Monday, 26 November 2018

ഇന്ന് നവംബർ 26. ഭരണഘടനാ ദിനം. നമ്മുടെ ഭരണഘടനയ്ക്കായി ഒരു ദിനം.

 നവംബർ 26. ഭരണഘടനാ ദിനം. നമ്മുടെ ഭരണഘടനയ്ക്കായി ഒരു ദിനം.

Courtesy- Manoramaonline -Ambika Devi -Charithranweshikal


 Image may contain: 1 person, glasses and text
ഇന്ത്യയുടെ അടിസ്ഥാന നിയമസംഹിതയാണ് ഭരണഘടന. നമ്മുടെ രാഷ്ട്രത്തിന്റെ ഉന്നതമായ മൂല്യങ്ങളും ജനങ്ങളുടെ അഭിലാഷങ്ങളും അതിലുൾക്കൊള്ളുന്നു. ഭാരതത്തിന്റെ സമ്പന്നമായ സംസ്കാരവും ദേശീയപ്രസ്ഥാനത്തിന്റെ പൈതൃകവും ഭരണഘടനയുടെ രൂപീകരണത്തെ സ്വാധീനിച്ചിട്ടുണ്ട്. ഭരണഘടനാ നിർമാണസഭയിൽ നടന്ന ചർച്ചകളിലൂടെയും സംവാദങ്ങളിലൂടെയുമാണ് ഇന്ത്യയുടെ ഭരണഘടന പ്രായോഗികരൂപം കൈക്കൊണ്ടത്. മറ്റനേകം ഭരണഘടനകൾ അവ രേഖപ്പെടുത്തിയ കടലാസിനൊപ്പം നശിച്ചുപോയിട്ടും നമ്മുടെ ഭരണഘടന കാലാതീതമായി നിലകൊള്ളുന്നു.

ഭരണഘടനാദിനം

2015 മുതലാണ് നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നത്. സംവിധാൻ ദിവസ് എന്നാണ് ഈ ദിനത്തിന്റെ പേര്. മുൻപു ദേശീയ നിയമദിനമായിരുന്നു. ഭരണഘടനാ നിർമാണസഭ ഭരണഘടന അംഗീകരിച്ച 1949 നവംബർ 26ന്റെ ഓർമ പുതുക്കലാണിത്.
നമുക്ക് നമ്മുടെ ഭരണഘടനയെപ്പറ്റി ചുരുക്കത്തിൽ ഒറ്റനോട്ടത്തിൽ കുറച്ചു വിവരങ്ങൾ എങ്കിലും അറിഞ്ഞിരിക്കേണ്ടതുണ്ട്.
∙ലോകത്തിലെ എഴുതപ്പെട്ട ഏറ്റവും വലിയ ഭരണഘടന.
∙നൂറിലധികം ഭേദഗതികൾ.‌
∙രൂപീകരണവേളയിൽ ആമുഖം, 395 വകുപ്പുകൾ, 22 അധ്യായങ്ങൾ, 8 പട്ടികകൾ, 145000 വാക്കുകൾ.
∙ഭരണഘടനാ നിർമാണത്തിനായി 2 വർഷം 11 മാസം 17 ദിവസം.
∙165 യോഗങ്ങൾ, 23 കമ്മിറ്റികൾ.
∙ഭരണഘടനാ നിർമാണസമിതിയിൽ 389 അംഗങ്ങൾ.
∙വിഭജനശേഷം 299 അംഗങ്ങൾ.
∙ഒപ്പുവച്ചത് 284 പേർ.
∙ഇപ്പോൾ 395 വകുപ്പുകൾ, 25 അധ്യായങ്ങൾ, 12 പട്ടികകൾ.
പ്രധാന സവിശേഷതകൾ
∙പാർലമെന്ററി ജനാധിപത്യം
∙ഫെഡറലിസം ∙മൗലികാവകാശങ്ങൾ
∙മതേതരത്വം ∙അധികാര വിഭജനം
∙വ്യക്തി സ്വാതന്ത്ര്യം ∙സാമൂഹികനീതി
∙സാർവത്രിക വോട്ടവകാശം
∙ന്യൂനപക്ഷങ്ങളോടും വൈവിധ്യങ്ങളോടും ആദരം.
റിപ്പബ്ലിക്
പ്പെട്ട രാഷ്ട്രത്തലവനുള്ള രാജ്യമാണ് റിപ്പബ്ലിക്. ഇന്ത്യയുടെ രാഷ്ട്രത്തലവനായ പ്രസിഡന്റ് തിരഞ്ഞെടുക്കപ്പെട്ടയാളാണ്.
ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ
ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ആരംഭിക്കുന്നത് ‘ഞങ്ങൾ ഇന്ത്യയിലെ ജനങ്ങൾ ഇന്ത്യയെ ഒരു പരമാധികാര, സ്ഥിതി സമത്വ, മതേതര, ജനാധിപത്യ, റിപ്പബ്ലിക്കാക്കി മാറ്റുന്നു’ എന്ന വാചകത്തോടെയാണ്. 1946 ഡിസംബർ 13–ാം തീയതി ജവാഹർലാൽ നെഹ്റു അവതരിപ്പിച്ച ലക്ഷ്യ പ്രമേയമാണ് (Objective Resolution) പിന്നീട് ആമുഖമായി മാറിയത്. ഭരണഘടനയുടെ തത്വങ്ങളും ആശയങ്ങളും ആമുഖത്തിൽ ചുരുക്കി അവതരിപ്പിച്ചിരിക്കുന്നു. 1976ലാണ് ആമുഖം ആദ്യമായി ഭേദഗതി ചെയ്യുന്നത്. 42–ാം ഭേദഗതിയിലൂടെ ആമുഖത്തിൽ സോഷ്യലിസം, മതേതരത്വം, അഖണ്ഡത എന്നീ വാക്കുകൾ കൂട്ടിച്ചേർത്തു.
ഭേദഗതി
ഭരണഘടനയിൽ വരുത്തുന്ന കൂട്ടിച്ചേർക്കലുകളും ഒഴിവാക്കലുകളുമാണ് ഭേദഗതി എന്നറിയപ്പെടുന്നത്. ഭരണഘടനയെ സജീവമാക്കി നിർത്തുന്നതു ഭേദഗതികളാണ്. ഭരണഘടനയുടെ 368–ാം വകുപ്പിൽ ഭേദഗതിയെപ്പറ്റി വിശദമായി പ്രതിപാദിക്കുന്നു.
നാം സ്വീകരിച്ച ആശയങ്ങൾ
ബ്രിട്ടൻ – കേവല ഭൂരിപക്ഷ സമ്പ്രദായം, നിയമവാഴ്ച, പാർലമെന്ററി ഭരണ സമ്പ്രദായം, നിയമനിർമാണ നടപടിക്രമം, സ്പീക്കർ പദവി.
അമേരിക്ക– മൗലികാവകാശങ്ങൾ, ആമുഖം, നീതിന്യായ സ്വാതന്ത്ര്യവും പുനരവലോകനാധികാരവും.
കാനഡ – അർധ ഫെഡറൽ സംവിധാനം, അവശിഷ്ടാധികാരങ്ങൾ.
അയർലൻഡ് – നിർദേശക തത്വങ്ങൾ
ജർമനി – അടിയന്തരാവസ്ഥ
ഫ്രാൻസ് – സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം, റിപ്പബ്ലിക് എന്ന ആശയം.
ഓസ്ട്രേലിയ – കൺകറന്റ് ലിസ്റ്റ്
ദക്ഷിണാഫ്രിക്ക – ഭരണഘടനാ ഭേദഗതി.

No comments:

Post a Comment

Search This Blog