Thursday 3 September 2015

ഇന്ത്യ- പാകിസ്‌താന്‍ : ഉലയുന്ന അയല്‍ ബന്ധം


ഇന്ത്യ- പാകിസ്‌താന്‍ : ഉലയുന്ന അയല്‍ ബന്ധം
എം.എസ്‌. സുദീപ്‌
Story Dated: Monday, August 31, 2015 01:36
mangalam malayalam online newspaper
നരേന്ദ്ര മോഡി സര്‍ക്കാര്‍ പതിനഞ്ചു മാസങ്ങള്‍ പിന്നിടുമ്പോള്‍ വിദേശനയത്തെ സംബന്ധിച്ച്‌ ആശങ്കയുളവാക്കുന്ന നിരവധി ചോദ്യങ്ങളാണ്‌ ഉയര്‍ന്നുവരുന്നത്‌. അയല്‍ രാഷ്‌ട്രത്തലവന്മാരുടെ സാന്നിധ്യത്തില്‍ സത്യപ്രതിജ്‌ഞ ചെയ്‌ത്‌ അധികാരമേറ്റ പ്രധാനമന്ത്രി, ഭാവിയില്‍ തന്റെ സര്‍ക്കാരിന്റെ ദക്ഷിണേഷ്യന്‍ രാഷ്‌ട്രങ്ങളോടുള്ള സമീപനം അങ്ങേയറ്റം സൗഹാര്‍ദപരമായിരിക്കുമെന്നുള്ള പ്രതീതിയാണ്‌ ആദ്യം സൃഷ്‌ടിച്ചത്‌. അതു കേവലം മരീചിക മാത്രമാണെന്നാണു വസ്‌തുതകള്‍ തെളിയിക്കുന്നത്‌. സങ്കീര്‍ണമായ രാഷ്‌ട്രീയ പ്രശ്‌നങ്ങളാണ്‌ ആറു പതിറ്റാണ്ടിലധികമായി ഇന്ത്യക്കും പാകിസ്‌താനുമിടയിലുള്ളത്‌. ദക്ഷിണേഷ്യയിലെ പ്രബലമായ രണ്ട്‌ ആണവ- സൈനിക ശക്‌തികളെന്ന നിലയില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളുടെ പുരോഗതിയെ രാജ്യാന്തര സമൂഹം വളരെ പ്രാധാന്യത്തോടെയാണു നോക്കിക്കാണുന്നത്‌. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവങ്ങളാണ്‌ ഇരുരാജ്യങ്ങള്‍ക്കുമിടയിലുള്ള നയതന്ത്ര ബന്ധങ്ങളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്‌.
കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ നടക്കേണ്ടിയിരുന്ന സെക്രട്ടറി തല ചര്‍ച്ചയില്‍ നിന്നും ഏകപക്ഷീയമായി ഇന്ത്യ പിന്മാറിയത്‌ കഴിഞ്ഞ കുറെ നാളുകളായി ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ബന്ധത്തില്‍ വലിയ പ്രതിസന്ധി സൃഷ്‌ടിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ഇരു രാജ്യങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കള്‍ തമ്മില്‍ നടക്കാനിരുന്ന ചര്‍ച്ചയില്‍ നിന്നുള്ള പിന്മാറ്റം ഇന്ത്യ-പാക്‌ നയതന്ത്ര ബന്ധങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടിയായി.
ആധുനിക ജനാധിപത്യ സമൂഹത്തില്‍ സംഭാഷണങ്ങള്‍ക്കുള്ള പ്രാധാന്യം വലുതാണ്‌. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം ലഘൂകരിക്കുന്നതിനു നയതന്ത്ര പ്രഭാഷണങ്ങളോളം ഫലപ്രദമായ മറ്റൊരു വഴിയും ഇല്ല. ചര്‍ച്ചയില്‍നിന്നുള്ള ഇരു രാജ്യങ്ങളുടെയും പിന്മാറ്റം ഇന്ത്യ-പാക്‌ തര്‍ക്കങ്ങള്‍ക്കു രാഷ്‌ട്രീയമായ പരിഹാരം കാണുന്നതിനുള്ള സാധ്യത ഇല്ലാതാക്കുകയാണു ചെയ്യുന്നത്‌.
ഇരു രാജ്യങ്ങളുടെയും ചരിത്രം പരിശോധിച്ചാല്‍ സുപ്രധാനമായ സംഭവവികാസങ്ങളെല്ലാം ഉരുത്തിരിഞ്ഞു വന്നതു ദീര്‍ഘകാലങ്ങളായി പല തട്ടിലും തരത്തിലും നടന്ന സംഭാഷണങ്ങളുടെ ഫലമായുള്ളതാണെന്നും കാണാം. താഷ്‌കന്റ്‌ ഉടമ്പടിയും സിംല കരാറും ആഗ്ര ഉച്ചകോടിയുമെല്ലാം ഇതിനു ചില ഉദാഹരണങ്ങള്‍ മാത്രം. ദേശീയ സുരക്ഷാ ഉപദേഷ്‌ടാക്കളുടെ സംയുക്‌ത ചര്‍ച്ചയില്‍നിന്നുള്ള പിന്മാറ്റം സങ്കുചിത രാഷ്‌ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമാണ്‌. ഇത്‌ ഉത്തരവാദിത്വമുള്ള ജനാധിപത്യ ഭരണ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്തിനു ഭൂഷണമല്ല.
സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന രാജ്യങ്ങള്‍ തമ്മില്‍ നയതന്ത്ര ചര്‍ച്ച നടക്കുമ്പോള്‍ സംഘടനകളുമായും സ്‌ഥാപനങ്ങളുമായും വ്യക്‌തികളുമായും ഔദ്യോഗിക പ്രതിനിധികള്‍ ചര്‍ച്ച നടത്തുന്നത്‌ സാധാരണമാണ്‌. രാജ്യങ്ങള്‍ തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ സുഗമമായ നടത്തിപ്പിന്‌ അതു ഗുണകരമായി ഭവിക്കാറുമുണ്ട്‌. ഇന്ത്യ-പാക്‌ ചര്‍ച്ചകളില്‍ കശ്‌മീര്‍ ഒരു സുപ്രധാന വിഷയമാണെന്നിരിക്കേ ഏതൊരു ചര്‍ച്ചയ്‌ക്കും മുന്നോടിയായി കശ്‌മീരിലെ വിവിധ രാഷ്‌ട്രീയ-സാമൂഹിക-സാംസ്‌കാരിക പൗര സമൂഹ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതുതന്നെ നയതന്ത്ര ചര്‍ച്ചകളില്‍ തികച്ചും സംഘര്‍ഷ രഹിതമായ സാഹചര്യം സൃഷ്‌ടിക്കുമെന്നു നിസംശയം പറയാം. വിഭജന കാലം മുതലിങ്ങോട്ടുള്ള ഇന്ത്യ-പാക്‌ ബന്ധങ്ങളിലെല്ലാം തന്നെ തെളിഞ്ഞു നില്‍ക്കുന്നത്‌ കപട ദേശീയതയിലൂന്നിയ അതിവൈകാരിക പ്രകടനങ്ങളാണ്‌.
ആഭ്യന്തരമായ രാഷ്‌ട്രീയ പ്രതിസന്ധിയുണ്ടാവുന്ന വേളയിലോ കൂടുതല്‍ ജനപ്രീതിക്കു വേണ്ടിയോ അതിര്‍ത്തികള്‍ സംഘര്‍ഷഭരിതമാവുന്നത്‌ ഇതിന്റെയൊക്കെ അടിസ്‌ഥാനത്തിലാണ്‌. പലപ്പോഴും പാക്‌ അധിനിവേശ കശ്‌മീരില്‍നിന്നും ഇന്ത്യയിലേക്ക്‌ പ്രകോപനമുണ്ടാവുമ്പോള്‍ അസ്വസ്‌ഥരാകുന്നത്‌ ഇസ്ലാമബാദിലെ ഭരണനേതൃത്വമാണ്‌. പ്രത്യേകിച്ചും അവിടെ അധികാരത്തിലിരിക്കുന്നത്‌ ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണെങ്കില്‍.
വിഭജനാനന്തരം മാറി മാറി വന്ന ജനാധിപത്യ-സൈനീക ഭരണകൂടങ്ങളെല്ലാം തന്നെ കശ്‌മീര്‍ വികാരം തങ്ങളുടെ ജനങ്ങളുടെയിടയില്‍ ആളിക്കത്തിക്കുന്നതിനും അതതു രാഷ്‌ട്രീയ സാഹചര്യങ്ങള്‍ക്കനുസൃതമായി ഫലപ്രദമായി ഉപയോഗിക്കുന്നതിനും ശ്രമിച്ചിരുന്നു. ഇരു രാജ്യങ്ങളിലും മതത്തിലധിഷ്‌ഠിതമായ ദേശീയതയ്‌ക്ക്‌ വേണ്ടുവോളം വേരോട്ടമുള്ളതിനാല്‍ ഇത്തരം പ്രവണതകളെ പരിപോഷിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കാറുമുണ്ട്‌. ഇവിടെ ഇപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നതും മറ്റൊന്നുമല്ല. എല്ലാ ഇന്ത്യ-പാക്‌ ചര്‍ച്ചകളിലും "ദേശസുരക്ഷ" ഒരു പ്രധാന ഇനമായി വരുന്നതും യാദൃച്‌ഛികമല്ല. ദേശസുരക്ഷയിലൂന്നിത്തന്നെ മിക്ക ചര്‍ച്ചകളും നടക്കാതെ പോവുകയോ, പാതി വഴിയില്‍ നിലച്ചു പോവുകയോ ചെയ്യുമ്പോള്‍ യഥാര്‍ഥത്തില്‍ വിജയിക്കുന്നത്‌ "സുരക്ഷയില്‍" വന്‍ മൂലധന നിക്ഷേപം നടത്തിയിട്ടുള്ള യഥാര്‍ഥ കളിക്കാരാണ്‌. വാസ്‌തവത്തില്‍ രാഷ്‌ട്രീയ-നയതന്ത്ര പ്രതിനിധികള്‍ പിന്‍ സീറ്റിലേക്കു പോവുകയും ബാരക്കിനുള്ളിലും വെളിയിലുമുള്ള മൂലധന ശക്‌തികള്‍ മുന്‍ സീറ്റിലേക്കു വരുകയും ചെയ്യുക എന്നുള്ളതാണ്‌ ഇന്ത്യ-പാക്‌ നയതന്ത്ര ബന്ധങ്ങളിലെ പ്രധാന പ്രതിസന്ധി. അതുകൊണ്ടുതന്നെ ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന "ഹുറിയത്ത്‌" പ്രശ്‌നം ഒരു പുറന്തോടു മാത്രമായി കണക്കാക്കാവുന്നതാണ്‌.
മാറുന്ന രാജ്യാന്തര സാഹചര്യങ്ങളോടൊപ്പം പശ്‌ചിമേഷ്യയിലെയും അഫ്‌ഗാനിസ്‌ഥാനിലെയും സംഭവവികാസത്തിന്റെ പശ്‌ചാത്തലത്തില്‍ രാഷ്‌ട്രീയപരമായും തന്ത്രപ്രധാനപരമായും അയല്‍ രാജ്യങ്ങളുമായും പ്രത്യേകിച്ച്‌ ഇസ്ലാമാബാദുമായി ഏറ്റവും സൗഹൃദപരമായ ബന്ധം ഉറപ്പിക്കേണ്ട സ്‌ഥിതിവിശേഷമാണ്‌ ഇന്ത്യക്കിന്നുള്ളത്‌.
കാശ്‌മീര്‍ വിഷയം ഇരു രാജ്യങ്ങള്‍ക്കുമിടയിലുള്ള ഒരു "പ്രശ്‌നമായി" മുന്നോട്ടു കൊണ്ടുപോകേണ്ടത്‌ നവ-കൊളോണിയല്‍ മൂലധന ശക്‌തികളുടെ ആവശ്യം തന്നെയാണ്‌. ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരസ്‌പരം വിശ്വാസത്തിലെടുത്തുകൊണ്ട്‌ പരിഹരിക്കാവുന്ന രാഷ്‌ട്രീയ പ്രശ്‌നം മാത്രമാണ്‌ ഇന്ത്യക്കും പാകിസ്‌താനുമിടയിലുള്ളത്‌. അതിനായി രാഷ്‌ട്രീയ-സങ്കുചിത മത താല്‍പര്യങ്ങള്‍ക്കതീതമായ ഇച്‌ഛാശക്‌തിയുള്ള ഭരണ നേതൃത്വമാണു വേണ്ടത്‌. രൂക്ഷമായ ആഭ്യന്തര പ്രശ്‌നങ്ങള്‍ നില്‍ക്കുന്ന പാകിസ്‌താനില്‍ നവാസ്‌ ഷെരീഫ്‌ ദുര്‍ബലമായ അവസ്‌ഥയിലാണെങ്കിലും ഭരണഘടനാപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ഭരണ നേതൃത്വവുമായി ചര്‍ച്ചയില്‍ ഏര്‍പ്പെടുന്നതിനുള്ള സുവര്‍ണാവസരമാണ്‌ ഇന്ത്യ നഷ്‌ടപ്പെടുത്തിയത്‌.
- See more at: http://www.mangalam.com/opinion/354778#sthash.uqfAg41T.1SDwFgtA.dpuf

No comments:

Post a Comment

Search This Blog