Tuesday, 6 November 2018
ലോകത്തെ ഞെട്ടിച്ച് നേപ്പാൾ രാജകുടുംബത്തിന്‍റെ കൂട്ടക്കൊല
ലോകത്തെ ഞെട്ടിച്ച് നേപ്പാൾ രാജകുടുംബത്തിന്‍റെ കൂട്ടക്കൊല
കടപ്പാട്:ആനവണ്ടി ട്രാവൽ ബ്ലോഗ്
ലേഖനം എഴുതിയത് – സുജിത്ത് കുമാര്‍.
2001 ജൂൺ ഒന്നാം തീയ്യതി വെള്ളിയാഴ്ച. നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവിലുള്ള നാരയൺഹിതി കൊട്ടാരം. സമയം രാത്രി എട്ടു മണിയോട് അടുത്തിരുന്നു. എല്ലാ മാസവും ഒന്നാമത്തേയും മൂന്നാമത്തേയും വെള്ളിയാഴ്ചകളിൽ നടത്തിവരാറുള്ള കുടുംബ സംഗമത്തോട് അനുബന്ധിച്ചുള്ള വിരുന്ന് സൽക്കാരം നടന്നുകൊണ്ടിരിക്കുന്നു. രാജകുടുംബാംഗങ്ങളും അടുത്ത അടുത്ത ബന്ധുക്കളും മാത്രം പങ്കെടുക്കുന്ന വിരുന്നിന്റെ അന്നത്തെ സംഘാടകൻ നേപ്പാളിന്റെ യുവരാജാവും കിരീടാവകാശിയുമായ ദീപേന്ദ്ര ബീർ വിക്രം ഷാ രാജകുമാരനായിരുന്നു.
അതിഥികൾ ഓരോരുത്തരായി എത്തിക്കൊണ്ടിരുന്നു. ദീപേന്ദ്ര അവരെയെല്ലാം സ്വീകരിച്ചിരുത്തിയശേഷം കൊട്ടാരത്തിൽ നിന്നും അൽപ്പം അകലെയായി മറ്റൊരു കൊട്ടാരത്തിൽ താമസിക്കുന്ന തന്റെ മുത്തശ്ശിയും രാജമാതാവുമായ റാണി രത്ന രാജ്യലക്ഷ്മീദേവിയെ കൂട്ടിക്കൊണ്ടു വരാനായി പുറപ്പെട്ടു. രാജമാതാവിനോട് ദീപേന്ദ്ര രാജകുമാരന് അങ്ങേയറ്റം സ്നേഹവും ബഹുമാനവുമായിരുന്നു.
പുറമേ എല്ലാം ശാന്തമായിരുന്നെങ്കിലും ദീപേന്ദ്ര രാജകുമാരന്റെ ഉള്ളിൽ കുറച്ചു കാലമായി ചില സംഘർഷങ്ങൾ കൊടുമ്പിരി കൊണ്ടിരുന്നു. തന്റെ കാമുകിയും റാണാ രാജവംശത്തിലെ ഇളമുറക്കാരിയുമായിരുന്ന ദേവയാനി റാണയുമായുള്ള വിവാഹത്തിന് രാജകുടുംബത്തിൽ നിന്നുള്ള ശക്തമായ എതിർപ്പ് നേരിടേണ്ടിവന്നതാണ് സംഘർഷങ്ങൾക്ക് കാരണം. പാരമ്പര്യത്തിലും വംശമഹിമയിലും കർശ്ശനമായ ചിട്ടവട്ടങ്ങൾ പാലിച്ചു പോന്ന ഷാ രാജകുടുംബത്തിന് പല കാരണങ്ങളാലും അസ്വീകാര്യയായിരുന്നു ദേവയാനി. ദീപേന്ദ്ര പലതവണ പരിശ്രമിച്ചിട്ടും രാജകുടുംബത്തിന്റെ തീരുമാനത്തിൽ മാറ്റമുണ്ടായില്ല.
പതിനാറാം നൂറ്റാണ്ടുമുതൽ നേപ്പാളിന്റെ സിംഹാസനത്തിന് അവകാശികളായിരുന്ന ഷാ രാജവംശത്തിന്റെ അധികാരങ്ങളെ ദുർബ്ബലമാക്കിക്കൊണ്ട് 1846 മുതൽ നേപ്പാൾ ഭരിച്ചത് റാണാ രാജവംശമായിരുന്നു. ഷാ രാജാവിന്റെ പദവിക്ക് നാമമാത്രമായ അധികാരങ്ങൾ നൽകിയ റാണാമാർ പ്രധാനമന്ത്രി പദത്തിന് കൂടുതൽ പ്രാധാന്യം നൽകുകയും, പ്രധാനമന്ത്രി പദത്തിലിരുന്നുകൊണ്ട് നേപ്പാൾ ഭരിക്കുകയും ചെയ്തു. അന്നു തുടങ്ങിയ കലഹങ്ങൾ 1951 വരെ നീണ്ടു. 1951 ൽ ഇന്ത്യയുടെ സഹായത്തോടെ ഷാ വംശത്തിലെ ത്രിഭുവൻ രാജാവ് രാജ്യത്തിന്റെ പരമാധികാരം വീണ്ടെടുത്തു. അവസാന റാണാ പ്രധാനമന്ത്രിയായിരുന്ന മോഹൻ ഷംഷേർ ജന്ഗ് ബഹാദൂർ റാണയെ അധികാരത്തിൽ നിന്നും നിഷ്കാസനം ചെയ്തായിരുന്നു ത്രിഭുവൻ അധികാരത്തിൽ എത്തിയത്. ഇതേ മോഹൻ ബഹാദൂർ റാണയുടെ പ്രപൗത്രിയായ ദേവയാനി റാണയുമായുള്ള ബന്ധം അതുകൊണ്ട് തന്നെ രാജകുടുംബത്തിന് അംഗീകരിക്കാൻ സാധിക്കുമായിരുന്നില്ല. രാജമാതാവിനായിരുന്നു ഇക്കാര്യത്തിൽ കൂടുതൽ അസംതൃപ്തി. ദേവയാനിക്ക് ഒരു ആൺകുഞ്ഞിന് ജന്മം നൽകാൻ കഴിയില്ല എന്ന് കൊട്ടാരം ജ്യോതിഷിയുടെ സഹായത്തോടെ ദീപേന്ദ്രയെ വിശ്വസിപ്പിക്കാൻ രാജമാതാവ് ശ്രമിച്ചിരുന്നു. ഇത് വിശ്വസിക്കാൻ കൂട്ടാക്കാതിരുന്ന ദീപേന്ദ്രയുടെ അലവൻസുകൾ റദ്ദാക്കുമെന്ന ഭീഷണിയാണ് രാജകുടുംബം പിന്നീട് പയറ്റിയത്. ഇതോടെ രാജകുമാരൻ അൽപ്പം ഒന്നയഞ്ഞുവെങ്കിലും ദേവയാനിയുമായുള്ള ബന്ധം രഹസ്യമായി തുടർന്നു പോന്നു. അവസരം കിട്ടുമ്പോഴൊക്കെ കുടുംബാംഗങ്ങളുടെ മനസ്സുമാറ്റാനും അയാൾ പരിശ്രമിച്ചിരുന്നു.
രാജമാതാവിനേയും കൂട്ടി തിരിച്ചെത്തിയ ദീപേന്ദ്ര നേരെ വിരുന്ന് നടക്കുന്ന ഹാളിലേക്ക് പോയി. അന്നേ ദിവസം വൈകിട്ട് ദേവയാനിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനിടയിൽ ഇരുവരും വിവാഹ കാര്യത്തെ ചൊല്ലി കലഹിച്ചിരുന്നു. വിവാഹം അനന്തമായി നീണ്ടുപോകുന്നതും കുടുംബത്തിന്റെ അനുവാദം ലഭിക്കാത്തതും ദീപേന്ദ്രയുടെ കഴിവുകേടാണെന്ന് ദേവയാനി ആരോപിച്ചിരുന്നു.
ഉള്ളിൽ ഉരുണ്ടു കൂടുന്ന സംഘർഷങ്ങൾക്കിടയിൽ കണക്കില്ലാതെ മദ്യവും മറ്റു ലഹരിവസ്തുക്കളും അകത്താക്കിയ ദീപേന്ദ്രയുടെ പെരുമാറ്റം ഏകദേശം ഒരു ഉന്മാദാവസ്ഥയിൽ എത്തിയപ്പോൾ രാജകുമാരനെ കുടുംബാംഗങ്ങൾ നിർബ്ബന്ധപൂർവ്വം അദ്ദേഹത്തിന്റെ വിശ്രമ മുറിയിലേക്ക് കൊണ്ടുപോയി. പ്രത്യക്ഷത്തിൽ തീരെ അവശനായി കാണപ്പെട്ട ദീപേന്ദ്ര ഒരുപക്ഷേ ഉന്മാദം അഭിനയിക്കുകയാണോ എന്നുപോലും ചില ബന്ധുക്കൾ സംശയിച്ചു.
(കിടപ്പുമുറിയിൽ വച്ച് രാജകുമാരന്റെ ഗൺ ബെൽറ്റ് നീക്കം ചെയ്യാൻ പരിചാരകർ തുനിഞ്ഞപ്പോൾ താൻ ഇന്ന് ആയുധമൊന്നും എടുത്തിട്ടില്ല എന്ന് ദീപേന്ദ്ര പറഞ്ഞതായി ദീപേന്ദ്രയുടെ സഹോദരീ ഭർത്താവ് കുമാർ ഗൊരഖ് പിന്നീട് മൊഴിനൽകി. കുമാർ ഗൊരഖും , പാരസ് രാജകുമാരനുമായിരുന്നു ആ സമയത്ത് അവിടെ ഉണ്ടായിരുന്നത്).
ഏറെക്കുറെ അവശനായിരുന്ന ദീപേന്ദ്രയെ വിശ്രമിക്കാൻ വിട്ടിട്ട് ബന്ധുക്കളും പരിചാരകരും മടങ്ങിപ്പോയി. ഏകദേശം ഇതേസമയം തന്നെ ദേവയാനി റാണ ദീപേന്ദ്രയെ ഫോണിൽ വിളിച്ചു. മുൻകൂട്ടി നിശ്ചയിച്ച ഡിന്നർ പരിപാടിയിൽ പങ്കെടുക്കാൻ ദീപേന്ദ്ര എത്താതിരുന്നതിന്റെ കാരണം തിരക്കാനാണ് ദേവയാനി വിളിച്ചത്. അർദ്ധ ബോധാവസ്ഥയിലായിരുന്ന ദീപേന്ദ്ര അവ്യക്തമായി എന്തോ പറഞ്ഞതിനുശേഷം ഫോൺ കട്ട് ചെയ്തു. തുടർന്നുള്ള കോളുകൾ ദീപേന്ദ്ര അറ്റന്റ് ചെയ്യാതിരുന്നതോടുകൂടി കൊട്ടാരത്തിലെ ഓട്ടോമാറ്റിക് സിസ്റ്റം അനുസരിച്ച് കോൾ സെക്യൂരിറ്റി കൺട്രോൾ റൂമിലേക്ക് കണക്ടുചെയ്യപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരോട് ദേവയാനി വിവരങ്ങൾ ആരാഞ്ഞു. ദീപേന്ദ്രക്ക് എന്തോ കുഴപ്പം സംഭവിച്ചിട്ടുണ്ടാകാമെന്നും ഒന്നു പോയി സ്ഥിതിഗതികൾ എന്താണെന്ന് നോക്കാനും ദേവയാനി അവരോട് ആവശ്യപ്പെട്ടു. എന്നാൽ വിവരം തിരക്കാനെത്തിയ പരിചാരകരോട് തനിക്ക് കുഴപ്പമൊന്നുമില്ലെന്ന് പറഞ്ഞ് ദീപേന്ദ്ര മടക്കി അയച്ചു.
ഇതേസമയം വിരുന്ന് സൽക്കാരം നടക്കുന്ന ഹാളിന് അൽപ്പം അകലെ രാജമാതാവിന്റെ വിശ്രമ മുറിയിൽ മഹാരാജാ ബീരേന്ദ്ര ബിക്രം ഷായും പത്നി ഐശ്വര്യ രാജ്യലക്ഷ്മി ദേവിയും ഏതാനും ബന്ധുക്കളോടൊപ്പം സംസാരിച്ചു നിൽക്കുകയായിരുന്നു. രാജകുമാരന്റെ അവസ്ഥ പരിചാരകർ രാജാവിനെ അറിയിച്ചു.
മദ്യത്തോടൊപ്പം കൂടിയ അളവിൽ മറ്റു ലഹരി പദാർത്ഥങ്ങളും അകത്തു ചെന്നതോടുകൂടി ദീപേന്ദ്ര രാജകുമാരന്റെ പെരുമാറ്റത്തിൽ നാടകീയമായ മാറ്റങ്ങൾ സംഭവിച്ചു. മാനസിക സമ്മർദം അതിജീവിക്കാനുള്ള സ്വതവേയുള്ള ബലഹീനത കൂടിയായപ്പോൾ രാജകുമാരന്റെ സമചിത്തത ഏകദേശം നഷ്ടപ്പെട്ട അവസ്ഥയിലായി.
നന്നേ ചെറുപ്പത്തിൽ തന്നെ തോക്കുകൾ ദീപേന്ദ്രക്ക് പ്രിയപ്പെട്ട കളിപ്പാട്ടങ്ങളായിരുന്നു. തന്റെ എട്ടാം പിറന്നാളിന് സമ്മാനമായി ലഭിച്ച ആദ്യ പിസ്റ്റൾ മുതൽ തുടർന്ന് കിട്ടിയ എല്ലാ തോക്കുകളും രാജകുമാരൻ ശേഖരിച്ച് പോന്നു. പോരാത്തതിന് യുവരാജാവ് എന്ന അധികാരം ഉപയോഗിച്ച് കൊട്ടാരത്തിലെ ആയുധപ്പുരയിൽ എപ്പോൾ വേണമെങ്കിലും കയറുവാനും അദ്ദേഹത്തിന് സാധിക്കുമായിരുന്നു. തോക്കുകൾ സ്വന്തമായി രൂപകൽപ്പന ചെയ്യുന്നതിലും അവ പരീക്ഷിക്കുന്നതും കുമാരൻ ഹരം കണ്ടെത്തി. രാത്രിയിൽ കൊട്ടാരത്തിലെ മട്ടുപ്പാവിൽ നിന്നുകൊണ്ട് പക്ഷികളെ വെടിവെച്ചിടുന്നത് ദീപേന്ദ്രയുടെ സ്ഥിരം പരിപാടിയായിരുന്നതിനാൽ അസ്സമയത്തുള്ള ഒറ്റപ്പെട്ട വെടിയൊച്ചകൾ പലപ്പോഴും സുരക്ഷാ ഭടന്മാർ അവഗണിക്കാറായിരുന്നു പതിവ്.
സമയം ഏകദേശം രാത്രി 8:50. ദീപേന്ദ്ര തന്റെ വിശ്രമ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ഒരു മിലിട്ടറി യൂണിഫോമായിരുന്നു അദ്ദേഹം ധരിച്ചിരുന്നത്. കൈയ്യിൽ ഭാരമേറിയ ഷൂട്ടിംഗ് കിറ്റും കരുതിയിരുന്നു. രാജകുമാരൻ പതിവുപോലെ പക്ഷിവേട്ടക്ക് ഇറങ്ങിയതാവാം എന്ന വിശ്വാസത്തിൽ പരിചാരകർ കൂടെ പോകാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും ദീപേന്ദ്ര അവരെ ഒഴിവാക്കി.
ആസന്നമായൊരു ദുരന്തത്തിന്റെ യാതൊരു സൂചനയുമില്ലാതിരുന്ന രാജകുടുംബാംഗങ്ങളും അഥിതികളും പാർട്ടി ഹാളിൽ വിരുന്ന് സൽക്കാരം ആസ്വദിക്കുകയായിരുന്നു. അതിനാൽ തന്നെ വാതിൽ തള്ളിത്തുറന്ന് ദീപേന്ദ്ര അകത്തേക്ക് പ്രവേശിച്ചത് പെട്ടെന്ന് ആരും ശ്രദ്ധിച്ചില്ല. തികച്ചും അസാധാരണമായ ഒരു വേഷത്തിൽ കയ്യിൽ ഒരു SPAS -12 സെമി ഓട്ടോമാറ്റിക് റൈഫിളുമായി കയറിവന്ന ദീപേന്ദ്ര നേരെ പോയത് തന്റെ പിതാവും നേപ്പാളിന്റെ മഹാരാജാവുമായ ബീരേന്ദ്ര ബിക്രം ഷായുടെ നേർക്കാണ്. അതിഥികളുമായി സംസാരിച്ചു നിൽക്കുകയായിരുന്ന രാജാവിന്റെ നേരെ ദീപേന്ദ്ര നിറയൊഴിച്ചു. എന്താണ് സംഭവിച്ചത് എന്ന് മറ്റുള്ളവർക്ക് മനസ്സിലാവുന്നതിനു മുൻപേ ദീപേന്ദ്ര റൈഫിൾ അവിടെ ഉപേക്ഷിച്ച് പുറത്തേക്ക് പോയി. സംഭവിച്ചത് ഒരു അപകടമായിരിക്കാമെന്നും മഹാരാജാവിന് അബദ്ധത്തിൽ വെടിയേറ്റതാകാമെന്നും ഉള്ള വിശ്വാസത്തിലായിരുന്നു അതിഥികളിൽ പലരും. അല്ലാതെ ഇത്തരം ഒരു പാതകം ചെയ്യേണ്ടുന്നതിന്റെ ആവശ്യം രാജകുമാരന് ഉണ്ടാകില്ലല്ലോ. എല്ലാവരും വേഗം രാജാവിന്റെ അടുത്തേക്ക് ഓടി, അദ്ദേഹത്തിന് പ്രാഥമിക ശുശ്രൂഷകൾ നൽകാൻ ആരംഭിച്ചു. ഇതിനിടയിൽ പുറത്തേക്ക് പോയ ദീപേന്ദ്ര ഒരു M-16 ഓട്ടോമാറ്റിക് റൈഫിളുമായി മടങ്ങിയെത്തി. ഇത്തവണ അദ്ദേഹത്തിന്റെ നീക്കങ്ങൾ കൃത്യവും ചടുലവുമായിരുന്നു. രക്തം വാർന്ന് മരണത്തോട് മല്ലടിച്ചു കിടക്കുന്ന തന്റെ പിതാവിന്റെ നേർക്ക് ദീപേന്ദ്ര വീണ്ടും വെടിയുതിർത്തു. തടയാൻ ശ്രമിച്ച തന്റെ ഇളയച്ഛനായ ധീരേന്ദ്രയുടെ നേർക്കും തുരുതുരാ വെടിയുതിർത്തു. ലോകം നടുങ്ങിയ ഒരു കൂട്ടക്കൊലയുടെ തുടക്കം അവിടെ നിന്നായിരുന്നു.
ബീരേന്ദ്ര രാജാവിന്റെ സഹോദരീ ഭർത്താവായ കുമാർ ഖഡ്ഗയായിരുന്നു ദീപേന്ദ്രയുടെ അടുത്ത ഇര. നെഞ്ചിൽ തുരുതുരാ വെടിയേറ്റു കുമാർ ഖഡ്ഗ തൽക്ഷണം മരിച്ചു. ഭർത്താവിന് വെടിയേൽക്കുന്നത് തടയാൻ ശ്രമിച്ച ശാരദാ രാജകുമാരിയും ദീപേന്ദ്രയുടെ തോക്കിന് ഇരയായി. തന്റെ സഹോദരീ ഭർത്താവായ കുമാർ ഗോരഖിന്റെ നേർക്കാണ് ദീപേന്ദ്ര പിന്നീട് നിറയൊഴിച്ചത്. മുഖത്തും കയ്യിലും വെടിയേറ്റ് കുമാർ ഒരു സോഫായിലേക്ക് വീണു. ഇതിനിടയിലേക്ക് ഓടിയെത്തി തന്റെ ഭർത്താവിന് വെടിയേൽക്കുന്നത് തടയാൻ ശ്രമിച്ച ശ്രുതി രാജകുമാരിയുടെ (ബീരേന്ദ്ര രാജാവിന്റെയും ഐശ്വര്യ രാജ്ഞിയുടേയും മകൾ, ദീപേന്ദ്രയുടെ സഹോദരി) നേർക്കും ദീപേന്ദ്ര നിർദ്ദയം നിറയൊഴിച്ചു. മാരകമായി പരിക്കേറ്റ ശ്രുതി രാജകുമാരി തന്റെ ഭർത്താവിന്റെ മുകളിലേക്ക് വീണു.
ഇതേസമയം മരണത്തോട് മല്ലടിച്ചുകൊണ്ടിരുന്ന ബീരേന്ദ്ര രാജാവ് അവിടെ കിടന്നിരുന്ന ഒരു MP5 സബ് മെഷീൻ ഗൺ (ദീപേന്ദ്ര പാർട്ടി ഹാളിൽ ഉപേക്ഷിച്ചത്) എത്തിയെടുത്ത് തന്റെ മകന്റെ നേർക്ക് നിറയൊഴിക്കാൻ ശ്രമിച്ചു. കൂടുതൽ രക്തച്ചൊരിച്ചിൽ ഒഴിവാക്കുന്നതിനും ബാക്കിയുള്ളവരെയെങ്കിലും രക്ഷിക്കുന്നതിനുമുള്ള അവസാന ശ്രമം എന്ന നിലക്കാണ് രാജാവ് അതിനു ശ്രമിച്ചതെങ്കിലും ബീരേന്ദ്ര രാജാവിന്റെ മറ്റൊരു സഹോദരിയായ ഷോവ ഷാഹി (PrincessShova Shahi) അതിൽ നിന്നും രാജാവിനെ പിന്തിരിപ്പിച്ചു. തോക്ക് പിടിച്ചു വാങ്ങിയ അവർ അതിന്റെ മാഗസിൻ തട്ടിയെറിഞ്ഞു. ഇതുകണ്ട് പാഞ്ഞെത്തിയ ദീപേന്ദ്ര ഇരുവർക്കും നേരെ തുരുതുരാ വെടിയുതിർത്തു. ശരീരത്തിൽ ഒമ്പത് വെടിയുണ്ടകൾ തറച്ചെങ്കിലും ഷോവ രാജകുമാരി ഗുരുതരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
ഇതേസമയം വിരുന്ന് സൽക്കാരം നടക്കുന്ന ഹാളിന്റെ ഭാഗത്തു നിന്നും വെടിയൊച്ചകൾ കേട്ടത് ശ്രദ്ധയിൽപ്പെട്ട സുരക്ഷാ ഭടന്മാർ കൊട്ടാരം ലക്ഷ്യമാക്കി ഓടി. എന്നാൽ സുരക്ഷാ വാതിലുകൾ ഭേദിച്ച് അകത്തു കടക്കുന്നതിലുള്ള പാളിച്ച അവരുടെ നീക്കങ്ങൾ ഏതാനും മിനിറ്റുകളെങ്കിലും വൈകിപ്പിച്ചു.
ദീപേന്ദ്രയുടെ അടുത്ത ഇര കോമൾ രാജകുമാരിയായിരുന്നു. (ബീരേന്ദ്ര രാജാവിന്റെ അനുജൻ ഗ്യാനേന്ദ്രയുടെ ഭാര്യ). ബന്ധുവായ ശാന്തി രാജ കുമാരിയോടൊപ്പം ഒരു സോഫായിൽ ഇരിക്കുകയായിരുന്ന അവരുടെ നേരെ ദീപേന്ദ്ര വെടിയുതിർത്തു. നെഞ്ചിൽ ഒരു തവണ വെടിയേറ്റെങ്കിലും കോമൾ രാജകുമാരി രക്ഷപ്പെട്ടു. എന്നാൽ ഉദരത്തിൽ മാരകമായി പരിക്കേറ്റ ശാന്തി രാജകുമാരി തൽക്ഷണം മരിച്ചു. തൊട്ടടുത്തായി ഭയന്നു വിറച്ച് തന്റെ മൊബൈൽ ഫോണിൽ ആരെയോ സഹായത്തിനു വിളിക്കാൻ ശ്രമിച്ചു കൊണ്ടിരുന്ന ജയന്തി രാജകുമാരിയെയും സഹോദരി കേതകി രാജകുമാരിയേയും (ബീരേന്ദ്ര രാജാവിന്റെ കസിൻ) ദീപേന്ദ്ര ആക്രമിച്ചെങ്കിലും കേതകി പരിക്കുകളോടെ രക്ഷപ്പെട്ടു.
തലങ്ങും വിലങ്ങും ചീറിപ്പായുന്ന വെടിയുണ്ടകളിൽ നിന്നും കുട്ടികളേയും മുതിർന്ന അംഗങ്ങളേയും രക്ഷിക്കുന്നതിനായി ഹാളിന്റെ ഒരു മൂലയിൽ മറിച്ചിട്ട ഒരു സോഫയുടെ പിന്നിൽ അഭയം തേടിയ പാരസ് രാജകുമാരന്റെ നേർക്കാണ് ദീപേന്ദ്ര പിന്നീട് തോക്ക് ചൂണ്ടിയത്. എന്നാൽ സമ പ്രായക്കാരനും കളിത്തോഴനുമായിരുന്ന പാരസിന് നേരെ നിറയൊഴിക്കാൻ എന്തുകൊണ്ടോ ദീപേന്ദ്രയ്ക്ക് മനസ്സുവന്നില്ല. അയാൾ ഒന്നും മിണ്ടാതെ തോക്കുമായി പുറത്തേക്ക് പോയി. ഏകദേശം ഇതേ സമയം തന്നെ സുരക്ഷാ വാതിലുകൾ ഭേദിച്ച് ഗാർഡുകൾ ഹാളിലേക്ക് പാഞ്ഞെത്തി..
പുറത്തേക്ക് പോയ ദീപേന്ദ്രയെ മാതാവ് ഐശ്വര്യ രാജ്ഞിയും ഇളയ മകൻ നിരഞ്ജനും പിന്തുടർന്നിരുന്നു. എന്തിന് ഈ കൊടും പാതകം ചെയ്തെന്നും പിതാവിന്റെ നേർക്ക് നിറയൊഴിക്കാൻ എങ്ങനെ മനസ്സുവന്നെന്നും അവർ അവർ ദീപേന്ദ്രയോട് ചോദിച്ചു. ആയുധം ഉപേക്ഷിച്ച് അക്രമങ്ങളിൽ നിന്നും പിൻതിരിയാനുള്ള അവരുടെ ആവർത്തിച്ചുള്ള അപേക്ഷയ്ക്ക് വെടിയുണ്ടകൾ കൊണ്ടാണ് ദീപേന്ദ്ര പ്രതികരിച്ചത്. മാരകമായി പരിക്കേറ്റ ഇരുവരും ഉദ്യാനത്തിലെ നടപ്പാതയിൽ പിടഞ്ഞു വീണു. ഏതാനും വാര നടന്നതിനു ശേഷം ദീപേന്ദ്ര രാജകുമാരൻ തന്റെ പിസ്റ്റൾ വലിച്ചെടുത്ത് സ്വന്തം ശിരസ്സിലേക്ക് നിറയൊഴിച്ചു. തലയോട്ടിയിൽ ഒരു ദ്വാരം അവശേഷിപ്പിച്ചു കൊണ്ട് വെടിയുണ്ട പുറത്തേക്ക് പോയി. ഓടിയെത്തിയ സുരക്ഷാ ഭടന്മാർ വീണു കിടന്നിരുന്ന എല്ലാവരേയും വേഗം ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിച്ചപ്പോൾ ബീരേന്ദ്ര രാജാവിന്റെ ശരീരത്തിൽ ജീവന്റെ നേരിയ തുടിപ്പ് ബാക്കിയുണ്ടായിരുന്നെങ്കിലും അധികം വൈകാതെ തന്നെ അദ്ദേഹം മരണത്തിനു കീഴടങ്ങി.
അബോധാവസ്ഥയിൽ വെന്റിലേറ്ററിൽ പ്രവേശിക്കപ്പെട്ട ദീപേന്ദ്ര രാജകുമാരൻ തന്റെ പിതാവിന്റെ നിര്യാണത്തോടെ നേപ്പാളിന്റെ അടുത്ത രാജാവായി അവരോധിക്കപ്പെട്ടു. എന്നാൽ മൂന്ന് ദിവസത്തിനുശേഷം 2001 ജൂൺ നാലിന് അബോധാവസ്ഥയിൽ തന്നെ അദ്ദേഹവും മരണത്തിനു കീഴടങ്ങി. നിയമപ്രകാരമുള്ള അടുത്ത അവകാശിയും ബീരേന്ദ്ര രാജാവിന്റെ അനുജനുമായ പ്രിൻസ് ഗ്യാനേന്ദ്ര നേപ്പാളിന്റെ അടുത്ത രാജാവായി സ്വയം അവരോധിതനായി. ബീരേന്ദ്ര രാജാവും ഐശ്വര്യ രാജ്ഞിയുമുൾപ്പെടെ 10 പേരാണ് ജൂൺ ഒന്നാം തീയ്യതി നടന്ന കൂട്ടക്കൊലയിൽ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ടവർ: ബീരേന്ദ്ര രാജാവ്, ഐശ്വര്യ രാജ്ഞി, ദീപേന്ദ്ര രാജകുമാരൻ – (ബീരേന്ദ്ര രാജാവിന്റെയും ഐശ്വര്യ രാജ്ഞിയുടെയും പുത്രൻ), നിരഞ്ജൻ രാജകുമാരൻ – (ബീരേന്ദ്ര രാജാവിന്റെയും ഐശ്വര്യ രാജ്ഞിയുടെയും പുത്രൻ), ശ്രുതി രാജകുമാരി – ബീരേന്ദ്രരാജാവിന്റെയും രാജ്ഞിയുടെയും ഒരേയൊരു പുത്രി, ധീരേന്ദ്ര രാജകുമാരൻ – ബിരേന്ദ്ര രാജാവിന്റെ സഹോദരൻ, ശാന്തി രാജകുമാരി, ബീരേന്ദ്ര രാജാവിന്റെ സഹോദരി, ശാരദ രാജകുമാരി, ബീരേന്ദ്ര രാജാവിന്റെ സഹോദരി, കുമാർ ഖഡ്ഗ, ശാരദ രാജകുമാരിയുടെ ഭർത്താവ്, ജയന്തി രാജകുമാരി, ബീരേന്ദ്ര രാജാവിന്റെ ഫസ്റ്റ് കസിൻ.
പരിക്കേറ്റവർ : ഷോവ രാജകുമാരി, (ബീരേന്ദ്ര രാജാവിന്റെ സഹോദരി), കുമാർ ഗോരഖ്, (ശ്രുതി രാജകുമാരിയുടെ ഭർത്താവ്), കോമൾ രാജകുമാരി, (ഗ്യാനേന്ദ്രയുടെ ഭാര്യയും ഭാവിയിലെയും അവസാനത്തെയും നേപ്പാൾ രാജ്ഞി), മിസിസ് കെതകി ചെസ്റ്റർ, (ബീരേന്ദ്ര രാജാവിന്റെ ഫസ്റ്റ് കസിൻ). രാജകുടുംബം ഒന്നടങ്കം കൊല്ലപ്പെട്ട സംഭവത്തിൽ കൊട്ടാരം വൃത്തങ്ങളുടെ ആദ്യ പ്രതികരണം വിചിത്രമായിരുന്നു. ഒരു ഓട്ടോമാറ്റിക് തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റാണ് എല്ലാവരും മരിച്ചതെന്നായിരുന്നു ഗ്യാനേന്ദ്ര രാജകുമാരൻ പത്രക്കുറിപ്പിൽ പ്രസ്താവിച്ചത്. എന്നാൽ തികച്ചും സാങ്കേതിക കാരണങ്ങളാലാണ് അങ്ങനെ പറയേണ്ടി വന്നത് എന്നും, ഒരു പക്ഷെ ദീപേന്ദ്ര അപകടനില തരണം ചെയ്ത് രാജാവായി അധികാരമേൽക്കുന്ന പക്ഷം അദ്ദേഹത്തിന്റെ മേൽ കൊലപാതക കുറ്റം ആരോപിക്കാൻ നിയമപരമായി കഴില്ല എന്നും ഉള്ളതുകൊണ്ടാണ് അത്തരമൊരു വിശദീകരണം നൽകിയതെന്ന് ഗ്യാനേന്ദ്ര പിന്നീട് വിശദീകരിച്ചു.
പിറ്റേന്ന് നേരം പുലർന്നതോടുകൂടി വാർത്ത കാട്ടുതീ പോലെ പടർന്നു. തങ്ങളുടെ പ്രിയപ്പെട്ട രാജാവിന്റെയും കുടുംബത്തിന്റേയും മരണം ജനങ്ങൾക്ക് ഉൾക്കൊള്ളാൻ കഴിയാത്ത ഒന്നായിരുന്നു. അവർ കൂട്ടം കൂട്ടമായി തെരുവിലിറങ്ങി. പലയിടത്തും കലാപങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പൊലീസിനും സൈന്യത്തിനും നന്നേ പാടുപെടേണ്ടി വന്നു. രാജകുടുംബത്തിന്റെ ശവസംസ്കാരം പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ജൂൺ 2 ശനിയാഴ്ച വൈകുന്നേരം പശുപതി ഘട്ടിൽ വച്ച് നടത്തപ്പെട്ടു.
സംഭവം നടന്ന് അധികം വൈകാതെ തന്നെ സംഭവത്തെ പറ്റി അന്വേഷിക്കാൻ നേപ്പാൾ സൂപ്രീം കോടതി ചീഫ് ജസ്റ്റിസായ കേശവ് പ്രസാദ് ഉപാദ്യായയും നേപ്പാൾ പ്രതിനിധി സഭാ സ്പീക്കറായ താരാനാഥ് റാണാഭട്ടും ഉൾപ്പെട്ട ഒരു രണ്ടംഗ കമ്മീഷൻ നിയോഗിക്കപ്പെട്ടു. ദൃക്സാക്ഷികൾ, പരിചാരകർ, സുരക്ഷാ ഭടന്മാർ എന്നിങ്ങനെ നൂറോളം പേരുടെ മൊഴികൾ രേഖപ്പെടുത്തിയ അന്വേഷണ സംഘം കൊലപാതകത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം ദീപേന്ദ്രയുടെ മേൽ ചുമത്തി. വിവാഹത്തിന് കുടുംബാംഗങ്ങൾ എതിർപ്പ് നിന്നതാണ് രാജകുമാരനെ പ്രകോപിപ്പിച്ചത് എന്നായിരുന്നു അവരുടെ നിഗമനം. എന്നാൽ നേപ്പാളിലെ ജനസമൂഹം ഈ റിപ്പോർട്ട് പാടേ തള്ളിക്കളഞ്ഞു. ദീപേന്ദ്ര ഒരിക്കലും ഇത്തരമൊരു നീച പ്രവർത്തി ചെയ്യില്ല എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. വേണ്ടിവന്നാൽ തന്റെ പ്രണയിനിക്കുവേണ്ടി കിരീടാവകാശം പോലും ഉപേക്ഷിക്കാൻ അയാൾക്ക് മടിയുണ്ടായിരുന്നില്ല എന്നാണ് ദീപേന്ദ്രയെ അടുത്തറിയാവുന്നവർ സാക്ഷ്യപ്പെടുത്തുന്നത്.
ഭൂരിപക്ഷം നേപ്പാൾ പൗരന്മാരും ഈ സംഭവത്തിൽ പഴിചാരുന്നത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസിയായ RAW യേയും അമേരിക്കൻ രഹസ്യാന്വേഷണ വിഭാഗം CIA യുമാണ്. ഡൽഹി ഉടമ്പടി പ്രകാരം സൈനിക കാര്യങ്ങളിൽ നേപ്പാളിനുമൽ നിലനിന്നിരുന്ന ഇന്ത്യയുടെ നിയന്ത്രണങ്ങൾ മറികടക്കാൻ ബീരേന്ദ്ര ശ്രമിച്ചതാണ് അതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. എന്നാൽ ഇന്ത്യയോട് അങ്ങേയറ്റം കൂറും കടപ്പാടും പ്രകടിപ്പിച്ചിരുന്ന ബീരേന്ദ്ര രാജാവിനെ നിഷ്കാസനം ചെയ്ത് നേപ്പാളിൽ ഒരു ഭരണ പ്രതിസന്ധി ഉണ്ടാക്കാൻ ഇന്ത്യ തുനിയില്ല എന്ന ശക്തമായ എതിർ വാദവും നിലവിലുണ്ട്.
രണ്ടാമത്തെ തിയറി ഗ്യാനേന്ദ്ര രാജകുമാരനേയും കുടുംബത്തേയും ചുറ്റിപ്പറ്റിയാണ്. ബീരേന്ദ്ര രാജാവും രണ്ടു പുത്രന്മാരും സഹോദരനായ ധീരേന്ദ്രയും കൊല്ലപ്പെട്ടതോടുകൂടി ഗ്യാനേന്ദ്ര നേപ്പാളിന്റെ സിംഹാസനത്തിൽ സ്വയം അവരോധിക്കപ്പെട്ടു. കൂട്ടക്കൊല നടക്കുമ്പോൾ ഗ്യാനേന്ദ്ര പൊഖാറയിൽ ഒരു പരിപാടിയിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു. ഗ്യാനേന്ദ്രയുടെ ഭാര്യയായ കോമൾ രാജകുമാരിക്ക് വെടിയേറ്റെങ്കിലും അവർ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതല്ലാതെ ആ കുടുംബത്തിലെ മറ്റാർക്കും അന്ന് അപകടം പറ്റിയില്ല. ഇതാണ് സംശയത്തിന്റെ മുന ഗ്യാനേന്ദ്രയുടേയും കുടുംബത്തിന്റേയും നേരെ തിരിയുന്നത്. ജനങ്ങൾക്ക് താരതമ്യേന അനഭിമതരായിരുന്ന ഗ്യാനേന്ദ്രയ്ക്കും മകൻ പാരസിനും സിംഹാസനത്തിന്മേൽ മോഹമുണ്ടായിരുന്നു എന്ന ആരോപണവുമുണ്ട്. ഈ കൂട്ടക്കൊലയോടുകൂടി നേട്ടമുണ്ടായതും ഇവർക്ക് തന്നെ.
കൂട്ടക്കൊല നടന്ന് പതിനേഴ് വർഷം പൂർത്തിയായിട്ടും സംഭവത്തിനു പിന്നിലെ രഹസ്യം ഇന്നും നിഗൂഢമായി നിലനിൽക്കുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment