Monday, 2 October 2017

ദാക്ഷായണി ആര്‍ വേലായുധന്‍






ഭരണഘടനയില്‍  ഡോ. ബി ആര്‍ അംബേദ്‌കർക്കൊപ്പം  ഒപ്പു വെച്ചവരില്‍ കേരളത്തില്‍ നിന്നും ഒരു വ്യക്തിയുണ്ടെന്നും അത് വനിതയാണെന്നും – അത് ദലിത് വനിത യാണെന്നും അറിയുക, ഇന്ത്യ യിലെ ആദ്യത്തെ ഗ്രാജുവേറ്റ് ദലിത് വനിത. ദാക്ഷായണി ആര്‍ വേലായുധന്‍ .

കടപ്പാട് ;    ഹരീഷ് കുമാർ.വി - ഇല്യാസ് കെ. വി    -  സ്വതന്ത്ര ചിന്തകര്‍   - ഡെയിലി റിപ്പോര്‍ട്ട്‌സ്.ഇന്‍














ഇന്ത്യയിലെ പട്ടികജാതിക്കാരിലെ ആദ്യ ബിരുദധാരിണിയും ഭരണഘടനാ നിർമ്മാണസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്ന വനിതയുമാണ് ദാക്ഷായണി വേലായുധൻ 1912-ൽ, കൊച്ചിയിലെ മുളവുകാട് ദ്വീപിൽ ജനിച്ചു. കൊച്ചിയിൽനിന്ന് ആദ്യമായി മെട്രിക്കുലേഷൻ പാസ്സായ പട്ടികജാതി പെൺകുട്ടിയായ അവർ എറണാകുളം മഹാരാജാസ് കോളേജിൽനിന്നും മദ്രാസിൽനിന്നുമാണ് ബിരുദങ്ങൾ നേടിയത്. അദ്ധ്യാപികയായി ജോലിനോക്കവെ ആർ. വേലായുധനെ വിവാഹംകഴിച്ചു.  1945-ൽ അവർ കൊച്ചി നിയമസഭയിൽ അംഗമായി നാമനിർദ്ദേശം ചെയ്യപ്പെട്ടു. പിന്നീട് ഇന്ത്യൻ ഭരണഘടനാനിർമ്മാണസഭയിൽ കോൺഗ്രസ് ടിക്കറ്റിൽനിന്നുകൊണ്ട് അംഗത്വം നേടി.  ചരിത്രകാരിയായ മീരാ വേലായുധൻ മകളാണ്.
ഭരണഘടനാ നിര്‍മ്മാണവേളയില്‍ അംബേഡ്കര്‍ക്ക് താങ്ങും തണലുമായിയിരുന്നത് ഭരണഘടനാ നിര്‍മ്മാണ സഭയില്‍ അംഗമായിരുന്ന കേരളത്തില്‍ നിന്നുള്ള ഒരു വനിതയാണ്. 26 – 11 – 1949 ല്‍ ഭരണഘടനാ ഡ്രാഫ്റ്റിംങ് കമ്മിറ്റി ചെയര്‍മാനായ ബാബാ സാഹിബ് ഡോ. ബി ആര്‍ അംബേഡ്കര്‍ക്കൊപ്പം ഭരണഘടന അംഗീകരിച്ചു പാസ്സാക്കിക്കൊണ്ട് ഒപ്പുവെച്ച മലയാളി വനിത. അത് ശ്രീമതി പി കെ ദാക്ഷായണി ആയിരുന്നു. അവര്‍ ഒരു പുലയ വനിതയാണ്. കെ. കെ. മാധവൻ എം പി യുടെ മൂത്ത സഹോദരി.  ഇന്ത്യന്‍ പ്രസിഡന്റായിരുന്ന ഡോ. കെ ആര്‍ നാരായണന്റെ ഇളയച്ഛന്‍ ശ്രീ ആര്‍ വേലായുധന്റെ ഭാര്യ ദാക്ഷായണി ആര്‍ വേലായുധന്‍!
കൊച്ചി രാജ്യത്തിലെ അയിത്ത ജാതിക്കാരില്‍ നിന്നും ESLC പരീക്ഷ പാസ്സാകുന്ന പ്രഥമ വനിത. ഇന്ത്യയില്‍ തന്നെ അയിത്ത ജാതിക്കാരില്‍ നിന്നും ബിരുദം നേടുന്ന പ്രഥമ വനിത. 389 അംഗങ്ങളുണ്ടായിരുന്ന ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലെ അയിത്ത ജാതിക്കാരിയായ ഏക വനിത. ബ്രിട്ടീഷുകാരാണ് അയിത്ത ജാതിക്കാര്‍ക്ക് ഏറെ വികസന സാധ്യത ഒരുക്കിയതെന്ന സര്‍ വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ അവകാശ വാദത്തെ ‘അയിത്ത ജാതിക്കാരുടെ പുരോഗതിക്കായി ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ ഒരു നിയമമെങ്കിലും പാസ്സാക്കിയിട്ടുണ്ടോ’ എന്ന മറു ചോദ്യം കൊണ്ട് മഹാവാഗ്മിയായ ചര്‍ച്ചിലിന്റെ വായടപ്പിച്ച ഏക ഇന്ത്യന്‍ വനിത. അയിത്താചാരത്തിന്റേയും അനാചാരത്തിന്റേയും പേരില്‍ ഇന്ത്യന്‍ ഭരണ നിര്‍മ്മാണ സഭയില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിനോട് പലപ്പോഴും കടുത്ത വാഗ്വാദത്തില്‍ ഏര്‍പ്പെട്ട അയിത്ത ജാതി വനിത. അയിത്ത ജാതിക്കാരുടെ വിമോചനത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച ബാബാസാഹിബ് ഡോ. ബി ആര്‍ അംബേഡ്കറോടു പോലും പലപ്പോഴും കലഹിച്ചിട്ടുള്ള അയിത്ത ജാതി വനിത. ഇതെല്ലാം ദാക്ഷായണി ആര്‍ വേലായുധന്റെ പേരിനോടു ചേര്‍ത്തു വായിക്കേണ്ടതാണ്.
ദാക്ഷായണി കോണ്‍ഗ്രസ് സഹയാത്രികയായിരുന്നു. ഗാന്ധിജി ഇവര്‍ക്ക് ആരാധ്യനും ആയിരുന്നു. ദാക്ഷായണിയുടേയും വേലായുധന്റേയും വിവാഹം ഗാന്ധിജിയുടെ കാര്‍മ്മികത്വത്തില്‍ വാര്‍ധ ആശ്രമത്തില്‍ വെച്ചാണ് നടന്നതും. അയിത്താചരണത്തെ മതാചരണമായി സ്വീകരിച്ചിരുന്ന ഗാന്ധി വര്‍ണ വ്യവസ്ഥകള്‍ക്ക് പുറത്തായിരുന്നവരും അടിച്ചമര്‍ത്തപ്പെട്ടവരുമായ ഇന്ത്യന്‍ ആദിദേശീയ ജനതയുടെ സന്താന പരമ്പരകള്‍ക്കു മേല്‍ പതിപ്പിച്ച അയിത്തത്തിന്റെ സ്ഥിരീകരണ മുദ്രയായിരുന്നുൂ ‘ഹരിജന്‍’ വിളി. ആ വിളി ഒരേ സമയം സവര്‍ണരെ ആമോദിപ്പിക്കുകയും അവര്‍ണരെ ഭ്രമിപ്പിക്കുകയും ചെയ്തിരുന്നു. ‘ഗാന്ധിയന്‍ സീല്‍’ ആയ ‘ഹരിജന്‍’ പ്രയോഗം നവ തലമുറകള്‍ക്കുമേല്‍ പതിപ്പിച്ചിരിക്കുന്ന അവഹേളന മാണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യയില്‍ ആദ്യമായി അതിനെതിരേ പ്രതികരിച്ചത് ദാക്ഷായണിയാണ്. അതും ജനം ശ്രദ്ധിക്കത്തക്ക വിധത്തില്‍ ഒരു സംസ്ഥാനത്തെ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍……
എറണാകുളം ജില്ലയില്‍ മുളവുകാട് ഗ്രാമത്തിലെ കല്ലംമുറിയില്‍ കുഞ്ഞന്റേയും എളങ്കുന്നപ്പുഴ തയ്യിത്തറ മാണിയുടേയും അഞ്ചുമക്കളില്‍ നാലാമത്തവളായി 1913 ജൂലൈ മാസം എട്ടാം തിയതി ആയിരുന്നു ദാക്ഷായണിയുടെ ജനനം. കൊച്ചി പുലയസഭാ സ്ഥാപകനും അതിന്റെ ആദ്യത്തെ പ്രസിഡന്റും ആയിരുന്ന കൃഷ്‌ണേതി ദാക്ഷായണിയുടെ പിതൃസഹോദരനായിരുന്നു. അക്കാലത്ത് പുലയര്‍ക്ക് കരയില്‍ യോഗം ചേരുവാന്‍ അനുവാദമില്ലായിരുന്നു. മനുഷ്യാവകാശ ബോധമുണ്ടായിരുന്ന ആത്മാഭിമാനികളായ പുലയര്‍ കൂട്ടിക്കെട്ടിയ വള്ളങ്ങളില്‍ കായലില്‍ യോഗം ചേര്‍ന്നു രൂപം കൊടുത്ത സംഘടനയാണ് കൊച്ചി പുലയ മഹാസഭ. ദാക്ഷായണിയുടെ ജനനത്തിന് ഏതാനും മാസങ്ങള്‍ക്കു മുമ്പ് (21-4-1913) ആയിരുന്നു ഈ സംഘടനാ രൂപീകരണം.
മുളവുകാട് സെ. മേരീസ് എല്‍ പി സ്‌കൂളില്‍ നിന്നും പ്രൈമറി വിദ്യാഭ്യാസം നേടിയ ദാക്ഷായണി ചാത്യാത്ത് എല്‍ എം സി ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്നും ESLC പാസ്സായി. തുടര്‍ന്ന് എറണാകുളം മഹാരാജാസ് കോളേജില്‍ നിന്നും ബി എ പരീക്ഷ ഒന്നാം ക്ലാസ്സിലും മദ്രാസ് സെ. ക്രിസ്റ്റഫര്‍ ട്രെയിനിംങ് കോളേജില്‍ നിന്നും LT പരീക്ഷയും പാസ്സായി. ഒരു അയിത്ത ജാതി സ്ത്രീ കരസ്ഥമാക്കിയ ചരിത്ര നേട്ടങ്ങളായിരുന്നു ഇതെല്ലാം. ഈ വിദ്യാഭ്യാസ യോഗ്യത സവിശേഷമായി പരിഗണിച്ച് ദാക്ഷായണിയെ വിദ്യാഭ്യാസ വകുപ്പില്‍ അധ്യാപികയായി നിയമിക്കുന്നു എന്ന് 1937 ലെ കൊച്ചിയുടെ രാജഭരണ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അധ്യാപിക ആയിത്തീര്‍ന്ന ദാക്ഷായണി ‘പുലയ ടീച്ചര്‍’ അന്ന ആക്ഷേപത്തിന് ഏറെ ഇരയായിട്ടുണ്ട്

തിരുവിതാംകൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ബിരുദവും ബോംബെ റ്റാറ്റാ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ നിന്നും സോഷ്യല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷനില്‍ ഡിപ്ലോമയും നേടിയിട്ടുള്ള ഉഴവൂര്‍ സ്വദേശിയായ ആര്‍ വേലായുധന്‍ ഈ സമയത്ത് എറണാകുളത്ത് റ്റാറ്റാ ഓയില്‍ മില്ലില്‍ ലേബര്‍ വെല്‍ഫയര്‍ ഓഫീസറായി ജോലിനോക്കുന്നു ണ്ടായിരുന്നു. ദാക്ഷായണിയും വേലായുധനും തമ്മില്‍ പരിചയത്തിലായി. പരിചയം ക്രമേണ പ്രണയത്തിലേക്കു വളരുകയും പ്രണയം അവരെ വിവാഹത്തിലെത്തിക്കുകയും ചെയ്തു.
മികച്ച അധ്യാപികയായി പേരെടുത്ത ദാക്ഷായണിയുടെ വിദ്യാഭ്യാസ യോഗ്യതയും കഴിവും സാമര്‍ത്ഥ്യവും പരിഗണിച്ച് അവര്‍ 31-7-1945 ല്‍ കൊച്ചി ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. അയിത്തജാതിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടി പോരാടാന്‍ ദാക്ഷായണിക്ക് ലഭിച്ച സുവര്‍ണ അവസരം ആയിരുന്നു അത്. നിയമസഭാംഗം എന്ന നിലയില്‍ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി 1946 ജൂലൈ 26 നു ദാക്ഷായണി ആര്‍ വേലായുധന്‍ ഇന്ത്യന്‍ ഭരണഘടനാ നിര്‍മ്മാണ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. മദ്രാസ് പ്രവിശ്യയില്‍ നിന്നും കോണ്‍ഗ്രസ് ടിക്കറ്റിലാണ് ദാക്ഷായണി തെരഞ്ഞടുക്കപ്പെട്ടത്.
ഭരണഘടനാ നിര്‍മ്മാണ സഭയിലെ കന്നി പ്രസംഗത്തില്‍ തന്നെ ദാക്ഷായണി സഭാംഗങ്ങളുടെയെല്ലാം ശ്രദ്ധാ കേന്ദ്രമായി. സുന്ദരമായ ഇംഗ്ലീഷിലുള്ള, ദാക്ഷായണിയടെ പ്രസംഗം പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പോലും ആദരം പിടിച്ചു പറ്റുന്നതായിരുന്നു. 1950 ജനുവരി 26 ന് ഇന്ത്യന്‍ ഭരണഘടന നിലവില്‍ വ്ന്നു. അതോടെ ഭരണഘടന നിര്‍മ്മാണ സഭയും ഇല്ലാതായി. ആ സഭ അന്നു മുതല്‍ ഒരു പ്രൊവിഷണല്‍ പാര്‍ലമെന്റായി നിലനിന്നു. 1952 ലെ പൊതു തെരഞ്ഞെടുപ്പോടെ പുതിയ പാര്‍ലമെന്റ് ഉണ്ടായി. പ്രാവിഷണല്‍ പാര്‍ലമെന്റ് ഇല്ലാതാകുകയും ചെയ്തു. ആ തെരഞ്ഞെടുപ്പില്‍ അന്ന് കൊല്ലം ജില്ലയുടെ ഭാഗമായിരുന്ന മാവേലിക്കര മണ്ഡലത്തില്‍ സംവരണ വിഭാഗത്തില്‍ മത്സരിച്ച ദാക്ഷായണിയുടെ ഭര്‍ത്താവ് ആര്‍ വേലായുധന്‍ വിജയിച്ചു പാര്‍ലമെന്റംഗമായി. വേലായുധന്‍ പരവന്‍ (ഭരതര്‍) സമുദായാംഗമാണ്. ഇന്ത്യയുടെ പ്രഥമ പാര്‍ലമെന്റിലെ ഏക പരവര്‍ സമുദായാംഗവും വേലായുധനായിരുന്നു.

ദാക്ഷായണിയും ഇന്ദിരാഗാന്ധിയും അടുത്ത സുഹൃത്തുക്കളായിരുന്നു. ഇരുവരും കോണ്‍ഗ്രസിന്റെ മൊഹാലിയില്‍ നടന്ന സമ്മേളനത്തില്‍ പങ്കെടുത്തു. സ്വന്തം വ്യക്തിത്വത്തേയും ആദര്‍ശത്തേയും അടിയറ വെക്കാന്‍ തയ്യാറല്ലാതിരുന്ന ദാക്ഷായണി ഇന്ദിരാഗാന്ധിയുമായി ആശയപരമായ സംഘട്ടനത്തില്‍ തെറ്റിപ്പിരിഞ്ഞു. ഇന്ദിര, ഇന്ദിരാ കോണ്‍ഗ്രസുകാരിയായും ദാക്ഷായണി സംഘടനാ കോണ്‍ഗ്രസു കാരിയുമായി പരസ്പരം മത്സരിക്കുന്ന രണ്ട് രാഷ്ട്രീയ കക്ഷികളിലെ അംഗങ്ങളായി. 1971 ല്‍ നടന്ന ഇടക്കാല തെരഞ്ഞെടുപ്പില്‍ അടൂര്‍ സംവരണ മണ്ഡല ത്തില്‍ സംഘടനാ കോണ്‍ഗ്രസ് ടിക്കറ്റില്‍ ദാക്ഷായണി മത്സരിച്ചു. എങ്കിലും വിജയിക്കുവാന്‍ കഴിഞ്ഞില്ല. പിന്നീടൊരിക്കലും ദാക്ഷായണി ഒരു തെരഞ്ഞെടുപ്പിലും മത്സരിച്ചിട്ടില്ല. മദ്രാസ് സിറ്റി ഡിപ്രസ്ഡ് ക്ലാസസ് ലീഗ്, ഫൈന്‍ ആര്‍ട്‌സ് ലീഗ്, എന്നീ സംഘടനകളുടെ പ്രസിഡന്റാ യും ഗാന്ധി ഇറ പബ്ലിക്കേഷന്‍സ് ന്റെ ജനറല്‍ എഡിറ്ററായും ദാക്ഷായണി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭരണഘടനാ നിര്‍മ്മാണം പൂര്‍ത്തിയാക്കി സഭാ പ്രവര്‍ത്തനം അവസാനിപ്പിച്ച ശേഷം LIC യില്‍ ഒരു ഉദ്യോഗസ്ഥയായും ദാക്ഷായണി പ്രവര്‍ത്തിച്ചിട്ടുണ്ട്. 

ദാക്ഷായണി വേലായുധന്‍ ദമ്പതികള്‍ക്ക് മക്കള്‍ അഞ്ചാണ്. നാല് ആണും ഒരു പെണ്ണും. മൂത്തമകന്‍ ഒപ്പേ എന്നു വിളിപ്പേരുള്ള രഘുത്തമന്‍ ഇന്ദിരാ ഗാന്ധിയുടെ മെഡിക്കല്‍ ടീമില്‍ അംഗമായിരുന്നു. പ്രധാനമന്ത്രിയാ യിരിക്കെ ഡെല്‍ഹിയില്‍ സ്വന്തം അംഗരക്ഷകന്റെ തന്നെ വെടിയേറ്റ് ഔദ്യോഗിക വസതിക്കു മുന്നില്‍ വീണ ഇന്ദിരാ ഗാന്ധിക്ക് പ്രാധമിക ശുശ്രൂഷകള്‍ നല്‍കിയത് രഘുത്തമന്‍ ആണ്. പ്രഹ്ലാദന്‍ (IA&AS), ഭഗീരഥന്‍ (IFC), ധ്രുവന്‍ (ഹോട്ടല്‍ മാനേജ്‌മെന്റ്), ചരിത്രകാരിയായ മീരാ വേലായുധന്‍  എന്നിവരാണ് മറ്റ് മക്കള്‍. ദാക്ഷായണിയുടെ ഭര്‍ത്താവ് ആര്‍ വേലായുധന്‍ 30-71974 ല്‍ അന്തരിച്ചു. ഡെല്‍ഹി ആര്‍ കെ പുരത്തുള്ള വസതിയില്‍ താമസിച്ചുവരവേ നാലുവര്‍ഷം കഴിഞ്ഞ് 20-7-1978 ല്‍ ദാക്ഷായണിയും അന്തരിച്ചു.


ഗാന്ധിയുടെ നർമ്മങ്ങൾ



ഗാന്ധിയുടെ നർമ്മങ്ങൾ


Courtest;  Sankar Krishnan  Charithranveshikal

മഹാത്മാ ഗാന്ധിക്ക് ഏതു സന്ദർഭത്തിലും മന്ദഹസിക്കാൻ കഴിയുമായിരുന്നു. സ്വയം വിലയിരുത്തി ഒരിക്കൽ പറയുകയുണ്ടായി: ‘നർമബോധം ഇല്ലായിരുന്നെങ്കിൽ ജീവിതത്തിൽ ഏൽക്കേണ്ടിവന്ന അടികൾ എന്നെ എത്രയോ മുമ്പ് കൊന്നുകളയുമായിരുന്നു.’
ഗാന്ധിജിയുടെ നർമബോധത്തെക്കുറിച്ച് അധികമൊന്നും കേട്ടിട്ടില്ല. എം.എൻ. കാരശ്ശേരി മാഷ്‌, ഗാന്ധിഫലിതങ്ങളിൽ ചിലത് പങ്കുവെക്കുന്നു:
സമയം ലാഭിക്കുന്നതിനുവേണ്ടി ഒരുൾനാട്ടിലേക്ക് ‘ഫോർഡ്’ കാറിലാണു പുറപ്പെട്ടത്. വഴിക്കു കാറ് കേടായി. ആ ഭാഗത്തെങ്ങും നന്നാക്കാൻ ആരുമില്ല. ഒടുക്കം കാളകളെ കെട്ടിവലിപ്പിക്കേണ്ടിവന്നു. അപ്പേ‍ാൾ ഗാന്ധി പറഞ്ഞു: ‘ഫോർഡ് ഇപ്പോൾ ഓക്സ്ഫോർഡ് ആയി.’
കാണാൻ ചെന്ന ബർണാഡ്ഷാ കൈ കൊടുക്കുമ്പേ‍ാൾ പതിവുമട്ടിൽ പറഞ്ഞു: ‘ഇതാ, രണ്ടു മഹാൻമാർ കണ്ടുമുട്ടുന്നു.’ കൗതുകപൂർവം ചുറ്റും നോക്കിയിട്ടു ഗാന്ധി ചോദിച്ചു. ‘മറ്റേയാൾ എവിടെ?’
അസുഖം വന്നപ്പോൾ ഡോക്ടർ നിർദേശിച്ചു: ‘പെൻസിലിൻ എടുക്കണം. മൂന്നു ദിവസം കൊണ്ടു മാറും. അല്ലെങ്കിൽ മൂന്നുമാസം നിന്നേയ്ക്കും.’ ഗാന്ധി പറഞ്ഞു: ‘എനിക്കു തിരക്കില്ല. മൂന്നു മാസംകൊണ്ടു മാറിയാൽ മതി.’ ‍ഡോക്ടർ ആധിപ്പെട്ടു. ‘മറ്റുള്ളവർക്കു പകർന്നേയ്ക്കാം.’ ഉടനെ വന്നു, മറുപടി: ‘എന്നാൽ മറ്റുള്ളവർക്കു പെൻസിലിൻ കൊടുത്തോളൂ.’
വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ലണ്ടനിലെത്തിയ ഗാന്ധി പതിവുപോലെ അൽപവസ്ത്രധാരിയായിരുന്നു. ‘എന്താണ് വേണ്ടത്ര വസ്ത്രം ധരിക്കാതെ വന്നത്?’ എന്ന ചോദ്യത്തിനു പറ‍ഞ്ഞ മറുപടി ‘ഞങ്ങൾ രണ്ടാൾക്കു വേണ്ടത്ര വസ്ത്രം രാജാവ് ഒറ്റയ്ക്കു ധരിച്ചിട്ടുണ്ട്.’
വിദേശത്ത് കസ്റ്റംസിന്റെ ചട്ടമനുസരിച്ചു ഗാന്ധി കൈവശമുള്ള സമ്പത്ത് വെളിപ്പെടുത്തി: ആറ് ചർക്ക, ഭക്ഷണം കഴിക്കുന്ന പാത്രം, ആട്ടിൻപാൽ സൂക്ഷിക്കുന്ന പാത്രം, ആറു തുണികൾ–പിന്നെ, ഇത്രയൊന്നും വിലയില്ലാത്ത എന്റെ സൽപേരും.’ ഒപ്പം ഇംഗ്ലണ്ടിലേക്കു വന്ന മഹാദേവദേശായിക്കുവേണ്ടി കടം വാങ്ങിയ കോട്ട് തിരിച്ചുകൊ ടുക്കുമ്പോൾ ഗാന്ധി അനുചരനോട് പറഞ്ഞു: ‘ഞാൻ ഇംഗ്ലണ്ടിൽ പോ യിവന്നതാ എന്ന് ആളുകൾ മേനി പറയാറുണ്ട്. ഇനി നിനക്കു പറയാം എന്റെ കോട്ട് ഇംഗ്ലണ്ടിൽ പോയിവന്നതാ.’
തീവണ്ടിമുറിയിൽ സഹയാത്രികൻ ബർത്തിൽനിന്നു വീണു. ‘വല്ലതും പറ്റിയോ’ എന്നന്വേഷിച്ച ഗാന്ധിക്കു കിട്ടിയ മറുപടി: ‘മഹാത്മാവിന്റെ സഹയാത്രികനായതുകെ‍ാണ്ട് ഒന്നും പറ്റിയില്ല.’ പ്രതിവചനം: ‘ആ കണക്കിനു നിങ്ങൾ വീഴാനേ പാടില്ലായിരുന്നു.’
ബ്രിട്ടിഷുകാരെ അനുകൂലിച്ചു ലേഖനമെഴുതിയ ഇന്ത്യക്കാരനായ ഉദ്യോഗസ്ഥനെ ആക്ഷേപിച്ചു വല്ലഭായ് പട്ടേൽ എന്തോ പറഞ്ഞപ്പോൾ ഗാന്ധി ചോദിച്ചു: ‘അതിലെന്താ പ്രശ്നം? ഇംഗ്ലിഷുകാർ കൂലി കൊടുത്തപ്പോൾ അയാൾ അവരുടെ പാട്ടു പാടി; നിങ്ങളുടെ സർക്കാർ കൂലി കെ‍ാടുത്താൽ നിങ്ങളുടെ പാട്ടും പാടും. അത്രയല്ലേയുള്ളൂ?’
ഒരു സന്ദർശകയുടെ ചോദ്യം: ‘ബാപ്പു എപ്പോഴെങ്കിലും തന്റേടം വിട്ടു പെരുമാറാറുണ്ടോ?’
മറുപടി: ‘ലോകത്തോടുള്ള എന്റെ പെരുമാറ്റം നല്ലതാ; ഭാര്യയോടുള്ളത് അത്ര നന്നല്ല.’ അവരുടെ പ്രതികരണം: ‘എന്റെ ഭർത്താവ് എപ്പോഴും എന്നോടു നന്നായി പെരുമാറുന്നു.’ ഗാന്ധി: ‘ഇങ്ങനെ പറയാൻ അയാൾ നിങ്ങൾക്ക് കാര്യമായി എന്തോ കൈക്കൂലി തന്നിട്ടുണ്ട്.’
വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കാൻ ബോംബെയിൽനിന്നു പുറപ്പെട്ട ഗാന്ധി കപ്പിത്താനോട്: ‘15 ദിവസം ഞാൻ നിങ്ങളുടെ തടവുകാരനാണ്.’
വിദേശത്തുവച്ച് ഒരു കമ്യൂണിസ്റ്റുകാരൻ ചോദിച്ചു: ‘അഹിംസയെപ്പറ്റി ക്രിസ്തു സംസാരിച്ചത് രണ്ടായിരം കൊല്ലം മുമ്പാണ്. അദ്ദേഹം പരാജയപ്പെട്ടു. ഇപ്പോഴും അതുതന്നെ പറഞ്ഞുകൊണ്ടിരിക്കുന്നതെന്തിനാ? ഗാന്ധി ചിരിച്ചു: ‘തിൻമയ്ക്കു പകരം നൻമ കൊടുക്കണം എന്ന കഠിനമായ പാഠം തിരിച്ചറിയാൻ രണ്ടായിരം കൊല്ലം കൂടിയ കാലമാണ് എന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ?’
കടപ്പാട് - എം. എൻ. കാരശ്ശേരി, നൗഷാദ് കുനിയിൽ

Friday, 29 September 2017

CUBAN MISSILE CRISIS




                                                        CUBAN MISSILE CRISIS
   
    Collected and compiled by; Kiran Thomas


Ø  In April 1961, the leaders of the  USSR were worried that the USA would invade communist-ruled Cuba which was an ally of Soviet Union and overthrow Fidel Castro.
Ø  Nikita Khrushchev , the leader of the Soviet Union, decided to convert Cuba into a Soviet base.      
Ø   In 1962, he placed nuclear missiles in Cuba just 90 miles away from US shores.
Ø  The installation of these weapons  put the US bases or cities, under  threat from close range.
Ø  Only three weeks after In April  1961,  the Americans became aware of it.
Ø  The US President, John F. Kennedy determined  to remove the missiles and nuclear weapons from Cuba.
Ø   Kennedy made it clear the U.S. was prepared to use military force if necessary to neutralize this perceived threat to national security.        
Ø   So he  ordered US  warships to intercept any Soviet ships  heading to Cuba as a way of warning  to the USSR.   
Ø    A clash seemed imminent  which was  known as the   ‘’Cuban Missile Crisis’’  OR  the ‘’October Crisis’’ .











Tuesday, 26 September 2017

'മഹാരാജാ ജയ്സിങ്ങും റോൾസ് റോയ്സ് കാറുകളും


'മഹാരാജാ ജയ്സിങ്ങും  റോൾസ് റോയ്സ് കാറുകളും
Courtesy; Prince Pavithran -  Charithraanveshikal
ലോകത്തിലെ ഏറ്റവും വിലകൂടിയതും രാജകുടുംബക്കാർ മാത്രം ഉപയോഗിച്ചിരുന്നതുമായ 'റോൾസ് റോയ്സ്' കാറുകൾ 'ചപ്പുചവർനീക്കംചെയ്യാനും' 'തൂത്ത് വാരാനും' ഉപയോഗിച്ച
'മഹാരാജാ ജയ്സിങ്ങിന്റെ' ചരിത്രം:-
ഇന്ത്യൻ രാജാക്കന്മാർ എത്രത്തോളം അതിസമ്പന്നരും ആർഭാടപ്രിയരുമായിരുന്നെന്ന് രണ്ടാം ലോകമഹായുദ്ധത്തിന് മുമ്പുണ്ടായിരുന്ന റോൾസ് റോയ്സ് കാറുകളുടെ വിറ്റുവരവ് നോക്കിയാൽ മനസ്സിലാകും. ഏകദേശം 20000 ത്തോളം റോൾസ് റോയ്സ് കാറുകൾ നിമ്മിച്ചതിൽ 25% ത്തിലധികവും ഇറക്കുമതിചെയ്തുപയോഗിച്ചത് നമ്മുടെ രാജാക്കന്മാരായിരുന്നു. അതായത് ഒരു 'നാട്ടുരാജാവിന്റെ' കയ്യിൽ കുറഞ്ഞത് മൂന്ന് മുതൽ അഞ്ച് റോൾസ് റോയ്സ് കാറുകളെങ്കിലും ഉണ്ടായിരുന്നു. 'രാജസാഥാനിലെ' 'ആൽവാർ' രാജ്യത്തെ രാജാവായിരുന്ന 'മഹാരാജാ ജയ്സിങ്ങ്' 1920-ൽ ലണ്ടൻ സന്ദർശിക്കുകയുണ്ടായി. വലിയസുരക്ഷാഭീഷണികളൊന്നും നിലനില്ക്കാത്തതുകൊണ്ട് അദ്ദേഹം പരിവാരങ്ങളില്ലാതെ ഒരു സാധാരണക്കാരനെപ്പോലെ 'ലണ്ടൻ' തെരുവുകൾ ചുറ്റിക്കാണാനായിറങ്ങി.
നടന്നുനടന്ന് അദ്ദേഹം ഒരു 'റോൾസ് റോയ്സ്' കാർ ഷോറൂമിലെത്തി. 'വർണ്ണവൈവിദ്ധ്യം' ബ്രിട്ടീഷ് മനസ്സുകളിൽ കൊടികുത്തിവാണകാലമായിരുന്നു അത്. ആ ഷോറൂമിലെ സെയിൽസ്മാനാകട്ടെ ഈ 'വർണ്ണവെറിയുടെ' ആൾരൂപവും. പുതിയ മോഡൽ 'റോൾസ് റോയ്സ് കാറുകൾ' കണ്ട 'മഹാരാജാ ജയ്സിങ്ങ്' കൗതുകത്തോടെ ഷോറൂമിനുള്ളിലേക്ക് പ്രവേശിച്ചു. ആരാണ് വരുന്നതെന്നറിയാതെ ആ 'ബ്രിട്ടീഷ് സെയിൽസ്മാൻ' അദ്ദേഹത്തെ വാക്കുകൾകൊണ്ട് അപമാനിച്ചു. തന്റെ ജീവിതത്തിലാദ്യമായി നേരിട്ട ഈ അപമാനം അദ്ദേഹത്തെ വിചിത്രമായൊരു പ്രതികാരം ചെയ്യുവാൻ പ്രേരിപ്പിച്ചു. ചുറ്റിക്കറക്കംകഴിഞ്ഞെത്തിയ 'മഹാരാജാ ജയ്സിങ്ങ്' 'റോൾസ് റോയ്സ് ഷോറൂമിലേക്ക്' തന്റെ പരിവാരങ്ങളടക്കം ഒരു രാജകീയവിരുന്നിനായി പുറപ്പെട്ടു. ഷോറൂമിലേക്ക് എത്തിയ രാജാവിനെ ആചാരപൂർവ്വം 'റെഡ്കാർപ്പെറ്റ്' വിരിച്ച് റോൾസ് റോയ്സ് അധികൃതർ സ്വീകരിച്ചു. 'മഹാരാജാ ജയ്സിങ്ങ്'ഷോറും മാനേജരോട് ഇവിടെ എത്ര 'റോൾസ് റോയ്സ്' കാറുകളുണ്ടെന്ന് ചോദിച്ചു. ഏഴ് കാറുകളുണ്ടെന്ന് പറഞ്ഞ മാനേജരോട് 'ഏഴ് റോൾസ് റോയ്സ് കാറുകളും' താൻ വാങ്ങുന്നതായി പറഞ്ഞു. പക്ഷേ ഒരൊറ്റ നിബന്ധനമാത്രം!! തന്നെ അപമാനിച്ച സെയിൽസ്മാനെ കാറുകളോടൊപ്പം ഇന്ത്യയിലേക്കയക്കണം. സന്തൊഷപൂർവ്വം മാനേജർ അത് സമ്മതിക്കുകയും ചെയ്തു.
മാസങ്ങൾക്കകം 'ഏഴ് റോൾസ് റോയ്സ് കാറുകളും' 'ആൽവാർ കൊട്ടാരത്തിന്' മുന്നിൽ പ്രൗഢിയോടെ നിരന്നുകിടന്നു.ഒപ്പം രാജാവിനെ ആപമാനിച്ച സെയിൽസ്മാനും സന്തോഷപൂർവ്വം നില്പ്പുണ്ടായിരുന്നു. തന്റെ രാജസഭയിൽനിന്നും പുറത്തെത്തിയ 'മഹാരാജാ ജയ്സിങ്ങ്' എല്ലാ കാറുകളും നഗരത്തിലെ അഴുക്കുവൃത്തിയാക്കാനും തൂത്ത്വാരാനും ഉപയോഗിക്കുവാൻ ഉത്തരവിട്ടു. ലോകത്തെ ഏറ്റവും വിലകൂടിയതും രാജകുടുംബങ്ങൾ മാത്രം ഉപയോഗിച്ചിരുന്നതുമായ 'റോൾസ് റോയ്സ്' കാറുകൾ അന്നത്തെ ദരിദ്രനാരായണന്മാരുടെ രാജ്യമായ ഇന്ത്യയിൽ ചപ്പുംചവറും പെറുക്കാനും തൂത്തുവാരാനും ഉപയോഗിക്കുന്നു എന്ന വാർത്ത പത്രമാധ്യമങ്ങളിലും റേഡിയോകളിലും കൂടെ ലോകം മുഴുവനറിഞ്ഞു. 'റോൾസ് റോയ്സ്' ചരിത്രത്തിലാദ്യമായായിരുന്നു അങ്ങിനെയൊരു വെല്ലുവിളി നേരിട്ടിത്. 'റോൾസ് റോയ്സ്' വാങ്ങിക്കാൻ പോയവരെയെല്ലാം 'ഇന്ത്യയിൽ ചവറുവാരുന്ന കാർ' വാങ്ങിക്കുന്ന വിഡ്ഡി എന്ന് മറ്റുള്ളവർ കളിയാക്കാൻ തുടങ്ങി. ആഗോളതലത്തിൽ അവരുടെ വിറ്റുവരവ് കുറഞ്ഞു. ഒടുവിൽ ബ്രിട്ടീഷ് അധികൃതർ വഴി 'റോൾസ് റോയ്സ് കമ്പനി' മാപ്പെഴുതി നല്കുകയും പകരമായി ആറ് പുതിയകാറുകൾകൂടി നല്കാമെന്ന് അപേക്ഷിക്കുകയും ചെയ്തു.തുടർന്ന് 'മഹാരാജാ ജയ്സിങ്ങ്' ചവറുപെറുക്കാനും അടിച്ചുവാരാനും നിയോഗിച്ചിരുന്ന എല്ലാ 'ഏഴ് റോൾസ് റോയ്സ് കാറുകളും' തിരിച്ച് കൊട്ടാരത്തിലെത്തിച്ച് പ്രൗഢിയോടെ സൂക്ഷിക്കുകയും ചെയ്തു എന്നതും ചരിത്രം..

LikeShow More Reactions
Comment
 

Monday, 25 September 2017

നാഥുറാം വിനായക് ഗോഡ്സേയുടെ അന്ത്യദിനങ്ങള്‍



കടപ്പാട് -ചരിത്രാന്വേഷികൾ- എന്‍എസ് അരുണ്‍കുമാര്‍


ഗാന്ധിജി വധിക്കപ്പെട്ടതിനുശേഷം അതിലേക്ക് വഴിതെളിച്ച ആസൂത്രകരെയെല്ലാം ബോംബെ പ്രവിശ്യക്കുകീഴിലെ ഡിസ്ട്രിക്റ്റ് മജിസ്ടേറ്റിനു മുമ്പാകെയാണ് ആദ്യം ഹാജരാക്കിയത്.
അവര്‍ക്കിടെയില്‍ നാഥുറാം വിനായക് ഗോഡ്സേ ഉണ്ടായിരുന്നില്ല, പക്ഷേ സഹോദരനായ ഗോപാല്‍ ഗോഡ്സേ ഉണ്ടായിരുന്നു. അതുപോലെ, സവര്‍ക്കറും.
1948 മേയ് 27-ന് ഗാന്ധിവധം കേസിന്റെ വിചാരണ, ഡെല്‍ഹിയിലെ റെഡ് ഫോര്‍ട്ട് സ്പെഷ്യല്‍ കോടതിയില്‍ ആരംഭിച്ചു. അപ്പോള്‍ നാഥുറാം വിനായക് ഗോഡ്സേയും ഉണ്ടായിരുന്നു.
ഗോപാല്‍ ഗോഡ്സേക്കുവേണ്ടി കേസു വാദിച്ചത് പി. എല്‍. ഇനാംദാര്‍ (P. L. Inamdar) ആയിരുന്നു. എതിര്‍ഭാഗം വക്കീലായി ഡോ. ദത്താത്രയ് സദാശിവ് പാര്‍ച്യൂരേയും.
സ്പെഷ്യല്‍ ജഡ്ജ് ആത്മചരണ്‍ ആയിരുന്നു വാദം കേട്ടത്.
ആത്മചരണിന്‍റെ വിധിക്കെതിരെ കുറ്റാരോപിതര്‍ പുനര്‍ഹര്‍ജി നല്‍കിയപ്പോഴും ഇനാംദാറും പാര്‍ച്യൂരേയുമായിരുന്നു പ്രതിഭാഗവും വാദി ഭാഗവും വാദിച്ചത്.
1976 ഒക്ടോബറില്‍ ഇനാംദാര്‍, താന്‍ നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ച് ഒരു പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു: 'ദ സ്റ്റോറി ഓഫ് ദ റെഡ്ഫോര്‍ട്ട് ട്രയല്‍ (The Story of the Red Fort Trial)'.
കേസ് വീണ്ടും പഞ്ചാബ് ഹൈക്കോടതി ബെഞ്ച് പരിഗണിച്ചു.
ഇനാംദാര്‍ പറയുന്നതിനനുസരിച്ച്, കോടതിമുറിയിലുടനീളം സവര്‍ക്കര്‍, ഗോഡ്സേയോട് സംസാരിക്കാനോ അറിയാമെന്ന ഭാവം കാണിക്കുകയോ ചെയ്തില്ല.
ഇത് തന്നെ വളരെയധികം വേദനിപ്പിച്ചതായി ഗോഡ്സേ ഇനാംദാറിനോട് സ്വകാര്യമായി പറഞ്ഞു.
തുടര്‍ന്നായിരുന്നു ഗാന്ധിയെ കൊല്ലുക എന്നത് തന്‍റെ വ്യക്തിപരമായ തീരുമാനമായിരുന്നുവെന്ന് ഗോഡ്സേ കോടതിയില്‍ നടത്തിയ പ്രസ്താവനയില്‍ പ്രഖ്യാപിച്ചത്.
താന്‍ അക്കാര്യത്തില്‍ ആരുമായും ആലോചിച്ചില്ലെന്നും നീക്കങ്ങള്‍ ആസൂത്രണം ചെയ്തില്ലെന്നും ഗോഡ്സേ പറഞ്ഞു.
മാത്രമല്ല, 1948 ജനുവരി 20-ന് മദന്‍ലാല്‍ പഹ്വ, ഗാന്ധിജിക്കുനേരേ നടത്തിയ വിഫലമായ ബോംബാക്രമണത്തെക്കുറിച്ച് തനിക്കൊന്നും അറിയില്ലായിരുന്നുവെന്നും അതില്‍ തനിക്ക് പങ്കില്ലായിരുന്നുവെന്നും ഗോഡ്സേ പറഞ്ഞു.
ഇതു രണ്ടും പച്ചക്കള്ളമായിരുന്നു.
ദാരിദ്ര്യം കാരണം വക്കീലിനെ വെയ്ക്കാന്‍ നിവ്യത്തിയില്ല എന്ന് കോടതിയെ അറിയിച്ച് സഹതാപം തേടാനാണ് ഗോഡ്സേ ശ്രമിച്ചത്.
എന്നാല്‍, കോടതിയില്‍ വായിച്ച, 90 പേജുവരുന്ന പ്രസ്താവന വളരെ തന്ത്രപരമായി നിയമവിദഗ്ധരെക്കൊണ്ട് എഴുതിത്തയ്യാറാക്കിയതായിരുന്നു.
സവര്‍ക്കര്‍സദനില്‍ വെച്ച് ദിഗംബര്‍ ബാഡ്ഗേയെ കണ്ടിട്ടില്ലെന്നും 1948 ജനുവരി 14-ന് അയാള്‍ തങ്ങളോടൊപ്പം (ആപ്തയോടൊപ്പം) ബോബെയിലെത്തിയിരുന്നില്ലെന്നും ഗോഡ്സേ പറഞ്ഞു.
1948 ജനുവരി 20-ന്, ഡെല്‍ഹിയിലുള്ള മറീനാ ഹോട്ടലില്‍ താനെടുത്ത മുറിയിലേക്ക് ബാഗ്ഡേ വന്നതായി ഗോഡ്സേ സമ്മതിച്ചു. പക്ഷേ, ആപ്തേയും ഗോപാല്‍ ഗോഡ്സേയും വിഷ്ണു ഖര്‍ഖരേയും 'ശങ്കറും' അവിടെ ഒത്തുകൂടിയത് നാഥുറാം നിരസിച്ചു.
ഇതൊക്കെയും നിലനില്‍ക്കുന്ന പ്രസ്താവനകളായിരുന്നില്ല. തെളിവുകളുടേയും സാക്ഷിമൊഴികളുടേയും അടിസ്ഥാനത്തില്‍ നാഥുറാം ഗോഡ്സേക്കും നാരായണ്‍ ആപ്തേക്കും വധശിക്ഷ ലഭിച്ചു.
ഇതിനെതിരെ, ഗോഡ്സേയുടെ കുടുംബം ലണ്ടനിലെ പ്രിവി കൗണ്‍സിലി (London Privy Council)നു മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചു.
ഇന്ത്യന്‍ പൗരനായ ഗോഡ്ക്ക് ഇന്ത്യന്‍ നിയമവ്യവസ്ഥയെയാണ് മാനിക്കേണ്ടിയിരുന്നത്.
എന്നാല്‍, മറാത്തി ഭാഷയിലുള്ള കോടതിവ്യവഹാരങ്ങള്‍ ഇംഗ്ളീഷിലേക്ക് വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ വരുത്താവുന്ന ചില പഴുതുകള്‍ മുന്നില്‍ കണ്ടുകൊണ്ടായിരുന്നു ഇത്.
വെടിയൊച്ച കേട്ടു, പക്ഷേ ഗോഡ്സേയുടെ തോക്കില്‍ നിന്നും പുകവരുന്നത് കണ്ടില്ലാ, പുകവരുന്നതു കണ്ടു, പക്ഷേ, വെടിവെച്ചതു കണ്ടില്ലാ, എന്നിങ്ങനെയുള്ള രണ്ട് സാക്ഷിമൊഴികളിലെ വൈരുദ്ധ്യം മുന്‍നിറുത്തിയായിരുന്നു പ്രിവി കൗണ്‍സിലിനു മുമ്പാകെ ബ്രിട്ടീഷ് വക്കീലായ ജാന്‍ മെഗാ(Jan Mega)യെ ഉപയോഗിച്ചുള്ള ഗോഡ്സേ പക്ഷത്തിന്‍റെ വാദം.
പക്ഷേ, ബ്രിട്ടീഷ് ജഡ്ജ് കേസ് തള്ളി.
മറാത്തി മാത്രം പഠിപ്പിക്കുന്ന സ്കൂളില്‍ നിന്നും മിഡില്‍സ്കൂള്‍ പ്രായത്തില്‍ പഠനമുപേക്ഷിച്ച് ഓടിപ്പോന്നിരുന്ന ആളായിരുന്നു നാഥുറാം ഗോഡ്സേ.
ഇക്കാരണത്താല്‍, ഹിന്ദി ഗോഡ്ക്ക് വശമില്ലായിരുന്നു. ഇംഗ്ളീഷ് ലവലേശവും! (ഇന്ന് സംഘപരിവാര്‍ വെബ്സൈറ്റുകളില്‍ ഗോഡ്സേ ഇംഗ്ളീഷില്‍ സ്വയം വാദിച്ചതായാണ് പറയുന്നത്!).
പക്ഷേ, 1932-ല്‍ സാങ്ളിയില്‍ വെച്ച് ആര്‍.എസ്.എസില്‍ ചേര്‍ന്ന ഗോഡ്സേ അവസാനം വരെയ്ക്കും അതിന്‍റെ ബൗദ്ധിക് കാര്യവാഹക് ആയിരുന്നു.
ഗാന്ധിജി വധിക്കപ്പെട്ടതിനുശേഷം, ഗോഡ്സേയുടെ ബോംബയിലേയും പൂനെയിലേയും വസതികള്‍ റെയ്ഡ് ചെയ്യപ്പെട്ടിരുന്നു. ആയുധശേഖരവും പിടിച്ചെടുത്തിരുന്നു. അവയില്‍ ചിലത് ഹൈദ്രാബാദ് നിസാമിനെതിരായ ഉപയോഗത്തിന് 'ഹാള്‍മാര്‍ക്ക്' ചെയ്തിരുന്നവയാണത്രേ.
എന്തായാലും 1949 നവംബര്‍ 15-ന് അമ്പാലാ ജെയിലിലെ സൂപ്രണ്ട് വധശിക്ഷ നടപ്പിലാക്കാന്‍ വന്നപ്പോള്‍ ഈ സ്വപ്നങ്ങളെല്ലാം പൊലിഞ്ഞു.
ജസ്റ്റിസ് ഖോസ്-ലേ നല്‍കുന്ന വിവരണമനുസരിച്ച്, ഗോഡ്സേയാണ് മുമ്പില്‍ നടന്നത്.
ഗോഡ്സേയുടെ കാലടികള്‍ ഇടയ്ക്കിടക്ക് ഇടറുകയും ഭയത്താല്‍ മുഖം വിളറിവെളുത്ത് വലിഞ്ഞുമുറുകുകയും ചെയ്തിരുന്നു.
ഒരേ ക്രോസ്ബാറില്‍ സമാന്തരമായിട്ടായിരുന്നു കുരുക്കുകള്‍.
ആപ്തേ തല്‍ക്ഷണം മരിച്ചു. അത് കയറില്‍ പതുക്കെ ആടിക്കൊണ്ടിരുന്നു. ഗോഡ്സേ, പതിനഞ്ചു മിനിട്ട് പിടഞ്ഞതിനുശേഷവും.
https://youtu.be/qc7LXisoJIU
........................................
ഫോട്ടോ- പുറകില്‍ കറുത്ത തൊപ്പിയണിഞ്ഞിരിക്കുന്നത് സവര്‍ക്കര്‍. മുമ്പില്‍ നാഥുറാം വിനായക് ഗോഡ്സേ, നാരായണ്‍ ആപ്തേ. കോടതി- സ്പെഷ്യല്‍ കോര്‍ട്ട്, റെഡ് ഫോര്‍ട്ട്, ഡെല്‍ഹി.

Search This Blog