'എനിക്കൊരു സ്വപ്‌നമുണ്ട്'
19 Jan 2015
ഇല്ല, ഇല്ല, നീതി ജലം പോലെയും നീതിബോധം വന്‍ അരുവിപോലെയും ഒഴുകിയെത്തും വരെ ഞങ്ങള്‍ തൃപ്തരല്ല. തൃപ്തരാവില്ല.
കൊടിയ പരീക്ഷണങ്ങളും ക്ലേശങ്ങളും സഹിച്ചാണ് നിങ്ങളില്‍ ചിലര്‍
ഇവിടെയെത്തിയിരിക്കുന്നതെന്ന കാര്യം ഞാന്‍ ശ്രദ്ധിക്കാതെയല്ല. ഇടുങ്ങിയ
ജയിലറകളില്‍ നിന്ന് നേരിട്ടെത്തിയിട്ടുള്ളവരാണ് നിങ്ങളില്‍ ചിലര്‍.
നിങ്ങളുടെ സ്വാതന്ത്ര്യ ദാഹം പീഡനങ്ങളുടെ കൊടുങ്കാറ്റില്‍ തകര്‍ക്കപ്പെട്ട,
പോലീസ് മൃഗീയതയുടെ കാറ്റില്‍ വേച്ചുപോയ ഇടങ്ങളില്‍ നിന്നാണ് നിങ്ങളില്‍
ചിലര്‍ വന്നിരിക്കുന്നത്. സര്‍ഗാത്മക സഹനത്തിന്റെ ആചാര്യന്‍മാരാണ്
നിങ്ങള്‍.
അര്‍ഹിക്കാത്ത സഹനം വീണ്ടെടുപ്പാണെന്ന വിശ്വാസത്തില്‍ തുടര്‍ന്നും
പ്രവര്‍ത്തിക്കുക. ഈ സ്ഥിതിവിശേഷം എന്തായാലും മാറുമെന്നും മാറ്റുമെന്നും
അറിഞ്ഞുകൊണ്ട് മിസിസ്സിപ്പിയിലേയ്ക്ക് മടങ്ങൂ, അലബാമയിലേക്ക് മടങ്ങൂ, സൗത്ത
കാരലീനയിലേക്ക് മടങ്ങൂ, ജോര്‍ജിയയിലേക്ക് മടങ്ങൂ, ലൂസിയാനയിലേക്ക് മടങ്ങൂ,
നമ്മുടെ വടക്കന്‍ നഗരങ്ങളിലെ ചേരികളിലേക്കും കുടികളിലേക്കും മടങ്ങൂ.
നമുക്ക് നിരാശയുടെ താഴ്‌വരയില്‍ ഉഴറിനടക്കാതിരിക്കാം.
ഇന്നു ഞാന്‍ നിങ്ങളോട് പറയുന്നു, എന്റെ സുഹൃത്തുക്കളേ, ഇന്നിന്റെയും
നാളെയുടെയും പ്രയാസങ്ങളെ നമ്മള്‍ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും എനിക്ക്
ഇപ്പോഴും ഒരു സ്വപ്‌നമുണ്ട്. അമേരിക്കന്‍ സ്വപ്‌നത്തില്‍ ആഴത്തില്‍
വേരൂന്നിയ ഒരു സ്വപ്‌നമാണത്. എനിക്കൊരു സ്വപ്‌നമുണ്ട്, 'സകല മനുഷ്യരും
തുല്യരായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നതെന്ന സത്യങ്ങള്‍ തെളിവുകളും
വിശദീകരണങ്ങളും ആവശ്യമില്ലാത്തതാണെന്ന് ഞങ്ങള്‍ കരുതുന്നു' എന്ന
തിരിച്ചറിവിലേക്ക് ഒരു നാള്‍ ഈ രാഷ്ട്രം ഉയര്‍ത്തെഴുന്നേല്‍ക്കുകയും
സ്വന്തം വിശ്വാസപ്രമാണത്തിന്റെ ശരിയായ അര്‍ഥത്തിനനുസരിച്ച് ജീവിക്കുകയും
ചെയ്യും.
എനിക്കൊരു സ്വപ്‌നമുണ്ട്, ജോര്‍ജിയയിലെ ചുവന്ന കുന്നുകള്‍ക്ക് മേലെ മുന്‍
അടിമകളുടെ മക്കള്‍ക്കും മുന്‍ ഉടമകളുടെ മക്കള്‍ക്കും സാഹോദര്യത്തിന്റെ
മേശയ്ക്കു ചുറ്റും ഒരുമിച്ചിരിക്കാന്‍ കഴിയുന്ന ഒരു നാള്‍. എനിക്കൊരു
സ്വപ്‌നമുണ്ട്, അനീതിയുടെയും അടിമത്തത്തിന്റെയും ചൂടില്‍ വെന്തുരുകുന്ന
സംസ്ഥാനമായ മിസിസ്സിപ്പി പോലും സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും
മരുപ്പച്ചയായി പരിണമിക്കുന്ന ഒരു നാള്‍.
എനിക്കൊരു സ്വപ്‌നമുണ്ട്, എന്റെ നാല് കുഞ്ഞുങ്ങളും അവരുടെ തൊലിനിറം
കൊണ്ടല്ലാതെ, അവരുടെ സ്വഭാവത്തിന്റെ മേന്‍മകൊണ്ട് വിലയിരുത്തപ്പെടുന്ന
രാജ്യത്ത് ജീവിക്കുന്ന ഒരു നാള്‍. എനിക്കൊരു സ്വപ്‌നമുണ്ട്...എനിക്കൊരു
സ്വപ്‌നമുണ്ട്, അലബാമയില്‍, അതിലെ വര്‍ണവെറിയന്‍മാര്‍ക്കൊപ്പം,
തുരങ്കംവെപ്പിനെയും അസാധുവാക്കലിനെയും പറ്റിയുള്ള വാക്കുകള്‍
ഒലിപ്പിക്കുന്ന അതിന്റെ ഗവര്‍ണര്‍ക്കൊപ്പം കറുത്ത ആണ്‍കുഞ്ഞുങ്ങള്‍ക്കും
പെണ്‍കുഞ്ഞുങ്ങള്‍ക്കും സഹോദരീ സഹോദരന്‍മാരെപ്പോലെ വെളുത്ത
ആണ്‍കുഞ്ഞുങ്ങളുടെയും പെണ്‍കുഞ്ഞുങ്ങളുടെയും കൈകോര്‍ത്തുപിടിക്കാന്‍
കഴിയുമാറാകുന്ന ഒരു നാള്‍.
എനിക്കിന്നൊരു സ്വപ്‌നമുണ്ട്...എനിക്കൊരു സ്വപ്‌നമുണ്ട്, ഒരു നാള്‍ എല്ലാ
താഴ്‌വരകളും ഉയര്‍ത്തപ്പെടും. എല്ലാ മലകളും താഴ്ത്തപ്പെടും. പരുക്കന്‍
നിലങ്ങള്‍ സമതലമാക്കപ്പെടും. വളഞ്ഞ ഇടങ്ങള്‍ നേരെയാക്കപ്പെടും. അപ്പോള്‍
ദൈവത്തിന്റെ മഹത്വം വെളിവാക്കപ്പെടും. സകലജനതയും ഒരുമിച്ചത് ദര്‍ശിക്കും.
ഇതാണ് നമ്മുടെ പ്രത്യാശ. ഞാന്‍ തെക്കോട്ട് മടങ്ങുമ്പോഴുള്ള വിശ്വാസം ഇതാണ്.
ഈ വിശ്വാസംകൊണ്ട് നിരാശയുടെ പര്‍വതത്തില്‍ നിന്ന് പ്രത്യാശയുടെ ഒരു പാറ
ചൂഴ്‌ന്നെടുക്കാന്‍ നമുക്കാവും. ഈ വിശ്വാസംകൊണ്ട് നമ്മുടെ രാജ്യത്തെ
അപശ്രുതികളുടെ കോലാഹലം സാഹോദര്യത്തിന്റെ മനോഹര ഗീതമാക്കി പരിണമിപ്പിക്കാന്‍
നമുക്കാവും. ഈ വിശ്വാസംകൊണ്ട് ഒരുമിച്ച് പണിയെടുക്കാന്‍, ഒരുമിച്ച്
പ്രാര്‍ഥിക്കാന്‍, ഒരുമിച്ച് പോരാടാന്‍, തടവറയിലേക്ക് ഒരുമിച്ചുപോകാന്‍,
ഒരുനാള്‍ സ്വതന്ത്രരാകുമെന്ന പ്രത്യാശയോടെ സ്വാതന്ത്ര്യത്തിനായി
ഒരുമിച്ചുനില്‍ക്കാന്‍ നമുക്കാവും.
ദൈവത്തിന്റെ മക്കള്‍ക്കെല്ലാം പുതിയ അര്‍ഥത്തോടെ പാടാന്‍ കഴിയുന്ന ദിനം.
'എന്റെ രാജ്യമേ, സ്വതന്ത്ര്യത്തിന്റെ മധുര ഭൂമീ, നിന്നെക്കുറിച്ചു ഞാന്‍
പാടുന്നു. എന്റെ പിതാക്കന്‍മാര്‍ മരിച്ച ഭൂമീ, തീര്‍ഥാടകന്റെ അഭിമാന ഭൂമീ,
എല്ലാ മലഞ്ചെരിവുകളില്‍ നിന്നും സ്വാതന്ത്ര്യം മുഴങ്ങട്ടെ.' അമേരിക്ക ഒരു
മഹത്തായ രാഷ്ട്രമായിരിക്കണമെങ്കില്‍ ഇത് സത്യമായിത്തീരണം. അതിനാല്‍,
ന്യൂഹാംഷയറിലെ ഉത്തുംഗമായ മലനിരകളില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ.
ന്യുയോര്‍ക്കിലെ വന്‍മലകളില്‍ നിന്ന് സ്വാതന്ത്ര്യം മുഴങ്ങട്ടെ.
പെന്‍സില്‍വേനിയയിലെ അലിഗെനി കുന്നുകളില്‍ നിന്ന് സ്വാന്ത്ര്യം മുഴങ്ങട്ടെ.
കൊളറാഡോയിലെ മഞ്ഞണിഞ്ഞ റോക്കി മലനിരകളില്‍ നിന്ന് സ്വാതന്ത്ര്യം
മുഴങ്ങട്ടെ. കാലിഫോര്‍ണിയയിലെ വടിവൊത്ത മലമടക്കുകളില്‍ സ്വാതന്ത്ര്യം
മുഴങ്ങട്ടെ.
പക്ഷേ അതുമാത്രം പോര. ജോര്‍ജിയയിലെ സ്‌റ്റോണ്‍ മലയില്‍ നിന്ന്
സ്വാതന്ത്ര്യം മുഴങ്ങട്ടെ. ടെന്നിസിയിലെ ലുക്കൗട്ട് മലയില്‍ നിന്ന്
സ്വാതന്ത്ര്യം മുഴങ്ങട്ടെ. മിസിസ്സിപ്പിയിലെ സകല കുന്നില്‍ നിന്നും
മണ്‍പുറ്റില്‍ നിന്നും എല്ലാ മലഞ്ചെരുവില്‍ നിന്നും സ്വാതന്ത്ര്യം
മുഴങ്ങട്ടെ. സ്വാതന്ത്ര്യം മുഴങ്ങട്ടെ...
സ്വാതന്ത്ര്യത്തെ മുഴങ്ങാന്‍ നാം അനുവദിക്കുമ്പോള്‍ എല്ലാ നഗരത്തിലും
ഗ്രാമത്തിലും നിന്നും എല്ലാ സംസ്ഥാനത്തിലും പട്ടണത്തിലും നിന്നും അത്
മുഴങ്ങുമ്പോള്‍, എല്ലാ ദൈവമക്കളും, കറുത്തവനും വെളുത്തവനും ജൂതനും
ജൂതനല്ലാത്തവനും പ്രൊട്ടസ്റ്റന്റും കത്തോലിക്കനും കൈകള്‍ കോര്‍ത്ത്
'ഒടുവില്‍ സ്വതന്ത്രരായി, ഒരുടിവില്‍ സ്വതന്ത്രരായി, മഹോന്നതനും
സര്‍വശക്തനുമായ ദൈവമേ, ഒടുവില്‍ ഞങ്ങള്‍ സ്വതന്ത്രരായി' എന്ന ആ പഴയ നീഗ്രോ
ഭക്തിഗാനത്തിന്റെ വരികള്‍ പാടുന്ന ആ ദിനം വേഗത്തില്‍ ആഗതമാക്കാന്‍ നമുക്ക്
കഴിയും.
https://www.youtube.com/watch?feature=player_embedded&v=smEqnnklfYs