Monday 2 October 2017

ഗാന്ധിയുടെ നർമ്മങ്ങൾ



ഗാന്ധിയുടെ നർമ്മങ്ങൾ


Courtest;  Sankar Krishnan  Charithranveshikal

മഹാത്മാ ഗാന്ധിക്ക് ഏതു സന്ദർഭത്തിലും മന്ദഹസിക്കാൻ കഴിയുമായിരുന്നു. സ്വയം വിലയിരുത്തി ഒരിക്കൽ പറയുകയുണ്ടായി: ‘നർമബോധം ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ ഏൽക്കേണ്ടിവന്ന അടികൾ എന്നെ എത്രയോ മുമ്പ് കൊന്നുകളയുമായിരുന്നു.’
ഗാന്ധിജിയുടെ നർമബോധത്തെക്കുറിച്ച് അധികമൊന്നും കേട്ടിട്ടില്ല. എം.എൻ. കാരശ്ശേരി മാഷ്‌, ഗാന്ധിഫലിതങ്ങളിൽ ചിലത് പങ്കുവെക്കുന്നു:
സമയം ലാഭിക്കുന്നതിനുവേണ്ടി ഒരുൾനാട്ടിലേക്ക് ‘ഫോർഡ്’ കാറിലാണു പുറപ്പെട്ടത്. വഴിക്കു കാറ് കേടായി. ആ ഭാഗത്തെങ്ങും നന്നാക്കാൻ ആരുമില്ല. ഒടുക്കം കാളകളെ കെട്ടിവലിപ്പിക്കേണ്ടിവന്നു. അപ്പേ‍ാൾ ഗാന്ധി പറഞ്ഞു: ‘ഫോർഡ് ഇപ്പോൾ ഓക്സ്ഫോർഡ് ആയി.’
കാണാൻ ചെന്ന ബർണാഡ്ഷാ കൈ കൊടുക്കുമ്പേ‍ാൾ പതിവുമട്ടിൽ പറഞ്ഞു: ‘ഇതാ, രണ്ടു മഹാൻമാർ കണ്ടുമുട്ടുന്നു.’ കൗതുകപൂർവം ചുറ്റും നോക്കിയിട്ടു ഗാന്ധി ചോദിച്ചു. ‘മറ്റേയാൾ എവിടെ?’
അസുഖം വന്നപ്പോൾ ഡോക്ടർ നിർദേശിച്ചു: ‘പെൻസിലിൻ എടുക്കണം. മൂന്നു ദിവസം കൊണ്ടു മാറും. അല്ലെങ്കിൽ മൂന്നുമാസം നിന്നേയ്ക്കും.’ ഗാന്ധി പറഞ്ഞു: ‘എനിക്കു തിരക്കില്ല. മൂന്നു മാസംകൊണ്ടു മാറിയാൽ മതി.’ ‍ഡോക്ടർ ആധിപ്പെട്ടു. ‘മറ്റുള്ളവർക്കു പകർന്നേയ്ക്കാം.’ ഉടനെ വന്നു, മറുപടി: ‘എന്നാൽ മറ്റുള്ളവർക്കു പെൻസിലിൻ കൊടുത്തോളൂ.’
വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ ഗാന്ധി പതിവുപോലെ അൽപവസ്ത്രധാരിയായിരുന്നു. ‘എന്താണ് വേണ്ടത്ര വസ്ത്രം ധരിക്കാതെ വന്നത്?’ എന്ന ചോദ്യത്തിനു പറ‍ഞ്ഞ മറുപടി ‘ഞങ്ങൾ രണ്ടാൾക്കു വേണ്ടത്ര വസ്ത്രം രാജാവ് ഒറ്റയ്ക്കു ധരിച്ചിട്ടുണ്ട്.’
വിദേശത്ത് കസ്റ്റംസിന്റെ ചട്ടമനുസരിച്ചു ഗാന്ധി കൈവശമുള്ള സമ്പത്ത് വെളിപ്പെടുത്തി: ആറ് ചർക്ക, ഭക്ഷണം കഴിക്കുന്ന പാത്രം, ആട്ടിൻപാൽ സൂക്ഷിക്കുന്ന പാത്രം, ആറു തുണികൾ–പിന്നെ, ഇത്രയൊന്നും വിലയില്ലാത്ത എന്റെ സൽപേരും.’ ഒപ്പം ഇംഗ്ലണ്ടിലേക്കു വന്ന മഹാദേവദേശായിക്കുവേണ്ടി കടം വാങ്ങിയ കോട്ട് തിരിച്ചുകൊ ടുക്കുമ്പോൾ ഗാന്ധി അനുചരനോട് പറഞ്ഞു: ‘ഞാൻ ഇംഗ്ലണ്ടിൽ പോ യിവന്നതാ എന്ന് ആളുകൾ മേനി പറയാറുണ്ട്. ഇനി നിനക്കു പറയാം എന്റെ കോട്ട് ഇംഗ്ലണ്ടിൽ പോയിവന്നതാ.’
തീവണ്ടിമുറിയിൽ സഹയാത്രികൻ ബർത്തിൽനിന്നു വീണു. ‘വല്ലതും പറ്റിയോ’ എന്നന്വേഷിച്ച ഗാന്ധിക്കു കിട്ടിയ മറുപടി: ‘മഹാത്മാവിന്റെ സഹയാത്രികനായതുകെ‍ാണ്ട് ഒന്നും പറ്റിയില്ല.’ പ്രതിവചനം: ‘ആ കണക്കിനു നിങ്ങൾ വീഴാനേ പാടില്ലായിരുന്നു.’
ബ്രിട്ടിഷുകാരെ അനുകൂലിച്ചു ലേഖനമെഴുതിയ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനെ ആക്ഷേപിച്ചു വല്ലഭായ് പട്ടേൽ എന്തോ പറഞ്ഞപ്പോൾ ഗാന്ധി ചോദിച്ചു: ‘അതിലെന്താ പ്രശ്നം? ഇംഗ്ലിഷുകാർ കൂലി കൊടുത്തപ്പോൾ അയാൾ അവരുടെ പാട്ടു പാടി; നിങ്ങളുടെ സർക്കാർ കൂലി കെ‍ാടുത്താൽ നിങ്ങളുടെ പാട്ടും പാടും. അത്രയല്ലേയുള്ളൂ?’
ഒരു സന്ദർശകയുടെ ചോദ്യം: ‘ബാപ്പു എപ്പോഴെങ്കിലും തന്റേടം വിട്ടു പെരുമാറാറുണ്ടോ?’
മറുപടി: ‘ലോകത്തോടുള്ള എന്റെ പെരുമാറ്റം നല്ലതാ; ഭാര്യയോടുള്ളത് അത്ര നന്നല്ല.’ അവരുടെ പ്രതികരണം: ‘എന്റെ ഭർത്താവ് എപ്പോഴും എന്നോടു നന്നായി പെരുമാറുന്നു.’ ഗാന്ധി: ‘ഇങ്ങനെ പറയാൻ അയാൾ നിങ്ങൾക്ക് കാര്യമായി എന്തോ കൈക്കൂലി തന്നിട്ടുണ്ട്.’
വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ബോംബെയിൽനിന്നു പുറപ്പെട്ട ഗാന്ധി കപ്പിത്താനോട്: ‘15 ദിവസം ഞാൻ നിങ്ങളുടെ തടവുകാരനാണ്.’
വിദേശത്തുവച്ച് ഒരു കമ്യൂണിസ്റ്റുകാരൻ ചോദിച്ചു: ‘അഹിംസയെപ്പറ്റി ക്രിസ്തു സംസാരിച്ചത് രണ്ടായിരം കൊല്ലം മുമ്പാണ്. അദ്ദേഹം പരാജയപ്പെട്ടു. ഇപ്പോഴും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാ? ഗാന്ധി ചിരിച്ചു: ‘തിൻമയ്ക്കു പകരം നൻമ കൊടുക്കണം എന്ന കഠിനമായ പാഠം തിരിച്ചറിയാൻ രണ്ടായിരം കൊല്ലം കൂടിയ കാലമാണ് എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’
കടപ്പാട് - എം. എൻ. കാരശ്ശേരി, നൗഷാദ് കുനിയിൽ

No comments:

Post a Comment

Search This Blog