മലാല യൂസഫ്‌സായ്
Courtesy ; Sunil S. Tvm
"നിങ്ങളിലാരാണ് മലാല? പറയൂ.. ഇല്ലെങ്കിൽ നിങ്ങളെല്ലാവരേയും ഞാൻ വെടിവെച്ചുകൊല്ലും.." തലക്കെട്ടുള്ള ഒരു താടിക്കാരൻ ആക്രോശിച്ചു. മലാലയെ വധിക്കാനുള്ള പദ്ധതിയുമായെത്തിയ താലിബാൻകാരന്റെ വാക്കുകൾ മലാല ഓർത്തു വെയ്ക്കുന്നത് അങ്ങനെയാണ്. സ്കൂൾ കഴിഞ്ഞ് സ്കൂൾ ബസ്സിൽ വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ആക്രമണം. ബസിനുള്ളിലെ മുഴുവൻ കുട്ടികളോട് അയാൾ ചോദിച്ചു. അവസാനം അയാൾ മലാലയെ കണ്ടെത്തി. കൈയ്യെത്തും ദൂരത്തു നിന്നും അയാൾ നിറയൊഴിച്ചു. ഒരു വെടിയുണ്ട അവളുടെ തല തുളച്ച് കയറി കഴുത്തിലൂടെ കടന്ന് തോളെല്ലിനടുത്തെത്തി.മരണത്തോട് മല്ലടിച്ച് ദിവസങ്ങളോളം കിടന്ന മലാലയുടെ തോളിൽ നിന്നും ഇംഗ്ലണ്ടിലെ ബർമിങ്ഹാം ക്യൂൻ എലിസബത്ത് ഹോസ്പിറ്റലിലെ ഡോക്ടർമാർ വെടിയുണ്ട പുറത്തെടുത്തു.
പാകിസ്താൻ താലിബാന്റെ ശക്തി കേന്ദ്രമായ വടക്കു പടിഞ്ഞാറൻ അതിർത്തി പ്രവിശ്യയിലെ സ്വാത് ജില്ലയിലെ മിങ്കോറയാണ് മലാലയുടെ ജന്മദേശം. വിദ്യാഭ്യാസ, യുവജന, വനിതാവകാശ പ്രവർത്തകനും സ്കൂൾ ഉടമയും കവിയുമായ സിയവുദ്ദീൻ യൂസഫാണ് പിതാവ്. പഷ്‌തൂൺ കവിയും പോരാളിയുമായ മലാലായി ഓഫ് മായിവന്ദിനോടുള്ള ഇഷ്ടമാണ് മലാലയ്ക്ക് പിതാവ് ആ പേരിടാൻ കാരണം. ഖുഷാൽ പബ്ലിക് സ്കൂൾ എന്ന പേരിൽ ഒരു നിര സ്കൂളുകൾ നടത്തുന്നുണ്ട് അദ്ദേഹം. വിദ്യാഭ്യാസ അവകാശ പ്രവർത്തകയായി അവളെ മാറ്റിയതും അദ്ദേഹമായിരുന്നു. 2008 സെപ്റ്റംബറിലാണ് വിദ്യാഭ്യാസ അവകാശത്തെ കുറിച്ച് മലാല പൊതുവേദിയിൽ സംസാരിച്ചു തുടങ്ങിയത്. പെൺകുട്ടികളുടെ പഠനാവകാശം നിഷേധിക്കുന്ന താലിബാനെതിരെ സംസാരിക്കാൻ പെഷവാറിലെ പ്രസ്സ് ക്ലബ്ബിൽ അവളെ കൊണ്ടുപോയത് പിതാവാണ് .
2007 ഒടുവിലാണ് സ്വാത് ജില്ലയുടെ നിയന്ത്രണത്തിനു വേണ്ടി പാകിസ്താനും താലിബാനും യുദ്ധം തുടങ്ങിയത്. ഒന്നാം സ്വാത് യുദ്ധം എന്നാണ് ഇത് അറിയപ്പെടുന്നത്. സ്വാത്തിന്റെ നിയന്ത്രണം കൈക്കലാക്കിയ താലിബാൻ സ്വാത് വാലിയിൽ ടെലിവിഷനും സംഗീതവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും നിരോധിച്ചു. സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ പോകുന്നത് വിലക്കി.
സ്വാത്തിലെ സ്ഥിതി ഇതായിരിക്കുമ്പോൾ 2009-ന്റെ തുടക്കത്തിൽ ബി.ബി.സി. യുടെ ഉറുദു വിഭാഗം മലാലയുടെ പിതാവ് സിയാവുദ്ദീനെ സമീപിച്ചു. അദ്ദേഹത്തിന്റെ സ്കൂളിലെ ഏതെങ്കിലും കുട്ടിയെ കൊണ്ട് താലിബാൻ നിയന്ത്രണത്തിലെ സ്വാത്തിനെ പറ്റി എഴുതിക്കാമോ എന്ന് ചോദിച്ചു. അയിഷ എന്ന കുട്ടി ഡയറി എഴുതാൻ സമ്മതിച്ചു. എന്നാൽ താലിബാൻ തിരിച്ചടി ഭയന്ന അയിഷയുടെ മാതാപിതാക്കൾ അത് നിർത്തിച്ചു. പിന്നെ സിയാവുദ്ദീന് മുന്നിൽ സ്വന്തം മകളാണ് ഉണ്ടായിരുന്നത്. അങ്ങനെ മലാല ഡയറി എഴുതി തുടങ്ങി.
2009 ജനുവരി 3-ന് ബി.ബി.സി. ഉറുദു ബ്ലോഗിൽ പ്രത്യക്ഷപ്പെട്ട മലാലയുടെ ആദ്യ ബ്ലോഗ് അവളെ പ്രശസ്തയാക്കി. നോട്ട് കൈകൊണ്ടെഴുതി ഒരു റിപ്പോർട്ടർക്ക് കൈമാറുകയാണ് മലാല ചെയ്തിരുന്നത്. അദ്ദേഹം അത് സ്കാൻ ചെയ്ത് മെയിൽ ചെയ്യുകയായിരുന്നു.
മലാലയ്ക്കു വെടിയേറ്റതോടെ അന്താരാഷ്ട്ര സമൂഹം പ്രതികരിച്ചു. പാകിസ്താനിലെ കുട്ടികൾ ഉണർന്നു. ഒക്ടോബർ 12-ന് പാകിസ്താനിലെ 50 ഇസ്ലാമിക പുരോഹിതർ ചേർന്ന് മലാലയെ ആക്രമിച്ച താലിബാൻ കൊലയാളികൾക്കെതിരെ ഫത്‌വ പുറപ്പെടുവിച്ചു. ആക്രമികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാക്ക് അധികൃതർ ഒരു കോടി പാകിസ്താൻ രൂപ സമ്മാനമായി പ്രഖ്യാപിച്ചു.
മലാലയ്ക്ക് വെടിയേറ്റ ദിവസം ലോസ് ആഞ്ചെലെസിൽ നടന്ന സംഗീത പരിപാടിയിൽ പാടിയ 'ഹ്യൂമൻ നാച്വർ' എന്ന പാട്ട് അവൾക്ക് സമർപ്പിച്ചാണ് പോപ്പ് ഗായിക മഡോണപ്രതികരിച്ചത്. ഹോളിവുഡ് താരം ആഞ്ജലീന ജോളി മലാല സംഭവത്തെ കുറിച്ച് ലേഖനമെഴുതി. പാകിസ്താനിലേയും അഫ്ഗാനിസ്ഥാനിലേയുംപെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജോളിയും മാധ്യമ പ്രവർത്തകയായ ടിന ബ്രൗണും "വിമൻ ഇൻ ദി വേൾഡ് ഫൗണ്ടേഷൻ" എന്ന സംഘടനയിലൂടെ ധന സമാഹരണം തുടങ്ങി. യു.എസ്. മുൻ പ്രഥമ വനിത ലോറ ബുഷ് "വാഷിങ്ടൺ പോസ്റ്റ്" പത്രത്തിൽ മലാലയെ ആൻ ഫ്രാങ്കുമായിതാരതമ്യപ്പെടുത്തി ലേഖനങ്ങളെഴുതി.
യു.എസ്. പ്രസിഡന്റ് ബറാക്ക് ഒബാമ, വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റൺ, യു.എൻ. സെക്രട്ടറി ബാൻ കി മൂൺ എന്നിവരെല്ലാം മലാലയ്ക്കു നേരെയുണ്ടായ അക്രമണത്തെ അപലപിച്ചു.
No comments:
Post a Comment