Thursday 27 June 2019

Disruptive Technologies: Catching the Wave  (a study on the growth of Jio)

എങ്ങിനെയാണ് ബിഎസ്എൻഎൽ തകർക്കുന്നത് ?

അമേരിക്കൻ തിങ്ക് ടാങ്ക് ആയ ക്ലേടൺ എം കൃസ്ത്യൻസെൻ (Clayton M. Christensen) 1995.ഇൽ തന്റെ Disruptive Technologies: Catching the Wave എന്ന ആർട്ടിക്കിളിൽ പങ്ക് വച്ച നിരീക്ഷണമാണ് Disruptive Marketing. നിലവിൽ ഉള്ള ഒരു മാർക്കറ്റിനെ പൊളിച്ചു പുതിയ സേവനമോ ഉല്പന്നമോ കൊണ്ട് വരികയും അന്തിമമായി മാർക്കറ്റിൽ ഉള്ള മറ്റെല്ലാവരെയും നിഷ്കാസിതമാക്കുകയും ചെയ്യുക എന്നതാണ് ഇത്. ക്ലേടൺ എഴുതിയ ക്ലാസിക്കൽ ഡെഫിനിഷനിൽ പെട്ടതും പെടാത്തതും ആയ ഒട്ടേറെ ഡിസ്റപ്ഷൻ ലോകമെമ്പാടും നടന്നിട്ടുണ്ട്.

ഇന്ത്യൻ ടെലികോം സെക്ടറിൽ നടന്ന അത്തരം ഒരു അഭ്യാസമായിരുന്നു ജിയോ. 2016 സെപ്റ്റംബർ 5 ഇനാണ് ജിയോ ഗെയിം തുടങ്ങുന്നത്. രാഷ്ട്രീയ-ഭരണ നേതൃത്വം കയ്യയച്ചു സഹായിച്ചു ഇന്ത്യയിലെ 22 ടെലികോം സർക്കിളിലും ചെറിയ  തുക നൽകി 2035 വരെ നീണ്ടു നിൽക്കുന്ന ലൈസൻസ് നേടി  ജിയോ പ്രവർത്തനം തുടങ്ങി. ഇതര കമ്പനികൾ നൽകുന്ന സേവനങ്ങൾ വളരെ കുറഞ്ഞ നിരക്കിലും ചിലത് സൗജന്യമായും ജിയോ നൽകാൻ തുടങ്ങിയത് ഈ മേഖലയിൽ സൃഷ്ടിച്ച ഞെട്ടലും, മാർക്കറ്റ് ചാഞ്ചാട്ടവും വലുതായിരുന്നു. 4G ഇന്റർനെറ്റിന് പുറമെ ജിയോ വെറും 165.8 കോടി മുടക്കി നേടിയ "ലൈസൻസ്" ഉപയോഗിച്ച്  ടെലിഫോൺ സേവനം നൽകുന്നതിന് എതിരെ സുപ്രീംകോടതിയിൽ പൊതുതാല്പര്യ ഹരജി പോയി എങ്കിലും കേന്ദ്ര സർക്കാർ കോടതിയിൽ റിലയൻസിന് പിന്തുണ നൽകി പെറ്റീഷൻ തള്ളിക്കുകയായിരുന്നു.

2G സ്പെക്ട്രം അഴിമതി ആരോപണത്തിന് ശേഷം സ്പെക്ട്രം ലൈസൻസിങ് വളരെ വില കൂടിയ ഒന്നായി മാറിയിരുന്നു. തുച്ചമായ വിലക്ക് സേവനങ്ങൾ നൽകാൻ റിലയൻസിന് നോട്ടടിക്കുന്ന പരിപാടി ഇല്ലായിരുന്നു എന്ന് വേണം ധരിക്കാൻ. അതിനാൽ നോട്ട് അടിക്കുന്ന സർക്കാർ വേണ്ട വിധം സഹായിച്ചു കൊണ്ടിരുന്നു.ഇതര സേവന ദാദാക്കളെ മാർക്കറ്റിൽ നിന്നും പുറം തള്ളുക എന്നതായിരുന്നു അംബാനി കമ്പനിയുടെ ലക്‌ഷ്യം.

സർക്കാർ സഹായത്തോടെ എതിർ കമ്പനികളുടെ interconnection access points ഉപയോഗിക്കാൻ സർക്കാർ, ട്രായ് എന്നിവരുടെ പിന്തുണയോടെ റിലയൻസ് അനുമതി നേടിയെടുത്തു.

തുച്ഛമായ നിരക്കിൽ സേവനം നൽകുന്നത്  കാരണം ജിയോ തങ്ങളുടെ കസ്റ്റമർ ഡാറ്റബേസ് വലുതാക്കി. ആളുകൾ കൂട്ടം കൂട്ടമായി ജിയോ വിളിച്ചു. പ്രവർത്തനം തുടങ്ങി ആദ്യ മാസം തന്നെ ഒന്നര കോടിയോളം ആളുകൾ ജിയോ വരിക്കാർ ആയി. ലോകത്തിലെ ഈ മേഖലയിലെ അഫ്രീദി ബാറ്റിങ് ആയിരുന്നു ഇത്. എന്നാൽ ഇവർക്കൊക്കെ സേവനം നൽകാൻ റിലയൻസ് കയ്യിൽ നിന്നും കൂടുതൽ പണം മുടക്കി. പണം കൂടുതൽ ആവശ്യമായപ്പോൾ വിദേശ സഹായത്തിനുള്ള ശ്രമം നടത്തുകയും പതിവായി.

Brookfield Asset Management എന്ന വിദേശ സ്ഥാപനത്തിന് റിലയൻസ് ഫൈബർ നെറ്റ് വർക്ക്, റിലയൻസ് ടവർ എന്നിവ വിൽക്കാൻ ഉള്ള ആലോചനയിൽ ആണ് ഇപ. ഇതിനായി നേരത്തെ തന്നെ ഫൈബർ ശൃംഖലയും ടവർ ശൃഖലയും വേറെ കമ്പനികൾ ആക്കി വച്ചിരുന്നു.

സമാനമായ രീതിയിൽ പണം മുടക്കി നഷ്ടം സഹിച്ചു മറ്റ് കമ്പനികൾ കൂടുതൽ മുന്നോട്ട് പോകില്ല. ജെറ്റ് എയർവേയ്‌സ് പൂട്ടിയ പോലെ ഒരു സുപ്രഭാതത്തിൽ എയർടെൽ, ഐഡിയ ഒക്കെ പൂട്ടി പോയേക്കാം.  അവശേഷിക്കുന്ന ഏക എതിരാളി ബിഎസ്എൻഎൽ ആണ്. ഇപ്പോൾ ഉള്ള ടെലികോം കമ്പനികളിൽ ഏറ്റവും ചെറിയ കടം ഉള്ളതും അവർക്കാണ്.

കടം കയറുന്ന കോൾ റേറ്റുകൾ.
2018 ഡിസം 31 വരെ  ജിയോയുടെ മൊത്തം കട ബാധ്യത 112100 കോടി രൂപയാണ്. ഇതിൽ  21,100 കോടി രൂപ സ്പെക്ട്രം ഫീസ് ഇനത്തിൽ കേന്ദ്ര സർക്കാരിന് നൽകാൻ ഉള്ളതാണ്. മൊത്തം കട ബാധ്യത ഇവരുടെ ആസ്തിയുടെ പല മടങ് വലുതാണ്.

CLSA അനലിസ്റ്റ് ആയ വികാസ് ജെയിൻ കരുതുന്നത് കമ്പനിയുടെ പേരിൽ ഉള്ള ഫൈബർ, ടവർ ശൃംഖലകൾ വിറ്റാൽ വലിയ കടങ്ങൾ വീട്ടാം എന്നാണ്. കാനഡയിലെ വമ്പൻ കമ്പനിയായ ബ്രുക്ഫീൽടുമായി ചർച്ചകൾ പുരോഗമിക്കുകയാണ്. അതിനു മുൻപേ ജിയോയിൽ നിന്നും നെറ്റ് വർക്ക് ശൃംഖലകൾ ഡീമെർജ് ചെയ്തു വേറെ കമ്പനി ആക്കി കഴിഞ്ഞു.

ഭാരതി എയർടെൽ നേരിടുന്ന സഞ്ചിത കടം
1,06,000 കോടി രൂപയാണ്. വോഡഫോൺ-ഐഡിയ യുടെ കടം 1,15,000 കോടി രൂപയും.

Brokerage BankAm-Merrill Lynch നിരീക്ഷിക്കുന്നത് അനുസരിച്ചു ഇതര ടെലികോം കമ്പനികൾ തുടർച്ചയായി പ്രവർത്തന ലാഭത്തിൽ (operating income) വൻ ഇടിവ് രേഖപ്പെടുത്തുമ്പോൾ ജിയോ മാത്രമാണ് വളർച്ച രേഖപ്പെടുത്തുന്നത്.

 "the 44% on-year fall in Airtel’s India mobile Ebitda to Rs 1,954 crore in the December quarter implied “the company is still not out of the woods.” By contrast, Jio, it said, “was able to show 13% sequential growth in Ebitda compared to a 9% on-quarter decline for Airtel.”

അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടായപ്പോൾ വിവിധ ഉത്തേജന പാക്കേജുകൾ വഴിയാണ് ഒബാമ സർക്കാർ ഇതിനെ നേരിട്ടത്, അല്ലാതെ 'അർഹതയുള്ളത് അതിജീവിക്കും'' എന്ന് പറഞ്ഞു കയ്യോഴിയുകയായിരുന്നില്ല.

ജിയോയിലേക്ക് വിളിക്കുമ്പോൾ "വെൽക്കം ടു ഊട്ടി, നൈസ് ടു മീറ്റ് യു" പറയുന്ന കിളിമൊഴി/ കുട്ടപ്പൻ മൊഴി കേട്ടും അവരുടെ വസ്ത്രധരണം കണ്ടും ഇവർ ഇവർ ലാഭത്തിൽ നിന്നും എടുത്താണ് ഈ സെറ്റപ്പ് ഉണ്ടാക്കുന്നത് എന്ന് ധരിക്കരുത്. യൂബർ പോലെ കട്ടൻ ചായക്ക് വകുപ്പ് ഇല്ലെങ്കിലും മട്ടൻ ബിരിയാണി തിന്നുന്നവർ ആണ് ഡിസ്റപ്റ്റിങ് കമ്പനികൾ.

മഴമേഘങ്ങളോട് കിന്നാരം പറയുന്ന ആസാമിലെ മലമുകളിലും, നാഗാലാണ്ടിലെ ഗോത്ര വനങ്ങളിലും അസ്ഥികൾ പോലും തണുത്തുറയുന്ന കശ്മീരിലെ മഞ്ഞു മലകളിലും, സൂര്യതാപം താങ്ങിയെടുത്തു പറന്നു വരുന്ന മണൽ ധൂളികൾ നിറഞ്ഞ രാജസ്ഥാനിലും തുടങ്ങി കഥയുടെ സുൽത്താൻ ആയ ബഷീറിന്റെ ബേപ്പൂരിലും, തകഴിയുടെ വാക്കുകൾ കോറിയിട്ട കുട്ടനാട്ടിലും, അന്തമാനിലെ വിദൂര ദ്വീപുകളിലും സ്വന്തമായി സ്ഥലങ്ങളും, കെട്ടിടങ്ങളും, ടവറുകളും, ഫൈബർ ശൃംഖലകളും ഉള്ള ലക്ഷകണക്കിന് കോടി ആസ്തിയുള്ള ബിഎസ്എൻഎല്ലിന് ഇനി വായ്പ നൽകേണ്ടതില്ല എന്ന് തീരുമാനിച്ച ബാങ്ക് കൺസോർശ്യം പക്ഷെ വാടക കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന, കൊളാറ്ററൽ ഒന്നും ഇല്ലാതെ ഇൻവെണ്ടറി ലോൺ വാങ്ങുന്ന കടം കയറിയ സ്വകാര്യ ടെലികോം തറവാടുകൾക്ക് മുമ്പിൽ വിനയ കുനിയൻമാർ ആയി നിൽക്കുന്ന കാഴ്ച നമുക്ക് നൽകുന്ന സന്ദേശം എന്താണ് ?

മോശം സർവീസും, പുരാതന സാങ്കേതിക വിദ്യയും കൊണ്ട് ജനങ്ങളുടെ അപ്രീതി പിടിച്ചു പറ്റിയ ബിഎസ്എൻഎൽ നേർവഴിക്ക് ആയില്ല എങ്കിൽ സർക്കാർ ആണ് കാരണം. ഇനി ശമ്പളം കൂടി മുടങ്ങിയാൽ ജീവനക്കാരും "ഇത് ആരെങ്കിലും ഏറ്റെടുത്ത് ശമ്പളം ഒന്ന് തന്നാൽ മതിയായിരുന്നു" എന്ന അവസ്ഥയിൽ എത്തും.

ആസ്തികൾ ഇല്ലാതിരുന്നിട്ടു പോലും സ്വകാര്യ കമ്പനികളെ അതിന്റെ മുതലാളിമാർ തീറ്റി പോറ്റുമ്പോൾ സർക്കാർ ബിഎസ്എൻഎലിന് ദയാവധം നൽകാൻ ഉള്ള പരിപാടിയിൽ ആണ്. യമനിലെ പെട്രോൾ പമ്പിലെ ജീവനക്കാരൻ ആയ ധീരുഭായ് അംബാനി മുംബൈയിലെ ഒറ്റ മുറി ഫ്‌ളാറ്റിൽ നിന്നും അന്റാലിയ വരെ വളർന്ന "വെട്ടി" പിടിച്ച മുന്നേറ്റം ഓർക്കുന്ന ആർക്കും ഭാവിയിൽ ബിഎസ്എൻഎലിന്റെ ആസ്തി, സ്ഥാവര, ജംഗമ വസ്തുവഹകൾ ആർക്ക് നല്കാൻ ഉള്ള നാടകത്തിലെ അന്ത്യ രംഗങ്ങൾ ആണെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.
.
.കടപ്പാട്: സോഷ്യൽ അവയർനെസ്

No comments:

Post a Comment

Search This Blog