Saturday, 10 November 2018

എന്താണ് കാർഗിൽ യുദ്ധം? ഇന്ത്യ പാക്കിസ്ഥാനെ അടിയറവു പറയിച്ചത് ഇങ്ങനെ…

എന്താണ് കാർഗിൽ യുദ്ധം? ഇന്ത്യ പാക്കിസ്ഥാനെ അടിയറവു പറയിച്ചത് ഇങ്ങനെ

Courtesy:AanavandiTravel Blog Malayalam

കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം(൧), എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.

സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

യുദ്ധ പശ്ചാത്തലം : 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം ഉണ്ടായ സിംലാ കരാർ(൨) ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന്‌ അയവു വരുത്താൻ സഹായകരമായി. ഈ കരാർ ആണ് ലൈൻ ഓഫ് കണ്ട്രോൾ (LOC) അഥവാ നിയന്ത്രണ രേഖ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയെടുത്തത്. ഇത് 1971 ഡിസംബർ 17 ന് വെടിനിർത്തൽ പ്രഖ്യാപിച്ച നാൾ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ ഇരു രാജ്യങ്ങളും കൈവശം വക്കാനും ഒരു അതിർത്തിരേഖക്ക് സമാനമായി പിന്നീട് രൂപപ്പെടുത്താനും കാരണമായിത്തീർന്നു. ഇരുരാജ്യങ്ങളും അന്നു മുതൽ ഈ രേഖക്കിരുവശവും സൈനികകേന്ദ്രങ്ങൾ നിർമ്മിക്കുകയും തങ്ങളുടെ പ്രദേശം എതിർകക്ഷിക്ക് വിട്ടുകൊടുക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തു വരുന്നു. 1990-കൾ മുതൽ‍ കാശ്മീർ വിഘടനവാദികൾ ഈ രേഖക്കിപ്പുറത്തേക്ക് നുഴഞ്ഞു കയറാൻ തുടങ്ങുകയും ഇന്ത്യയുടെ കൈവശമിരിക്കുന്ന കാശ്മീരിൽ തീവ്രവാദപ്രവർത്തനം നടത്തുകയും ചെയ്തു വന്നു. ഇത്തരം ഒളിപ്പോരാട്ടങ്ങളും അതു പോലെ തന്നെ ഇരുരാജ്യങ്ങളും നടത്തിയ അണുപരീക്ഷണങ്ങളും 1998-ഓടു കൂടി സ്ഥിതിഗതികൾ വീണ്ടും സംഘർഷാവസ്ഥയിലേക്കെത്തിച്ചു. ഈ യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇരു രാജ്യങ്ങളും 1999 ഫെബ്രുവരിയിൽ ലാഹോർ പ്രഖ്യാപനം പോലുള്ള സമാധാന ഉടമ്പടികൾ ഒപ്പുവച്ചിരുന്നു. എന്നാൽ അതേസമയം പാകിസ്താൻ കരസേന, പാകിസ്താൻ അർദ്ധസൈനിക വിഭാഗത്തെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യൻ ഭാഗത്തേക്ക് അയക്കുകയും ചെയ്തു. കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാനും അങ്ങനെ ഇന്ത്യൻ പട്ടാളത്തെ സിയാച്ചിൻ പ്രദേശത്തു നിന്ന് പിൻ‌വലിക്കുവാൻ ഇന്ത്യയെ നിർബന്ധിതമാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി. പ്രദേശത്തുണ്ടാകുന്ന ഏതൊരു പ്രശ്നവും കാശ്മീർ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരുമെന്നും, അങ്ങനെ വേഗത്തിൽ പ്രശ്നപരിഹാരം സാധ്യമാകുമെന്നും അവർ കരുതി. കൂടാതെ ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിലെ വിമതർക്ക് ഉത്തേജനം പകരാനും ഇതുമൂലം സാധിക്കുമെന്ന് പാകിസ്താൻ കരുതി.

ഇന്ത്യൻ കരസേനാ മേധാവി വേദ് പ്രകാശ് മാലിക്കിന്റേയും മറ്റനേകം യുദ്ധവിദഗ്ദ്ധരുടേയും അഭിപ്രായത്തിൽ നുഴഞ്ഞുകയറ്റത്തിന് “ഓപറേഷൻ ബാദ്ർ” എന്നായിരുന്നു പാക്ക് രഹസ്യനാമം. പദ്ധതി നിർമ്മാണം, പാതകളും നിർണ്ണായക വിതരണപഥങ്ങളുമടക്കമെല്ലാം വളരെ മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നു. പട്ടാളം ഇത്തരമൊരു പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് ചില പാകിസ്താനി നേതാക്കൾക്ക് നേരത്തേ തന്നെ സൂചന നൽകിയിരുന്നെങ്കിലും (സിയാ ഉൾ ഹഖ്, ബേനസീർ ഭൂട്ടോ) ഇരു രാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധമുണ്ടാകുമെന്ന ഭയത്താൽ പദ്ധതി പ്രയോഗത്തിൽ വരുത്തിയിരുന്നില്ല. ചില വിശകലന വിശാരദന്മാർ വിചാരിക്കുന്നത് പർവേസ് മുഷാറഫ് പട്ടാളമേധാവി ആയതിനോടു കൂടി ആക്രമണത്തിന്റെ രേഖാരൂപം സക്രിയമാക്കുകയായിരുന്നു എന്നാണ്. മുഷാറഫ് സൈനികമേധാവി ആകുന്നത് 1998 ഒക്ടോബറിൽ ആണ്. അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്, അദ്ദേഹത്തിന് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നും, ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഫോണിൽ വിളിച്ചാരാഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹം അറിഞ്ഞതെന്നുമാണ്. മുഷാറഫിനും രണ്ടോ മൂന്നോ വിശ്വസ്തർക്കും മാത്രമേ പദ്ധതിയെ കുറിച്ചറിവുണ്ടായിരുന്നുള്ളു എന്നും ഷെരീഫ് വാദിച്ചു. എന്നാൽ വാജ്‌പേയിയുടെ ലാഹോർ യാത്രക്കു 15 ദിവസം മുമ്പുതന്നെ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് മുഷാറഫ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

യുദ്ധം നടന്ന പ്രദേശം : 1947-ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാർഗിൽ, ഗിൽജിത്-ബാലിസ്താന്റെ ഭാഗമായിരുന്നു; വിവിധ ഭാഷാ, വർണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയർന്ന മലനിരകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴ്വരകളാണ്‌ ഉള്ളത്. 1947-ലെ ഒന്നാം കശ്മീർ യുദ്ധത്തിന്റെ ഫലമായി കാർഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി, 1971-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം അവശേഷിക്കുന്ന ഭാഗങ്ങൾ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങൾ അടക്കം ഇന്ത്യയുടെ കൈയിലാക്കി. ലഡാക്കിൽ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാർഗിലാണ്. കാർഗിൽ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാർഗിൽ പട്ടണം നിയന്ത്രണരേഖയിൽ സ്ഥിതി ചെയ്യുന്നു. ശ്രീനഗറിൽ നിന്ന് 120 കി.മീ അകലെയുള്ള കാർഗിൽ പാകിസ്താന്റെ വടക്കൻ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാർഗിലിലേതും. വേനൽക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -50 °C വരെ താഴാറുണ്ട്.ശ്രീനഗറിൽ നിന്ന് ലേയിലേക്കുള്ള ദേശീയപാത കാർഗിൽ വഴി കടന്നു പോകുന്നു.

നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യൻ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത്. കാർഗിൽ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റർ, മുഷ്കോ താഴ്‌വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവൽതുറകൾ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റർ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റർ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിർണ്ണായക സമയങ്ങളിൽ അവിചാരിതങ്ങളായ ആക്രമണങ്ങൾ നടത്താൻ അനുയോജ്യമായ സ്ഥലമാണ് കാർഗിൽ. നുഴഞ്ഞുകയറ്റത്തിന് കാർഗിൽ തിരഞ്ഞെടുക്കാൻ പ്രധാനകാരണമിതായിരുന്നു. ഉയരത്തിൽ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്താനി പട്ടണമായ സ്കർദുവിൽ നിന്നും 173 കി.മീ. മാത്രമാണ് കാർഗിലിലേക്കുള്ള ദൂരം, ഇത് പോരാളികൾക്ക് ആവശ്യമായ സഹായങ്ങളും, വെടിക്കോപ്പുകളും നൽകാൻ സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാർഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാർഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാൻ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.

യുദ്ധം : പ്രധാനമായും മൂന്നു ഘട്ടങ്ങളായിരുന്നു കാർഗിൽ യുദ്ധത്തിനുണ്ടായിരുന്നത്. ആദ്യം പാകിസ്താൻ ഇന്ത്യൻ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങൾ രഹസ്യമായി പിടിച്ചെടുത്തു. ഇന്ത്യ തന്ത്രപ്രധാനമായ പാതകൾ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്, പിന്നീട് ഇന്ത്യൻ പട്ടാളം പാകിസ്താൻ പിന്തുണയുള്ള പോരാളികളെ സാവധാനം നിയന്ത്രണരേഖക്ക് പിന്നിലേക്കു തുരത്തി. അതികഠിനമായ ശൈത്യം മൂലം ഇരു രാജ്യങ്ങളും കാശ്മീരിലെ തങ്ങളുടെ ഏറ്റവും മുന്നിലെ കാവൽതുറകൾ ശൈത്യകാലത്ത് ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയിൽ തിരിച്ചെത്തുകയും പതിവായിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാവുന്നതും ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം അതിശൈത്യത്തിൽ അധിവാസം വളരെയധികം ദുഷ്കരമാകുന്നതാണ് ഇതിനു കാരണം. എന്നാൽ തണുപ്പ് കുറയുന്നതോടെ ഇരു രാജ്യങ്ങളും തിരികെയെത്തുകയും ചെയ്യും.

എന്നാൽ 1999-ൽ പാകിസ്താൻ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പേ ഈ താവളങ്ങളിൽ എത്തുകയും ഏതാണ്ട് 1999 മെയ് തുടക്കത്തോടെ 130-ഓളം വരും കാർഗിൽ കാവൽത്തുറകൾ പിടിച്ചെടുക്കാനും അങ്ങനെ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യടക്കാനും തീരുമാനിച്ചു. സ്പെഷ്യൽ സെർവീസ് ഗ്രൂപ്പിന്റെ ട്രൂപ്പുകളും നോർത്തേൺ ലൈറ്റ് ഇൻഫൻ‌റ്റ്റിയുടെ (അക്കാലത്ത് നോർത്തേൺ ലൈറ്റ് ഇൻഫൻ‌റ്റ്റി അർദ്ധസൈനിക വിഭാഗമായിരുന്നു) ബറ്റാലിയനുകളും കാശ്മീരി ഒളിപ്പോരാളികളുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും പിന്തുണയോടെ പൂർണ്ണമായും ശൈത്യത്താൽ ഒഴിവാക്കിയിരുന്ന, ഇന്ത്യൻ പ്രദേശത്തിനു മേൽക്കൈ നൽകിയിരുന്ന പട്ടാളത്തുറകൾ രഹസ്യമായി പിടിച്ചെടുക്കുകയും അവർ അവരുടേതായ യുദ്ധസജ്ജീകരണങ്ങൾ ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു. നിയന്ത്രണരേഖക്ക് ദൂരെ നിന്ന് ചെറിയ പീരങ്കികളാൽ അങ്ങോട്ടുമിങ്ങോട്ടും വെടിവക്കുക പതിവാണ്. ഈ സമയത്ത് പാകിസ്താൻ നിയന്ത്രിത കശ്മീരിലെ പട്ടാളക്കാർ സാമാന്യം കനത്ത് തോതിൽ പീരങ്കി വെടിയുതിർക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഇന്ത്യക്കാർക്ക് നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അറിയാതിരിക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കാനായിരുന്നു.

പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യൻ സൈനികർ ഈ നുഴഞ്ഞുകയറ്റം അറിഞ്ഞതേയില്ല. പക്ഷേ മെയ് രണ്ടാമത്തെ ആഴ്ചയിൽ അവിടത്തെ നാട്ടുകാരനായ ഒരു ആട്ടിടയൻ നൽകിയ വിവരമനുസരിച്ച് റോന്തുചുറ്റാനിറങ്ങിയ ഒരു ഇന്ത്യൻ സംഘത്തിനു നേരേ ഒളിപ്പോർ ആക്രമണമുണ്ടായത് നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരം വെളിവാക്കി. ആദ്യം പോയ പട്രോൾ സംഘത്തെ അവർ ഒന്നൊഴിയാതെ നശിച്ചിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടാമത്തെ പട്രോൾ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവർക്ക് തിരിച്ചു വന്ന് കാര്യങ്ങൾ വ്യക്തമാക്കാനായത്. എന്നാൽ അവരുടെ വിവരണത്തിൽ നിന്ന് മറ്റുഭാഗങ്ങളിലെ അധിനിവേശത്തെക്കുറിച്ച് അപ്പോഴും വിവരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ സംഘങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം പ്രദേശം തിരിച്ചുപിടിക്കാമെന്ന് ആദ്യനാളുകളിൽ വീരവാദം മുഴക്കിയിരുന്നു എന്നാൽ നുഴഞ്ഞുകയറ്റം നിയന്ത്രണരേഖയിലുടനീളമുണ്ടെന്ന വിവരങ്ങൾ ആക്രമണം വളരെ വലിയതോതിലാണെന്നു വെളിവാക്കി.

ഇന്ത്യൻ ഭരണകൂടം 200,000 സേനാംഗങ്ങൾ ഉൾപ്പെട്ട ഓപറേഷൻ വിജയ് എന്ന പദ്ധതിയിലൂടെയാണ് പ്രതികരിച്ചത്. എങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഡിവിഷനുകളോ കോറുകളോ ആയുള്ള ആക്രമണം സാധ്യമല്ലായിരുന്നു, മിക്ക ആക്രമണങ്ങളും റെജിമെന്റ് തലത്തിലോ ബറ്റാലിയൻ തലത്തിലോ ആയിരുന്നു കൈക്കൊണ്ടിരുന്നത്. ഇന്ത്യൻ കരസേനയുടെ രണ്ട് ഡിവിഷനുകളും (20,000 സൈനികർ‌) ആയിരക്കണക്കിനു ഇന്ത്യൻ അർദ്ധസൈനികരും ഇന്ത്യൻ വായുസേനയും പ്രശ്നബാധിത പ്രദേശത്ത് വിന്യസിക്കപ്പെട്ടു. കാർഗിൽ-ദ്രാസ്] പ്രദേശത്ത് സായുധപോരാട്ടത്തിൽ ഏർപ്പെട്ട ആകെ ഇന്ത്യൻ സൈനികരുടെ എണ്ണം 30,000 അടുത്തായിരുന്നു. നുഴഞ്ഞുകയറ്റക്കാരും അവരെ സഹായിക്കുന്നവരും പാക് അധീന കാശ്മീരിൽ നിന്നും പീരങ്കിആക്രമണം നടത്തുന്നവരുമായ പാക് അനുകൂലികളുടെ ആകെ എണ്ണം 5,000 വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ദേശീയപാത 1.എയുടെ സംരക്ഷണം : ഉയരം കൂടിയ പ്രദേശങ്ങളായതിനാൽ വിമാനങ്ങൾ ഉപയോഗിച്ച് ചരക്കുകൾ എത്തിക്കുക എന്നത് അപ്രായോഗികമായിരുന്നു. അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത 1.എ എന്നു പറയാം. ലേയിൽ നിന്ന് ശ്രീനഗറിലേക്കുള്ള പാതയാണിത്. പാകിസ്താൻ കൈയ്യടക്കിയ നിരീക്ഷണനിലയങ്ങളിൽ നിന്ന് പാത കാണാനും അങ്ങനെ അവിടേക്ക് പീരങ്കി ആക്രമണം നടത്താനും കഴിയുമായിരുന്നു. തന്ത്രപ്രധാനമായ വിതരണ പാത എന്ന നിലയിൽ ഇന്ത്യൻ കരസേനക്ക് ഇത് തലവേദനയുണ്ടാക്കി. ഹിമാചൽ പ്രദേശിൽ നിന്നും ലേയിലേക്ക് ഒരു പാത ഉണ്ടെങ്കിലും അതിന് നീളക്കൂടുതലുണ്ട്.

നുഴഞ്ഞുകയറ്റക്കാരാകട്ടെ കൈയ്യിൽ ചെറു ആയുധങ്ങളും, ഗ്രനേഡ് ലോഞ്ചറുകളും മറ്റുമായി നുഴഞ്ഞുകയറുന്നവരിൽ നിന്നും വ്യത്യസ്തമായി മോർട്ടാറുകളും, പീരങ്കികളും, വിമാനവേധത്തോക്കുകളും വരെ കൈവശപ്പെടുത്തിയവരായിരുന്നു. പലതാവളങ്ങളും വലിയതോതിൽ മൈനുകൾ പാകി സംരക്ഷിക്കപ്പെട്ടിരുന്നു. ഐ.സി.ബി.എൽ-ന്റെ കണക്കുപ്രകാരം പിന്നീട് ഇന്ത്യ 9,000 മൈനുകൾ പ്രദേശത്തുനിന്നും നീക്കം ചെയ്തു. പാകിസ്താൻ കൈയ്യടക്കിയ പ്രദേശം ആളില്ലാത്ത വിമാനങ്ങൾ കൊണ്ടും യു.എസ്. നിർമ്മിത AN/TPQ-36 ഫയർഫൈന്റർ റഡാറുകൾ കൊണ്ടും ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ ആക്രമണങ്ങളുടെ ആദ്യലക്ഷ്യം ദേശീയപാത 1.എ. യുടെ നിയന്ത്രണം കൈയ്യിലാക്കുക എന്നതായിരുന്നു, അതിനായി പാതയെ മുകളിൽ നിന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന മലകൾ കൈക്കലാക്കാനായി ശ്രമം. പക്ഷേ ഇത്തരം കുന്നുകൾ നിയന്ത്രണരേഖക്കു സമീപമായതിനാലും ദേശീയപാത നിയന്ത്രണരേഖക്കടുത്തുകൂടി പോകുന്നതിനാലും ബുദ്ധിമുട്ടേറിയ ലക്ഷ്യമായിരുന്നു അത്. ഈ കുന്നുകൾ തിരിച്ചുപിടിക്കുന്നത് പ്രദേശത്ത് മേൽക്കൈയ്യും ദേശീയപാതയുടെ സംരക്ഷണവും ഉറപ്പു നൽകുമായിരുന്നു. ഇന്ത്യയുടെ ആക്രമണ രീതി ആ രീതിയിലായിരുന്നു.

ഇന്ത്യൻ പ്രദേശത്തിന്റെ വീണ്ടെടുക്കൽ : കാർഗിൽ യുദ്ധത്തിൽ നിർണ്ണായകമായ രണ്ട് വഴിത്തിരിവുകളായിരുന്നു ഇന്ത്യൻ സേനക്കുണ്ടായിരുന്നത്. അവ ടോലോലിങ്ങ് കുന്ന് തിരിച്ച് പിടിച്ചതും അതിലൂടെ ടൈഗർ കുന്ന് കൈവശപ്പെടുത്താനായതുമാണ് ആ പ്രധാവവഴിത്തിരിവുകൾ എന്ന് ജെന. വേദ് പ്രകാശ് മല്ലിക് അഭിപ്രായപ്പെടുന്നു. ടൊളോലിങിലെ പോരാട്ടം പോലുള്ള മറ്റനേകം മിന്നലാക്രമണങ്ങൾ യുദ്ധം ആദ്യമേ തന്നെ ഇന്ത്യയുടെ വരുതിയിലെത്തിച്ചു. എങ്കിലും ടൈഗർ ഹിൽ(പോയിന്റ് 5140) പോലുള്ള ചില മേഖലകൾ കനത്ത യുദ്ധശേഷം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ചില പോരാട്ടങ്ങൾ മുമ്പെങ്ങും ഉണ്ടാകാത്തവിധം കൊടുമുടികളിലാണ് നടന്നത് -കൊടുമുടികൾ പലതും പോയിന്റ് നമ്പരുകൾ മാത്രമുള്ളവയും പേരില്ലാത്തവയും ആയിരുന്നു – ഭീകരമായ നേർക്കു നേരേയുള്ള പോരാട്ടമാണ് അവിടെ നടന്നത്. നേരിട്ടു കാണാവുന്ന നിലയങ്ങളിലെ നുഴഞ്ഞുകയറ്റം ഒഴിപ്പിക്കാനായി 250 പീരങ്കികൾ ആണ് ഇന്ത്യ വിന്യസിച്ചത്. ബോഫോഴ്സ് ഹൊവിറ്റ്സർ (ബോഫോഴ്സ് വിവാദം കുപ്രസിദ്ധമാക്കിയവ) പീരങ്കികളിൽ നിർണ്ണായക ശക്തിയായി. എങ്കിലും ബോഫോഴ്സ് പീരങ്കികൾ വിന്യസിക്കാനാവശ്യമായ സ്ഥലക്കുറവ് പ്രശ്നമുണ്ടാക്കി. ഈ സന്ദർഭത്തിൽ ഇന്ത്യൻ വായുസേന ഓപറേഷൻ സഫേദ് സാഗർ എന്ന പദ്ധതി പ്രയോഗത്തിൽ കൊണ്ടുവന്നെങ്കിലും ഉയർന്ന യുദ്ധമണ്ഡലം, പോർ വിമാനങ്ങളിൽ കുറച്ചായുധങ്ങൾ മാത്രം കൊണ്ടുപോകാനേ അനുവദിച്ചുള്ളു. പറന്നുയരാനുള്ള സ്ഥലക്കുറവും പദ്ധതിക്കു തടസ്സമുണ്ടാക്കി. വായൂസേനക്ക് ഒരു മിഗ് 27 പോർ‌വിമാനം യന്ത്രത്തകരാറു മൂലം നഷ്ടപ്പെട്ടു അതുപോലെ തന്നെ ഒരു മിഗ് 21 പാകിസ്താൻ വെടിവെച്ചിടുകയും ചെയ്തു. പാകിസ്താന്റെ അതിർത്തി ലംഘിച്ചതിനാൽ ഇരുവിമാനങ്ങളേയും വെടിവെച്ചിട്ടതാണെന്നു പാകിസ്താൻ പറയുന്നു. ഇന്ത്യയുടെ ഒരു എം.ഐ-8 ഹെലികോപ്റ്ററും പാകിസ്താൻ വെടിവെച്ചിട്ടിരുന്നു. ഈ യുദ്ധത്തിൽ ഇന്ത്യൻ വായുസേന ലേസർ ലക്ഷ്യ ബോംബുകൾ ഉപയോഗിച്ചാണ് പാകിസ്താൻ പട്ടാളത്തിന്റെ ശക്തമായ പല കേന്ദ്രങ്ങളും നശിപ്പിച്ചത്.

വ്യോമശക്തിക്കോ പീരങ്കി ആക്രമണത്തിനോ എത്തിച്ചേരാൻ സാധിക്കാത്ത ചില പാകിസ്താൻ നിയന്ത്രിത നിർണ്ണായക കേന്ദ്രങ്ങൾ ഇന്ത്യൻ കരസേന നേരിട്ടുള്ള യുദ്ധത്തിൽ പിടിച്ചെടുത്തു. ഇത്തരം ആക്രമണങ്ങൾ 18,000 അടി(5500 മീ) ഉയരത്തിൽ വരെ നടന്നു. സാവധാനം നടന്ന ഈ പോരാട്ടങ്ങൾ ഇന്ത്യൻ പക്ഷത്തെ മരണനിരക്കുയരാൻ കാരണമായി. പകൽ ഇത്തരം മലകയറി ആക്രമിക്കുന്നത് ആത്മഹത്യാപരമായതിനാൽ ഇരുട്ടിന്റെ മറവിലാണ് ഇതിൽ പലതും നടന്നത്. ഇത്തരം മലകളിൽ താപനില −11 °C മുതൽ -15 °C വരെ ആയിരുന്നു. ശീതക്കാറ്റിന്റെ ഭീഷണിയും ഉണ്ടായിരുന്നു. പട്ടാളതന്ത്രങ്ങൾ അനുസരിച്ച് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണശൃംഖല തകർത്ത് ഒരു ഉപരോധം സൃഷ്ടിച്ചാൽ ഇന്ത്യൻ പ്രദേശത്തെ നഷ്ടം വളരെ കുറക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു. സമ്പൂർണ്ണയുദ്ധമുണ്ടാകുമെന്ന ഭയവും അന്താരാഷ്ട്രപിന്തുണ നഷ്ടപ്പെടുമെന്ന ചിന്തയും ഇതിൽ നിന്നും ഇന്ത്യയെ വിലക്കി.

ടൈഗർ ഹില്ലിലെ യുദ്ധം : ഇവയിൽ ടൈഗർ ഹിൽ (കുന്ന്) ആയിരുന്നു ഏറ്റവും തന്ത്രപ്രധാനം. അവിടെയിരുന്നാൽ ദേശീയപാത 1എ-യെ ആക്രമിക്കാൻ എളുപ്പമായിരുന്നു. ദ്രാസിനും വടക്കുള്ള കുന്നുകളിൽ ഏറ്റവും ഉയരത്തിലുള്ളത് അതായിരുന്നു (5602 മീറ്റർ). മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു പോയൻറ് 4875 (4875 മീറ്റർ ഉയരമുള്ള മറ്റൊരു മല). 1999 മേയ് രണ്ടാമത്തെ ആഴ്ച എട്ടാം സിഖ് യൂണിറ്റിനെ ദ്രാസിലെത്തിക്കുകയും ടൈഗർ ഹില്ലിനെ തിരിച്ചു പിടിക്കാൻ നിയോഗിക്കുകയും ചെയ്തു. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മഞ്ഞ് കവചങ്ങൾക്കു പോലും സാവകാശം ലഭിക്കാതെയായിരുന്നു ഈ ദൌത്യം. ഈ ദൌത്യത്തിനിടയിൽ സിഖ് യൂണിറ്റിന്‌ സാരമായ ആളപായം ഉണ്ടായി. ഇവരെ പിന്നീട് ടൈഗർ മലയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളും പരിയോം കാ താലാബ് എന്ന വടക്കൻ പ്രദേശവും പിടിക്കാനായി നിയോഗിച്ചു. ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല.

ജൂലൈ ആദ്യവാരത്തോടെ 192 മൌണ്ടൻ ബ്രിഗേഡ് പോയന്റ് 4875, ടൈഗർ ഹിൽ എന്നിവ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനു മുന്നേ തന്നെ രജപുത്താന റൈഫിൾസിലെ ഒരു വിഭാഗം റ്റോലോലിങ്ങിനു പടിഞ്ഞാറു ഭാഗം പിടിച്ചിരുന്നു. ടൈഗർ ഹിൽ, കിഴക്കു-പടിഞ്ഞാറായി ഏതാണ് 2200 മീറ്ററും തെക്ക്-വടക്കായി 1000 മീറ്ററും വിസ്താരമുള്ള ഒരു മലയാണ്. ഇതിലേക്ക് കയറിപ്പറ്റാനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ആദ്യത്തേത് പടിഞ്ഞാറുള്ള ഒരു ഇടുക്കായിരുന്നു. ഇതിനെ ഇന്ത്യാ ഗേറ്റ് എന്നാണ് കോഡ് നാമം ചെയ്തിരുന്നത്. രണ്ടാമത്തേത് 300 മീറ്റർ പടിഞ്ഞാറുള്ള ഒരു വഴിയായിരുന്നു. ഇതിന്റെ ഹെൽമറ്റ് എന്നാണ് വിളിപ്പേർ. പാകിസ്താൻ 12 വടക്കൻ ലൈറ്റ് ഇൻഫൻട്രിയുടെ ഒരു കമ്പനിപ്പട്ടാളത്തോളം ഈ സ്ഥലങ്ങൾ മൊത്തത്തിൽ കയ്യടക്കിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് 18 ആം ഗ്രനേഡിയർ ഡിവിഷനും 8 ആം സിഖ് ഡിവിഷനും ടൈഗർ ഹില്ലിനടുത്തു തന്നെ നേരത്തേ നിലയുറപ്പിച്ചിരുന്നു. ഇവർക്ക് ഉന്നതങ്ങളിലെ യുദ്ധങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുള്ള ഒരു കൂട്ടം പട്ടാളത്തേയും ആയുധത്തേയും മറ്റു നിർമ്മാണ വിദഗ്ദ്ധരേയും എത്തിച്ച് കൊടുത്ത് ആക്രമണത്തിനായി തയ്യാറെടുത്തു. ഇന്ത്യൻ വായുസേനയും ഈ ദൌത്യത്തിൽ പങ്കാളിയായി. അവർക്ക് നിരവധി ലക്ഷ്യങ്ങൾ ഭേദിക്കേണ്ടതുണ്ടായിരുന്നു.

ടൈഗർ ഹിൽ ആക്രമണം 1999 ജൂലൈ 3 ന്‌ 1900 മണിക്ക് നേരിട്ടും അല്ലാതെയുമുള്ള പീരങ്കി ആക്രമണത്തോടെ ആരംഭിച്ചു. 8 ആം സിഖ് റെജിമൻറായിരുന്നു ആക്രമണത്തിന്റെ ആണിക്കല്ല്. എല്ലാ ദിശയിലേക്കും അഴിച്ചു വിട്ട് കൊണ്ട് ഒരു പ്രത്യേക ആക്രമണ രേഖ ഉണ്ടെന്ന് പാകിസ്താനി പട്ടാളക്കാർക്ക് തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇന്ത്യയുടെ വായുസേനയും പീരങ്കിപ്പടയും ഈ സമയം കരസേനയെ സഹായിച്ചു. എങ്കിലും പാകിസ്താൻ തിരിച്ച് ആക്രമിച്ച് കൊണ്ടിരുന്നു. ലെഫ്. ബൽവന്ത് നിങ്ങ് ആണ് 18ആം ഗ്രനേഡിയറിനെ നയിച്ചു കൊണ്ട് ടൈഗർ ഹില്ലിലേക്ക് നീങ്ങിയത്. കാലാവസ്ഥ സഹനീയമായതും അവർക്ക് സഹായത്തിനെത്തി. അവരിൽ പലരും അടുത്ത ദിവസം രാവിലെ 4:30 ന്‌ ടൈഗർ ഹില്ലിന്റെ മുകളിൽ കയറിപ്പറ്റി. പാകിസ്താൻ പക്ഷത്ത് 10-12 മരണങ്ങൾ സംഭവിച്ചിരുന്നു. 18-ആം ഗ്രനേഡിയറിലെ ആറ് പട്ടാളക്കാർക്ക് മാരകമായി മുറിവേറ്റു. അതിലെ ഗ്രനേഡിയർ യോഗേന്ദ്ര സിങ് യാദവ് കയറുപയോഗിച്ച് മല കയറിയാണ് (Rope climb) പാകിസ്താന്റെ ആദ്യപോസ്റ്റുകൾ നിർവീര്യമാക്കിയത്, അദ്ദേഹത്തിന് പിന്നീട് പരം വീര ചക്ര ലഭിച്ചു. പോരാട്ടത്തിനിടെ യാദവിനും സാരമായ പരിക്കേറ്റിരുന്നു. യാദവ് ഉൾപ്പെടുന്ന ഘാതക് പ്ലാറ്റൂൺ ടൈഗർ ഹില്ലിലെ വിജയം സുനിശ്ചിതമാക്കി. പാകിസ്താൻ പടയാളികൾ വെസ്റ്റേൺ സ്പർ എന്ന് വിളിച്ചിരുന്ന ഭാഗത്തേക്ക് പിൻവലിയുകയും അവിടെ നിന്ന് വെടിയുതിർത്ത് കൊണ്ടിരിക്കുകയും ചെയ്തു. ഈ ഭാഗം 8ആം സിക്ക് യൂണിറ്റ് അടുത്ത ദിവസം കീഴ്പ്പെടുത്തി. എന്നാൽ പത്ത് ദിവസത്തിനുശേഷം ശക്തമായ ഒരു പ്രത്യാക്രമണം പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായി. അവർ ജൂലൈ 15 ഓടെ ഇന്ത്യാ ഗേറ്റും ഹെല്മറ്റും കൈവശപ്പെടുത്തി. ഇതിനകം ദേശീയ പാത 1എയുടെ നിയന്ത്രണം ലഭിച്ച ഇന്ത്യൻ സൈന്യം, സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ചു. അവർ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാൻ ഇന്ത്യൻ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു.

ഇതേസമയം ഇന്ത്യൻ നാവികസേനയും പാകിസ്താൻ തുറമുഖങ്ങളെ ഉപരോധിക്കാനും അങ്ങനെ പാകിസ്താന്റെ സംഭരണ വിതരണ ശൃംഖല തകർക്കാനും സജ്ജമായി. സമ്പൂർണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാൽ പാകിസ്താനു ആറു ദിവസം പിടിച്ചു നിൽക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളെന്നു ഷെരീഫ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയിൽ പാകിസ്താൻ പതിച്ചപ്പോൾ പാകിസ്താൻ കരസേന രഹസ്യമായി ഇന്ത്യക്കുമേൽ ആണവാക്രമണം നടത്തുവാൻ പദ്ധതിയിട്ടു. എന്നാൽ ഈ വാർത്ത അറിഞ്ഞ യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ നവാസ് ഷെരീഫിനു കർശനമായ താക്കീതു നൽകാൻ നിർബന്ധിതനായി. രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം നിലയങ്ങളും തിരിച്ചു പിടിക്കാനായി.ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75%-80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി. ജൂലൈ നാലായപ്പോഴേക്കും ഷെരീഫ് പാകിസ്താൻ പിന്തുണയുള്ളവരെ പിൻ‌വലിക്കാമെന്നു സമ്മതിച്ചു. പോരാട്ടം സാധാരണ നിലപ്രാപിക്കുകയും ചെയ്തു. എന്നാൽ ചില തീവ്രവാദികൾ ഇതിനെ പിന്തുണച്ചില്ല. യുണൈറ്റഡ് ജിഹാദി കൌൺസിൽ പോലുള്ള സംഘടനകളും പാകിസ്താന്റെ പിന്മാറ്റ പദ്ധതിയെ എതിർത്തു. തത്ഫലമായി ഇന്ത്യൻ കരസേന അവസാന ആക്രമണത്തിനു കോപ്പുകൂട്ടുകയും ഉടൻ തന്നെ ജിഹാദികളെ നീക്കം ചെയ്യുകയും ചെയ്തു. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു. യുദ്ധാനന്തരം ഇന്ത്യ ഷിം‌ല കരാർ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.

വിമതരെ നിയന്ത്രണരേഖ കടക്കാൻ അനുവദിച്ചതിന്റെ പേരിൽ അന്താരാഷ്ട്രസമൂഹം പാകിസ്താനെ കുറ്റപ്പെടുത്തി. നുഴഞ്ഞുകയറിയവരെ കാശ്മീരി സ്വാതന്ത്ര്യ പോരാളികൾ എന്നു പേരിട്ടു വിളിച്ചുള്ള പാകിസ്താന്റെ നയതന്ത്ര നീക്കവും ഫലവത്തായില്ല. പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം വെറും അടിസ്ഥാനപരിശീലനം‍ മാത്രം സിദ്ധിച്ചിട്ടുള്ള “കശ്മീരി പോരാളികൾ”ക്ക് ഇത്തരത്തിലുള്ള ഉയർന്ന ഭൌമമണ്ഡലത്തിൽ എത്തിച്ചേരാനോ അവിടെനിന്ന് ആക്രമണത്തെ പ്രതിരോധിക്കാനോ സാധ്യമല്ല. പാകിസ്താൻ കരസേന രണ്ട് സൈനികർക്ക് പാകിസ്താന്റെ ഏറ്റവും ഉയർന്ന സൈനിക പുരസ്കാരമായ നിഷാൻ-ഇ-ഹൈദർ-ഉം 90 സൈനികർക്ക് ധീരതക്കുള്ള പുരസ്കാരവും നൽകി, അവയിൽ ഭൂരിഭാഗവും മരണാനന്തര ബഹുമതിയായിട്ടായിരുന്നു. ഇതു പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന നടപടിയായിരുന്നു. ഇന്ത്യ ചോർത്തിയ ഒരു ഫോൺ സംഭാഷണത്തിൽ പാകിസ്താൻ കരസേനാ മേധാവി ഒരു പാകിസ്താനി ജെനറലോട് “പിടി നമ്മുടെ കൈയ്യിലാണ്” എന്നു പറയുന്നുണ്ട്. എന്നാൽ ആ തെളിവ് തികച്ചും കൃത്രിമമാണെന്ന് പാകിസ്താൻ വാദിച്ചിരുന്നു.

ഇന്ത്യൻ പ്രത്യാക്രമണത്തിന്റെ ശക്തി കൂടിക്കൊണ്ടിരുന്നപ്പോൾ‍, ജൂലൈ നാലിനു പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ കാണാൻ ചെല്ലുകയും പിന്തുണ തേടുകയും ചെയ്തു. എന്നാൽ ക്ലിന്റൻ രോഷപ്പെടുകയാണുണ്ടായത്. തന്റെ കഴിവുപയോഗിച്ച് തീവ്രവാദികളേയും സൈനികരേയും നിയന്ത്രണരേഖക്കുള്ളിലേക്ക് പിൻ‌വലിക്കാനും ക്ലിന്റൻ ആവശ്യപ്പെട്ടു. തന്റെ പുസ്തകത്തിൽ ക്ലിന്റൻ “ഷെരീഫിന്റെ നീക്കങ്ങൾ സംശയാസ്പദമായിരുന്നു” എന്നു കുറിച്ചിട്ടുണ്ട് കാരണം അന്ന് വാജ്‌പേയി ലാഹോറിലെത്തുകയും പരസ്പരചർച്ചവഴി പ്രശ്നം പരിഹരിക്കാമെന്നും സമ്മതിച്ചിരുന്നു. എന്നാൽ “നിയന്ത്രണരേഖ ലംഘിക്കുന്നതു വഴി പാകിസ്താൻ ചർച്ചകളെ നശിപ്പിച്ചിരുന്നു” എന്നാണ് ക്ലിന്റന്റെ അഭിപ്രായം. അതേ സമയം തന്നെ നിയന്ത്രണരേഖ ലംഘിക്കാതിരിക്കാനും അങ്ങനെ സമ്പൂർണ്ണയുദ്ധമുണ്ടാകാതിരിക്കാനും ഇന്ത്യ കാട്ടിയ സംയമനം ക്ലിന്റൻ അനുമോദിക്കുകയും ചെയ്തു. മറ്റു ജി-8 രാജ്യങ്ങളും കൊളോൺ ഉച്ചകോടിയിൽ ഇന്ത്യയെ പിന്തുണക്കുകയും പാകിസ്താന്റെ നിയന്ത്രണരേഖാ ലംഘനത്തെ അപലപിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനും നിയന്ത്രണരേഖയുടെ ലംഘനത്തെ എതിർത്തു. ചൈന പാകിസ്താന്റെ സഖ്യകക്ഷിയാണെങ്കിലും പോരാളികളെ പിൻ‌വലിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ വർദ്ധിച്ച അന്താരാഷ്ട്ര സമ്മർദ്ദത്തിനൊടുവിൽ നവാസ് ഷെരീഫ് സൈനികരെ പിൻ‌വലിക്കാൻ സമ്മതിച്ചു. ക്ലിന്റണും ഷെരീഫും സംയുക്തമായി നിയന്ത്രണരേഖയെ ബഹുമാനിക്കണമെന്നും, ദ്വികക്ഷി ചർച്ചകൾ തുടരണമെന്നും പ്രഖ്യാപിച്ചു.

അനന്തരഫലങ്ങൾ – ഇന്ത്യയിൽ : യുദ്ധാനന്തരം ഇന്ത്യൻ ഓഹരി വിപണി 1,500 പോയിന്റുകൾ ആണ് കയറിയത്. അടുത്ത ദേശീയ ബജറ്റിൽ ഇന്ത്യ സൈനികാവശ്യങ്ങൾക്കായി തുകയിൽ വൻ‌ ഉയർച്ച വരുത്തി. യുദ്ധത്തിന്റെ ഒടുക്കം മുതൽ ഫെബ്രുവരി 2000 വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയായിരുന്നു. ജനങ്ങളുടെ ദേശസ്നേഹം പെട്ടെന്ന് കുതിച്ചുയർന്നു. ഇന്ത്യക്കാർ സംശയാസ്പദമായ സാഹചര്യത്തിൽ പൈലറ്റ് അജയ് അഹൂജ മരിച്ചതിൽ സംശയാലുക്കളുമായിരുന്നു. ഇന്ത്യൻ പക്ഷം അജയ് അഹൂജ കൊല്ലപ്പെട്ടതാണെന്നും പാകിസ്താനി ട്രൂപ്പുകൾ മൃതദേഹത്തെ വരെ അപമാനിച്ചെന്നും ആരോപിച്ചു. കണക്കു കൂട്ടിയതിലും കൂടുതൽ മരണങ്ങൾ ഉണ്ടായി, അവരിൽ വളരെ വലിയ ഒരു സംഖ്യ പുതിയ കമ്മീഷൻഡ് ഓഫീസേഴ്സ് ആയിരുന്നു. ഒരു മാസത്തിനു ശേഷം പാകിസ്താൻ നാവികസേനയുടെ ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടത് വീണ്ടും സംഘർഷത്തിലേക്ക് നയിക്കും എന്നും ചെറിയ ഭീതി ഉയർത്തി.

യുദ്ധത്തിനു ശേഷം ഇന്ത്യൻ ഭരണകൂടം പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ഇന്ത്യ പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്തി. ഈ സന്ദർഭത്തിൽ, പ്രതിരോധ ഇടപാട് കുംഭകോണം, ശവപ്പെട്ടി കുംഭകോണം ചില അപവാദങ്ങളും ഉയർന്നു വന്നു. റോ പോലുള്ള ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനകൾക്കെതിരേയും കടുത്ത വിമർശനമുയർന്നു, നുഴഞ്ഞുകയറ്റം മുൻ‌കൂട്ടി അറിഞ്ഞില്ലെന്നും യുദ്ധാരംഭത്തിൽ തന്നെ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കണ്ടെത്താനായില്ല എന്നതുമായിരുന്നു പ്രധാന ആരോപണങ്ങൾ. സായുധപട്ടാളം സ്വയം നടത്തി, പിന്നീട് ഒരു ആനുകാലികപ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മറ്റനേകം വീഴ്ചകളെ കുറിച്ച് പരാമർശിച്ചിരുന്നു, “പരസ്പരസ്നേഹമില്ലായ്മ”, “യുദ്ധത്തിനായി തയ്യാറെടുപ്പില്ലായ്ക” എന്നിവയാണവയിൽ പ്രധാനം. പോരാളികളിൽ ഉന്നതോദ്യോഗസ്ഥർക്ക് നിയന്ത്രണമില്ലായ്ക, ബോഫോഴ്സ് പോലുള്ള വലിയ തോക്കുകളുടെ അഭാവം മുതലായവയും അതിൽ പരാമർശിച്ചിരുന്നു. 2010-ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ അശോക് ചവാൻ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും അവരുടെ ബന്ധുക്കൾക്കുമായി ആണെന്ന് അവകാശപ്പെട്ട് നിർമ്മിച്ച ആദർശ് ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റുകൾ പേരിനു മാത്രമേ കാർഗിൽ പോരാളികൾക്കും നൽകിയുള്ളെന്ന കാരണത്താൽ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടു.

കാർഗിൽ വിജയത്തെ തുടർന്ന് ലോകസഭയിലേക്ക് നടന്ന പതിമൂന്നാം തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. വിജയം സുനിശ്ചിതമാക്കിയിരുന്നു. 1999 ഒക്ടോബറിൽ ആകെയുള്ള 505 സ്ഥാനങ്ങളിൽ 303-ഉം കൈയ്യിലാക്കി എൻ.ഡി.എ വിജയിച്ചു. യു.എസിനു പാകിസ്താനുമായുണ്ടായ നീരസവും യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ ഇന്ത്യ സ്വീകരിച്ച നയങ്ങളും നയതന്ത്രബന്ധങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾക്ക് പുത്തനുണർവേകി. 9/11 ആക്രമണം ഈ ബന്ധങ്ങളെ ഒന്നുകൂടി ഉറപ്പിച്ചു. പ്രതിരോധ ഉപകരണങ്ങളും, വിദൂരനിയന്ത്രിത വ്യോമ വാഹനങ്ങളും, ലേസർ നിയന്ത്രിത ബോംബുകളും, ഉപഗ്രഹ ചിത്രങ്ങളും നൽകുന്നവർ എന്ന നിലയിൽ ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധവും ശക്തിപ്പെട്ടു.

പാകിസ്താനിൽ : അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു. ആദ്യ നേട്ടങ്ങൾക്കു ശേഷം നോർത്തേൺ ലൈറ്റ് ഇൻഫന്റ്രിയുടെ നാശം ആരംഭിച്ചപ്പോൾ, ഭരണകൂടം സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും വിസമ്മതിച്ചപ്പോൾ[54] സൈനികരുടെ ആത്മവീര്യം കൂപ്പുകുത്തി. ഷെരീഫ് പിന്നീട് 4,000 പാകിസ്താനി പട്ടാളക്കാർ നഷ്ടപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ചു. കാർഗിലിനെ സംബന്ധിച്ച് മുഷാറഫ് നടത്തിയിട്ടുള്ള അപൂർവ്വ പരാമർശങ്ങളൊന്നിൽ “മുൻ നേതാവു തന്നെ സ്വന്തം സേനയെ ഇടിച്ചു കാട്ടുന്നത് എന്നെ വേദനിപ്പിക്കുന്നു” എന്നാണ് ഷെരീഫിന്റെ പരാമർശത്തെ കുറിച്ച് പറഞ്ഞത്, ഇന്ത്യൻ മരണങ്ങളുടെ എണ്ണം പാകിസ്താന്റേതിനേക്കാളും കൂടുതലാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ പട്ടാളം യുദ്ധശേഷം അവരുടെ സൈനികരുടെ സാന്നിദ്ധ്യം യുദ്ധത്തിൽ ഉണ്ടായിരുന്നുവെന്ന് ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല, എന്നാൽ 2010-ൽ പട്ടാളം ഈ നിലപാടിൽ നിന്ന് മാറുകയും അവരുടെ വെബ്സൈറ്റിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട 453 സൈനികരുടെ പേരുകൾ നൽകുകയും ചെയ്തു. പാകിസ്താനിലെ പലരും ഇന്ത്യൻ പട്ടാളത്തിനു മേൽ ഒരു വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവഗതിയിൽ ഹൃദയം തകർന്ന് പിന്മാറലിനെ ചോദ്യം ചെയ്തു. പട്ടാളമേധാവിത്തം പിന്മാറലിൽ സംതൃപ്തരല്ലായിരുന്നു. കൂടാതെ ഷെരീഫ് കാർഗിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായി കരസേനാ മേധാവി മുഷാറഫിന്റെ ചുമലിൽ വെച്ചുകൊടുക്കുകയും ചെയ്തതോടെ ഇരുവരും തമ്മിൽ ഒരു അകൽച്ചയുണ്ടായി. 1999 ഒക്ടോബർ 12-നു മുഷാറഫ് രക്തരഹിതമായ പട്ടാളവിപ്ലവത്തിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം കൈയടക്കുകയുണ്ടായി.

പ്രതിപക്ഷ നേതാവും മുൻപ്രധാനമന്ത്രിയുമായ ബേനസീർ ഭൂട്ടോ കാർഗിൽ യുദ്ധത്തെ “പാകിസ്താന്റെ ഏറ്റവും വലിയ വിഡ്ഢിത്തം” എന്നാണ് വിളിച്ചത്. പല മുൻ പട്ടാള, ഐ.എസ്.ഐ ഉദ്യോഗസ്ഥരും “കാർഗിൽ യാതൊരു മെച്ചവും ഉണ്ടാക്കിയില്ല“ എന്ന പക്ഷക്കാരായിരുന്നു. അനേകം ജീവനുകളുടെ നഷ്ടത്തിന്റേയും അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റപ്പെടുത്തലിന്റേയും പശ്ചാത്തലത്തിൽ പാകിസ്താനി മാദ്ധ്യമങ്ങളും പദ്ധതിയേയും പിന്മാറലിനേയും അതി നിശിതമായി വിമർശിച്ചു.പലഭാഗത്തുനിന്നും അന്വേഷണത്തിനു സമ്മർദ്ദമുണ്ടായെങ്കിലും പോരാട്ടം ആരംഭിക്കാനുള്ള കാരണത്തെ കുറിച്ച് ഒരു അന്വേഷണം ഉണ്ടായില്ല. എങ്കിലും പാകിസ്താനി രാഷ്ട്രീയ കക്ഷിയായ പി.എം.എൽ(എൻ) പുറത്തിറക്കിയ ധവള പത്രം -നവാസ് ഷെരീഫ് ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചെന്നും അവർ ജനറൽ പർവേസ് മുഷാറഫിനെ കോർട്ട് മാർഷൽ ചെയ്യാൻ ശുപാർശ ചെയ്തുവെന്നും പറയുന്നു. ഭരണം പിടിച്ചെടുത്ത ശേഷം അത് മുഷാറഫ് സ്വയം രക്ഷിക്കാനായി മോഷ്ടിച്ചുമാറ്റിയെന്നും അവർ ആരോപിക്കുന്നു. അതിൽ തന്നെ ഇന്ത്യക്ക് പദ്ധതിയെ കുറിച്ച് 11 മാസം മുമ്പുതന്നെ അറിയാമായിരുന്നുവെന്നും, സൈനിക, സാമ്പത്തിക, നയതന്ത്ര മേഖലകളിലെ പരിപൂർണ്ണ വിജയത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു. കാശ്മീർ പ്രശ്നത്തെ അന്താരാഷ്ട്ര തലത്തിൽ കാർഗിൽ പോരാട്ടം പ്രശസ്തമാക്കിയെങ്കിലും(അത് പാകിസ്താന്റെ ഒരു ലക്ഷ്യമായിരുന്നു) പാകിസ്താന്റെ വിശ്വാസ്യതയെ അത് ചോദ്യം ചെയ്തു, ഒരു സന്ധി സംഭാഷണത്തിനു തൊട്ടു പിറകേയായിരുന്നു നുഴഞ്ഞുകയറ്റം എന്നതു തന്നെ കാരണം. നിയന്ത്രണ രേഖയുടെ പ്രാധാന്യവും അന്താരാഷ്ട്ര ശ്രദ്ധയിൽ പെട്ടു.

യുദ്ധാനന്തരം കരസേനയിൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായി. നോർത്തേൺ ലൈറ്റ് ഇൻഫന്റ്രി നടത്തിയ സേവനങ്ങൾ മുൻ നിർത്തി അർദ്ധ സൈനിക വിഭാഗമായിരുന്ന അവരെ പൂർണ്ണ സൈനിക വിഭാഗമാക്കി. തന്ത്രപരമായി അത്ര ബുദ്ധിപരമല്ലാത്ത ഒരു പദ്ധതി, കുറഞ്ഞ ഗൃഹപാഠം, രാഷ്ട്രീയ-നയതന്ത്ര സമ്മർദ്ദങ്ങളെ അളക്കാനുള്ള ശേഷിക്കുറവ് വിവരങ്ങളുടെ ഏകോപനമില്ലായ്മ എന്നിവയെ യുദ്ധം കാട്ടിക്കൊടുത്തു.

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഒട്ടനവധി സിനിമകൾ കാർഗിൽ പോരാട്ടത്തെ ആധാരമാക്കി പുറത്തിറങ്ങി. എൽ.ഒ.സി:കാർഗിൽ(2003), നാലുമണിക്കൂറിലധികം ഉള്ള ഈ ഹിന്ദി ചലച്ചിത്രം കാർഗിൽ സംഭവ പരമ്പരകളെ വരച്ചു കാട്ടുന്നു., ലക്ഷ്യ(2004), പരം വീര ചക്ര ലഭിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. ചലച്ചിത്ര നിരൂപകർ യഥാതഥ ചിത്രീകരണരീതിയെ ഏറെ പ്രശംസിച്ചു. പാകിസ്താനിൽ നിന്നും ചിത്രത്തിനു നല്ലപ്രതികരണമാണുണ്ടായത്., ധൂപ്(2003), അശ്വിനി ചൌധരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മരണാനന്തരം മഹാ വീര ചക്ര ലഭിച്ച അനൂജ് നയ്യാരുടെ മാതാപിതാക്കളുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നു., മിഷൻ ഫതേഹ്-സഹാറാ ചാനലിൽ പ്രക്ഷേപണം ചെയ്ത പരമ്പര, ഫിഫ്റ്റി ഡേ വാർ: യുദ്ധത്തിന്റെ നാടകീയ പുനരാവിഷ്കാരം. യഥാർത്ഥ വിമാനവും സ്ഫോടനങ്ങളുമെല്ലാം ഉപയോഗിക്കുന്നു. ഹിന്ദിക്കു പുറമേ മറ്റു പ്രാദേശിക ഭാഷകളിലും കാശ്മീർ പ്രശ്നവും, കാർഗിലുമായും ബന്ധപ്പെട്ടുള്ള അനേകം ചിത്രങ്ങൾ ഇറങ്ങി. മലയാളത്തിൽ ഇത്തരത്തിലറങ്ങിയ ചിത്രമാണ്‌ കുരുക്ഷേത്ര.

Wednesday, 7 November 2018

" അച്ഛന് നാണമില്ലാരുന്നല്ലോ അമേരിക്കയുടെ സൗജന്യ ഉപ്പുമാവ് തിന്നാൻ



" അച്ഛന് നാണമില്ലാരുന്നല്ലോ അമേരിക്കയുടെ സൗജന്യ ഉപ്പുമാവ് തിന്നാൻ. ഞാനായിരുന്നെങ്കിൽ ഒരിക്കലും അത് കഴിക്കില്ലായിരുന്നു".

കടപ്പാട്: സജീവ് ala

ഏഴാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ ഇന്ത്യയിലെ ഭക്ഷ്യോല്പാദനത്തെയും സ്വയംപര്യാപ്തതയേയും കുറിച്ചുള്ള പാഠഭാഗം വീട്ടിലിരുന്ന് പറഞ്ഞു കൊടുക്കുന്നതിനിടയിലാണ് പെങ്കൊച്ച് എൻറെ നേരെ അട്ടഹസിച്ചത്.

ഹരിത വിപ്ലവത്തിന് മുൻപ് നമ്മുടെ രാജ്യത്ത് ആവശ്യത്തിന് അരിയും ഗോതമ്പും ഒന്നും ഉല്പാദിപ്പിക്കുന്നില്ലായിരുന്നെന്നും അന്നൊക്കെ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഭക്ഷ്യധാന്യങ്ങൾക്കായി നമ്മൾ യാചിച്ചുനില്ക്കുകയായിരുന്നെന്നും പറഞ്ഞതിൻറെ കൂട്ടത്തിൽ അച്ഛനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ അമേരിക്ക സൗജന്യമായി തന്നിരുന്ന ഗോതമ്പിൻറെ ഉപ്പുമാവാണ് ഉച്ചയ്ക്ക് കഴിച്ചിരുന്നതെന്ന് സൂചിപ്പിച്ചപ്പോഴാണ് സകല നിയന്ത്രണവും വിട്ട് പെണ്ണിന്റെ ആത്മാഭിമാനം പൊട്ടിത്തെറിച്ചത്.

ദാരിദ്ര്യം അപ്രത്യക്ഷമാകുമ്പോൾ
പട്ടിണി വിട്ടൊഴിയുമ്പോൾ
ജീവിതം സമൃദ്ധമാകുമ്പോൾ മനുഷ്യരിലേക്ക് ഇരച്ചുകയറുന്ന ഒരു വികാരമാണ് ആത്മാഭിമാനം.

സ്വന്തം ജനങ്ങളെ അന്നമൂട്ടാനായി അമേരിക്കയെ പോലെയുള്ള സമ്പന്നരാജ്യങ്ങുടെ മുന്നിൽ ഭിക്ഷാപാത്രവുമായി നിന്ന ഒരു കെട്ട ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നു.

CARE പദ്ധതിയിലുടെ അമേരിക്ക ചാരിറ്റിയായി തന്നിരുന്ന ഗോതമ്പ് ഉപ്പുമാവായിരുന്നു പ്രൈമറി ക്ലാസുകളിൽ ഞങ്ങളുടെ ജനറേഷന്റെ ഉച്ചഭക്ഷണം.

നാടൻ നെൽവിത്തും നാടൻപശുവും ചാണകവും ചാരവും കൂട്ടിക്കുഴഞ്ഞ ജൈവകൃഷിയുമായി പട്ടിണി തിന്ന് ഇന്ത്യ വാടിത്തളർന്നിരുന്ന കാലത്താണ് ഇന്ദിരാഗാന്ധി ഡോ. സ്വാമിനാഥനെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.

'' മിസ്റ്റർ സ്വാമിനാഥൻ ആഹാരത്തിനായി അന്യരാജ്യങ്ങളുടെ മുൻപിൽ കൈനീട്ടി നില്ക്കുന്ന നമ്മുടെ രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ തലയുയർത്തി നില്ക്കാനാവുന്നില്ല. സ്വന്തം ജനങ്ങൾക്ക് ആഹാരം പോലും നല്കാനാവാത്ത ഭാരതത്തിന് സ്വതന്ത്രമായ വിദേശനയമോ പ്രതിരോധതന്ത്രങ്ങളോ ഒന്നും രൂപപ്പെടുത്തുവാൻ കഴിയുന്നില്ല. ഇന്നത്തെ നാണംകെട്ട അവസ്ഥയിൽ നിന്ന് കരകയറാൻ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഏതുവിധേനയും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചേ മതിയാവൂ. ''

ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും
സി. സുബ്രഹ്മണ്യം എന്നൊരു ദൂരക്കാഴ്ചയുള്ള കൃഷി മന്ത്രിയും ഡോ. സ്വാമിനാഥൻറെ നേതൃത്വത്തിൽ ഒരു പറ്റം ആത്മസമർപ്പിതരായ കാർഷിക ശാസ്ത്രജ്ഞരും ഒത്തുപിടിച്ചപ്പോൾ ഇന്ത്യ ഹരിതവിപ്ലവറാണിയായി മാറി.

രാജ്യത്തിന്റെ ഗോഡൗണുകളിൽ അരിയും ഗോതമ്പും നിറഞ്ഞു കവിഞ്ഞു.

ഭാരതം ഇന്ന് ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു.

ഫുഡ് സെക്യൂരിറ്റി ആക്ടിലൂടെ പാവപ്പെട്ടവർക്ക് ഏതാണ്ട് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കാനാവുന്ന സ്ഥിതിവിശേഷം നിലവിൽ വന്നു.

ഭക്ഷ്യക്ഷാമം കൊണ്ട് നട്ടം തിരിഞ്ഞ് എല്ലും തോലുമായി വികസിതരാഷ്ട്രങ്ങളുടെ സൌജന്യറേഷന്റെ ഓശാരത്തിൽ ജീവിച്ചിരുന്ന ഒരു രാജ്യത്തിപ്പോൾ മിച്ചോല്പാദനം

നാഴൂരിപ്പാലിന്റെ സ്ഥാനത്ത് ധവളരാജ്യപ്പെരുമ.

അങ്ങനെ പട്ടിണിമാറി ശരീരത്ത് കൊഴുപ്പും കൊളസ്ട്രോളുമൊക്കെ ആയപ്പോൾ ചില കൂട്ടർക്ക് ജൈവകൃഷി മാനിയയും വെച്ചൂർ പശു നൊസ്റ്റാൾജിയയും കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി.

നാല് നാടൻപശുക്കളും അതിൻറെ ചാണകവും മാത്രം മതി രാജ്യത്തിന്റെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റാനെന്ന് തട്ടിവിടുന്നവർക്ക് കമ്മ്യുണിസ്റ്റുകാരുടെ ഇടയിൽ വരെ സ്വീകാര്യത കിട്ടിക്കഴിഞ്ഞിരിക്കുന്നു.

ചാണക-ചാര മാഹാത്മ്യ പുരാണപാരായണം സദാസമയം അന്തരീക്ഷത്തിൽ അലയടിക്കുന്നു.

എന്ത് മാലിന്യത്തിന്റെ കൂടെയും 'ജൈവം' എന്ന് ചേർത്താൽ ചൂടപ്പം പോലെ വിറ്റഴിയുന്ന നിലയിൽ പൊതുബോധം ഹൈജാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു .

നാടിന്റെ പട്ടിണി മാറ്റാനായി രാവും പകലും അധ്വാനിച്ച മഹാനായ ഡോ. M.S സ്വാമിനാഥനെ പരിസ്ഥിതി തീവ്രവാദികളും പ്രകൃതി ഉപാസകരായ ചില സ്വപ്നാടനക്കാരും ചേർന്ന് നാഴികക്ക് നാല്പതുവട്ടം തെറിയഭിഷേകം നടത്തുന്നു.

എല്ലുമുറിയെ പണിയെടുത്തിരുന്ന കോരന് പണ്ട് കുമ്പിളിൽ കഞ്ഞി
മൂക്കൂമുട്ടെ തിന്നാനുള്ള സൗകര്യമുണ്ടാക്കിത്തന്ന കാർഷിക ശാസ്ത്രജ്ഞന് ഇന്ന് ശാപവചനങ്ങൾ.

ഉണ്ടുനിറഞ്ഞു കഴിയുമ്പോൾ ഊണൊരുക്കിയവനെ അധിക്ഷേപിക്കുന്നതിൻറെ സുഖം ഒന്നു വേറെ തന്നെയാണ്..!

രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.എം




.രാജ്യത്തെ സമ്പന്നമാക്കിയ ദരിദ്രനായ രാഷ്ട്രപതി.

തന്‍റെ 5 വര്‍ഷഭരണം കൊണ്ട് രാജ്യത്തെ സമ്പന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ കൊണ്ടുവന്നു. തൊഴിലവ സരങ്ങളും,കൃഷിയും വര്‍ദ്ധിച്ചു. വ്യവസായങ്ങള്‍ അഭിവൃദ്ധി നേടി.അഭ്യസ്തവിദ്യരായവരുടെ എണ്ണം കൂടി.ശാസ്ത്ര സാങ്കേതിക രംഗത്തും വന്‍ മുന്നേറ്റമുണ്ടായി. ഇന്ന് അവിടുത്ത വ്യക്തികളുടെ പ്രതിശീര്‍ഷ വരുമാനം 50000 ഇന്ത്യന്‍ രൂപയ്ക്കു തുല്യമാണ്.

തെക്കേ അമേരിക്കന്‍ രാജ്യമായ ഉറുഗ്വേയുടെ ഇന്നത്തെ നിലയാണിത്‌. ഉറുഗ്വയെ ഈ നിലയിലെത്തിച്ചത് 2010 മുതല്‍ 2015 വരെ രാഷ്ട്രപതിയായിരുന്ന ' ജോസ് മുജിക്ക ' യാണ്.

ഒരു സാധാരണക്കാരന്‍. രാഷ്ട്രപതിഭവനില്‍ താമസിക്കാന്‍ കൂട്ടാക്കാതെ ഭാര്യക്കും ഒരു കാലില്ലാത്ത വളര്‍ത്തു നായക്കുമൊപ്പം തന്‍റെ രണ്ടുമുറികളുള്ള കൊച്ചുവീട്ടിലായിരുന്നു താമസം. പ്രസിഡണ്ട്‌ ആകുന്നതിനു മുന്‍പും പദം രാജിവച്ചിട്ടും ഇപ്പോഴും താമസം അവിടെത്തന്നെ.

ഇതൊക്കെ മൂലമാണ് പ്രതിപക്ഷം വരെ അദ്ദേഹത്തെ ആദരവോടെ വിളിച്ചിരുന്നത് " സമ്പന്ന രാജ്യത്തെ ദരിദ്രനായ രാഷ്ട്രപതി " എന്ന്.

രാഷ്ട്രപതിയുടെ ശമ്പളം കേട്ട് അദ്ദേഹം വരെ ഞെട്ടിപ്പോയി.മാസം 13300 ഡോളര്‍ . തനിക്കു ജീവിക്കാന്‍ ഇത്രയും തുക ആവശ്യമില്ലെന്നു പ്രഖ്യാപിച്ച അദ്ദേഹം അതില്‍ 12000 ഡോളര്‍ നിര്‍ധനര്‍ക്ക് നേരിട്ട് വിതരണം ചെയ്തു. ബാക്കി 1300 ഡോളറില്‍ 775 ഡോളര്‍ വര്‍ഷങ്ങളായി അദ്ദേഹത്തിന്‍റെ മേല്‍നോട്ടത്തില്‍ നടന്നിരുന്ന അനാഥാലയത്തിന് നല്‍കി.ബാക്കി തുകകൊണ്ടാണ് അദ്ദേഹം ജീവിച്ചത്. രാഷ്ട്രപതിയായ ജോസ് മുജിക്ക തന്‍റെ പഴയ ഫോക്സ് വാഗണ്‍ ബീട്ടല്‍ കാര്‍ സ്വയം ഡ്രൈവ് ചെയ്താണ് ഓഫീസില്‍ പോയിരുന്നത്. ഓഫീസില്‍ പോകുമ്പോള്‍ കോട്ടും,ടൈയും ഉള്‍പ്പെടെ ഫുള്‍ സ്യൂട്ടായിരുന്നു വേഷമെങ്കില്‍ വീട്ടില്‍ സാധാരണ വേഷത്തിലാണ് കഴിഞ്ഞിരുന്നത്.

പ്രസിഡണ്ട്‌ ആയിരുന്നപ്പോഴും വീട്ടുജോലിക്കാര്‍ ആരുമില്ലായിരുന്നു. തുണി കഴുകുന്നതും,വെള്ളം ശേഖരിക്കുന്നതും പൂന്തോട്ടം നനക്കുന്നതും ,വീട് വൃത്തിയാക്കുന്നതും ഇരുവരും ചേര്‍ന്നാണ്.സുരക്ഷക്കായി കേവലം രണ്ടു പൊലീസുകാരെയാണ് അദ്ദേഹം സ്വീകരിച്ചത്.അവര്‍ക്കുള്ള ഭക്ഷണവും അദ്ദേഹം വീട്ടില്‍ത്തന്നെ നല്‍കി.

പ്രസിഡന്റും ഭാര്യയും ചേര്‍ന്ന് നടത്തിയിരുന്ന പൂക്കളുടെ കൃഷിയും മുടങ്ങിയില്ല. ഒഴിവ് സമയത്ത് കൃഷിക്കായി ട്രാക്ടര്‍ ഓടിച്ചതും നിലം ഒരുക്കിയതും അദ്ദേഹം തന്നെയായിരുന്നു. ട്രാക്ടര്‍ കേടായാല്‍ അല്ലറ ചില്ലറ റിപ്പയര്‍ ജോലികളും അദ്ദേഹം സ്വയം നടത്തുന്നു.ഭാര്യക്കാണ് പൂക്ക്രുഷിയുടെ മേല്‍നോട്ടം മുഴുവനും. ഇതില്‍ നിന്നും കാര്യമായ വരുമാനമാണ് ഇവര്‍ക്ക് ലഭിക്കുന്നത്.

" ജനങ്ങള്‍ ദാരിദ്ര്യത്തില്‍ കഴിയുമ്പോള്‍ തനിക്കെങ്ങനെ ആഡംബരജീവിതം നയിക്കാന്‍ കഴിയുമെന്ന്" അദ്ദേഹം പലപ്പോഴും ചോദിക്കുമായിരുന്നു.ജോസ് മുജിക്കയുടെ ദീര്‍ഘദൃഷ്ടിയും അര്‍പ്പണബോധവും സര്‍വ്വോപരി രാജ്യസ്നേഹവുമാണ് ഉറുഗ്വേ എന്ന രാജ്യത്തെ വികസനപാതയിലെത്തിച്ചതും രാജ്യം ഔന്നതി പ്രാപിച്ചതും.

ജനകീയനായ അദ്ദേഹത്തിനുമേല്‍ വീണ്ടും തുടരാനുള്ള സമ്മര്‍ദ്ദം ഏറെയുണ്ടായിട്ടും 2015 ല്‍ അദ്ദേഹം സ്വയം ഒഴിയുകയായിരുന്നു. വിടവാങ്ങല്‍ പ്രസംഗത്തില്‍ അദ്ദേഹം ജനങ്ങളെ ഇങ്ങനെ അഭിസംഭോധന ചെയ്തു :-

" രാജ്യം ഉയര്‍ച്ചയുടെ വഴിയിലാണ്. യുവതലമുറ യുടെ കയ്യില്‍ എന്‍റെ രാജ്യം സുരക്ഷിതമാണെന്ന് എനിക്ക് പൂര്‍ണ്ണ ബോദ്ധ്യമുണ്ട്.അവര്‍ ആ ഉത്തരവാദിത്വം നന്നായി നിറവേറ്റട്ടെ. എന്‍റെ മൂന്നുകാലുള്ള മാനുവലിനും വയസ്സനായ ബീട്ടലിനും എന്നെ ആവശ്യമുണ്ട്.അവര്‍ക്കൊപ്പം എനിക്കിനി ബാക്കി കാലം ചിലവഴിക്കണം.."

മാനുവല്‍ അദ്ദേഹത്തിന്‍റെ ഒരു കാലില്ലാത്ത കൃത്രുമക്കാലുള്ള നായയാണ്‌. ബീട്ടല്‍ തന്‍റെ ഫോക്സ് വാഗണ്‍ കാറും.

ഉറുഗ്വേ എന്ന ഒരു സാധാരണ രാജ്യത്തെ സമ്പന്നതയിലേക്ക് നയിച്ച പ്രസിഡണ്ട്‌ ജോസ് മുജിക്ക ഇന്നും സാധാരണ ജീവിതമാണ് നയിക്കുന്നത്.. ധനിക രാഷ്ട്രത്തിലെ ദരിദ്രനായി.

Tuesday, 6 November 2018

ലോകത്തെ ഞെട്ടിച്ച് നേപ്പാൾ രാജകുടുംബത്തിന്‍റെ കൂട്ടക്കൊല



ലോകത്തെ ഞെട്ടിച്ച് നേപ്പാൾ രാജകുടുംബത്തിന്‍റെ കൂട്ടക്കൊല

കടപ്പാട്:ആനവണ്ടി ട്രാവൽ ബ്ലോഗ്‌
ലേഖനം എഴുതിയത് – സുജിത്ത് കുമാര്‍.

2001 ജൂൺ ഒന്നാം തീയ്യതി വെള്ളിയാഴ്ച. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുള്ള നാരയൺഹിതി കൊട്ടാരം. സമയം രാത്രി എട്ടു മണിയോട് അടുത്തിരുന്നു. എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും വെള്ളിയാഴ്ചകളിൽ നടത്തിവരാറുള്ള കുടുംബ സംഗമത്തോട് അനുബന്ധിച്ചുള്ള വിരുന്ന് സൽക്കാരം നടന്നുകൊണ്ടിരിക്കുന്നു. രാജകുടുംബാംഗങ്ങളും അടുത്ത അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന വിരുന്നിന്റെ അന്നത്തെ സംഘാടകൻ നേപ്പാളിന്റെ യുവരാജാവും കിരീടാവകാശിയുമായ ദീപേന്ദ്ര ബീർ വിക്രം ഷാ രാജകുമാരനായിരുന്നു.

അതിഥികൾ ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. ദീപേന്ദ്ര അവരെയെല്ലാം സ്വീകരിച്ചിരുത്തിയശേഷം കൊട്ടാരത്തിൽ നിന്നും അൽപ്പം അകലെയായി മറ്റൊരു കൊട്ടാരത്തിൽ താമസിക്കുന്ന തന്റെ മുത്തശ്ശിയും രാജമാതാവുമായ റാണി രത്ന രാജ്യലക്ഷ്മീദേവിയെ കൂട്ടിക്കൊണ്ടു വരാനായി പുറപ്പെട്ടു. രാജമാതാവിനോട് ദീപേന്ദ്ര രാജകുമാരന് അങ്ങേയറ്റം സ്നേഹവും ബഹുമാനവുമായിരുന്നു.



പുറമേ എല്ലാം ശാന്തമായിരുന്നെങ്കിലും ദീപേന്ദ്ര രാജകുമാരന്റെ ഉള്ളിൽ കുറച്ചു കാലമായി ചില സംഘർഷങ്ങൾ കൊടുമ്പിരി കൊണ്ടിരുന്നു. തന്റെ കാമുകിയും റാണാ രാജവംശത്തിലെ ഇളമുറക്കാരിയുമായിരുന്ന ദേവയാനി റാണയുമായുള്ള വിവാഹത്തിന് രാജകുടുംബത്തിൽ നിന്നുള്ള ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നതാണ് സംഘർഷങ്ങൾക്ക് കാരണം. പാരമ്പര്യത്തിലും വംശമഹിമയിലും കർശ്ശനമായ ചിട്ടവട്ടങ്ങൾ പാലിച്ചു പോന്ന ഷാ രാജകുടുംബത്തിന് പല കാരണങ്ങളാലും അസ്വീകാര്യയായിരുന്നു ദേവയാനി. ദീപേന്ദ്ര പലതവണ പരിശ്രമിച്ചിട്ടും രാജകുടുംബത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.

പതിനാറാം നൂറ്റാണ്ടുമുതൽ നേപ്പാളിന്റെ സിംഹാസനത്തിന് അവകാശികളായിരുന്ന ഷാ രാജവംശത്തിന്റെ അധികാരങ്ങളെ ദുർബ്ബലമാക്കിക്കൊണ്ട് 1846 മുതൽ നേപ്പാൾ ഭരിച്ചത് റാണാ രാജവംശമായിരുന്നു. ഷാ രാജാവിന്റെ പദവിക്ക് നാമമാത്രമായ അധികാരങ്ങൾ നൽകിയ റാണാമാർ പ്രധാനമന്ത്രി പദത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും, പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് നേപ്പാൾ ഭരിക്കുകയും ചെയ്തു. അന്നു തുടങ്ങിയ കലഹങ്ങൾ 1951 വരെ നീണ്ടു. 1951 ൽ ഇന്ത്യയുടെ സഹായത്തോടെ ഷാ വംശത്തിലെ ത്രിഭുവൻ രാജാവ് രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുത്തു. അവസാന റാണാ പ്രധാനമന്ത്രിയായിരുന്ന മോഹൻ ഷംഷേർ ജന്ഗ് ബഹാദൂർ റാണയെ അധികാരത്തിൽ നിന്നും നിഷ്കാസനം ചെയ്തായിരുന്നു ത്രിഭുവൻ അധികാരത്തിൽ എത്തിയത്. ഇതേ മോഹൻ ബഹാദൂർ റാണയുടെ പ്രപൗത്രിയായ ദേവയാനി റാണയുമായുള്ള ബന്ധം അതുകൊണ്ട് തന്നെ രാജകുടുംബത്തിന് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. രാജമാതാവിനായിരുന്നു ഇക്കാര്യത്തിൽ കൂടുതൽ അസംതൃപ്തി. ദേവയാനിക്ക് ഒരു ആൺകുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല എന്ന് കൊട്ടാരം ജ്യോതിഷിയുടെ സഹായത്തോടെ ദീപേന്ദ്രയെ വിശ്വസിപ്പിക്കാൻ രാജമാതാവ് ശ്രമിച്ചിരുന്നു. ഇത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ദീപേന്ദ്രയുടെ അലവൻസുകൾ റദ്ദാക്കുമെന്ന ഭീഷണിയാണ് രാജകുടുംബം പിന്നീട് പയറ്റിയത്. ഇതോടെ രാജകുമാരൻ അൽപ്പം ഒന്നയഞ്ഞുവെങ്കിലും ദേവയാനിയുമായുള്ള ബന്ധം രഹസ്യമായി തുടർന്നു പോന്നു. അവസരം കിട്ടുമ്പോഴൊക്കെ കുടുംബാംഗങ്ങളുടെ മനസ്സുമാറ്റാനും അയാൾ പരിശ്രമിച്ചിരുന്നു.

രാജമാതാവിനേയും കൂട്ടി തിരിച്ചെത്തിയ ദീപേന്ദ്ര നേരെ വിരുന്ന് നടക്കുന്ന ഹാളിലേക്ക് പോയി. അന്നേ ദിവസം വൈകിട്ട് ദേവയാനിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടയിൽ ഇരുവരും വിവാഹ കാര്യത്തെ ചൊല്ലി കലഹിച്ചിരുന്നു. വിവാഹം അനന്തമായി നീണ്ടുപോകുന്നതും കുടുംബത്തിന്റെ അനുവാദം ലഭിക്കാത്തതും ദീപേന്ദ്രയുടെ കഴിവുകേടാണെന്ന് ദേവയാനി ആരോപിച്ചിരുന്നു.

ഉള്ളിൽ ഉരുണ്ടു കൂടുന്ന സംഘർഷങ്ങൾക്കിടയിൽ കണക്കില്ലാതെ മദ്യവും മറ്റു ലഹരിവസ്തുക്കളും അകത്താക്കിയ ദീപേന്ദ്രയുടെ പെരുമാറ്റം ഏകദേശം ഒരു ഉന്മാദാവസ്ഥയിൽ എത്തിയപ്പോൾ രാജകുമാരനെ കുടുംബാംഗങ്ങൾ നിർബ്ബന്ധപൂർവ്വം അദ്ദേഹത്തിന്റെ വിശ്രമ മുറിയിലേക്ക് കൊണ്ടുപോയി. പ്രത്യക്ഷത്തിൽ തീരെ അവശനായി കാണപ്പെട്ട ദീപേന്ദ്ര ഒരുപക്ഷേ ഉന്മാദം അഭിനയിക്കുകയാണോ എന്നുപോലും ചില ബന്ധുക്കൾ സംശയിച്ചു.

(കിടപ്പുമുറിയിൽ വച്ച് രാജകുമാരന്റെ ഗൺ ബെൽറ്റ് നീക്കം ചെയ്യാൻ പരിചാരകർ തുനിഞ്ഞപ്പോൾ താൻ ഇന്ന് ആയുധമൊന്നും എടുത്തിട്ടില്ല എന്ന് ദീപേന്ദ്ര പറഞ്ഞതായി ദീപേന്ദ്രയുടെ സഹോദരീ ഭർത്താവ് കുമാർ ഗൊരഖ് പിന്നീട് മൊഴിനൽകി. കുമാർ ഗൊരഖും , പാരസ് രാജകുമാരനുമായിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്).

ഏറെക്കുറെ അവശനായിരുന്ന ദീപേന്ദ്രയെ വിശ്രമിക്കാൻ വിട്ടിട്ട് ബന്ധുക്കളും പരിചാരകരും മടങ്ങിപ്പോയി. ഏകദേശം ഇതേസമയം തന്നെ ദേവയാനി റാണ ദീപേന്ദ്രയെ ഫോണിൽ വിളിച്ചു. മുൻകൂട്ടി നിശ്ചയിച്ച ഡിന്നർ പരിപാടിയിൽ പങ്കെടുക്കാൻ ദീപേന്ദ്ര എത്താതിരുന്നതിന്റെ കാരണം തിരക്കാനാണ് ദേവയാനി വിളിച്ചത്. അർദ്ധ ബോധാവസ്ഥയിലായിരുന്ന ദീപേന്ദ്ര അവ്യക്തമായി എന്തോ പറഞ്ഞതിനുശേഷം ഫോൺ കട്ട് ചെയ്തു. തുടർന്നുള്ള കോളുകൾ ദീപേന്ദ്ര അറ്റന്റ് ചെയ്യാതിരുന്നതോടുകൂടി കൊട്ടാരത്തിലെ ഓട്ടോമാറ്റിക് സിസ്റ്റം അനുസരിച്ച് കോൾ സെക്യൂരിറ്റി കൺട്രോൾ റൂമിലേക്ക് കണക്ടുചെയ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരോട് ദേവയാനി വിവരങ്ങൾ ആരാഞ്ഞു. ദീപേന്ദ്രക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടാകാമെന്നും ഒന്നു പോയി സ്ഥിതിഗതികൾ എന്താണെന്ന് നോക്കാനും ദേവയാനി അവരോട് ആവശ്യപ്പെട്ടു. എന്നാൽ വിവരം തിരക്കാനെത്തിയ പരിചാരകരോട് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ദീപേന്ദ്ര മടക്കി അയച്ചു.



ഇതേസമയം വിരുന്ന് സൽക്കാരം നടക്കുന്ന ഹാളിന് അൽപ്പം അകലെ രാജമാതാവിന്റെ വിശ്രമ മുറിയിൽ മഹാരാജാ ബീരേന്ദ്ര ബിക്രം ഷായും പത്നി ഐശ്വര്യ രാജ്യലക്ഷ്മി ദേവിയും ഏതാനും ബന്ധുക്കളോടൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്നു. രാജകുമാരന്റെ അവസ്ഥ പരിചാരകർ രാജാവിനെ അറിയിച്ചു.

മദ്യത്തോടൊപ്പം കൂടിയ അളവിൽ മറ്റു ലഹരി പദാർത്ഥങ്ങളും അകത്തു ചെന്നതോടുകൂടി ദീപേന്ദ്ര രാജകുമാരന്റെ പെരുമാറ്റത്തിൽ നാടകീയമായ മാറ്റങ്ങൾ സംഭവിച്ചു. മാനസിക സമ്മർദം അതിജീവിക്കാനുള്ള സ്വതവേയുള്ള ബലഹീനത കൂടിയായപ്പോൾ രാജകുമാരന്റെ സമചിത്തത ഏകദേശം നഷ്ടപ്പെട്ട അവസ്ഥയിലായി.

നന്നേ ചെറുപ്പത്തിൽ തന്നെ തോക്കുകൾ ദീപേന്ദ്രക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങളായിരുന്നു. തന്റെ എട്ടാം പിറന്നാളിന് സമ്മാനമായി ലഭിച്ച ആദ്യ പിസ്റ്റൾ മുതൽ തുടർന്ന് കിട്ടിയ എല്ലാ തോക്കുകളും രാജകുമാരൻ ശേഖരിച്ച് പോന്നു. പോരാത്തതിന് യുവരാജാവ് എന്ന അധികാരം ഉപയോഗിച്ച് കൊട്ടാരത്തിലെ ആയുധപ്പുരയിൽ എപ്പോൾ വേണമെങ്കിലും കയറുവാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. തോക്കുകൾ സ്വന്തമായി രൂപകൽപ്പന ചെയ്യുന്നതിലും അവ പരീക്ഷിക്കുന്നതും കുമാരൻ ഹരം കണ്ടെത്തി. രാത്രിയിൽ കൊട്ടാരത്തിലെ മട്ടുപ്പാവിൽ നിന്നുകൊണ്ട് പക്ഷികളെ വെടിവെച്ചിടുന്നത് ദീപേന്ദ്രയുടെ സ്ഥിരം പരിപാടിയായിരുന്നതിനാൽ അസ്സമയത്തുള്ള ഒറ്റപ്പെട്ട വെടിയൊച്ചകൾ പലപ്പോഴും സുരക്ഷാ ഭടന്മാർ അവഗണിക്കാറായിരുന്നു പതിവ്.

സമയം ഏകദേശം രാത്രി 8:50. ദീപേന്ദ്ര തന്റെ വിശ്രമ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഒരു മിലിട്ടറി യൂണിഫോമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. കൈയ്യിൽ ഭാരമേറിയ ഷൂട്ടിംഗ് കിറ്റും കരുതിയിരുന്നു. രാജകുമാരൻ പതിവുപോലെ പക്ഷിവേട്ടക്ക് ഇറങ്ങിയതാവാം എന്ന വിശ്വാസത്തിൽ പരിചാരകർ കൂടെ പോകാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ദീപേന്ദ്ര അവരെ ഒഴിവാക്കി.

ആസന്നമായൊരു ദുരന്തത്തിന്റെ യാതൊരു സൂചനയുമില്ലാതിരുന്ന രാജകുടുംബാംഗങ്ങളും അഥിതികളും പാർട്ടി ഹാളിൽ വിരുന്ന് സൽക്കാരം ആസ്വദിക്കുകയായിരുന്നു. അതിനാൽ തന്നെ വാതിൽ തള്ളിത്തുറന്ന് ദീപേന്ദ്ര അകത്തേക്ക് പ്രവേശിച്ചത് പെട്ടെന്ന് ആരും ശ്രദ്ധിച്ചില്ല. തികച്ചും അസാധാരണമായ ഒരു വേഷത്തിൽ കയ്യിൽ ഒരു SPAS -12 സെമി ഓട്ടോമാറ്റിക് റൈഫിളുമായി കയറിവന്ന ദീപേന്ദ്ര നേരെ പോയത് തന്റെ പിതാവും നേപ്പാളിന്റെ മഹാരാജാവുമായ ബീരേന്ദ്ര ബിക്രം ഷായുടെ നേർക്കാണ്. അതിഥികളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന രാജാവിന്റെ നേരെ ദീപേന്ദ്ര നിറയൊഴിച്ചു. എന്താണ് സംഭവിച്ചത് എന്ന് മറ്റുള്ളവർക്ക് മനസ്സിലാവുന്നതിനു മുൻപേ ദീപേന്ദ്ര റൈഫിൾ അവിടെ ഉപേക്ഷിച്ച് പുറത്തേക്ക് പോയി. സംഭവിച്ചത് ഒരു അപകടമായിരിക്കാമെന്നും മഹാരാജാവിന് അബദ്ധത്തിൽ വെടിയേറ്റതാകാമെന്നും ഉള്ള വിശ്വാസത്തിലായിരുന്നു അതിഥികളിൽ പലരും. അല്ലാതെ ഇത്തരം ഒരു പാതകം ചെയ്യേണ്ടുന്നതിന്റെ ആവശ്യം രാജകുമാരന് ഉണ്ടാകില്ലല്ലോ. എല്ലാവരും വേഗം രാജാവിന്റെ അടുത്തേക്ക് ഓടി, അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ആരംഭിച്ചു. ഇതിനിടയിൽ പുറത്തേക്ക് പോയ ദീപേന്ദ്ര ഒരു M-16 ഓട്ടോമാറ്റിക് റൈഫിളുമായി മടങ്ങിയെത്തി. ഇത്തവണ അദ്ദേഹത്തിന്റെ നീക്കങ്ങൾ കൃത്യവും ചടുലവുമായിരുന്നു. രക്തം വാർന്ന് മരണത്തോട് മല്ലടിച്ചു കിടക്കുന്ന തന്റെ പിതാവിന്റെ നേർക്ക് ദീപേന്ദ്ര വീണ്ടും വെടിയുതിർത്തു. തടയാൻ ശ്രമിച്ച തന്റെ ഇളയച്ഛനായ ധീരേന്ദ്രയുടെ നേർക്കും തുരുതുരാ വെടിയുതിർത്തു. ലോകം നടുങ്ങിയ ഒരു കൂട്ടക്കൊലയുടെ തുടക്കം അവിടെ നിന്നായിരുന്നു.

ബീരേന്ദ്ര രാജാവിന്റെ സഹോദരീ ഭർത്താവായ കുമാർ ഖഡ്ഗയായിരുന്നു ദീപേന്ദ്രയുടെ അടുത്ത ഇര. നെഞ്ചിൽ തുരുതുരാ വെടിയേറ്റു കുമാർ ഖഡ്ഗ തൽക്ഷണം മരിച്ചു. ഭർത്താവിന് വെടിയേൽക്കുന്നത് തടയാൻ ശ്രമിച്ച ശാരദാ രാജകുമാരിയും ദീപേന്ദ്രയുടെ തോക്കിന് ഇരയായി. തന്റെ സഹോദരീ ഭർത്താവായ കുമാർ ഗോരഖിന്റെ നേർക്കാണ് ദീപേന്ദ്ര പിന്നീട് നിറയൊഴിച്ചത്. മുഖത്തും കയ്യിലും വെടിയേറ്റ് കുമാർ ഒരു സോഫായിലേക്ക് വീണു. ഇതിനിടയിലേക്ക് ഓടിയെത്തി തന്റെ ഭർത്താവിന് വെടിയേൽക്കുന്നത് തടയാൻ ശ്രമിച്ച ശ്രുതി രാജകുമാരിയുടെ (ബീരേന്ദ്ര രാജാവിന്റെയും ഐശ്വര്യ രാജ്ഞിയുടേയും മകൾ, ദീപേന്ദ്രയുടെ സഹോദരി) നേർക്കും ദീപേന്ദ്ര നിർദ്ദയം നിറയൊഴിച്ചു. മാരകമായി പരിക്കേറ്റ ശ്രുതി രാജകുമാരി തന്റെ ഭർത്താവിന്റെ മുകളിലേക്ക് വീണു.

ഇതേസമയം മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന ബീരേന്ദ്ര രാജാവ് അവിടെ കിടന്നിരുന്ന ഒരു MP5 സബ് മെഷീൻ ഗൺ (ദീപേന്ദ്ര പാർട്ടി ഹാളിൽ ഉപേക്ഷിച്ചത്) എത്തിയെടുത്ത് തന്റെ മകന്റെ നേർക്ക് നിറയൊഴിക്കാൻ ശ്രമിച്ചു. കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിനും ബാക്കിയുള്ളവരെയെങ്കിലും രക്ഷിക്കുന്നതിനുമുള്ള അവസാന ശ്രമം എന്ന നിലക്കാണ് രാജാവ് അതിനു ശ്രമിച്ചതെങ്കിലും ബീരേന്ദ്ര രാജാവിന്റെ മറ്റൊരു സഹോദരിയായ ഷോവ ഷാഹി (PrincessShova Shahi) അതിൽ നിന്നും രാജാവിനെ പിന്തിരിപ്പിച്ചു. തോക്ക് പിടിച്ചു വാങ്ങിയ അവർ അതിന്റെ മാഗസിൻ തട്ടിയെറിഞ്ഞു. ഇതുകണ്ട് പാഞ്ഞെത്തിയ ദീപേന്ദ്ര ഇരുവർക്കും നേരെ തുരുതുരാ വെടിയുതിർത്തു. ശരീരത്തിൽ ഒമ്പത് വെടിയുണ്ടകൾ തറച്ചെങ്കിലും ഷോവ രാജകുമാരി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.

ഇതേസമയം വിരുന്ന് സൽക്കാരം നടക്കുന്ന ഹാളിന്റെ ഭാഗത്തു നിന്നും വെടിയൊച്ചകൾ കേട്ടത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഭടന്മാർ കൊട്ടാരം ലക്ഷ്യമാക്കി ഓടി. എന്നാൽ സുരക്ഷാ വാതിലുകൾ ഭേദിച്ച് അകത്തു കടക്കുന്നതിലുള്ള പാളിച്ച അവരുടെ നീക്കങ്ങൾ ഏതാനും മിനിറ്റുകളെങ്കിലും വൈകിപ്പിച്ചു.

ദീപേന്ദ്രയുടെ അടുത്ത ഇര കോമൾ രാജകുമാരിയായിരുന്നു. (ബീരേന്ദ്ര രാജാവിന്റെ അനുജൻ ഗ്യാനേന്ദ്രയുടെ ഭാര്യ). ബന്ധുവായ ശാന്തി രാജ കുമാരിയോടൊപ്പം ഒരു സോഫായിൽ ഇരിക്കുകയായിരുന്ന അവരുടെ നേരെ ദീപേന്ദ്ര വെടിയുതിർത്തു. നെഞ്ചിൽ ഒരു തവണ വെടിയേറ്റെങ്കിലും കോമൾ രാജകുമാരി രക്ഷപ്പെട്ടു. എന്നാൽ ഉദരത്തിൽ മാരകമായി പരിക്കേറ്റ ശാന്തി രാജകുമാരി തൽക്ഷണം മരിച്ചു. തൊട്ടടുത്തായി ഭയന്നു വിറച്ച് തന്റെ മൊബൈൽ ഫോണിൽ ആരെയോ സഹായത്തിനു വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ജയന്തി രാജകുമാരിയെയും സഹോദരി കേതകി രാജകുമാരിയേയും (ബീരേന്ദ്ര രാജാവിന്റെ കസിൻ) ദീപേന്ദ്ര ആക്രമിച്ചെങ്കിലും കേതകി പരിക്കുകളോടെ രക്ഷപ്പെട്ടു.

തലങ്ങും വിലങ്ങും ചീറിപ്പായുന്ന വെടിയുണ്ടകളിൽ നിന്നും കുട്ടികളേയും മുതിർന്ന അംഗങ്ങളേയും രക്ഷിക്കുന്നതിനായി ഹാളിന്റെ ഒരു മൂലയിൽ മറിച്ചിട്ട ഒരു സോഫയുടെ പിന്നിൽ അഭയം തേടിയ പാരസ് രാജകുമാരന്റെ നേർക്കാണ് ദീപേന്ദ്ര പിന്നീട് തോക്ക് ചൂണ്ടിയത്. എന്നാൽ സമ പ്രായക്കാരനും കളിത്തോഴനുമായിരുന്ന പാരസിന് നേരെ നിറയൊഴിക്കാൻ എന്തുകൊണ്ടോ ദീപേന്ദ്രയ്ക്ക് മനസ്സുവന്നില്ല. അയാൾ ഒന്നും മിണ്ടാതെ തോക്കുമായി പുറത്തേക്ക് പോയി. ഏകദേശം ഇതേ സമയം തന്നെ സുരക്ഷാ വാതിലുകൾ ഭേദിച്ച് ഗാർഡുകൾ ഹാളിലേക്ക് പാഞ്ഞെത്തി..

പുറത്തേക്ക് പോയ ദീപേന്ദ്രയെ മാതാവ് ഐശ്വര്യ രാജ്ഞിയും ഇളയ മകൻ നിരഞ്ജനും പിന്തുടർന്നിരുന്നു. എന്തിന് ഈ കൊടും പാതകം ചെയ്തെന്നും പിതാവിന്റെ നേർക്ക് നിറയൊഴിക്കാൻ എങ്ങനെ മനസ്സുവന്നെന്നും അവർ അവർ ദീപേന്ദ്രയോട് ചോദിച്ചു. ആയുധം ഉപേക്ഷിച്ച് അക്രമങ്ങളിൽ നിന്നും പിൻതിരിയാനുള്ള അവരുടെ ആവർത്തിച്ചുള്ള അപേക്ഷയ്ക്ക് വെടിയുണ്ടകൾ കൊണ്ടാണ് ദീപേന്ദ്ര പ്രതികരിച്ചത്. മാരകമായി പരിക്കേറ്റ ഇരുവരും ഉദ്യാനത്തിലെ നടപ്പാതയിൽ പിടഞ്ഞു വീണു. ഏതാനും വാര നടന്നതിനു ശേഷം ദീപേന്ദ്ര രാജകുമാരൻ തന്റെ പിസ്റ്റൾ വലിച്ചെടുത്ത് സ്വന്തം ശിരസ്സിലേക്ക് നിറയൊഴിച്ചു. തലയോട്ടിയിൽ ഒരു ദ്വാരം അവശേഷിപ്പിച്ചു കൊണ്ട് വെടിയുണ്ട പുറത്തേക്ക് പോയി. ഓടിയെത്തിയ സുരക്ഷാ ഭടന്മാർ വീണു കിടന്നിരുന്ന എല്ലാവരേയും വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ബീരേന്ദ്ര രാജാവിന്റെ ശരീരത്തിൽ ജീവന്റെ നേരിയ തുടിപ്പ് ബാക്കിയുണ്ടായിരുന്നെങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി.

അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ട ദീപേന്ദ്ര രാജകുമാരൻ തന്റെ പിതാവിന്റെ നിര്യാണത്തോടെ നേപ്പാളിന്റെ അടുത്ത രാജാവായി അവരോധിക്കപ്പെട്ടു. എന്നാൽ മൂന്ന് ദിവസത്തിനുശേഷം 2001 ജൂൺ നാലിന് അബോധാവസ്ഥയിൽ തന്നെ അദ്ദേഹവും മരണത്തിനു കീഴടങ്ങി. നിയമപ്രകാരമുള്ള അടുത്ത അവകാശിയും ബീരേന്ദ്ര രാജാവിന്റെ അനുജനുമായ പ്രിൻസ് ഗ്യാനേന്ദ്ര നേപ്പാളിന്റെ അടുത്ത രാജാവായി സ്വയം അവരോധിതനായി. ബീരേന്ദ്ര രാജാവും ഐശ്വര്യ രാജ്ഞിയുമുൾപ്പെടെ 10 പേരാണ് ജൂൺ ഒന്നാം തീയ്യതി നടന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത്.



കൊല്ലപ്പെട്ടവർ: ബീരേന്ദ്ര രാജാവ്, ഐശ്വര്യ രാജ്ഞി, ദീപേന്ദ്ര രാജകുമാരൻ – (ബീരേന്ദ്ര രാജാവിന്റെയും ഐശ്വര്യ രാജ്ഞിയുടെയും പുത്രൻ), നിരഞ്ജൻ രാജകുമാരൻ – (ബീരേന്ദ്ര രാജാവിന്റെയും ഐശ്വര്യ രാജ്ഞിയുടെയും പുത്രൻ), ശ്രുതി രാജകുമാരി – ബീരേന്ദ്രരാജാവിന്റെയും രാജ്ഞിയുടെയും ഒരേയൊരു പുത്രി, ധീരേന്ദ്ര രാജകുമാരൻ – ബിരേന്ദ്ര രാജാവിന്റെ സഹോദരൻ, ശാന്തി രാജകുമാരി, ബീരേന്ദ്ര രാജാവിന്റെ സഹോദരി, ശാരദ രാജകുമാരി, ബീരേന്ദ്ര രാജാവിന്റെ സഹോദരി, കുമാർ ഖഡ്ഗ, ശാരദ രാജകുമാരിയുടെ ഭർത്താവ്, ജയന്തി രാജകുമാരി, ബീരേന്ദ്ര രാജാവിന്റെ ഫസ്റ്റ് കസിൻ.

പരിക്കേറ്റവർ : ഷോവ രാജകുമാരി, (ബീരേന്ദ്ര രാജാവിന്റെ സഹോദരി), കുമാർ ഗോരഖ്, (ശ്രുതി രാജകുമാരിയുടെ ഭർത്താവ്), കോമൾ രാജകുമാരി, (ഗ്യാനേന്ദ്രയുടെ ഭാര്യയും ഭാവിയിലെയും അവസാനത്തെയും നേപ്പാൾ രാജ്ഞി), മിസിസ് കെതകി ചെസ്റ്റർ, (ബീരേന്ദ്ര രാജാവിന്റെ ഫസ്റ്റ് കസിൻ). രാജകുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട സംഭവത്തിൽ കൊട്ടാരം വൃത്തങ്ങളുടെ ആദ്യ പ്രതികരണം വിചിത്രമായിരുന്നു. ഒരു ഓട്ടോമാറ്റിക് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്നായിരുന്നു ഗ്യാനേന്ദ്ര രാജകുമാരൻ പത്രക്കുറിപ്പിൽ പ്രസ്താവിച്ചത്. എന്നാൽ തികച്ചും സാങ്കേതിക കാരണങ്ങളാലാണ് അങ്ങനെ പറയേണ്ടി വന്നത് എന്നും, ഒരു പക്ഷെ ദീപേന്ദ്ര അപകടനില തരണം ചെയ്ത് രാജാവായി അധികാരമേൽക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മേൽ കൊലപാതക കുറ്റം ആരോപിക്കാൻ നിയമപരമായി കഴില്ല എന്നും ഉള്ളതുകൊണ്ടാണ് അത്തരമൊരു വിശദീകരണം നൽകിയതെന്ന് ഗ്യാനേന്ദ്ര പിന്നീട് വിശദീകരിച്ചു.

പിറ്റേന്ന് നേരം പുലർന്നതോടുകൂടി വാർത്ത കാട്ടുതീ പോലെ പടർന്നു. തങ്ങളുടെ പ്രിയപ്പെട്ട രാജാവിന്റെയും കുടുംബത്തിന്റേയും മരണം ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു. അവർ കൂട്ടം കൂട്ടമായി തെരുവിലിറങ്ങി. പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും സൈന്യത്തിനും നന്നേ പാടുപെടേണ്ടി വന്നു. രാജകുടുംബത്തിന്റെ ശവസംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ജൂൺ 2 ശനിയാഴ്ച വൈകുന്നേരം പശുപതി ഘട്ടിൽ വച്ച് നടത്തപ്പെട്ടു.

സംഭവം നടന്ന് അധികം വൈകാതെ തന്നെ സംഭവത്തെ പറ്റി അന്വേഷിക്കാൻ നേപ്പാൾ സൂപ്രീം കോടതി ചീഫ് ജസ്റ്റിസായ കേശവ് പ്രസാദ് ഉപാദ്യായയും നേപ്പാൾ പ്രതിനിധി സഭാ സ്പീക്കറായ താരാനാഥ് റാണാഭട്ടും ഉൾപ്പെട്ട ഒരു രണ്ടംഗ കമ്മീഷൻ നിയോഗിക്കപ്പെട്ടു. ദൃക്സാക്ഷികൾ, പരിചാരകർ, സുരക്ഷാ ഭടന്മാർ എന്നിങ്ങനെ നൂറോളം പേരുടെ മൊഴികൾ രേഖപ്പെടുത്തിയ അന്വേഷണ സംഘം കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ദീപേന്ദ്രയുടെ മേൽ ചുമത്തി. വിവാഹത്തിന് കുടുംബാംഗങ്ങൾ എതിർപ്പ് നിന്നതാണ് രാജകുമാരനെ പ്രകോപിപ്പിച്ചത് എന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ നേപ്പാളിലെ ജനസമൂഹം ഈ റിപ്പോർട്ട് പാടേ തള്ളിക്കളഞ്ഞു. ദീപേന്ദ്ര ഒരിക്കലും ഇത്തരമൊരു നീച പ്രവർത്തി ചെയ്യില്ല എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. വേണ്ടിവന്നാൽ തന്റെ പ്രണയിനിക്കുവേണ്ടി കിരീടാവകാശം പോലും ഉപേക്ഷിക്കാൻ അയാൾക്ക് മടിയുണ്ടായിരുന്നില്ല എന്നാണ് ദീപേന്ദ്രയെ അടുത്തറിയാവുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.



ഭൂരിപക്ഷം നേപ്പാൾ പൗരന്മാരും ഈ സംഭവത്തിൽ പഴിചാരുന്നത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ RAW യേയും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം CIA യുമാണ്. ഡൽഹി ഉടമ്പടി പ്രകാരം സൈനിക കാര്യങ്ങളിൽ നേപ്പാളിനുമൽ നിലനിന്നിരുന്ന ഇന്ത്യയുടെ നിയന്ത്രണങ്ങൾ മറികടക്കാൻ ബീരേന്ദ്ര ശ്രമിച്ചതാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യയോട് അങ്ങേയറ്റം കൂറും കടപ്പാടും പ്രകടിപ്പിച്ചിരുന്ന ബീരേന്ദ്ര രാജാവിനെ നിഷ്കാസനം ചെയ്ത് നേപ്പാളിൽ ഒരു ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ ഇന്ത്യ തുനിയില്ല എന്ന ശക്തമായ എതിർ വാദവും നിലവിലുണ്ട്.

രണ്ടാമത്തെ തിയറി ഗ്യാനേന്ദ്ര രാജകുമാരനേയും കുടുംബത്തേയും ചുറ്റിപ്പറ്റിയാണ്. ബീരേന്ദ്ര രാജാവും രണ്ടു പുത്രന്മാരും സഹോദരനായ ധീരേന്ദ്രയും കൊല്ലപ്പെട്ടതോടുകൂടി ഗ്യാനേന്ദ്ര നേപ്പാളിന്റെ സിംഹാസനത്തിൽ സ്വയം അവരോധിക്കപ്പെട്ടു. കൂട്ടക്കൊല നടക്കുമ്പോൾ ഗ്യാനേന്ദ്ര പൊഖാറയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. ഗ്യാനേന്ദ്രയുടെ ഭാര്യയായ കോമൾ രാജകുമാരിക്ക് വെടിയേറ്റെങ്കിലും അവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതല്ലാതെ ആ കുടുംബത്തിലെ മറ്റാർക്കും അന്ന് അപകടം പറ്റിയില്ല. ഇതാണ് സംശയത്തിന്റെ മുന ഗ്യാനേന്ദ്രയുടേയും കുടുംബത്തിന്റേയും നേരെ തിരിയുന്നത്. ജനങ്ങൾക്ക് താരതമ്യേന അനഭിമതരായിരുന്ന ഗ്യാനേന്ദ്രയ്ക്കും മകൻ പാരസിനും സിംഹാസനത്തിന്മേൽ മോഹമുണ്ടായിരുന്നു എന്ന ആരോപണവുമുണ്ട്. ഈ കൂട്ടക്കൊലയോടുകൂടി നേട്ടമുണ്ടായതും ഇവർക്ക് തന്നെ.

കൂട്ടക്കൊല നടന്ന് പതിനേഴ് വർഷം പൂർത്തിയായിട്ടും സംഭവത്തിനു പിന്നിലെ രഹസ്യം ഇന്നും നിഗൂഢമായി നിലനിൽക്കുന്നു.

ചെ' മരിച്ചില്ലായിരുന്നുവെങ്കിൽ



'ചെ' മരിച്ചില്ലായിരുന്നുവെങ്കിൽ
...............................................................

ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെഗുവേരയെക്കുറിച്ചുള്ള ഒരു വിവരണം ഈ ഗ്രൂപ്പിൽ വായിച്ചിരുന്നു. ലോകമെങ്ങുമുള്ള ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ഉത്തേജകവും ആവേശവുമാണ് ചെ .സാമ്രാജ്യത്വ വിരുദ്ധത ,തൊഴിലാളി വർഗ്ഗത്തിന്റെ ഏകീകരണം തുടങ്ങിയവയാണ് ലോകത്ത് കമ്യൂണിസ്റ്റ് ആശയങ്ങൾ പിന്തുടരുന്നവരുടെ പ്രഥമ ലക്ഷ്യം.റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിനും ലാറ്റിൻ അമേരിക്കയിലെയും യൂറോപ്പിലെയും അനവധി സമരങ്ങൾക്കും ശേഷം ലോകത്ത് ഒട്ടേറെ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റ് ഭരണം സ്വീകരിച്ചിരുന്നു. രാജവാഴ്ചയിലും ഏകാധിപത്യത്തിലും വശം കെട്ടിരുന്ന ലോക ജനതക്ക് സോഷ്യലിസ്റ്റ് ആശയങ്ങൾ പുതിയ പ്രതീക്ഷകൾ പകർന്നു. ലാറ്റിൻ അമേരിക്കയിൽ കാസ്ട്രോയുടെയും സൈമൺ ബൊളീവറുടെയും ചെ യുടെയും കീഴിൽ അണിനിരന്ന ജനങ്ങൾ ഏകാധിപത്യത്തെ തൂത്തെറിഞ്ഞ് സോഷ്യലിസ്റ്റ് ഭരണക്രമം കൊണ്ടു വന്നപ്പോൾ ലെനിന്റെയും മാവോ സേതുങ്ങിന്റെയും നേതൃത്വത്തിൽ ഏഷ്യയിലും അത്തരം അട്ടിമറികൾ കണ്ടുതുടങ്ങി. രാഷ്ട്രത്തിലെ സ്വത്തു മുഴുവൻ സർക്കാരിന്, സ്വകാര്യ സ്വത്തുസമ്പാദനം പാടില്ല തുടങ്ങി അനവധി നിയന്ത്രണങ്ങൾ ഏർപെടുത്തിയിരുന്ന ഈ ഭരണ വ്യവസ്ഥ അധികം വൈകാതെ തകരുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. യൂറോപ്പിലെ ഒട്ടുമിക്ക രാഷ്ട്രങ്ങളും കമ്യൂണിസം ഉപേക്ഷിച്ച് ജനാധിപത്യം സ്വീകരിച്ചു. സോവിയറ്റ് യൂണിയൻ ഭിന്നിച്ചു പേരിൽ മാത്രമായി അവിടെ കമ്മ്യൂണിസം. നൂറ്റിമുപ്പത് കോടി ജനങ്ങളുള്ള ചൈനയിൽ 89 ലക്ഷമാണ് പാർടി അംഗത്വം. ഇന്ന് ലോകത്ത് അവശേഷിക്കുന്ന അഞ്ച് കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങൾ വിയറ്റ്നാം, ലാവോസ്, ക്യൂബ, ചൈന, ഉത്തര കൊറിയ എന്നിവയാണ്.കൂടാതെ നേപ്പാൾ ,വെനസ്വേല, ഇക്വഡോർ എന്നിവിടങ്ങളിലും ഇടതു സർക്കാരാണ് ഭരിക്കുന്നത്. ഈ രാജ്യങ്ങളിൽ നടക്കുന്ന കമ്മ്യൂണിസവും മാർക്സ് വിഭാവനം ചെയ്ത കമ്മ്യൂണിസവും തമ്മിൽ അലുവയും ഉലുവയും പോലെ വ്യത്യാസമുണ്ട് .കമ്മ്യൂണിസത്തിന്റെ ഈ പതനത്തിന് കാരണമെന്ത് ? ചെ മരിച്ചില്ലായിരുന്നുവെങ്കിൽ ഇന്നാരാകുമായിരുന്നു?
ചെ യുടെ സമാനപശ്ചാത്തലമുള്ള ,ചെ യെപ്പോലെ ഉയർന്നു വന്ന മറ്റൊരു ലാറ്റിൻ അമേരിക്കന് നേതാവിന്റെ ജീവിതത്തിലൂടെ നമുക്കത് കണ്ടറിയാo .

ലാറ്റിൻ അമേരിക്കയിലെ ഒരു രാഷ്ട്രമാണ് വെനസ്വേല. ലോകത്തേറ്റവും കൂടുതൽ പെട്രോളിയം നിക്ഷേപമുള്ള രാജ്യം ,എണ്ണയുൽപാദക രാഷ്ട്രങ്ങളുടെ സംഘടനയായ o pec സ്ഥാപകാംഗം. എല്ലാറ്റിലുമുപരി ഐക്യരാഷ്ട്ര സംഘടനയുടെ സമ്മേളനത്തിൽ വെച്ച് ജോർജ് ബുഷിനെ ചെകുത്താൻ എന്ന് വിശേഷിപ്പിച്ച വിപ്ലവനായകൻ ഹ്യൂഗോ ഷാവേസിന്റെ നാട് .സാധാരണ ഗതിയിൽ പെട്രോളിയം കയറ്റുമതി തന്നെ മതി ഒരു രാജ്യത്തിന് സമ്പന്നമാവാൻ. എന്നാൽ ഏതു നിമിഷവും പാപ്പരാകാവുന്ന അവസ്ഥയിലാണ് .അമേരിക്കയെ വെല്ലുവിളിച്ച കമ്യൂണിസ്റ്റ് നായകൻ ഹ്യൂഗോ ഷാവേസിന്റെ നാട് ഇന്ന് അഭ്യന്തര കലാപത്തിൽ പെട്ട് തകരുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്.2012 ൽ 5.2 ശതമാനം വളർച്ച നേടിയ രാജ്യം കഴിഞ്ഞ വർഷം നെഗറ്റീവ് വളർച്ചയിലേക്ക് കൂപ്പുകുത്തി.
ഷാവേസിന്റെ മരണശേഷം പിൻഗാമിയായിയെത്തിയ നിക്കൊളാസ് മഡുറൊ രാഷ്ട്രത്തലവനെന്ന നിലയിൽ ദയനീയ പരാജയമാണെന്ന് കാലം ചെല്ലുന്തോറും തെളിയിച്ചു കൊണ്ടിരിക്കുന്നു. ആഗോളതലത്തിൽ എണ്ണവില കുത്തനെ ഇടിഞ്ഞതോടെ പണപ്പെരുപ്പവും തൊഴിലില്ലാമനിരക്കു കുതിച്ചു കയറി .ഇന്ന് ലോകത്തിൽ ജീവിക്കാൻ ഏറ്റവും ദു:സ്സഹമായ രാഷ്ട്രമാണ് വെനസ്വേല.
കയറ്റുമതിയുടെ 95 ശതമാനവും പെട്രോളിയം ഉൽപന്നങ്ങളായതാണ് വെനസ്വേലക്ക് വിനയായതെന്ന് പറയാം. എണ്ണ വിലയിടിഞ്ഞതോടെ വരുമാനം ശോഷിച്ചു .പ്രസിഡന്റ് മഡുറൊ രാജ്യത്ത് സാമ്പത്തിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ലോകത്ത് ഏറ്റവും കുറഞ്ഞവിലയിൽ പെട്രോൾ വിറ്റിരുന്ന വെഗമോ ഇനിയത് ഉയർത്താതെ നിർവ്വാഹമില്ലെന്ന് മനസ്സിലാക്കി. സാധനങ്ങൾ വാങ്ങാൻ ചാക്കുകെട്ടിൽ പണം കൊണ്ടു പോകേണ്ട അവസ്ഥയാണിപ്പോൾ. വരുമാനം നോക്കാതെ ജനക്ഷേമ പ്രവർത്തനങ്ങൾക്കു പണം ചിലവഴിച്ചതും തകർച്ചയുടെ ആക്കം കൂട്ടി.ഷാവേസിന്റെ മരണത്തിനു ശേഷമാണ് തങ്ങൾ എത്ര വലിയ തകർച്ചയിലാണെന്ന് വെനസ്വേലൻ ജനത അറിഞ്ഞത്.
ഷാവേസിന്റെ മരണം പൊതു സ്ഥലത്തുവെച്ച് നഗ്നാക്കപ്പെട്ട അവസ്ഥയിലാണ് രാജ്യത്തെ എത്തിച്ചത്.
ഷാവേസിന്റെ പിൻഗാമി മഡുറൊയുടെ നയപരാജയം മറ്റാരു കാരണം. മികച്ച എണ്ണ ശുദ്ധികരണ ശാലകൾ സ്ഥാപിക്കാത്തതുമൂലം എണ്ണ ശുദ്ധീകരണത്തിന് കൂടുതൽ പണം ചിലവഴിക്കേണ്ടി വന്നു. സൗദി അറേബ്യ യേക്കാൾ ഇരട്ടി ചെലവിൽ. പണം തീർന്നപ്പോൾ തുരുതുരാ നോട്ടടിച്ചിറക്കി ഫലമോ കറൻസിയുടെ മൂല്യം 93 ശതമാനം ഇടിഞ്ഞു.
രാജ്യത് ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയു രൂക്ഷമായതോടെ ജനങ്ങൾ തെരുവിലിറങ്ങി. പ്രതിഷേം കനത്തു.പ്രതിപക്ഷ നേതാക്കൾ ജയിലിലായി. പ്രതിഷേധം നടക്കുന്നതിനിടെ മഡുറൊ തിരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം കിട്ടിയതായി പ്രഖ്യാപിച്ചു.മഡുറൊ ഏകാധിപതിയെപ്പോലെ പെരുമാറുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി. രൂക്ഷമായ ഭക്ഷ്യക്ഷാമത്തിൽ നട്ടം തിരിഞ്ഞ ജനങ്ങളെ തകർത്തു കൊണ്ട് മഡുറൊ സാമ്പത്തികാടി യന്തരാവസ്ഥ പ്രഖ്യാപിച്ചു. പൗരന്മാർ കൃഷിയിടങ്ങളിൽ തൊഴിലെടുക്കാൻ നിർബന്ധിതരായി.ഇതിനിടെ തലസ്ഥാനമായ കാരക്കാസിലെ തടവറയിൽ നാൽപതോളം തടവുപുള്ളികൾ മൂന്ന് സഹതടവുകാരെ കൊന്ന് ദക്ഷിച്ചതായി റിപ്പോർട്ട് ചെയ്തു.
ദാരിദ്ര്യത്തിൽ പൊറുതിമുട്ടിയ പത്ത് ലക്ഷത്തോളം ജനങ്ങൾ തലസ്ഥാനത്ത് വെച്ച് മാർച്ച് നടത്തി. പോലീസ് വെടിവെപ്പ് നടന്നു.
ഇതിനിടെ മഡുറൊ ഭരണ ഘടന തിരുത്താൻ ശ്രമം തുടങ്ങി. പാർലമെന്റിന്റെ അധികാരങ്ങൾ എടുത്തുകളഞ്ഞ ശേഷം വരാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഒഴിവാക്കാൻ ശ്രമം തുടങ്ങി. പ്രതിഷേധം കനത്തു. ഷാവേസിന്റെയും മഡുറൊയുടെയും പ്രതിമകൾ ജനം തകർത്തു.സൈനിക മേധാവിക ൾ രാജിവെച്ചു. ഭരണഘടന തിരുത്തുന്നതിനെതിരെ എതിർത്ത അറ്റോർണി ജനറലിനെ പുറത്താക്കി. ഭരണഘടനാ സമിതി തിരഞ്ഞ ടുപ്പിൽ എല്ലാ സർക്കാർ ഉദ്യോഗസ്ഥരും വോട്ടു ചെയ്യണമെന്നും ഓരോരുത്തരും പത്തുപേരെ കൂടി വോട്ട് ചെയ്യിക്കണമെന്നും മഡുറൊ കൽപിച്ചു.അമേരിക്കയുൾപ്പെടയുള്ള രാജ്യങ്ങളുടെ പിന്തുണയോടെ മഡുറൊയെ താഴെയിറക്കാനാണ് പ്രതിഷേധക്കാർ ശ്രമിക്കുന്നത്.
ഇവിടെ മുകളിൽ എഞ്ഞ വെനസ്വേലയുടെ ഉദാഹരണത്തിൽ നിന്ന് ചെ ജീവിച്ചിരുന്നെങ്കിൽ മഡുറൊയെപ്പോലെ ഒരേ കാധിപതിയാകാൻ സാധ്യതയുണ്ടായിരുന്നു. ഭൂപ്രഭുക്കളിൽ നിന്നും ജന്മിമാരിൽ നിന്നും അധികാരം പിടിച്ചെടുത്ത കമ്മ്യൂണിസ്റ്റ് നേതാക്കൾ സോച്ഛാധിപതികളാവുന്ന കാഴ്ചയാണ് നാം കണ്ടത്.
ഹിറ്റ്ലർ കൊന്നതിന്റെ എത്രയോ ഇരട്ടി സ്റ്റാലിൻ കൊന്നു റഷ്യയിൽ ഇന്നും ഒരു കോടി സ്ത്രീകൾക്ക് കെട്ടാൻ പുരുഷ മാരില്ല. ഭൂപ്രഭുക്കളെന്നാരോപിച്ച് ഒന്നരക്കോടിയോളം പേരെ മാവോയും കൂട്ടരും കൊന്നു. ഉത്തര കൊറിയയുടെ കാര്യം പറയണ്ടല്ലോ, മനുഷ്യവിസർജ്യത്തിൽ നിന്നു കൃഷി ചെയ്ത ചോളമാണ് അവിടുത്തെ പട്ടാളക്കാരുടെ ഭക്ഷണം .
ഇവിടെ ഇ ന്ദരാഗാന്ധിയെ 1977ൽ അട്ടിമറിച്ചതും ഡൽഹിയിൽ കേജരിവാൾ മോദിയെ 67 -3 ന് തകർത്തതും നാം കണ്ടു. എന്നാൽ കാസ്ട്രോ ജീവിതകാലം മൊത്തം ഭരിച്ചു ,ചൈനയിലും റഷ്യയാലുമൊന്നുo തിരഞ്ഞെടുപ്പു പോയിട്ട് പ്രതിപക്ഷം പോലുമില്ല.
വളരെ അപകടം പിടിച്ച ഒരു പുതിയ അധികാര വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് ഇവിടങ്ങളിൽ കമ്മ്യൂണിസം ചെയ്തത് ...

ഈയൊരവസരത്തിൽ ആദ്യം ചോദിച്ച ചോദ്യം ഞാൻ വീണ്ടും ആവർത്തിക്കുന്നു

'ചെ' മരിച്ചില്ലായിരുന്നെങ്കിൽ ..?

വംശീയത എന്ന ഇറാഖിന്റെ തീരാ തലവേദന



വംശീയത എന്ന ഇറാഖിന്റെ തീരാ തലവേദന

***************************************
പ്രാചീന കാലത്ത് മെസപ്പൊട്ടോമിയ എന്നായിരുന്നു ഇറാഖ് അറിയപ്പെട്ടിരുന്നത്. 1958ൽ റിപ്പബ്ലിക്കായി.എണ്ണ സമ്പന്നമായിരുന്ന ഈ രാജ്യം പക്ഷേ 1980-88 വരെ നടന്ന ഇറാൻ യുദ്ധത്തോടെ വികസന മുരടിപ്പ് നേരിടാൻ തുടങ്ങി. പശ്ചിമേഷ്യയിലെയും ആഫ്രിക്കയിലെയും പല രാജ്യങ്ങളും പോലെ വംശീയ സംഘർഷവും ഇറാഖിന് പുതുമയല്ല. വംശീയ ആധിപത്യത്തിൽ അകപ്പെട്ടപ്പോഴെല്ലാം ഏറ്റുമുട്ടലുകളും കൂട്ടക്കൊലകളും ഇറാഖിൽ നടമാടിയിട്ടുണ്ട്. സദ്ദാം ഹുസൈന്റെ മരണത്തോടെ കൈവന്ന രാഷ്ട്രീയ അസ്ഥിരത ഇതിന്റെ ആക്കം കൂട്ടിയെന്നു മാത്രം .
അമേരിക്കയുടെ പിന്തുണയോടെ സദ്ദാമിനെ അധികാരത്തിൽ നിന്നും പുറത്താക്കിയ ഷിയാ നേതാവ് നൂറി അൽ മാലിക്കിയായിരുന്നു 2006 മുതൽ ഇറാഖിലെ പ്രധാനമന്ത്രി .ഇറാഖ് യുദ്ധവും സദ്ദാം വധവും കഴിഞ്ഞ് അമേരിക്ക ഇറാഖ് വിട്ടതോടെ മാലിക്കിയുടെ കൈകളിലായി അധികാരം .ഭരണത്തിൽ തങ്ങൾ അവഗണിക്കപ്പെടുന്നതായി സുന്നികൾക്കിടയിലുണ്ടായ വികാരം ഇക്കാലത്ത് കൂടുതൽ ശക്തമായി. ഇവരുടെ പ്രതിഷേധം ആദ്യം അതിരുവിട്ടത് അറബ് വസന്തം എന്ന പേരിൽ വിളിക്കപ്പെട്ട പ്രക്ഷോഭങ്ങളിലൂടെയായിരുന്നു. അയൽ രാജ്യമായ സിറിയയിൽ സുന്നി വിഭാഗത്തിനുള്ള മേൽക്കൈ ഇറാഖിലെ ആഭ്യന്തര സംഘർഷത്തിന് വളമിട്ടു .ISIL എന്ന തീവ്രവാദ സംഘടനയുടെ കൈകളിൽ അക്രമത്തിന്റെ കടിഞ്ഞാൺ വന്നതോടെ യുദ്ധത്തിന്റെ മുഖം കൂടുതൽ ഭീകരമായി.

20 14 ജൂൺ ആദ്യം സുന്നി തീവ്രവാദ ഗ്രൂപ്പായ Isl L ന്റെ നേതൃത്യത്തിൽ ഇറാഖ് സൈന്യത്തോട് ഏറ്റ് മുട്ടിയതോടെ യാണ് ഇറാഖ് വീണ്ടും യുദ്ധഭൂമിയായത് .ഒരു മാസം കൊണ്ടു തന്നെ 2500 പേർ കൊലപ്പെട്ട ഇന്നുവരെയായി ലക്ഷങ്ങളുടെ ജീവനപഹരിച്ചു .തന്ത്രപ്രധാന കേന്ദ്രങ്ങളും എണ്ണപ്പാടങ്ങളും അധീനതയിലാക്കിയ വിമതർ സദ്ദാമിന്ദ്ധ ശിക്ഷ വിധിച്ച ജഡ്ജിയെയും വധിച്ചു.
ഇറാഖിലെയും സിറിയയിലെയും മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങൾ വിമതർ ഇസ്ലാമിക് സ്റ്റേറ്റ് ആയി പ്രഖ്യാപിച്ചു .I s നേതാവ് അബൂബക്കർ ബാഗ്ദാദിയെ ഖലീഫയാക്കി . അമേരിക്ക 60 കോടി രൂപ തലക്ക് വിലയിട്ട ബാഗ്ദാദിയുണ്ട നേതൃത്വത്തിൽ സംഘർഷം പുതിയ തലത്തിലെത്തി .വിമത കേന്ദ്രങ്ങൾ തിരിച്ചു പിടിക്കാൻ ഇറാഖി സേന പോരാട്ടം തുടങ്ങിയതോടെ 12 ലക്ഷം പേർ ഇറാഖ് വിട്ടു.ഇതിനിടെ ഇറാഖിലെ കുർദിഷ് പ്രദേശത്തും സുന്നി സേന കടന്നു കയറി .
ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദികൾക്കു നേരെയും ക്രൂരമായി ആക്രമണമുണ്ടായി .തുടർന്ന് സിൻജാർ മലകളിലേക്ക് പലായനം ചെയ്ത യസീദികളെ അവിടെ വച്ച് കൂട്ടബലാൽസംഗം ചെയ്തു. മതം മാറാൻ വിസമ്മതിച്ചവരെ കൂട്ടക്കൊല നടത്തി.
വൈകാതെ ഇടപ്പെട്ട അമേരിക്ക വ്യോമാക്രമണവും നയതന്ത്ര ചർച്ചയും ആരംഭിച്ചു. സുന്നി ഷിയ കുർദിഷ് സംയുക്ത ഗവൺമെന്റ് ആവശ്യപ്പെട്ട അമേരിക്ക പ്രധാനമന്ത്രി മാലിക്കിയെ രാജി വെപ്പിക്കുകയും ചെയ്തു.
അപ്പോ ഴേക്കും പൂർണ്ണമായി ഭീകരപ്രവർത്തനത്തിലേക്ക് മാറിയ Iട അൽഖൊയ്ദ യെക്കാൾ പതിന്മടങ്ങ് ശക്തരാണന്ന് സായിപ്പിന് മനസ്സിലായി .തുടർന്ന് നടന്ന കൂട്ടകൊലകളും അതിനതിരെ NATo യുടെ നേതൃത്വത്തിൽ നടക്കുന്ന ബോംബാക്രമണവും ടൈഗ്രിസ് നദിയുടെ തീരത്തെ ഇന്നും രക്തവർണമാക്കിത്തീർത്തിരിക്കുന്നു ....
കടപ്പാട് .. മാതൃഭൂമി


മണ്ണാപ്പേടി പുലപ്പേടി


തിരുവിതാംകൂർ രാജാവായിരുന്ന മാർത്താണ്ഡവർമ നിർമ്മിച്ച പദ്മനാഭപുരം കൊട്ടാരം ഏഷ്യയിലെ തന്നെ പൂർണമായും തടിയിൽ നിർമിക്കപ്പെട്ട ഏറ്റവും വലിയ കെട്ടിടസമുച്ചയങ്ങളിൽ ഒന്നാണ്. കൊട്ടാരത്തിലെ ശില്പങ്ങളും തടിയിലെ കൊത്തുപണികളും കണ്ടു നടക്കുകയായിരുന്നു. കൂടുതൽ ചരിത്രപരമായ രേഖകളും തെളിവുകളും സൂക്ഷിച്ചുകൊണ്ട് അടുത്തുതന്നെ കൊട്ടാര മ്യൂസിയവും പ്രവർത്തിക്കുന്നുണ്ട്. മ്യൂസിയത്തിനകത്ത് കണ്ട ഒരു വലിയ ശിലയും അതിൽ കൊത്തിവെച്ച എഴുത്തുകളും ഇതുവരെ കേട്ടിട്ടില്ലാത്ത ചില ആചാര വിശ്വാസങ്ങൾ തിരുവിതാംകൂറിൽ നിലനിന്നിരുന്നു എന്നതിനു തെളിവാണ്.

"കുന്നിവായാഴം നിന്‍ട്ര കൊല്ലം 871 മാണ്ട് തൈമാസം 25 ാം തീയതി വീരകേരള വര്‍മ്മ ചറവാ മൂത്ത തമ്പിരാന്‍ കല്‍ക്കുളത്ത് എഴുന്നുള്ള ഇരുന്നരുളി കല്പിത്ത പടിക്ക് രണ്ട് വക മഹാജനവും കൂടി കല്പിത്ത മൊഴിയാവത്. തോവാളയ്ക്കു മേയ്ക്കും കണ്ണേറ്റിക്കു കിഴക്കും കടലിനും മലൈയ്ക്കും അകത്ത് അകപ്പെട്ട നാട്ടില്‍ പുലപ്പേടിയും മണ്ണാപേടിയും ഇല്ല എന്ന് തമ്പുരാന്‍ "

പണ്ട് തിരുവിതാംകൂറിൽ നിലനിന്നിരുന്ന ദുരാചാരമായ മണ്ണാപ്പേടി പുലപ്പേടി എന്നിവ നിർത്തലാക്കി കൊണ്ട് വീരകേരളവർമ്മ ചിറാവ മൂത്തവർ ക്രിസ്തുവര്‍ഷം 1696 ഇൽ (കൊവ :871 ). തമിഴ് ഭാഷയിൽ സ്ഥാപിച്ച ശിലാശാസനമാണിത്. അങ്ങനെ രണ്ട് ആചാരങ്ങളെപ്പറ്റി ആദ്യമായി കേൾക്കുകമായിരുന്നു. എന്താണീ 'പുലപ്പേടി, മണ്ണാപ്പേടി' എന്നറിയാനുള്ള ആകാംഷയിൽ ഇന്‍റര്‍നെറ്റിൽ തിരിഞ്ഞപ്പോൾ കിട്ടിയത് കൗതുകമുണർത്തുന്ന വിവരങ്ങളാണ്.

ഇതു പേടിച്ച് ഇക്കാലയളവിൽ സവർണ സ്ത്രീകൾ വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നില്ലത്രേ

ഒരുകാലത്ത് തിരുവിതാംകൂരിൽ നിലനിന്നിരുന്ന സാമൂഹിക ആചാരമായിരുന്നത്രെ പുലപ്പേടിയും മണ്ണാപ്പേടിയും. പുലയ സമുദായത്തിലെയും മണ്ണാൻ സമുദായത്തിലെയും പുരുഷന്മാർക്ക് ഒരു പ്രത്യേക മാസം രാത്രികാലങ്ങളിൽ വീടിനു പുറത്തിറങ്ങുന്ന നായർ സ്ത്രീകളെ തൊട്ടു സ്വന്തമാക്കാൻ കഴിഞ്ഞിരുന്നുവത്രേ. പുരുഷന്മാർ തൊടുകയോ കല്ലോ കമ്പോ ഉപയോഗിച്ച് എറിഞ്ഞു കൊള്ളിക്കുകയോ ചെയ്തിട്ട് 'കണ്ടേ കണ്ടേ' എന്ന് ഉച്ചത്തിൽ വിളിച്ചു പറഞ്ഞാൽ ആ സ്ത്രീ സ്വസമുദായത്തിൽ നിന്നു ഭ്രഷ്ടയാവുകയും ആ പുരുഷന്‍റെ കൂടെ പോകേണ്ടി വരികയും ചെയ്യുന്നു. ഇതു പേടിച്ച് ഇക്കാലയളവിൽ സവർണ സ്ത്രീകൾ വീടിന് പുറത്തിറങ്ങാറുണ്ടായിരുന്നില്ലത്രേ. പുരുഷന്‍റെ അനുവാദമില്ലാതെ സ്തീകൾ രാത്രിയിൽ പുറത്തു പോകുന്നതു തടയാനായി എടുത്ത തീരുമാനം ഒരു ആചാരമായി മാറിയതാവാം എന്നു തോന്നാം. കേരളം സന്ദർശിച്ച മദ്ധ്യകാലസഞ്ചാരികൾ മുതൽ പലരും വർണ്ണിച്ച ആചാരമായിരുന്നു ഇത്. പക്ഷെ, ഇതിൽ അത്ഭുതപ്പെടുത്തിയ രണ്ടു കാര്യങ്ങൾ ഉണ്ട്. അങ്ങനെ അന്യപുരുഷന്‍റെ കൂടെ പോകാൻ മടിക്കുന്ന സ്ത്രീകളെ ബന്ധുക്കൾ തന്നെ കൊന്നുകളയുമായിരുന്നു എന്നതാണ്‌ ഒന്ന്. മറ്റൊന്ന് ഈ ആചാരം നിർത്തലാക്കിയ യുവരാജാവായ വീരകേരളവർമയെ നായർ പടയാളികൾ തന്നെ വെട്ടികൊലപ്പെടുത്തിയതാണ്. എന്തുകൊണ്ടായിരിക്കും അങ്ങനെ സംഭവിച്ചിട്ടുണ്ടാകുക?

പുലപ്പേടി മണ്ണാപ്പേടി എന്നിവയെപ്പറ്റി ഒർണ കൃഷ്ണൻകുട്ടി വ്യത്യസ്തമായ ഒരു വീക്ഷണം മുന്നോട്ട് വെക്കുന്നുണ്ട്. അടിസ്ഥാന വര്‍ഗ്ഗമായ പുലയരില്‍ നിന്നും മറ്റു സാമുദായികജാതി സമ്പ്രദായങ്ങളിലേ ക്കുള്ള പരിവര്‍ത്തനത്തിന്റെ ഒരേടാണിതെന്നു അദ്ദേഹം പറയുന്നു. പ്രാചീന ബാബിലോണിയായിലെ സൂര്യദേവന്‍റെ ക്ഷേത്രത്തില്‍ വച്ച് പുതുവത്സര നാളുകളില്‍ അവിവാഹിതകള്‍ക്ക് പരപുരുഷന്മാരുമായി ശരീരീകബന്ധം നടത്താമായിരുന്നു. ഇതുപോലെ തന്നെയാണ് കേരളത്തില്‍ നിലനിന്ന പുലപ്പേടിയും. ഇവിടെ പുലപ്പേടി ഓണക്കാലത്തായിരുന്നുവെന്ന് 'ഓണത്തിന്‍റെ ചരിത്രം' എന്ന ഗ്രന്ഥത്തില്‍ ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍ (പേജ് 103) പറയുന്നു. ഒരു നായര്‍ തരുണിയെ ഒരു പുലയന്‍ തൊടുകയാണെങ്കില്‍ ആ വിവരം വിളിച്ചു പറഞ്ഞിട്ടവള്‍ പുലയന്‍റെ കൂടെ ഓടി പോകുന്നു. തനിക്ക് ഇഷ്ടപ്പെടുന്നവന്‍റെ കൂടെ ഓടി പോകാന്‍ പല നായര്‍ സ്ത്രീകളും ഈ അവസരം ഉപയോഗപ്പെടുത്തിയിട്ടുണ്ടെന്നും തുടര്‍ന്നു രേഖപ്പെടുത്തിയിരിക്കുന്നു.


ഈ മാസം കൂടാതെ പടയണികള്‍ സന്ദര്‍ശിക്കാന്‍ ചെല്ലുന്ന നായര്‍ സ്ത്രീകളെ കഴിയുമെങ്കില്‍ പിടിച്ചുകൊണ്ടുപോകുന്നതിനുള്ള അവകാശം പുലയര്‍ക്കുണ്ടായിരുന്നു. നായന്മാരും പുലയരും യോജിച്ച് നടത്തിയിരുന്ന ഒരു ചടങ്ങായിരുന്നു ഇതെന്നും, നാടുവാഴികളുടെ അംഗീകാരം ഇതിനായി കൊടുത്തിരുന്നുവത്രേ!

മഴപെയ്യാനും, നല്ല വിളവുണ്ടാകാനും ഈ ആചാരം വച്ചു പുലര്‍ത്തേണ്ടതാവശ്യമാണെന്ന വിശ്വാസവുമുണ്ടായിരുന്നു

കേരളത്തിലെ നായർ സമൂഹം അടിസ്ഥാന വർഗങ്ങളിൽ നിന്നും രൂപം കൊണ്ടതാണ് എന്നൊരു വാദം പല ചരിത്രകാരന്മാരും ഉന്നയിക്കുന്നുണ്ട്.
കര്‍ഷകരില്‍ നിന്നു ആയുധാഭ്യാസവും നേതൃത്വഗുണവുമുള്ളവരെ തെരഞ്ഞെടുത്ത് ഭരണാധികാരി സ്ഥാനങ്ങള്‍ നേടിയവരാണ് നായര്‍ എന്ന് പിന്‍കാലത്ത് അറിയപ്പെട്ടത് എന്നതാണ് ആ വാദം. അങ്ങനെയെങ്കില്‍ രണ്ടുജാതികളില്‍ ഉള്‍പ്പെട്ട് ജാതി വിലക്കുകള്‍ വന്നുകയറിയപ്പോള്‍ മുറച്ചെറുക്കന്‍ മുറപ്പെണ്ണിനെ വിളിച്ചുകൊണ്ടു പോകുന്നത്ര ലഘുവത്വമല്ലേ പുലപ്പേടിക്കും മണ്ണാപ്പേടിക്കും ഉണ്ടായിരുന്നുള്ളൂ? എ.ഡി 15 മുതല്‍ 17 വരെയുള്ള നൂറ്റാണ്ടുകളിലെ ചരിത്രം പരിശോധിച്ചാല്‍ പേടി സമ്പ്രദായം ദുരാചാരമായിരുന്നില്ല എന്നു തോന്നാം.

ഇതിനെ തുടര്‍ന്നു കുംഭം, മീനം മാസങ്ങളില്‍ നായര്‍ സ്ത്രീകളെ തനിച്ച് എപ്പോള്‍ കണ്ടാലും പുലയര്‍ക്ക് പിടിച്ചുകൊണ്ടുപോകാനുള്ള അവകാശമുണ്ടെന്ന ധാരണ കൂടിവന്നു. മഴപെയ്യാനും, നല്ല വിളവുണ്ടാകാനും ഈ ആചാരം വച്ചു പുലര്‍ത്തേണ്ടതാവശ്യമാണെന്ന വിശ്വാസവും കാലാന്തരത്തില്‍ വന്നു ചേര്‍ന്നു. പുലപ്പേടി, മണ്ണാപ്പേടി തുടങ്ങിയ ആചാരങ്ങള്‍ കടത്തനാട്ടിലും നിലനിന്നിരുന്നതായി വടക്കന്‍ പാട്ടുകള്‍ സാക്ഷ്യം വഹിക്കുന്നുണ്ട്. കനകത്ത് കുങ്കിച്ചിയും പുലയരും എന്ന പാട്ടില്‍ കനകത്ത് കുങ്കിച്ചിയെ പുലയര്‍ അടയ്ക്ക കൊണ്ട് എറിയുന്നതും അതിന്‍റെ പേരില്‍ അവള്‍ ജാതിയില്‍ നിന്നും ഭ്രഷ്ടയാകുന്നതും വ്യക്തമാകുന്നുണ്ട്. അവള്‍ പുലയനോടൊപ്പം പോകാന്‍ തയ്യാറാകാതെ ഒരു മാപ്പിളയുടെ കൂടെ പോയതായിട്ടാണ് പാട്ടില്‍ പറയുന്നത്.

നിരോധനം ലംഘിച്ച് പുലപ്പേടി തുടര്‍ന്നാല്‍ പുലയരെ വധിക്കാന്‍ സഹോദരന്മാരായ ചെറിയ കേയിയുടേയും വലിയ കേയിയുടേയും നേതൃത്വത്തിലുള്ള ഒരു കൊലയാളി സംഘത്തെ കേരള വര്‍മ്മ ചുമതലപ്പെടുത്തി. ഈ പേരില്‍ പലയിടത്തും സംഘട്ടനമുണ്ടായി. കാളിപ്പേരാള്‍ എന്ന കളരിയാശാന്റെ നേതൃത്വത്തില്‍ പുലയ സംഘങ്ങള്‍ ഇവരെ കൊന്നൊടുക്കി. ത്രിസന്ധ്യാ സമയത്ത് തിരുവനന്തപുരത്തെ പുല്ലിക്കോട്ടു കൊട്ടാരത്തിന്റെ തെക്കേ മുറ്റത്ത് വച്ച് നായന്മാര്‍ സംഘം ചേര്‍ന്ന് കേരള വര്‍മ്മയെയും വെട്ടി കൊന്നു.

തുടർന്ന് പുലപ്പേടി കൊല്ലം വേണാട് മുഴുവന്‍ ബാധകമാക്കി.

(കടപ്പാട്: പദ്മനാഭപുരം പാലസ് മ്യൂസിയം ചരിത്ര രേഖകൾ,പുലപ്പേടി-ഒർണ കൃഷ്ണൻകുട്ടി,വിക്കിപ്പീഡിയ)


Search This Blog