Saturday, 10 November 2018

എന്താണ് കാർഗിൽ യുദ്ധം? ഇന്ത്യ പാക്കിസ്ഥാനെ അടിയറവു പറയിച്ചത് ഇങ്ങനെ…

എന്താണ് കാർഗിൽ യുദ്ധം? ഇന്ത്യ പാക്കിസ്ഥാനെ അടിയറവു പറയിച്ചത് ഇങ്ങനെ

Courtesy:AanavandiTravel Blog Malayalam

കശ്മീരിലെ കാർഗിൽ പ്രദേശത്ത് 1999 മെയ് മുതൽ ജൂലൈ വരെ ഇന്ത്യയും പാകിസ്താനും തമ്മിൽ നടന്ന സായുധപോരാട്ടത്തെയാണ് കാർഗിൽ യുദ്ധം അഥവാ കാർഗിൽ പോരാട്ടം(൧), എന്നു വിളിക്കുന്നത്. കാശ്മീരിൽ ഇന്ത്യയും പാകിസ്താനും തത്ത്വത്തിൽ അംഗീകരിച്ചിരിക്കുന്ന അതിർത്തിരേഖയായ നിയന്ത്രണ രേഖ ലംഘിച്ച് ഇന്ത്യൻ പ്രദേശത്തേക്ക് പാകിസ്താനി പട്ടാളവും കാശ്മീർ തീവ്രവാ‍ദികളും നുഴഞ്ഞു കയറിയതാണ് ഈ യുദ്ധത്തിനു കാരണമായത്. പാകിസ്താൻ ആദ്യം യുദ്ധം കശ്മീർ കലാപകാരികളുടെ സൃഷ്ടിയാണെന്നു പറഞ്ഞിരുന്നെങ്കിലും ജീവഹാനിയും അപകടങ്ങളും സംഭവിച്ചവരുടെ പട്ടികയും പാകിസ്താൻ പ്രധാനമന്ത്രിയുടേയും പട്ടാള മേധാവിയുടേയും പിന്നീടുള്ള പ്രസ്താവനകളും പാകിസ്താന്റെ അർദ്ധസൈനിക വിഭാഗങ്ങളുടെ യുദ്ധത്തിലെ പങ്ക് വെളിവാക്കി. ഇന്ത്യൻ വായുസേനയുടെ പിൻബലത്തോടെ ഇന്ത്യൻ കരസേന നടത്തിയ ആക്രമണങ്ങളും അന്താരാഷ്ട്രകേന്ദ്രങ്ങളുടെ സമ്മർദ്ദവും നിയന്ത്രണ രേഖയ്ക്ക് പിന്നിലേക്ക് പിന്മാറാൻ പാകിസ്താനെ നിർബന്ധിതമാക്കി.

സമുദ്രനിരപ്പിൽ നിന്ന് വളരെ ഉയർന്ന മേഖലയിലാണ് ഈ യുദ്ധം നടന്നത്. ഉയർന്ന മലനിരകൾ പോരാട്ടത്തിനു ബുദ്ധിമുട്ടു സൃഷ്ടിച്ചിരുന്നു. ഇരു രാജ്യങ്ങളും ആണവായുധങ്ങൾ വികസിപ്പിച്ച ശേഷമുണ്ടായ ആദ്യ യുദ്ധമായിരുന്നു ഇത്. ‌രണ്ടു രാജ്യങ്ങളിലും കടുത്ത സമ്മർദ്ദം സൃഷ്ടിച്ച ഈ യുദ്ധത്തിന്റെ ഫലമായി ഇന്ത്യ യുദ്ധോപകരണങ്ങൾക്കായി ഏറെ പണം ചിലവിടാൻ തുടങ്ങി, പാകിസ്താനിലാകട്ടെ യുദ്ധം സർക്കാരിന്റേയും സാമ്പത്തികാവസ്ഥയുടേയും സ്ഥിരതയെ ബാധിച്ചു. സംഭവത്തെത്തുടർന്ന് 1999 ഒക്ടോബർ 12-നു പാകിസ്താൻ പട്ടാളമേധാവി പർവേസ് മുഷാറഫ് പട്ടാള വിപ്ലവത്തിലൂടെ അധികാരം പിടിച്ചെടുത്തു.

യുദ്ധ പശ്ചാത്തലം : 1971-ലെ ബംഗ്ലാദേശ് യുദ്ധത്തിനു ശേഷം ഉണ്ടായ സിംലാ കരാർ(൨) ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘർഷത്തിന്‌ അയവു വരുത്താൻ സഹായകരമായി. ഈ കരാർ ആണ് ലൈൻ ഓഫ് കണ്ട്രോൾ (LOC) അഥവാ നിയന്ത്രണ രേഖ എന്ന സ്ഥിതിവിശേഷം ഉണ്ടാക്കിയെടുത്തത്. ഇത് 1971 ഡിസംബർ 17 ന് വെടിനിർത്തൽ പ്രഖ്യാപിച്ച നാൾ നിയന്ത്രണത്തിലുണ്ടായിരുന്ന പ്രദേശങ്ങൾ ഇരു രാജ്യങ്ങളും കൈവശം വക്കാനും ഒരു അതിർത്തിരേഖക്ക് സമാനമായി പിന്നീട് രൂപപ്പെടുത്താനും കാരണമായിത്തീർന്നു. ഇരുരാജ്യങ്ങളും അന്നു മുതൽ ഈ രേഖക്കിരുവശവും സൈനികകേന്ദ്രങ്ങൾ നിർമ്മിക്കുകയും തങ്ങളുടെ പ്രദേശം എതിർകക്ഷിക്ക് വിട്ടുകൊടുക്കാതിരിക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുകയും ചെയ്തു വരുന്നു. 1990-കൾ മുതൽ‍ കാശ്മീർ വിഘടനവാദികൾ ഈ രേഖക്കിപ്പുറത്തേക്ക് നുഴഞ്ഞു കയറാൻ തുടങ്ങുകയും ഇന്ത്യയുടെ കൈവശമിരിക്കുന്ന കാശ്മീരിൽ തീവ്രവാദപ്രവർത്തനം നടത്തുകയും ചെയ്തു വന്നു. ഇത്തരം ഒളിപ്പോരാട്ടങ്ങളും അതു പോലെ തന്നെ ഇരുരാജ്യങ്ങളും നടത്തിയ അണുപരീക്ഷണങ്ങളും 1998-ഓടു കൂടി സ്ഥിതിഗതികൾ വീണ്ടും സംഘർഷാവസ്ഥയിലേക്കെത്തിച്ചു. ഈ യുദ്ധസമാനമായ അന്തരീക്ഷത്തിലും ഇരു രാജ്യങ്ങളും 1999 ഫെബ്രുവരിയിൽ ലാഹോർ പ്രഖ്യാപനം പോലുള്ള സമാധാന ഉടമ്പടികൾ ഒപ്പുവച്ചിരുന്നു. എന്നാൽ അതേസമയം പാകിസ്താൻ കരസേന, പാകിസ്താൻ അർദ്ധസൈനിക വിഭാഗത്തെ രഹസ്യമായി പരിശീലിപ്പിക്കുകയും ഇന്ത്യൻ ഭാഗത്തേക്ക് അയക്കുകയും ചെയ്തു. കാശ്മീരും ലഡാക്കും തമ്മിലുള്ള ബന്ധം വിച്ഛേദിക്കുവാനും അങ്ങനെ ഇന്ത്യൻ പട്ടാളത്തെ സിയാച്ചിൻ പ്രദേശത്തു നിന്ന് പിൻ‌വലിക്കുവാൻ ഇന്ത്യയെ നിർബന്ധിതമാക്കുകയുമായിരുന്നു ലക്ഷ്യം. അതുവഴി ഇന്ത്യയെ കാശ്മീർ പ്രശ്നത്തിൽ ഒത്തുതീർപ്പിനു സമ്മതിപ്പിക്കാം എന്നും പാകിസ്താൻ കരുതി. പ്രദേശത്തുണ്ടാകുന്ന ഏതൊരു പ്രശ്നവും കാശ്മീർ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ടുവരുമെന്നും, അങ്ങനെ വേഗത്തിൽ പ്രശ്നപരിഹാരം സാധ്യമാകുമെന്നും അവർ കരുതി. കൂടാതെ ഇന്ത്യയുടെ കൈവശമുള്ള കാശ്മീരിലെ വിമതർക്ക് ഉത്തേജനം പകരാനും ഇതുമൂലം സാധിക്കുമെന്ന് പാകിസ്താൻ കരുതി.

ഇന്ത്യൻ കരസേനാ മേധാവി വേദ് പ്രകാശ് മാലിക്കിന്റേയും മറ്റനേകം യുദ്ധവിദഗ്ദ്ധരുടേയും അഭിപ്രായത്തിൽ നുഴഞ്ഞുകയറ്റത്തിന് “ഓപറേഷൻ ബാദ്ർ” എന്നായിരുന്നു പാക്ക് രഹസ്യനാമം. പദ്ധതി നിർമ്മാണം, പാതകളും നിർണ്ണായക വിതരണപഥങ്ങളുമടക്കമെല്ലാം വളരെ മുമ്പുതന്നെ ആസൂത്രണം ചെയ്തിരുന്നു. പട്ടാളം ഇത്തരമൊരു പദ്ധതിയുടെ പ്രായോഗികതയെക്കുറിച്ച് ചില പാകിസ്താനി നേതാക്കൾക്ക് നേരത്തേ തന്നെ സൂചന നൽകിയിരുന്നെങ്കിലും (സിയാ ഉൾ ഹഖ്, ബേനസീർ ഭൂട്ടോ) ഇരു രാജ്യങ്ങളും തമ്മിൽ തുറന്ന യുദ്ധമുണ്ടാകുമെന്ന ഭയത്താൽ പദ്ധതി പ്രയോഗത്തിൽ വരുത്തിയിരുന്നില്ല. ചില വിശകലന വിശാരദന്മാർ വിചാരിക്കുന്നത് പർവേസ് മുഷാറഫ് പട്ടാളമേധാവി ആയതിനോടു കൂടി ആക്രമണത്തിന്റെ രേഖാരൂപം സക്രിയമാക്കുകയായിരുന്നു എന്നാണ്. മുഷാറഫ് സൈനികമേധാവി ആകുന്നത് 1998 ഒക്ടോബറിൽ ആണ്. അന്നത്തെ പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് പിന്നീട് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയത്, അദ്ദേഹത്തിന് നുഴഞ്ഞുകയറ്റത്തെ കുറിച്ച് ഒന്നുമറിയില്ലായിരുന്നുവെന്നും, ഇന്ത്യൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയി ഫോണിൽ വിളിച്ചാരാഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹം അറിഞ്ഞതെന്നുമാണ്. മുഷാറഫിനും രണ്ടോ മൂന്നോ വിശ്വസ്തർക്കും മാത്രമേ പദ്ധതിയെ കുറിച്ചറിവുണ്ടായിരുന്നുള്ളു എന്നും ഷെരീഫ് വാദിച്ചു. എന്നാൽ വാജ്‌പേയിയുടെ ലാഹോർ യാത്രക്കു 15 ദിവസം മുമ്പുതന്നെ ഇക്കാര്യം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നുവെന്നാണ് മുഷാറഫ് ഇതിനെ കുറിച്ച് പ്രതികരിച്ചത്.

യുദ്ധം നടന്ന പ്രദേശം : 1947-ലെ ഇന്ത്യാവിഭജനത്തിനു മുമ്പ് കാർഗിൽ, ഗിൽജിത്-ബാലിസ്താന്റെ ഭാഗമായിരുന്നു; വിവിധ ഭാഷാ, വർണ്ണ, മത വിഭാഗങ്ങളായിരുന്നു ഇവിടെയുണ്ടായിരുന്നത്. ലോകത്തിലെ ഉയർന്ന മലനിരകളാൽ ചുറ്റപ്പെട്ട ഈ പ്രദേശത്ത് ഒറ്റപ്പെട്ട താഴ്വരകളാണ്‌ ഉള്ളത്. 1947-ലെ ഒന്നാം കശ്മീർ യുദ്ധത്തിന്റെ ഫലമായി കാർഗിലിന്റെ ഭൂരിഭാഗവും ഇന്ത്യയുടെ പക്ഷത്തായി, 1971-ലെ ഇന്ത്യാ പാകിസ്താൻ യുദ്ധം അവശേഷിക്കുന്ന ഭാഗങ്ങൾ തന്ത്രപ്രധാനമായ പട്ടാളകേന്ദ്രങ്ങൾ അടക്കം ഇന്ത്യയുടെ കൈയിലാക്കി. ലഡാക്കിൽ മുസ്ലീം ഭൂരിപക്ഷമുള്ള ഏകപ്രദേശവും കാർഗിലാണ്. കാർഗിൽ പട്ടണവും ജില്ലയും ഇന്ന് ജമ്മു-കാശ്മീർ സംസ്ഥാനത്തിന്റെ ഭാഗമാണ്. കാർഗിൽ പട്ടണം നിയന്ത്രണരേഖയിൽ സ്ഥിതി ചെയ്യുന്നു. ശ്രീനഗറിൽ നിന്ന് 120 കി.മീ അകലെയുള്ള കാർഗിൽ പാകിസ്താന്റെ വടക്കൻ പ്രദേശത്തിനഭിമുഖമായാണ് നിലകൊള്ളുന്നത്. ഹിമാലയത്തിലെ മറ്റു പ്രദേശങ്ങളെ പോലെ തന്നെ, കാഠിന്യമേറിയ കാലാവസ്ഥയാണ് കാർഗിലിലേതും. വേനൽക്കാലത്തു പോലും തണുപ്പുള്ള ഈ പ്രദേശത്തെ നീണ്ട തണുപ്പുകാലത്ത് അന്തരീക്ഷോഷ്മാവ് -50 °C വരെ താഴാറുണ്ട്.ശ്രീനഗറിൽ നിന്ന് ലേയിലേക്കുള്ള ദേശീയപാത കാർഗിൽ വഴി കടന്നു പോകുന്നു.

നിയന്ത്രണരേഖക്ക് സമാന്തരമായി 160 കി.മീ. നീളത്തിലുള്ള ഇന്ത്യൻ ഭാഗത്തുള്ള പ്രദേശമാണ് നുഴഞ്ഞുകയറ്റത്തിനും പോരാട്ടത്തിനും വേദിയായത്. കാർഗിൽ ജില്ലാ ആസ്ഥാനത്തുനിന്നും അകലെയായി യുദ്ധമുന്നണി ദ്രാസ്, ബതാലിക് സെക്റ്റർ, മുഷ്കോ താഴ്‌വര തുടങ്ങിയ നിയന്ത്രണരേഖാ പ്രദേശത്താണുണ്ടായിരുന്നത്. പ്രദേശത്തെ പട്ടാള കാവൽതുറകൾ (ചെക്ക് പോസ്റ്റ്) പൊതുവേ 5000 മീറ്റർ (16,000 അടി) ഉയരത്തിലാണുള്ളത്, ചിലതാകട്ടെ 5600 മീറ്റർ (18,000 അടി) വരെ ഉയരത്തിലും. ഉയരം മൂലം നിർണ്ണായക സമയങ്ങളിൽ അവിചാരിതങ്ങളായ ആക്രമണങ്ങൾ നടത്താൻ അനുയോജ്യമായ സ്ഥലമാണ് കാർഗിൽ. നുഴഞ്ഞുകയറ്റത്തിന് കാർഗിൽ തിരഞ്ഞെടുക്കാൻ പ്രധാനകാരണമിതായിരുന്നു. ഉയരത്തിൽ ഇരിക്കുന്ന ശത്രുവിനെ താഴെ നിന്ന് ആക്രമിക്കുക എളുപ്പമല്ല. കൂടാതെ പാകിസ്താനി പട്ടണമായ സ്കർദുവിൽ നിന്നും 173 കി.മീ. മാത്രമാണ് കാർഗിലിലേക്കുള്ള ദൂരം, ഇത് പോരാളികൾക്ക് ആവശ്യമായ സഹായങ്ങളും, വെടിക്കോപ്പുകളും നൽകാൻ സഹായിക്കുമായിരുന്നു. ഇത്തരം സുപ്രധാന കാര്യങ്ങളും കാർഗിലിലെ മുസ്ലീം ഭൂരിപക്ഷവുമാണ് കാർഗിലിനെ യുദ്ധമുന്നണിയായി തിരഞ്ഞെടുക്കാൻ കാരണമായത് എന്നാണ് പൊതുവേ കരുതുന്നത്.

യുദ്ധം : പ്രധാനമായും മൂന്നു ഘട്ടങ്ങളായിരുന്നു കാർഗിൽ യുദ്ധത്തിനുണ്ടായിരുന്നത്. ആദ്യം പാകിസ്താൻ ഇന്ത്യൻ പ്രദേശത്തെ സുപ്രധാനമായ ഉന്നത താവളങ്ങൾ രഹസ്യമായി പിടിച്ചെടുത്തു. ഇന്ത്യ തന്ത്രപ്രധാനമായ പാതകൾ പിടിച്ചെടുക്കുകയാണ് ആദ്യം ചെയ്തത്, പിന്നീട് ഇന്ത്യൻ പട്ടാളം പാകിസ്താൻ പിന്തുണയുള്ള പോരാളികളെ സാവധാനം നിയന്ത്രണരേഖക്ക് പിന്നിലേക്കു തുരത്തി. അതികഠിനമായ ശൈത്യം മൂലം ഇരു രാജ്യങ്ങളും കാശ്മീരിലെ തങ്ങളുടെ ഏറ്റവും മുന്നിലെ കാവൽതുറകൾ ശൈത്യകാലത്ത് ഉപേക്ഷിക്കുകയും പിന്നീട് വസന്തകാലത്തോടെ അവയിൽ തിരിച്ചെത്തുകയും പതിവായിരുന്നു. ശ്വാസകോശത്തിൽ നീർക്കെട്ടുണ്ടാവുന്നതും ഭക്ഷണസാധനങ്ങൾ എത്തിക്കാനുള്ള ബുദ്ധിമുട്ടും മറ്റും മൂലം അതിശൈത്യത്തിൽ അധിവാസം വളരെയധികം ദുഷ്കരമാകുന്നതാണ് ഇതിനു കാരണം. എന്നാൽ തണുപ്പ് കുറയുന്നതോടെ ഇരു രാജ്യങ്ങളും തിരികെയെത്തുകയും ചെയ്യും.

എന്നാൽ 1999-ൽ പാകിസ്താൻ നിശ്ചയിക്കപ്പെട്ട സമയത്തിനു മുമ്പേ ഈ താവളങ്ങളിൽ എത്തുകയും ഏതാണ്ട് 1999 മെയ് തുടക്കത്തോടെ 130-ഓളം വരും കാർഗിൽ കാവൽത്തുറകൾ പിടിച്ചെടുക്കാനും അങ്ങനെ പ്രദേശത്തിന്റെ നിയന്ത്രണം കൈയ്യടക്കാനും തീരുമാനിച്ചു. സ്പെഷ്യൽ സെർവീസ് ഗ്രൂപ്പിന്റെ ട്രൂപ്പുകളും നോർത്തേൺ ലൈറ്റ് ഇൻഫൻ‌റ്റ്റിയുടെ (അക്കാലത്ത് നോർത്തേൺ ലൈറ്റ് ഇൻഫൻ‌റ്റ്റി അർദ്ധസൈനിക വിഭാഗമായിരുന്നു) ബറ്റാലിയനുകളും കാശ്മീരി ഒളിപ്പോരാളികളുടേയും അഫ്ഗാൻ കൂലിപ്പടയാളികളുടേയും പിന്തുണയോടെ പൂർണ്ണമായും ശൈത്യത്താൽ ഒഴിവാക്കിയിരുന്ന, ഇന്ത്യൻ പ്രദേശത്തിനു മേൽക്കൈ നൽകിയിരുന്ന പട്ടാളത്തുറകൾ രഹസ്യമായി പിടിച്ചെടുക്കുകയും അവർ അവരുടേതായ യുദ്ധസജ്ജീകരണങ്ങൾ ചെയ്ത് താവളമാക്കി മാറ്റുകയും ചെയ്തു. നിയന്ത്രണരേഖക്ക് ദൂരെ നിന്ന് ചെറിയ പീരങ്കികളാൽ അങ്ങോട്ടുമിങ്ങോട്ടും വെടിവക്കുക പതിവാണ്. ഈ സമയത്ത് പാകിസ്താൻ നിയന്ത്രിത കശ്മീരിലെ പട്ടാളക്കാർ സാമാന്യം കനത്ത് തോതിൽ പീരങ്കി വെടിയുതിർക്കുകയും ചെയ്തുകൊണ്ടിരുന്നു. ഇത് ഇന്ത്യക്കാർക്ക് നുഴഞ്ഞു കയറ്റത്തെക്കുറിച്ച് അറിയാതിരിക്കാനുള്ള ഒരു പുകമറ സൃഷ്ടിക്കാനായിരുന്നു.

പ്രതീക്ഷിച്ചപോലെ തന്നെ ഇന്ത്യൻ സൈനികർ ഈ നുഴഞ്ഞുകയറ്റം അറിഞ്ഞതേയില്ല. പക്ഷേ മെയ് രണ്ടാമത്തെ ആഴ്ചയിൽ അവിടത്തെ നാട്ടുകാരനായ ഒരു ആട്ടിടയൻ നൽകിയ വിവരമനുസരിച്ച് റോന്തുചുറ്റാനിറങ്ങിയ ഒരു ഇന്ത്യൻ സംഘത്തിനു നേരേ ഒളിപ്പോർ ആക്രമണമുണ്ടായത് നുഴഞ്ഞുകയറ്റത്തെ കുറിച്ചുള്ള വിവരം വെളിവാക്കി. ആദ്യം പോയ പട്രോൾ സംഘത്തെ അവർ ഒന്നൊഴിയാതെ നശിച്ചിപ്പിച്ചു കളഞ്ഞിരുന്നു. രണ്ടാമത്തെ പട്രോൾ സംഘത്തിലെ ഓഫീസറുടെ മനോധൈര്യം മൂലമാണ് അവർക്ക് തിരിച്ചു വന്ന് കാര്യങ്ങൾ വ്യക്തമാക്കാനായത്. എന്നാൽ അവരുടെ വിവരണത്തിൽ നിന്ന് മറ്റുഭാഗങ്ങളിലെ അധിനിവേശത്തെക്കുറിച്ച് അപ്പോഴും വിവരം ലഭിച്ചിരുന്നില്ല. ഇന്ത്യൻ സംഘങ്ങൾ ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ സ്വന്തം പ്രദേശം തിരിച്ചുപിടിക്കാമെന്ന് ആദ്യനാളുകളിൽ വീരവാദം മുഴക്കിയിരുന്നു എന്നാൽ നുഴഞ്ഞുകയറ്റം നിയന്ത്രണരേഖയിലുടനീളമുണ്ടെന്ന വിവരങ്ങൾ ആക്രമണം വളരെ വലിയതോതിലാണെന്നു വെളിവാക്കി.

ഇന്ത്യൻ ഭരണകൂടം 200,000 സേനാംഗങ്ങൾ ഉൾപ്പെട്ട ഓപറേഷൻ വിജയ് എന്ന പദ്ധതിയിലൂടെയാണ് പ്രതികരിച്ചത്. എങ്കിലും ഭൂപ്രകൃതിയുടെ പ്രത്യേകത നിമിത്തം ഡിവിഷനുകളോ കോറുകളോ ആയുള്ള ആക്രമണം സാധ്യമല്ലായിരുന്നു, മിക്ക ആക്രമണങ്ങളും റെജിമെന്റ് തലത്തിലോ ബറ്റാലിയൻ തലത്തിലോ ആയിരുന്നു കൈക്കൊണ്ടിരുന്നത്. ഇന്ത്യൻ കരസേനയുടെ രണ്ട് ഡിവിഷനുകളും (20,000 സൈനികർ‌) ആയിരക്കണക്കിനു ഇന്ത്യൻ അർദ്ധസൈനികരും ഇന്ത്യൻ വായുസേനയും പ്രശ്നബാധിത പ്രദേശത്ത് വിന്യസിക്കപ്പെട്ടു. കാർഗിൽ-ദ്രാസ്] പ്രദേശത്ത് സായുധപോരാട്ടത്തിൽ ഏർപ്പെട്ട ആകെ ഇന്ത്യൻ സൈനികരുടെ എണ്ണം 30,000 അടുത്തായിരുന്നു. നുഴഞ്ഞുകയറ്റക്കാരും അവരെ സഹായിക്കുന്നവരും പാക് അധീന കാശ്മീരിൽ നിന്നും പീരങ്കിആക്രമണം നടത്തുന്നവരുമായ പാക് അനുകൂലികളുടെ ആകെ എണ്ണം 5,000 വരുമെന്നാണ് കണക്കാക്കിയിരിക്കുന്നത്.

ദേശീയപാത 1.എയുടെ സംരക്ഷണം : ഉയരം കൂടിയ പ്രദേശങ്ങളായതിനാൽ വിമാനങ്ങൾ ഉപയോഗിച്ച് ചരക്കുകൾ എത്തിക്കുക എന്നത് അപ്രായോഗികമായിരുന്നു. അതുകൊണ്ട് ലഡാക് മേഖലയിലേക്ക് ചരക്കെത്തിക്കാനുള്ള എളുപ്പമാർഗ്ഗമാണ് ദേശീയ പാത 1.എ എന്നു പറയാം. ലേയിൽ നിന്ന് ശ്രീനഗറിലേക്കുള്ള പാതയാണിത്. പാകിസ്താൻ കൈയ്യടക്കിയ നിരീക്ഷണനിലയങ്ങളിൽ നിന്ന് പാത കാണാനും അങ്ങനെ അവിടേക്ക് പീരങ്കി ആക്രമണം നടത്താനും കഴിയുമായിരുന്നു. തന്ത്രപ്രധാനമായ വിതരണ പാത എന്ന നിലയിൽ ഇന്ത്യൻ കരസേനക്ക് ഇത് തലവേദനയുണ്ടാക്കി. ഹിമാചൽ പ്രദേശിൽ നിന്നും ലേയിലേക്ക് ഒരു പാത ഉണ്ടെങ്കിലും അതിന് നീളക്കൂടുതലുണ്ട്.

നുഴഞ്ഞുകയറ്റക്കാരാകട്ടെ കൈയ്യിൽ ചെറു ആയുധങ്ങളും, ഗ്രനേഡ് ലോഞ്ചറുകളും മറ്റുമായി നുഴഞ്ഞുകയറുന്നവരിൽ നിന്നും വ്യത്യസ്തമായി മോർട്ടാറുകളും, പീരങ്കികളും, വിമാനവേധത്തോക്കുകളും വരെ കൈവശപ്പെടുത്തിയവരായിരുന്നു. പലതാവളങ്ങളും വലിയതോതിൽ മൈനുകൾ പാകി സംരക്ഷിക്കപ്പെട്ടിരുന്നു. ഐ.സി.ബി.എൽ-ന്റെ കണക്കുപ്രകാരം പിന്നീട് ഇന്ത്യ 9,000 മൈനുകൾ പ്രദേശത്തുനിന്നും നീക്കം ചെയ്തു. പാകിസ്താൻ കൈയ്യടക്കിയ പ്രദേശം ആളില്ലാത്ത വിമാനങ്ങൾ കൊണ്ടും യു.എസ്. നിർമ്മിത AN/TPQ-36 ഫയർഫൈന്റർ റഡാറുകൾ കൊണ്ടും ഇന്ത്യ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇന്ത്യൻ ആക്രമണങ്ങളുടെ ആദ്യലക്ഷ്യം ദേശീയപാത 1.എ. യുടെ നിയന്ത്രണം കൈയ്യിലാക്കുക എന്നതായിരുന്നു, അതിനായി പാതയെ മുകളിൽ നിന്നു നിരീക്ഷിച്ചുകൊണ്ടിരുന്ന മലകൾ കൈക്കലാക്കാനായി ശ്രമം. പക്ഷേ ഇത്തരം കുന്നുകൾ നിയന്ത്രണരേഖക്കു സമീപമായതിനാലും ദേശീയപാത നിയന്ത്രണരേഖക്കടുത്തുകൂടി പോകുന്നതിനാലും ബുദ്ധിമുട്ടേറിയ ലക്ഷ്യമായിരുന്നു അത്. ഈ കുന്നുകൾ തിരിച്ചുപിടിക്കുന്നത് പ്രദേശത്ത് മേൽക്കൈയ്യും ദേശീയപാതയുടെ സംരക്ഷണവും ഉറപ്പു നൽകുമായിരുന്നു. ഇന്ത്യയുടെ ആക്രമണ രീതി ആ രീതിയിലായിരുന്നു.

ഇന്ത്യൻ പ്രദേശത്തിന്റെ വീണ്ടെടുക്കൽ : കാർഗിൽ യുദ്ധത്തിൽ നിർണ്ണായകമായ രണ്ട് വഴിത്തിരിവുകളായിരുന്നു ഇന്ത്യൻ സേനക്കുണ്ടായിരുന്നത്. അവ ടോലോലിങ്ങ് കുന്ന് തിരിച്ച് പിടിച്ചതും അതിലൂടെ ടൈഗർ കുന്ന് കൈവശപ്പെടുത്താനായതുമാണ് ആ പ്രധാവവഴിത്തിരിവുകൾ എന്ന് ജെന. വേദ് പ്രകാശ് മല്ലിക് അഭിപ്രായപ്പെടുന്നു. ടൊളോലിങിലെ പോരാട്ടം പോലുള്ള മറ്റനേകം മിന്നലാക്രമണങ്ങൾ യുദ്ധം ആദ്യമേ തന്നെ ഇന്ത്യയുടെ വരുതിയിലെത്തിച്ചു. എങ്കിലും ടൈഗർ ഹിൽ(പോയിന്റ് 5140) പോലുള്ള ചില മേഖലകൾ കനത്ത യുദ്ധശേഷം മാത്രമാണ് ഇന്ത്യക്ക് ലഭിച്ചത്. ചില പോരാട്ടങ്ങൾ മുമ്പെങ്ങും ഉണ്ടാകാത്തവിധം കൊടുമുടികളിലാണ് നടന്നത് -കൊടുമുടികൾ പലതും പോയിന്റ് നമ്പരുകൾ മാത്രമുള്ളവയും പേരില്ലാത്തവയും ആയിരുന്നു – ഭീകരമായ നേർക്കു നേരേയുള്ള പോരാട്ടമാണ് അവിടെ നടന്നത്. നേരിട്ടു കാണാവുന്ന നിലയങ്ങളിലെ നുഴഞ്ഞുകയറ്റം ഒഴിപ്പിക്കാനായി 250 പീരങ്കികൾ ആണ് ഇന്ത്യ വിന്യസിച്ചത്. ബോഫോഴ്സ് ഹൊവിറ്റ്സർ (ബോഫോഴ്സ് വിവാദം കുപ്രസിദ്ധമാക്കിയവ) പീരങ്കികളിൽ നിർണ്ണായക ശക്തിയായി. എങ്കിലും ബോഫോഴ്സ് പീരങ്കികൾ വിന്യസിക്കാനാവശ്യമായ സ്ഥലക്കുറവ് പ്രശ്നമുണ്ടാക്കി. ഈ സന്ദർഭത്തിൽ ഇന്ത്യൻ വായുസേന ഓപറേഷൻ സഫേദ് സാഗർ എന്ന പദ്ധതി പ്രയോഗത്തിൽ കൊണ്ടുവന്നെങ്കിലും ഉയർന്ന യുദ്ധമണ്ഡലം, പോർ വിമാനങ്ങളിൽ കുറച്ചായുധങ്ങൾ മാത്രം കൊണ്ടുപോകാനേ അനുവദിച്ചുള്ളു. പറന്നുയരാനുള്ള സ്ഥലക്കുറവും പദ്ധതിക്കു തടസ്സമുണ്ടാക്കി. വായൂസേനക്ക് ഒരു മിഗ് 27 പോർ‌വിമാനം യന്ത്രത്തകരാറു മൂലം നഷ്ടപ്പെട്ടു അതുപോലെ തന്നെ ഒരു മിഗ് 21 പാകിസ്താൻ വെടിവെച്ചിടുകയും ചെയ്തു. പാകിസ്താന്റെ അതിർത്തി ലംഘിച്ചതിനാൽ ഇരുവിമാനങ്ങളേയും വെടിവെച്ചിട്ടതാണെന്നു പാകിസ്താൻ പറയുന്നു. ഇന്ത്യയുടെ ഒരു എം.ഐ-8 ഹെലികോപ്റ്ററും പാകിസ്താൻ വെടിവെച്ചിട്ടിരുന്നു. ഈ യുദ്ധത്തിൽ ഇന്ത്യൻ വായുസേന ലേസർ ലക്ഷ്യ ബോംബുകൾ ഉപയോഗിച്ചാണ് പാകിസ്താൻ പട്ടാളത്തിന്റെ ശക്തമായ പല കേന്ദ്രങ്ങളും നശിപ്പിച്ചത്.

വ്യോമശക്തിക്കോ പീരങ്കി ആക്രമണത്തിനോ എത്തിച്ചേരാൻ സാധിക്കാത്ത ചില പാകിസ്താൻ നിയന്ത്രിത നിർണ്ണായക കേന്ദ്രങ്ങൾ ഇന്ത്യൻ കരസേന നേരിട്ടുള്ള യുദ്ധത്തിൽ പിടിച്ചെടുത്തു. ഇത്തരം ആക്രമണങ്ങൾ 18,000 അടി(5500 മീ) ഉയരത്തിൽ വരെ നടന്നു. സാവധാനം നടന്ന ഈ പോരാട്ടങ്ങൾ ഇന്ത്യൻ പക്ഷത്തെ മരണനിരക്കുയരാൻ കാരണമായി. പകൽ ഇത്തരം മലകയറി ആക്രമിക്കുന്നത് ആത്മഹത്യാപരമായതിനാൽ ഇരുട്ടിന്റെ മറവിലാണ് ഇതിൽ പലതും നടന്നത്. ഇത്തരം മലകളിൽ താപനില −11 °C മുതൽ -15 °C വരെ ആയിരുന്നു. ശീതക്കാറ്റിന്റെ ഭീഷണിയും ഉണ്ടായിരുന്നു. പട്ടാളതന്ത്രങ്ങൾ അനുസരിച്ച് ഇത്തരം കേന്ദ്രങ്ങളിലേക്കുള്ള വിതരണശൃംഖല തകർത്ത് ഒരു ഉപരോധം സൃഷ്ടിച്ചാൽ ഇന്ത്യൻ പ്രദേശത്തെ നഷ്ടം വളരെ കുറക്കാൻ കഴിയുമായിരുന്നു. എന്നാൽ ഇതിന് നിയന്ത്രണരേഖ മുറിച്ചു കടക്കേണ്ടതുണ്ടായിരുന്നു. സമ്പൂർണ്ണയുദ്ധമുണ്ടാകുമെന്ന ഭയവും അന്താരാഷ്ട്രപിന്തുണ നഷ്ടപ്പെടുമെന്ന ചിന്തയും ഇതിൽ നിന്നും ഇന്ത്യയെ വിലക്കി.

ടൈഗർ ഹില്ലിലെ യുദ്ധം : ഇവയിൽ ടൈഗർ ഹിൽ (കുന്ന്) ആയിരുന്നു ഏറ്റവും തന്ത്രപ്രധാനം. അവിടെയിരുന്നാൽ ദേശീയപാത 1എ-യെ ആക്രമിക്കാൻ എളുപ്പമായിരുന്നു. ദ്രാസിനും വടക്കുള്ള കുന്നുകളിൽ ഏറ്റവും ഉയരത്തിലുള്ളത് അതായിരുന്നു (5602 മീറ്റർ). മറ്റൊരു പ്രധാന ലക്ഷ്യമായിരുന്നു പോയൻറ് 4875 (4875 മീറ്റർ ഉയരമുള്ള മറ്റൊരു മല). 1999 മേയ് രണ്ടാമത്തെ ആഴ്ച എട്ടാം സിഖ് യൂണിറ്റിനെ ദ്രാസിലെത്തിക്കുകയും ടൈഗർ ഹില്ലിനെ തിരിച്ചു പിടിക്കാൻ നിയോഗിക്കുകയും ചെയ്തു. കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനും മഞ്ഞ് കവചങ്ങൾക്കു പോലും സാവകാശം ലഭിക്കാതെയായിരുന്നു ഈ ദൌത്യം. ഈ ദൌത്യത്തിനിടയിൽ സിഖ് യൂണിറ്റിന്‌ സാരമായ ആളപായം ഉണ്ടായി. ഇവരെ പിന്നീട് ടൈഗർ മലയുടെ തെക്ക് കിഴക്കൻ ഭാഗങ്ങളും പരിയോം കാ താലാബ് എന്ന വടക്കൻ പ്രദേശവും പിടിക്കാനായി നിയോഗിച്ചു. ആദ്യത്തെ സംഭവത്തിനു ശേഷം തുടർന്നുള്ള ആറ് ആഴ്ച ടൈഗർ ഹില്ലിലേക്ക് ആക്രമണം ഒന്നും നടത്തിയുമില്ല.

ജൂലൈ ആദ്യവാരത്തോടെ 192 മൌണ്ടൻ ബ്രിഗേഡ് പോയന്റ് 4875, ടൈഗർ ഹിൽ എന്നിവ തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. ഇതിനു മുന്നേ തന്നെ രജപുത്താന റൈഫിൾസിലെ ഒരു വിഭാഗം റ്റോലോലിങ്ങിനു പടിഞ്ഞാറു ഭാഗം പിടിച്ചിരുന്നു. ടൈഗർ ഹിൽ, കിഴക്കു-പടിഞ്ഞാറായി ഏതാണ് 2200 മീറ്ററും തെക്ക്-വടക്കായി 1000 മീറ്ററും വിസ്താരമുള്ള ഒരു മലയാണ്. ഇതിലേക്ക് കയറിപ്പറ്റാനുള്ള പ്രധാന മാർഗ്ഗങ്ങളിൽ ആദ്യത്തേത് പടിഞ്ഞാറുള്ള ഒരു ഇടുക്കായിരുന്നു. ഇതിനെ ഇന്ത്യാ ഗേറ്റ് എന്നാണ് കോഡ് നാമം ചെയ്തിരുന്നത്. രണ്ടാമത്തേത് 300 മീറ്റർ പടിഞ്ഞാറുള്ള ഒരു വഴിയായിരുന്നു. ഇതിന്റെ ഹെൽമറ്റ് എന്നാണ് വിളിപ്പേർ. പാകിസ്താൻ 12 വടക്കൻ ലൈറ്റ് ഇൻഫൻട്രിയുടെ ഒരു കമ്പനിപ്പട്ടാളത്തോളം ഈ സ്ഥലങ്ങൾ മൊത്തത്തിൽ കയ്യടക്കിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്ന് 18 ആം ഗ്രനേഡിയർ ഡിവിഷനും 8 ആം സിഖ് ഡിവിഷനും ടൈഗർ ഹില്ലിനടുത്തു തന്നെ നേരത്തേ നിലയുറപ്പിച്ചിരുന്നു. ഇവർക്ക് ഉന്നതങ്ങളിലെ യുദ്ധങ്ങൾക്ക് പരിശീലനം ലഭിച്ചിട്ടുള്ള ഒരു കൂട്ടം പട്ടാളത്തേയും ആയുധത്തേയും മറ്റു നിർമ്മാണ വിദഗ്ദ്ധരേയും എത്തിച്ച് കൊടുത്ത് ആക്രമണത്തിനായി തയ്യാറെടുത്തു. ഇന്ത്യൻ വായുസേനയും ഈ ദൌത്യത്തിൽ പങ്കാളിയായി. അവർക്ക് നിരവധി ലക്ഷ്യങ്ങൾ ഭേദിക്കേണ്ടതുണ്ടായിരുന്നു.

ടൈഗർ ഹിൽ ആക്രമണം 1999 ജൂലൈ 3 ന്‌ 1900 മണിക്ക് നേരിട്ടും അല്ലാതെയുമുള്ള പീരങ്കി ആക്രമണത്തോടെ ആരംഭിച്ചു. 8 ആം സിഖ് റെജിമൻറായിരുന്നു ആക്രമണത്തിന്റെ ആണിക്കല്ല്. എല്ലാ ദിശയിലേക്കും അഴിച്ചു വിട്ട് കൊണ്ട് ഒരു പ്രത്യേക ആക്രമണ രേഖ ഉണ്ടെന്ന് പാകിസ്താനി പട്ടാളക്കാർക്ക് തോന്നിപ്പിക്കാത്ത വിധത്തിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ഇന്ത്യയുടെ വായുസേനയും പീരങ്കിപ്പടയും ഈ സമയം കരസേനയെ സഹായിച്ചു. എങ്കിലും പാകിസ്താൻ തിരിച്ച് ആക്രമിച്ച് കൊണ്ടിരുന്നു. ലെഫ്. ബൽവന്ത് നിങ്ങ് ആണ് 18ആം ഗ്രനേഡിയറിനെ നയിച്ചു കൊണ്ട് ടൈഗർ ഹില്ലിലേക്ക് നീങ്ങിയത്. കാലാവസ്ഥ സഹനീയമായതും അവർക്ക് സഹായത്തിനെത്തി. അവരിൽ പലരും അടുത്ത ദിവസം രാവിലെ 4:30 ന്‌ ടൈഗർ ഹില്ലിന്റെ മുകളിൽ കയറിപ്പറ്റി. പാകിസ്താൻ പക്ഷത്ത് 10-12 മരണങ്ങൾ സംഭവിച്ചിരുന്നു. 18-ആം ഗ്രനേഡിയറിലെ ആറ് പട്ടാളക്കാർക്ക് മാരകമായി മുറിവേറ്റു. അതിലെ ഗ്രനേഡിയർ യോഗേന്ദ്ര സിങ് യാദവ് കയറുപയോഗിച്ച് മല കയറിയാണ് (Rope climb) പാകിസ്താന്റെ ആദ്യപോസ്റ്റുകൾ നിർവീര്യമാക്കിയത്, അദ്ദേഹത്തിന് പിന്നീട് പരം വീര ചക്ര ലഭിച്ചു. പോരാട്ടത്തിനിടെ യാദവിനും സാരമായ പരിക്കേറ്റിരുന്നു. യാദവ് ഉൾപ്പെടുന്ന ഘാതക് പ്ലാറ്റൂൺ ടൈഗർ ഹില്ലിലെ വിജയം സുനിശ്ചിതമാക്കി. പാകിസ്താൻ പടയാളികൾ വെസ്റ്റേൺ സ്പർ എന്ന് വിളിച്ചിരുന്ന ഭാഗത്തേക്ക് പിൻവലിയുകയും അവിടെ നിന്ന് വെടിയുതിർത്ത് കൊണ്ടിരിക്കുകയും ചെയ്തു. ഈ ഭാഗം 8ആം സിക്ക് യൂണിറ്റ് അടുത്ത ദിവസം കീഴ്പ്പെടുത്തി. എന്നാൽ പത്ത് ദിവസത്തിനുശേഷം ശക്തമായ ഒരു പ്രത്യാക്രമണം പാകിസ്താന്റെ ഭാഗത്തു നിന്നും ഉണ്ടായി. അവർ ജൂലൈ 15 ഓടെ ഇന്ത്യാ ഗേറ്റും ഹെല്മറ്റും കൈവശപ്പെടുത്തി. ഇതിനകം ദേശീയ പാത 1എയുടെ നിയന്ത്രണം ലഭിച്ച ഇന്ത്യൻ സൈന്യം, സൈനികരെ നിയന്ത്രണരേഖയിലേക്ക് അയച്ചു. അവർ പാക് അധീന കാശ്മീരിലേക്ക് കടക്കാതിരിക്കാൻ ഇന്ത്യൻ സൈന്യം പ്രത്യേക ശ്രദ്ധ വച്ചിരുന്നു.

ഇതേസമയം ഇന്ത്യൻ നാവികസേനയും പാകിസ്താൻ തുറമുഖങ്ങളെ ഉപരോധിക്കാനും അങ്ങനെ പാകിസ്താന്റെ സംഭരണ വിതരണ ശൃംഖല തകർക്കാനും സജ്ജമായി. സമ്പൂർണ്ണയുദ്ധം പൊട്ടി പുറപ്പെട്ടാൽ പാകിസ്താനു ആറു ദിവസം പിടിച്ചു നിൽക്കാനുള്ള ഇന്ധനമേ ഉണ്ടായിരുന്നുള്ളെന്നു ഷെരീഫ് പിന്നീടു വെളിപ്പെടുത്തിയിട്ടുണ്ട്. സ്വയം കുഴിച്ച കുഴിയിൽ പാകിസ്താൻ പതിച്ചപ്പോൾ പാകിസ്താൻ കരസേന രഹസ്യമായി ഇന്ത്യക്കുമേൽ ആണവാക്രമണം നടത്തുവാൻ പദ്ധതിയിട്ടു. എന്നാൽ ഈ വാർത്ത അറിഞ്ഞ യു.എസ്. പ്രസിഡന്റ് ബിൽ ക്ലിന്റൺ നവാസ് ഷെരീഫിനു കർശനമായ താക്കീതു നൽകാൻ നിർബന്ധിതനായി. രണ്ടുമാസത്തെ പോരാട്ടമായപ്പോഴേക്കും ഇന്ത്യക്ക് നഷ്ടപ്പെട്ട ഭൂരിഭാഗം നിലയങ്ങളും തിരിച്ചു പിടിക്കാനായി.ഔദ്യോഗിക കണക്കുപ്രകാരം അപ്പോഴേക്കും നുഴഞ്ഞുകയറപ്പെട്ട പ്രദേശത്തിന്റെ 75%-80% ഇന്ത്യയുടെ കൈവശം തിരിച്ചെത്തി. ജൂലൈ നാലായപ്പോഴേക്കും ഷെരീഫ് പാകിസ്താൻ പിന്തുണയുള്ളവരെ പിൻ‌വലിക്കാമെന്നു സമ്മതിച്ചു. പോരാട്ടം സാധാരണ നിലപ്രാപിക്കുകയും ചെയ്തു. എന്നാൽ ചില തീവ്രവാദികൾ ഇതിനെ പിന്തുണച്ചില്ല. യുണൈറ്റഡ് ജിഹാദി കൌൺസിൽ പോലുള്ള സംഘടനകളും പാകിസ്താന്റെ പിന്മാറ്റ പദ്ധതിയെ എതിർത്തു. തത്ഫലമായി ഇന്ത്യൻ കരസേന അവസാന ആക്രമണത്തിനു കോപ്പുകൂട്ടുകയും ഉടൻ തന്നെ ജിഹാദികളെ നീക്കം ചെയ്യുകയും ചെയ്തു. ജൂലൈ 26-നു പോരാട്ടം അവസാനിച്ചു. ഈ ദിവസം ഇന്ത്യയിൽ “കാർഗിൽ വിജയദിവസ്” എന്ന പേരിൽ ആഘോഷിക്കുന്നു. യുദ്ധാനന്തരം ഇന്ത്യ ഷിം‌ല കരാർ പ്രകാരം നിയന്ത്രണരേഖയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുത്തു.

വിമതരെ നിയന്ത്രണരേഖ കടക്കാൻ അനുവദിച്ചതിന്റെ പേരിൽ അന്താരാഷ്ട്രസമൂഹം പാകിസ്താനെ കുറ്റപ്പെടുത്തി. നുഴഞ്ഞുകയറിയവരെ കാശ്മീരി സ്വാതന്ത്ര്യ പോരാളികൾ എന്നു പേരിട്ടു വിളിച്ചുള്ള പാകിസ്താന്റെ നയതന്ത്ര നീക്കവും ഫലവത്തായില്ല. പ്രതിരോധ വിദഗ്ദ്ധരുടെ അഭിപ്രായ പ്രകാരം വെറും അടിസ്ഥാനപരിശീലനം‍ മാത്രം സിദ്ധിച്ചിട്ടുള്ള “കശ്മീരി പോരാളികൾ”ക്ക് ഇത്തരത്തിലുള്ള ഉയർന്ന ഭൌമമണ്ഡലത്തിൽ എത്തിച്ചേരാനോ അവിടെനിന്ന് ആക്രമണത്തെ പ്രതിരോധിക്കാനോ സാധ്യമല്ല. പാകിസ്താൻ കരസേന രണ്ട് സൈനികർക്ക് പാകിസ്താന്റെ ഏറ്റവും ഉയർന്ന സൈനിക പുരസ്കാരമായ നിഷാൻ-ഇ-ഹൈദർ-ഉം 90 സൈനികർക്ക് ധീരതക്കുള്ള പുരസ്കാരവും നൽകി, അവയിൽ ഭൂരിഭാഗവും മരണാനന്തര ബഹുമതിയായിട്ടായിരുന്നു. ഇതു പാകിസ്താന്റെ പങ്ക് വ്യക്തമാക്കുന്ന നടപടിയായിരുന്നു. ഇന്ത്യ ചോർത്തിയ ഒരു ഫോൺ സംഭാഷണത്തിൽ പാകിസ്താൻ കരസേനാ മേധാവി ഒരു പാകിസ്താനി ജെനറലോട് “പിടി നമ്മുടെ കൈയ്യിലാണ്” എന്നു പറയുന്നുണ്ട്. എന്നാൽ ആ തെളിവ് തികച്ചും കൃത്രിമമാണെന്ന് പാകിസ്താൻ വാദിച്ചിരുന്നു.

ഇന്ത്യൻ പ്രത്യാക്രമണത്തിന്റെ ശക്തി കൂടിക്കൊണ്ടിരുന്നപ്പോൾ‍, ജൂലൈ നാലിനു പാകിസ്താൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റനെ കാണാൻ ചെല്ലുകയും പിന്തുണ തേടുകയും ചെയ്തു. എന്നാൽ ക്ലിന്റൻ രോഷപ്പെടുകയാണുണ്ടായത്. തന്റെ കഴിവുപയോഗിച്ച് തീവ്രവാദികളേയും സൈനികരേയും നിയന്ത്രണരേഖക്കുള്ളിലേക്ക് പിൻ‌വലിക്കാനും ക്ലിന്റൻ ആവശ്യപ്പെട്ടു. തന്റെ പുസ്തകത്തിൽ ക്ലിന്റൻ “ഷെരീഫിന്റെ നീക്കങ്ങൾ സംശയാസ്പദമായിരുന്നു” എന്നു കുറിച്ചിട്ടുണ്ട് കാരണം അന്ന് വാജ്‌പേയി ലാഹോറിലെത്തുകയും പരസ്പരചർച്ചവഴി പ്രശ്നം പരിഹരിക്കാമെന്നും സമ്മതിച്ചിരുന്നു. എന്നാൽ “നിയന്ത്രണരേഖ ലംഘിക്കുന്നതു വഴി പാകിസ്താൻ ചർച്ചകളെ നശിപ്പിച്ചിരുന്നു” എന്നാണ് ക്ലിന്റന്റെ അഭിപ്രായം. അതേ സമയം തന്നെ നിയന്ത്രണരേഖ ലംഘിക്കാതിരിക്കാനും അങ്ങനെ സമ്പൂർണ്ണയുദ്ധമുണ്ടാകാതിരിക്കാനും ഇന്ത്യ കാട്ടിയ സംയമനം ക്ലിന്റൻ അനുമോദിക്കുകയും ചെയ്തു. മറ്റു ജി-8 രാജ്യങ്ങളും കൊളോൺ ഉച്ചകോടിയിൽ ഇന്ത്യയെ പിന്തുണക്കുകയും പാകിസ്താന്റെ നിയന്ത്രണരേഖാ ലംഘനത്തെ അപലപിക്കുകയും ചെയ്തു. യൂറോപ്യൻ യൂണിയനും നിയന്ത്രണരേഖയുടെ ലംഘനത്തെ എതിർത്തു. ചൈന പാകിസ്താന്റെ സഖ്യകക്ഷിയാണെങ്കിലും പോരാളികളെ പിൻ‌വലിക്കാൻ ആവശ്യപ്പെട്ടു. ഒടുവിൽ വർദ്ധിച്ച അന്താരാഷ്ട്ര സമ്മർദ്ദത്തിനൊടുവിൽ നവാസ് ഷെരീഫ് സൈനികരെ പിൻ‌വലിക്കാൻ സമ്മതിച്ചു. ക്ലിന്റണും ഷെരീഫും സംയുക്തമായി നിയന്ത്രണരേഖയെ ബഹുമാനിക്കണമെന്നും, ദ്വികക്ഷി ചർച്ചകൾ തുടരണമെന്നും പ്രഖ്യാപിച്ചു.

അനന്തരഫലങ്ങൾ – ഇന്ത്യയിൽ : യുദ്ധാനന്തരം ഇന്ത്യൻ ഓഹരി വിപണി 1,500 പോയിന്റുകൾ ആണ് കയറിയത്. അടുത്ത ദേശീയ ബജറ്റിൽ ഇന്ത്യ സൈനികാവശ്യങ്ങൾക്കായി തുകയിൽ വൻ‌ ഉയർച്ച വരുത്തി. യുദ്ധത്തിന്റെ ഒടുക്കം മുതൽ ഫെബ്രുവരി 2000 വരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കുതിച്ചുയരുകയായിരുന്നു. ജനങ്ങളുടെ ദേശസ്നേഹം പെട്ടെന്ന് കുതിച്ചുയർന്നു. ഇന്ത്യക്കാർ സംശയാസ്പദമായ സാഹചര്യത്തിൽ പൈലറ്റ് അജയ് അഹൂജ മരിച്ചതിൽ സംശയാലുക്കളുമായിരുന്നു. ഇന്ത്യൻ പക്ഷം അജയ് അഹൂജ കൊല്ലപ്പെട്ടതാണെന്നും പാകിസ്താനി ട്രൂപ്പുകൾ മൃതദേഹത്തെ വരെ അപമാനിച്ചെന്നും ആരോപിച്ചു. കണക്കു കൂട്ടിയതിലും കൂടുതൽ മരണങ്ങൾ ഉണ്ടായി, അവരിൽ വളരെ വലിയ ഒരു സംഖ്യ പുതിയ കമ്മീഷൻഡ് ഓഫീസേഴ്സ് ആയിരുന്നു. ഒരു മാസത്തിനു ശേഷം പാകിസ്താൻ നാവികസേനയുടെ ഒരു വിമാനം ഇന്ത്യ വെടിവെച്ചിട്ടത് വീണ്ടും സംഘർഷത്തിലേക്ക് നയിക്കും എന്നും ചെറിയ ഭീതി ഉയർത്തി.

യുദ്ധത്തിനു ശേഷം ഇന്ത്യൻ ഭരണകൂടം പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും വിച്ഛേദിച്ചു. ഇന്ത്യ പ്രതിരോധ ബജറ്റ് കുത്തനെ ഉയർത്തി. ഈ സന്ദർഭത്തിൽ, പ്രതിരോധ ഇടപാട് കുംഭകോണം, ശവപ്പെട്ടി കുംഭകോണം ചില അപവാദങ്ങളും ഉയർന്നു വന്നു. റോ പോലുള്ള ഇന്ത്യയുടെ രഹസ്യാന്വേഷണ സംഘടനകൾക്കെതിരേയും കടുത്ത വിമർശനമുയർന്നു, നുഴഞ്ഞുകയറ്റം മുൻ‌കൂട്ടി അറിഞ്ഞില്ലെന്നും യുദ്ധാരംഭത്തിൽ തന്നെ നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം കണ്ടെത്താനായില്ല എന്നതുമായിരുന്നു പ്രധാന ആരോപണങ്ങൾ. സായുധപട്ടാളം സ്വയം നടത്തി, പിന്നീട് ഒരു ആനുകാലികപ്രസിദ്ധീകരണത്തിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ മറ്റനേകം വീഴ്ചകളെ കുറിച്ച് പരാമർശിച്ചിരുന്നു, “പരസ്പരസ്നേഹമില്ലായ്മ”, “യുദ്ധത്തിനായി തയ്യാറെടുപ്പില്ലായ്ക” എന്നിവയാണവയിൽ പ്രധാനം. പോരാളികളിൽ ഉന്നതോദ്യോഗസ്ഥർക്ക് നിയന്ത്രണമില്ലായ്ക, ബോഫോഴ്സ് പോലുള്ള വലിയ തോക്കുകളുടെ അഭാവം മുതലായവയും അതിൽ പരാമർശിച്ചിരുന്നു. 2010-ൽ മഹാരാഷ്ട്ര മുഖ്യമന്ത്രിയായ അശോക് ചവാൻ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത സേനാനികൾക്കും അവരുടെ ബന്ധുക്കൾക്കുമായി ആണെന്ന് അവകാശപ്പെട്ട് നിർമ്മിച്ച ആദർശ് ഫ്ലാറ്റ് സമുച്ചയത്തിലെ ഫ്ലാറ്റുകൾ പേരിനു മാത്രമേ കാർഗിൽ പോരാളികൾക്കും നൽകിയുള്ളെന്ന കാരണത്താൽ വൻ വിവാദം പൊട്ടിപ്പുറപ്പെട്ടു.

കാർഗിൽ വിജയത്തെ തുടർന്ന് ലോകസഭയിലേക്ക് നടന്ന പതിമൂന്നാം തിരഞ്ഞെടുപ്പിൽ എൻ.ഡി.എ. വിജയം സുനിശ്ചിതമാക്കിയിരുന്നു. 1999 ഒക്ടോബറിൽ ആകെയുള്ള 505 സ്ഥാനങ്ങളിൽ 303-ഉം കൈയ്യിലാക്കി എൻ.ഡി.എ വിജയിച്ചു. യു.എസിനു പാകിസ്താനുമായുണ്ടായ നീരസവും യുദ്ധത്തിന്റെ വ്യാപ്തി വർദ്ധിക്കാതിരിക്കാൻ ഇന്ത്യ സ്വീകരിച്ച നയങ്ങളും നയതന്ത്രബന്ധങ്ങളിൽ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ബന്ധങ്ങൾക്ക് പുത്തനുണർവേകി. 9/11 ആക്രമണം ഈ ബന്ധങ്ങളെ ഒന്നുകൂടി ഉറപ്പിച്ചു. പ്രതിരോധ ഉപകരണങ്ങളും, വിദൂരനിയന്ത്രിത വ്യോമ വാഹനങ്ങളും, ലേസർ നിയന്ത്രിത ബോംബുകളും, ഉപഗ്രഹ ചിത്രങ്ങളും നൽകുന്നവർ എന്ന നിലയിൽ ഇസ്രായേലും ഇന്ത്യയും തമ്മിലുള്ള ബന്ധവും ശക്തിപ്പെട്ടു.

പാകിസ്താനിൽ : അന്താരാഷ്ട്ര സമൂഹത്തിൽ ഒറ്റപ്പെടുമെന്ന സാധ്യത നിമിത്തം പാകിസ്താൻ സമ്പദ് വ്യവസ്ഥ തകർന്നു. ആദ്യ നേട്ടങ്ങൾക്കു ശേഷം നോർത്തേൺ ലൈറ്റ് ഇൻഫന്റ്രിയുടെ നാശം ആരംഭിച്ചപ്പോൾ, ഭരണകൂടം സൈനികരുടെ മൃതദേഹങ്ങൾ തിരിച്ചറിയാൻ പോലും വിസമ്മതിച്ചപ്പോൾ[54] സൈനികരുടെ ആത്മവീര്യം കൂപ്പുകുത്തി. ഷെരീഫ് പിന്നീട് 4,000 പാകിസ്താനി പട്ടാളക്കാർ നഷ്ടപ്പെട്ടിട്ടുണ്ടെന്നു സമ്മതിച്ചു. കാർഗിലിനെ സംബന്ധിച്ച് മുഷാറഫ് നടത്തിയിട്ടുള്ള അപൂർവ്വ പരാമർശങ്ങളൊന്നിൽ “മുൻ നേതാവു തന്നെ സ്വന്തം സേനയെ ഇടിച്ചു കാട്ടുന്നത് എന്നെ വേദനിപ്പിക്കുന്നു” എന്നാണ് ഷെരീഫിന്റെ പരാമർശത്തെ കുറിച്ച് പറഞ്ഞത്, ഇന്ത്യൻ മരണങ്ങളുടെ എണ്ണം പാകിസ്താന്റേതിനേക്കാളും കൂടുതലാണെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. പാകിസ്താൻ പട്ടാളം യുദ്ധശേഷം അവരുടെ സൈനികരുടെ സാന്നിദ്ധ്യം യുദ്ധത്തിൽ ഉണ്ടായിരുന്നുവെന്ന് ഔദ്യോഗികമായി സമ്മതിച്ചിരുന്നില്ല, എന്നാൽ 2010-ൽ പട്ടാളം ഈ നിലപാടിൽ നിന്ന് മാറുകയും അവരുടെ വെബ്സൈറ്റിൽ യുദ്ധത്തിൽ കൊല്ലപ്പെട്ട 453 സൈനികരുടെ പേരുകൾ നൽകുകയും ചെയ്തു. പാകിസ്താനിലെ പലരും ഇന്ത്യൻ പട്ടാളത്തിനു മേൽ ഒരു വിജയം പ്രതീക്ഷിച്ചിരുന്നെങ്കിലും സംഭവഗതിയിൽ ഹൃദയം തകർന്ന് പിന്മാറലിനെ ചോദ്യം ചെയ്തു. പട്ടാളമേധാവിത്തം പിന്മാറലിൽ സംതൃപ്തരല്ലായിരുന്നു. കൂടാതെ ഷെരീഫ് കാർഗിൽ ആക്രമണത്തിന്റെ ഉത്തരവാദിത്തം പൂർണ്ണമായി കരസേനാ മേധാവി മുഷാറഫിന്റെ ചുമലിൽ വെച്ചുകൊടുക്കുകയും ചെയ്തതോടെ ഇരുവരും തമ്മിൽ ഒരു അകൽച്ചയുണ്ടായി. 1999 ഒക്ടോബർ 12-നു മുഷാറഫ് രക്തരഹിതമായ പട്ടാളവിപ്ലവത്തിലൂടെ നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം കൈയടക്കുകയുണ്ടായി.

പ്രതിപക്ഷ നേതാവും മുൻപ്രധാനമന്ത്രിയുമായ ബേനസീർ ഭൂട്ടോ കാർഗിൽ യുദ്ധത്തെ “പാകിസ്താന്റെ ഏറ്റവും വലിയ വിഡ്ഢിത്തം” എന്നാണ് വിളിച്ചത്. പല മുൻ പട്ടാള, ഐ.എസ്.ഐ ഉദ്യോഗസ്ഥരും “കാർഗിൽ യാതൊരു മെച്ചവും ഉണ്ടാക്കിയില്ല“ എന്ന പക്ഷക്കാരായിരുന്നു. അനേകം ജീവനുകളുടെ നഷ്ടത്തിന്റേയും അന്താരാഷ്ട്ര സമൂഹത്തിന്റെ കുറ്റപ്പെടുത്തലിന്റേയും പശ്ചാത്തലത്തിൽ പാകിസ്താനി മാദ്ധ്യമങ്ങളും പദ്ധതിയേയും പിന്മാറലിനേയും അതി നിശിതമായി വിമർശിച്ചു.പലഭാഗത്തുനിന്നും അന്വേഷണത്തിനു സമ്മർദ്ദമുണ്ടായെങ്കിലും പോരാട്ടം ആരംഭിക്കാനുള്ള കാരണത്തെ കുറിച്ച് ഒരു അന്വേഷണം ഉണ്ടായില്ല. എങ്കിലും പാകിസ്താനി രാഷ്ട്രീയ കക്ഷിയായ പി.എം.എൽ(എൻ) പുറത്തിറക്കിയ ധവള പത്രം -നവാസ് ഷെരീഫ് ഒരു അന്വേഷണ കമ്മറ്റിയെ നിയോഗിച്ചെന്നും അവർ ജനറൽ പർവേസ് മുഷാറഫിനെ കോർട്ട് മാർഷൽ ചെയ്യാൻ ശുപാർശ ചെയ്തുവെന്നും പറയുന്നു. ഭരണം പിടിച്ചെടുത്ത ശേഷം അത് മുഷാറഫ് സ്വയം രക്ഷിക്കാനായി മോഷ്ടിച്ചുമാറ്റിയെന്നും അവർ ആരോപിക്കുന്നു. അതിൽ തന്നെ ഇന്ത്യക്ക് പദ്ധതിയെ കുറിച്ച് 11 മാസം മുമ്പുതന്നെ അറിയാമായിരുന്നുവെന്നും, സൈനിക, സാമ്പത്തിക, നയതന്ത്ര മേഖലകളിലെ പരിപൂർണ്ണ വിജയത്തിനായി കാത്തിരിക്കുകയായിരുന്നുവെന്നും പ്രസ്താവിച്ചിരിക്കുന്നു. കാശ്മീർ പ്രശ്നത്തെ അന്താരാഷ്ട്ര തലത്തിൽ കാർഗിൽ പോരാട്ടം പ്രശസ്തമാക്കിയെങ്കിലും(അത് പാകിസ്താന്റെ ഒരു ലക്ഷ്യമായിരുന്നു) പാകിസ്താന്റെ വിശ്വാസ്യതയെ അത് ചോദ്യം ചെയ്തു, ഒരു സന്ധി സംഭാഷണത്തിനു തൊട്ടു പിറകേയായിരുന്നു നുഴഞ്ഞുകയറ്റം എന്നതു തന്നെ കാരണം. നിയന്ത്രണ രേഖയുടെ പ്രാധാന്യവും അന്താരാഷ്ട്ര ശ്രദ്ധയിൽ പെട്ടു.

യുദ്ധാനന്തരം കരസേനയിൽ ചെറിയ ചില മാറ്റങ്ങൾ ഉണ്ടായി. നോർത്തേൺ ലൈറ്റ് ഇൻഫന്റ്രി നടത്തിയ സേവനങ്ങൾ മുൻ നിർത്തി അർദ്ധ സൈനിക വിഭാഗമായിരുന്ന അവരെ പൂർണ്ണ സൈനിക വിഭാഗമാക്കി. തന്ത്രപരമായി അത്ര ബുദ്ധിപരമല്ലാത്ത ഒരു പദ്ധതി, കുറഞ്ഞ ഗൃഹപാഠം, രാഷ്ട്രീയ-നയതന്ത്ര സമ്മർദ്ദങ്ങളെ അളക്കാനുള്ള ശേഷിക്കുറവ് വിവരങ്ങളുടെ ഏകോപനമില്ലായ്മ എന്നിവയെ യുദ്ധം കാട്ടിക്കൊടുത്തു.

ഇന്ത്യൻ ചലച്ചിത്ര രംഗത്ത് ഒട്ടനവധി സിനിമകൾ കാർഗിൽ പോരാട്ടത്തെ ആധാരമാക്കി പുറത്തിറങ്ങി. എൽ.ഒ.സി:കാർഗിൽ(2003), നാലുമണിക്കൂറിലധികം ഉള്ള ഈ ഹിന്ദി ചലച്ചിത്രം കാർഗിൽ സംഭവ പരമ്പരകളെ വരച്ചു കാട്ടുന്നു., ലക്ഷ്യ(2004), പരം വീര ചക്ര ലഭിച്ച ക്യാപ്റ്റൻ വിക്രം ബത്രയുടെ ജീവിതത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രം. ചലച്ചിത്ര നിരൂപകർ യഥാതഥ ചിത്രീകരണരീതിയെ ഏറെ പ്രശംസിച്ചു. പാകിസ്താനിൽ നിന്നും ചിത്രത്തിനു നല്ലപ്രതികരണമാണുണ്ടായത്., ധൂപ്(2003), അശ്വിനി ചൌധരി സംവിധാനം ചെയ്ത ഈ ചിത്രത്തിൽ മരണാനന്തരം മഹാ വീര ചക്ര ലഭിച്ച അനൂജ് നയ്യാരുടെ മാതാപിതാക്കളുടെ ജീവിതം ചിത്രീകരിച്ചിരിക്കുന്നു., മിഷൻ ഫതേഹ്-സഹാറാ ചാനലിൽ പ്രക്ഷേപണം ചെയ്ത പരമ്പര, ഫിഫ്റ്റി ഡേ വാർ: യുദ്ധത്തിന്റെ നാടകീയ പുനരാവിഷ്കാരം. യഥാർത്ഥ വിമാനവും സ്ഫോടനങ്ങളുമെല്ലാം ഉപയോഗിക്കുന്നു. ഹിന്ദിക്കു പുറമേ മറ്റു പ്രാദേശിക ഭാഷകളിലും കാശ്മീർ പ്രശ്നവും, കാർഗിലുമായും ബന്ധപ്പെട്ടുള്ള അനേകം ചിത്രങ്ങൾ ഇറങ്ങി. മലയാളത്തിൽ ഇത്തരത്തിലറങ്ങിയ ചിത്രമാണ്‌ കുരുക്ഷേത്ര.

No comments:

Post a Comment

Search This Blog