾപ്പെടെയുള്ള ഉപദേശകർ രാജ്യങ്ങൾക്കുനൽകുന്ന ഉപദേശം .ആ ഉപദേശം ശിരസാ വഹിച്ചാണ് സാമ്പത്തിക പ്രതിസന്ധിയിൽ ആകുന്ന രാജ്യങ്ങൾ മിക്കതും പാപ്പരത്തിലേക്ക് കൂപ്പുകുത്തുന്നത് .സമീപകാല ഗ്രീസിനെക്കാൾ നല്ല ഒരുദാഹരണം ഇതിനില്ല . റഷ്യ ഇക്കാര്യത്തിലും സ്വന്തമായ നിലപാടാണ് എടുത്തത് .ശമ്പളങ്ങൾ ഒന്നും മരവിപ്പിക്കുകയോ കുറയ്ക്കുകയോ ചെയ്തില്ല .ക്ഷേമ പെൻഷനുകൾ ഒന്നും വെട്ടിക്കുറച്ചില്ല .പുതിയ സാമ്പത്തിക ഇളവുകൾ ജനങ്ങൾക്ക് നല്കുകയാണുണ്ടായത് ..ഇതിന്റെയൊക്കെ ഭലമായി കഴിഞ്ഞ കാൽ നൂറ്റാണ്ടായി കൂപ്പുകുത്തികൊണ്ടിരുന്ന റഷ്യൻ ജനസംഖ്യ കഴിഞ്ഞ വർഷങ്ങളിൽ വർധന രേഖ പ്പെടുത്തി .ശമ്പളത്തിലൂടെയും ക്ഷേമ പദ്ധതികളിലൂടെയും ഒഴുകിയ പണം സമ്പദ്‌വ്യവസ്ഥയെ ജീവസുറ്റതാക്കി .താരതമ്യേന വരുമാനം കുറഞ്ഞ ജനവിഭാഗങ്ങൾക്ക് പുതിയ ജീവൻ ഈ കാലത്തുണ്ടായി .അവരിൽ അസ്വസ്ഥതയുണ്ടാക്കി നിറം പിടിപ്പിച്ച വിപ്ലവങ്ങൾ തട്ടികൂട്ടാൻ ശ്രമിച്ച യു എസ് -യൂറോപ്യൻ മേലാളർ ഇളിഭ്യരായി
.
പാശ്ചാത്യലോകം ഒറ്റക്കെട്ടായി നിന്ന് റഷ്യയുടെ മേൽ ഏർപ്പെടുത്തിയ ഉപരോധങ്ങൾമൂലം റഷ്യ മൂന്നുവർഷത്തിനുള്ളിൽ സാമ്പത്തികമായി തകരും എന്നായിരുന്നു പാച്ചാത്യ സാമ്പത്തിക വിദഗ്ധർ അക്കാലത്തു കണക്കു കൂട്ടിയിരുന്നത് .മൂന്ന് കൊല്ലത്തിനിപ്പുറം റഷ്യ തകർന്നില്ലെന്നു മാത്രമല്ല എല്ലാ മേഖലയിലും കരുത്താർജ്ജിക്കുകയും ചെയ്തിരിക്കുന്നു .റഷ്യ കഴിയഞ്ഞ വർഷങ്ങളിൽ കൈകൊണ്ട സാമ്പത്തിക നടപടികൾ മിക്കവയും യാഥാസ്ഥിതിക സാമ്പത്തിക ശാസ്ത്ര തത്വങ്ങൾക്ക് കടക വിരുദ്ധമായിട്ടുള്ളതായിരുന്നു .പക്ഷെ ആ നടപടികൾ വിജയം കണ്ടിരിക്കുന്നു .വെളിവില്ലാത്ത ഉപദേശകരെയും ,കാമ്പില്ലാത്ത സാമ്പത്തിക സിദ്ധാന്തങ്ങളെയും ആശ്രയിക്കാതെ രാജ്യത്തിനും വ്യവസ്ഥക്കും ഇണങ്ങുന്ന നടപടികളിലൂടെ മാത്രമേ വൻ സമ്പദ് വ്യവസ്ഥകൾക്ക് നിലനിൽക്കാനും പുരോഗതി പ്രാപിക്കാനും കഴിയൂ എന്ന പാഠമാണ് റഷ്യ ലോകത്തിനു നൽകുന്നത് എന്നതാണ് സുവ്യക്തമായി എത്തിച്ചേരാവുന്ന അനുമാനം


Search This Blog