Wednesday, 7 November 2018

" അച്ഛന് നാണമില്ലാരുന്നല്ലോ അമേരിക്കയുടെ സൗജന്യ ഉപ്പുമാവ് തിന്നാൻ



" അച്ഛന് നാണമില്ലാരുന്നല്ലോ അമേരിക്കയുടെ സൗജന്യ ഉപ്പുമാവ് തിന്നാൻ. ഞാനായിരുന്നെങ്കിൽ ഒരിക്കലും അത് കഴിക്കില്ലായിരുന്നു".

കടപ്പാട്: സജീവ് ala

ഏഴാം ക്ളാസിലെ സാമൂഹ്യശാസ്ത്ര പുസ്തകത്തിലെ ഇന്ത്യയിലെ ഭക്ഷ്യോല്പാദനത്തെയും സ്വയംപര്യാപ്തതയേയും കുറിച്ചുള്ള പാഠഭാഗം വീട്ടിലിരുന്ന് പറഞ്ഞു കൊടുക്കുന്നതിനിടയിലാണ് പെങ്കൊച്ച് എൻറെ നേരെ അട്ടഹസിച്ചത്.

ഹരിത വിപ്ലവത്തിന് മുൻപ് നമ്മുടെ രാജ്യത്ത് ആവശ്യത്തിന് അരിയും ഗോതമ്പും ഒന്നും ഉല്പാദിപ്പിക്കുന്നില്ലായിരുന്നെന്നും അന്നൊക്കെ മറ്റു രാജ്യങ്ങളുടെ മുന്നിൽ ഭക്ഷ്യധാന്യങ്ങൾക്കായി നമ്മൾ യാചിച്ചുനില്ക്കുകയായിരുന്നെന്നും പറഞ്ഞതിൻറെ കൂട്ടത്തിൽ അച്ഛനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ അമേരിക്ക സൗജന്യമായി തന്നിരുന്ന ഗോതമ്പിൻറെ ഉപ്പുമാവാണ് ഉച്ചയ്ക്ക് കഴിച്ചിരുന്നതെന്ന് സൂചിപ്പിച്ചപ്പോഴാണ് സകല നിയന്ത്രണവും വിട്ട് പെണ്ണിന്റെ ആത്മാഭിമാനം പൊട്ടിത്തെറിച്ചത്.

ദാരിദ്ര്യം അപ്രത്യക്ഷമാകുമ്പോൾ
പട്ടിണി വിട്ടൊഴിയുമ്പോൾ
ജീവിതം സമൃദ്ധമാകുമ്പോൾ മനുഷ്യരിലേക്ക് ഇരച്ചുകയറുന്ന ഒരു വികാരമാണ് ആത്മാഭിമാനം.

സ്വന്തം ജനങ്ങളെ അന്നമൂട്ടാനായി അമേരിക്കയെ പോലെയുള്ള സമ്പന്നരാജ്യങ്ങുടെ മുന്നിൽ ഭിക്ഷാപാത്രവുമായി നിന്ന ഒരു കെട്ട ഭൂതകാലം ഭാരതത്തിനുണ്ടായിരുന്നു.

CARE പദ്ധതിയിലുടെ അമേരിക്ക ചാരിറ്റിയായി തന്നിരുന്ന ഗോതമ്പ് ഉപ്പുമാവായിരുന്നു പ്രൈമറി ക്ലാസുകളിൽ ഞങ്ങളുടെ ജനറേഷന്റെ ഉച്ചഭക്ഷണം.

നാടൻ നെൽവിത്തും നാടൻപശുവും ചാണകവും ചാരവും കൂട്ടിക്കുഴഞ്ഞ ജൈവകൃഷിയുമായി പട്ടിണി തിന്ന് ഇന്ത്യ വാടിത്തളർന്നിരുന്ന കാലത്താണ് ഇന്ദിരാഗാന്ധി ഡോ. സ്വാമിനാഥനെ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് വിളിച്ചു വരുത്തിയത്.

'' മിസ്റ്റർ സ്വാമിനാഥൻ ആഹാരത്തിനായി അന്യരാജ്യങ്ങളുടെ മുൻപിൽ കൈനീട്ടി നില്ക്കുന്ന നമ്മുടെ രാജ്യത്തിന് അന്താരാഷ്ട്ര വേദികളിൽ തലയുയർത്തി നില്ക്കാനാവുന്നില്ല. സ്വന്തം ജനങ്ങൾക്ക് ആഹാരം പോലും നല്കാനാവാത്ത ഭാരതത്തിന് സ്വതന്ത്രമായ വിദേശനയമോ പ്രതിരോധതന്ത്രങ്ങളോ ഒന്നും രൂപപ്പെടുത്തുവാൻ കഴിയുന്നില്ല. ഇന്നത്തെ നാണംകെട്ട അവസ്ഥയിൽ നിന്ന് കരകയറാൻ രാജ്യത്തിന്റെ അഭിമാനം സംരക്ഷിക്കാൻ ഏതുവിധേനയും ഭക്ഷ്യസ്വയംപര്യാപ്തത കൈവരിച്ചേ മതിയാവൂ. ''

ഇന്ദിരാഗാന്ധിയുടെ നിശ്ചയദാർഢ്യവും
സി. സുബ്രഹ്മണ്യം എന്നൊരു ദൂരക്കാഴ്ചയുള്ള കൃഷി മന്ത്രിയും ഡോ. സ്വാമിനാഥൻറെ നേതൃത്വത്തിൽ ഒരു പറ്റം ആത്മസമർപ്പിതരായ കാർഷിക ശാസ്ത്രജ്ഞരും ഒത്തുപിടിച്ചപ്പോൾ ഇന്ത്യ ഹരിതവിപ്ലവറാണിയായി മാറി.

രാജ്യത്തിന്റെ ഗോഡൗണുകളിൽ അരിയും ഗോതമ്പും നിറഞ്ഞു കവിഞ്ഞു.

ഭാരതം ഇന്ന് ഭക്ഷ്യധാന്യം കയറ്റുമതി ചെയ്യുന്ന നിലയിലേക്ക് വളർന്നു കഴിഞ്ഞിരിക്കുന്നു.

ഫുഡ് സെക്യൂരിറ്റി ആക്ടിലൂടെ പാവപ്പെട്ടവർക്ക് ഏതാണ്ട് സൗജന്യമായി ഭക്ഷ്യധാന്യങ്ങൾ വീട്ടിലെത്തിക്കാനാവുന്ന സ്ഥിതിവിശേഷം നിലവിൽ വന്നു.

ഭക്ഷ്യക്ഷാമം കൊണ്ട് നട്ടം തിരിഞ്ഞ് എല്ലും തോലുമായി വികസിതരാഷ്ട്രങ്ങളുടെ സൌജന്യറേഷന്റെ ഓശാരത്തിൽ ജീവിച്ചിരുന്ന ഒരു രാജ്യത്തിപ്പോൾ മിച്ചോല്പാദനം

നാഴൂരിപ്പാലിന്റെ സ്ഥാനത്ത് ധവളരാജ്യപ്പെരുമ.

അങ്ങനെ പട്ടിണിമാറി ശരീരത്ത് കൊഴുപ്പും കൊളസ്ട്രോളുമൊക്കെ ആയപ്പോൾ ചില കൂട്ടർക്ക് ജൈവകൃഷി മാനിയയും വെച്ചൂർ പശു നൊസ്റ്റാൾജിയയും കൊണ്ട് ഇരിക്കപ്പൊറുതിയില്ലാതായി.

നാല് നാടൻപശുക്കളും അതിൻറെ ചാണകവും മാത്രം മതി രാജ്യത്തിന്റെ ഭക്ഷ്യാവശ്യങ്ങൾ നിറവേറ്റാനെന്ന് തട്ടിവിടുന്നവർക്ക് കമ്മ്യുണിസ്റ്റുകാരുടെ ഇടയിൽ വരെ സ്വീകാര്യത കിട്ടിക്കഴിഞ്ഞിരിക്കുന്നു.

ചാണക-ചാര മാഹാത്മ്യ പുരാണപാരായണം സദാസമയം അന്തരീക്ഷത്തിൽ അലയടിക്കുന്നു.

എന്ത് മാലിന്യത്തിന്റെ കൂടെയും 'ജൈവം' എന്ന് ചേർത്താൽ ചൂടപ്പം പോലെ വിറ്റഴിയുന്ന നിലയിൽ പൊതുബോധം ഹൈജാക്ക് ചെയ്യപ്പെട്ട് കഴിഞ്ഞിരിക്കുന്നു .

നാടിന്റെ പട്ടിണി മാറ്റാനായി രാവും പകലും അധ്വാനിച്ച മഹാനായ ഡോ. M.S സ്വാമിനാഥനെ പരിസ്ഥിതി തീവ്രവാദികളും പ്രകൃതി ഉപാസകരായ ചില സ്വപ്നാടനക്കാരും ചേർന്ന് നാഴികക്ക് നാല്പതുവട്ടം തെറിയഭിഷേകം നടത്തുന്നു.

എല്ലുമുറിയെ പണിയെടുത്തിരുന്ന കോരന് പണ്ട് കുമ്പിളിൽ കഞ്ഞി
മൂക്കൂമുട്ടെ തിന്നാനുള്ള സൗകര്യമുണ്ടാക്കിത്തന്ന കാർഷിക ശാസ്ത്രജ്ഞന് ഇന്ന് ശാപവചനങ്ങൾ.

ഉണ്ടുനിറഞ്ഞു കഴിയുമ്പോൾ ഊണൊരുക്കിയവനെ അധിക്ഷേപിക്കുന്നതിൻറെ സുഖം ഒന്നു വേറെ തന്നെയാണ്..!

No comments:

Post a Comment

Search This Blog