Monday, 30 October 2017

സർദാർ വല്ലഭായി പട്ടേൽ ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ


സർദാർ വല്ലഭായി പട്ടേൽ
ഭാരതത്തിന്റെ ഉരുക്ക് മനുഷ്യൻ


 Courtest ;  Mahi Sarang

നാളെ ഒക്ടോബർ 31 സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ സർദാർ പട്ടേലിന്റെ 141 മത് ജന്മദിനം. ഇത് പല ഓർമകളുടെയും പരിശോധന കൂടിയാണ്. ഒരു വീരേതിഹാസത്തിന്റെ ഒരു മഹാമേരു സമാനമായ വ്യക്തിത്വത്തിന്റെ നഷ്ടപ്പെട്ട അവസരങ്ങളുടെ അവഗണിക്കപ്പെട്ട യാഥാർഥ്യങ്ങളുടെ ….ഇരുപത്തൊന്നാം നൂറ്റാണ്ടിനെ നയിക്കാൻ ഒരുങ്ങുന്ന ഭാരതത്തിന്റെ ഇന്നത്തെ തലമുറക്ക് കൈമാറാവുന്ന എറ്റവും ജ്വലിക്കുന്ന ചില അദ്ധ്യായങ്ങൾ സമ്മാനിച്ച മഹാനായ ഭാരതപുത്രൻ ജനിച്ചിട്ട് ഇന്നേക്ക് 141 വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
അഹമ്മദാബാദിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച പട്ടേലിന് ഇംഗ്ലണ്ടിൽ പോയി പഠിച്ച് വലിയൊരു വക്കീലാകാനയിരുന്നു മോഹം. പക്ഷേ 22 വയസ്സിൽ മാത്രം മെട്രിക്കുലെഷൻ ജയിച്ച അദ്ദെഹത്തെപ്പറ്റി അടുത്ത സുഹൃത്തുക്കൾക്ക് പോലും വലിയ പ്രതീക്ഷയില്ലായിരുന്നു. പക്ഷേ പുസ്തകങ്ങൾ വാങ്ങി സ്വയം പഠിച്ച് അദ്ദേഹം ഇന്ത്യയിലെ വക്കീൽ പരീക്ഷ പാസ്സായി ഗോധ്രയിലെ പേരെടുത്ത വക്കീലാവുക തന്നെ ചെയ്തു…എങ്ങനെയും പണമുണ്ടാക്കി ഇംഗ്ലണ്ടിൽ പോയി ബാരിസ്റ്റർ ബിരുദം നേടുക എന്നത് ഒരു ദൃഡനിശ്ചയമായി അദ്ദേഹം എറ്റെടുക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ നിശ്ചയ ദാർദ്യത്തിനു ഉദാഹരണമായ ഒരു സംഭവമുണ്ട് …പ്രമാദമായ ഒരു കേസിന്റെ അന്തിമവാദം നടന്ന് കൊണ്ടിരിക്കുമ്പോഴാണ് ബോംബെയിലെ ആശുപത്രിയിൽ രോഗബാധിതയായി കിടന്ന അദ്ദേഹത്തിന്റെ പത്നിയുടെ മരണവാർത്ത എത്തുന്നത്. ആരോ എഴുതിക്കൊടുത്ത തുണ്ടുകടലാസിലെ ഈ വിവരം ഒന്ന് വായിച്ച് നോക്കി പോക്കറ്റിലിട്ട ശേഷം അദ്ദേഹം വാദം തുടർന്നു. കേസിൽ അദ്ദേഹത്തിന്റെ കക്ഷി ജയിക്കുകയും ചെയ്തു. എല്ലാം കഴിഞ്ഞാണ് അദ്ദേഹം ഈ വിവരം പുറത്ത് വിടുന്നത്. ഒരു പുനർവിവാഹത്തിനു പലരും നിർബന്ധിച്ചങ്കിലും പട്ടേൽ വഴങ്ങിയില്ല …പ്രിയപത്നിയുടെ ഓർമ്മകളുമായി ശിഷ്ടകാലം ചിലവഴിക്കാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം.
ഒടുവിൽ 33 ആം വയസ്സിൽ സ്വന്തമായി സമ്പാദിച്ച പണവുമായി അദ്ദേഹം ലണ്ടനിൽ പോയി ബാരിസ്റ്റർ ബിരുദം സ്വന്തമാക്കുക തന്നെ ചെയ്തു. ഇതേ നിശ്ചയദാർഡ്യം തന്നയാണ് പിൽക്കാലം ഭാരതം ദർശിച്ചതും.
ദക്ഷിണാഫ്രിക്കയിൽ നിന്ന് പുതിയൊരു സന്ദേശവുമായി ബോംബെയിൽ കപ്പലിറങ്ങിയ മറ്റൊരു ഗുജറാത്തി ബാരിസ്റ്റരെ കണ്ടുമുട്ടുന്നത് വരെ ഉയർന്ന ഒരു ബാരിസ്റ്റർ എന്നതിനപ്പുരത്തെക്ക് പട്ടേലിന്റെ സ്വപ്‌നങ്ങൾ വളർന്നിരുന്നില്ല. മഹാത്മജിയുമായുള്ള ആ കൂടിക്കാഴ്ച രണ്ടു നക്ഷത്രങ്ങൾ തമ്മിലുള്ള കണ്ടുമുട്ടൽ കൂടിയായി. സ്വരാജ്യമെന്ന സങ്കല്പത്തിലെക്കും സ്വാതന്ത്ര്യസമരത്തിന്റെ തീച്ചൂളയിലെക്കും ആ സമർത്ഥനായ ബാരിസ്റ്റർ നിർഭയം എടുത്ത് ചാടി…അദ്ദേഹത്തിന്റെ സാമർഥ്യവും പരിണിത പ്രജ്ഞതയുമാണ് മാഹാത്മജിയുടെ സമരങ്ങളെയും സത്യഗ്രഹങ്ങളെയും ഇത്രയധികം ജനകീയമാക്കിയത്‌.ആ സംഘടനാ പാടവത്തിന്റെ കരുത്തിലാണ് മഹാത്മജിയുടെ പിന്നിൽ ജനലക്ഷങ്ങൾ അണിനിരന്നത് ആ ആജ്ഞാശക്തിക്ക് മുൻപിലാണ് ചമ്പാരൻ മുതൽ ക്വിറ്റ്‌ ഇന്ത്യ സമരങ്ങൾ വരെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ ആടിയുലച്ചത്.
മഹാത്മജിയുടെ വിനീത ശിഷ്യനായിരുന്ന പട്ടേൽ. ഒരിക്കലും അദ്ദേഹത്തിന്റെ നിർദ്ദേശങ്ങളെ അവഗണിച്ചിരുന്നില്ല എന്തൊക്കെ വിയോജിപ്പുകളുണ്ടായാലും.1945 ൽ കോൺഗ്രസ്സ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടങ്കിലും നെഹ്രുവിനു വേണ്ടി സ്ഥാനമൊഴിഞ്ഞത് ഈ സമർപ്പണത്തിനു ഉദാഹരണമാണ്…പക്ഷേ പലപ്പോഴും ആ ത്യാഗത്തിന്റെ വില കൊടുക്കേണ്ടി വന്നത് ഈ മഹാരാജ്യമാണെന്ന് മാത്രം. നേതാജിയുടെ കാര്യത്തിലെന്ന പോലെ ….
1941 മുതൽ സ്വതന്ത്ര പാകിസ്ഥാന് വേണ്ടി ശബ്ദമുയർത്തുന്ന ജിന്നയെ ഞെട്ടിച്ച് കൊണ്ടാണ് 1945 ലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ വന്നത്.അതിൽ ഇന്ന് പാകിസ്ഥാനായ പ്രദേശങ്ങളിലൊക്കെ മുസ്ലിം ലീഗ് പരാജയപ്പെട്ടു. സ്വതന്ത്ര പാകിസ്താൻ എന്ന സ്വപ്നത്തെ കുഴിച്ച് മൂടാനോരുങ്ങിയ ജിന്നക്ക് കച്ചിത്തുരുമ്പായത് മഹാത്മജിയുമായുള്ള കൂടിക്കാഴ്ചയാണ്. മർമ്മത്ത് പ്രഹരിക്കാനുള്ള ഈ അവസരം വിട്ടുകളയരുത് എന്ന പട്ടേലിന്റെ ഉപദേശം ചെവിക്കൊള്ളാതെ ജിന്നയുടെ വീട്ടിലേക്ക് മഹാത്മജി നെഹ്രുവിനോടൊപ്പം ചെന്നപ്പോൾ, ഈ കടന്ന് വരുന്നത് തന്റെ നഷ്ടപ്പെട്ട അവസരമാണ് എന്ന് ജിന്ന തിരിച്ചറിഞ്ഞു. എല്ലാം നഷ്ടപ്പെട്ടിരുന്ന ജിന്നയോട് മഹാത്മജി വീണ്ടും പാകിസ്താൻ വാദത്തിൽ നിന്ന് പിന്മാറണമെന്ന് അപേക്ഷിച്ചപ്പോൾ ആ ദുർബല ഹൃദയത്തിന്റെയും നെഹ്രുവിന്റെ അഭിപ്രായത്തിന്റെയും വളക്കൂറിൽ ജിന്ന തന്റെ സ്വപ്നത്തെ അതിജീവിപ്പിച്ചു. മഹാത്മജി അപ്പോൾ ജിന്നയെ ” ഖായിദെ അസം “(മഹാനായ നേതാവ് ) എന്ന് സംബോധന ചെയ്തു. പിന്നെടെല്ലാം വെറും ചടങ്ങുകൾ …ഈ വിശാലമായ ഭൂമി ലോകത്തിലെ എറ്റവും പ്രശ്നസങ്കീർണമായ രണ്ട് ശത്രുരാജ്യങ്ങളായി മാറാൻ തീരുമാനിക്കപ്പെട്ടു…
1947 മെയ് 6 ന് പട്ടേലിന്റെ ചുമലിൽ ആ ചരിത്ര ദൗത്യം എല്പിക്കപ്പെട്ടു ..ആഗസ്ത് 15 പരിധി വെച്ച് 560 ലധികം നാട്ടുരാജ്യങ്ങളെ ഇന്ത്യൻ യൂണിയനിൽ ലയിപ്പിക്കുക.ചെറുതും വലുതും സമ്പന്നവും ദരിദ്രവുമായ ഇത്രയധികം നാട്ടുരാജ്യങ്ങൾ…സ്വാർഥ മോഹികളായ ചില രാജാക്കന്മാർ… നൂറുകണക്കിന് പ്രാദേശിക പ്രശ്നങ്ങൾ …വിവിധ ഭാഷകൾ …ജീവിതരീതികൾ …കഷ്ടിച്ച് കിട്ടിയ രണ്ട് മാസത്തിൽ തീരുമാനിക്കപ്പെടെണ്ടത് ഭൂമിയിലെ അഞ്ചിലൊന്ന് ജനങ്ങളുടെ ഭാഗധേയം ….പക്ഷെ ,ഇത് പട്ടേലിനെക്കൊണ്ട് മാത്രമേ കഴിയൂ എന്നത് നിസ്തർക്കമായിരുന്നു.
തന്റെ വിശ്വസ്ത സഹകാരി വി.പി മേനോനൊടൊപ്പം അദ്ദേഹം രാജാക്കന്മാരുമായി ചർച്ചകൾ ആരംഭിച്ചു …രാജാധികാരങ്ങൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ പലരും രൂക്ഷമായി എതിർത്തു…ചിലരെ ബോധ്യപ്പെടുത്തി ചിലരെ അനുനയിപ്പിച്ചു ചിലരെ ഭീഷണിപ്പെടുത്തി…തിരുവിതാംകൂറിനു സ്വതന്ത്ര പദവി വേണം എന്നാവശ്യപ്പെട്ട ഉഗ്രപ്രതാപിയായ ദിവാൻ സർ. സിപി രാമസ്വാമി ഐയ്യർ . വി.പി മേനോന്റെ ഒറ്റ സന്ദർശനത്തിൽ നല്ല കുട്ടിയായി …രാജ്യം എന്റേതല്ല ശ്രീപത്മനാഭാന്റെതാണ് എന്ന് ചിത്തിര തിരുനാൾ പറഞ്ഞ വിവരം വി.പി മേനോൻ പട്ടേലിനെ അറിയിച്ചപ്പോൾ അദ്ദേഹം പ്രതികരിച്ചത് ” എന്നാലിനി ശ്രീപദ്മനാഭനോട് സംസാരിച്ചാൽ മതി ” എന്നാണത്രേ മറുപടി കിട്ടിയത് …
എന്തായാലും ആഗസ്റ്റ്‌ 15 എത്തിയപ്പോഴേക്കും ഗുജറാത്തിലെ ജൂനഗഡ് ,ഹൈദരാബാദ് ,ജമ്മുകാശ്മീർ എന്നിവ ഒഴിച്ച് എല്ലാ നാട്ടുരാജ്യങ്ങളും ഇന്ത്യൻ യൂണിയനിൽ ലയിച്ചു.തന്റെ മന്ത്രിയായിരുന്ന ഷാനവാസ് ഭൂട്ടോയുടെ(പിന്നീട് പാകിസ്താൻ പ്രധാനമന്ത്രിയായ സുൽഫിക്കർ അലി ഭൂട്ടോയുടെ പിതാവ് ,സുൽഫിക്കർ ഭൂട്ടോയുടെ മകളാണ് ബേനസീർ ഭൂട്ടോ) സ്വാധീനത്തിൽ പാകിസ്ഥാനിൽ ലയിക്കാനായിരുന്നു ജൂനഗദ് നവാബിന്റെ തീരുമാനം.തന്റെ ജന്മനാടായ ഗുജറാത്തിൽ മുഹമ്മദ്‌ ഗസ്നി കൊള്ള ചെയ്ത് നശിപ്പിച്ച സോമനാഥ ക്ഷേത്രം സ്ഥിതി ചെയ്ത പ്രദേശം പാകിസ്ഥാനിലേക്ക് പോകുന്നത് പട്ടേലിന് സഹിക്കാൻ കഴിയുന്നതായിരുന്നില്ല…നയതന്ത്രം ഫലിക്കാതെ വന്നപ്പോൾ പട്ടേൽ ശക്തി തന്നെ ഉപയോഗിച്ചു.ഒടുവിൽ പട്ടാളം ജൂനഗടിൽ കടന്നപ്പോഴേക്കും നവാബും ഭൂട്ടോയും പാകിസ്ഥാനിലെക്ക് ഓടിയൊളിച്ചു ….ഗസ്നി തകർത്ത സോമനാഥ ക്ഷേത്രം പുനർനിർമ്മിക്കാൻ തീരുമാനിച്ച് കൊണ്ടാണ് ജൂനഗടിന്റെ ലയനം പട്ടേൽ പൂർത്തിയാകിയത്.
പിന്നീടുള്ള വലിയ ഒരു പ്രശ്നമായിരുന്നു ഹൈദരാബാദ്. എറ്റവും വലിയ ഈ നാട്ടുരാജ്യം ഭരിച്ചിരുന്ന നൈസാമിന് പാകിസ്ഥാനിൽ ചേരാനായിരുന്നു താത്പര്യം …ഇന്ത്യയുടെ നടുവിൽ പാകിസ്ഥാന്റെ ഒരു കഷണം ഒരു വലിയ ട്യൂമർ പോലെ കിടക്കുന്നതിലെ അപകടം തിരിച്ചറിഞ്ഞ പട്ടേൽ പട്ടാള നടപടി തന്നെ വേണം എന്ന് തീരുമാനിച്ചു. പക്ഷെ ഒരു പട്ടാള നടപടിയെ നെഹ്‌റു അനുകൂലിച്ചില്ല. അവസാനം നെഹ്‌റു വിദേശ പര്യടനത്തിലായിരുന്ന സമയത്ത് 1948 സെപ്റ്റംബറിൽ ആക്ടിംഗ് പ്രധാനമന്ത്രിയുടെ അധികാരമുപയോഗിച്ച് പട്ടേൽ പട്ടാള നടപടിക്ക് അനുമതി നൽകി. ആയിരക്കണക്കിന് ഹൈദരാബാദി പട്ടാളക്കാർ കൊല്ലപ്പെട്ട ഓപ്പറേഷൻ പോളോയിലൂടെ ഒടുവിൽ ഹൈദരാബാദ് ഇന്ത്യക്ക് സ്വന്തമാവുക തന്നെ ചെയ്തു ….
ഇതേ നടപടി തന്നയാണ് ജമ്മു കശ്മീരിലും പട്ടേൽ ആവശ്യപ്പെട്ടത് …പക്ഷെ തന്റെ പൂർവിക പ്രദേശമായ കാശ്മീരിൽ തൊടാൻ നെഹ്‌റു പട്ടേലിനെ അനുവദിച്ചില്ല…അവസാനം , പാകിസ്ഥാൻ സേനയും ഗോത്ര സൈന്യവും കാശ്മീരിനെ ആക്രമിച്ച് മുന്നേറാൻ തുടങ്ങിയപ്പോൾ മാത്രമാണ് പട്ടേലിന്റെ ഉപദേശത്തിന്റെ വില അറിയുന്നത്. ഇന്ത്യൻ സൈന്യം ശ്രീനഗറിൽ ഇറങ്ങുമ്പോഴേക്കും കശ്മീരിന്റെ മൂന്നിൽ രണ്ട് ഭൂമി പാകിസ്താൻ കൈവശപ്പെടുത്തിയിരുന്നു …പ്രശ്നത്തിൽ ഐക്യരാഷ്ട്ര സഭയെ ഇടപെടീക്കരുത് എന്ന പട്ടേലിന്റെ ഉപദേശവും നെഹ്‌റു തള്ളിക്കളഞ്ഞു …ഇപ്പോഴും 1948 ലെ യു എൻ പ്രമേയമാണ് കശ്മീർ പ്രശ്നത്തിൽ പാകിസ്ഥാന്റെ തുരുപ്പ് ചീട്ട് …വിഷയത്തെ അന്താരാഷ്‌ട്രവൽക്കരിക്കരുത് എന്ന പട്ടേലിന്റെ നിലപാട് അംഗീകരിക്കപ്പെട്ടിരുന്നെങ്കിൽ എന്നേ കശ്മീർ പ്രശ്നം രമ്യമായി പരിഹരിക്കപ്പെട്ടെനെ …
കശ്മീർ പ്രശ്നത്തോടെ നെഹ്രുവുമായി പൂർണമായി അകന്ന പട്ടേൽ ഏതാണ്ട് രാഷ്ട്രീയ വനവാസത്തിലായി എന്ന് തന്നെ പറയാം. മാനസികമായും ശാരീരികമായും തകർന്ന അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വളരെ മോശമായതിനെ തുടർന്ന് 1950 ഡിസംബർ 15 ന് ലോകം കണ്ട എറ്റവും വലിയ ഒരു സ്റേറ്റ്മാൻ ഓർമയായി …
യുഗപ്രഭാവനായ ഡോക്ടർ വർഗീസ്‌ കുര്യൻ തന്റെ ആത്മകഥയിൽ പട്ടേലിന്റെ പുത്രി മണിബെൻ പട്ടെലിനെക്കുറിച്ച് വിശദമായി പറയുന്നുണ്ട്. ഇന്ത്യയുടെ ആദ്യ ഉപപ്രധാനമന്ത്രി മകൾക്ക് വേണ്ടി ഒന്നും സമ്പാദിച്ചിരുന്നില്ല …അവസാന കാലത്ത് അവശയായി കാഴ്ചശക്തി നഷ്ടപ്പെട്ട് അഹമ്മദാബാദിലെ തെരുവുകളിൽ വേച്ച് വേച്ച് നടക്കുന്ന മണിബെന്നിന്റെ ദയനീയ ചിത്രം കുര്യൻ സർ കുറിച്ചിടുന്നു ..
പട്ടേലിന്റെ മരണശേഷം 41 വർഷങ്ങൾ കഴിഞ്ഞാണ് .കാലം ഒരുപാട് മുൻപൊട്ട് പോയി സബർമതിയിലൂടെ ഒരുപാട് വെള്ളം ഒഴുകി …അവഗണനയുടെ കരിമേഘക്കൂട്ടങ്ങൾ വകഞ്ഞ് മാറ്റി ഭാരതത്തിന്റെ ഉരുക്കുമനുഷ്യൻ വീണ്ടും ജനഹൃദയങ്ങളിൽ ചേക്കേറുകയാണ് .. കഴിഞ്ഞവർഷം മുതൽ പട്ടേലിന്റെ ജന്മദിനം രാഷ്ട്രീയ ഏകതാ ദിനമായി ആചരിക്കുന്നു …
ഗുജറാത്തിലെ സബർമതി നദിയിലെ ദ്വീപിൽ , ലോകത്തിലെ എറ്റവും ഉയരമുള്ള പ്രതിമയുടെ രൂപത്തിൽ പട്ടേൽ സ്മാരകം ഉയരുന്നുണ്ട്. അത് അനാവശ്യ ചിലവാണെന്നും, അതല്ല
അത് അദ്ദേഹത്തിനോടുള്ള ആദരവാണെന്നും വ്യത്യസ്ത അഭിപ്രായങ്ങൾ ഉയരുന്നുണ്ട്.
ഹൈ ജാക്ക് ചെയ്യപ്പെട്ട ചരിത്രത്തിൽ നിന്നും ഭാരത ജനത പതുക്കെ മോചിതമാവുകയാണ് …നമ്മൾ കണ്ടതും പഠിച്ചതുമൊന്നുമല്ല ,നമ്മുടെ ഭൂതകാലം എന്ന തിരിച്ചറിവ് തന്നെ വലിയൊരു വിപ്ലവമാണ് ….





1 comment:

Search This Blog