Tuesday, 30 October 2018

നവാബ് രാജേന്ദ്രൻ


നവാബ് രാജേന്ദ്രൻ

കടപ്പാട്: വിനോദ്‌ വേണുഗോപാൽ - ചരിത്രാന്വേഷികൾ- വിക്കിപീഡിയ

ഇദ്ദേഹത്തെ അറിയുമോ .... ?

എന്റെ ഓർമ്മ ശരിയാണെങ്കിൽ ഡിഗ്രി ആദ്യ വർഷമാണെന്ന് തോന്നുന്നു , പാലക്കാട് കോളേജ് റോഡിൽ സ്ഥിതി ചെയ്യുന്ന പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൌസിൽ , ലാസ്റ്റ് ഗ്രേഡ് സെർവ്വന്റായ എന്‍റെ  അച്ഛനെ കാണാൻ കോളേജിലേക്ക് പോകുമ്പോഴും , വരുമ്പോഴും ഞാൻ കയറുമായിരുന്നു . അങ്ങനെ അപ്രതീക്ഷിതമായാണ് ഒരു ദിവസം രാവിലെ ഗസ്റ്റ് ഹൌസിന്റെ പൂമുഖത്ത് ഞാൻ ഇദ്ദേഹത്തെ കാണുന്നത് . വേഷവിധാനത്തിലെ പ്രത്യേകതകൊണ്ടുതന്നെ ഞാൻ അച്ഛനോട് ചോദിച്ചു .... 

ആരാണയാൾ .... ? 

അച്ഛൻ പറഞ്ഞു - നവാബ് രാജേന്ദ്രൻ . 

ഞാനൊന്ന് കൈ കൂപ്പി . അലക്ഷ്യമായി അദ്ദേഹം തിരിച്ചും . 

ആരാണ് നവാബ് രാജേന്ദ്രന്‍  ...... ? 

അനീതിയുടെ ഗുഹാമുഖങ്ങളില്‍ , നീതിയുടെ , മനുഷ്യാവകാശങ്ങളുടെ ,  പ്രകാശം തേടി ഒരു അവധൂതനെ പോലെ നടന്ന ഒരു ചെറിയ , വലിയ മനുഷ്യസ്നേഹി . ടി. എ രാജേന്ദ്രൻ എന്നാണ് അദ്ദേഹത്തിന്റെ യഥാർത്ഥനാമം . പയ്യന്നൂരിലുള്ള കുഞ്ഞിരാമ പൊതുവാളിന്റേയും ഭാര്‍ഗവിയമ്മയുടേയും മകനായി 1950 ഒക്ടോബര്‍ 10 - നാണ് നവാബ് രാജേന്ദ്രന്‍ എന്ന ടി എ രാജേന്ദ്രന്‍ ജനിച്ചത് . പൊതുതാൽപര്യ ഹർജികളിലൂടെയാണ്‌ രാജേന്ദ്രൻ പ്രശസ്തനാകുന്നത്‌ . രാജേന്ദ്രന്റെ ജീവിതം സാമൂഹ്യ തിന്മകളോടുള്ള എതിർപ്പിന്റെ ഒരു ഉദാഹരണമായി നിലകൊള്ളുന്നു . അദ്ദേഹത്തെ കഠിനമായി ദ്രോഹിച്ച പൊലീസ്‌ ഓഫീസർ ജയറാം പടിക്കൽ തന്റെ അവസാന കാലത്ത്‌ " നല്ലൊരു മനുഷ്യന്റെ ജീവിതവും , ജോലിയും തകർത്തെറിഞ്ഞതിൽ " പശ്ചാത്തപിച്ചിരുന്നു .

തൃശ്ശൂരിൽ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന " നവാബ്‌ " എന്ന പത്രത്തിലൂടെയാണ്‌ രാജേന്ദ്രൻ പൊതുപ്രവർത്തന രംഗത്തേക്ക്‌ കടന്നുവരുന്നത്‌ . അക്കാലത്ത് നടന്ന അഴിമതികളേയും , അധർമ്മങ്ങളേയും കുറിച്ച് " നവാബ്‌ " പത്രത്തിൽ വിമർശന രൂപത്തിലുള്ള ലേഖനങ്ങൾ രാജേന്ദ്രൻ പ്രസിദ്ധീകരിച്ചു . ഇതു കൊണ്ടു തന്നെ രാജേന്ദ്രൻ " നവാബ്‌ രാജേന്ദ്രൻ " എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി.

" തട്ടിൽ കൊലക്കേസ്‌ " എന്നറിയപ്പെടുന്ന തട്ടിൽ എസ്റ്റേറ്റ്‌ മാനേജർ ജോണിന്റെ കൊലപാതകത്തെക്കുറിച്ച്‌ സുപ്രധാനമായ തെളിവുകൾ ആദ്യമായി കിട്ടുന്നത്‌ നവാബ്‌ രാജേന്ദ്രനാണെന്ന് പറയപ്പെടുന്നു . അതിനുശേഷം നവാബ് രാജേന്ദ്രൻ കൊടിയ മർദ്ദനങ്ങൾക്കിരയായി‍ . അദ്ദേഹത്തിന്റെ പത്രമാപ്പീസ്  ഈ സമയത്ത്‌ എതിരാളികൾ തല്ലിത്തകർത്തു . നീണ്ട അജ്ഞാത വാസത്തിനു ശേഷം പുറത്തു വന്ന നവാബ്‌ രാജേന്ദ്രൻ പിന്നീട്‌ അനീതിക്ക്‌ എതിരായി പോരാടിയത്‌ നിയമങ്ങളിലൂടെയും , കോടതികളിലൂടെയും ആയിരുന്നു . നവാബ്‌ സമർപ്പിച്ച പല പൊതു താൽപര്യ ഹർജികളും അദ്ദേഹത്തിന്‌ ( പൊതു ജനത്തിനും ) അനുകൂലമായ വിധിയുണ്ടായി . 

പൊതുകാര്യപ്രസക്തമായ വിഷയങ്ങളിൽ നിയമയുദ്ധം നടത്തിയ ശ്രദ്ധേയനായ നവാബ് കെ . കരുണാകരനെതിരെ നടത്തിയ നിയമയുദ്ധങ്ങൾ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു . കരുണാകരൻ നേതൃത്വം നൽകിയ കോൺഗ്രസ് മന്ത്രിസഭയിൽ മന്ത്രിയായിരുന്ന എം . പി . ഗംഗാധരന് നവാബിന്റെ കേസിനെ തുടർന്ന് സ്ഥാനം രാജി വയ്ക്കേണ്ടി വന്നിരുന്നു . ഗംഗാധരൻ പ്രായ പൂർത്തിയാകാത്ത മകളെ വിവാഹം കഴിപ്പിച്ചു എന്നതായിരുന്നു കേസ് .
ജയറാം പടിക്കലിന്റെ ബൂട്ടിന്റെ പ്രഹരമേറ്റു പലപ്പോഴും മരണ തുല്യനായി കിടക്കേണ്ടി വന്നിട്ടുള്ളതു കൂടാതെ ഒളിവിലും ജയിലിലും കിടന്ന് അടിയന്തരാവസ്ഥയുടെ ക്രൂരതക്കെതിരേ ഒറ്റക്കു പോരാടി . തന്റെ എല്ലാമായ നവാബ് പത്ര സ്ഥാപനം ഭരണാധികാരികള്‍ തീയിട്ട് നശിപ്പിച്ചിട്ടു പോലും ആ ധീരനെ കീഴ്‌പെടുത്താന്‍ ആര്‍ക്കും കഴിഞ്ഞില്ല .

കരുണാകരന്റെ രാഷ്ട്രീയ ജീവിതത്തിലെ ചെയ്തികള്‍ സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ നവാബിന്റെ കൈവശമുണ്ടായിരുന്നു . മദ്യം കൊടുത്തു മയക്കിക്കിടത്തിയാണ് അത് കൈക്കലാക്കിയതെന്ന് ജയറാം പടിക്കല്‍ പിന്നീട് എറ്റു പറഞ്ഞു .

അനീതി എവിടെ കണ്ടാലും പച്ചയായി എതിര്‍ക്കുന്ന നവാബിനെ ശല്യക്കാരനായ വ്യവഹാരിയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചെങ്കിലും കോടതി അത് ഫയലില്‍ പോലും സ്വീകരിക്കാതെ തള്ളിക്കള യുകയായിരുന്നു . ആ ചെറിയ മനുഷ്യനുള്ള വലിയ അംഗീകാരമായിരുന്നു അത് .
പൊതു താല്പര്യ ഹർജികള്‍ ഇന്ന് പലര്‍ക്കും സ്വകാര്യ താല്പര്യ ഹർജികളും , ധന സമാഹരണ മാര്‍ഗ്ഗവും ആകുമ്പോള്‍ ഒരു ചില്ലിക്കാശുപോലും നേടാതെ നവാബ് നീതി തേടി കോടതി വരാന്തകള്‍ കയറി ഇറങ്ങി . സ്വയം കേസ് വാദിച്ചു .

നവാബ് രാജേന്ദ്രന്‍ , ഹൈക്കോടതി വരാന്ത , കൊച്ചി . ഇതായിരുന്നു അദ്ദേഹത്തിന്‍റെ അഡ്രസ്സ് . ഒരു കത്ത് പോലും നവാബിന് കിട്ടാതെ പോയ്യില്ല . സമൂഹത്തില്‍ പടര്‍ന്നു കയറുന്ന അനീതിക്ക് തടയിടാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ചു കൊണ്ട് നവാബിന് ലഭിച്ച മാനവ സേവാ അവാര്‍ഡ് തുക രണ്ടു ലക്ഷം രൂപ എറണാകുളം ജനറല്‍ ആശുപത്രിയുടെ മോര്‍ച്ചറി നന്നാക്കാന്‍ ഏല്‍പ്പിക്കുകയായിരുന്നു അദ്ദേഹം . വഴിയിലും ബസ്സ്റ്റാന്റിലും അന്തിയുറങ്ങുകയും ഉടുതുണിക്ക് മറുതുണിയില്ലാതെ അലയുകയും ചെയ്യുന്ന അവസ്ഥയിലും , ഒരു സോപ്പു വാങ്ങാന്‍ പോലും ഗതിയില്ലാത്തപ്പോഴുമാണ് കിട്ടിയ രണ്ടു ലക്ഷം മോര്‍ച്ചറി നന്നാക്കാന്‍ ചെലവഴിച്ചതെന്നോര്‍ക്കണം .
ക്യാൻസർ‍ രോഗബാധിതനായ നവാബ്‌ രാജേന്ദ്രൻ 2003 ഒക്ടോബർ 10 - ആം തിയ്യതി അന്തരിച്ചു .

മരണശേഷം തന്റെ ശരീരം മെഡിക്കല്‍ കോളേജിലെ കുട്ടികള്‍ക്ക് പഠിക്കാന്‍ ഏല്പിക്കണമെന്ന് നവാബ് പറഞ്ഞിരുന്നെങ്കിലും , സമയോചിത പരിചരണമില്ലാതെ മൃതശരീരം മോര്‍ച്ചറിയിലിരുന്ന്  ജീര്‍ണ്ണിച്ചു പോയതിനാല്‍ ആ ഉദ്യമം ഉപേക്ഷിച്ച് ആരുമറിയാതെ സംസ്‌കരിക്കുകയായിരുന്നു .
നീതിക്ക് വേണ്ടിയുള്ള സമര മുഖങ്ങളില്‍ നീളന്‍ ബോഹമിയന്‍ കുപ്പായവും , കട്ടിക്കണ്ണടയും , ചുണ്ടില്‍ മുറി ബീഡിയും , കയ്യിലൊരു പഴയ പെട്ടിയുമായി നവാബ് നമ്മോടൊപ്പം ഉണ്ടാവുക തന്നെ ചെയ്യും . കാലത്തിനൊപ്പവും ....... !
അഴിമതിക്കെതിരെ ഒരു പ്രസ്ഥാനമായി ജീവിച്ച നവാബിനെ നമുക്ക് ഇപ്പോഴെങ്കിലും സ്മരിക്കാം .

ഇതിവിടെ ഇന്ന് പറഞ്ഞത് ,  നീതി ജിവിച്ചിരിക്കുമ്പോൾ തന്നെ കിട്ടുന്നത് ഒരു പുരസ്കാരമാണ് . 


ജസ്റ്റിസ് എച്ച്. ആർ ഖന്ന

ജസ്റ്റിസ് എച്ച്. ആർ ഖന്ന

കടപ്പാട്: രാജേഷ് പി.എസ് വെള്ളൂർ-ചരിത്രാന്വേഷികൾ

ഇന്ത്യൻ നീതിന്യായ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെടേണ്ട പേരാണ്  സുപ്രീം കോടതി മുൻ ജഡ്ജിH.R ഖന്നയുടേത് .1975 ലെഅടിയന്തിരാവസ്ഥ കാലത്ത് വ്യക്തിസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനായി നിലപാടെടുത്തതിന്റെ പേരിൽ അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവി നഷ്ടമാവുകയുണ്ടായി. അടിയന്തിരാവസ്ഥയുടെ നിയസാധുത ചോദ്യം ചെയ്ത് കൊണ്ട് പ്രമുഖ അഭിഭാഷകനായ നാനി പൽക്കി വാല സമർപ്പിച്ച ഹർജി സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നു. ചീഫ് ജസ്റ്റിസ്ANറേയുടെ അധ്യക്ഷതയിൽHR ഖന്ന, MH ബേഗ്, YVചന്ദ്രചൂഡ്, PN ഭഗവതി എന്നിവരടങ്ങുന്ന ബഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തിസ്വാതന്ത്രത്തിന്റെയും ജീവിക്കാനുള്ളതിന്റെയും അടക്കം എല്ലാ അവകാശങ്ങളുടെയും കേന്ദ്രം ഭരണഘടനയുടെ 21-ാം വകുപ്പ് ആണെന്നും. അടിയന്തിരാവസ്ഥയിൽ 21-ാം വകുപ്പ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ ഹർജി നിലനിൽക്കില്ലെന്നുമായിരുന്നു സർക്കാർ വാദം.സർക്കാർ വാദത്തോട് ജസ്റ്റിസ് ഖന്ന വിയോജിച്ചു മറ്റ് നാലു ജഡ്ജിമാരും സർക്കാരിന് കീഴടങ്ങി അനുകൂല നിലപാടെടുക്കുകയാണ് ഉണ്ടായത്.4 - 1 ന് ഹർജി തള്ളിപ്പോവുകയാണുണ്ടായത്.രാജ്യം ഭീഷണി നേരിടുമ്പോൾ വ്യക്തിയുടെ സുരക്ഷാ താൽപര്യങ്ങൾ ഭരണകൂടത്തിന് വഴിമാറികൊടുക്കണമെന്ന് ചീഫ് ജസ്റ്റിസ് റേ വിധിന്യായത്തിൽ പറഞ്ഞു. ഹർജിക്കാധാരമായ വ്യവസ്ഥ തന്നെ നിർത്തലാക്കിയിരിക്കുന്നതായി ജസ്റ്റിസ് ബേഗ് പറഞ്ഞു. ചന്ദ്രചൂഡ് പ്രത്യേക പരാമർശം നടത്തിയില്ല. നിയമ വിധേയമായി അറസ്റ്റ് ചെയ്യപ്പെട്ടവരുടെ ഹർജി തള്ളാതെ മാർഗ്ഗമില്ലെന്ന് ഭഗവതി അഭിപ്രായപ്പെട്ടു.ജസ്റ്റിസ് ഖന്നയുടെ വിയോജന കുറിപ്പ് എല്ലാ വാദങ്ങളെയും തള്ളുന്നതായിരുന്നു. വ്യക്തിസ്വാതന്ത്രം ഹനിക്കപ്പെടുന്നത് മാത്രമല്ല പ്രശ്നം, കോടതികളുടെ അധികാരത്തിലൂടെ നിർവചിക്കപ്പെടുകയും പാലിക്കപ്പെടുകയും ചെയ്യുന്ന  നിയമങ്ങൾ നിശബ്ദമാക്കപ്പെടുമോ എന്നതാണ് പ്രശ്നമെന്ന് ചൂണ്ടിക്കാട്ടി.നിയമത്തിന്റെ പിൻബലമില്ലാതെ അടിയന്തിരാവസ്ഥ കാലത്ത് പോലും സർക്കാരിന് വ്യക്തിസ്വാതന്ത്രം നിഷേധിക്കാൻ അധികാരമില്ലെന്നു അദ്ദേഹംവ്യക്തമാക്കി.. ഏത് സംസ്കാരമുള്ള സമൂഹത്തിലെയും നിയമവാഴ്ചയുടെ അടിസ്ഥാനമിതാ ണെന്ന് അദ്ദേഹം വിയോജന കുറിപ്പിൽ ചൂണ്ടിക്കാട്ടി.ഈ വിയോജനക്കുറിപ്പാണ് അദ്ദേഹത്തിന് ചീഫ് ജസ്റ്റിസ് പദവി നിഷേധിക്കപ്പെടുന്നതിലേക്ക് നയിച്ചത്.സർക്കാർ ഖന്നയെ മറികടന്ന് അദ്ദേഹത്തിന്റെ ജൂനിയർ ബേഗിനെ ചീഫ് ജസ്റ്റിസായി നിയമിച്ചു. ഖന്ന സർക്കാരിന് കീഴടങ്ങി രാജിവയ്ക്കാൻ തയ്യാറായില്ല. നീതിന്യായ സംവിധാനത്തിലെ മോശം രീതികൾക്കിടയിലും പ്രതീക്ഷകൾ നൽകി അദ്ദേഹം സുപ്രീം കോടതിയിൽ തുടർന്നു.

അടിയന്തിരാവസ്ഥയുടെ മറ്റൊരു ബലിയാട്


സ്നേഹലത റെഡ്‌ഡി

കടപ്പാട് : കൃഷ്ണകുമാർ പദ്മനാഭ പിള്ള- ചരിത്രാന്വേഷികൾ

എന്തിനായിരുന്നു അടിയന്തരാവസ്ഥയിലെ അധികാരികളുടെ കിങ്കരന്മാര്‍ അതുചെയ്തത്. ചെയ്യാത്ത കുറ്റം ഏല്‍ക്കില്ലെന്നും അറിയാത്ത കാര്യം സമ്മതിക്കില്ലെന്നും, അവര്‍ ഒരു വിശിഷ്ട വ്യക്തിയാണെന്ന് അറിയാമായിരുന്നിട്ടും. ഒരു സ്ത്രീഭരണാധികാരിയായിരുന്ന ഇന്ദിരാ ഗാന്ധിക്ക് അറിയാമായിരുന്നിരിക്കണം, പോലസ് കസ്റ്റഡിയിലായിരുന്ന സ്‌നേഹലത റെഡ്ഡിയെ. എന്നിട്ടും...

ആരായിരുന്നു സ്‌നേഹലതാ റെഡ്ഡി? ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള 1970 ലെ ദേശീയ അവാര്‍ഡുനേടിയ 'സംസ്‌കാര' എന്ന വിഖ്യാത കന്നഡസിനിമയിലൂടെ മികച്ച പ്രകടനം കാഴ്ചവെച്ച അഭിനേത്രി ..മദ്രാസ് പ്ലെയേഴ്‌സ് എന്ന നാടകസംഘത്തിലൂടെ ഇബ്‌സന്റെ 'പീര്‍ ഗിന്തി'നും വില്യം ഷേക്സ്പിയറുടെ 'ട്വല്‍ത്ത് നൈറ്റി'നും ടെന്നസി വില്യംസിന്റെ 'നൈറ്റ് ഓഫ് ഇഗ്വാന'യ്ക്കുമെല്ലാം ഇന്ത്യന്‍ രൂപം നല്‍കിയ കലാകാരി. സമാന്തര സിനിമകളുടെ തലതൊട്ടപ്പന്‍ എന്നറിയപ്പെടുന്ന പട്ടാഭിരാമ റെഡ്ഡിയുടെ ഭാര്യ. സ്‌നേഹലതയുടെ വ്യക്തിത്വമാകുന്ന തീജ്വാലകളെ സംരക്ഷിച്ചു നിര്‍ത്തുന്ന തണലായിരുന്നു എന്നും പട്ടാഭി രാമറെഡ്ഡി.

ജാതിവ്യവസ്ഥയെ എതിര്‍ക്കുന്നതുകൊണ്ട് പ്രദര്‍ശനം വിലക്കപ്പെട്ട 'സംസ്‌കാര' (നോവല്‍ രചന: യു.ആര്‍. അനന്തമൂര്‍ത്തി, സിനിമയാക്കയത്: പട്ടാഭിരാമ റെഡ്ഡി, മുഖ്യ നടന്‍: ഗിരീഷ് കാസറവള്ളി, നടി: സ്‌നേഹലത റെഡ്ഡി) പിന്നീട് വെളിച്ചം കണ്ടതും 1970 ല്‍ രാജ്യത്തെ ഏറ്റവും നല്ല ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടിയതും കന്നടയിലെ സമാന്തര സിനിമാപ്രസ്ഥാനത്തിനു നാന്ദി കുറിച്ചതും ചരിത്രം..

യാതനകള്‍ നിറഞ്ഞ ഒരു ബാല്യം അനുഭവിച്ച സ്‌നേഹലതയ്ക്ക് സമൂഹത്തിന്റെ വ്യാകുലതകള്‍ മനസിലാക്കാന്‍ സാധിച്ചിരുന്നു. അവര്‍ എല്ലാവരെയും സ്‌നേഹിക്കുകയും സമൂഹത്തില്‍ നിലനില്‍ക്കുന്ന ക്രൂരതയെയും അനീതിയെയും എതിര്‍ക്കുകയും ചെയ്തിരുന്നു. ജാതിവ്യവസ്ഥയോട് കാര്യമായ ബഹുമാനം പ്രകടിപ്പിക്കാതിരുന്ന അവര്‍ വിവേചനങ്ങള്‍ക്കെതിരെയുള്ള നിലപാടുകളെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. ...

ആ സ്‌നേഹലതാ റെഡ്ഡി അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായി. ജോര്‍ജ്ജ് ഫെര്‍ണാണ്ടസുമായുള്ള സൌഹൃദമായിരുന്നു കാരണം. അറസ്റ്റ് വാറണ്ടുള്ള ജോര്‍ജ് ഫെര്‍ണാണ്ടസിനെ ഒളിപ്പിച്ചവരെന്നു സംശയിച്ചവരിലെ പേരുകാരില്‍ ഒരാളായിരുന്നു സ്‌നേഹലത. ഫെര്‍ണാണ്ടസിനെ സ്‌നേഹലത ഒളിപ്പിച്ചെന്നു പോലീസ് ഉറച്ചു വിശ്വസിച്ചു.

അറസ്റ്റ്‌ചെയ്ത് ബാംഗ്ലൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച സ്‌നേഹലതയെ രാത്രിയും പകലും മുഴുവന്‍ നിരന്തരം ചോദ്യംചെയ്തു. അന്ന് മറ്റൊരു സെല്ലില്‍ അതേ ജയിലില്‍ കഴിഞ്ഞ മുന്‍ കേന്ദ്രമന്ത്രിയും ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷനുമായിരുന്ന മധു ദന്തവാദേ കുറിച്ചു:

''..എല്ലാ രാത്രികളിലും ജയിലില്‍ സ്‌നേഹലതാ റെഡ്ഡിയുടെ നിലവിളി കേള്‍ക്കാമായിരുന്നു. ഉയര്‍ന്ന ശബ്ദത്തില്‍ അവര്‍ നിര്‍ത്താതെ കരഞ്ഞുകൊണ്ടിരുന്നു...''

അതിക്രൂരമായാണ് പോലീസ് സ്‌നേഹലതയെ ചോദ്യംചെയ്തത്. ദിവസങ്ങളോളം ഭക്ഷണം നല്‍കാതെ പീഡിപ്പിച്ചു ..

സ്‌നേഹലതയുടെ മോചനം ആവശ്യപ്പെട്ട് ഏതാനും സാംസ്‌കാരികനായകര്‍ ഇന്ദിരാഗാന്ധിയുടെ കേന്ദ്രസര്‍ക്കാരിനോട് പരാതിപ്പെട്ടപ്പോള്‍, സ്‌നേഹലതയ്ക്ക് ബോംബ് സ്‌ഫോടനത്തില്‍ പങ്കുണ്ട് എന്നാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍ എത്ര ക്രൂരമായി ചോദ്യംചെയ്തിട്ടും, എത്ര അന്വേഷണം നടത്തിയിട്ടും ഒരു തെളിവും ലഭിച്ചില്ല. ഒടുവില്‍ പോലീസ് ഫയല്‍ചെയ്ത കുറ്റപത്രത്തില്‍ സ്‌നേഹലതയുടെ പേരുപോലും ഉണ്ടായിരുന്നില്ല!!

നിരന്തരമായ ജയില്‍പീഡനത്തെത്തുടര്‍ന്ന് സ്‌നേഹലത അവശനിലയിലായി. ഒരു കുറ്റവും ചുമത്താനുള്ള തെളിവുകള്‍ പോലീസിനു ലഭിച്ചതുമില്ല. തീര്‍ത്തും ഗുരുതരനിലയിലായ സ്‌നേഹലതാ റെഡ്ഡിയെ 1977 ജനുവരി 15 നു പോലീസ് പരോളില്‍ വിട്ടയച്ചു. അഞ്ചു ദിവസം കഴിഞ്ഞു ജനുവരി ഇരുപതിന് സ്‌നേഹലത മരിച്ചു. മരിക്കുമ്പോള്‍ പത്തും എട്ടും വയസുള്ള രണ്ടു മക്കളുടെ അമ്മയായിരുന്നു നാല്‍പ്പത്തിയഞ്ചുകാരിയായ സ്‌നേഹലത.

ഫാസിസത്തിന്റെ വേട്ടപ്പട്ടികളുടെ ഓരോ മര്‍ദ്ദനദിനങ്ങള്‍ക്ക്‌ശേഷവും വേദന വിട്ടുപോകുംമുന്‍പ്, ഉറക്കംകിട്ടാതെ സ്‌നേഹലത ജയിലിലിരുന്നു ചെറു കുറിപ്പുകള്‍ എഴുതി. ആ കുറിപ്പുകള്‍ മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ ഒരു കുറിപ്പില്‍നിന്ന്:

''..അനാവശ്യമായ അവഹേളനങ്ങള്‍കൊണ്ട് നിങ്ങള്‍ എന്താണ് നേടുന്നത് .അത് നിങ്ങളുടെ ആത്മാഭിമാനത്തെ തകര്‍ക്കുകയെയുള്ളൂ. ഒരു സ്ത്രീയെ അപമാനിച്ചതുകൊണ്ട് നിങ്ങള്ക്ക് വിപരീത സംതൃപ്തിയെ കിട്ടുകയുള്ളൂ. നിങ്ങള്‍ ഒന്നും നേടാന്‍ പോകുന്നില്ല. എന്റെ ആത്മാവിനെ മുറിവേല്‍പ്പിക്കാമെന്നു കരുതിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. സത്യത്തിലുള്ള എന്റെ വിശ്വാസത്തെ കൂടുതല്‍ ബാലവത്താക്കുക മാത്രമാണ് ഈ പീഡനങ്ങള്‍ ചെയ്യുന്നത്. എന്റെ ശരീരം നിങ്ങളുടെ കൊടും പീഡനത്തില്‍ തകര്‍ന്നു വീണേക്കാം. എന്നാല്‍ എന്റെ മനസിനെ, മനുഷ്യനെന്ന ബോധത്തെ തകര്‍ക്കാന്‍ നിങ്ങള്‍ക്ക് കഴിയില്ല.. '

സ്‌നേഹലത റെഡ്ഡിയെ ജയിലില്‍ കാണാന്‍ അനുമതി ലഭിച്ച മകള്‍ നന്ദന റെഡ്ഡി പിന്നീട് എഴുതി ..'എനിക്കുനേേര തിരിഞ്ഞ അമ്മ കുലീനയായിരുന്നെങ്കിലും അവരുടെ മനോഹരമായ കണ്ണുകളില്‍ നിന്ന് വേദനയും ദുഃഖവും വായിച്ചെടുക്കാമായിരുന്നു. ഒന്നും സംസാരിക്കാതെ ഞങ്ങള്‍ പരസ്പരം കെട്ടിപ്പിടിക്കുകയും ചുംബിക്കുകയും ചെയ്തു. ഞാന്‍ കുറച്ചു നേരം എന്റെ അമ്മയെ ചുറ്റിപ്പിടിച്ചു നിന്നു. ഞാന്‍ എത്രമാത്രം കെട്ടിപ്പിടിക്കുന്നോ അത്രമാത്രം ഞങ്ങളെ അകറ്റാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. അപ്പോഴേക്കും അമ്മയെ തിരികെ കൊണ്ടുപോകാനായി പോലീസ് എത്തി. ആ വാതിലുകള്‍ അടഞ്ഞതോടെ അമ്മയെ എനിക്ക് എന്നെന്നേക്കുമായി നഷ്ട്ടപ്പെടുകയായിരുന്നു '..

സ്‌നേഹലത അഭിനയിച്ച 'സോനേ കന്‍സാരി' എന്ന സിനിമ മരണശേഷമാണ് പുറത്തുവന്നത് .അതിലെ സ്‌നേഹലതയുടെ അഭിനയം ഇന്ത്യന്‍ സിനിമയിലെതന്നെ ഏറ്റവും ഉന്നതമായ പ്രകടനങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത് .....

ഒരു രാജ്യമെന്ന നിലയില്‍, ഒരു നിയമവ്യവസ്തയെന്ന നിലയില്‍, മഹത്തായ പാരമ്പര്യമുള്ള ഒരു ജനാധിപത്യരാജ്യത്തില്‍, തെറ്റായ വഴിയിലൂടെ അധികാരത്തിലെത്തിയ മുന്‍ ഭരണാധികാരികള്‍ അധികാരം നിലനിര്‍ത്താന്‍, എങ്ങിനെയോക്കെയാണ് മായ്ച്ചാലും മായാത്ത രീതിയില്‍ അപരിഷ്‌കൃതരായതെന്നു അക്കാലത്ത് സ്‌നേഹലതയെപ്പോലെ ആയിരങ്ങള്‍ അനുഭവിച്ച കൊടും പീഡനങ്ങളും കൊലപാതകങ്ങളും നമ്മെ ഓര്‍മ്മിപ്പിക്കുന്നു.ഒ

അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.


അന്ന് ചൈനയുടെ പക്കല്‍ സ്വന്തം വിമാനം പോലുമില്ലായിരുന്നു.

കടപ്പാട്: പ്രകാശ് നായർ മേലില- അറിവിന്റെ വീഥികൾ

1954 ല്‍ ചൈനീസ് പ്രധാനമന്ത്രിക്ക് ഡല്‍ഹിയിലെ ത്താന്‍ വിമാനമയച്ചുകൊടുത്തത് ജവഹര്‍ലാല്‍ നെഹ്‌റുവാണ്.

ചൈനയുമായി സുദൃഡമായ ബന്ധമായിരുന്നു അന്ന് ഭാരതത്തിന്‌. രണ്ടാം ലോകമഹായുദ്ധവും സിവില്‍ വാറും മൂലം തകര്‍ന്നടിഞ്ഞ ചൈന 1949 ല്‍ സ്വാത ന്ത്ര്യം നേടിയതുമുതല്‍ മാവോ സേ തൂങ്ങിനോ പ്പം തോളോടുതോള്‍ ചേര്‍ന്ന് രാജ്യത്തെ പുതു പന്ഥാവി ലെത്തിക്കാ ന്‍ അക്ഷീണ പരിശ്രമം നടത്തിയ ചവ് എന്‍ലോയ് ( ZHOU ENLAI ) ഭാരതത്തിന്റെയും നെഹ്രുവിന്റെയും അടുത്ത മിത്രം കൂടിയായി രുന്നു...

1954 ല്‍ മുന്‍കൂട്ടി തയ്യാറാക്കപ്പെട്ട നെഹ്രുവുമായുള്ള കൂടിക്കാഴ്ച യ്ക്ക് ചൈനീസ് പ്രധാനമന്ത്രിയായിരു ന്ന ZHOU ENLAI യ്ക്ക് വന്നെത്താന്‍ ചൈനയുടെ പക്ക ല്‍ അന്ന് വിമാനമില്ലായിരുന്നു എന്ന വിവരം ഇന്ന് പലര്‍ക്കുമറിയില്ല. വാടകയ്ക്ക് ഏര്‍പ്പാട് ചെയ്ത വിമാനം സമയത്ത് എത്തിയതുമില്ല. ഈ വിവരമറിഞ്ഞ നെഹ്‌റു ഉടന്‍തന്നെ ഇന്ത്യന്‍ എയര്‍ഫോഴ്സിന്‍റെ വിമാനം ചൈനയിലേക്കയ ക്കുകയായിരുന്നു...

ആ വിമാനത്തിലാണ് ZHOU ENLAI ഡല്‍ഹിയിലെത്തിയതും നെഹ്രു വുമൊത്ത് ഇരുരാജ്യങ്ങളും തമ്മില്‍ സൗഹാര്‍ദ്ദപൂര്‍ണ്ണമായി മുന്നോട്ടുപോകാന്‍ "പഞ്ചശീല ഉടമ്പടിക്ക് " രൂപം നല്‍കിയതും.

എന്നാല്‍ 1959 ല്‍ ഇന്ത്യ, ദലൈലാമ ക്ക് അഭയം നല്‍കിയതുമുതല്‍ നമ്മുടെ ചൈനയുമായുള്ള ബന്ധത്തില്‍ കാര്യമായ ഉലച്ചിലുണ്ടാ കുകയായിരുന്നു. ചൈനയ്ക്കു ഭാരതത്തെ വിശ്വാസമില്ലാത്ത അവസ്ഥയിലേക്ക് കാര്യങ്ങള്‍ ചെന്നെത്തപ്പെട്ടു.

1960 ലും അതിര്‍ത്തിത്തര്‍ക്ക നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇതേപോലെ മറ്റൊരു കരാറിനും ഇരു പ്രധാനമന്ത്രിമാരും ഡല്‍ഹി യില്‍ ഒത്തുകൂടിയെങ്കിലും അത് തീരുമാനമാകാതെ അലസിപ്പി രിഞ്ഞു. ZHOU ENLAI നെഹ്രുവുമായി തെറ്റി. അദ്ദേഹം ഭാരതത്തിന്‍റെ നിലപാടുകളില്‍ ക്ഷുഭിതനായി ഡല്‍ഹിയില്‍ പത്രസമ്മേളനം വിളിച്ചുകൂട്ടി പൊട്ടിത്തെറിച്ചു. കോപാകുലനായ അദ്ദേഹം തന്‍റെ മുഴുവന്‍ ടീമുമായി ചൈന പുതുതായി വാങ്ങിയ ഇല്യൂഷിയന്‍ എയര്‍ ക്രാഫ്റ്റില്‍ നാട്ടിലേക്ക് മടങ്ങി.

പിന്നീട് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പൂര്‍ണ്ണമായും വഷളാകുകയും രണ്ടു വര്‍ഷത്തിനകം ചൈന നമ്മെ ആക്രമിച്ചതും ഇന്ന് ചരിത്രത്തിന്‍റെ ഭാഗമാണ്.

ഇപ്പോള്‍ അരനൂറ്റാണ്ടിലധികം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ചൈന ലോക ത്തെ വന്‍ ശക്തികളില്‍ ഒന്നായി മാറിക്കഴിഞ്ഞു. ഭാരതം
ചൈനീസ് ഉല്‍പ്പന്നങ്ങളുടെ ഒരു വലിയ കമ്പോളം തന്നെയാണിന്ന്. അതവര്‍ക്ക് നന്നായി ബോധ്യവുമുണ്ട്. ഭാരതവുമായി ഒരു ഏറ്റുമുട്ടലിന് അവര്‍ ഒരിക്കലും തയ്യാറാകില്ല. അതവര്‍ക്കാണ് വലിയ നഷ്ടം വരുത്തിവയ്ക്കുക.

ഭാരത വുമായി വ്യാപാര വ്യവസായ ബന്ധവും, ചൈനയുടെ ബ്രുഹദ് സ്വപ്ന പദ്ധതിയായ One Belt One Road പദ്ധതിയില്‍ ഭാരതത്തിന്‍റെ പങ്കാളിത്തം ഉറപ്പിക്കലുമാണ് അവര്‍ ലക്ഷ്യമിടുന്നത്.
അതുവഴി ദക്ഷിണേഷ്യയിലെ രണ്ടു വന്‍ശക്തികളുടെ കൂട്ടായ്മയും.

മൗലാനാ അബുൾ കലാം ആസാദ്


മൗലാനാ അബുൾ കലാം ആസാദ്

കടപ്പാട്: അൻവർ ബി.കെ- ചരിത്രാന്വേഷികൾ

ഭാരതത്തിന്റെ ഗതകാലചരിത്രം ഓര്‍ക്കുന്ന
ഏതൊരാളുടെ മനസിലും സ്വാതന്ത്ര്യസമരചരിത്രം ഓടിയെത്തും. നിരവധി മഹാന്മാരെ നമ്മുടെ ദേശീയ സ്വാതന്ത്ര്യസമരം വാര്‍ത്തെടുത്തിട്ടുണ്ട്. ഇത്തരം ദേശീയ നേതാക്കളില്‍ പ്രമുഖനാണ് മൗലാനാ അബുള്‍കലാം ആസാദ്. മാഞ്ഞുപോയ ഒരു ശ്രേഷ്ഠയുഗത്തിന്റെ സൗരഭ്യം ഇന്നും നമ്മില്‍ അവശേഷിപ്പിച്ച് കടന്നുപോയ മൗലാനാ ആസാദിന്റെ ജന്മദിനമായ ഇന്ന് (നവംബര്‍ 11) ദേശീയവിദ്യാഭ്യാസ ദിനമായി രാഷ്ട്രം ആചരിക്കുകയാണ്.  126 വര്‍ഷം മുമ്പ് 1888 നവംബര്‍ 11 ന് പുണ്യനഗരമായ മക്കയിലാണ് മൗലാനാ ആസാദ് ജനിക്കുന്നത്. ബംഗാളിയായ മൗലാ ഖൈറുജീന്റെയും മതപണ്ഡിതന്റെ മകളായ ഏലിയായുടെയും മകനായി ജനിച്ച ആസാദിന്റെ മുഴുവന്‍ പേര് അബുല്‍കലാം  മൊഹ്യുദ്ദീന്‍ ഗുലാം അഹമ്മദ് എന്നാണ്. ആസാദ് എന്നത് അദ്ദേഹം പിന്നീട് സ്വീകരിച്ച തൂലികാനാമമത്രെ.

ആസാദ് എന്ന പദത്തിന് ‘സ്വതന്ത്രന്‍’ എന്നാണര്‍ഥം. തന്റെ മനസ്സില്‍ സ്വാതന്ത്ര്യം എത്രകണ്ട് ശക്തമായ ഒരു ആശയമാണ് എന്നതിന്റെ ബഹിസ്ഫുരണം കൂടിയാണിത്. മക്കയിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. പിന്നീട് മാതാപിതാക്കള്‍ ഇന്ത്യയിലേക്ക് മടങ്ങുകയും കൊല്‍ക്കത്തയില്‍ സ്ഥിരതാമസമാക്കുകയും ചെയ്തു. ഇവിടെ വിദ്യാഭ്യാസം തുടര്‍ന്ന ആസാദ് സ്വപ്രയത്‌നത്തിലൂടെ അറിവ് സമ്പാദിക്കുകയും വിവിധ ഭാഷകളില്‍ പ്രാവീണ്യം നേടുകയും ചെയ്തു.  ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ രണ്ട് നിര്‍ണ്ണായക ഘട്ടങ്ങളില്‍ അദ്ദേഹം ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ അദ്ധ്യക്ഷപദവി അലങ്കരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് നിയമസഭയില്‍ പോകണമെന്നും പോകേണ്ടതില്ലെന്നും രണ്ട് വിഭാഗമായി വാദിച്ചപ്പോള്‍ അവരെ യോജിപ്പിന്റെ മേഖലയിലേക്ക് കൊണ്ടുവന്നത് ആസാദ് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു.

സ്വാതന്ത്ര്യസമരത്തിന്റെ അന്ത്യയാമങ്ങളില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആയതും അദ്ദേഹമായിരുന്നു. 1939 ലാണ് ഇത്. ക്വിറ്റ് ഇന്ത്യാസമരം ഉള്‍പ്പെടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അന്തിമപോരാട്ടങ്ങളില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ എന്ന നിലയില്‍ ആസാദ് വഹിച്ച പങ്ക് നിസ്തുലമാണ്. തൂലിക പടവാളാക്കി ആസാദ് ജനങ്ങളെ സ്വാതന്ത്ര്യദാഹികളാക്കി മാറ്റാന്‍ ശ്രമിച്ചു.   വാക്കുകളിലൂടെ, ഗ്രന്ഥങ്ങളിലൂടെ, മൂര്‍ച്ചയേറിയ ലേഖനങ്ങളിലൂടെ അദ്ദേഹം നടത്തിയ പോരാട്ടം ജനങ്ങളെ സ്വാതന്ത്ര്യസമരത്തിലേക്ക് ആകര്‍ഷിക്കാന്‍ വലിയപങ്ക് വഹിച്ചു. പലരും ആസാദിന്റെ പുസ്തകങ്ങളും ലേഖനങ്ങളും വായിച്ച് സ്വാതന്ത്ര്യദാഹികളായി മാറി. പലരും സര്‍വ്വകലാശാലകളും വിദ്യാലയങ്ങളുംവിട്ട് സ്വാതന്ത്ര്യസമരത്തിലേക്ക് കടന്നുവന്നു. ആസാദിന്റെ പുസ്തകം വായിച്ച് സ്വാതന്ത്ര്യസമരാഗ്നിയിലേക്ക് എടുത്തുചാടിയ കേരളത്തിലെ ഒരു പ്രമുഖ നേതാവാണ് മുഹമ്മദ് അബ്ദുറിഹിമാന്‍ സാഹിബ്.

മദിരാശി പ്രസിഡന്‍സി കോളേജില്‍ ബി.എ. ഓണേര്‍സിന് പഠിക്കുന്ന വിദ്യാര്‍ത്ഥിയായ അബ്ദുറഹിമാന്‍ അക്കാലത്ത് മൗലാനാ ആസാദ് രചിച്ച ‘ഖിലാഫത്തും ജസീറത്തുല്‍ അറബും’ എന്ന പുസ്തകം വായിക്കാനിടയായി. മൂര്‍ച്ചയുള്ള വാക്കുകളാല്‍ ആസാദ് പറയുകയാണ്.  ”വിദ്യാര്‍ത്ഥികളേ, നിങ്ങള്‍ വിഷവള്ളികളാണ് കടിച്ചീമ്പുന്നത്. ശുദ്ധമായ പാല്‍പാത്രം നിങ്ങളുടെ മുമ്പില്‍ വെയ്ക്കുന്നത്‌വരെ ഈ വിഷവള്ളികള്‍ കടിച്ചീമ്പുന്നതില്‍ നിന്നും നിങ്ങള്‍ പിന്തിരിയുകയില്ലേ..” ഇത് വായിച്ച അബ്ദുറഹിമാന്‍ സാഹിബ് പഠനം അവസാനിപ്പിച്ച് ഗാന്ധിജി ആഹ്വാനം ചെയ്ത നിസ്സഹകരണ സമരത്തില്‍ പങ്കാളിയാകാന്‍ കേരളത്തിലേക്ക് തിരിച്ചു.  മൗലാനാ ആസാദ് സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു. ആസാദിന്റെ സംഭാവനയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മിഷന്‍ (യു.ജി.സി.) എന്ന കാര്യം കോളേജ് അധ്യാപകരില്‍ പലര്‍ക്കും ഓര്‍മ്മ കാണില്ല. ഒരിക്കല്‍ ആസാദ് പറഞ്ഞു; ”കുത്തബ് മിനാറിന്റെ ഉച്ചിയില്‍ ഒരു മാലാഖ സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന് ചോദിക്കുകയാണെന്നിരിക്കട്ടെ, നിങ്ങള്‍ ഹിന്ദു-മുസ്‌ലിം ഐക്യം എന്ന തത്വം വെടിയുകയാണെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് സ്വാതന്ത്ര്യം നല്‍കാം എന്ന്.

അപ്പോള്‍ ഞാന്‍ തിരിച്ചടിക്കും, തല്‍ക്കാലം സ്വാതന്ത്ര്യം ഉപേക്ഷിക്കാം; എന്നാലും ഹിന്ദു-മുസ്‌ലിം ഐക്യം എന്ന ആശയം ഉപേക്ഷിക്കുകയില്ല. എന്തുകൊണ്ടെന്നാല്‍ സ്വരാജ്യം ലഭിക്കുവാന്‍ വൈകിയാല്‍ അത് ഇന്ത്യയുടെമാത്രം നഷ്ടമാകും. ഹിന്ദു-മുസ്‌ലിം ഐക്യം തകരുന്നതാകട്ടെ മനുഷ്യകുലത്തിനാകെ നഷ്ടമാണ്.” ഇതായിരുന്നു മൗലാനാ ആസാദിന്റെ മതേതരഭാവം.  "അദ്ദേഹത്തിന്റെ ഓർമശക്തി അത്ഭുതകരമാണ്‌. വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിനുള്ള അറിവ് വിശ്വ വിജ്ഞാന കോശത്തിനു സമാനമാണ്.... മധ്യ യുഗങ്ങളിലെ ചരിത്രത്തിലും, അറബ് ലോകം, പശ്ചിമേഷ്യ, മുസ്ലിം കാലഘട്ടത്തിലെ ഇന്ത്യ എന്നിവിടങ്ങളിലെ ചരിത്രത്തിൽ പ്രത്യേകിച്ചും മുങ്ങിക്കുളിച്ച വ്യക്തിയാണദ്ദേഹം. പ്ലേറ്റോയും അരിസ്റ്റോട്ടിലും അദ്ദേഹത്തിൻറെ വിരൽ തുമ്പുകളിലാണ്." -1942 ഒക്ടോബർ 15 ന് അഹ്മദ് നഗർ ജയിലിൽനിന്നു മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു മകൾ ഇന്ദിരാ ഗാന്ധിക്കയച്ച കത്തിൽ ആസാദിനെക്കുറിച്ചെഴുതിയ ചില വരികളാണിത്. 1912 ൽ "അൽ ഹിലാൽ" എന്നാ ഉർദു വാരിക ആരംഭിച്ചു. ആ വാരിക ബ്രിടീഷുകാരെയും മുസ്‌ലിം യാഥാസ്ഥിതികരെയും വിറളി പിടിപ്പിച്ചു. 1915 ൽ പത്രം കണ്ടുകെട്ടി. പക്ഷേ അദ്ദേഹം അടങ്ങിയിരുന്നില്ല. അഞ്ചു മാസത്തിനകം "അൽ ബലാഗ്" എന്ന പേരിൽ മറ്റൊരു പത്രം തുടങ്ങി. 1916 ൽ സർക്കാർ നാടു കടത്തി. മൂന്നു വർഷക്കാലം റാഞ്ചിയിൽ കരുതൽ തടവുകാരനായി. അവിടെയും തന്റെ മഹത്തായ ദൌത്യ നിർവഹണം തുടർന്നു. മൌലാനാ അബുൽ ഹസൻ അലി നദവി പറഞ്ഞു: "അക്കാലത്ത് ആസാദിൻറെ തൂലികയിൽ നിന്നുതിർന്നു വീണത് അക്ഷരങ്ങളായിരുന്നില്ല. അഗ്നിസ്ഫുലിംഗങ്ങളായിരുന്നു ."

ഇന്ത്യാ വിഭജനം യാഥാർത്ഥ്യമായി മാറിയപ്പോൾ അദ്ദേഹം ഇങ്ങനെ പ്രതികരിച്ചു.

“ പാകിസ്താൻ ഉണ്ടാവുകയില്ലെന്ന് ഞാനൊരിക്കലും പറഞ്ഞിരുന്നില്ലല്ലോ. പാകിസ്താൻ ഉണ്ടാവരുതെന്നായിരുന്നു ഞാൻ പറഞ്ഞത്. ഇപ്പോൾ പാകിസ്താൻ ഉണ്ടായിരിക്കുന്നു. പക്ഷേ, എന്റെ വാക്കുകൾ ഓർത്തുവെച്ചോളൂ. ഇന്ത്യ ഒരു രാജ്യമായിരുന്നു, ഇപ്പോഴും ഒരു രാജ്യമാണ്. പാകിസ്താൻ ഒരു പരീക്ഷണമാണ്. അതിനെ വിജയിപ്പിക്കുക.. ഇന്ത്യയേയും ജനങ്ങളേയും മൗലാനാ അബുല്‍ കലാം ആസാദ് അതിരറ്റ് സ്‌നേഹിച്ചി രുന്നു. ലാളിത്യം, സത്യസന്ധത, സല്‍ക്കര്‍മ്മം, സദ്ഭാവനം എന്നിവ ജീവിതത്തിലുടനീളം ആ മനുഷ്യസ്‌നേഹി കാത്തുസൂക്ഷിച്ചു. 1958 ഫെബ്രുവരി 22 ന് താന്‍ ഏറെ സ്‌നേഹിച്ച നാടിനെയും നാട്ടുകാരെയും വെടിഞ്ഞ് ആസാദ് ദൈവസന്നിധിയിലേയ്ക്ക് യാത്രയായി.

മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം -ടുണീഷ്യ

മുല്ലപ്പൂ വിപ്ലവമെന്നറിയപെടുന്ന അറബ് വസന്തം -ടുണീഷ്യ


കടപ്പാട്: പിന്റോ ഫിലിപ്പ്‌ ബാബു - ചരിത്രാന്വേഷികൾ


ജനാധിപത്യവും സ്വാതന്ത്ര്യവും സ്വതന്ത്ര തെരഞ്ഞെടുപ്പും തൊഴിലും ഭരണകൂട മാറ്റങ്ങളും സ്വപ്‌നംകണ്ടു ഒരു കൂട്ടം യുവാക്കൾ 7 വർഷങ്ങൾക്കു മുൻപ് തുടങ്ങിയ മുല്ലപ്പൂ വിപ്ലവം ഇന്ന് വാടി കൊഴിഞ്ഞു ചീഞ്ഞു നാറി ഒരു ശവം നാറി പൂവായിമാറി.ആ മുല്ലപ്പുവിന് ഇപ്പോൾ ലക്ഷകണക്കിന് നിരപരാധികളുടെ ചോരയുടെ മണമാണ്.മുഹമ്മദ് ബൗഅസീസിയെന്ന ടുണീഷ്യൻ ചെറുപ്പക്കാരന്റെ ആത്മാഹുതിയിൽ നിന്ന് ഉയർന്ന തീനാളം വിഴുങ്ങിയത് മധ്യപൗരസ്ത്യ ദേശത്തെ മുഴുവനാണ് ആ തീയിൽ എരിഞ്ഞടങ്ങിയത് ആദിമ മനുഷ്യൻ ബിസി 5000 മുതൽ അധിവസിച്ച അലെപ്പോ നഗരം പോലെ നിരവധി പൗരാണിക നഗരങ്ങളാണ് മഹാനായ അലക്സാണ്ടറിന്റെ തേരോട്ടം കണ്ട നഗരം, റോമക്കാരും ബൈസാന്റയ്ൻസും ഇസ്ലാമിക ഭരണകൂടങ്ങളും മംഗോളുകളെയും ഓട്ടോമൻ സാംബ്രാജ്യവും അവരുടെ പ്രതാപകാലഘട്ടത്തിൽ പടുത്തുയർത്തിയ മനോഹരനിർമിതികളാണ് കല്ലിന്മേൽ കല്ല് അവശേഷിക്കാതെ ബാരൽ ബോംബുകളുടെ മുൻപിൽ ചാരമായിമാറിയത്.സംസ്കാരത്തോടൊപ്പം ഇല്ലാതായത് നിരവധി ശക്തരായ ഭരണാധികാരികളും ഭരണകൂടങ്ങളുമാണ്.ഇന്നും ആളിക്കത്തുന്ന ആ തീനാളം ഇല്ലാതാക്കിയത് മധ്യപൗരത്യ ദേശത്തെ ജനതയുടെ മണ്ണും കിടപ്പാടവും സ്വപ്ങ്ങളും ജീവിതവുമാണ്.ഫറവോയെ പോലെ ഈജിപ്ത് ഭരിച്ചിരുന്ന മുബാറക്കിന് അധികാരം ഒഴിഞ്ഞു മാറേണ്ടി വന്നു അമേരിക്കയടക്കമുള്ള സകല പാശ്ചാത്യ ശക്തികളും പലതവണ പഠിച്ചപണി 18 ഉം നോക്കിയിട്ടും അജയ്യനായി നിന്ന ലിബിയൻ ഏകാധിപതി കേണൽ ഗദ്ദാഫിയെ ജനം തെരുവിൽ അടിച്ചു കൊന്നു,യെമനിലെ സകല ഗോത്രങ്ങളെയും അടക്കി ഭരിച്ചിരുന്ന അലി അബുദുള്ള സാലേക്ക് അധികാരം വിട്ടൊഴിയേണ്ടതായും പിന്നീട് കൂടെ നിന്ന ഹൂതികളുടെ റോക്കറ്റ് ആക്രമണത്തിൽ തെരുവിൽ കൊല്ലപ്പെടേണ്ടി വന്നു. ടുണീഷ്യയിൽ തുടങ്ങി സിറിയ ഈജിപ്ത് യെമൻ ലിബിയ തുടങ്ങിയ രാജ്യങ്ങളെ പിടിച്ചുകുലുക്കിയ ആ ജനകീയ വിപ്ലവത്തിന്റെ ഒരു വിശകലനം.

ടുണീഷ്യ
--------------------------
സയിൻ എൽ അബദിൻ ബെൻ അലിയെന്ന ഭരണാധികാരി 23 വർഷം കാര്യമായ ഒരു എതിർപ്പുമില്ലാതെ ടുണീഷ്യ ഭരിച്ച ഭരണാധികാരിയാണ്.മികച്ച അടിസ്ഥാന സൗകര്യങ്ങളും ജീവിത നിലവാരമുള്ളതുമായ രാജ്യമാണ് ടുണീഷ്യ-സ്ത്രീകളുടെ പൊതുരംഗത്തുള്ള പങ്കാളിത്തം കൊണ്ടും മതനിരപേക്ഷതകൊണ്ടും ശ്രെദ്ധയമായ രാജ്യത്തു കുഴപ്പങ്ങൾ ആരംഭിക്കുന്നത് മുഹമ്മദ് ബൗഅസീസിയെന്ന തെരിവുകച്ചവടക്കാരനായ യുവാവിന്റെ അനധികൃത തെരിവുകച്ചവട സാമഗ്രികൾ മുൻസിപ്പാലിറ്റി അധികൃതർ പിടിച്ചെടുത്തു.കടുംബത്തിന്റെ ഏക അത്താണിയായ യുവാവിനെ തന്റെ ജീവിത മാർഗമായ കച്ചവട സാമഗ്രികൾ തിരിച്ചുകിട്ടാൻ മുൻസിപ്പാലിറ്റി ഓഫീസിൽ ചെന്നപ്പോൾ ഉദ്യോഗസ്ഥർ അപമാനിച്ചു ഇറക്കിവിട്ടു ഇതിൽ മനംനൊന്ത് ആ യുവാവ് പെട്രോൾ ഒഴിച്ച് ജീവൻ വെടിഞ്ഞു.ഈ ധാരുണകഥ ഫേസ്ബുക് വഴി പ്രചരിച്ചു നിരവധി യുവാക്കൾ തെരുവിലും ഓൺലൈൻ ഇടങ്ങളിലും പ്രതിഷേധിച്ചു -തെരുവ് പ്രതിഷേധങ്ങൾ അസാധാരണമായ രാജ്യത്തു ബെൻ അലി ഭരണകൂടം പ്രതിഷേധങ്ങളെ അടിച്ചമർത്താൻ ശ്രമിച്ചു.എന്നാൽ അടിച്ചമർത്തലുകൾ കൂടുതൽ പ്രചോദനമായി കണ്ട പ്രതിഷേധക്കാർ പ്രതിഷേധം ആളിക്കത്തിച്ചു ഇതിൽ തൊഴിലാളികളും വക്കിലന്മാരും പങ്കെടുത്തു -അത് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്ക് പടരുന്നു-പൊതുജന വികാരം തനിക്ക് എതിരാണെന്ന് മനസിലാക്കിയ ബെൻ അലി കൂടുതൽ അടിച്ചമർത്തലുകൾക്കു നിൽക്കാതെ ഭരണം വിട്ടു ലിബിയൻ സംരക്ഷണയിൽ മാൾട്ടയിലേക് പുറപ്പെട്ടു ഫ്രഞ്ച് സർക്കാർ വിമാനത്തിന് അനുമതി നിഷേധിച്ചതിനെ തുടര്ന്ന് സൗദി അറേബ്യയിലേക്ക് പലായനം ചെയ്തു.അന്ന് തന്നെ ടുണീഷ്യൻ സൈന്യം തന്ത്രപ്രധാന സ്ഥലങ്ങൾ കൈവശപ്പെടുത്തിയിരുന്നു സൈന്യം എതിരായതുകൊണ്ടാകാം ബെൻ അലി നാട് വിട്ടതെന്നും ഒരു അനുമാനം ഉണ്ട്

വിപ്ലവാനന്തര ടുണീഷ്യ
--------------------------------------
ബെൻ അലിയുടെ പാലായനത്തിനു ശേഷം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു പ്രധാനമന്ത്രിയായിരുന്ന മുഹമ്മദ് ഖന്നൗച്ചി താത്കാലിക പ്രസിഡന്റ് ആയി പിന്നീട് പ്രസിഡന്റ് ന്റെ അധികാരം പാര്ലമെന്റ് സ്പീക്കർ ഫുവാദ് മേബാസക്ക് നൽകി ഖനൊച്ചി പ്രധാനമന്ത്രി പദത്തിൽ തിരിച്ചെത്തി 3 പ്രതിപക്ഷ പാർട്ടികളെ ചേർത്ത് പുതിയ മന്ത്രിസഭാ രൂപികരിച്ചു -RCD എന്ന ബെൻ അലിയുടെ പാർട്ടി മന്ത്രിമാർക്കെന്തിരെ ജനകീയ പ്രക്ഷോഭങ്ങൾ വീണ്ടും ഉയർന്നു വന്നു -RCD മന്ത്രിമാർ ഒഴികെയുള്ളവർ രാജിവെച്ചു പിന്നീട് RCD മന്ത്രിമാരും രാജി വെച്ചു.പുതിയ മന്ത്രിസഭാ രൂപീകരിച്ചെങ്കിലും പ്രധാനമന്ത്രി ഖന്നൗച്ചിയും പ്രതിഷേധം കാരണം രാജിവെച്ചൊഴിഞ്ഞു.2011 ലെ ആദ്യ ഇലെക്ഷനിൽ ഇസ്ലാമിസ്റ് പാർട്ടിയായ അന്നഹ്ദ വിജയിച്ചു പിന്നീട് 2014 ലെ പാര്ലമെന്റ് ഇലെക്ഷനിൽ മതേതര പാർട്ടിയായ നിതാ ടുണിസ് വിജയിച്ചു.

ടുണീഷ്യ ഇന്ന്
---------------------------
വിപ്ലവത്തിന് ശേഷം RCD എന്ന ബെൻ അലിയുടെ പാർട്ടിയെ നിരോധിക്കുകയും പാർട്ടി സ്വത്തുക്കൾ കണ്ടുകെട്ടുകയും ചെയ്തു -ബെൻ അലിയുടെ കാലത്തു അടിച്ചമർത്തപ്പെട്ട മതവാദികൾ ഉയർത്തെഴുന്നേറ്റു -സലഫി പാർട്ടികൾ രാജ്യത്തു ശക്തമായി.അൻസാർ അൽ ശരിഅ പോലുള്ള തീവ്രവാദി സഘടനകൾ രാജ്യത്തു ആക്രമണ പരമ്പരകൾ നടത്തിയെങ്കിലും ഇപ്പോൾ ടുണീഷ്യ ശാന്തമാണ് ഇസ്ലാമിക് സ്റ്റേറ്റ് ന്റെ ഭീഷണി തുടരുന്ന ടുണീഷ്യയിൽ തൊഴിലില്ലായിമയും വ്യവസായ മുരടിപ്പും തുടരുന്നു.എന്നിരുന്നാലും അറബ് വിപ്ലവത്തിന്റെ അന്തഃസത്ത ഉൾകൊണ്ട ഏക രാജ്യം ടുണീഷ്യ മാത്രമാണ് കാരണം ബാക്കി എല്ലാ രാജ്യങ്ങളിലും അറബ് വിപ്ലവം വൻ പരാജയമായിരുന്നു.ഈജിപ്തിൽ പിന്നീട് വന്ന സർക്കാരിനെ പട്ടാളം അട്ടിമറിച്ചു,സിറിയയിലും യെമനിലും ആഭ്യന്തര കാലാപം തുടരുന്നു, ലിബിയ പരാജിത രാഷ്ട്രമായിമാറി, ടുണീഷ്യ മാത്രമാണ് ജനാതിപത്യ പാതയിലേക്ക് സഞ്ചരിച്ചത്.

പ്രശാന്ത ചന്ദ്ര മഹലനോബിസ് (1893 - 1972)

പ്രശാന്ത ചന്ദ്ര മഹലനോബിസ് (1893 - 1972)

കടപ്പാട്: സൈമാൻസ്‌- ചരിത്രാന്വേഷികൾ

ഒരു ഭാരതീയ ശാസ്ത്രജ്ഞനും പ്രയുക്തസ്ഥിതിവിവരശാസ്ത്രജ്ഞനുമായിരുന്നു പ്രശാന്ത ചന്ദ്ര മഹലനോബിസ്. 'മഹലനോബിസ് അന്തരം' എന്ന സ്ഥിതിവിവര ഏകകത്തിന്റെ പേരിലാണ് അദ്ദേഹം അറിയപ്പെടുന്നത്. ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം (Indian Statistical Institute) സ്ഥാപിച്ചത് അദ്ദേഹമായിരുന്നു. ധാരാളം ബൃഹത് മാതൃകാ വ്യാപ്തിനിർണ്ണയങ്ങളിലും (surveys) അദ്ദേഹം സംഭാവനകൾ നൽകിയിട്ടുണ്ട്.ഭാരതീയ സ്ഥിതിവിവരശാസ്ത്രത്തിന്റെ പിതാവ്' എന്നും അദ്ദേഹം അറിയപ്പെടുന്നു.

ലോകപ്രശസ്ത സാംഖ്യിക (സ്റ്റാറ്റിസ്റ്റിക്‌സ്) വിദഗ്ധനും ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റൂട്ടിന്റെ സ്ഥാപകനുമായ പ്രശാന്ത ചന്ദ്ര മഹലനോബിസ് ഇന്നത്തെ ബംഗ്ലാദേശിലുള്ള ബിക്രംപൂർ എന്ന സ്ഥലത്തെ ഒരു കുലീന കുടുംബത്തിലാണ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാമഹൻ ഗുരുചരൺ (1833-1916) കൊൽക്കത്തയിലേക്ക് കുടിയേറുകയും അവിടെ ഒരു രാസവസ്തുശാല ആരംഭിക്കുകയും ചെയ്തു. രവീന്ദ്രനാഥ ടാഗോറിന്റെ പിതാവ് ദേവേന്ദ്രനാഥ ടാഗോറിൽ ആകൃഷ്ടനായി അദ്ദേഹം ബ്രഹ്മസമാജവുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അദ്ദേഹം അക്കാലത്ത് അതിന്റെ അധ്യക്ഷൻ, ഖജാൻജി എന്നീ പദവികളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹികമായ എതിർപ്പുകൾ വക വയ്ക്കാതെ അദ്ദേഹം ഒരു വിധവയെയാണ് വിവാഹം കഴിച്ചത്. ഈ ദമ്പതിമാരുടെ മൂത്തപുത്രൻ സുബോധ്ചന്ദ്രയാണ് പ്രശാന്തചന്ദ്രയുടെ പിതാവ്. സുബോധ്ചന്ദ്ര എദിൻബർഗ് സർവ്വകലാശാലയിലെ തന്റെ തത്ത്വശാസ്ത്ര പഠനത്തിന് ശേഷം കൊൽക്കത്തയിലെ പ്രസിഡൻസി കോളജിൽ അദ്ധ്യാപകനായി. അദ്ദേഹം നല്ല ഒരു വിദ്യാഭ്യാസ വിചക്ഷണൻ കൂടിയായിരുന്നു. അദ്ദേഹം പിന്നീട് ഈ കോളജിലെ തത്ത്വശാസ്ത്ര വിഭാഗത്തിന്റെ മേധാവിയായി. സാമൂഹികമായി ഉയർന്ന ചിന്താഗതി പുലർത്തുന്നവരുടെയും പരിഷ്കർത്താക്കളുടെയും ഒരു സമൂഹത്തിലാണ് പ്രശാന്തചന്ദ്ര വളർന്നു വന്നത്.
ബ്രഹ്മോ ബോയ്സ് സ്കൂളിൽ നിന്നും 1908-ൽ അദ്ദേഹം സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുട്ര്ന്ന് അദ്ദേഹം പ്രസിഡൻസി കോൾജിൽ ചേർന്ന് ശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം സമ്പാദിച്ചു. 1913-ൽ അദ്ദേഹം കേംബ്രിഡ്ജ് സർവ്വകലാശാലയിൽ ബിരുദപഠനത്തിനായി ഇംഗ്ലണ്ടിലേക്ക് പോയി. ശ്രീനിവാസ രാമാനുജനുമായി അദ്ദേഹം പരിചയപ്പെടുന്നത് ഇവിടെ വച്ചാണ്. കേംബ്രിഡ്ജ് സർവ്വകലാശാലയിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം(Tripos) നേടിയശേഷം അദ്ദേഹം സി. റ്റി. ആർ. വിൽസണൊപ്പം കാവൻഡിഷ് ലബോറട്ടറിയിൽ ജോലിനോക്കി. ഈ സമയത്ത് കിട്ടിയ ഒരു ഇടവേളയിൽ അദ്ദേഹം ഭാരതത്തിലേക്ക് വരികയും പ്രസിഡൻസി കോളജിൽ ഭൗതികശാസ്ത്ര അദ്ധ്യാപകനാവുകയും ചെയ്തു.

പിന്നീട് ഇംഗ്ലണ്ടിൽ തിരികെയെത്തിയ അദ്ദേഹം അവിടെ 'ബയോമെട്രിക്ക' എന്ന മാസികയുമായി ബന്ധപ്പെടാനിടയായി. അദ്ദേഹം അവരെ ഭാരതത്തിലേക്ക് കൊണ്ടുവന്നു. അന്തരീക്ഷവിജ്ഞാനീയത്തിലും (Meteorology) നൃലോകവിജ്ഞാനീയത്തിലും (Anthropology) സ്ഥിതിവിവരശാസ്ത്രത്തിന്റെ സാധ്യതകളെപ്പറ്റി മനസ്സിലാക്കിയ അദ്ദേഹം അതിനു വേണ്ടി പ്രവർത്തിക്കുവാനാരംഭിച്ചു.

കൊൽക്കത്തയിൽ വച്ച് മഹലനോബിസ്, ഒരു വിദ്യാഭ്യാസവിച്ക്ഷണനും ബ്രഹ്മസമാജത്തിന്റെ സജീവ പ്രവർത്തകനുമായ ഹേരംഭചന്ദ്ര മൈത്ര എന്നയാളുടെ മകൾ നിർമ്മലാകുമാരിയെ കണ്ടുമുട്ടി. അവർ 1923 ഫെബ്രുവരി 27-ന് വിവാഹിതരായി, പക്ഷെ നിർമ്മലയുടെ പിതാവ് ഈ ബന്ധത്തെ പൂർ‍ണമായി അംഗീകരിച്ചിരുന്നില്ല. മഹലനോബിസ്, ബ്രഹ്മസമാജത്തിന്റെ വിദ്യാർത്ഥിസംഘത്തിനായുള്ള മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങൾക്കെതിരെയുള്ള ബ്രഹ്മസമാജത്തിന്റെ വിലക്കുകളെ വകവയ്ക്കാതിരുന്നതായിരുന്നു കാരണം. വധുവിന്റെ പിതാവിന്റെ സ്ഥാനത്ത് മഹലനോബിസിന്റെ മാതുലനായ സർ.നീൽ രത്തൻ സർക്കാർ നിന്ന് വിവാഹം നടത്തിക്കൊടുത്തു.

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഭാരതീയ സ്ഥിതിവിവരശാസ്ത്ര പഠനകേന്ദ്രം)

മഹലനോബിസിന്റെ സഹപ്രവർത്തകരിൽ പലരും സ്ഥിതിവിവരശാസ്ത്രത്തോടു താത്പര്യം കാണിക്കുകയും, അദ്ദേഹത്തിന്റെ പ്രസിഡൻസി കോളജിന്റെ മുറിയിലെ സ്റ്റാറ്റിസ്റ്റിക്കൽ ലബോറട്ടറിയിൽ അതൊരു ചെറുസംഘമായി വളരുകയും ചെയ്തു. 1931 ഡിസംബർ 17-ന് പ്രമഥനാഥ് ബാനർജി (പ്രഫ.ധനതത്വശാസ്ത്രം), നിഖിൽ നജ്ജൻ സെന് ‍(പ്രഫ.പ്രയുക്ത ഗണിതശാസ്ത്രം), സർ‍. ആർ. എൻ. മുഖർജി എന്നിവരുമായിച്ചേർന്ന് അദ്ദേഹം ഒരു യോഗം വിളിച്ചുകൂട്ടി. ഈ യോഗമാണ് ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിന് നാന്ദി കുറിച്ചത്. 1932 ഏപ്രിൽ 28-ന് അതൊരു ലാഭേച്ഛയില്ലതെ പ്രവർത്തിക്കുന്ന ഒരു സഹകരണ സംഘമായി ഭാരതീയ സഹകരണസംഘനിയമം-XXI(1860) പ്രകാരം രജിസ്റ്റർ ചെയ്തു. ഈ സ്ഥപനം ആദ്യം പ്രസിഡൻസി കോളജിന്റെ ഭൗതികശാസ്ത്ര വിഭാഗത്തിനു കീഴിലായിരുന്നു. ആദ്യത്തെ വർഷത്തെ ഇതിന്റെ ചെലവ് 238 രൂപയായിരുന്നു. പിന്നീട് മഹലനോബിസിന്റെ സഹപ്രവർത്തകരായ എസ്.എസ്. ബോസ്, ജെ.എം. സെൻഗുപ്ത, ആർ.സി. ബോസ്, എസ്.എൻ. റോയ്, കെ.ആർ. നായർ, ആർ.ആർ. ബഹാദുർ, ജി. കല്യാൺ‍പുർ, ഡി.ബി. ലാഹിരി തുടങ്ങിയവർ ഇതിന്റെ വളർച്ചയ്ക്കായി നിസ്തുലമായ സേവനങ്ങൾ ചെയ്തു. പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ സെക്രട്ടറിയായിരുന്ന പീതാംബർ പന്ത് എന്നയാളിന്റെ പിന്തുണയും ഈ സ്ഥാപനത്തിന് ലഭിച്ചു.

കാൾ പിയേഴ്സന്റെ ബയോമെട്രിക്കയുടെ ചുവടുപിടിച്ച് സാംഖ്യ എന്നൊരു പ്രസിദ്ധീകരണവും 1933-ൽ ആരംഭിച്ചു.

1938-ൽ ഇൻസ്റ്റിറ്റ്യുട്ട് പരിശീലനം നൽകാൻ ആരംഭിച്ചു. മുൻപ് ജോലി ചെയ്തിരുന്ന പലരും ഇൻസ്റ്റിറ്റ്യുട്ട് വിടുകയും അവരിൽ ചിലർ അമേരിക്കയിലേക്കും, ചിലർ ഭാരതസർക്കാരിന്റെ മറ്റ് ജോലികൾക്കായും പൊവുകയും ചെയ്തു. മഹലനോബിസ്, ജെ.ബി.എസ്. ഹാൽഡേനെ ഇൻസ്റ്റിറ്റ്യുട്ടിലേക്ക് ക്ഷണിക്കുകയും അദ്ദേഹം അവിടെ ഗവേഷക പ്രൊഫസറായി 1957 ഓഗസ്റ്റ് മുതൽ 1961 ഫെബ്രുവരി വരെ ജോലിനോക്കുകയും ചെയ്തു. മഹലനോബിസിന്റെ ഭരണമേൽനോട്ടത്തിലുള്ള എതിർപ്പു കാരണം ഹാൽഡേൻ ജോലി വിടുകയാണുണ്ടായത്. എന്നിരുന്നാലും ബയോമെട്രിക്സിൽ ഹാൽഡേൻ നൽകിയ സംഭാവകൾ ഇൻസ്റ്റിറ്റ്യുട്ടിന്റെ വളർച്ചയെ സഹായിച്ചു..

1959-ൽ ഈ സ്ഥാപനം ഒരു ദേശീയ പ്രാധാന്യമുള്ള സ്ഥാപനമായും കല്പിത സർവ്വകലാശാലയായും ഉയർത്തപ്പെട്ടു.

സ്ഥിതിവിവരശാസ്ത്രത്തിന് നൽകിയ സംഭാവനകൾ

മഹലനോബിസ് അന്തരം 
1920-ൽ നാഗ്പുരിൽ നടന്ന ഭാരതീയ ശാസ്ത്ര സമ്മേളനത്തിൽ(Indian Science Congress) വച്ച് മഹലനോബിസ് സുവൊളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ മേധാവിയായിരുന്ന നെൽസൺ അന്നൻഡേലുമായി പരിചയപ്പെടാനിടയാവുകയും നൃലോകവിജ്ഞാനീയത്തിലെ ചില പ്രശ്നങ്ങളെപ്പറ്റി ച്റ്ച്ച ചെയ്യുകയും ചെയ്തു. കൊൽക്കത്തയിലെ ആംഗ്ലോ-ഇന്ത്യൻ വംശജരുടെ വംശീയമായ കണക്കിന്റെ അപഗ്രഥനം നടത്തുവാൻ അന്നൻഡേൽ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഈ പഠനം അദ്ദേഹത്തിന്റെ ഒന്നാമത്തെ ശാസ്ത്ര പ്രബന്ധമായി 1922-ൽ അവതരിപ്പിക്കപ്പെട്ടു. ഈ പഠനകാലത്ത് ജനസംഖ്യയുടെ താരതമ്യത്തിനും വർഗീകരണത്തിനും അദ്ദേഹം ഒരു വൈവിധ്യാന്തര ഏകകം ഉപയോഗിച്ചുള്ള ഒരു രീതി കണ്ടുപിടിച്ചു. ഈ ഏകകം, D2, പിന്നീട് 'മഹലനോബിസ് അന്തരം' എന്നറിയപ്പെട്ടു. ഈ ഏകകം മാപകാനുപാതത്തെ അപേക്ഷിച്ചല്ല നിൽക്കുന്നത് എന്നതാണിതിന്റെ പ്രത്യേകത.

ബയോമെട്രിക്കയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടും ആചാര്യ ബ്രജേന്ദ്രനാഥ് സിയലിന്റെ ഉപദേശമനുസരിച്ചും മഹലനോബിസ് സ്ഥിതിവിവരനിർണ്ണയം ആരംഭിച്ചു. തുടക്കത്തിൽ അദ്ദേഹം സർവ്വകലാശാലാപരീക്ഷകളുടെ അപഗ്രഥനം, കൊൽക്കത്തയിലെ ആംഗ്ലൊ-ഇന്ത്യൻ വംശജരുടെ കണക്കെടുപ്പ്, പിന്നെ കുറെ കാലാവസ്ഥാപഠനം എന്നിവയാണ് നടത്തിയത്.

മാതൃകാ വ്യാപ്തിനിർണ്ണയങ്ങൾ(Sample surveys)

അദ്ദേഹത്തിന്റെ സംഭാവനകളിലേറെയും ബൃഹത്മാതൃകാവ്യാപ്തിനിർണ്ണയതിന്റെ മേഖലയിലായിരുന്നു. ഇങ്ങനെയുള്ള വ്യാപ്തിനിർണ്ണയങ്ങളുടെയും മാതൃകാപരിശോധനയുടെ ഉപയോഗത്തെയും പറ്റിയുള്ള സങ്കല്പം തന്നെ കൊണ്ടുവന്നത് അദ്ദേഹമാണ്.ആദ്യകാല വ്യാപ്തിനിർണ്ണയങ്ങൾ 1937 മുതൽ 1944 വരെയുള്ള കാലഘട്ടത്തിലായിരുന്നു. ഇതിൽ ഉപഭോക്തൃചെലവുകൾ, ചായകുടിക്കുന്ന ശീലം, പൊതുജനാഭിപ്രായം, വിളഭൂമിയുടെ വിസ്തൃതി, സസ്യരോഗങ്ങൾ എന്നിവയായിരുന്നു പ്രധാനമായും ഉൾപെട്ടിരുന്നത്. ഹരോൾഡ് ഹോട്ടലിങ്ങ് ഇതേപ്പറ്റി എഴുതിയിരിക്കുന്നതിങ്ങനെ:"പ്രൊഫസ്സർ മഹലനോബിസ് വിവരിക്കുന്ന രീതിയിലുള്ള കൃത്യമായ ഒരു താരതമ്യസമ്പ്രദായം അമേരിക്കൻ ഐക്യനാടുകൾ പോലുള്ള വികസിത രാഷ്ട്രങ്ങളിൽ പോലും എനിക്ക് കാണുവാൻ സാധിച്ചിട്ടില്ല". സർ. റൊണാൾഡ് എയ്മർ ഫിഷർ അഭിപ്രായപ്പെടുന്നതിങ്ങനെ:"ഭരണനേതൃത്വത്തിന് ലഭ്യമായ ഏറ്റവും ബലവത്തായ വസ്തുതാനിർണ്ണയ പ്രക്രിയ, മാതൃകാവ്യാപ്തിനിർണ്ണയത്തിന്റെ യഥാർത്ഥ വികസനത്തിന് മുൻകൈയെടുത്തിരിക്കുന്നത് ഐ. എസ്. ഐ. ആണ്". വിളവുത്പാദനത്തിന്റെ തോത് നിർണ്ണയിക്കുന്നതിനായി സ്ഥിതിവിവരരീതിയിലെ മാതൃകാവത്കരണ രീതിയുപയോഗിച്ച് അദ്ദേഹം ഒരു സമ്പ്രദായം വികസിപ്പിച്ചെടുത്തു. നാലടി വ്യാസം വരുന്ന ഒരു വൃത്തത്തിനുള്ളിൽ വരുന്ന ഭാഗത്തുള്ള വിളയുടെ പരിശോധന നടത്തുക എന്നതായിരുന്നു അത്. മറ്റ് ശാസ്ത്രജ്ഞരായ പി. വി. സുഖാത്മെ, വി. ജി. പാൻസെ എന്നിവർ ഭാരതീയ കാർഷിക ഗവേഷണ ഉപദേശകസമിതി(Indian Council of Agricultural Research), ഭാരതീയ കാർഷിക സ്ഥിതിവിവരഗവേഷണ പഠനകേന്ദ്രം(Indian Agricultural Statistics Research Institute) എന്നിവയുമായി ചേർന്ന് പ്രവർത്തിക്കുകയും നിലവിലുള്ള ഭരണമാതൃകയുടെ ചട്ടക്കൂട് ഉപയോഗിച്ചുള്ള ഒരു വ്യാപ്തിനിർണ്ണയ സമ്പ്രദായം നിർദ്ദേശിക്കുകയും ചെയ്തു. ഈ അഭിപ്രായ വ്യത്യാസം തീക്ഷ്ണമാവുകയും അത് മഹലനോബിസും കാർഷിക ഗവേഷക സ്ഥാപനവും തമ്മിലുള്ള പരസ്പരസഹകരണം ഇല്ലാതാക്കുകയും ചെയ്തു. പിന്നീട് ആസൂത്രണക്കമീഷനിലെ ഒരു അംഗം എന്ന നിലയിൽ പ്രവർത്തിച്ച മഹലനോബിസ് സ്വതന്ത്രഭാരതത്തിന്റെ പഞ്ചവത്സരപദ്ധതികൾക്ക് വളരെയേറെ സംഭാവനകൾ നൽകി. രണ്ടാം പഞ്ചവത്സര പദ്ധതിയിൽ അദ്ദേഹം ഊന്നൽ നൽകിയത് ഇരുമേഖലകളെയും(പൊതു,സ്വകാര്യ) ആധാരമാക്കിയുള്ള വ്യവസായവത്കരണത്തിനായിരുന്നു.വാസിലി ലിയോറ്റിഫിന്റെ 'ഇൻപുട്ട്-ഔട്ട്പുട്ട് മാതൃക'യ്ക്ക് അദ്ദേഹം ഉണ്ടാക്കിയ വകഭേദവും, അദ്ദേഹത്തിന്റെ തന്നെ 'മഹലനോബിസ് മാതൃക'യും രണ്ടാം പഞ്ചവത്സരപദ്ധതിയിൽ ഉപയോഗിക്കുകയും അത് ഭാരതത്തിന്റെ ദ്രുതഗതിയിലുള്ള വ്യവസായവത്കരണത്തിലേക്ക് നയിക്കുകയും ചെയ്തു. അദ്ദേഹവും സഹപ്രവർത്തകരും ഐ. എസ്. ഐ. യുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഈ കാലയളവിൽ അശ്രാന്തപരിശ്രമം നടത്തി. അദ്ദേഹം ഭാരതത്തിലെ വ്യവസായനിർവ്യാപനം മനസ്സിലാക്കുന്നതിനുള്ള ഒരു പദ്ധതി തയ്യാറാക്കുകയും മുൻപുണ്ടായിരുന്ന ജനസംഖ്യാകണക്കെടുപ്പ് അപാകതകൾ തിരുത്തി അത് ഡാനിയൽ തോർണറെ ഏല്പ്പിക്കുകയും ചെയ്തു. മഹലനോബിസിന് കൃഷിയോടുൺടായിരുന്ന താത്പര്യം അദ്ദേഹം കൈവിട്ടില്ല. മഹലനോബിസ് പിന്നീട് രവീന്ദ്രനാഥ ടാഗോറിന്റെ സെക്രട്ടറി എന്ന നിലയിൽ ടാഗോർ നടത്തിയ പല വിദേശയാത്രകളിലും അദ്ദേഹത്തെ അനുഗമിച്ചിരുന്നു, മാത്രമല്ല ടാഗോറിന്റെ വിശ്വഭാരതി സർവ്വകലാശാലയിൽ ഒരു അദ്ധ്യാപകൻ എന്ന നിലയിലും കുറച്ചു കാലം പ്രവർത്തിച്ചു. അദ്ദേഹം ശാസ്ത്രരംഗത്തും സാമൂഹികരംഗത്തും രാജ്യത്തിനു നൽകിയ സംഭാവനകൾ പരിഗണിച്ച്, ഭാരതത്തിന്റെ പരമോന്നത പൗരബഹുമതികളിലൊന്നായ പദ്മവിഭൂഷൺ അദ്ദേഹത്തിനു ലഭിച്ചു.

ബഹുമതികൾ

ഓക്സ്ഫോർഡ് യൂണിവേർസിറ്റിയുടെ വെൽഡൻ മെഡൽ അദ്ദേഹത്തിനു ലഭിച്ചിരുന്നു. കൂടാതെ ചെക്ക് സയൻസ് അക്കാഡമി മെഡലും അദ്ദേഹത്തിനും ലഭിച്ചിരുന്നു. ഇന്ത്യാഗവണ്മെന്റ് അദ്ദേഹത്തിനു പത്മഭൂഷൻ നൽകി ആദരിച്ചിരുന്നു.

മരണം

1972 ജൂൺ 28-ന്, അദ്ദേഹത്തിന്റെ 79-ആം പിറന്നാളിന് ഒരു ദിവസം മുമ്പ് മഹലനോബിസ് ലോകത്തോട് വിട പറഞ്ഞു. ഈ പ്രായത്തിൽപ്പോലും അദ്ദേഹം ഗവേഷണങ്ങളിൽ വ്യാപൃതനാവുകയും ഐ. എസ്. ഐ. മേധാവി, സർക്കാരിന്റെ ക്യാബിനറ്റിന്റെ സ്ഥിതിവിവര ഉപദേഷ്ടാവ് എന്നീ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തിരുന്നു.

കടപ്പാട്: വിക്കിപീഡിയ

Search This Blog